ഒരു മിസ്സിംഗ്…
Story written by Vijay Lalitwilloli Sathya
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
“ഞായറാഴ്ച എന്റെ ബർത്ത് ഡേയാണ് പ്രാർത്ഥന ചേച്ചി രാഹുൽ സാറിനെയും കൂട്ടി വരണം. ഞാൻ കാത്തിരിക്കും..”
മാലിനി ചേച്ചിയുടെ ഫോണിൽ അവരുടെ മകൻ ഉണ്ണിക്കുട്ടൻ വിളിച്ചു പറഞ്ഞത് പ്രാർത്ഥന ഓർത്തു. നാളെയാണ് അവന്റെ ബർത്ത് ഡേ.. ഫേവർ പാർട്ടിക്ക് വീട്ടിലേക്ക് തന്നെയും ഭർത്താവിനെയും ക്ഷണിച്ചിരിക്കുന്നു.
ഒരു തരത്തിൽ പറഞ്ഞാൽ അവൻ കാരണമാണീ ജീവിതം തനിക്ക് കിട്ടിയത്…
രണ്ടാംകെട്ട് ആയിട്ടും കല്യാണം കഴിക്കാത്ത ഒരു ചെറുപ്പക്കാരൻ എസ്ഐയുടെ ജീവിതത്തിലേക്ക് കയറിപ്പറ്റാൻ പറ്റിയത് അവനുമായി ബന്ധപ്പെട്ട സംഭവ ബഹുലമായ ഒരു കാര്യത്തിലൂടെ ആണ്… ഏകദേശം ഒന്നഒന്നര വർഷം മുമ്പാണ് അത്……
അന്ന് തന്റെ സ്വന്തം വീട്ടിൽ….
“മോൾ ഇവിടെയുണ്ടല്ലോ ഞങ്ങൾ തിരിച്ചു വരും വരെ ഉണ്ണിക്കുട്ടനെ കൂടെ കൂട്ടിക്കോ.. ഞങ്ങൾക്കും ആ കല്യാണം ഉണ്ടല്ലോ”
അപ്പുറത്തെ വീട്ടിലെ മാലിനിചേച്ചിയും വിശ്വൻ ചേട്ടനും ഉണ്ണിക്കുട്ടനെ പ്രാർത്ഥനയുടെ കയ്യിൽ ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു..
അപ്പോഴേക്കും ആ വീട്ടിൽ നിന്ന് തന്നെ പ്രാർഥനയുടെ അമ്മയും അച്ഛനും ഒരുങ്ങിയിറങ്ങി.
“മോളെ ഞങ്ങൾ വരികയാണ്.”
അങ്ങനെ അവർ നാലുപേരും ബസ്സ്റ്റോപ്പിലേക്ക് നടന്നു പോകുന്നത് അവളും ഉണ്ണിക്കുട്ടനും നോക്കി നിന്നു.
ഉണ്ണിക്കുട്ടനെ കൂട്ടി അകത്തു കയറി അവൾ വാതിൽ കുറ്റിയിട്ടു.
ചാനൽ മാറ്റി കൊച്ചു ടിവി വച്ചുകൊടുത്തു അവൾ അടുക്കള ജോലിയിൽ മുഴുകിയപ്പോൾ ഉണ്ണിക്കുട്ടൻ ഹാളിൽ സോഫയിൽ കാർട്ടൂൺ കണ്ടിരുന്നു
കുറച്ച് സമയം കഴിഞ്ഞപ്പോൾ ഒരു ഡെലിവറി ബോയ് പാഴ്സലുമായി ആ വീടിന്റെ കോളിംഗ് ബെൽ അടിച്ചു.
ഉണ്ണിക്കുട്ടൻ വന്നു വാതിൽ തുറന്നു..
“ആരാ?”
എട്ടു വയസ്സുകാരൻ തന്റെ കുഞ്ഞുവായ കോട്ടി കൊണ്ട് ചോദിച്ചു.
“പാർസൽ കൊണ്ടുത്തരാൻ വന്നതാ”
“എന്താ അതിനകത്ത്.?”.
