പലപ്പോഴും താൻ ഒറ്റപ്പെട്ടു പോകുന്നത് അറിഞ്ഞിരുന്നില്ല. എല്ലാവർക്കും ഇണയും തുണയുമൊക്കെ ആയപ്പോൾ ഒടുവിൽ താൻ മാത്രം ഒറ്റയായത്…..

ഇനി തനിച്ചല്ല

എഴുത്ത്:- ശ്രീജിത്ത് പന്തല്ലൂർ

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

മൂകാംബികയെ തൊഴുതു മടങ്ങുമ്പോൾ മനസ്സിന് വലിയ ആശ്വാസമായിരുന്നു. അങ്ങനെ അതും സാധിച്ചു. ഇനി തീർക്കാൻ ആഗ്രഹങ്ങളും മോഹങ്ങളു മൊന്നുമില്ല… അല്ലെങ്കിലും അമ്പതാം വയസ്സിലേക്കു കാലൂന്നിക്കഴിഞ്ഞ തനിക്കിനി എന്തു മോഹങ്ങൾ… ഇതു വരെയുള്ള പോലെ തന്നെ ആർക്കും ഭാരമാകാതെ ആർക്കെങ്കിലും സഹായമായി ശിഷ്ടകാലം കഴിക്കണം. അത്ര തന്നെ…

നവരാത്രി ആഘോഷങ്ങൾ നടക്കുന്നതിനാൽ നല്ല തിരക്കുണ്ട്… തിരക്കിനിയും ഏറാനാണ് സാദ്ധ്യത… അതിനു മുൻപേ ഇവിടം വിടണം. ഇപ്പോൾ പോയാൽ അധികം വൈകുന്നതിനു മുൻപേ നാട്ടിലെത്താം… അല്ലേലും വൈകിയാലെന്ത്… കാത്തിരിക്കാൻ ആരെങ്കിലുമൊക്കെ ഉള്ളവരല്ലേ നേരത്തേം കാലത്തേം പറ്റി വേവലാതിപ്പെടേണ്ടതുള്ളൂ…

ലോഡ്ജ് മുറിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് എതിരെ വരുന്ന തീർത്ഥാടകർക്കിടയിൽ മിന്നായം പോലെ ആ മുഖം കണ്ടത്… ഇതവളല്ലേ മാളവിക… തന്റെ മാളൂട്ടി… കൂടെ മക്കളും മരുമക്കളും പേരക്കുട്ടികളു മൊക്കെയുണ്ട്… തന്നെ കണ്ടില്ലെന്നു തോന്നുന്നു. കണ്ടിരുന്നെങ്കിൽ ശ്രീയേട്ടാ എന്ന വിളിയോടെ അടുത്തേക്ക് ഓടി വന്നേനെ… ആ പഴയ പട്ടു പാവാടക്കാരിയെപ്പോലെ…

മുറി ഉടനെ വെക്കേറ്റു ചെയ്യാൻ തോന്നിയില്ല. നേരെ കട്ടിലിലേക്കു മലർന്നു… ശരിയാണോ… തന്റെ ജീവിതം സഫലമാണോ… ചെയ്തു തീർക്കാത്തതായി ഇനിയും പലതുമില്ലേ… കുടുംബത്തിനായി ബലി കഴിക്കേണ്ടി വന്ന തന്റെ മോഹങ്ങളിൽ ഒന്നായിരുന്നില്ലേ മാളൂട്ടിയോടുള്ള ഇഷ്ടവും… ഈ ജീവിത സായാഹ്ന വേളയിൽ കാത്തിരിക്കാൻ നാളെകളില്ലാത്ത തനിക്ക് ഓർക്കാനായി ഇന്നലെകൾ മാത്രമല്ലേയുള്ളൂ… സുഖമുള്ള ആ നൊമ്പരച്ചുഴിയിൽ വെറുതെ യൊന്ന് മുങ്ങി നിവരാം…

