കല്യാണം കഴിഞ്ഞും ജോലിക്ക് പോകുന്നതിനോട് എനിക്ക് എതിർപ്പ് ഒന്നും ഇല്ല കേട്ടോ., അല്ലെ തന്നെ ഒരു കുടുംബം മുന്നോട്ട് പോകാൻ ഒരാളുടെ ജോലി കൊണ്ടൊന്നും പറ്റില്ല……

കാണാക്കിനാവ്

എഴുത്ത് :- ശ്യാം കല്ലുകുഴിയിൽ

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

പെൺപിള്ളേര് ആകുമ്പോൾ ഒരു പ്രായമായാലങ്ങ് കെട്ടിച്ചു വിട്ടേക്കണം, അല്ലാതെ വീട്ടിൽ പിടിച്ചു നിർത്തിയിരുന്നാൽ നാട്ടിൽ ഉള്ള ആൺപിള്ളേരെയൊക്കെ കണ്ണും കയ്യും കാട്ടി വിളിക്കും, പക്ഷെ എന്റെ മോനെ അതിനൊന്നും കിട്ടില്ല…”

അന്ന് ഞായറാഴ്ച കിട്ടിയ പൊടി ചാള അടുക്കളയ്ക്ക് പുറത്ത് ഇരുന്ന് വൃത്തി യാക്കുമ്പോഴാണ്, വേലിക്ക് അപ്പുറത്ത് നിന്ന് സുമതി ചേച്ചിയുടെ ശബ്ദം ഉച്ചത്തിൽ കേട്ടത്, അവിടേക്ക് തല തിരിക്കുമ്പോൾ നൈറ്റി അരയിൽ തിരുകി അവർ എന്നെയും നോക്കി നിൽപ്പുണ്ട്….

കുറെ നാളായി ഈ പെണ്ണുമ്പിള്ള തുടങ്ങിയിട്ട് ഇന്ന് രണ്ടെണ്ണം കേൾപ്പിക്കണം എന്ന് കരുതി തന്നെയാണ് മീൻ വെ ട്ടികൊണ്ടിരുന്ന ക ത്തിയും കൊണ്ട് എഴുന്നേറ്റത്…

” നീയൊന്നും മിണ്ടണ്ട ഗൗരി,.. അവരവിടെ നിന്ന് എന്തോ പറയട്ടെ….”

എഴുന്നേറ്റയുടനെ അടുക്കള വാതിൽ ചാരിനിന്ന അമ്മയുടെ ദയനീയമായ ശബ്ദം കേട്ടു…

” അമ്മ ഒന്ന് മിണ്ടാതെ ഇരുന്നെ,,ഇവരെ ഇങ്ങനെ വിട്ടാൽ പറ്റില്ല കുറെ നാളായി, ക്ഷമിക്കുന്നതിനും ഒരു പരിധിയില്ലേ…”

അത് പറഞ്ഞ് മീൻ ക ത്തിയുമായി തന്നെയാണ് വേലിക്കരികിലേക്ക് ചെന്നത്….

” ദേ പെണ്ണുമ്പിള്ളേ, കയ്യും കാലും കാട്ടി വിളിക്കാൻ നിങ്ങടെ മോൻ ആരാ ഗന്ധർവ്വനോ, ആ മരമൊന്താ കണ്ട് കൊടുത്താലും മതി… കുറെ നാളായി അവൻ റോഡിൽ പോകുന്നേം വരുന്നേം പെണ്ണുങ്ങളെ കമന്റ് അടിക്കാൻ തുടങ്ങിയിട്ട്, ഇനിയെങ്ങാനും ആ വഴിയിൽ നിന്നാൽ കാലിൽ കിടക്കുന്ന ചെരുപ്പ് ഊരി ആ മോന്തയ്ക്ക് അടിക്കും പറഞ്ഞേക്കാം…”

ചാളയോടുള്ള ദേഷ്യം കൊണ്ടാണെന്ന് തോനുന്നു എന്റെ ശബ്ദവും കുറച്ച് ഉച്ചത്തിൽ ആയിരുന്നു…

