സ്ത്രീമാനസം – രചന: അരുൺ കാർത്തിക്
ദേഹമനങ്ങി പണി ചെയ്തെന്നോർത്തു നിന്റെ കയ്യിലെ വളയൊന്നും ഊരിപോകില്ലെന്ന് ശ്രീയേട്ടന്റെ അമ്മ കനപ്പിച്ച മുഖത്തിൽ എന്നോട് ആജ്ഞാപിക്കുമ്പോൾ തൊഴുത്തിലെ ചാണകം വടിച്ചെടുത്താ ബക്കറ്റിനുള്ളിലേക്കിടാനുള്ള പരിശ്രെമത്തിലായിരുന്നു ഞാനപ്പോൾ…
ചോദിച്ചതിനേക്കാൾ കൂടുതൽ പൊന്നിട്ടാ പുരയിലേക്ക് വന്നുകേറിയിട്ടും ഏതോ അനാഥപെണ്ണിനെ വിളിച്ചോണ്ട് വന്ന പ്രേതീതിയായിരുന്നു പലപ്പോഴും ശ്രീയേട്ടന്റ് അമ്മയുടെ മുഖത്ത് നിറയെ…
മൂന്നു വർഷം പിന്നാലെ നടന്നു പ്രണയിച്ച ശ്രീയേട്ടൻ വിവാഹം കഴിക്കുന്നതിനു മുൻപായി അമ്മയേ കൂട്ടി എന്നെ കാണാൻ വരുമ്പോൾ അമ്മ പറയുമായിരുന്നു മോളാണ് ഇനി എന്റെ കുടുംബത്തിലെ പ്രകാശം പരത്തേണ്ട എഴുതിരിയിട്ട നിലവിളക്കെന്നു…
അച്ഛനും ആങ്ങളയും മാത്രമുള്ള എന്റെയാ വീട്ടിൽ നിന്നും പടിയിറങ്ങുമ്പോൾ എന്റെ മനസ്സും ഒരുപാട് ആഗ്രെഹിച്ചിരുന്നു എന്നെ പൊന്നു പോലെ നോക്കാൻ ഒരമ്മ എനിക്കായി ആ ഗൃഹത്തിൽ കാത്തിരിപ്പുണ്ടല്ലോയെന്ന്…
മിന്നുകെട്ടിനു ശേഷം ശ്രീയേട്ടന്റെ വീട്ടിൽ വലതു കാൽ വച്ചു നിലവിളക്കേന്തി ഞാൻ കയറുമ്പോൾ തിരുനെറ്റിയിൽ ഉമ്മവച്ചാണ് അമ്മ എന്നെ വീടിന് അകത്തേക്ക് ആനയിച്ചു കയറ്റിയതും…
ആദ്യത്തെ ഒരാഴ്ച ഞാനമ്മയെ പരിചരിച്ചതിനേക്കാൾ നൂറിരട്ടിയായി സ്നേഹം തിരിച്ചുതന്നാണ് അമ്മ എന്നോടുള്ള ആ കടം തിരികെ മടക്കിതന്നതും…
പക്ഷേ പിന്നീട്…നേരം പുലർച്ചെ നാലിന് കതകിൽ മുട്ടിവിളിച്ചു കുറ്റിചൂലെടുത്തു എന്റെ കയ്യിൽ തരുമ്പോൾ ഭർത്താവിന്റെ ചൂട്പറ്റി കിടന്നാൽ പിന്നെ വീട്ടിലെ പണി നിന്റെ വേറെയാരെങ്കിലും ചെയ്യുമോന്നു ചോദിച്ചാണ് അമ്മ എന്നോടുള്ള ദേഷ്യത്തിന് ആദ്യമായി തുടക്കമിട്ടത്…
പാത്രങ്ങൾ കഴുകാൻ അല്പം സോപ്പെടുത്തപ്പോൾ ഒരാഴ്ചയ്ക്കുള്ള സോപ്പ് ഒരു ദിവസം കൊണ്ട് തീർക്കാൻ ഇവിടെ പൊന്ന്കായ്ക്കുന്ന മരമൊന്നുമില്ലെന്ന് പിന്നിൽ വന്ന് പറയുമ്പോഴും തിരിച്ചൊന്നും മിണ്ടാതെ നിന്നതേയുള്ളൂ ഞാൻ…
