പരിചയപ്പെടാനുള്ള ആഗ്രഹം മനസ്സിനുള്ളിൽ വീർപ്പുമുട്ടാൻ തുടങ്ങി.തന്നെ പോലെ ഒരു പെൺകുട്ടി അങ്ങോട്ടു മെസേജ് അയച്ചാൽ എന്തെങ്കാലും തെറ്റിദ്ധരിച്ചാലോ…..

പ്രണയോപഹാരം

story written by :- Ajeesh Kavungal

വാട്ട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

മൂന്നു ദിവസത്തെ അവധി ഒരുമിച്ചു കിട്ടിയ സന്തോഷത്തിലാണ് രാവിലെ ഉറക്കമുണർന്നത്.ദിനചര്യകളെല്ലാം കഴിഞ്ഞ് മൊബൈൽ എടുത്തു നോക്കുമ്പോഴാണ് അമ്മ പുറത്തോട്ടിറങ്ങാൻ തയ്യാറായി നിൽക്കുന്നത് കണ്ടത്. കണ്ടപ്പോൾ തന്നെ മനസ്സിലായി അമ്പലത്തിലേക്കാണ് പോക്ക്. അമ്പലത്തിൽ പോവുമ്പോ മാത്രം അമ്മ തന്നെ കൂടെ കൂട്ടില്ല. ആരുടെയും കൂടെ പോവുകയുമില്ല. ചോദിച്ചാ പറയും “കമ്പനി കൂടി പോവാൻ പറ്റിയ സ്ഥലം അല്ല അമ്പലം. ആരോടും പറയാൻ പറ്റാത്ത സങ്കടങ്ങൾ പറയുന്ന സ്ഥലമാണ്. തൽക്കാലം എന്റെ സങ്കടം ഞാനും ഈശ്വരനും മാത്രം അറിഞ്ഞാ മതി. നീ അറിയണ്ട. നിനക്ക് തീർക്കാൻ പറ്റുന്ന സങ്കടങ്ങൾ ഒക്കെ ഞാൻ നിന്നോടു പറയുന്നുണ്ടല്ലോ.. ഈശ്വരനു തീർക്കാൻ പറ്റുന്നത് ഈശ്വരൻ കേട്ടാ മതി.”

ഇറങ്ങാൻ നേരത്ത് കൈയിൽ മൊബൈൽ കണ്ടാൽ എന്നും തരുന്ന ഒരു ഉപദേശവും

“മോളെ ആതിരേ നീ പ്ലസ് വണ്ണിനു പഠിക്കുന്ന ഒരു പെൺകുട്ടിയാണ്. പ്രായത്തേക്കാൾ കൂടുതൽ പക്വത നിനക്ക് ഉണ്ടെന്നു എനിക്ക് അറിയാം. അമ്മയെന്ന നിലയിൽ എനിക്ക് അതിൽ അഭിമാനവും ഉണ്ട്. എന്നാലും പെൺകുട്ടികളുടെ മനസ്സ് എപ്പോഴാ മാറാന്ന് പറയാൻ പറ്റില്ല. ഓരോന്ന് കേൾക്കുമ്പോ മനസ്സിൽ തീയാണ്. ആരാണാവോ ഈ കുന്ത്രാണ്ടം കണ്ടു പിടിച്ചത്.”

മുഴുവൻ പറയാൻ സമ്മതിക്കുന്നതിനു മുമ്പ് ഒരു കണ്ണടച്ച് അമ്മക്കൊരു ഫ്ലയിംഗ് കിസ് കൊടുത്തു.

” ഞാൻ വരുന്നതുവരെ ഇതിൽ കു ത്തി കൊണ്ടിരിക്കണ്ട. എന്തെങ്കിലും പഠിക്കാൻ നോക്ക്.ഞാൻ വേഗം വരാം ” എന്നു പറഞ്ഞ് അമ്മ കാത്തു നിന്ന ഓട്ടോ യിൽ കേറിപ്പോയി.

