ഉടുത്തിരുന്ന സാരി ആകെ നനഞ്ഞു. വണ്ടിയുടെ സ്പീഡിൽ അവനോട് ചേർന്ന് ഇരുന്നു. അറിയാത്ത ഒരു തരം വികാരം

മഴപെയ്തിറങ്ങുന്ന വഴികൾ – രചന: നീഹാര നിഹ

മഴ പെയ്തൊഴിഞ്ഞ അന്തരീക്ഷം. ബസിന്റെ ഷട്ടർ അല്പം ഉയർത്തി വച്ചു. തങ്ങി നിന്ന മഴത്തുള്ളികൾ കമ്പികളിൽ നിന്നും ഊർന്നു വീണു. ടൗൺ എപ്പോഴാ കടന്നതെന്ന് ഉറങ്ങിപ്പോയത് കാരണം അറിഞ്ഞതേ ഇല്ല.

പുറത്തെ കാഴ്ചകൾ എത്ര മനോഹരമാണ്. മനസ്സിനുള്ളിൽ എവിടെയോ ഒരു കുളിർമ അനുഭവപ്പെട്ടു. റോഡിൽ കെട്ടി കിടക്കുന്ന മഴവെള്ളം തട്ടിത്തെറിപ്പിച്ചു കൊണ്ട് ബസ് ചീറിപ്പാഞ്ഞു.

മനസ്സിനു തോന്നിയ കുളിർ ഒരു ഉൾക്കിടിലത്തോടെ പിൻവലിഞ്ഞു. കാലം മനസ്സിന് ഏല്പിക്കുന്ന മുറിവുകൾ ഒരിക്കലും മായില്ലേ…? അറിയാതെ കണ്ണുകൾ നിറഞ്ഞുവോ…? ബാഗിൽ നിന്നും ടിഷ്യൂ എടുത്ത് കണ്ണുനീർ ഒപ്പി.

മറക്കാൻ ശ്രമിക്കും തോറും അതിനേക്കാൾ ഏറെ ഒരു കടലുപോലെ ഇരമ്പി വരുന്ന ഓർമ്മകൾ. മഴ അതൊരു അനുഭൂതിയാണ്.

അതെ, ഇതേ പോലെ ഒരു മഴയാണ് തന്റെ മനസ്സിൽ പ്രണയത്തിന്റെ വിത്തുകൾ പാകിയത്. ഒരു വട്ടം പോലും ഉള്ളിലുള്ളത് തുറന്നു പറയാതെ, കൂടെ ഒരു നിഴലുപോലെ ഉണ്ടായിരുന്നിട്ടും, അറിയാതെ സ്നേഹിച്ചു.

എല്ലാരും പറയും ഒരു ആണിനും പെണ്ണിനും അധികനാൾ ഫ്രണ്ട്സ് ആയി ഇരിക്കാൻ പറ്റില്ല എന്ന്. അതൊക്കെ സത്യം പറഞ്ഞാൽ വെറുതെ അല്ലേ…?

പക്ഷേ കാണുന്നവർക്ക് പ്രണയത്തിന്റെ ഫീൽ നൽകുന്ന സൗഹൃദം ഉണ്ട്. അനുഭവിക്കുന്നവർക്ക് സാഹോദര്യത്തിന്റെ ഫീൽ നൽകുന്ന ഒന്ന്. എന്താ ശരിയല്ലേ…?

കോളേജിൽ നിന്നും തിരികെ നടക്കുമ്പോൾ അവൻ പറഞ്ഞത് ഇപ്പോഴും എവിടെനിന്നോ അലയടിക്കുന്നു. അന്ന് “അതേ” എന്ന മറുപടി നൽകുമ്പോൾ അവന്റെ കണ്ണുകളിലെ തിളക്കം ശ്രദ്ധിച്ചിരുന്നു.

പലരും പലപ്പോഴായി പറഞ്ഞിട്ടുണ്ട് എന്റെ വീക്ക് പോയിന്റ് ആണ് മറ്റുള്ളവർക്കു വേണ്ടിയുള്ള ത്യാഗങ്ങൾ എന്ന്. ചിലപ്പോൾ ആയിരിക്കാം. പക്ഷേ താൻ എന്നും മറ്റുള്ളവരുടെ സന്തോഷം മാത്രമേ ആഗ്രഹിച്ചിട്ടുള്ളു.

ജിഷ്ണുവും താനും സ്കൂളിലും ഒരുമിച്ചായിരുന്നെങ്കിലും അടുത്തറിഞ്ഞത് കോളേജിൽ ചേർന്നപ്പോഴാണ്. തന്നെ കെയർ ചെയ്തു കൊണ്ട് എപ്പോഴും ഒപ്പം ഉണ്ടാകാറുണ്ട്. എന്തിനാ മുൻപെങ്ങും ഇല്ലാത്ത ഒരു കെയറിങ്ങ് ഇപ്പൊ…? ഒരു ദിവസം അവനോട് ചോദിച്ചു.

