ഞാൻ എത്തുന്നതിനും മുമ്പേ വിദേശത്ത് എത്തിയതായിരുന്നു നാൻസി. ഭർത്താവുമായി പിരിഞ്ഞതിന് ശേഷം തന്റെ ആഗ്രഹം പോലെ ജീവിതം നയിക്കാൻ കുഞ്ഞുമായി നാട്ടിൽ നിന്ന് വിമാനം കയറിയവളാണ് അവൾ…….

_upscale

എഴുത്ത് :- ശ്രീജിത്ത് ഇരവിൽ

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

ഉണർന്നപ്പോൾ ഉറക്കം മതിയായില്ല.. ബ്രഷിലേക്ക് പേസ്റ്റ് വരക്കുമ്പോഴും ക്ലോസെറ്റിൽ ഫ്ലഷ് അടിക്കുമ്പോഴും ഒന്നുകൂടി ഉറങ്ങിയാലോ എന്ന് തോന്നി. വേണ്ടാ വേണ്ടായെന്ന് ഉള്ള് പറഞ്ഞിട്ടും തലപോയി പോയി ആ ഷവറിന് മുഖാമുഖം നിന്നു. ആ പെയ്ത്തിലാണ് ഉറക്കത്തിന്റെ പിച്ചുംപേയും പറയുന്ന ബോധമൊന്ന് ഉണർന്നത്…

ബ്രഡിൽ പാലൊഴിച്ച് കോരി തിന്നുമ്പോഴാണ് കാലത്ത് തന്നെ ഉണർന്ന് കുളിച്ച് വൃത്തിയുള്ള ഉടുപ്പിലേക്ക് എന്തിനാണ് കയറിയിരിക്കുന്നതെന്ന് ആലോചിച്ചത്.. പുറത്തേക്ക് ഇറങ്ങാൻ പോകുന്ന ആ ദിവസത്തെ കുറിച്ച് ഞാൻ പതിവ് ധാരണയിൽ എത്തി.

ആദ്യം പോകേണ്ടത് സ്കൂളിലേക്കാണ്. സ്കൂൾ ബസ് വരുമ്പോഴേക്കും അവിടെയുണ്ടാകണം. എനിക്ക് തരാൻ ചുണ്ടിലൊരു നുള്ള് ചിരിയും ഒട്ടിച്ച് എന്റെ അഞ്ചുവയസ്സുള്ള മോൻ അതിനുള്ളിൽ നിന്ന് ഇറങ്ങി വരും. ആ കാഴ്ച്ചയിൽ നിന്നാണ് കഴിഞ്ഞ ഒരു വർഷത്തിലെ മുക്കാലോളം ദിനങ്ങൾ എന്നിൽ നിന്ന് തുടങ്ങുന്നത്..

കൃത്യ നേരത്ത് ഞാൻ എത്തി. മോനെ കണ്ടു. ഈയിടയായി അവൻ കവിളിൽ പതിപ്പിക്കുന്ന ഉമ്മകളും ഉള്ളിൽ തടവിക്കൊണ്ടാണ് ഞാൻ ഓഫീസിലേക്ക് പോകുന്നത്. അവിടെ എന്റെ വരവും കാത്ത് നാൻസി ഉണ്ടാകും. പരിഭവങ്ങളുടെ നേരം അവിടെ നിന്ന് തുടങ്ങുകയായി…

പഴയത് പോലെ തന്നോട് ഒരു സ്നേഹവുമില്ലെന്ന് സദാസമയം പറയുന്ന അവൾ ഉൾപ്പെടുന്ന നേരത്ത് ജോലി തന്നെയായിരുന്നു ആശ്വാസം. ഞങ്ങൾ ഒരേ സെക്ഷനിൽ അല്ലാത്തത് കൊണ്ട് ഞാനൊരു യന്ത്രം പോലെ കമ്പനിക്ക് വേണ്ടി പ്രവർത്തിച്ച് കൊണ്ടേയിരിക്കും…

ഞാൻ എത്തുന്നതിനും മുമ്പേ വിദേശത്ത് എത്തിയതായിരുന്നു നാൻസി. ഭർത്താവുമായി പിരിഞ്ഞതിന് ശേഷം തന്റെ ആഗ്രഹം പോലെ ജീവിതം നയിക്കാൻ കുഞ്ഞുമായി നാട്ടിൽ നിന്ന് വിമാനം കയറിയവളാണ് അവൾ. ഞാൻ ആണെങ്കിൽ പുതുമോടി മാറാത്ത ഭാര്യയേയും വിട്ട് കുടുംബത്തിന്റെ മെച്ചപ്പെട്ട ജീവിതത്തിനായി വന്നതും. എന്തുകൊണ്ടോ ഓഫീസിൽ നിന്ന് പതിവായി കാണുകയും സംസാരിക്കുകയും ചെയ്യുന്ന ഞങ്ങൾ പരസ്പരം സ്നേഹത്തിൽ ആകുകയായിരുന്നു.

