ഇച്ഛന്റെ പച്ചവെള്ളം❤❤❤
Story written by Bindhya Balan
“ഇച്ഛൻ ശ്രീയോടും ഈ മുരിക്ക് സ്വഭാവം തന്നെയായിരുന്നോ”
മൊബൈലിൽ കാര്യമായെന്തോ നോക്കിക്കൊണ്ടിരുന്ന ഇച്ഛനെ പതിയെ തോണ്ടിയിട്ട് ഞാൻ ചോദിച്ചു.
“എങ്ങനെ?അടുത്തിരുന്നിട്ടും അനക്കമൊന്നും കാണാതായപ്പഴേ എനിക്ക് തോന്നി, ഏതാണ്ട് ഉഡായിപ്പ് ആലോചിക്കുവാന്ന്.ഇതായിരുന്നോ?”
ഇച്ഛന്റെ പറച്ചിൽ കേട്ട് ‘വല്ലാത്തൊരു മൈന്റ് റീഡിങ്ങ്’ എന്ന മട്ടിൽ പകച്ചിരിക്കുമ്പൊ മൊബൈൽ താഴെ വച്ച് ഇച്ഛൻ തിരിഞ്ഞിരുന്നു.
‘പൊന്നു സ്റ്റെപ് ബാക്’ എന്ന തനിയേ പറഞ്ഞ് ഞാൻ രണ്ടടി പിന്നോട്ട്(മ്മ്..ചിരിക്കണ്ട..പേടിച്ചിട്ടല്ല).
“കൊച്ചിന് അതറിഞ്ഞിട്ടെന്തിനാ”
“ഓ..ചുമ്മാ. അങ്ങനെയാണെങ്കില്‍ ആ കൊച്ച് രക്ഷപെട്ടെന്നേ ഞാൻ പറയൂ.ഇതല്ലേ സ്വഭാവം” എന്ന് പറഞ്ഞ് ഞാനൊരു ചിരി തുടങ്ങി.
എന്റെ ചിരി കണ്ട്, “പൊന്നുവേ.. ഇച്ഛൻ ശ്രീയോട് നല്ല സോഫ്റ്റ് ആയിരുന്നു..” എന്ന് ചെക്കൻ പറഞ്ഞതും ആ ചിരിയങ്ങ് പോയിക്കിട്ടി.
“സോഫ്റ്റ് എന്ന് പറഞ്ഞാ..ചോക്ക്ലേറ്റ് ആയിരുന്നോ ?”
‘കുരിപ്പ് വിടാനുദ്ദേശമില്ലല്ലോ എന്ന ഭാവത്തിൽ എന്നെയൊന്ന് കലിപ്പിച്ച് നോക്കിയിട്ട് ഇച്ഛൻ പറഞ്ഞു,
“നീ എന്നോടെങ്ങനാ. അത് പോലാരുന്നു ഞാൻ ശ്രീയോട്..ചോക്ക്ലേറ്റല്ല പച്ചവെള്ളം പോലെ..അതാണ് എനിക്ക് പറ്റിയ മണ്ടത്തരം അവളെന്ത് പറഞ്ഞാലും ഞാൻ വിശ്വസിക്കും.അവളൊരുത്തിയാ എന്നെയിങ്ങനെ ആക്കിയത്”
പാവം ഇച്ഛൻ ഇമോഷണലായല്ലോ എന്ന് സങ്കടമൊക്കെ തോന്നിയെങ്കിലും ഇച്ഛന്റെ ആ ‘പച്ചവെള്ളം’ പ്രയോഗം എനിക്ക് സുഖിച്ചില്ല. പറഞ്ഞു വരുമ്പോൾ ഞാനും പച്ചവെള്ളം ആണെന്നല്ലേ അതിന്റെ പൊരുൾ.
“ഓഹോ ഞാനപ്പൊ ഇച്ഛന് വെറും പച്ചവെള്ളമാണല്ലേ ” എന്ന് ചോദിച്ച് ഞാൻ മോങ്ങാൻ തുടങ്ങിയത് കണ്ടപ്പഴാണ് ഇച്ഛന് മനസ്സിലായത്,സംഗതി വഷളായെന്ന്.
“അതേടീ. നീ എനിക്ക് പച്ചവെള്ളമാണ്. ആലോചന കണ്ടപ്പഴേ എനിക്ക് അറിയാരുന്നു മോങ്ങാനാണെന്ന് ..കോ പ്പ്”
ഇച്ചന്റെ വയലന്റ് മോഡ് ഓൺ ആയെങ്കിലും, ഞാൻ കരച്ചിലൊട്ടും കുറച്ചില്ല. എന്റെ കണ്ണിലെ ഷട്ടർ തനിയെ അടയില്ലെന്ന് മനസ്സിലായ ഇച്ഛൻ എന്നെ ചേർത്ത് പിടിച്ച്
“പൊന്നുവേ..എടീ ഈ ലോകത്ത് നമുക്ക് വേറെ ഒന്നുമില്ലേലും ജീവിക്കാം..പക്ഷേ വെള്ളമില്ലാതെ ജീവിക്കാനൊക്കോ കൊച്ചേ” എന്ന് ചോദിച്ചപ്പൊ ഇല്ലെന്ന് ഞാൻ തലയാട്ടി.
എന്റെ തലയാട്ടൽ കണ്ട്, “ഇല്ലല്ലോ. ഇച്ചന്റെ പച്ചവെള്ളം കൊച്ചല്ലേ. അപ്പോ നീയില്ലാതെ ഇച്ചായന് ജീവിക്കാന്‍ പറ്റോ? എന്ന് ചോദിച്ച് ഇച്ചായനൊരു ചിരി.ഒരു നുണക്കുഴിച്ചിരി.