കുറെ നാളുകൾക്ക് ശേഷമാണ് ഫേസ് ബുക്ക് ഒന്നു തുറന്നു നോക്കിയത്.പതിവു പോലെ കുറെ റിക്വസ്റ്റുകളും മെസേജുകളും. കുറച്ചു സാഹിത്യത്തിൽ താത്പര്യമുള്ളതു കൊണ്ടാണ് ഇതു ഇങ്ങനെ ഇടക്ക് തുറന്നു നോക്കുന്നത്. ഇടക്കു വരുന്ന ചില റോംഗ് മെസേജുകളൊഴിച്ചാൽ ശരിക്കും എഫ് ബി നല്ലൊരു സമയം പോകാൻ പറ്റിയ സംഗതി തന്നെ ആണ്. സ്ഥിരം നോക്കാറുള്ള ഗ്രൂപ്പിലെ പോസ്റ്ററുകൾ വായിക്കുന്നതിനിടയിലാണ് ഒരു കവിത കണ്ണിൽ പെട്ടത്.നല്ല സുന്ദരമായ ഒരു പ്രണയകവിത.ചുരുങ്ങിയ വാക്കുകളിൽ വളരെ നന്നായി എഴുതിയിരിക്കുന്നു. ആ കവിതക്ക് ഒരു പാട് നല്ല അഭിപ്രായങ്ങളും കിട്ടിയിട്ടുണ്ട്.

ആളുടെ പ്രൊഫൈൽ ഒന്നു എടുത്തു നോക്കി. പേര് അനന്തകൃഷ്ണൻ.വീട് പാലക്കാട്. സ്കൂൾ മാഷാണ്.ജനിച്ചവർഷം 1978. നല്ല ഭംഗിയുള്ള താടി.വാത്സല്യം തുടിക്കുന്ന മുഖം. അമ്പരന്നത് റിലേഷൻഷിപ്പ് സിംഗിൾ എന്നു കണ്ടപ്പോഴാണ്. ആളുടെ പോസ്റ്റുകൾ നോക്കിയപ്പോ എല്ലാം മനോഹരം. ചിന്തിപ്പിക്കുന്നവരികൾ. പ്രണയത്തെ കുറിച്ച് എഴുതിയ വരികൾ കണ്ടാൽ ആർക്കും ഒന്നും പ്രണയിക്കാൻ തോന്നും.ഫ്രണ്ട് ലിസ്റ്റ് നോക്കിയപ്പോൾ ഞെട്ടിപ്പോയ്.ആകെ 12 ഫ്രണ്ട്സ് മാത്രം. ഇത്രയധികം ആരാധകർ ഉള്ള ആൾക്ക് വെറും 1 കൂട്ടുകാരോ? എന്തായാലും ഒരു റിക്വസ്റ്റ് അയച്ചു. കുറച്ചു കഴിഞ്ഞപ്പോൾ റിക്വസ്റ്റ് സ്വീകരിച്ചതായും കണ്ടു.

പിന്നെ കുറച്ചു ദിവസം അയാളുടെ പോസ്റ്റുകളുടെ പുറകേ ആയിരുന്നു. എല്ലാത്തിനും അറിയാവുന്ന രീതിയിൽ അഭിപ്രായങ്ങളും പറഞ്ഞു. പ്രണയത്തെക്കുറിച്ചു മാത്രം അല്ല സകല സ്നേഹ ബന്ധങ്ങളും അയാളുടെ തൂലികയിൽ നിന്നു അടർന്നു വീഴുമ്പോൾ എല്ലാ ബന്ധങ്ങളുടെയും പവിത്രത താൻ കൂടുതൽ തിരിച്ചറിയുകയായിരുന്നു.പരിചയപ്പെടാനുള്ള ആഗ്രഹം മനസ്സിനുള്ളിൽ വീർപ്പുമുട്ടാൻ തുടങ്ങി.തന്നെ പോലെ ഒരു പെൺകുട്ടി അങ്ങോട്ടു മെസേജ് അയച്ചാൽ എന്തെങ്കാലും തെറ്റിദ്ധരിച്ചാലോ.. മറുപടി തന്നില്ലെങ്കിൽ മോശമാവില്ലേ എന്നൊക്കെ ചിന്തിച്ചു വേണ്ടാ എന്നു വെച്ചു. പക്ഷേ ഒരു ദിവസം അമ്മയെക്കുറിച്ചു എഴുതിയ പോസ്റ്റ് കണ്ടപ്പോൾ വല്ലാത്ത സങ്കടം വന്നു. രണ്ടും കൽപിച്ച് ഒരു മെസേജ് അയച്ചു.

“മാഷേ.. സുഖമല്ലേ, പോസ്റ്റുകൾ ഒക്കെ മനോഹരം. ഇനിയും എഴുതുക.ഈശ്വരൻ അനുഗ്രഹിക്കട്ടെ “

അയച്ചുകഴിഞ്ഞ് വല്ലാത്ത വീർപ്പുമുട്ടലായിരുന്നു മനസ്സിൽ. പക്ഷേ പെട്ടെന്നു തന്നെ റിപ്ലേ വന്നു.