അത്, പിന്നെ…നമ്മൾ ഒരേ നാട്ടുകാർ അല്ലെടോ…? തന്നെ ഇത്ര ദൂരം പഠിക്കാൻ ഒക്കെ വിടുമ്പോൾ നോക്കാനും കാണാനും ഒക്കെ ആരെങ്കിലും വേണ്ടേ…? കുട്ടി വഴി തെറ്റി പോകുന്നുണ്ടോ എന്ന് നോക്കാനായി ആന്റിയും അങ്കിളും ഏർപ്പാടാക്കിയ ബോഡിഗാർഡാന്ന് കരുതിക്കോ…

അത് പറ, അപ്പയും അമ്മയും പറഞ്ഞല്ലേ എന്നെ ഒന്ന് ശ്രദ്ധിക്കണം എന്ന്…? കൊള്ളാം നല്ല ആളോടാ പറഞ്ഞത്.

അതെന്നാടീ നീ അങ്ങനെ പറഞ്ഞേ…?

ഒന്നുമില്ലേ…നടക്ക്..നടക്ക്..വൈകിയാൽ ഹോസ്റ്റൽ അടയ്ക്കും…

കോളേജിലെ അവസാന വർഷം. ഇതിനിടയിൽ താനും ജിഷ്ണുവും ഒക്കെ കോളേജിലെ സ്റ്റാർസ് ആയി മാറിയിരുന്നു. അവൻ നന്നായി പാടും. ഒരു പിടി നല്ല ഗാനങ്ങൾ കൊണ്ട് ക്യാമ്പസിനെ കയ്യിൽ എടുത്തു അവൻ. താൻ ടീച്ചർമാരുടെ പെറ്റ് ആയിരുന്നു. പഠിക്കാൻ മാത്രം ആയിരുന്നു നന്നായി അറിയാമായിരുന്നത്.

പക്ഷെ അറിയില്ല എന്ന കാരണം കൊണ്ട് ഒന്നിൽ നിന്നും മാറിനിന്നില്ല, പറ്റുന്നത് പോലെ ചെയ്തും, സപ്പോർട്ട് ചെയ്തും ഒക്കെ എല്ലാ പരുപാടികളിലും സർവസജീവം ആയിരുന്നു. അതായിരുന്നു തന്നെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത ആക്കിയതും.

കോളേജിലെ എല്ലാവരും അസൂയയോടെ നോക്കി കണ്ടിരുന്ന ഒന്നാണ് തങ്ങളുടെ ഫ്രണ്ട്ഷിപ്.
ചിലപ്പോൾ ഒക്കെ താനും അത് ആസ്വദിച്ചിരുന്നു. സ്കൂളിൽ പഠിച്ചു കൊണ്ടിരുന്ന കാലത്ത് ഒരു തേപ്പ് കിട്ടിയതിനു ശേഷം പ്രണയിക്കില്ല എന്നും പറഞ്ഞാണ് പുള്ളി നടക്കുന്നത്. അത് കാരണം കോളേജിൽ ഫാൻസ്‌ ഉണ്ടെങ്കിലും അവരെ ഒന്നും മൈൻഡ് കൂടി ചെയ്തിട്ടില്ല.

ഒരു നല്ല ഒരു സുഹൃത്തിനപ്പുറം ജിഷ്ണുവിനോട് തനിക്ക് മറ്റെന്തോ ഒരു അടുപ്പം ഉണ്ടെന്ന് മനസ്സിലാക്കിയത് ആ മഴയത്താണ്. കോളേജ് ഡേ കഴിഞ്ഞു പോകാൻ നിൽക്കുക ആയിരുന്നു. ബസ് കാത്ത് നിൽക്കുന്ന തന്നെ, വൈകിയത് കാരണം ബൈക്കിൽ കൊണ്ട് വിടാമെന്ന് അവൻ ഏറ്റു.

ഹോസ്റ്റൽ വാർഡൻ എങ്ങാനും കണ്ടാൽ പണി ആണ്. എന്നാലും മറ്റു മാർഗം ഒന്നും ഇല്ലാത്തതു കാരണം അവന്റെ ബൈക്കിന്റെ പുറകിൽ കയറി. അതു വരെ കിട്ടിയിരുന്ന പോക്കറ്റ് മണിയും പാർട്ട്‌ ടൈം ജോബ് ചെയ്തു കിട്ടിയ പൈസയും ഒക്കെ സ്വരുക്കൂട്ടി വച്ച് കഴിഞ്ഞ വർഷാവസാനം അവൻ സ്വന്തമായി വാങ്ങിയ ബൈക്ക് ആണ്.