ആദ്യസമയത്തെ ശ്രീയേട്ടന്റെ അമ്മയുടെ സ്നേഹം പിന്നീടങ്ങോട്ട് ശത്രുവിനോടെന്ന പോലെ എന്നോട് പെരുമാറിയപ്പോൾ രാത്രി ഏട്ടനോടത് സൂചിപ്പിച്ചപ്പോൾ ഇതൊക്കെ നിന്റെ വെറും തോന്നലാണെന്ന് പറഞ്ഞാണ് ഏട്ടൻ എന്നെ കയ്യൊഴിഞ്ഞതു…കൂടെയൊരുപദേശവും എന്റെ കാതിൽ പറയാൻ മറന്നില്ല ശ്രീയേട്ടൻ…നഷ്ടമായ അമ്മയെ സ്നേഹിക്കാൻ നിനക്ക് കിട്ടിയ ഒരവസരം ആണ് ഇത് പാഴാക്കികളയരുതെന്ന്…
പുതുവീട്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള പരിചയക്കുറവാകാമെന്ന് മനസ്സിലോർത്താണ് തുണികൾ പെറുക്കികൂട്ടി ഞാനാ വാഷിങ് മെഷീന്റെ സമീപത്തേക്കായി നടന്നു നീങ്ങിയതും…
സ്വിച്ച് ഇടാൻ ചെന്ന എന്റെ വിരൽ തട്ടിമാറ്റി അടുക്കളപുറകിലെ അലക്കുകല്ലിലേക്ക് വിരൽ ചൂണ്ടിയിട്ട് അമ്മ പറയുന്നുണ്ടായിരുന്നു…നിന്റെ മുഷിഞ്ഞുനാറിയ തുണിയിലെ അഴുക്ക് മാറാൻ പുറത്തെ അലക്കുകല്ലാണ് നിന്നെ പോലത്തെ വർഗ്ഗങ്ങൾക്കു നല്ലതെന്ന്…
അത്താഴം കഴിക്കാൻനേരം അമ്മമാത്രം സ്വയം വിളമ്പിയെടുക്കുമ്പോഴും പൂജാമുറിയുടെ അകത്തു അമ്മ തിരി തെളിയിക്കുമ്പോൾ പുറത്ത് മാത്രം നീ നിന്നാൽ മതി നിന്റെ നാശം പിടിച്ച കാൽ ഉള്ളിൽ കയറ്റി പോകരുതെന്ന് പറയുമ്പോഴും എന്നോട് ഇത്ര അവഗണന എന്തിനാണെന്ന് മാത്രം എനിക്ക് അപ്പോഴും മനസ്സിലായിട്ടുണ്ടായിരുന്നില്ല..
.പലതവണ ഇത് ആവർത്തിക്കപ്പെട്ടപ്പോൾ സങ്കടം സഹിക്കാനാവാതെ ശ്രീയേട്ടനോട്, എന്താ അമ്മയ്ക്ക് എന്നോട് ഇത്ര വിരോധമെന്ന് ചോദിച്ചപ്പോൾ തലതാഴ്ത്തി ഏട്ടൻ പറയുന്നുണ്ടായിരുന്നു അമ്മയോട് നീ താഴ്ന്ന ജാതിയിലുള്ളവളാണെന്ന സത്യം മാത്രം ഞാൻ മറച്ചുവച്ചാണ് നിന്നെ താലി ചാർത്തിയതെന്ന്…
എന്തിനാ ശ്രീയേട്ടാ എല്ലാം തുറന്നു പറഞ്ഞുഅമ്മയുടെ അനുവാദം ഉണ്ടെങ്കിൽ മാത്രം വിവാഹം മതിയെന്ന് ഞാൻ ഏട്ടനോട് ആയിരംവട്ടം പറഞ്ഞതല്ലേന്ന് കലങ്ങിയ കണ്ണീരോടെ പറയുമ്പോൾ അമ്മയ്ക്കെന്നോടുള്ള വിരോധത്തിന്റെ യഥാർത്ഥ കാരണം എനിക്ക് മനസ്സിലായികഴിഞ്ഞിരുന്നു…
