വെറും രണ്ടു മിനിറ്റ് മുന്നെയാണ് അവൾ അനൂപിന്റെ കാറിൽ കയറുന്നത് പക്ഷെ മനുഷ്യർ എത്ര ക്രൂരന്മാരാണ് അല്ലെ? എന്തെല്ലാം കഥകൾ…..

ഹൃദയത്തിലുള്ളവൾ

Story written by Ammu Santhosh

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

സർക്കിൾ ഇൻസ്‌പെക്ടർ അഭിലാഷിന്റെ ഫോൺ വരുമ്പോൾ ഹോസ്പിറ്റലിൽ നല്ല തിരക്കായിരുന്നു. എന്നിട്ടും അവൾ ഫോൺ എടുത്തു.

“എന്താ അഭി?”

“നീ നേർവസ് ആകണ്ട.. അനൂപിന് ഒരു ആക്‌സിഡന്റ്.. ഞാൻ ആക്‌സിഡന്റ് സ്പോട്ടിൽ നിന്ന് ഇപ്പൊ നിങ്ങളുടെ ഹോസ്പിറ്റലിലേക്ക് തിരിച്ചിട്ടുണ്ട്.. അലേർട്ട് ആയി ഇരിക്കുക “.

ഫോൺ കട്ട്‌ ആയി

അനൂപിന് ആക്‌സിഡന്റ്?

ഈശ്വര.. അവൾ ഭിത്തിയിൽ ചാരി

ഒരു മണിക്കൂറിനു മുന്നേ കൂടി വിളിച്ചതാണ്. ഇപ്പോഴും ആ സ്വരം കാതിലുണ്ട്

“ശ്രേയ.. ഞാൻ വരുന്നു. ഇന്നലെ കൊണ്ട് ഇവിടെ ഉള്ള ജോലി തീർന്നു. സോറി ട്ടൊ. കുറച്ചു ദിവസം വിട്ട് നിൽക്കേണ്ടി വന്നു.I miss you so much.. ഒരു മണി കഴിയുമ്പോഴേക്ക് ഹോസ്പിറ്റലിൽ നിന്ന് വീട്ടിൽ വരണം.ഐ ഹാവ് എ സർപ്രൈസ് ഫോർ യു ” അവന്റെ സ്വരം

അവൾ അവന്റെ ഫോണിൽ വിളിച്ചു. സ്വിച്ച് ഓഫ്‌.

അവൾ അഭിലാഷിന്റെ ഫോണിലേക്ക് വീണ്ടും വിളിച്ചു. അഭിലാഷ് അവളുടെ സുഹൃത്താണ്. പോലീസ് ഒക്കെ ആകും മുന്നേ തന്നെ.

എടുക്കുന്നില്ല

ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ അവരെത്തി.

“അനൂപിന് സർജറി വേണം എമർജൻസി “

ഡോക്ടർ വാര്യർ പറയുന്നത് കേട്ട് അവൾ നിശ്ചലയായി നിന്നു

“ശ്രേയ നീ ഇവിടെ റൂമിൽ സ്റ്റേ ചെയ്യ്.. Relax”

ഡോക്ടർക്ക് മകളെ പോലെ തന്നെയാണവൾ. അവൾ നിറഞ്ഞ കണ്ണുകളോടെ തലയാട്ടി

“അഭി ടേക് കെയർ ഓഫ് ഹേർ “

അവൻ ഒന്ന് മൂളി

ഡോക്ടർ പോയി

“എങ്ങനെ ആയിരുന്നു അഭി ആക്‌സിഡന്റ്?”അവൾ ചോദിച്ചു

“അമിത വേഗത്തിൽ തെറ്റായ ദിശയിൽ നിന്ന് വന്ന ഒരു ലോറി ഇടിക്കുക യായിരുന്നു. അതിന്റ ഡ്രൈവറും മരിച്ചു “

അവൾ ദീർഘമായി ശ്വാസം എടുത്തു

“ശ്രേയ എനിക്ക് മറ്റൊരു കാര്യം നിന്നോട് പറയാനുണ്ട്. കാറിൽ അവൻ തനിച്ചായിരുന്നില്ല. ഒരു പെണ്ണുണ്ടായിരുന്നു ഒപ്പം. അത്.. അത് മരിച്ചു

അവൾ ഞെട്ടിപ്പോയി.