ജീവിതത്തിന്റെ നാളുകൾ നാൻസിയിൽ നിന്ന് ഉണരുകയും അവളിൽ തന്നെ വീണ് ഉറങ്ങുകയും ചെയ്യുന്ന പാകത്തിൽ പരുവപ്പെട്ടു. എന്റെ വരവും കാത്ത് നാട്ടിൽ നാളുകൾ എണ്ണുന്ന ഭാര്യയെ പ്രഥമ സ്ഥാനത്ത് നിന്ന് പതിയേ ഞാൻ മാറ്റുകയായിരുന്നു..

ഒരിക്കൽ ഒരു അവധിക്കാലവും കഴിഞ്ഞ് വന്നപ്പോൾ അവളുമായി ഉഗ്രനൊരു വഴക്കുണ്ടായി. നിങ്ങൾ ആകെ മാറിപ്പോയെന്നും മനസ്സിൽ മറ്റെന്തോ ഉണ്ടെന്നും അവൾ വിളിച്ചുപറഞ്ഞു. ഫോൺ തല്ലിപ്പൊളിക്കാൻ വിധം ദേഷ്യം വന്നപ്പോൾ നിന്നെയെനിക്ക് വേണ്ടായെന്ന് ഞാൻ ശബ്‌ദിച്ചു.. അതു കൊണ്ടായിരിക്കണം താൻ ഗർഭിണിയാണെന്ന് പറയാൻ അവൾക്ക് സാധിക്കാതിരുന്നത്…

എന്റെ അച്ഛനേയും അമ്മയേയും ശ്രദ്ധിച്ച് ജീവിതം തള്ളുന്ന ഉന്തുവണ്ടിയാകാൻ അവൾ ഒരുക്കമായിരുന്നില്ല. എന്റെ കുഞ്ഞുമായി വീർക്കാൻ തുടങ്ങിയ വയറു മായി അവൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. എനിക്ക് വലിയ വിഷമൊന്നും തോന്നിയില്ല. നാൻസിയുമായുള്ള ജീവിതം അത്രയ്ക്കും ആസ്വാദകരമായിരുന്നു …

ചിലവ് കൂടുതലാണെങ്കിലും ഭാര്യയ്ക്ക് പകരം ഒരു ഹോം നഴ്സിനെ വെച്ച് എന്റെ കുടുംബം ഞാൻ സമപ്പെടുത്തി… അത് അറിഞ്ഞത് കൊണ്ടാണോ എന്നറിയില്ല… ബന്ധം വേർപ്പെടുത്തണമെന്ന അവളുടെ കടലാസ് വളരേ പെട്ടന്ന് തന്നെ വീട്ടിലേക്ക് എത്തി. അടുത്ത അവധിക്ക് നിയമപരമായി ഞങ്ങൾ പിരിയുകയും ചെയ്തു.. തുടർന്ന് അവൾ എന്റെ കുഞ്ഞിനെ പ്രസവിച്ചുവെന്ന് അറിഞ്ഞപ്പോൾ…..

‘എന്നെ കാണാതിരിക്കാനാണോ.. ജോലി സമയം കഴിഞ്ഞിട്ടും പോകാതെ ഇരിക്കുന്നത്….?’

ശരിയാണ്. നേരമായി.. നാൻസിയുടെ കൂടെ ഞാനും ഓഫീസിൽ നിന്ന് ഇറങ്ങി. ഇന്നും ഫ്ലാറ്റിലേക്ക് വരുന്നില്ലേയെന്ന് അവൾ ചോദിച്ചു. വരാമെന്ന് പറയുമ്പോൾ അവളുടെ മുഖത്തേക്ക് ഞാൻ നോക്കിയില്ല. കുറച്ചൊക്കെ എന്നെ മനസ്സിലാക്കാൻ പറ്റുന്നത് കൊണ്ടായിരിക്കണം കൂടതലൊന്നും അവൾ ചോദിച്ചതുമില്ല..

അകന്നുവെന്ന് തോന്നുമ്പോൾ അടുക്കാനും കൂടുതൽ അടുത്തുവെന്ന് തോന്നിയാൽ വേർപെടാനുമുള്ള സ്വബുദ്ധി ബന്ധങ്ങൾക്ക് ഉണ്ടോയെന്ന് അന്ന് ഞാൻ സംശയിച്ചുപോയി…

ജീവിതം വളരേ വിചിത്രമായാണ് കഴിഞ്ഞ വർഷം തൊട്ട് എന്റെ മുമ്പിൽ തെളിയുന്നത്.. അവകാശപ്പെടാൻ യാതൊന്നും ഇല്ലാതിരുന്നിട്ടും ഞാനൊരു അച്ഛനാണെന്ന് ജീവൻ പറയുമ്പോൾ ഞരമ്പുകളിൽ രക്തമുറയുന്നത് പോലെ.. നാൻസിയുടെ കുഞ്ഞിനെ കാണുമ്പോഴെല്ലാം എന്റെ സിരകളിലെ വെപ്രാളം എനിക്ക് തിരിച്ചറിയാൻ പറ്റാറുണ്ടായിരുന്നു..

ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത കുഞ്ഞിന്റെ ചിന്തയിലും ജീവിതം സന്തോഷത്തോടെ തന്നെയായിരുന്നു സഞ്ചരിച്ചിരുന്നത്. ആ വഴികൾ മുടക്കാനെന്നോണം വേർപെട്ടുപോയ ഭാര്യ ഒരുനാൾ എന്റെ ഫ്ലാറ്റിൽ മുട്ടുകയായിരുന്നു.. നാട്ടിൽ നിന്നും കുഞ്ഞുമായി അവൾ മുന്നിലേക്ക് പറന്നുവരുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ ചിന്തിച്ചിരുന്നില്ല…!

ഈ കുഞ്ഞ് നിങ്ങളുടെ കൺവെട്ടത്തിൽ തന്നെ വളരട്ടെയെന്ന് അവൾ ചിരിച്ചുകൊണ്ടാണ് അന്ന് പറഞ്ഞത്.. തനിച്ച് ജീവിക്കാൻ ഇങ്ങനെയൊരു ഊർജ്ജവും വേഗവും തന്നതിൽ നിങ്ങളോട് നന്ദിയുണ്ടെന്നും അവൾ ചേർത്തൂ.. എനിക്കെന്റെ കുഞ്ഞിനെ വേണമെന്ന് അവളുടെ കാലിൽ വീണിട്ടും
അവൾ കേട്ടില്ല.

തളരാൻ പാകം കരഞ്ഞവരുടെ മുന്നിൽ മറുനാൾ കരയിപ്പിച്ചവർ കിടന്ന് മോങ്ങുമ്പോൾ പരിഹാസമല്ലാതെ മറ്റെന്താണ് ഒരു ശരാശരി മനുഷ്യന് തോന്നേണ്ടതല്ലേ…. ആ പരിഹാസം വ്യക്തമായി അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്നു…

കുഞ്ഞിനെ ചേർത്ത സ്കൂൾ കണ്ടുപിടിച്ച് അവനെ ഞാൻ ഇങ്ങനെ കാണുന്നതൊക്കെ അവൾക്ക് അറിയാം.. എനിക്ക് ഇല്ലാതെ പോയ കരുണയെന്ന വികാരം അവളിൽ ഉള്ളത് കൊണ്ട് ഒരു ഔതാര്യം പോലെ അവൾ അത് വിലക്കുന്നില്ല എന്നേയുള്ളൂ… ലോകത്തിൽ നാൻസിമാർ ഉണ്ടാകുന്നത് എന്നെ പോലെയുള്ളവരിൽ സ്പർശിച്ചിട്ടാണെന്ന ബോധം ഈയിടയായി ജീവനിൽ നിന്ന് വല്ലാതെ വിറക്കുന്നുണ്ട്…

രാത്രി ഏറെയായിട്ടും എനിക്ക് ഉറങ്ങാൻ സാധിച്ചില്ല. ഒരു ത്രികോണമായി എന്റെ ജീവിതം ഈ ലോകത്തിൽ നിന്ന് വേർപെട്ട് പോയെന്ന ചിന്തയിയിലേക്ക് കണ്ണുകൾ തുറന്ന് ഞാൻ വീഴുകയായിരുന്നു… ജീവിതം പങ്കുവെച്ച രണ്ട് പെണ്ണുങ്ങളുടെ മുഖവും കണ്ണുകളിൽ വ്യക്തമായി തെളിയുന്നു. അവരെ ബന്ധപ്പെടുത്തുമ്പോൾ മാത്രം യോജിപ്പിക്കാൻ പറ്റുന്നയൊരു ബിന്ദു ഹൃദയത്തിൽ തെളിയുന്നത് അപ്പോഴാണ്.. എന്റെ ജീവന് ഒളിക്കാൻ ആ കുഞ്ഞ് വിരാമം ധാരാളമായിരുന്നു…

സ്കൂൾബസ്സിൽ നിന്ന് എനിക്ക് തരാൻ ചുണ്ടിലൊരു നുള്ള് ചിരിയുമായി ഇറങ്ങിവരുന്ന ആ ഹൃദയബിന്ദുവിലാണ് ഇന്നെന്റെ ശ്വാസം.. മറ്റൊന്നും ഈ ലോകത്തിൽ നിന്ന് ജീവൻ ഇപ്പോൾ തേടുന്നില്ല. നേരമേറെ വൈകി.. ഉറങ്ങണം… ജീവന് മതിയാകുന്നത് വരെ ഉറങ്ങണം… ഉണരുമ്പോഴും ഉറക്കമാണെന്ന ഉണർവ്വിലേക്ക് എത്തുംവരെ ഉറങ്ങണം …..