പിന്നീടങ്ങോട്ട് പൊടിപോലും ഇല്ലാത്ത വീട്ടിൽ മാറാല നീക്കം ചെയ്യാനും ദിനം മൂന്നു നേരം വീടാകെ വെള്ളം മുക്കിതുടയ്ക്കാൻ പറയുമ്പോഴും അടുക്കി വച്ച പത്രകെട്ട് ആരും കാണാതെ വലിച്ചു വാരിയിട്ടിട്ട് അടുക്കിവയ്ക്കാൻ അമ്മ പറയുമ്പോഴും ഒന്നും ഉരിയാടാതെ അക്ഷരംപ്രതി പാലിച്ചിട്ടേയുള്ളു ഞാൻ…
എവിടെയെങ്കിലും എട്ടുകാലി ഒരു കൂട് കൂട്ടിയാൽ, നിലത്തൊരു തുള്ളി വെള്ളം വീണു കിടന്നാൽ മേശപ്പുറത്തെവിടെ നിന്നെങ്കിലും ഉറുമ്പ്കയറിയാൽ മുടികുത്തിപിടിച്ചു നീ ഇവിടെ എന്ത് മലമറിക്കുവാണെന്ന് അമ്മ ചോദിക്കുമ്പോൾ സ്വയം വിധിയെ പഴിച്ചിരുന്നിട്ടേയുള്ളു ഞാൻ…
ചോറിൽ കല്ലുണ്ടെന്നു പറഞ്ഞ പാത്രം എന്റെ മുഖത്തിനു നേരെ വലിച്ചെറിയുമ്പോഴും നിലം തുടച്ചിട്ടും ചെളി പോണില്ലെന്ന് പറഞ് വലതു കാലുയർത്തി എന്റെ പിന്നിൽ തൊഴിക്കുമ്പോൾ ബക്കറ്റോടെ മറിഞ്ഞുകെട്ടി ഞാനാ നിലത്തേക്ക് ഉരുണ്ടു വീഴുമ്പോഴും കലിയടങ്ങാതെ ഉറഞ്ഞുതുള്ളി നിൽക്കുമായിരുന്നു ശ്രീയേട്ടന്റെ അമ്മ…
വീട്ടിൽ ഒരു ചടങ്ങ് നടന്നപ്പോൾ എന്നെ വിളിച്ചു മുറിയിൽ മാറ്റിനിർത്തി അമ്മ എന്നോട് പറഞ്ഞത് നിന്റെ തരംതാണ കുടുംബത്തിലെ അച്ഛനാ ആങ്ങളായ ന്ന് പറഞ്ഞ ഒരെണ്ണത്തിനെ പോലും ചടങ്ങിനായ് ഈ പടിയ്ക്കകത്തു കയറ്റിയേക്കരുത്, നീ കാരണം തന്നെ തൊലിയുരിഞ്ഞ ഞാനിവിടെ നിക്കുന്നതെന്ന്…
പാതിരാത്രിയായാലും തീരാത്ത പണി എനിക്കായി മാറ്റിവയ്ക്കുമ്പോൾ അടുക്കളപുറത്ത് വന്നമ്മ പറയും…പതിയെ തീർത്താൽ മതി…നീയോ ഈ കുടുംബത്തിന് ചീത്ത പേരായി…ഇനി നിന്റെ ചോരയിൽ ഒരു കീഴ്ജാതി കൂടെ പിറന്നാൽ അന്ന് ഇറങ്ങിക്കോണം നീ ഈ വീട്ടിൽ നിന്ന്…
അമ്മയെ അക്ഷരംപ്രതി പാലിക്കുന്ന മകനായത് കൊണ്ട് തന്നെ ശ്രീയേട്ടനും കേറിവന്നൊരു വർഷമായിട്ടും സ്വന്തംവീട്ടിലോട്ടു ഒന്ന് പോകണമെന്ന് പോലും എന്നോട് ചോദിച്ചിട്ടില്ല…അല്ല ചോദിച്ചാലും അമ്മയുടെ വക മറുചോദ്യമുണ്ടാകും നിനക്ക് ഓഫീസിൽ വേറെ പണിയൊന്നുമില്ലെന്നു…
