പിന്നെ അവനു സ്വയം നിയന്ത്രിക്കാൻ ആയില്ല. അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ അമർന്നു

മൂക്കുത്തി പെണ്ണ് – രചന: Smitha S Kuttinath

കൗസല്യ സുപ്രജ രാമ പൂർവ സന്ധ്യാ പ്രവർത്തതെ…

അഭയ് ടെ ഫോണിലെ അലാറം ടൂൺ ആണ്. ജോലി ഗൾഫിൽ ആണെങ്കിലും അഭയ് ന് നാടാണ് ഇഷ്ടം. രാവിലെ എഴുന്നേൽക്കുമ്പോൾ ഉള്ള കിളികളുടെ ബഹളവും തൊട്ടടുത്ത ശ്രീകൃഷ്ണക്ഷേത്രത്തിൽ നിന്നുള്ള ഭക്തിനിർഭരമായ ഗാനങ്ങളും ഒക്കെ കേട്ട് ഉണരുക. അതാണ് അഭയ് ന് ഇഷ്ടം.

ഒരു സ്കൂൾ മാഷായ അച്ഛന് മക്കളുടെ പഠന കാര്യങ്ങൾക്ക് കടക്കാരൻ ആകേണ്ടി വന്നപ്പോൾ അവന് മനസ്സിലെ ആഗ്രഹങ്ങൾ ഒക്കെ മാറ്റി വെച്ച് ആ മരുഭൂമിയിലെ അന്തേവാസി ആകേണ്ടി വന്നു. അലാറം കേട്ട് അഭയ് അത് ഓഫ് ചെയ്ത് വീണ്ടും തിരിഞ്ഞു കിടന്നുറങ്ങാൻ തുടങ്ങി.

ഇങ്ങനെ പിന്നേം കിടന്ന് ഉറങ്ങാൻ ആണെങ്കിൽ എന്തിനാടാ അലാറം വെക്കുന്നത്…അഭയ് ടെ അമ്മയാണ് ശാരദാമ്മ.

അഭയ് നാട്ടിൽ വന്നതിനു ശേഷം ഇത് പതിവാണ്. രാവിലെ ഉള്ള ഈ അലാറം. എന്തിനാ അലാറം വെക്കുന്നത് എന്ന് ചോദിച്ചാൽ അവൻ പറയും, ഗൾഫ് ഇൽ ഉള്ളപ്പോ ശീലിച്ചതാണ് ന്നു. നാട്ടിൽ വരുമ്പോഴും രാവിലെ അത് കേട്ടില്ലെങ്കിൽ അവനു എന്താണ്ടൊക്കെ സംഭവിക്കും പോലും. എന്തായാലും വീട്ടിലുള്ള ബാക്കി ഉള്ളവർക്ക് ഇത് ഒരു തലവേദന ആയി മാറി. അവരും എഴുന്നേറ്റ് പോകും അത് കേൾക്കുമ്പോൾ.

ഏറ്റവും വലിയ പാര ആയത് അവന്റെ അനിയത്തിക്ക് ആണ്, അനുപമ. എല്ലാവരും അനു എന്ന് വിളിക്കും. പ്ലസ് വൺ ന് പഠിക്കുന്ന അവള് രാത്രി പഠിത്തം ഒക്കെ കഴിഞ്ഞു കിടക്കുന്നത് തന്നെ വളരെ വൈകി ആയിരിക്കും. അപ്പോഴാണ് ഈ അതിരാവിലെ ഉള്ള അലാറം.

അമ്മയുടെ ശകാരം കേട്ടിട്ടും അഭയ് ന് ഒരനക്കവും ഇല്ല. പിന്നെയും പുതപ്പ് വലിച്ച് പുതച്ച് മൂടി കിടക്കാൻ തുടങ്ങി. പെട്ടെന്നാണ്, “അയ്യോ” എന്ന് ഉറക്കെ നിലവിളിചോണ്ട് അഭയ് ബെഡിൽ നിന്നും ചാടി എണീറ്റു. നോക്കിയപ്പോ അവൻ ഫുൾ വെള്ളത്തിൽ കുളിച്ചു നിൽക്കുന്നു.

അവൻ നോക്കുമ്പോൾ അനു സംഹരാരുദ്രയെ പോലെ മുടി ഒക്കെ പിരിച്ചിട്ട് അവന്റെ മുൻപിൽ ഒരു കുഞ്ഞു ബക്കറ്റ് ഒക്കെ എടുത്തിട്ട് നിക്കുന്നു.