മാളവിക എന്ന തന്റെ മാളൂട്ടി… തന്റെ ബന്ധുവും അയൽക്കാരിയും കളിക്കൂട്ടുകാരിയു മായിരുന്നവൾ… കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ ശ്രീയേട്ടന്റെ കൂടെ കൂട്ടിയില്ലെങ്കിൽ നിന്നു ചിണുങ്ങുന്നവൾ… എപ്പോഴും തന്റെ നിഴലായി നടന്നവൾ… താനൊന്നു ദേഷ്യപ്പെട്ടാൽ വിതുമ്പിക്കരയുന്നവൾ… തന്റെ പുഞ്ചിരിയാൽ പിണക്കം മാറുന്നവൾ… അവളെ കരയിക്കാനും ആശ്വസിപ്പിക്കാനും തനിക്ക് വലിയ ഇഷ്ടമായിരുന്നു…

കൂട്ടുകാർ ചെക്കനും പെണ്ണുമെന്നു വിളിച്ചു കളിയാക്കുമ്പോൾ നാണത്തോടെ നിൽക്കുന്ന അവളെ നോക്കി താൻ പറയുമായിരുന്നു,

”എനിക്കൊന്നും വേണ്ട ഈ കട്ടപ്പല്ലിയെ…”

പിണങ്ങിക്കരയുന്ന അവളുടെ കൈവെള്ളയിൽ തേൻ നിലാവു മിഠായി വച്ചു കൊടുത്ത് ഒരു കള്ളച്ചിരി താൻ ചിരിക്കാറുള്ളത് അവളുടെ കവിളിൽ നുണക്കുഴി വിരിയുന്നതു കാണാനായിരുന്നു… സാരമില്ലെന്ന് രണ്ടു കണ്ണും ഇറുക്കിയടച്ച് പറയുമ്പോൾ തേൻ നിലാവിൽ കുതിർന്ന മധുരമുള്ളൊരു പുഞ്ചിരി ആ ചൊടിയിണകളിൽ വിരിയുന്നതു കണ്ട് നിർവൃതിയടയാറുണ്ട്… മനസ്സിനു ള്ളിലൊരു കൂടൊരുക്കി അതിനുള്ളിൽ ആരുമറിയാതെ പണ്ടേ അവളെ പ്രതിഷ്ഠിച്ചതാണ്… വീട്ടിലെ ഒരംഗത്തെപ്പോലെയായിരുന്നു അവൾ. വീട്ടിൽ എന്തു പലഹാര മുണ്ടാക്കിയാലും അതിൽ ഒരു പങ്ക് മാളൂട്ടിക്കുള്ളതായിരിക്കും… സന്ധ്യക്ക് വിളക്കു വച്ചാൽ തന്റെ പെങ്ങൻമാർക്കൊപ്പം സന്ധ്യാനാമം ചൊല്ലിയിട്ടേ സ്വന്തം വീട്ടിൽ വിളക്കു തെളിയിക്കാൻ അവൾ പോകാറുള്ളൂ… ആറു മാസത്തെ വ്യത്യാസമേ ഉള്ളുവെങ്കിലും ശ്രീയേട്ടനെന്നേ തന്നെ അവൾ വിളിച്ചിട്ടുള്ളൂ…

ആദ്യമായി ദാവണിയുടുത്തത് കാണിക്കാനായി വീട്ടിൽ വന്നപ്പോൾ അമ്മ പറഞ്ഞു.

” ആഹാ… മാളൂട്ടിയിപ്പോൾ വല്യ പെണ്ണായല്ലോ… ഇനീപ്പോ വേഗം കല്യാണക്കാര്യം നോക്കാം… ”.

നാണത്താൽ തുടുത്ത കവിളുകളോടെ തന്റെ നേർക്കു നീണ്ടു വന്ന നോട്ടം ശ്രദ്ധിക്കാത്തതു പോലെ അന്നും താൻ കളിയാക്കി.

” അതിനീ കട്ടപ്പല്ലിയെ ആരു കെട്ടാനാ…?”.

പരിഭവത്താൽ ചുണ്ടുകൾ ചുളുക്കി അവൾ പറഞ്ഞു.

” നോക്കമ്മേ… ഈ ശ്രീയേട്ടൻ…”

അവളെ ചേർത്തു പിടിച്ച് അമ്മ ആശ്വസിപ്പിച്ചു. ” അവനെന്തറിയാം… എന്റെ മാളൂട്ടി സുന്ദരിയല്ലേ…”.