ശ്രീയേട്ടനെന്താ കുട്ടികൾ ഉണ്ടാവാത്തതെന്നു അയലത്തെ ചേച്ചി അമ്മയോട് ചോദിച്ചപ്പോ, അതിനു വന്ന് കേറിയ പെണ്ണിന് ചോരയും നീരുമൊന്നുമില്ലെന്നും എന്തോ ദീനം പിടിച്ചഭലക്ഷണം ഉള്ള ഒരെണ്ണത്തിനെയാ എന്റെ മകന്റെ തലയിൽ വന്ന് പതിച്ചതെന്നായിരുന്നു അമ്മയുടെ മറുപടി…
എന്നെ ആശ്വസിപ്പിക്കാനായി പോലും ചേർത്ത് പിടിക്കാൻ വന്ന ശ്രീയേട്ടന്റെ കട്ടിലിൻ അരികിൽ നിന്നും, മാറ്റി നിർത്തി നിലത്തു പാ വിരിച്ചു കിടപ്പ് തുടങ്ങിയിട്ട് കാലങ്ങളായ എനിക്ക്, മറവിൽ നിന്നാ അമ്മയുടെ മറുപടി കേട്ടപ്പോൾ ഒരുതരം മരവിപ്പ് മാത്രമാണ് തോന്നിയത്…
എന്നെ ദ്രോഹിക്കാൻ വേണ്ടി മാത്രമാണെങ്കിലും വിളിക്കാൻ ഒരമ്മയുള്ളതുകൊണ്ട് ഒരിക്കൽ പോലും ആ അമ്മയോട് അന്നുവരെ എനിക്ക് ദേഷ്യം തോന്നിയിട്ടില്ലെന്നുള്ളതാണ് സത്യം..കുറച്ചു സഹതാപം അല്ലാതെ…
പെട്ടെന്നൊരുനാൾ ഉമ്മറപ്പടിയിൽ അമ്മ കുഴഞ്ഞു വീണപ്പോ കാലിലെ പുളയുന്ന വേദനയാൽ അമ്മ നിലവിളിച്ചപ്പോൾ ഓടി ചെന്ന് താങ്ങിയെടുത്തു ഓട്ടോവിളിച്ച് ആശുപത്രിയിൽ ആക്കുമ്പോഴും അമ്മയ്ക്ക് ഒന്നും പറ്റി കാണരുതേ എന്നായിരുന്നു എന്റെ പ്രാർത്ഥന…
പരിശോധിച്ച റിപ്പോർട്ട് മേടിക്കാൻ ചെന്നപ്പോൾ ശ്രീയേട്ടനൊപ്പം ഞാനും ഡോക്ടർടെ മറുപടി കേട്ട് ഞെട്ടിപോയി…പൊതുവെ ബിപി കൂടുതലുള്ള അമ്മയുടെ വലതു കാൽ തളർന്നു പോയെന്നും ഇനി ഒരിക്കലും എഴുന്നേറ്റു നടക്കാൻ ആവില്ലെന്നും…
എന്റെ അമ്മയ്ക്കൊന്നുമില്ല, അമ്മയേ പഴയ പോലെ ഞാൻ എഴുന്നേൽപ്പിച്ചു നടത്തുമെന്ന് ആശുപത്രിവിട്ട് വീട്ടിലെ കട്ടിലിൽ കൊണ്ടിരുത്തിയ ശ്രീയേട്ടന്റെ അമ്മയോട് പറയുമ്പോ ആ മിഴികൾ ആദ്യമായി കണ്ണീരിന്റെ നനവ് ചെറുതായി പടരുന്നത് ഞാൻ കണ്ടു…
പ്രേത്യേകതരം ഇലകൾ ചേർത്തരച്ച ആയുർവേദത്തിൻ പച്ചമരുന്നിനാലുള്ള ഔഷധകൂട്ട് അമ്മയുടെ കാലിൽ ഞാൻ തേച്ചമർത്തിപിടിപ്പിച്ചത് ചെറുപ്പത്തിൽ മുത്തശ്ശി എനിക്കു പഠിപ്പിച്ചു തന്നതിന്റെ ഓർമ്മയിൽ ആയിരുന്നു…
കാലിൽ പല തവണ ചൂട് വെള്ളത്താൽ ആവി പിടിക്കുമ്പോഴും ചെറുസ്പൂണിനാൾ ചൂട് കഞ്ഞി പലവട്ടം അമ്മയ്ക്ക് കോരി കൊടുക്കുമ്പോഴും നിറഞ്ഞു വരുന്ന അമ്മയുടെ മിഴികൾ തുടച്ചുകൊണ്ട് ഞാൻ പറയുമായിരുന്നു എന്റെ അമ്മ കരയരുതെന്ന്…