” സമയത്ത് കല്യാണം കഴിക്കാത്തതിന്റെ സൂക്കേട് ആണടി നിനക്ക്…”

വിട്ട് തരാതെ അവരും വേലിക്കരികിലേക്ക് വന്നു…

” സൂക്കേട് ആർക്കാണെന്നൊക്കെ നമുക്ക് അറിയാം.. നാട്ടുകാർക്ക് പണി ഉണ്ടാക്കാതെ നിങ്ങൾ ആദ്യം നിങ്ങടെ മോനെ മര്യാദയ്ക്ക് നടത്താൻ നോക്ക്….”

അത് പറഞ്ഞു കഴിയും മുന്നേ, സുമേഷ് അവിടേക്ക് എത്തിയിരുന്നു…

” അമ്മ ഒന്ന് മിണ്ടാതെ ഇരുന്നെ,, വന്നേ വന്നേ….”

അതും പറഞ്ഞ് അവൻ സുമതിയുടെ വായും പൊത്തി ഉള്ളിലേക്ക് വിളിച്ചു കൊണ്ട് പോയി….

” ആ വിളിച്ചു കൊണ്ട് പൊയ്ക്കോടാ, അതാണ് നിനക്ക് നല്ലത്….”

അവനെയും തള്ളയെയും നോക്കി അത് പറഞ്ഞ്, അവർ വീട്ടിലേക്ക് കയറി പോകുമ്പോഴും എന്റെ ദേഷ്യം കുറഞ്ഞിരുന്നില്ല, കലി തുള്ളി പറയുമ്പോൾ അഴിഞ്ഞു വീണ മുടിയും ആയി തിരിഞ്ഞു നടക്കുമ്പോഴാണ് വേലിക്ക് അങ്ങേ അറ്റത്തെ വഴിയിൽ ഒരാൾ പരുങ്ങി നിൽക്കുന്നത് കണ്ടത്, അയാളെയും പുച്ഛത്തോടെ നോക്കി വീണ്ടും ചാളയ്ക്ക് അരികിലേക്ക് നടന്നു…

” ഏതോ പിരിവുകാരോ, മറ്റോ ആണെന്ന് തോന്നുന്നു ദേ അവിടെ നിൽപ്പുണ്ട് എന്ത് പറഞ്ഞാലും അഞ്ചിന്റെ പൈസ പോലും കൊടുക്കരുത്, കേട്ടല്ലോ…”

അപ്പോഴും ഒന്നും മിണ്ടാതെ അടുക്കള വാതിലും ചാരി നിൽക്കുന്ന അമ്മയോട് അതും പറഞ്ഞ് വീണ്ടും ചാള വൃത്തിയാക്കാൻ ഇരുന്നു…

” നിനക്ക് ഈ ചട്ടിയിൽ കിടക്കുന്ന ചാള തിന്നൂടെ, വൃത്തിയാക്കി വച്ചേക്കുന്നത് മാത്രേ ഇറങ്ങുള്ളോ….”

മീൻ ചട്ടിക്കരികിൽ ഇരുന്ന് വൃത്തിയാക്കി വച്ചിരുന്നതിൽ നിന്ന് ചാളയും കടിച്ചു പിടിച്ചിരിക്കുന്ന പൂച്ചയോട് അത് പറയുമ്പോൾ അവൾ നാക്ക് കൊണ്ട് ചുണ്ട് നക്കി എന്നെയും നോക്കി ഇരുന്നു…

അപ്പോഴേക്കും ഉമ്മറത്തേക്ക് പോയ അമ്മ അതേ സ്പീഡിൽ തിരിച്ച് എത്തിയിരുന്നു…

” പറഞ്ഞു വിട്ടൊ അതിനെ.. “

ചാള വൃത്തിയാക്കുന്ന പണിക്കിടയിൽ ഞാൻ അമ്മയോട് ചോദിച്ചു….