അതുകേട്ട് ഡെലിവറി ബോയി ഒന്നു പരുങ്ങി.. അവൻ ആ പാർസൽ ബോക്സ് പൊക്കി അതിന്റെ കമ്പനിയുടെ നെയിം നോക്കി.. ആ കമ്പനിയുടെ പ്രോഡക്ട് മിക്കതും പേഴ്സണൽ എന്റെർറ്റൈൻട്മെന്റിഉള്ള ചില ഇമ്പ്ലിമെന്റ് ആണെന്ന് അറിയാം.. ബോഡി മസാജർ,ഫാറ്റ് റിമൂവ് ചെയ്യാനുള്ള വൈബ്രേറ്റ് ബെൽറ്റ്, വയറു കുറക്കാനുള്ള ബെല്ലി സ്ലിം ബെൽറ്റ്.. അങ്ങനെ എന്തെങ്കിലും ആയിരിക്കും.. പക്ഷേ കുട്ടിയോട് എന്താ പറയുക..
“മോനെ ഇത് ടോയ്സ് ആണ്”
“ആണോ?”
അപ്പോഴേക്കും അവിടെ പ്രാർത്ഥന വന്നു.. ഡെലിവറി ബോയി ആ പാർസൽ പ്രാർത്ഥനയെ ഏൽപ്പിച്ചു ഒപ്പിട്ട് വാങ്ങി ഇറങ്ങി പോയി..
പ്രാർത്ഥന വെറുതെ ഉണ്ണികുട്ടനെ കുറിച്ച് ചിന്തിച്ചു..
ഒരു ആൺകുട്ടിയുടെ ഉഷാറോടെ വരുന്നവരോട് ആരാണ് എന്നും കൊണ്ടു വന്നത് എന്താണ് എന്നും അവൻ ചോദിച്ചിരിക്കുന്നു…
അപ്പുറത്തെ വീട്ടിലെ ചേട്ടനും ചേച്ചിക്കും കല്യാണം കഴിഞ്ഞു കുറെ നാൾ വരെ മക്കളാകാതത്തിനാൽ നീണ്ടനാളത്തെ ചികിത്സയ്ക്കുശേഷം ആറ്റുനോറ്റുണ്ടായ കുട്ടിയാണ്. അതുകൊണ്ട് ഉണ്ണിക്കുട്ടനെ പൊന്നുപോലെ നോക്കുന്നു. ബസ്സിൽ ഒക്കെ യാത്ര ചെയ്തു പോകേണ്ടത് കൊണ്ടാണ് അവനെ കൊണ്ടു പോകാതിരുന്നത്..
ഈ നാട്ടിലെ ഒട്ടുമിക്കവരും ഇന്ന് ആ കല്യാണത്തിന് തിരക്കിലായിരിക്കും .. ഇവിടെ അടുത്തുള്ള ഒരു പെൺകുട്ടിയുടെതാണ് മാരേജ്.. അവളെ കൊണ്ടുപോകുന്നത് ഒത്തിരി ദൂരെ അവിടെ വെച്ചാണ് കല്യാണം..
പ്രാർത്ഥന വിവാഹം കഴിഞ്ഞ് ഭർത്താവുമായി അത്ര രസത്തിൽ അല്ലാതെ ഇപ്പോൾ അച്ഛനുമ്മയുടെ കൂടെ വീട്ടിൽ വന്നു നിൽക്കുകയാണ്..
ഭർത്താവ് ഇവൾ മാസങ്ങളായി ചെല്ലാത്ത കാരണം ഡൈവോഴ്സ് നോട്ടീസ് അയച്ചിരിക്കുകയാണ്.. അതിന്റെ വിഷമത്തിലും ദുഃഖത്തിലും അവൾ അങ്ങനെ കഴിയുകയാണ്..