“സ്നേഹം…സന്തോഷം…നന്ദി. ശുഭദിനം ആശംസിക്കുന്നു.” ഉള്ളിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. മനസ്സിന് അറിയാതെ തന്നെ ഒരു ആശ്വാസവും…

എല്ലാ കാര്യങ്ങളും അമ്മയോടു തുറന്നു പറയുമെങ്കിലും അനന്തൻ മാഷിന്റെ കാര്യം പറയാൻ തോന്നിയില്ല. അമ്മക്ക് എഴുത്തുകാരെ തീരെ ഇഷ്ടമല്ല.
” അവരു ഭാവന അനുസരിച്ച് ഓരോന്നു എഴുതും. ബാക്കിയുള്ളവർ വേണം ഓരോന്ന് അനുഭവിക്കാൻ ” എന്നാണ് അമ്മയുടെ ഭാഷ്യം.

അമ്മയുടെ പല കാര്യങ്ങളും ചിലപ്പോൾ വിചിത്രമായ് തോന്നാറുണ്ട്. റൊമാൻ റിക് ആയിട്ടുള്ള ഒരു പാട്ടുകേൾക്കുന്നതു പോലും അമ്മക്ക് ഇഷ്ടമല്ല. ഓർമ വെച്ച കാലം തൊട്ടു മനസ്സു തുറന്ന് ചിരിക്കുന്നത് കണ്ടിട്ടില്ല. അച്ഛൻ മരിച്ചതിനു ശേഷമാണ് അമ്മ കുറച്ചെങ്കിലും റിലാക്സ് ആയത് എന്ന് പലപ്പോഴും തോന്നാറുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. ബൈക്ക് ആക്സിഡണ്ട് ആയിരുന്നു. അന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട് ക ള്ളുകുടിച്ച് വണ്ടി ഓടിക്കരുത് എന്ന് എത്ര പറഞ്ഞാലും കേൾക്കില്ല എന്ന്. വലുതായശേഷമാണ് അച്ഛൻ ചെയ്യുന്ന തെറ്റുകളുടെ ആഴം ശരിക്കും മനസ്സിലായി തുടങ്ങിയത്.

പാലക്കാടുള്ള അമ്മയുടെ തറവാടിന് അടുത്തു തന്നെ ആയിരുന്നു അച്ഛന്റെയും തറവാട്. അമ്മ ഇപ്പോളത്തെ പോലെ തന്നെ അന്നും സുന്ദരിയായിരിക്കണം. ശിവരാമൻ ബുള്ളറ്റ് മായ് ഇറങ്ങിയ നാട്ടിലെ പെണ്ണുങ്ങളൊക്കെ ഓടിയൊളിക്കുന്ന ഒരു കാലമുണ്ടായിരുന്നത്രെ. അമ്മയുടെ തറവാടിന്റെ അപ്പോഴത്തെ അവസ്ഥയും അച്ഛന്റെ പണത്തിന്റെയും തറവാട്ടു മഹിമേ ടെം ബലത്തിൽ നടന്നതാണ് ആ കല്യാണം ന്ന് കമലം ചെറിയമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. കല്യാണ ശേഷവും അച്ഛന് മാറ്റം ഒന്നുമുണ്ടായിട്ടില്ല എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. അച്ഛൻ പിന്നീട് തൃശൂരിലേക്ക് മാറുകയായിരുന്നു. അച്ഛൻ ഒരിക്കലും അമ്മയോട് സ്നേഹത്തോടെ ഒന്നു പെരുമാറുന്നത് മാത്രം അല്ല ദേഷ്യപ്പെടുന്നതോ ഉപദ്രവിക്കുന്നതോ ചെയ്യുന്നത് കണ്ടിട്ടില്ല. അമ്മയോട് മാത്രം അല്ല തന്നോടും അങ്ങനെ തന്നെ ആയിരുന്നു.അതു കൊണ്ടു തന്നെ അച്ഛൻ എന്ന വികാരം എന്താണെന്ന് ഇതുവരെ അറിയാനും കഴിഞ്ഞിട്ടില്ല.