” അതേ… അത് നിന്നെ പെണ്ണ് കാണാൻ വന്നതാ…”

അമ്മ വന്ന് ചെവിയിൽ അത് പറയുമ്പോൾ ഞാൻ അമ്മയെ സംശയത്തോടെ നോക്കിയിരുന്നു പോയി…

” അതിന് ഇന്ന് വരുന്ന കാര്യം ഒന്നും പറഞ്ഞിരുന്നില്ലല്ലോ…”

ദയനീയമായാണ് അമ്മയോട് ചോദിച്ചത്…

” എനിക്ക് ഒന്നും അറിയാൻ വയ്യ, അവിടിരിപ്പുണ്ട് ആൾ, നി കയ്യും കാലും കഴുകി വാ…”

അത് പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി…

” അല്ലേ തന്നെ ഇനിയിപ്പോ എന്തോന്ന് കാണാൻ, ഞാൻ ആ പെണ്ണുമ്പിള്ളയോട് പറയുന്നതെല്ലാം അങ്ങേര് കേട്ട്, ഇനിയിപ്പോ പ്രത്യേകിച്ച് ഒന്നും പറയേണ്ട കാര്യമില്ലല്ലോ…”

മുന്നിൽ വായും തുറന്ന് ഇരിക്കുന്ന പൂച്ചയ്ക്ക് മുന്നിലേക്ക് ഒരു ഫുൾ മത്തി ഇട്ടു കൊടുത്ത് കയ്യും കാലും കഴുകനായി ഞാനും എഴുന്നേറ്റു…

കുളിമുറിയിൽ കയറി രാധാസ് സോപ്പ് കൊണ്ട് നാലഞ്ചു തവണ കയ്യ് കഴുകിയിട്ടും ചാളയുടെ ഉളുമ്പ് നാറ്റം തന്നെ മുന്നിൽ നിൽപ്പുണ്ട്, അല്ലെ തന്നെ മൊത്തം നാറി, അതിനിടയിൽ ഇനി ചാള ആയിട്ട് എന്തിനാ കുറയ്ക്കുന്നെ എന്ന് കരുതി ബാക്കി രാധാസ് വെറുതെ പതപ്പിച്ചു കളയാതെ, കുളിമുറിയിൽ നിന്നിറങ്ങി മുറിയിൽ കയറി ഡ്രെസ്സ് മാറി ചുരിദാറും ഇട്ടുകൊണ്ട് അടുക്കളയിൽ ചെല്ലുമ്പോൾ അമ്മ ചായ ഉണ്ടാക്കി വച്ച് അടുക്ക ളയിൽ എന്തോ തിരയുകയാണ്…

” അമ്മ എന്താ ഈ നോക്കുന്നെ…”

” ഇവിടെ ഒരു പാത്രത്തിൽ കുറച്ച് ചിപ്സ് ഉണ്ടായിരുന്നല്ലോ…”

എന്നെ നോക്കാതെ തന്നെ അമ്മ വീണ്ടും ഓരോ പാത്രങ്ങളും എടുത്ത് നോക്കുന്നുണ്ട്…

” അത് ഇന്നലെ ഞാൻ തീർത്തു….”

അത് പറഞ്ഞോപ്പോഴേക്കും ഞാനെന്തോ അപരാധം ചെയ്തത് പോലെ അമ്മ എന്നെ നോക്കി…

” ഞാനറിഞ്ഞോ ഇന്ന് ആരേലും കെട്ടിയെടുക്കും എന്ന്, അമ്മയുടെ പട്ടി ബിസ്ക്കറ്റ് ഉണ്ടാകുമല്ലോ അത് എടുത്ത് കൊടുക്ക്….”

” എങ്കിലും ബിസ്ക്കറ്റ് മാത്രമായി എങ്ങനെ…..”

അമ്മയുടെ മുഖത്ത് വിഷമം വന്ന് തുടങ്ങി…

” എന്നാ പിന്നെ ഒരു കാര്യം ചെയ്യ് അമ്മ ബിരിയാണി വാങ്ങി കൊടുക്ക്….”