ലോകം കീഴടക്കിയ ഭാവത്തിൽ തന്റെ നേർക്കവൾ നോക്കുമ്പോൾ സാരമില്ലെന്ന അർത്ഥത്തിൽ താൻ ഇരു കണ്ണും ഇറുകെയടച്ചു കാണിക്കും. അതു കണ്ട് സന്തോഷത്താൽ ആ മിഴികൾ വിടരുമായിരുന്നു…

അച്ഛന്റെ മരണശേഷം കുടുംബഭാരം തലയിലേറ്റി പ്രവാസം സ്വീകരിക്കുമ്പോൾ യാത്രയാക്കാനെത്തിയ വർക്കിടയിൽ നിന്ന് അവൾ പൊട്ടിക്കരഞ്ഞതിന്റെ ഉള്ളടക്ക മെന്തെന്ന് അറിയാ മായിരുന്നിട്ടും താൻ അറിയാത്ത ഭാവം നടിച്ചതെന്തിനായിരുന്നുവെന്ന് ഇന്നും വല്യ നിശ്ചയമില്ല… അവളാദ്യം ഇഷ്ടം തുറന്നു പറയട്ടെ എന്ന തന്റെ വാശിയായിരിക്കാം…

പ്രവാസത്തിന്റെ ദൈർഘ്യത്തിനൊപ്പം തന്റെയും അവളുടേയും പ്രായവും കൂടുകയാണെന്നു മനസ്സിലാക്കാൻ വൈകിപ്പോയിരുന്നു… ഒരിക്കൽ ലീവിന് നാട്ടിൽ വന്നപ്പോൾ അവൾക്കായി നീട്ടിയ പെർഫ്യൂം കൈ നീട്ടി വാങ്ങി നിർവ്വികാരതോടെയെന്ന വണ്ണം അവൾ പറഞ്ഞു.

” എനിക്കായ് ഇനിയിതൊന്നും കൊണ്ടു വരേണ്ടി വരില്ല ശ്രീയേട്ടാ…”.

എന്തേയെന്ന അർത്ഥത്തിൽ നോക്കിയ തന്റെ മുഖത്തേക്ക് നോക്കാതെ അവൾ പറഞ്ഞു.

” ഒരു ഗൾഫുകാരന്റെ ആലോചന വന്നിട്ടുണ്ട്. മിക്കവാറും അതു തന്നെ നടത്തുമെന്നാണ് വീട്ടിൽ പറയുന്ന കേട്ടത്…”.

അവളുടെ മിഴികളിൽ നിന്നും അടർന്നു വീഴാൻ തുനിഞ്ഞ നീർത്തുള്ളികളെ തുടച്ചു മാറ്റാൻ തരിച്ച കൈകളെ ബലം പിടിച്ച് അടക്കി നിർത്തി മുഖത്ത് പുഞ്ചിരി വരുത്താൻ ശ്രമിച്ച് അന്ന് താൻ പറഞ്ഞു.

” ആണോ… കോളടിച്ചല്ലോ മാളൂട്ടീ…”.

പെർഫ്യൂം കുപ്പി തന്റെ കൈയിൽ തിരിച്ചേൽപ്പിച്ച് മുഖം വെട്ടിത്തിരിച്ച് നടന്നകന്ന മാളൂട്ടി തന്റെയൊരു പിൻവിളിക്കായ് കൊതിച്ചിരുന്നിരിക്കാം… അന്ന് പക്ഷേ മൗനം പാലിച്ചത് വാശി കൊണ്ടൊന്നുമല്ലായിരുന്നു. കെട്ടുപ്രായം തികഞ്ഞ മൂന്നു പെങ്ങൻമാരുടെ മുഖമായിരുന്നു അപ്പോൾ മനസ്സിൽ…

മാളൂട്ടിയുടെ വിവാഹസമയത്തും താൻ ഗൾഫിലായിരുന്നു… പത്തു നില കെട്ടിടത്തിന്റെ ചുവരിനു പുറത്ത് തൂങ്ങി നിന്ന് പെയിൻറടിക്കുമ്പോൾ തന്റെ സ്വപ്നങ്ങളുടെ നിറമെല്ലാം മങ്ങി ഇല്ലാതാകുന്നത് അറിയാൻ കഴിയുന്നുണ്ടായിരുന്നു…

