പ്രവാസത്തിന്റെ ഒറ്റപെടലുകളിൽ നിന്നു രക്ഷപെടാൻ വീണ്ടും അക്ഷരങ്ങളെ കൂട്ടുപിടിക്കുമ്പോൾ മറ്റൊന്നും അവൾ പ്രതീക്ഷിച്ചിരുന്നില്ല……

മധുരപ്രതികാരം

Story written by Sabitha Aavani

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

“താൻ ഉറങ്ങുന്നില്ലേ?”

പാതി ഉറക്കം കഴിഞ്ഞ് കട്ടിലിൽ കിടന്നു കൊണ്ട് തന്നെ ശാലുവിനോട് റാം അത് ചോദിക്കുമ്പോൾ അവൾ വെറുതെ ചുവരിലെ ക്ലോക്കിലേക്ക് നോക്കി.

“സമയം ഉണ്ട് ഇച്ചായാ മണി പന്ത്രണ്ടെ ആയിട്ടുള്ളു “

വാക്കുകൾ നിർത്തി അവൾ വീണ്ടും എന്തൊ എഴുതികൊണ്ടിരുന്നു.

റാം പിന്നെയും തിരിഞ്ഞു കിടന്ന് ഉറങ്ങി.

മേശപ്പുറത്ത് വയിച്ചു കഴിഞ്ഞ പുസ്തകങ്ങളും കടലാസ്സുകളും അവൾ ഭദ്രമായി അടുക്കി വെച്ചിരിക്കുന്നു ……

ശാലു , വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരി.

എപ്പോഴും വായനയും എഴുത്തുമായി മാത്രം കൂട്ട് കൂടുന്നവൾ….

എഴുത്തിനിടയിൽ ആരും ശല്യം ചെയ്യുന്നത് അവൾക്ക് ഇഷ്ടമല്ല…

അത് പൂർത്തിയാക്കാതെ മറ്റൊന്നിലേക്കും പിന്നെ അവളുടെ ശ്രദ്ധഎത്തില്ല.

പ്രവാസത്തിന്റെ ഒറ്റപെടലുകളിൽ നിന്നു രക്ഷപെടാൻ വീണ്ടും അക്ഷരങ്ങളെ കൂട്ടുപിടിക്കുമ്പോൾ മറ്റൊന്നും അവൾ പ്രതീക്ഷിച്ചിരുന്നില്ല.

ആദ്യമാദ്യം കിട്ടുന്ന പുസ്തകങ്ങളും ഓൺലൈൻ വയനകളിലും അവൾ സന്തോഷം കണ്ടെത്തി..

പതിയെ വീണ്ടും പണ്ടെന്നോ എഴുതി മറന്ന വരികൾ അവളുടെ വിരൽത്തുമ്പിൽ വിരുന്നെത്താൻ തുടങ്ങി.

പണ്ട് എഴുതിയിരുന്നു… സ്കൂൾസമയത്ത്… പിന്നീട് കോളേജിൽ… ഒന്നും അവൾ സൂക്ഷിച്ച് വെച്ചിട്ടില്ല.

എഴുത്തിന്റെ ലോകത്തേക്ക് ഇറങ്ങി ചെല്ലുമ്പോൾ അവൾ മറ്റെല്ലാം മറക്കും..

വിവാഹം കഴിഞ്ഞിട്ട് രണ്ടു മൂന്നു കൊല്ലമാകുന്നു…

അവളുടെ എഴുത്തിന് മൗനമായി എങ്കിലും പ്രചോദനം നൽകുന്നത് അവനാണ് റാം.

ഒരിക്കൽപോലും ശാലുവിന്റെ എഴുത്തുകളെ അയാൾ വിലയിരുത്തിയിട്ടില്ല.

ഒരിക്കൽ പോലും അവളുടെ സൃഷ്ടികൾ അയാൾ സ്വയം വായിയ്ക്കാൻ ശ്രമിച്ചിട്ടില്ല.

അവളുടെ നിർബന്ധങ്ങൾക്ക് വഴങ്ങി.

പലപ്പോഴായി വളരെ പ്രയാസപ്പെട്ട് വായിച്ചു തീർക്കാറുണ്ട്.

അവൾ അഭിപ്രായം ചോദിച്ചാൽ ചിലപ്പോ മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കും.

അതിൽ കൂടുതൽ ഒന്നും ആരും പ്രതീക്ഷിക്കുകയും വേണ്ട.

മിക്കപ്പോഴും എഴുതിയ താളുകൾ ഒന്ന് മറിച്ച് നോക്കി അടച്ച് വെക്കും..

രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വായിക്കാനോ എഴുതാനോ അവൾ സമയം കണ്ടെത്തി കൊണ്ടിരുന്നു.

അത് റാമിനെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടോ എന്നവൾ ചിന്തിച്ചിരുന്നില്ല.

ഇന്നലെ വരെ…

ഇന്നലെ റാം ആ ചോദ്യം ചോദിക്കുന്നത് വരെ….

അവരുടെ സ്വകാര്യ നിമിഷങ്ങൾക്കിടയിലെ സംസാരത്തിനിടയിൽ ആണ് അവനത് ചോദിച്ചത്.