അത് പറഞ്ഞ് ഒരു പാത്രത്തിലേക്ക് ഞാൻ ബിസ്ക്കറ്റ് പൊട്ടിച്ചിട്ടു…

” ദേ ഇതും കൊണ്ട് അങ്ങോട്ട് പോ…”

അമ്മ ചായ ഗ്ലാസ്സിലേക്ക് ഒഴിച്ച് എനിക്ക് നീട്ടി..

” ചായ അമ്മ തന്നെ കൊണ്ട് പൊയ്ക്കോ കയ്യിൽ ചാളയുടെ നാറ്റം പോയില്ല….”

ഞാൻ രണ്ട് കയ്യും മണപ്പിച്ച് അതും പറഞ്ഞ് അമ്മയുടെ മൂക്കിലേക്ക് കയ്യ് കൊണ്ട് ചെന്നു…

” ഉം… ശരിയാ….”

അത് പറഞ്ഞ് ചായയുമായി അമ്മ ഉമ്മറത്തേക്ക് നടക്കുമ്പോൾ അമ്മയുടെ പിന്നാലെ ഒരു കയ്യിൽ ബിസക്കറ്റും മറ്റേ കയ്യ് ഇടയ്ക്ക് ഇടയ്ക്ക് മണപ്പിച്ച് ഞാനും നടന്നു…

ഉമ്മറത്ത് ഇരിക്കുന്ന അയാൾക്ക് അമ്മ ചായ കൊടുത്തപ്പോൾ അയാൾക്ക് മുന്നിലായി ഞാൻ ബിസ്ക്കറ്റ് വച്ചു കൊണ്ട് അമ്മയുടെ അടുത്തായി സ്ഥാനം പിടിച്ചു…

” ഇന്ന് വരുന്ന കാര്യം ബ്രോക്കർ പറഞ്ഞിട്ടില്ലായിരുന്നു, അതുകൊണ്ട് തന്നെ ഒന്നും കരുതിയിട്ടില്ല…

” അതൊന്നും സാരമില്ലന്നെ, എനിക്ക് ഈ ഏരിയയിൽ രണ്ട് പെണ്ണ് കാണൽ വേറെ ഉണ്ടായിരുന്നു, അപ്പോ പിന്നെ ഇവിടെ കൂടി കയറിയാൽ ആ പണി അങ്ങു കഴിഞ്ഞു കിട്ടുമല്ലോ, അടുത്ത ആഴ്ച്ച മിക്കവാറും വേറെ ആകും റൂട്ട്….”

ചിരിച്ചു കൊണ്ട് അത് പറഞ്ഞ് അയാൾ ബിസ്ക്കറ്റ് എടുത്ത് ചായയിൽ മുക്കി കഴിച്ചു. ആ സംസാരവും പ്രവർത്തിയും കണ്ട് എനിക്കും അമ്മയ്ക്കും ഒരുപോലെ ചിരി വന്നെങ്കിലും ഞങ്ങൾ അത് പുറത്ത് കാണിക്കാതെ ഇരിക്കാൻ ശ്രമിച്ചു…

” നിങ്ങൾ ചിരിക്കുക ഒന്നും വേണ്ട, കെട്ടുപ്രായം ആയ പിള്ളേരുള്ള വീട്ടിലെ സ്ഥിരം പരുപാടി അണല്ലോ ഇതൊക്കെ….”
അത് പറഞ്ഞ് അയാൾ വീണ്ടും ബിസ്ക്കറ്റ് കഴിച്ചു….

” എന്റെ പേര് അനിൽ, മിക്കവാറും എല്ലാ വീട്ടിലെയും പോലെ അച്ഛനും അമ്മയും മാത്രമേയുള്ളു വീട്ടിൽ അനിയത്തിയെ കെട്ടിച്ചു വിട്ടു.. ഇവിടെയും അനിയത്തി കൂടി ഉണ്ടെന്ന് പറഞ്ഞിരുന്നല്ലോ…”

എന്നെ നോക്കിയാണ് അയാൾ പറഞ്ഞത്…

” അവൾ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്….”

എനിക്കും മുന്നേ അമ്മ കയറി പറഞ്ഞു കഴിഞ്ഞിരുന്നു….