“നിനക്കെന്താ ഡീ ഭ്രാന്ത് പിടിച്ചോ” അനുവും നല്ല ദേഷ്യത്തില് ആയിരുന്നു.

” പിന്നല്ലാതെ, മനുഷ്യനെ കിടത്തി ഉറക്കുലല്ലോ, ഒരു ഒടുക്കത്തെ അലാറം. എവിടെ ആ ഫോൺ, ഞാൻ ഇന്ന് അത് തല്ലി പൊട്ടിക്കുന്നുണ്ട്. അവള് അതും പറഞ്ഞു ഫോൺ എടുത്തു കൊണ്ട് ഓടി. അഭയ് പുറകെയും.

നിക്കടി അവിടെ, നിന്നെ ഞാൻ ഇന്ന് ശരിയാക്കുന്നുണ്ട്.

അനു എവിടെ കേൾക്കാൻ, അവള് ശരം വിട്ട പോലെ അല്ലേ ഓടുന്നത്. അഭയ് ന് അവളുടെ ഒപ്പം എത്താൻ പറ്റുന്നില്ല.

നീ എന്താ ഡീ പി.റ്റി. ഉഷ ക്ക് പഠിക്കുക്യാണോ, എന്നാ ഓട്ടവാ..നിക്കെടീ.

ഓടി കൊണ്ടിരുന്ന അനു പെട്ടെന്ന് സഡൻ ബ്രേക്ക് ഇട്ട പോലെ ഒരൊറ്റ നിൽപ്പ്. അഭയ് യും അവിടെ നിന്നു. പതുക്കെ എത്തി വലിഞ്ഞു നോക്കുമ്പോൾ അനുവിന്റെ മുമ്പിൽ അച്ഛൻ. അനുവിന്റെ നിൽപ്പ് കണ്ടപ്പോൾ അവനു ചിരി വന്നു. പേടിച്ച് വിറച്ചാ നിൽക്കുന്നത് അവള്.

ശേഖരൻ മാഷ്, സ്കൂൾ ലെ പോലെ തന്നെ വീട്ടിലും നല്ല കർക്കശക്കാരൻ ആണ്. മക്കൾ രണ്ടാൾക്കും ഇപ്പോഴും നല്ല പേടിയാണ് അച്ഛനെ.

എന്താ അനു ഇങ്ങനെ ഓടുന്നത്. ഒന്നുമില്ല അച്ച ഞാൻ വെറുതെ..അതും പറഞ്ഞ് അനു അവിടെ നിന്ന് പരുങ്ങി.

“ഉം” മാഷ് അകത്തേക്ക് പോയി. ആ തക്കത്തിന് അഭയ് പുറകിൽ കൂടെ വന്നു ഫോൺ കൈക്കലാക്കി. എന്നിട്ട് അവളുടെ മുഖത്ത് നോക്കി ഓരോ ഗോഷ്ട്ടി കാണിക്കാൻ തുടങ്ങി.

അനു, അവനെ നോക്കി കണ്ണുരുട്ടി. എന്നിട്ട് അവന്റെ ചെവിയിൽ വന്നു പറഞ്ഞു.

ഡാ ചേട്ടാ, നിനക്ക് ഒരിക്കലും മുക്കുത്തി ഇട്ട പെണ്ണിനെ കിട്ടില്ല, നോക്കിക്കോ…അവള് അതും പറഞ്ഞു അകത്തേക്ക് ഓടി പോയി.

അഭയ് ഒരു നിമിഷം ഞെട്ടി അങ്ങനെ നിന്ന് പോയി. ഇവൾ പറഞ്ഞ പോലെ എങ്ങാനും സംഭവിക്കുമോ ഭഗവാനെ…എയ്‌, അങ്ങനെ വരാൻ വഴിയില്ല. മുക്കുത്തി ഇട്ട പെണ്ണിനെ കിട്ടിയില്ലെങ്കിൽ കെട്ടി കൊണ്ട് വന്ന് മൂക്ക് കുത്തിക്കും. അല്ല പിന്നെ, എന്നോടാ കളി…