പിന്നീട് ഓർത്തപ്പോൾ എല്ലാം നല്ലതിനായിരുന്നെന്ന് മനസ്സിലായി. നല്ലൊരു ജീവിതമായിരുന്നു മാളൂട്ടിക്ക് കിട്ടിയത്. സ്നേഹം കൊണ്ടും പണം കൊണ്ടും സമ്പന്നനായ ഭർത്താവ്. ഭാവി സുരക്ഷിത മാക്കാനായി രണ്ട് ആൺമക്കൾ. അല്ലലില്ലാത്ത ജീവിതം… ദൂരെ നിന്ന് എല്ലാം കണ്ടും അറിഞ്ഞും സമാധാന പ്പെടുകയായിരുന്നു താൻ… മാളൂട്ടിയെ കുറിച്ചുള്ള ഓർമ്മകൾ തന്റെ മനസ്സിനകത്ത് എവിടെയോ കുഴിച്ചുമൂടാൻ തീരുമാനിക്കുമ്പോൾ സ്വയം സമാധാനിച്ചു. മാളൂട്ടി ഇന്നവൾ മറ്റൊരാളുടെ ഭാര്യയാണ്… അയാളുടെ മക്കളുടെ അമ്മയാണ്… തനിക്കിനി അവൾ വെറും പരിചയക്കാരി മാത്രം…

ഭർത്താവ് മരണപ്പെട്ടതും മക്കൾക്കൊപ്പം കാനഡയിലേക്കു താമസം മാറ്റിയതും താൻ അറിഞ്ഞത് പിന്നീടെപ്പോഴോ ആയിരുന്നു. മൂന്നു പെങ്ങൻമാരുടെ വിവാഹവും പ്രസവവും പിന്നെ അനന്തരവരുടെ വിദ്യാഭ്യാസവും വിവാഹവും ഒക്കെയായി തിരക്കായിരുന്നു… പ്രസവിച്ചു കിടക്കുന്ന മൂത്ത അനന്തരവളെ കാണാൻ ഒരിക്കൽ ആശുപത്രിയിൽ പോയപ്പോൾ കുഞ്ഞിനെ വാത്സല്യ ത്തോടെ നോക്കവേ അനന്തരവൾ കുഞ്ഞിനോടായി പറയുന്നതു കേട്ടു.

” മുത്തേ… കണ്ണു തുറന്നു നോക്ക്യേ… ദേ അപ്പൂപ്പൻ വന്നേക്കണു…”.

അപ്പൂപ്പൻ…!!! തന്റെ പ്രായത്തെക്കുറിച്ച് അപ്പോഴാണ് ഓർമ്മ വന്നത്. പെങ്ങന്മാരുടേയും അനന്തരവരുടേയും ജീവിതാഭിലാഷങ്ങൾ നിറവേറ്റുന്നതിനിടയിൽ സ്വന്തം ജീവിതം മറന്നു പോയ താൻ ഇതാ അപ്പൂപ്പനായിരിക്കുന്നു… ഒരു കല്യാണം പോലും കഴിക്കാതെ… ആരും ഓർമിപ്പിച്ചില്ല… സ്വയം ഓർത്തതുമില്ല…