” തനിക്ക് നല്ലൊരു എഴുത്ത്കാരനെ അല്ലെങ്കിൽ നല്ലൊരു നിരൂപകനെ കല്യാണം കഴിച്ചാൽ പോരായിരുന്നോ..? “

ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള ആ ചോദ്യത്തിന് മുന്നിൽ ശാലു മറുപടി പറയാൻ വാക്കുകൾ കിട്ടാതെ നിന്നു.

ഒരു നേരം പോക്കിന് റാം ചോദിച്ചത് ആണെങ്കിലും അവൾ അവിടെ ചിന്തിച്ചു തുടങ്ങുകയായിരുന്നു….

റാം.. അവനോളം തന്നെ മനസിലാക്കാൻ മറ്റൊരാൾക്ക്‌ കഴിഞ്ഞെന്ന് വരില്ല.

കുടുംബജീവിതം തുടങ്ങുമ്പോൾ ഇത്തരം കഴിവുകൾ ഇണയുടെ ഇഷ്ടമില്ലായ്‌മ കൊണ്ട് ഉപേക്ഷിക്കേണ്ടി വരുന്നവരെ കുറിച്ച് ഓർക്കുവായിരുന്നു അവൾ..

മറ്റൊരാൾക്ക്‌ വേണ്ടി സ്വന്തം ഇഷ്ടങ്ങളെ ഉപേക്ഷിക്കേണ്ടി വരിക….

അപ്പോൾ ഞാൻ ഇപ്പൊൾ ജീവിക്കുന്നത് ഉചിതമായ ഒരാൾക്കൊപ്പം അല്ലേ..?

അവൾ അല്പ നേരം ഉറങ്ങികിടന്ന റാമിന്റെ മുഖത്തേക്ക്‌ നോക്കി ഇരുന്നു ….

വീണ്ടും ചിന്തിച്ചു ……

അവൾ ആ ചിന്തകളിൽ തന്നെ തളഞ്ഞു കിടന്നു.

ഒപ്പം അക്ഷരങ്ങളായി വിരൽതുമ്പിൽ അവനായി ഒരു കഥ വിരിഞ്ഞു….

അവൾ എഴുതി…..

ഒരുപക്ഷെ ഒരു എഴുത്തുകാരനെ ഞാൻ വിവാഹം ചെയ്തെങ്കിൽ പരസപരം എഴുത്തുകളെ വിചാരണ ചെയ്തും… തമ്മിൽ മത്സരിച്ചും… ജീവിക്കേണ്ടി വന്നേനെ ഞങ്ങൾക്ക്…

അർത്ഥമില്ലാത്ത ആയിരം സൃഷ്ടികൾ പിറന്നേനെ…

ഒരു നിരൂപകൻ ആയിരുന്നെങ്കിൽ

എന്റെ എഴുത്തിനെ ഏത് തരത്തിൽ വ്യാഖാനിക്കും എന്നോർത്തു ഞാൻ എന്റെ എഴുത്ത് തന്നെ അവസാനിപ്പിക്കേണ്ടി വന്നേനെ…..

ഒരേ മനസ്സും ഒരേ ചിന്താഗതിയും ഉള്ളവർ തമ്മിൽ ചേരുന്നതിലും ഭംഗി വത്യസ്തങ്ങളായ രണ്ടുപേർ തമ്മിൽ ചേരുമ്പോൾ ആണ്.

അവരുടെ ജീവിതത്തിന് ആവും പുതിയൊരു അർത്ഥം ഉണ്ടാകുന്നതും…

ഒരുപക്ഷെ എന്റെ ഈ കഥ വായിക്കുമ്പോൾ നാളെ ഇച്ചായനും തോന്നും ഞാൻ ഇതൊക്കെ ഇത്രയും കാര്യമായി ചിന്തിച്ചോ എന്ന്…

മുറിയിലെ വെളിച്ചം വീണ്ടും അരോചകമായി തോന്നി തുടങ്ങി റാമിന്…

അവൻ എഴുന്നേറ്റു അല്പം ഉയർന്ന സ്വരത്തിൽ പറഞ്ഞു.

“ലൈറ്റ് ഓഫ്‌ ചെയ്ത് വന്നു കിടന്ന് ഉറങ്ങാൻ നോക്ക്..”

കഥയിലെ അവസാനവരിയും എഴുതി കഴിഞ്ഞിരുന്നു അവൾ…

എഴുതി കഴിഞ്ഞ വരികളിൽ ഒന്നുകൂടി കണ്ണോടിച്ചതിനു ശേഷം അവൾ റാമിനെ നോക്കി.

അയാൾ ഉറങ്ങിയിരുന്നു…

ഒന്നും അറിയാതെ ….

അവൾ എഴുതിയ കഥയിലെ നായകനായി…..

ആ ചോദ്യത്തിന് അവൾ നൽകിയ മധുരപ്രതികാരം!

ആ രാത്രി അവന്റെ നെഞ്ചിൽ ചേർന്ന് കിടക്കുമ്പോള്‍ ലോകം കീഴടക്കിയ സന്തോഷ മായിരുന്നു അവള്‍ക്ക് .