അഭയ് ടെ ഏറ്റവും വലിയ ആഗ്രഹം ആണ് അത്. ഒരു മുക്കുത്തി ഇട്ട പെണ്ണിനെ വിവാഹം കഴിക്കണം എന്ന്. നിങ്ങള് ഓർക്കുന്നുണ്ടാകും ഇങ്ങനെയും ആഗ്രഹമോ എന്ന്. എന്തായാലും, നമ്മുടെ കഥാനായകന് അങ്ങനെ ഒരു പെണ്ണിനെ കിട്ടുമോ എന്ന് നോക്കാം ലെ…

എടാ, നിന്ന് കിനാവ് കാണാതെ വേഗം റെഡി ആകാൻ നോക്ക്. കുറച്ച് ദൂരം ഉണ്ട് ന്നാ ശിവരാമൻ നായർ പറഞ്ഞത്. ഉച്ച ഒക്കെ ആകും ത്രേ എത്താൻ….അഭയ് ടെ അമ്മയാണ്.

പെണ്ണുകാണാൻ പോകാൻ റെഡി ആകാൻ പറയുകയാ. അഭയ് ടെ ആദ്യത്തെ പെണ്ണ് കാണൽ ആണ് ഇത്. അവൻ വേഗം കുളിച്ച് ഒരു ലൈറ്റ് ബ്ലൂ കളർ ഷർട്ടും ബ്ളാക് പാന്റും ഒക്കെ ഇട്ട് അടിപൊളി ആയി വന്നു.

അമ്മ, ഞാൻ റെഡി ആയി. ആ ബ്രോക്കർ വന്നോ…?

എടാ, അങ്ങനെ വിളിക്കാതെ. അയാൾക്ക് അത് കേൾക്കുന്നത് തന്നെ ദേഷ്യമാ…

പിന്നെ ബ്രോക്കറെ അങ്ങനെ അല്ലാതെ അമ്മാവാ ന്നു വിളിക്കണോ…അല്ല പിന്നെ…

നീ അയാളെ ശിവേട്ടാ ന്നു വിളിച്ചാൽ മതി. അതാണ് അയാൾക്ക് ഇഷ്ടം…

ഓ, ആയികൊട്ടെ അങ്ങനെ തന്നെ വിളിചോളാം….ഹൊ, ബ്രോക്കർ ക്കൊക്കെ എന്നാ ഡിമാന്റാ…

അഭയ് മോൻ റെഡി ആയോ. എന്റമ്മോ ഇങ്ങേരു അടുത്ത കാലത്തൊന്നും തട്ടി പോകില്ല. ഒടുക്കത്തെ ആയുസാ. പറഞ്ഞ് നാവ് വായിലിട്ടില്ല അപ്പോഴേക്കും എത്തിയല്ലോ നമ്മടെ ബ്രോക്കർ ചേട്ടൻ. അയ്യോ അല്ല സിവേട്ടൻ…

അമ്മ അവനെ നോക്കി കണ്ണുരുട്ടി. അവൻ പതുക്കെ അവിടുന്ന് സ്‌കൂട് ആയി. ഇല്ലേൽ അമ്മടെ തനി സ്വഭാവം എടുക്കും ന്നു അവനു മനസ്സിലായി. അവൻ നേരെ ശിവരാമൻ നായർ ടെ അടുത്തേക്ക് പോയി. അയാള് അവിടെ വരാന്തയിൽ ഇരിക്കുന്നുണ്ടായിരുന്നു. പേപ്പർ വായിച്ചോണ്ട് ഇരിക്കുകയാണ്. അഭയ് നേ കണ്ടപ്പോൾ പതുക്കെ പേപ്പർ ന്നു തല ഉയർത്തി അവനെ നോക്കി.

വരൂ ശിവേട്ട, കഴിക്കാം. എന്നിട്ട് ഇറങ്ങാം.

മോൻ കഴിച്ചോളൂ. ഞാൻ കഴിച്ചിട്ടാ ഇറങ്ങിയത്.

എന്നാ ഒരു ചായ കുടിക്കാം. വരൂ.

അങ്ങനെ ചായ കൂടി ഒക്കെ കഴിഞ്ഞു രണ്ടാളും ഇറങ്ങി. വഴിയിൽ അഭയ് ടെ ഒരു കൂട്ടുകാരനും കയറി….രാഹുൽ. രാഹുലും അഭയും സ്കൂൾ തൊട്ടുള്ള സൗഹൃദം ആണ്. രാഹുൽ നാട്ടിൽ തന്നെ ഒരു ബാങ്കിൽ ജോലി ചെയ്യുന്നു. അങ്ങനെ അവർ ഒരു 12 മണി ആയപ്പോഴേക്കും ആ വീട്ടിൽ എത്തി.