ദിവസങ്ങൾ കടന്നു പോവുന്നുണ്ട്. ഇതിനിടയിൽ അനന്തൻ മാഷുമായ് കൂടുതൽ അടുത്തു .ഇടക്ക് മാഷ് ചോദിച്ചു. മോൾടെ വീട്ടിൽ ആരൊക്കെ ഉണ്ട്. വീട് എവിടെ ആണ് എന്നൊക്കെ.ഞാൻ എന്റെ സകല കാര്യങ്ങളും ഒരു ലേഖനമാക്കി മാഷിന് അയച്ചുകൊടുത്തു.കൂടെ എന്റെ നല്ലൊരു ഫോട്ടോയും. ഫോട്ടോ കണ്ടതു കൊണ്ടായിരിക്കണം കുറച്ചു നേരത്തിന് മറുപടി ഒന്നും ഇല്ലായിരുന്നു. അതിനു ശേഷം ആദ്യമായി മാഷ് എനിക്കൊരു സ്മൈലി അയച്ചു.കൂടെ മാഷിന്റെ ഒരു ഫോട്ടോയും എന്നിട്ട് ഒരു മെസേജും. ” അച്ഛൻ മരിച്ചു എന്നല്ലേ പറഞ്ഞേ ഇനി അതോർത്ത് സങ്കടം വരുമ്പോ ഈ ഫോട്ടോ നോക്കികോളുട്ടോ.. എനിക്കും ആരും ഇല്ല ഒരു മാസം മുമ്പുവരെ അമ്മയുണ്ടായിരുന്നു കൂടെ. അമ്മയും പോയി. ഇപ്പോ ഞാനും ഒറ്റക്കാണ്. അമ്മക്ക് വേണ്ടിയാണ് അന്ന് ആ പോസ്റ്റ് ഇട്ടത്. മോളും അമ്മയെ ഒരു പാട് സ്നേഹിക്കണം ട്ടോ .പിന്നെ എത്ര അധികമായാലും ഇനിയും വേണം എന്നു തോന്നുന്ന പകരം വെക്കാനില്ലാത്ത സ്നേഹം തരാൻ ഈ ലോകത്തിൽ അമ്മ മാർക്ക് മാത്രമേ കഴിയൂ”.

ഒന്നും തിരിച്ചു പറയാൻ കഴിഞ്ഞില്ല. അന്നു രാത്രി ഒറ്റക്കിരുന്നു കുറേ കരഞ്ഞു. സങ്കടം ആണോ സന്തോഷം ആണോ എന്ന് കൃത്യമായ് അറിയാൻ കഴിഞ്ഞില്ല. പക്ഷേ എന്തോ ഒരു സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടായിരുന്നു. കുറെ കാലമായ് തേടികൊണ്ടിരുന്ന ഒരു സാധനം തിരികെ കിട്ടിയ പോലെ. പിന്നെയാണറിഞ്ഞത് മാഷും തൃശൂർ തന്നെ ആണ് വർക്ക് ചെയ്യുന്നത്. അതു കേട്ടപ്പോൾ ഏറെ കാലമായ് നേരിട്ട് കാണാനുള്ള മനസ്സിലെ ആഗ്രഹം തുറന്നു പറഞ്ഞു.

“ഇപ്പോ എന്തായാലും ഒഴിവില്ല. കുറച്ചു ദിവസം കഴിഞ്ഞു കാണാം എന്നായിരുന്നു മറുപടി. കുറച്ചു കഴിഞ്ഞു മാഷ് പറഞ്ഞു. നമുക്ക് കണ്ടാലോ എന്ന്. ഒരു പാട് സന്തോഷമായെങ്കിലും എവിടെ എങ്ങനെ കാണും എന്നോർത്ത് വിഷമമായ്. വല്ല പാർക്കിലോ ബീച്ചിലോ വെച്ച് കാണാം എന്നു പറയും ന്ന് വിചാരിച്ചിരുന്ന എന്റെ ഞെട്ടിച്ചു കൊണ്ട് മാഷ് പറഞ്ഞു. അടുത്ത മലയാളമാസം ഒന്നാം തിയതി ഞാൻ വടക്കുംനാഥ ക്ഷേത്രത്തിൽ വരുന്നുണ്ട്. അന്നു ഒഴിവാണെങ്കിൽ വന്നോളു കാണാം എന്ന്. സന്തോഷം കൊണ്ട് ഒന്നു തുള്ളിച്ചാടാൻ തോന്നി. കാരണം അമ്മ പറഞ്ഞിരുന്നു “മലയാളമാസം ഒന്നിനാണ് നിന്റെ ജന്മനക്ഷത്രം. അന്നു അമ്പലത്തിൽ പോണം. എനിക്കു വരാൻ പറ്റും എന്നു തോന്നുന്നില്ല. കൂട്ടുകാരെ ആരെയെങ്കിലും വിളിച്ചോ ” എന്ന്.