ആൾക്കൂട്ടത്തിനിടയിൽ പലപ്പോഴും താൻ ഒറ്റപ്പെട്ടു പോകുന്നത് അറിഞ്ഞിരുന്നില്ല. എല്ലാവർക്കും ഇണയും തുണയുമൊക്കെ ആയപ്പോൾ ഒടുവിൽ താൻ മാത്രം ഒറ്റയായത് അറിയാൻ ഏറെ വൈകിപ്പോയി. തന്റെ ആശ്രിതരായിരുന്നവരുടെ ആശ്രിതനാകേണ്ടി വന്നപ്പോൾ തോന്നിയ ഒരു വിഷമം… ഈഗോയെന്നും പറയാം… തറവാട്ടിൽ തനിച്ചുള്ള താമസത്തിന് പ്രേരണയായത് അതാണ്… ഏറെ നാളായുള്ള ഒരാഗ്രഹമായിരുന്നു മൂകാംബികയെ കണ്ടു തൊഴണമെന്നുള്ളത്… അങ്ങനെ ഇന്ന് അതും സാധിച്ചു… ഒരു നിമിത്തമെന്നോണം മാളൂട്ടിയെയും കാണാനായി… പിന്നിട്ട വഴികളിലൂടെ ഒന്ന് കണ്ണോടിച്ചപ്പോൾ മനസ്സിന്റെ ഭാരം കൂടിയോ അതോ കുറഞ്ഞോ… ഒന്നും നിശ്ചയമില്ല… എന്തായാലും ഇതൊക്കെയാണ് ജീവിതം… നമ്മൾ ഒന്നാഗ്രഹിക്കും മറ്റൊന്ന് നടക്കും… ആരോടും ഒന്നിനോടും പരാതിയില്ല…

എന്തായാലും ഇത്ര വൈകിയില്ലേ… ഇന്നിനി യാത്ര വേണ്ട. നാളെ പുലർച്ചെ ഒന്നൂടെ ദേവിയെ തൊഴുത് യാത്ര തിരിക്കാം…

പിറ്റേന്ന് പുലർച്ചെ ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടയിലാണ് പടിക്കെട്ടുകളിലിരുന്ന് വിശ്രമിക്കുന്നവർക്കിടയിൽ അവളെ വീണ്ടും കണ്ടത്. മുന്നോട്ടു നടക്കാനൊരുങ്ങിയ പാദങ്ങളെ വലിച്ചെടുത്ത് അവൾക്കരികിലേക്ക് നയിച്ചു.

” മാളൂട്ടീ…”.

അവൾ മുഖമുയർത്തി നോക്കി.

” ഓ… ശ്രീയേട്ടനോ…?”.

അപ്രതീക്ഷിതമായി കണ്ടതിന്റെ ഞെട്ടലോ അദ്ഭുതമോ ഒന്നും അവളുടെ ശബ്ദത്തിലോ ഭാവത്തിലോ ഇല്ലായിരുന്നു… ഒരു കുശലം ചോദിക്കുന്ന മട്ടിൽ ഞാൻ ചോദിച്ചു.

” എന്തേ… ഇവിടിരിക്കുന്നേ…? മക്കളൊക്കെ എവിടെ…?”.

” അവരൊക്കെ എപ്പോഴോ പോയി…”. അതേ നിർവ്വികാരതയോടെയുള്ള മറുപടി…

” പോയെന്നോ…? എന്തൊക്കെയാ മാളൂട്ടി ഈ പറയണേ…?”. മാളൂട്ടിക്കരികിൽ ഇരുന്നു കൊണ്ട് ഞാൻ ചോദിച്ചു.

” പോയീന്ന് പറഞ്ഞാ പോയി. അത്രെന്നെ…”. മാളൂട്ടി പറഞ്ഞു.

” ഇയ്ക്കൊന്നും മനസ്സിലാവണില്ല. നീയൊന്ന് തെളിച്ച് പറയെന്റെ മാളൂട്ട്യേ…”.

” ഇങ്ങോട്ടു പൊറപ്പെടുമ്പോൾത്തന്നെ എനിക്കറിയായിരുന്നു. എന്നെ എവിടെങ്കിലും കൊണ്ട് കളയാനാന്ന്. എന്തായാലും മൂകാംബികേടെ തിരുനടേലായത് സുകൃതം…”. മാളൂട്ടി പറഞ്ഞു.

അന്തം വിട്ടിരിക്കുന്ന എന്നെ നോക്കി അവൾ വിശദീകരിച്ചു.

” എന്റെ മക്കൾക്കിപ്പോ അമ്മ ഒരു ഭാരായീത്രേ… ഇത്ര നാളും കുഞ്ഞുങ്ങളെ നോക്കാനായി ചേട്ടനും അനിയനും അമ്മയ്ക്കു വേണ്ടി പിടിവലിയായിരുന്നു. ഇപ്പോ രണ്ടു പേരും കൂടി ഒന്നിച്ചെടുത്ത തീരുമാനമാണിതെന്ന് അറിയുമ്പോ ഒരാശ്വാസണ്ട്… ഇതിനെങ്കിലും അവർ ഒന്നിച്ചല്ലോ…”.