എഫ്ബിയിൽ ഉള്ള ബ്രജിത ആന്റിയാണ് അവൾക്ക് അൽപം ആശ്വാസം നൽകുന്നത്.. മറ്റുള്ള ഫ്രണ്ട്സുമായി വെറുതെ പൊയ്മുഖം അണിഞ്ഞു ചാറ്റുമ്പോൾ ബ്രജിതാന്റിക്ക് മാത്രമേ തന്റെ ജീവിത ദുഃഖങ്ങളും രഹസ്യങ്ങളും അറിയുള്ളൂ.. എഫ്ബി നിന്ന് തന്നെ പരിചയപ്പെട്ടത് ആണെങ്കിലും അവരുമായി വല്ലാത്തൊരു അടുപ്പവും സ്നേഹവും ഉണ്ടായി. അവരാണ് ഫാറ്റ് കുറയ്ക്കാനുള്ള പേഴ്സണൽ എക്യുപ്മെന്റിനെ കുറിച്ചുള്ള വിവരവും വിലാസവും തന്നത്.. അവർ ഉപയോഗിക്കുന്നുണ്ടത്രേ.. വിവാഹമോചനം നേടിയാൽ വീണ്ടും വിവാഹ കമ്പോളത്തിൽ പിടിച്ചു നിൽക്കണ്ടേ…
എങ്കിൽ ഒന്ന് പരീക്ഷിക്കാം വയറും കാലുകളും ഒക്കെ ചർവികൂടി ചീർത്തു വന്നിട്ടുണ്ടു.. കുറച്ചുനാളായി ഇരുന്നു തിന്നുകയാണ്.ഓർഡർ ബുക്കിംഗ് ചെയ്തപ്പോൾ തന്നെ വീട്ടിൽ ആളില്ലാത്ത സമയത്ത് തന്നെ അത് സ്വീകരിക്കണ മെന്ന് അവൾക്കു നിർബന്ധമുണ്ടായിരുന്നു. അതാണ് രണ്ടുദിവസം മുമ്പ് വിളിച്ചപ്പോൾ ഡെലിവറി മനപൂർവം ഇന്നത്തേക്ക് മാറ്റി വെപ്പിച്ചത്..
പക്ഷേ ഉണ്ണിക്കുട്ടനെ ഇന്നിവിടെ പ്രതീക്ഷിച്ചില്ല.
“ചേച്ചി അതിനകത്ത് എന്ത് ടോയ്സാ ഉള്ളത്?”
“അയ്യോ മോനെ ടോയ്സ് ഒന്നുമല്ല ഇത് വേറെ സാധനമാണ്..”
“വേറെയോ?”
” അതേടാ മോനെ . ഇത് ടോയ്സ് അല്ല കേട്ടോ.. “
പാർസൽ റൂമിൽ കൊണ്ടു വച്ച പ്രാർത്ഥനവീണ്ടും അടുക്കളയിലേക്ക് പോയി.
ടോയ്സ് ആണെന്ന് പറഞ്ഞിട്ടും ചേച്ചി എന്താണ് മാറ്റി പറഞ്ഞത് അതെ കുറിച്ച് ചിന്തിച്ചു ഉണ്ണിക്കുട്ടൻ വല്ലാണ്ടായി. അപ്പോഴാണ് സിറ്റൗട്ടിൽ ഇരിക്കുന്ന അവന്റെ ടോയ്സ് നെക്കുറിച്ച് അവൻ ഓർത്തത്..
“ചേച്ചി ഞാൻ ഒന്ന് വീട്ടിൽ പോയിട്ട് വേഗം വരാം”
അവൻ പറഞ്ഞപ്പോൾ
” ഒറ്റയ്ക്ക് എന്തിനാ പോകുന്നത്? “
എന്നവൾ ചോദിച്ചു.
“എന്റെ ഒരു ടോയ്സ് എടുക്കാൻ വേണ്ടി”
“അതിനു വീട് പൂട്ടിയിട്ട് അല്ലേ ഉള്ളത്?”
” ആ ഒരു ടോയ്സ് പുറത്തു പൂമുഖത്ത് ഉണ്ടു.. അതെടുതേച്ചും വരാം ചേച്ചി.. “
“എങ്കിൽ ശരി..വേഗം വരണം”
ഉണ്ണിക്കുട്ടൻ ഓടി അവന്റെ തൊട്ടപ്പുറത്തുള്ള വീട്ടിലേക്ക് പോയി..
അവിടെ എത്തിയപ്പോൾ;
“ഹമ്മോ ഒരു പട്ടി”
സിറ്റൗട്ടിൽ ഒരു മുട്ടൻ പട്ടി വന്നു അവന്റെ ഓമന മത്സ്യങ്ങൾ വളർത്തുന്ന അക്വേറിയത്തിന്റെ സ്റ്റാൻഡിലെ ഇടയിൽ കയറി ഇരിക്കുക യായിരുന്നു.
ഉണ്ണിക്കുട്ടനെ കണ്ടതും അത് ചാടിയെണീറ്റ് കുതിച്ചു ഓടിപ്പോയി..