ഒന്നാം തിയതി രാവിലെ തന്നെ ഞാൻ റെഡിയായ് അമ്മക്കൊരു ഉമ്മയും കൊടുത്ത് അമ്പലത്തിലെത്തി. മാഷ് വന്ന് ഒരുമിച്ചു തൊഴുകാമെന്ന വിചാരത്തോടെ പടപടാന്ന് മിടിക്കുന്ന ഹൃദയവുമായ് ഞാൻ അമ്പലത്തിനു മുന്നിലെ ഒരു മരച്ചുവട്ടിൽ കാത്തു നിന്നു.

അധികനേരം കാത്തിരിക്കേണ്ടി വന്നില്ല. മാഷ് ഒരു ഓട്ടോ യിൽ വന്നിറങ്ങി.ദൂരെ നിന്നു ഒറ്റനോട്ടത്തിൽ തന്നെ മാഷ് എന്നെ തിരിച്ചറിഞ്ഞു. വന്നിട്ടു അധിക നേരമായോ സോറിട്ടോ കുറച്ചു വൈകി.വാ നമുക്ക് തൊഴുകാം എന്നു പറഞ്ഞു ഒരു പാട് നാളത്തെ പരിചയമുള്ള പോലെ എന്റെ കൈ പിടിച്ചു ഉള്ളിലേക്കു നടന്നു. മാഷിന്റെ കൈയിൽ രണ്ടു കൈയും പിടിച്ച് ചേർന്നു നടക്കാതിരിക്കാൻ എനിക്കു കഴിഞ്ഞില്ല. വടക്കുംനാഥന്റ തിരുനടയിൽ അമ്മയെ പോലും മറന്ന് കണ്ണു നിറഞ്ഞ് പ്രാർത്ഥിച്ചതും മാഷിന്റെ ഈ കരുതലും സ്നേഹവും സാമീപ്യവും എന്നും കൂടെ ഉണ്ടാവണെ എന്നു മാത്രം ആയിരുന്നു. വാഴയിലക്കീറിൽ കിട്ടിയ പ്രസാദം മാഷിന്റെ നെറ്റിയിൽ തൊടീക്കുമ്പോൾ മാഷിന്റെ കണ്ണു നിറഞ്ഞത് എന്തിനാണെന്ന് മനസ്സിലായില്ല. തൊഴുതു പുറത്തിറങ്ങി അടുത്തുള്ള ഒരു മരച്ചുവട്ടിൽ ഞങ്ങളിരുന്നു. എന്തെങ്കിലും പറയണം എന്നു കരുതി ഞാൻ ചോദിച്ചു. ” മാഷ് എന്താ കല്യാണം വേണ്ടാന്ന് വെച്ചേ ..” ഒരു മിനിറ്റ് മൗനമായ് ഇരുന്നു മാഷ് പറയാൻ തുടങ്ങി.

” ഇന്ന് എനിക്കു ഏറ്റവും വലുത് എന്റെ പ്രണയമാണ്. നഷ്ട പ്രണയമാണെങ്കിലും ഇന്നെന്റെ മനസ്സിൽ അതിനു വലിയ സ്ഥാനമാണ്. ഇനി ആരോടും അങ്ങനെ ഒരു ഇഷ്ടം തോന്നില്ല എന്ന തിരിച്ചറിവാണ് ഇപ്പോഴും ഏകനായ് ഇരിക്കുന്നതിന്റെ കാരണം.”

മാഷിന്റെ സ്നേഹം നഷ്ടപ്പെടാൻ മാത്രം നിർഭാഗ്യവതിയായിരിക്കും ലെ അവര് എന്ന എന്റെ ചോദ്യത്തിന് മറുപടി കിട്ടാൻ അല്പസമയമെടുത്തു.

”ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ മോള് ഏത് അർത്ഥത്തിൽ എടുക്കും എന്ന് എനിക്ക് അറിയില്ല. പക്ഷേ പറയാതിരിക്കാൻ കഴിയില്ല. ഇപ്പോ പറഞ്ഞ ആ നിർഭാഗ്യവതിയായ സ്ത്രീയേമോൾക്ക് നന്നായി അറിയാം. ഞാൻ നിന്നെ കാണാൻ വന്നതു തന്നെ നിനക്ക് എന്റെ മായയുടെ മുഖച്ഛായ ഉള്ളതു കൊണ്ടാണ്.” തലയിൽ ഉൽക്ക വീണതു പോലെയാണ് തോന്നിയത്.കാരണം എന്റെ അമ്മയുടെ പേര് മായ എന്നായിരുന്നു.