” എന്താ ഇപ്പോ ഇണ്ടായേ…?”.

” ഒന്നൂല്ല്യ… കൊറച്ച് നാളായി എനിക്ക് ചെറിയ ചുമ തൊടങ്ങീട്ട്… മരുന്ന്ക ഴിച്ചിട്ടും അങ്ങട് കൊറയണിണ്ടായില്ല. ഇന്നാളാ അറിഞ്ഞേ, ഇയ്ക്ക് ക്ഷയാത്രേ… കുഞ്ഞുങ്ങൾക്ക് പകരുംന്ന് പേടിച്ചിട്ടാ എന്റെ മക്കള് ഇങ്ങനെ ചെയ്തത്. നാട്ടീ കൊണ്ടന്ന് ചികിത്സ നടത്താംന്ന് പറഞ്ഞാ ഇങ്ങട് കൊണ്ട്വന്നേ… കൂടെ നിൽക്കാൻ ആർക്കും സമയല്ല്യ… എല്ലാവരും തെരക്കിലല്ലേ… ഒടുവിൽ മക്കളും മരുമക്കളും ഒന്നിച്ചെടുത്ത തീരുമാനമാണ് അമ്മയെ ഏതെങ്കിലും അമ്പലത്തില് കൊണ്ടു വിടാംന്ന്… അതാവുമ്പോ ദൈവമെങ്കിലും സഹായത്തിനുണ്ടാവൂല്ലോ…”. മാളൂട്ടി പറഞ്ഞു.

” എന്താ മാളൂട്ട്യേ ഈ പറയണേ… മക്കളൊക്കെ അങ്ങനെ ചെയ്യ്വോ… കൂട്ടം തെറ്റിയ അമ്മേക്കാണാണ്ട് അവരെവിടെങ്കിലും വെഷമിച്ച് നിൽക്കണ് ണ്ടാവും… വാ നമുക്ക്‌ പോയി നോക്കാം…”.

” ശ്രീയേട്ടന് എന്തറിയാം എന്റെ മക്കളെപ്പറ്റി… ഞാനെന്റെ കാതു കൊണ്ട് കേട്ടതാ അവര് സംസാരിച്ചത്… എന്നിട്ട് ഈ പാപം കഴുകിക്കളയാനായി വേറെ എങ്ങോട്ടൊക്കെയോ അവര് തീർത്ഥാടനം പദ്ധതിയിട്ടിട്ട്ണ്ട് ത്രേ…”. കൃത്രിമമായ ഒരു ചെറുപുഞ്ചിരിയോടെ മാളൂട്ടി പറഞ്ഞു.

”വിഡ്ഢികൾ… കാണാവുന്ന ദൈവത്തെ കളഞ്ഞ് കാണാത്ത ദൈവത്തെ കാണാൻ നടക്കുന്ന പമ്പരവിഡ്ഢികൾ…”.

എന്റെ ആത്മഗതം കേട്ട് പുച്ഛത്തോടെ മാളൂട്ടി പറഞ്ഞു.

” പണവും പദവിയുമൊക്കെയാണ് ഇന്നത്തെക്കാലത്തെ ദൈവങ്ങൾ. അച്ഛനും അമ്മയുമൊക്കെ അതിലേക്കുള്ള വെറും ചവിട്ടു പടികൾ മാത്രമാണ്അ തൊക്കെ പ്പോട്ടെ ശ്രീയേട്ടൻ ഒറ്റയ്ക്കേയുള്ളൂ…?”

” ഞാനെന്നും ഒറ്റയ്ക്കായിരുന്നില്ലേ…”.

” എല്ലാവരും എന്നും ഒറ്റയ്ക്കാണു ശ്രീയേട്ടാ… ആരൊക്കെയോ കൂടെയുണ്ടെന്നു തോന്നും… അതു വെറും തോന്നൽ മാത്ര മായിരുന്നൂന്ന് പിന്നെ മനസ്സിലാവും…”. മാളൂട്ടി പറഞ്ഞു.