സ്റ്റാൻഡ് അനങ്ങി തെറിച്ച അക്വേറിയം വീണ് തകർന്നു… മത്സ്യങ്ങൾ നിലത്തു കിടന്ന് പിടയ്ക്കാൻ തുടങ്ങി..
പ്രാർത്ഥന ഈ സമയം അടുക്കളയിലെ ജോലി കഴിഞ്ഞു കുളിക്കാൻ കയറി.
തുടർന്ന് കുളികഴിഞ്ഞു വന്ന അവൾ പാർസൽ പൊട്ടിച്ചു അതിലെ സ്ലിം ബെൽറ്റ് എടുത്തു ധരിച്ചു നോക്കി.. കൊള്ളാം.. വെച്ചു കെട്ടുമ്പോൾ ത്തന്നെ ചാടാൻ പോകുന്ന വയറു ഒതുങ്ങി കൂടിയ പോലെ..
വീട്ടിൽ നിന്നും ടോയ്സ് എടുക്കാൻ എന്ന് പറഞ്ഞു പോയ ഉണ്ണിക്കുട്ടൻ ഇതുവരെ വന്നിട്ടില്ല.. അവൾ പുറത്തിറങ്ങി നോക്കി.. അവിടെ ഒന്നും അവനെ കാണുന്നില്ല
ഒടുവിൽ അവനെ തിരഞ്ഞവൾ അവന്റെ വീട്ടിലേക്ക് പോയി.
സിറ്റൗട്ടിൽ ഉള്ള ടോയ്സ് എടുക്കാൻ ആണെന്ന് പറഞ്ഞിട്ട് പോയിട്ട് ഇത്രയും സമയമോ
“ഉണ്ണിക്കുട്ടാ മോനേ നീ എവിടെയാ..ടാ “
അവൾ ആ വീടിനു ചുറ്റും നോക്കി. അവിടെയെങ്ങും അവനെ കാണുന്നില്ല .
ഇവൻ ഇതെവിടെ പോയി..
അവൾക്കു സംശയമായി പിന്നെ ഭയമായി.. അവൾ അയൽപക്കക്കാരോട് പറഞ്ഞു..
അവരാരും അവനെ കണ്ടിട്ടില്ല.. തുടർന്ന് എല്ലാവരും കൂടി ഉണ്ണിക്കുട്ടനെ തിരയാൻ തുടങ്ങി…
പ്രാർത്ഥന വീണ്ടും അവളുടെ വീട്ടിൽ പോയി എല്ലായിടവും പരിശോധിച്ചു.. അടച്ചിട്ട ഉണ്ണിക്കുട്ടന്റെ വീടിന്റെ വീടിനു ചുറ്റും അവിടുത്തെ പറമ്പു അരീച്ചു പെറുക്കി പരിശോധിച്ചു.
ഉണ്ണിക്കുട്ടനെ കാണാനില്ല. വൈകിട്ട് അവന്റെ അച്ഛനുമമ്മയും തന്റെ അച്ഛനുമമ്മയും വന്നു.. പ്രാർത്ഥന കരഞ്ഞു കൊണ്ടു ഉണ്ടായ സംഭവങ്ങൾ പറഞ്ഞു.
താൻ കുളിച്ചു വരുമ്പോഴേക്കും അവൻ എവിടെ പോയി. കളിപ്പാട്ടം സിറ്റൗട്ടിൽ തന്നെ ഉണ്ടെന്ന് പറഞ്ഞിട്ടാണ് കുട്ടി ഇങ്ങോട്ട് വന്നത്.. ഇവിടെനിന്ന് പിന്നെ എന്തു സംഭവിച്ചു.. സിറ്റൗട്ടിൽ അക്വേറിയം വീണ തകർന്ന കാഴ്ച എല്ലാവരും കണ്ടു.. അവന്റെ കയ്യിൽ നിന്നും വല്ല അബദ്ധം സംഭവിച്ചു വോ.. അതുകാരണം പേടിച്ചു എവിടെയെങ്കിലും ഓടി പോയോ?
ഒടുവിൽ പൊലീസിൽ പരാതി കൊടുത്തു. അവരും വന്നു അന്വേഷണം ആരംഭിച്ചു.