” അതേ മോളെ അത് നിന്റെ അമ്മ തന്നെ ആയിരുന്നു. പ്രണയമെന്താണെന്ന് അറിഞ്ഞ നാൾ തൊട്ട് പ്രണയിക്കാൻ തുടങ്ങിയവരാണ് ഞങ്ങൾ.ശിവരാമൻ എന്ന മോളുടെ അച്ഛന്റെ കയ്യു ക്കിലും പണത്തിലും തറവാട്ടു കാരണവൻമാരുടെ പിടിവാശിക്കും മുന്നിൽ പിടിച്ചു നിർത്താൻ കഴിയാതെ പോയ ബന്ധം. ഒരു മാസം നാട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്ന സമയത്താണ് ശിവരാമൻ എല്ലാം തീരുമാനിച്ചതും നടപ്പിലാക്കിയതും. ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ…” ഗദ്ഗദം കൊണ്ട് മാഷിന് വാക്കുകൾ പുറത്തു വരുന്നുണ്ടായിരുന്നില്ല.

” നിന്റെ സ്കൂളിൽ എന്റെ ഒരു പരിചയക്കാരനുണ്ട്. നിന്നെക്കുറിച്ചുള്ള എല്ലാ വിവരവും തന്നത് അയാളാണ്. എന്റെ അമ്മ മരിക്കുന്നതിനു മുമ്പ് പറഞ്ഞ അവസാന കാര്യവും ഇതാണ്. ചിലപ്പോൾ നീ അറിഞ്ഞിട്ടുണ്ടാവില്ല. എന്നേക്കാളും നന്നായി കവിത എഴുതുന്നത് നിന്റെ അമ്മയാണ്.എന്നിൽ നിന്നകന്നതോടെ ഒരു വരി പോലും അവൾ എഴുതിയിട്ടുണ്ടാവില്ല എന്ന് എനിക്കറിയാം. എന്നെ ഉപേക്ഷിക്കാൻ മാത്രം എന്തോ ഒരു വലിയ കാര്യം സംഭവിച്ചിട്ടുണ്ട്. അത് എന്താണെന്ന് മാത്രം എനിക്ക് ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല. ഇനി എന്നോട് മിണ്ടാൻ നീ വരില്ലാ എന്നെനിക്കറിയാം.. മായമ്മ ഒരു പാട് അനുഭവിച്ചിട്ടിട്ടുണ്ട്. മോള് ഒരിക്കലും ഇത് പറഞ്ഞ് അവളെ വേദനിപ്പിക്കരുത്. ഇനി ഒരു കണ്ടുമുട്ടൽ ഉണ്ടായെന്നു വരില്ല. മായമ്മയെ ഒന്നു കാണാൻ ഒരുപാട് ആഗ്രഹമുണ്ട്. മോൾക്ക് ഇഷ്ടാവില്ല എന്നറിയാവുന്നതു കൊണ്ട് അതിനു മുതിരുന്നില്ല. ഈശ്വരൻ അനുഗ്രഹിക്കട്ടെ ” എന്നു പറഞ്ഞു തിരിഞ്ഞ മാഷ് കണ്ണു നിറഞ്ഞൊഴുകുമ്പോഴും ചിരിക്കുന്ന എന്നെ കണ്ട് ഞെട്ടി.

” പതിനേഴാം പിറന്നാളിൽ അച്ഛനെ കിട്ടുന്ന ലോകത്തിലെ ആദ്യത്തെ പെൺകുട്ടി അത് ഞാനായിരിക്കും. എനിക്ക് എന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ പിറന്നാൾ സമ്മാനമാണ് എന്റെ മാഷച്ഛൻ. ഒരിക്കലും ഞാൻ മാഷച്ഛനെ വിട്ടു പോവില്ലാ.” എന്നു പറഞ്ഞു ഓടുന്നതിനിടയിൽ തിരിഞ്ഞു നോക്കിയപ്പോൾ ആശ്ചര്യഭരിതനായ് എന്നെ നോക്കി നിൽക്കുന്ന മാഷിനെ ഞാൻ കാണുന്നുണ്ടായിരുന്നു. ലോകം കീഴടക്കിയ സന്തോഷമായിരുന്നു മനസ്സു മുഴുവൻ.

