തങ്കം പോലത്തെ സ്വഭാവം ഉള്ള ഒരു കൊച്ചനായിരുന്നു.അവനെ കൊലയ്ക്ക് കൊടുത്തതും പോരാഞ്ഞു ഇങ്ങോട്ട് കയറി വരാൻ നിനക്കു എങ്ങനെ ധൈര്യം വന്നു…….

Story written by   Reshja Akhilesh

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

“എല്ലാവരും കൂടി ആട്ടിയിറക്കിയതിനാണോ നീയിങ്ങനെ ചിരിച്ചോണ്ട് വരുന്നത്…”

കീർത്തന,അമ്മയുടെ പരിഹാസവും അമർഷവും കലർന്ന ചോദ്യം കേട്ടഭാവമില്ലാതെ ചിരിച്ചമുഖവുമായി തന്നെ വീട്ടിലേയ്ക്ക് കയറിപ്പോയി.

*************

കിടപ്പുമുറിയിലെത്തി കട്ടിലിൽ രണ്ടു കൈയ്യും ഊന്നി ഇരുന്നപ്പോഴേയ്ക്കും തുറന്നിട്ട ജനലിലൂടെ ചന്ദനത്തിരിയുടെ ഗന്ധത്തോടൊപ്പം നിമിഷങ്ങൾക്ക് മുൻപേ നടന്ന സംഭവങ്ങളും അവളുടെ ചിന്തയിലേക്ക് വന്നു.

“ജീവൻ ഒരു പാവമായിരുന്നു.കുടുംബം കഴിഞ്ഞിട്ടേ അവൻ അവന്റെ കാര്യം കൂടി നോക്കിയിരുന്നുള്ളു.പിന്നെ ആ പെണ്ണ് വന്നതോട് കൂടിയല്ലേ എല്ലാം…”

നാട്ടുകാരിൽ ആരോ ഒരാൾ പറയുന്നുണ്ടായിരുന്നു. പറയുന്നതിനിടയിൽ തന്നെ രൂക്ഷമായി നോക്കി അടുത്തു നിന്ന മറ്റൊരാൾക്ക് കൂടി തന്നെ കാണിച്ചു കൊടുക്കുന്നു മുണ്ടായിരുന്നു. ഉമ്മറത്ത് വെള്ളപുതപ്പിച്ചു കിടത്തിയിരിക്കുന്ന മനുഷ്യന്റെ അരികിൽ ഭാര്യയും അമ്മയും പെങ്ങളും എല്ലാം അലമുറയിട്ടു കരയുന്നുണ്ടായിരുന്നു.

തന്നെ കണ്ടമാത്രയിൽ ജീവന്റെ ഭാര്യയുടെ കണ്ണിൽ കണ്ണുനീരിനൊപ്പം പകയുടെ കനലും കണ്ടു.

“ഇവള് കാരണമാ…എന്റെ ജീവേട്ടൻ പാവമായിരുന്നു…” തനിയ്ക്ക് നേരെ വിരൽ ചൂണ്ടി അവൾ പറഞ്ഞു.

“തങ്കം പോലത്തെ സ്വഭാവം ഉള്ള ഒരു കൊച്ചനായിരുന്നു.അവനെ കൊലയ്ക്ക് കൊടുത്തതും പോരാഞ്ഞു ഇങ്ങോട്ട് കയറി വരാൻ നിനക്കു എങ്ങനെ ധൈര്യം വന്നു “

വാർഡ് മെമ്പർ കൂടിയായ ശ്യാമള ചേച്ചിയുടെ ശബ്ദമുയർന്നു.

“മരണവീടാണ് പെണ്ണേ…ഒരു പ്രശ്നം ഉണ്ടാക്കാൻ പറ്റിയ സമയമല്ല.പോകാൻ നോക്ക്…അല്ലെങ്കിൽ എല്ലാരും കൂടെ വലിച്ചിഴച്ചു പുറത്താക്കും…” ജീവന്റെ കൂട്ടുകാരനാണെന്ന് തോന്നുന്നു.