പ്രാർത്ഥനയെ തലങ്ങും വിലങ്ങും ചോദ്യംചെയ്തു. അവൾ പേടിച്ചു വിരണ്ടപ്പോൾ പുതിയ എസ് ഐ ചെറുപ്പക്കാരൻ അവളുടെ സത്യാവസ്ഥ പെട്ടെന്ന് മനസ്സിലാക്കിയെടുത്തു.
” കുട്ടി ധൈര്യമായിരിക്കൂ നമുക്ക് അന്വേഷിക്കാം’ എന്നുപറഞ്ഞ് ആശ്വസിപ്പിച്ചു.
ഉണ്ണിക്കുട്ടൻറെ അച്ഛനുമമ്മയും പ്രാർത്ഥനയോട് കാര്യകാരണങ്ങൾ പലവട്ടം ചോദിച്ചു കൊണ്ടിരുന്നു.. എല്ലാവരോടും ഉത്തരം പറഞ്ഞവർക്കു മടുത്തു..
അവിടെ കൂടിയവരും ഇരു വീടുകളും അരിച്ചുപെറുക്കി വീണ്ടും വീണ്ടും പരിശോധിച്ചു.
വരുന്നവർ വരുന്നവർ പ്രാർത്ഥനയെ സംശയദൃഷ്ടിയോടെ നോക്കുന്നു.. എല്ലാവർക്കും അവളെ ചോദ്യം ചെയ്യണം അവൾക്കു ഒന്നേ പറയാനുള്ളൂ. കളിപ്പാട്ടം എടുത്ത ഉടനെ വരാം എന്ന് പറഞ്ഞിട്ട് തന്റെ വീട്ടിൽ നിന്നിറങ്ങിയത്. താനും കരുതി വേഗം എടുത്തു വരുമല്ലോ. പക്ഷേ ഇത് ഇങ്ങനെ സംഭവിക്കും എന്ന് അറിയില്ല.
അവൾക്ക് ധൈര്യം നൽകി ആശ്വസിപ്പിച്ച എസ് ഐ ചെറുപ്പക്കാരനോട് വല്ലാത്തൊരു സ്നേഹം തോന്നി പോയി. അത്രയും വിരണ്ടു ഇരിക്കുകയാണാപാവം.
ഈയൊരു സാഹചര്യത്തിൽ പോലീസുകാരും മോശമായി പെരുമാറി യിരുന്നെങ്കിൽ അവൾ തകർന്നു പോയേനെ…
നാട്ടുകാർ ആ വീടിന് പരിസരവും ഒരു എട്ടു വയസ്സുകാരൻ നടന്നുപോകാൻ സാധ്യതയുള്ള പലസ്ഥലങ്ങളിലും പരിശോധിച്ചു.. എന്നിട്ടും ഉണ്ണിക്കുട്ടന് എങ്ങും കണ്ടെത്താനായില്ല..
അങ്ങനെ ഓരോ ഇടവും പരിശോധിച്ചു ആ സംഘം തോടുകളും കിണറുകളും കുളങ്ങളും ഒന്നും ഒഴിവാക്കാതെ ആ നാടുനീളെ നടന്നു. ഒടുവിൽ ഒരു ക്ഷേത്രക്കുളത്തിന് അടുത്തെത്തി. വെള്ളം നന്നേ കുറവുള്ള ആ ക്ഷേത്ര കുളത്തിന്റെ താഴത്തെ പടവിൽ കുട്ടി ഇരിക്കുന്നത് കണ്ടു. അവര് താഴേക്ക് നോക്കി ശബ്ദമുണ്ടാക്കാതെ ഇറങ്ങിച്ചെന്നു. അവന്റെ വീട്ടിലെ അക്വേറിയത്തിലുണ്ടായിരുന്ന മത്സ്യങ്ങളെ അവൻ ക്ഷേത്രക്കുളത്തിലാക്കി ,അതുമായി സംസാരിച്ചു അങ്ങനെ ഇരിക്കുകയാണ് ഉണ്ണിക്കുട്ടൻ.!
അവർ ഉണ്ണിക്കുട്ടനേയും കൂട്ടി വീട്ടിലെത്തി. അപ്പോഴാണ് സിറ്റൗട്ടിൽ ഉടഞ്ഞ കിടക്കുന്ന അക്വേറിയത്തിന്റെ സത്യാവസ്ഥ അച്ഛനും അമ്മയോടും അവൻ പറയുന്നതു.