ഇതിനു മുന്നേ ഒരേ ഒരു തവണയാണ് ഇതിൽ കയറിയത് എന്ന് ഓർത്തു. ഓണാഘോഷത്തിനു സാധനങ്ങൾ വാങ്ങാൻ ഒപ്പം പോയപ്പോൾ. ഒന്നും മിണ്ടാതെ അങ്ങനെ കുറച്ചു നേരം ഇരുന്നു. എന്ത് പറയണം എന്ന് അറിയില്ല. അപ്പോഴേക്കും മഴയും പെയ്തു.

കയറി നിൽക്കാൻ അടുത്തെങ്ങും കടകളും ഇല്ല. രണ്ടും കല്പിച്ച് ജിഷ്ണു ബൈക്കിന്റെ സ്പീഡ് കൂട്ടി. മഴത്തുള്ളികൾ മുഖത്തേക്ക് അത്യധികം ശക്തിയോടെ പ്രവഹിച്ചു കൊണ്ടിരുന്നു. ഉടുത്തിരുന്ന സാരി ആകെ നനഞ്ഞു. വണ്ടിയുടെ സ്പീഡിൽ അവനോട് ചേർന്ന് ഇരുന്നു. അറിയാത്ത ഒരു തരം വികാരം. മുൻപെങ്ങും തോന്നിയിട്ടില്ലാത്ത ഒന്ന്. ഈശ്വരാ, ഞാൻ ജിഷ്ണുവിനെ സ്നേഹിക്കുന്നു എന്നോ…?

പെട്ടന്ന് തന്നെ അകന്ന് ഇരുന്നു. അത് മനസ്സിലാക്കി എന്ന വണ്ണം അവൻ സ്പീഡ് അല്പം കുറച്ചു. ഹോസ്റ്റലിനു മുന്നിൽ അവൻ വണ്ടി നിർത്തി.

സോറി, ഞാൻ കാരണം അല്ലേ ഇപ്പൊ നീ ആകെ നനഞ്ഞത്…?

അത് സാരമില്ല, നീ പൊയ്ക്കോളൂ. വാർഡൻ സീനാക്കും. ബൈ…

അത്രയും പറഞ്ഞ് മുകളിലേക്ക് ധൃതിയിൽ നടക്കുക ആയിരുന്നു. വാർഡൻ അവരുടെ റൂമിൽ ആയിരുന്നു. തന്റെ റൂമിൽ ചെന്ന് ജനാല വഴി അവൻ പോകുന്നതും നോക്കി നിന്നു.

പിന്നെയും ദിവസങ്ങൾ കടന്നുപോയി. അവനോടുള്ള ഇഷ്ടം പരമാവധി മനസ്സിൽ തന്നെ ഒതുക്കി. ഒരു പക്ഷെ ഇതെങ്ങാനും അറിഞ്ഞാൽ ഈ നല്ല ഫ്രണ്ട്ഷിപ് തന്നെ തനിക്ക് നഷ്ടമായേക്കാം…

ഫെയർവെൽ ഡേ കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചതും ഒരുമിച്ച് ആയിരുന്നു. റയിൽവേ സ്റ്റേഷനിൽ ഇറങ്ങി രണ്ട് ബസുകളിലേക്ക് കയറുമ്പോഴും…ഗ്രാജുവേഷൻ സെറിമണിയ്ക്ക് കാണാടോ…എന്നും പറഞ്ഞ് ബാഗ് പാക്കും തൂക്കി പോയ ജിഷ്ണുവിനെ നോക്കി ഒരു നിമിഷം നിന്നു.

ഒരേ വശത്ത് രണ്ട് സ്ഥലങ്ങളിലേക്ക് പോകാൻ കിടക്കുന്ന ബസുകളിൽ വിൻഡോ സീറ്റുകളിൽ ഞങ്ങൾ ഇരുന്നു. എന്റെ മുഖം മങ്ങിയത് കാരണം ആകാം, അവന്റെ ബസ് പുറപ്പെടുന്നതിന് മുന്നേ ഫോൺ വിളിക്കാം എന്ന് ആഗ്യം കാണിച്ചു. ഞാൻ ഒന്ന് പുഞ്ചിരിചെന്നും വരുത്തി അവനെ കൈ വീശി കാണിച്ചു.

ചില്ലു കൂട്ടിൽ അടച്ച അലങ്കാര മത്സ്യങ്ങളെ പോലെയാണ് ചില ആഗ്രഹങ്ങൾ…പുറത്തു ചാടാനാവാതെ ഹൃദയത്തിൽ അങ്ങനെ വെറുതെ നീന്തി തുടിക്കും.

ഓരോ വിൻഡോസീറ്റുകളും ഓരോ കഥ പറയാറുണ്ട്. ഒരിക്കലും നടക്കാത്തതും എന്നാൽ നടക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു പ്രിയദർശൻ കഥ പോലെ…ആരോ പറഞ്ഞത് അവൾ ഓർത്തു.