ജീവന്റെ മരണത്തിൽ അനുശോചനമറിയിക്കാൻ വന്നവരുടെയെല്ലാം മുഖത്ത് കീർത്തനയോടുള്ള പുച്ഛവും അവജ്ഞയും പ്രകടമായിരുന്നു. പ്രശ്നമുണ്ടാക്കാൻ താല്പര്യമില്ലാത്തതിനാൽ മാത്രം അവൾ പതിയെ നടന്നകന്നു.

രണ്ട് വർഷം മുൻപായിരുന്നു കീർത്തനയുടെ ഭർത്താവിന്റെ മരണം. വിവാഹം കഴിഞ്ഞു ആറു മാസത്തിനുള്ളിൽ വിധവയാകേണ്ടി വന്നു.അന്ന് മുതൽ സ്വന്തം വീട്ടിൽ അപശകുനമായി കഴിഞ്ഞ് കൂടുകയായിരുന്നു. വീട്ടിലെ കീർത്തനയുടെ പരിതാപകരമായ അവസ്ഥ അറിഞ്ഞത് കൊണ്ടായിരുന്നു ഒരിക്കൽ ജീവൻ തന്റെ സുഹൃത്തിന്റെ സ്ഥാപനത്തിൽ കീർത്തനയ്ക്ക് ഒരു ജോലി ശരിയാക്കി കൊടുത്തത്. അന്ന് മുതൽ ഒരു കടപ്പാട് കീർത്തനയ്ക്ക് അയോളോടു ണ്ടായിരുന്നു എന്നതൊഴിച്ചാൽ മറ്റൊരു ബന്ധവും അവർ തമ്മിൽ ഇല്ലായിരുന്നു. വിധവയായ കീർത്തനയെ മുതലെടുക്കാൻ ജീവന്റെ സുഹൃത്തായ വേണു ശ്രമിച്ചതിനെ തുടർന്നായിരുന്നു ഇരുവരുടെയും ജീവിതത്തിൽ താളപ്പിഴകൾ ഉണ്ടായത്. കീർത്തനയോട് അപമാര്യാദയായി പെരുമാറിയ വേണുവിനെ ജീവൻ കൈയ്യേറ്റം ചെയ്തിന്റെ പകയിൽ ജീവനെയും കീർത്തനയെയും ചേർത്ത് നാട്ടിൽ ഇല്ലാക്കഥകൾ പ്രചരിപ്പിച്ചു. ജീവനെ വിശ്വസിക്കുവാൻ ഭാര്യ തയ്യാറായില്ല. കുടുംബകലഹവും നാട്ടുകാരുടെ പരിഹാസവും രൂക്ഷമായതോട് കൂടിയാണ് ജീവൻ ജീവിതമവസാനിപ്പിക്കുവാൻ തീരുമാനിച്ചത്.

നടക്കുന്നതിനിടയിൽ ജീവനെക്കുറിച്ച് ആളുകൾ പരസ്പരം നല്ല വാക്കുകൾ പറയുന്നത് കേൾക്കാനുണ്ടായിരുന്നു. അയൽവാസികൾ എന്നത്തിനുപരി തമ്മിൽ രക്തബന്ധമോ സ്നേഹബന്ധമോ ഇല്ലാതിരുന്ന രണ്ടുപേർക്കിടയിൽ അ വിഹിതമെന്ന ഒരു പട്ടം ചാർത്തിതന്ന നാട്ടുകാരും അത് ശരിവെച്ച കൂട്ടുകാരും ബന്ധുക്കളും ഇന്നലെ വരെ നാക്കുകൊണ്ട് നൂറു തവണ തൂ ക്കിലേറ്റിയ ഒരു മനുഷ്യൻ ഇന്ന് ചേതനയറ്റു കിടന്നപ്പോഴെങ്ങനെയാണ് പുണ്യാളനായതെന്ന് അവൾ ആശ്ചര്യപ്പെട്ടു.