“ആരാ അത്?”അവൾ വിറയാർന്ന സ്വരത്തിൽ ചോദിച്ചു

“ഞാൻ അന്വേഷിച്ചു.. ജേർണലിസ്റ്റ് ആണ് നീന. അവർ തമ്മിൽ എന്തെങ്കിലും ?”അവൻ പെട്ടെന്ന് നിർത്തി

അവൾ ഒരു മാത്ര അവനെയോർത്തു. തന്നോടുള്ള അവന്റെ സ്നേഹത്തെ, പരിലാളനകളെ, അവന്റെ കരുതലിനെ, ഏത് തിരക്കിലും ഒരു വിളിയൊച്ച കൊണ്ട് ഒപ്പം ഉണ്ടാകുന്ന പ്രണയത്തെ..

“അതിൽ അസ്വഭാവികമായി ഒന്നുമില്ല അഭി.ചിലപ്പോൾ അവർ സുഹൃത്തുകൾ ആവും. ലിഫ്റ്റ് കൊടുത്തതാവും. ഒന്നിച്ചു യാത്ര ചെയ്തത് കൊണ്ട് മറ്റൊന്നും ധരിക്കണ്ട “അവൾ മെല്ലെ പറഞ്ഞു

“ഓക്കേ. നിന്നേ വിളിച്ചപ്പോൾ ഒപ്പം അവളുണ്ടെന്ന് അവൻ പറഞ്ഞിരുന്നോ? “

“ഇല്ല “

“പറയേണ്ടതല്ലേ അത്?”

“അതെന്താ അഭി ഇത്ര പറയാനുള്ളത്? മിക്കവാറും അനൂപിന്റെ ഒപ്പം ആരെങ്കിലു മുണ്ടാകും. ഫ്രണ്ട്സ്, ഒന്നിച്ചു ജോലി ചെയ്യുന്നവർ അങ്ങനെ ആരെങ്കിലും.. അറിയാവുന്ന കുട്ടി ആവും ചിലപ്പോൾ. എല്ലാത്തിനും ഒരെ നിറം കൊടുക്കണ്ടടാ.. എനിക്ക് അനൂപിനെ വിശ്വാസമാണ് “

അവളുടെ ഉറപ്പ് കണ്ട് അഭി പിന്നെയൊന്നും പറഞ്ഞില്ല. ചിലപ്പോൾ അവൾ പറയുന്നത് ശരിയാകും. അവളോളം അവനെ ആർക്കറിയാം?അവരുടെ മാതാപിതാക്കൾ വന്നപ്പോൾ അവൻ മുറിയിൽ നിന്നു പോരുന്നു

എല്ലാവരും സംശയക്കണ്ണുകളോടെ മാത്രം നോക്കുമ്പോഴും, വിവരങ്ങൾ അന്വേഷിക്കുമ്പോഴും ശ്രേയ നിസ്സംഗയായിരുന്നു.പത്രങ്ങൾ തോന്നിയ പോലെ വാർത്തകൾ വളച്ചൊടിച്ചു വിൽക്കുന്നുണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളും ആഘോഷം കുറച്ചില്ല.

സർജറി കഴിഞ്ഞുവെങ്കിലും അനൂപ് മിക്കവാറും സമയങ്ങളിൽ അബോധാവസ്ഥയിൽ തന്നെ ആയിരുന്നു.

“നീന?”

ഇടക്ക് എപ്പോഴോ ബോധം വന്നപ്പോൾ അവൻ ചോദിച്ചു

“ബെറ്റർ “അവൾ ഒരു നുണ പറഞ്ഞു

“ഒരു ലിഫ്റ്റ് കൊടുത്തതാ. പാവം അതും പെട്ടു ” അവൻ ഇടർച്ചയോടെ പറഞ്ഞു

അവൾ ആ കയ്യിൽ മെല്ലെ പിടിച്ചു

നീനയുടെ വീട്ടിൽ ആളുകൾ കുറവായിരുന്നു. ചടങ്ങുകൾ ഒക്കെ കഴിഞ്ഞിരുന്നു. ശ്രേയ നീനയുടെ ഭർത്താവിന്റെ അരികിൽ ചെന്നു

“ഞാൻ… അനൂപിന്റെ വൈഫ് ആണ് “

അയാൾ കുറച്ചു നേരം അവളെ ഉറ്റു നോക്കിക്കൊണ്ടിരുന്നു

“ഇരിക്കു. ഇപ്പൊ എങ്ങനെ ഉണ്ട് അനൂപിന് ?”

“സർജറി കഴിഞ്ഞു.”