ഞാൻ മാളൂട്ടിയുടെ കണ്ണുകളിലേക്കു നോക്കി. പഴയ തൊട്ടാവാടിയല്ല, അനുഭവങ്ങൾ പകർന്ന കരുത്ത് ഞാനതിൽ കണ്ടു.

” ശ്രീയേട്ടൻ തിരിച്ചു പോകാൻ ഒരുങ്ങിയതായിരുന്നില്ലേ… എന്നാൽ വൈകിക്കേണ്ട…”. മാളൂട്ടി പറഞ്ഞു.

ഒരു നിമിഷത്തെ മൗനത്തിനു ശേഷം മാളൂട്ടിയുടെ കൈത്തലത്തിനു മേൽ കൈവച്ചുകൊണ്ട് ഞാൻ ചോദിച്ചു.

” ഞാൻ കൊണ്ടു പൊയ്ക്കോട്ടെ…?”

അവൾ ഞെട്ടലോടെ കൈവിടുവിക്കാൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു. ” എന്തായീ പറയണേ… നമ്മള് ചെറിയ കുട്ടികളാണെന്നാ വിചാരം. വയസ്സെത്രയായീന്ന് വല്ല നിശ്ചയംണ്ടോ…?”.

” പണ്ടേ ചോദിക്കേണ്ടതായിരുന്നു… അന്നെന്തോ അതിനു കഴിഞ്ഞില്ല.

” ഈ വയസ്സാം കാലത്ത് ആർക്കും വേണ്ടാത്ത എന്നെ കൂടെ കൂട്ടീട്ടെന്തിനാ…?”.

” മാളൂട്ടി നേരത്തേ പറഞ്ഞില്ലേ എല്ലാരും ഒറ്റയ്ക്കാണെന്ന്. ഇനിയെങ്കിലും നമുക്ക് ഒറ്റയ്ക്കാവാതിരുന്നൂടെ. കൂട്ടിന് ഒരാളിന്റെ ആവശ്യം ഇപ്പോഴാണെന്നേ… ആരോഗ്യ മുള്ളപ്പോഴല്ല ആരോഗ്യ മില്ലാത്തപ്പോഴാണ് ഒരു കൂട്ട് വേണ്ടത്… നമുക്ക് രണ്ട് പേർക്കും ഇപ്പോൾ അത്യാവശ്യവും അതാണ്…”. ഞാൻ പറഞ്ഞു.

അവളുടെ മിഴികളിൽ നിന്നും രണ്ട് നീർച്ചാലുകൾ താഴേക്കൊഴുകി.

” ഈയൊരു വിളിക്കായി പണ്ട് ഞാനെത്ര കൊതിച്ചിരുന്നൂന്നറിയോ…?”.

അവളുടെ കണ്ണീർ തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു..” എനിക്കറിയാം… എന്നാലും ഇപ്പോഴും വൈകിയിട്ടില്ല നമ്മൾ. ഇപ്പോഴും ആ പഴയ ശ്രീയേട്ടനും മാളൂട്ടിയുമാണു നമ്മൾ…”.

” എന്റെ മക്കൾ ചിന്തിച്ചത് എത്ര ശരിയാ… അമ്മയെ ദൈവം തുണച്ചോളുമെന്ന്… ഒടുക്കം ദൈവത്തിന്റെ കൈയിൽത്തന്നെ എന്നെ എത്തിച്ചല്ലോ…”. മാളൂട്ടി കണ്ണീരോടെ പറഞ്ഞു.

ആ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

” മൂകാംബിക എനിക്കു തന്ന പ്രസാദമാണു നീ…”.

അവളുടെ കൈയും പിടിച്ച് ബസ് സ്റ്റാന്റിനടുത്തേക്ക് നടക്കുമ്പോൾ എന്റെ ഉള്ളം തുടിക്കുകയായിരുന്നു. നഷ്ടപ്പെട്ടെന്ന് കരുതിയ നിധിയാണ് തിരിച്ചു കിട്ടിയിരിക്കുന്നത്… ഇതെന്റെ നഷ്ട പ്രണയമല്ല, ഇഷ്ട പ്രണയം തന്നെയാണ്…