” മായയെ ഞാൻ ഇടയ്ക്ക് കടയിൽ വച്ച് കണ്ടിട്ടുണ്ട്…”

അയാൾ വീണ്ടും എന്നെ നോക്കി പറയുമ്പോൾ ഞാനും അമ്മയും മുഖത്തോട് മുഖം നോക്കി…

” മായാ അല്ല ഗൗരി എന്നാണ് പേര്…”

” അയ്യോ സോറി കേട്ടോ, നേരത്തെ കണ്ട കൊച്ചിന്റെ പേര് ആയിരുന്നു മായാ മറിപ്പോയതാ സോറി….”

അയാൾ ചമ്മിയ ചിരിയോടെ പറയുമ്പോൾ ഞാനും അമ്മയും ഒരുപോലെ ചിരിച്ചിരുന്നു…

” ഗൗരി മുടി അഴിച്ചിട്ട് നിൽക്കുന്നത് ആയിരുന്നു കേട്ടോ കുറച്ചൂടി ഭംഗി….”

ലേഡീസ് ഷോപ്പിൽ ഇങ്ങേര് ആർക്ക് എന്ത് വാങ്ങാൻ കയറി എന്നും ചിന്തിച്ചു നിൽക്കുമ്പോഴാണ് അയാളുടെ ചമ്മൽ മാറ്റാൻ അങ്ങേര് ഗോളടിച്ച്, അത് കേട്ട് വായ് പൊത്തി ചിരിക്കുന്ന അമ്മയ്ക്ക് ഒരു നുള്ളും കൊടുത്ത് മുഖത്ത് ചമ്മൽ വരുത്താതെ ഇരിക്കാൻ ഞാനും ശ്രമിച്ചു….

” കല്യാണം കഴിഞ്ഞും ജോലിക്ക് പോകുന്നതിനോട് എനിക്ക് എതിർപ്പ് ഒന്നും ഇല്ല കേട്ടോ., അല്ലെ തന്നെ ഒരു കുടുംബം മുന്നോട്ട് പോകാൻ ഒരാളുടെ ജോലി കൊണ്ടൊന്നും പറ്റില്ല. അതുമല്ല ഒരു ജോലി ഉള്ളത് എപ്പോഴും നല്ലതാ, പെട്ടെന്ന് ജീവിതത്തിൽ തനിച്ച് ആയിപ്പോയാലും ആരുടെയും മുന്നിൽ കൈ നീട്ടാതെ ജീവിക്കാല്ലോ….”

അയാൾ അത് പറഞ്ഞു കഴിഞ്ഞതും ഒരു ചിരിയോടെ അയാളെയും എന്നെയും നോക്കി അമ്മ ഉള്ളിലേക്ക് കയറിപ്പോയി…

” എന്തുപറ്റി അമ്മ പെട്ടെന്ന് പോയി…”

പറഞ്ഞത് എന്തോ അബദ്ധം ആയത് പോലെ അയാൾ എന്നെ നോക്കുമ്പോൾ ഞാൻ ഉമ്മറത്ത് നിന്ന് മുറ്റത്തേക്ക് ഇറങ്ങി… പിന്നാലെ അയാളും അരികിലേക്ക് വന്നു…

” അച്ഛന്റെ മരണം പെട്ടെന്ന് ആയിരുന്നു. അതുവരെ അമ്മ ഒരു കാര്യത്തിനും വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയിട്ടില്ല, പിന്നെ അങ്ങോട്ട് ഒരു ജോലി ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അമ്മ ഒരുപാട് അനുഭവിച്ചു, സഹായിച്ചിരുന്ന ബന്ധുക്കൾക്ക് ഒക്കെ ഞങ്ങൾ ഒരു ഭാരമായി തുടങ്ങി. പിന്നെ അമ്മയും ചെറിയ ചെറിയ ജോലികൾ ചെയ്താണ് ഞങ്ങളെ ഇതുവരെ കൊണ്ടെത്തിച്ചത്, അമ്മയും എപ്പോഴും പറയും ഒരു ജോലി എപ്പോഴും വേണ മെന്ന്….”