വീട്ടിൽ ചെന്നപ്പോൾ അമ്മ അടുക്കളയിലാണ്. സദ്യ ഉണ്ടാക്കുന്ന തിരക്കിലാണ്. അമ്മേ ഞാൻഡ്രസ് മാറിയിട്ടു വരാം എന്ന് പറഞ്ഞ് നേരെ അമ്മയുടെ മുറിയിലേക്ക് നടന്നു. അവിടെ എനിക്കാവശ്യമുള്ളത് ഉണ്ടാവും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. അവസാനം കിട്ടി. 18 വർഷം മുമ്പുള്ള ഒരു ഡയറി. ആദ്യ പേജിൽ തന്നെ എഴുതിയിരുന്നു.”എന്റെ മാത്രം അനന്തൂന് ” എന്ന്. കൂടെ മാഷും അമ്മയും ചേർന്നു നിൽക്കുന്ന ഒരു ബ്ലാക്ക് & വൈറ്റ് ഫോട്ടോയും. അതിലെഴുതിയിരിക്കുന്ന പ്രണയ ശകലങ്ങളിൽ നിന്ന് ഞാൻ അമ്മയുടെ മനസ്സ് അറിയുകയായിരുന്നു. മാഷിനെ എത്രത്തോളം അമ്മ സ്നേഹിക്കുന്നുണ്ടെന്നും മനസ്സിലായി.

ഡയറി പുറകിൽ മറച്ചു പിടിച്ചു ഞാൻ അമ്മയുടെ അടുത്തെത്തി. എന്റെ മൊബൈലിലുള്ള മാഷിന്റെ ഫോട്ടോ കാണിച്ചു ചോദിച്ചു. “അമ്മേസത്യം പറയണം ഇതാരാണെന്ന് അറിയോ..?”ഒന്നേ നോക്കിയുള്ളു അമ്മയുടെ കൈയിലിരുന്ന പാത്രം വലിയ ശബ്ദത്തോടെ താഴേക്കു വീണു.കൈയിലുള്ള ഡയറികൂടി കണ്ടപ്പോൾ അമ്മ ശരിക്കും തളർന്നു പോയി. ഒന്നും മിണ്ടാതെ അമ്മയെ ചേർത്തു പിടിച്ചു കുറെ നേരം നിന്നു. കണ്ണുനീർ എന്റെ തോളിലൂടെ അരിച്ചിറങ്ങുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. ഇതു വരെ സംഭവിച്ച എല്ലാ കാര്യങ്ങളും ഞാൻ അമ്മയോട് തുറന്നു പറഞ്ഞു.

“മോളോട് ഞാൻ ഇനി ഒന്നും മറച്ചുവെക്കുന്നില്ല.അനന്തു പറഞ്ഞതു മുഴുവൻ സത്യമാണ്. മോളുടെ അച്ഛൻ അനന്തൂനെ കൊ ന്നുകളയും എന്നു പറഞ്ഞതു കൊണ്ട് മാത്രമാണ് ഞാൻ കല്യാണത്തിന് സമ്മതിച്ചത്. ഇപ്പോഴും അനന്തൂന്റെ കൂടെ ജീവിക്കാൻ ആഗ്രഹം ഉണ്ട്.പക്ഷേ ഇപ്പോ എനിക്കു വല്യത് നീയാണ്. നിന്റെ ഭാവി അതിൽ കൂടുതൽ എനിക്ക് ഒന്നുമില്ല”. അതു കേട്ടപ്പോൾ ശരിക്കും സങ്കടം വന്നു.പിന്നെ പറയാതിരിക്കാൻ കഴിഞ്ഞില്ല.