പലപ്പോഴും എന്നോട് യാചനഭാവത്തിൽ അമ്മ കുറ്റമേറ്റ് പറയാൻ തുടങ്ങുമ്പോ അത് കേൾക്കാനാവാതെ, അമ്മ എന്റെ മുന്നിൽ തോൽക്കരുതെന്നോർത്തു ഒഴികഴിവ് പറഞ്ഞു അടുക്കളയിൽ പോയി വിതുമ്പികരയുമായിരുന്നു ഞാൻ…
ഔഷധകൂട്ടിന് തൊണ്ണൂറാം നാൾ, അലമാരയിലെ എത്താത്ത ഉയരത്തിൽ പീഠത്തിൽ നിന്ന് മാറാല തൂത്തിരുന്ന എന്റെ പാദങ്ങളിൽ ഒരു കൈ വന്ന് പതിച്ചപ്പോ തിരിഞ്ഞു നോക്കിയ എന്റെ മിഴികൾ അത്ഭുതത്താൽ നിറഞ്ഞു…
പയർമണി പോലെ നടന്നുവന്ന അമ്മ മുറിയിലെത്തി എന്റെ കയ്യിലെ ബ്രഷ് എടുത്തു ദൂരെയെറിഞ്ഞിട്ടു ചോദിച്ചു, എങ്ങനെയാ മോളെ നിനക്ക് ഈ ദുഷ്ടയായ അമ്മയെ ഇപ്പോഴും ഇങ്ങനെ സ്നേഹിക്കാൻ സാധിക്കുന്നത്…
ഞാൻ എന്നും എന്റെ അമ്മയെ സ്നേഹിച്ചിട്ടേയുള്ളു…ചിലപ്പോൾ സങ്കടം തോന്നുമെങ്കിലും എനിക്ക് വിധിയെ പഴി ചാരനാണ് അമ്മേ ഇഷ്ടം…ജനിക്കുമ്പോൾ എനിക്ക് അറിയില്ലല്ലോ അമ്മേ ഞാൻ താഴ്ന്ന ജാതിയാണെന്ന്…അറിഞ്ഞിരുന്നെങ്കിൽ ഞാൻ ആ വയറ്റിൽ വച്ചു തന്നെ തീർന്നേനെ…
വളർന്നപ്പോ പലയിടത്തും നിന്നും ജാതിപ്പേരിൽ അപമാനം ഉണ്ടായിട്ടുണ്ടെങ്കിലും ഇത് എന്റെ അമ്മ തന്നെയല്ലേ വിളിക്കുന്നെ ഓർക്കുമ്പോൾ അതിൽ എനിക്ക് പരാതിയില്ല…അമ്മേടെ സ്നേഹം പോലെ നിക്ക് ശാസനയും കിട്ടീട്ടില്ലേ…ചിലപ്പോ…അത്കൊണ്ടാവും എനിക്ക് അമ്മയെ…ഇത്രയും ഇഷ്ടം…
രണ്ടു കയ്യാൽ എന്നെ ചേർത്തമർത്തി പിടിച്ചു കൊണ്ട് മോളെ പൊറുക്കണം…എന്റെ മനസ്സിലെ അനാവശ്യചിന്തയിൽ ജാതിയേക്കാൾ വലുതാണ് മനുഷ്യസ്നേഹം എന്നമ്മ അറിയാതെ പോയി…ഇത്രയും നാൾ ദ്രോഹിച്ച നിന്നെ ഒരുതവണ എങ്കിലും എന്റെ മോളെ പോലെ സ്നേഹിക്കണം എനിക്ക്…മറ്റാർക്കും കിട്ടാത്ത സ്വന്തം മോളായിട്ട്…
അമ്മ എന്നെ സ്നേഹത്താൽ ഇറുകെപ്പുണരുമ്പോൾ കാറ്റിൽ പറന്നു പോയ ജാതികോമരത്തിനൊപ്പം ഒരു അമ്മയുടെ സ്നേഹത്തിൽ കുതിർന്ന മാറിൽ ഞാൻ തല ചായ്ച്ചു നിന്നു…
അനുഭവിക്കാൻ പോകുന്ന അമ്മയുടെ അമൃത് കലർന്ന സ്നേഹത്തിനായി…..