അത് പറയുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞിരുന്നു, പുള്ളി കാണാതെ കണ്ണുനീർ തുടച്ച് അയാളിൽ നിന്ന് നോട്ടം മാറ്റി നിന്നു…

” ദേ തന്റെ ശത്രു വേലിക്കൽ നിന്ന് തല പൊക്കി നോക്കുന്നുണ്ട്…”

പുള്ളി അത് പറയുമ്പോൾ ഞാനും അങ്ങോട്ട് നോക്കി, ഞാൻ നോക്കുന്നത് കണ്ടതും അവർ വീട്ടിലേക്ക് കയറിപ്പോയി…

” തന്നെ അവർക്ക് നല്ല മതിപ്പ് ആണെന്ന് തോന്നുന്നല്ലോ….”

അതിന് മറുപടിയായി ഞാനൊന്ന് ചിരിച്ചതെയുള്ളൂ…

” എല്ലായിടത്തും ഉണ്ട് ഇതുപോലെ പരദൂഷണ ടീം… നമ്മൾ മിണ്ടാതെ ഇരിക്കും തോറും ഇവരുടെ കളിയാക്കലും, കുറ്റപ്പെടുത്തലും കൂടി വരും, ഇടയ്ക്ക് ഇതുപോലെ ഒരു ടോസ് നല്ലതാണ്, കുറച്ച് നാളെങ്കിലും ആ വായ് ഒന്ന് അടഞ്ഞിരിക്കും…”

എന്റെ മൗനം കണ്ടാണെന്ന് തോനുന്നു പുള്ളി അത് പറയുമ്പോൾ ഞാനും ശരിവച്ച് തലയാട്ടിയതെ ഉള്ളു…

” ഇതാണ് എന്റെ നമ്പർ, അമ്മയോട് സംസാരിച്ചിട്ട് എന്താണെന്ന് വച്ചാൽ വിളിച്ച് അറിയിക്കണം കേട്ടോ…”

പോക്കറ്റിൽ നിന്ന് നമ്പർ എഴുതിയ പേപ്പർ എനിക്ക് നേരെ നീട്ടി പുള്ളി പറഞ്ഞു…

” ഇതെന്താ ഫോൻ നമ്പർ എഴുതി വച്ചുകൊണ്ട് നടക്കുകയാണോ….”

പേപ്പർ വാങ്ങി നമ്പർ നോക്കികൊണ്ടാണ് ചോദിച്ചത്…

” അത് എന്താന്ന് വച്ചാൽ പെട്ടെന്ന് ആരേലും ഫോൻ നമ്പർ ചോദിക്കുമ്പോ ഞാൻ പെട്ടെന്ന് മറന്ന് പോകും, ഇതാകുമ്പോൾ ആ പ്രശ്നം ഇല്ല….”

പുള്ളി പറയുമ്പോൾ ഞാൻ ചിരിച്ചു പോയി….

” അതേ ആ മായയെ കണ്ടിട്ട് ഇഷ്ടമായോ…”

മറ്റൊന്നും പറയാൻ ഇല്ലാതെ പുള്ളി പോകാൻ തിരിയുമ്പോഴാണ് അത് ചോദിച്ചത്….

” കണ്ടിട്ട് വല്യ തരക്കേടില്ല, ഇനി അവരുടെ അഭിപ്രായം കൂടി അറിയട്ടെ…”

പുള്ളി അത് പറയുമ്പോൾ ഉള്ളിൽ എവിടെയൊക്കെയോ ചെറിയ സങ്കടം വരുന്നത് ഞാൻ അറിഞ്ഞു…

” അവളുടെ സ്വഭാവം അത്ര നല്ലത് ഒന്നും അല്ല, ഒന്ന് രണ്ട് ഓട്ടോക്കരുമായി ചില ചുറ്റിക്കളികളൊക്കെ ഉണ്ടായിരുന്നു…. ഒന്നൂടെ ഒന്ന് ആലോചിച്ചിട്ട് മതി കേട്ടോ….”