പട്ടി അക്വേറിയം തകർത്തു ഓടിയപ്പോൾ അവന്റെ പെറ്റ് ആയിരുന്ന മത്സ്യങ്ങൾ കിടന്നു പിടക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നിയ അവൻ ഒരു പ്ലാസ്റ്റിക് കവറിൽ വെള്ളം നിറച്ച് മത്സ്യങ്ങളെ ഒക്കെ അതിൽ പിടിച്ചിട്ട് നേരെ ക്ഷേത്രക്കുളത്തിൽ കൊണ്ട് പോയി നിക്ഷേപിക്കുകയായിരുന്നു..
മറ്റു മത്സ്യങ്ങളെ പേടിച്ച് ഈ മത്സ്യങ്ങൾ താഴോട്ടു പോകാത്തത് കണ്ടപ്പോൾ അവൻ അതിനെ നോക്കി അവിടെ ഇരുന്നു. മനസ്സില്ലാമനസ്സോടെ പോരാൻ നേരം അവനെ കാണാത്തപ്പോൾ വലിയ മത്സ്യങ്ങൾ അതിനെ ഉപദ്രവിക്കുന്നത് അവൻ മനസ്സിലാക്കി. അതിനെ ആട്ടിയോടിച്ചു നിന്ന് സമയം പോയതറിഞ്ഞില്ല..
ഉണ്ണിക്കുട്ടനെ കണ്ടുകിട്ടിയത് അറിഞ്ഞ് പ്രാർത്ഥനയ്ക്ക് സന്തോഷമായി.. അവളായിരുന്നു തീ തിന്നത്…
തന്നെ ഭദ്രമായി നോക്കാൻ ഏൽപ്പിച്ചു പോയിട്ടും തനിക്ക് നോക്കാൻ പറ്റില്ലല്ലോ വലിയ ദുഃഖവും അതിതീവ്ര സംഭ്രമവും അവളെ പിടികൂടിയിരുന്നു.. അവൾ അവനെ കെട്ടിപ്പിടിച്ചു ഉച്ചത്തിൽ വാവിട്ട് കരഞ്ഞു..അവൾ അവനെ കെട്ടിപ്പിടിച്ചു കരയുന്നതു കണ്ടപ്പോൾ ഉണ്ണികുട്ടന്റെ അച്ഛനും അമ്മയ്ക്കും വിഷമമായി.. അവരവളെ പിടിച്ചെഴുന്നേൽപ്പിച്ചു സമാധാനിപ്പിച്ചു. ശേഷം ആ മാതാപിതാക്കളും രണ്ടുപേരും ഉണ്ണികുട്ടനെ ലാളിച്ചു വാത്സല്യത്തോടെ ലാളിച്ച് കരഞ്ഞു.
ഉണ്ണിക്കുട്ടനെ കണ്ടെത്തിയ സന്തോഷത്തിൽ പിന്നെ വിഷമങ്ങൾ എല്ലാം അവർ മറന്നു….
ചോദ്യങ്ങൾ ചോദിച്ച കൂട്ടത്തിൽ തന്റെ പേഴ്സണൽ ലൈഫിൽ എല്ലാകാര്യങ്ങളും ആ എസ് ഐ ചെറുക്കൻ മനസ്സിലാക്കി വെച്ചിരുന്നു..
എഫ് ഐ ആർ തയ്യാറാക്കുന്ന കൂട്ടത്തിൽ തന്റെ പേഴ്സണൽ ഫോൺ നമ്പർ ചോദിച്ചപ്പോൾ അവൾ നൽകിയിരുന്നു.
കുറേ മാസങ്ങൾ കഴിഞ്ഞപ്പോൾ ഡിവോഴ്സ് കിട്ടിയപ്പോൾ അതെക്കുറിച്ച് ചോദിച്ചറിഞ്ഞ ആ ചെറുപ്പക്കാരൻ എസ് ഐ പിന്നീട് തന്റെ അച്ഛനും അമ്മയോട് കാര്യങ്ങൾ ചോദിച്ചു തന്നെ മേരേജ് ചെയ്താൽ കൊള്ളാം എന്നുള്ള ആഗ്രഹം പറയുകയായിരുന്നു..