“ഒരു പാട് കഥകൾ ഉണ്ടാകുന്നുണ്ട്. അവർ ഒന്നിച്ചായിരുന്നതിനെ പറ്റി.നീനയുടെ കാർ ബ്രേക്ക്‌ ഡൗൺ ആയി. അനൂപിന്റെ കാർ കണ്ടത് അവൾക്കാ ശ്വാസമായെന്ന് പറഞ്ഞു അവൾ. എന്നോട് ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കവേ തന്നെ ആണ് ആക്‌സിഡന്റ്. വെറും രണ്ടു മിനിറ്റ് മുന്നെയാണ് അവൾ അനൂപിന്റെ കാറിൽ കയറുന്നത് പക്ഷെ മനുഷ്യർ എത്ര ക്രൂരന്മാരാണ് അല്ലെ? എന്തെല്ലാം കഥകൾ? രാവിലെ മോളെ സ്കൂളിൽ വിട്ടിട്ട് പോയതാണ്.. അയാളുടെ ശബ്ദം അടച്ചു

“എനിക്ക് നീനയെ അറിയാം.. നിങ്ങൾക്ക് അനൂപിനെയും.. പക്ഷെ സമൂഹത്തിന് അറിയില്ലല്ലോ “

അവൾ വെറുതെ തലയാട്ടി

കുറച്ചു നേരം കൂടി ഇരുന്നിട്ട് അവൾ തിരിച്ചു പോരുന്നു.

നീന മരിച്ചത് അനൂപിന് ഒരു ഷോക്കായി. തന്റെ തെറ്റ് കൊണ്ടല്ലെങ്കിലും തന്റെ കാറിൽ കയറിയത് കൊണ്ടാണല്ലോ അവൾക്കിങ്ങനെ വന്നതെന്നോർത്ത് അവൻ വേദനിച്ചു. മൗനിയാകുകയും ചെയ്തു.

അനൂപിനെ ഡിസ്ചാർജ് ചെയ്തപ്പോൾ അവൾ കുറച്ചു നാളെത്തേക്ക് ലീവ് എടുത്തു

“നീ എപ്പോഴെങ്കിലും എന്നെ സംശയിച്ചിരുന്നോ?”

ഒരു ദിവസം അനൂപ് ഇടർച്ചയോടെ അവളോട് ചോദിച്ചു

അവൾ ഇല്ല എന്ന് തലയാട്ടി

“എന്തെ?”ആർക്കും സംശയിക്കാം.. ഒപ്പം ഒരു പെണ്ണ് ഉണ്ടാകുക. അതും ഞാൻ ഇത്രയും ദിവസം ഇവിടെ നിന്ന് വിട്ട് നിന്നിട്ട് വരുമ്പോൾ “

“അത് കൊണ്ട്?”

“ആരായാലും സംശയിക്കില്ലേ?”

അവൾ കുനിഞ്ഞ് ആ നെറ്റിയിൽ ചുംബിച്ചു

“ഞാൻ ആരാണ് അനൂപിന്റെ ?”അവൾ അടക്കി ചോദിച്ചു

“എന്റെ എല്ലാം “

അവൻ കണ്ണീരോടെ പറഞ്ഞു

“അതെനിക്കറിയാം ” അവൾ മെല്ലെ ചിരിച്ചു

“ആ സർപ്രൈസ് എന്തായിരുന്നു?”

“നിനക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒന്ന്. കൃഷ്ണന്റെ ഒരു കുഞ്ഞ് ലോക്കറ്റ്. അതെവിടെയോ പോയിരിക്കാം.. അറിയില്ല എന്റെ പോക്കറ്റിൽ ഉണ്ടായിരുന്നു “

“സാരോല്ല… അത് ഓർക്കേണ്ട “

അവൻ അവളെ നെഞ്ചിൽ ചേർത്ത് അനങ്ങാതെ കിടന്നു അവന്റെ ഹൃദയം മിടിക്കുന്നത് കേട്ട് അവളും.

ഹൃദയത്തിനുള്ളിൽ പ്രാണനെക്കാൾ വിലയുള്ള ഒരാളുള്ളപ്പോൾ മറ്റൊരാളെ ചുമക്കുന്നതെങ്ങനെ?

അത്ര മേൽ ആഴത്തിൽ പ്രണയിക്കുന്നവൾക്ക് അത് മനസിലായില്ലെങ്കിൽ മറ്റാർക്ക് കഴിയും?