ഉള്ളിൽ ഉള്ള സങ്കടം ആണോ കുശുമ്പ് ആണോ എന്നറിയില്ല എന്നെ കൊണ്ട് അങ്ങനെ പറയിപ്പിച്ചത്….

” അല്ലെ തന്നെ നല്ലവരായി ആരാണ് ഉള്ളത്, പിന്നെ കല്യാണത്തിന് മുൻപ് എല്ലാവർക്കും കാണും ചെറിയ ചുറ്റിക്കളികളൊക്കെ, കല്യണം കഴിഞ്ഞ് എങ്ങനെ ജീവിക്കുന്നു എന്ന് നോക്കിയാൽ പോരെ….”

ഉള്ളിൽ ഒരു ചിരി ഒളിപ്പിച്ച് പുള്ളി അത് പറയുമ്പോൾ, ഹോ ഇങ്ങേരൊക്കെ ഏത് നന്മരം ആണെന്ന് മനസ്സിൽ തോന്നി, പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ലാത്തത് കൊണ്ട് മിണ്ടാതെ നിന്നെയുള്ളൂ….

പുള്ളി യാത്ര പറഞ്ഞ് പോകുമ്പോൾ അത്രമേൽ പ്രീയപ്പെട്ടൊരാൾ പോകുന്നത് പോലെ ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ ഉണ്ടായെങ്കിലും പുറത്ത് കാണിച്ചി രുന്നില്ല, വേലിക്കപ്പുറം ഇടവഴിയിലേക്ക് ഇറങ്ങും മുന്നേ അയാൾ ഒന്ന് കൂടി തിരിഞ്ഞു നോക്കിയിരുന്നു എന്നെ, അയാൾ എന്നെ നോക്കി പുഞ്ചിരിക്കുമ്പോൾ എന്നിൽ നിന്നും അറിയാതെ ഒരു പുഞ്ചിരി പുറത്തേക്ക് വന്നു…

” കൊള്ളാം അല്ലേടി,…”

മുറ്റത്ത് നിന്ന് വീട്ടിലേക്ക് കയറുമ്പോഴാണ് ഉമ്മറത്ത് നിന്ന് അമ്മ പറഞ്ഞത്, ഞാൻ അതിനൊന്ന് മൂളിയതെ ഉള്ളൂ. കയ്യിൽ ഉണ്ടായിരുന്ന അയാളുടെ ഫോൻ നമ്പർ എഴുതിയ പേപ്പർ അമ്മയുടെ കയ്യിൽ ഏൽപ്പിച്ച് ഉള്ളിലേക്ക് കയറി പോകുമ്പോൾ മനസ്സിൽ ഒരു സന്തോഷം ഉണ്ടായിരുന്നു…

പിന്നെ രണ്ട് ദിവസം കഴിഞ്ഞാണ് അമ്മയ്ക്ക് ബിപി കൂടിയതും ആശുപത്രിയിൽ അയതും, അതിനിടയ്ക്ക് എപ്പോഴോ അന്ന് കാണാൻ വന്ന ആളിനെയും ആലോചനയും സൗകര്യ പൂർവ്വം മറക്കുക ആയിരുന്നു. എങ്കിലും മനസ്സിന്റെ ഉള്ളിൽ എവിടെയോ ഒരു പ്രതീക്ഷയുടെ തിരി നാളം ഉണ്ടായിരുന്നു…

പിന്നെയും മാസങ്ങൾ കടന്ന് പോയി, മാസത്തിൽ ഉള്ള ചെക്കപ്പിനായി അമ്മയെയും കൂട്ടി ആശുപത്രിയിൽ ഡോക്ടറുടെ റൂമിന്റെ പുറത്ത് നിൽക്കു മ്പോഴാണ് അയാളെ വീണ്ടും കാണുന്നത്. ആശുപത്രിയിലെ റിസപ്ഷനിൽ പോക്കറ്റിൽ നിന്ന് എടുത്ത തുണ്ട് പേപ്പർ നോക്കി റിസപ്ഷനിലെ സ്ത്രീയോട് എന്തോ പറയുന്നതും, പിന്നെ പേപ്പർ മടക്കി പോക്കറ്റിൽ ഇടുകയും, പിന്നെയും അവരോട് എന്തൊക്കെയോ പറയുന്നതിനോപ്പും പുറകിലെ കേസരയിൽ ഇരിക്കുന്നവർക്ക് ഇടയിലേക്ക് നോക്കുകയും ചെയ്യുന്നുണ്ട്…

