കൈവിഷം – രചന: Ajan Anil Nair
വിവാഹം കഴിഞ്ഞു ഒരു മാസം തികഞ്ഞില്ല. അതിനു മുന്‍പേ തുടങ്ങി മുറിയില്‍ ലൈറ്റ് അണച്ചാല്‍ തുടങ്ങുന്ന പതിഞ്ഞ ശബ്ദം.
പ്രശാന്തേട്ടാ…ഒന്ന് നോക്കു…ഒന്ന് നോക്കൂ…
“എന്റെ ദീപേ…ഞാന്‍ നോക്കിക്കൊണ്ട് ഇരിക്കുകയല്ലേ…”
“അതല്ല….ഞാന്‍ ഇന്നലെ പറഞ്ഞ കാര്യം…ഏട്ടന്‍ ഒന്നും പറഞ്ഞില്ലല്ലോ…”
“അത് അപ്പോഴേ നടക്കില്ലാ എന്ന് ഞാന്‍ പറഞ്ഞതല്ലേ.”
“എനിക്ക് ഇവിടെ ഒരു സ്വാതന്ത്ര്യവുമില്ല….അത് ചെയ്‌താല്‍ കുഴപ്പം…ഇത് ചെയ്‌താല്‍ കുഴപ്പം…എനിക്ക് ആകെ വീര്‍പ്പുമുട്ടുന്നു…മറ്റൊരിടത്ത് ആയിരുന്നെങ്കില്‍ എനിക്ക് എല്ലാം മറന്നു ഏട്ടന്റെ മാത്രം ആയി മാറാമായിരുന്നു.”
“നീ എന്തൊക്കെ പറഞ്ഞാലും അത് ഉടനെ ഒന്നും നടപ്പിലാകുന്ന കാര്യമല്ല. അച്ഛനേം അമ്മയേം തനിച്ചാക്കി വേറെ വീട്ടിലേക്ക് മാറിയാല്‍ നാട്ടുകാര്‍ എന്ത് പറയും…?”
“എനിക്ക് എല്ലാം മനസിലായി…ഇത്രേ ഉള്ളു അല്ലെ എന്നോടുള്ള സ്നേഹം…പോ…എന്നെ തൊടണ്ട…”തലയിണകള്‍ കൊണ്ട് വലിയൊരു വേലി കെട്ടി ദീപ തിരിഞ്ഞു കിടന്നു…പ്രശാന്തിന്റെ വിളിക്ക് കാതോര്‍ത്ത്…
“അതെ…നോക്കു ..ഞാന്‍ അത് ഒന്ന് ആലോചിക്കട്ടെ…”അവന്റെ കൈകള്‍ അവളുടെ തലമുടിയിഴകളെ തഴുകി…
പിറ്റേന്ന് അതിരാവിലെ അവളെ വിളിച്ച് ഉണര്‍ത്തി വേഗം റെഡി ആവാന്‍ പറഞ്ഞപ്പോ അവള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല…തലേന്നത്തെ കൈവിഷം ഫലിക്കാന്‍ തുടങ്ങി എന്ന് അവള്‍ മനസ്സിലോര്‍ത്തു. പെട്ടിയും സാമാനങ്ങളും കാറിന്റെ ഡിക്കിയില്‍ കയറ്റി വീട്ടില്‍ ആരോടും യാത്ര പറയാതെ ആ കാര്‍ നഗര പ്രാന്തങ്ങളിലൂടെ സഞ്ചരിച്ച് അവള്‍ക്ക് സുപരിചിതമായ നാട്ടുവഴികളിലെക്ക് കടന്നു.
“നമ്മളിതെങ്ങോട്ടാ…പ്രശാന്ത് ഏട്ടാ…? “ഏട്ടന്‍ ഇത്ര പെട്ടെന്ന് സമ്മതിക്കും എന്ന് ഞാന്‍ ഓര്‍ത്തില്ല…എന്നോട് ഇത്ര സ്നേഹം ഉണ്ടായിരുന്നോ.”
വലിയൊരു വീടിനുമുന്നില്‍ കാര്‍ നിന്നു. “സാധങ്ങള്‍ ഒക്കെ എടുത്ത് കേറി വാ പെണ്ണേ…”അവളുടെ മുഖം കാര്‍മേഖം പോല്‍ ഉരുണ്ടു കൂടി…
“നിനക്ക് വയ്യെങ്കില്‍ വേണ്ട…ഞാന്‍ എടുത്ത് തരാം. എല്ലാം എടുത്ത് ഉമ്മറത്ത് വെച്ച് ഉമ്മറത്തിരുന്ന സ്വന്തം അമ്മായി അപ്പനോട് യാത്ര പറഞ്ഞു തിരിച്ച് ഇറങ്ങവേ…പ്രശാന്ത് ദീപയോദ് പറഞ്ഞു.
“എന്റെ അമ്മയെയും അച്ഛനെയും നിന്റെ സ്വന്തം അമ്മയായും അച്ഛനായും കാണാന്‍ നിനക്ക് സാധിക്കുന്ന ഒരുദിവസം നീ വിളിച്ചാല്‍ മതി…ഞാന്‍ വന്നു കൂട്ടിക്കൊള്ളാം…”പൊടി പറത്തിക്കൊണ്ട് പാടങ്ങള്‍ കടന്നു കാര്‍ മറഞ്ഞു.