അതിർത്തിതർക്കത്തിന്റെ പേരിൽ ജീവനെ അസഭ്യം പറയുമായിരുന്ന ജയരാമൻ ചേട്ടൻ ജീവന്റെ മൃതശരീരത്തിനു മുൻപിൽ നിന്നു പറയുന്നുണ്ടായിരുന്നു : “അവനെനിയ്ക്കു പിറക്കാതെ പോയ അനിയൻ ആയിരുന്നു.”

“എന്ത് പ്രശ്നം ഉണ്ടെങ്കിലും ഒരു വാക്ക് പറഞ്ഞൂടായിരുന്നോ അളിയാ…” എന്ന് വിതുമ്പുന്ന ജീവന്റെ പെങ്ങളുടെ ഭർത്താവ്… സ്വർണ്ണത്തിന്റെയും പണത്തിന്റെയും,ഭാര്യയ്ക്ക് കിട്ടാനുള്ള വിഹിതത്തിന്റെയും പേരിൽ മാസമാസം വന്ന് പ്രശ്നമുണ്ടാക്കാറുള്ള അയാളുടെ വാക്കുകൾക്ക് കേട്ട് നാട്ടുകാരുടെ മനസ്സിൽ പോലും അനുകമ്പ മൊട്ടിട്ടു.

“എന്തോന്നാ നീ കിനാവ് കാണുന്നത്…” കീർത്തനയുടെ അമ്മ കലിതുള്ളി നിൽക്കുന്നു.

“ഇനിയെന്ത് കിനാവ് കാണാൻ…”

“അത് നേരാ…നീ കാരണം നിന്റെ കൂടെ ജീവിക്കുന്നവർക്ക് പോലും നല്ലതൊന്നും ആശിക്കാനില്ലല്ലോ…എന്നെങ്കിലും ആരെങ്കിലും നിന്നെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ…ഇപ്പൊ മരണവീട്ടിൽ പോയി അവിടുള്ളോരടെ കൂടെ വായിലുള്ളത് കേട്ടപ്പോൾ സന്തോഷം ആയില്ലേ…അത്കൊണ്ടാണല്ലോ മുഖത്ത് നല്ല ചിരി “

“ആയി…നല്ല സന്തോഷത്തിലാ…അത് തന്നെയാ ഈ ചിരിയ്ക്ക് കാരണം.”

അതും പറഞ്ഞുകൊണ്ട് കീർത്തന അമ്മയ്ക്ക് മുൻപിൽ വാതിൽ കൊട്ടിയടിച്ചു.

കീർത്തന ശരിക്കും ചിരിയ്ക്കുക ആയിരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകുമ്പോഴും ചിരിക്കുക തന്നെയായിരുന്നു.

അവളെ സഹായിച്ചതിന്റെ പേരിൽ ജീവിതം നശിച്ചു പോയ ജീവന്റെ മരണത്തിൽ അല്ല,..മരണശേഷമെങ്കിലും ആ മനുഷ്യനെക്കുറിച്ച് എല്ലാവരും നല്ലത് പറഞ്ഞല്ലോ എന്നോർത്തുള്ള ചിരിയായിരുന്നു.

അവളുടെ ഭാവഭേദങ്ങൾ കണ്ട്കൊണ്ട് നീരസം പ്രകടിപ്പിച്ചു കറങ്ങിക്കൊണ്ടിരുന്ന ഫാൻ നിമിഷങ്ങൾക്കകം നിശ്ചലമായി.

മരണം കൊണ്ടെങ്കിലും ആളുകൾ നല്ലത് പറയുമെന്ന് വ്യാമോഹിച്ച ഒരാത്മാവിനെ പേറി ഒരുടൽ തൂങ്ങിയാടി.

“കാമുകൻ ആത്മഹ ത്യചെയ്തതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി ” എന്ന തലക്കെട്ടോടുകൂടി അവൾ വീണ്ടും ചൂട് പിടിച്ച ചർച്ചകൾക്ക് വിഷയമായി.