അൽപ്പം കഴിഞ്ഞ് അയാൾ കസേരയിൽ വന്ന് ഇരിക്കുകയും അടുത്ത് ഇരിക്കുന്ന സ്ത്രീയോട് സംസാരിക്കുന്നതും കണ്ടു, തല തിരിച്ചും മറിച്ചും നോക്കിയിട്ടും ആ സ്ത്രീയുടെ മുഖം മാത്രം കാണാൻ പറ്റിയില്ല, അപ്പോഴേക്കും ഡോക്ടറിന്റെ മുറിയിൽ നിന്ന് ഇറങ്ങി വന്ന നേഴ്‌സ് അമ്മയുടെ പേര് വിളിച്ചു. അമ്മയ്ക്കൊപ്പം ഡോക്ടറിന്റെ മുറിയിൽ കയറുമ്പോഴും അയാൾക്കൊപ്പം ഇരിക്കുന്ന സ്ത്രീയുടെ മുഖം കാണാൻ ശ്രമിച്ചു എങ്കിലും കാണാൻ പറ്റിയിരുന്നില്ല…

അമ്മയുടെ ടെസ്റ്റ് റിസൾട്ട് ഡോക്ടറിന് കൊടുക്കുമ്പോഴും, അമ്മയോട്‌ ഡോക്ടർ കാര്യങ്ങൾ തിരക്കി ഓരോന്ന് പറയുമ്പോഴും എന്റെ മനസിൽ അയാളെയും സ്ത്രീയെയും കുറിച്ചുള്ള ചിന്തകൾ ആയിരുന്നു…

ഡോക്ടറിന്റെ മുറിയിൽ നിന്ന് ഇറങ്ങി, അമ്മയെ കസേരയിൽ ഇരുത്തി മരുന്ന് വാങ്ങാൻ വേഗം നടക്കുമ്പോഴും കണ്ണുകൾ അയാളിലേക്ക് ആയിരുന്നു. തിരക്ക് പിടിച്ച് ആൾക്കാർ പോകുന്ന ആ വരാന്തയിലൂടെ ഞാനും നടന്നു, കുറച് അകലെ നിന്ന് തന്നെ അയാൾക്ക് അരുകിൽ ഇരിക്കുന്ന വയർ വീർത്ത ആ സ്ത്രീയുടെ മുഖം തെളിഞ്ഞു വന്നു….

അവൾ തന്നെ മായ, അമ്മ ആശുപത്രിയിൽ കിടന്നിരുന്ന സമയത്ത് മായയുടെ കല്യാണം അറിഞ്ഞിരുന്നു എങ്കിലും അത് ഇയാൾ ആകുമെന്ന് കരുതിയിരുന്നില്ല. വീർത്ത അവളുടെ വയറിൽ കൈ വച്ച് അയാൾ എന്തോ പറയുകയും അവൾ ചിരിക്കുകയും ചെയ്യുന്നുണ്ട്. ആൾക്കാരുടെ ഇടയിൽ കൂടി തിരക്ക്പിടിച്ച് ഞാനും നടക്കുമ്പോൾ ഇടയ്ക്ക് എപ്പോഴോ നമ്മുടെ കണ്ണുകൾ തമ്മിൽ ഉടക്കിയിരുന്നു,,,,

ഒരു ചിരിയോടെ അയാളും മറു ചിരിയോടെ ഞാനും നടന്നു. അന്നെന്റെ ചിരിക്ക് എവിടെയൊക്കെയോ ഒരു നഷ്ടത്തിന്റെ വേദന ഉണ്ടായിരുന്നു