“എന്റെ നല്ല ഭാവി ആണ് അമ്മ ആഗ്രഹിക്കുന്നതെങ്കിൽ അമ്മ ഞാൻ പറയുന്നത് സമ്മതിക്കണം.കുറ്റം പറയാൻ ഒരുപാട് ബന്ധുക്കൾ ഉണ്ടാവും. ഒരു കുഴപ്പം വന്നാൽ കൂടെ നിൽക്കാൻ ഒരാളും ഉണ്ടാവില്ല. ഇപ്പോഴും ഞാനും അമ്മയും കൂടി നടന്നു പോവുമ്പോൾ അശ്ലീലം കലർന്ന വാക്കുകളും നോട്ടങ്ങളും കൂടുതലും നീളുന്നത് അമ്മയുടെ നേർക്കാണ്.ഇന്നത്തെക്കാലത്ത് നമ്മളെ പോലെ രണ്ട് പെണ്ണുങ്ങൾക്ക് ഒറ്റക്ക് ജീവിക്കാൻ പാടാണ് അമ്മേ.. ഇതെല്ലാം പോട്ടെ അമ്മ പറയാറില്ലേ മനസ്സിന്റെ സന്തോഷമാണ് ഈ ലോകത്തിൽ ഏറ്റവും വലുതെന്ന്. ഇഷ്ടമല്ലാത്തവരുടെ കൂടെ ജീവിതകാലം മുഴുവൻ ജീവിക്കുന്നതിനെക്കാൾ ഭേദമല്ലേ ഇഷ്ടമുള്ളവരുടെ കൂടെ ഒരുദിവസം ജീവിക്കുന്നത്. എന്നോട് സ്നേഹമുണ്ടങ്കിൽ ഇനി നമുക്ക് മാഷിനോടൊപ്പം ജീവിക്കാൻ അമ്മ സമ്മതിക്കണം”. എന്നു പറഞ്ഞു അമ്മയുടെ കാലിൽ വീണ് പൊട്ടിക്കരയുന്ന എനിക്കുറപ്പുണ്ടായിരുന്നു എന്റെ കണ്ണീരു കണ്ടു നിൽക്കാൻ അമ്മക്കു കഴിയില്ലാന്ന്. അമ്മ എന്നെ പിടിച്ചെഴുന്നേൽപിച്ചു മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി. ഉള്ളിലുള്ള വികാരങ്ങൾ മുഴുവൻ കണ്ണീരിന്റെ രൂപത്തിൽ പുറത്തേക്കൊഴുകി.

പിന്നെ താമസിച്ചില്ല. എന്റെ സ്കൂളിലുള്ള മാഷിന്റെ പരിചയക്കാരനെ വിളിച്ചു അഡ്രസ് വാങ്ങി. എന്റെ പിറന്നാൾ ആഘോഷം അവിടെ ആകാലെ അമ്മേ എന്നു പറഞ്ഞപ്പോൾ അമ്മയുടെ മുഖം നാണം കൊണ്ട് ചുവക്കുന്നത് എന്റെ ജീവിതത്തിൽ ആദ്യമായ് കണ്ടു. മാഷിനെ കാണാൻ അമ്മയുടെ ശരീരത്തിലെ ഓരോ അണുവും തുടിക്കുന്നുണ്ടെന്ന് എനിക്കു മനസ്സിലായ്. മാഷിന്റെ വീടിനു മുന്നിൽ ഓട്ടോ നിറുത്തി ഇറങ്ങുമ്പോൾ അമ്മ ചെറുതായ് വിറക്കുന്നുണ്ടായിരുന്നു. കോളിംഗ് ബെൽ അമർത്തി കാത്തിരുന്ന ഞങ്ങളുടെ മുന്നിൽ വാതിൽ തുറക്കപ്പെട്ടു. ഞങ്ങളെ അമ്പരിപ്പിച്ചു കൊണ്ട് കൈയിൽ കത്തിച്ചു വെച്ച നിലവിളക്കുമായ് മുമ്പിൽ എന്റെ മാഷച്ഛൻ. “എനിക്കറിയാമായിരുന്നു മോളെ നീ ഇന്നു മായമ്മയേം കൂട്ടി ഇവിടെ വരുംന്ന്. പ്രതീക്ഷിച്ചതിലും കുറച്ചു മുമ്പേ വന്നുന്നു മാത്രം.” എന്നു പറഞ്ഞു നിലവിളക്ക് അമ്മയുടെ കൈയിൽ കൊടുത്തു നിറകണ്ണുമായ് ഞങ്ങളെ ചേർത്തു പിടിച്ച് അകത്തേക്ക് നടന്നു.

മാഷച്ഛന്റെ അമ്മയുടെ ഫോട്ടോക്കു മുന്നിൽ നിലവിളക്ക് വെച്ചു പ്രാർത്ഥിക്കുമ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു.

” ഇത് എന്റെ പിറന്നാൾ ദിനത്തിൽ എന്റെ അമ്മക്ക് കൊടുക്കുന്ന ഉപഹാരം. അമ്മയുടെയും മാഷിന്റെയും അനശ്വരപ്രണയത്തിന് ഈ പൊന്നുമോൾ കൊടുക്കുന്ന ”പ്രണയോപഹാരം.”