ഒരു രണ്ട് നില കെട്ടിടം, മുമ്പിൽ തന്നെ ഒരു കുഞ്ഞു പൂന്തോട്ടം. അതിൽ പുല്ലുകൾ നല്ല ഭംഗിയിൽ വെട്ടി വെച്ചിരിക്കുന്നു. അതിൽ ഒരു കുഞ്ഞു ഊഞ്ഞാൽ. രണ്ടു പേർക്ക് ഇരിക്കാവുന്ന ഇരുമ്പ് ചങ്ങല ഉള്ള ഒരു ഊഞ്ഞാൽ. കാറിൽ നിന്ന് ഇറങ്ങിയപ്പോൾ വീടിന്റെ മുമ്പിൽ ഒരു പ്രായം ആയ ഒരാള് നിൽക്കുന്നു. പെണ്ണിന്റെ അച്ഛൻ ആയിരിക്കും.

അയാള് ഹൃദ്യമായി ചിരിച്ച് കൊണ്ട് അവരെ അകത്തേക്ക് ക്ഷണിച്ചു. അവർ നേരെ ഹാളിൽ ഉള്ള സെറ്റിയിൽ പോയി ഇരുന്നു. അപ്പോഴേക്കും ഒരാള് അകത്ത് നിന്ന് വന്നു എല്ലാർക്കും കൈ കൊടുത്ത്, പെണ്ണിന്റെ ഏട്ടൻ ആണ് ന്നു സ്വയം പരിചയപ്പെടുത്തി. പിന്നെ അവിടെ സാധാരണ നടക്കുന്ന പരിചയപ്പെടൽ ഒക്കെ തകൃതി ആയി നടന്നു. പിന്നെ പെണ്ണിനെ വിളിക്കാൻ അച്ഛൻ ഉള്ളിലേക്ക് നോക്കി പറയുന്നു.

കുറച്ച് കഴിഞ്ഞപ്പോ പെണ്ണിന്റെ അമ്മ കയ്യിൽ ചായ കപ്പോക്കെ ആയി വന്നു. കൂടെ പെൺകുട്ടിയും. അഭയ് തല ഉയർത്തി നോക്കി.

ഇതവളല്ലെ….?

അത് കേട്ട് രാഹുൽ അവനെ നോക്കി. എന്നിട്ട് അവന്റെ കാലിനിട്ട്‌ ഒരു ചവിട്ടും കൊടുത്തു. അപ്പോഴാണ് അവനു സ്ഥലകാല ബോധം വന്നത്. അവളും കുറച്ച് നേരത്തിന് അവനെ തന്നെ നോക്കി നിന്നു പോയി. ആ മുഖത്ത് ഞെട്ടൽ പ്രകടമായിരുന്നു. എല്ലാ പെണ്ണുകാണൽ ചടങ്ങിലും ഉള്ള പോലെ ചെക്കനെയും പെണ്ണിനെയും തനിച്ച് സംസാരിക്കാൻ വിട്ടു. അഭയ് ആ പെൺകുട്ടിയുടെ കൂടെ അവളുടെ റൂമിലേക്ക് നടന്നു.

നല്ല ഭംഗിയിൽ വെച്ചിരിക്കുന്നു ആ മുറി. കുറച്ച് വലിയ മുറിയാണ് അത്. ഒരു വശത്ത് വലിയ കട്ടിലും മറു ഭാഗത്ത് ഒരു ടേബിൾ. പിന്നെ ഒരു വലിയ ഷെൽഫ്. അതിൽ നിറയെ ബുക്കുകൾ അടുക്കി വെച്ചിരിക്കുന്നു. ചുമരിൽ കൃഷ്ണന്റെയും രാധയുടെയും ഒരു ചിത്രം തൂക്കിയിട്ടിരിക്കുന്നു. രണ്ടു ചെയറുകൾ ഉണ്ടായിരുന്നു. അതിൽ ഒന്നിൽ ചൂണ്ടി കാണിച്ച് അതിൽ ഇരിക്കാൻ പറഞ്ഞപ്പോൾ അഭയ് ഒന്ന് ചിരിച്ച് കൊണ്ട് അതിൽ ഇരുന്നു. അവളും അതിന്റെ അടുത്തുള്ള ചെയറിൽ ഇരുന്നു.

എന്താ പേര്…?

ഗൗരി….

നമ്മൾ ഇതിന് മുമ്പ് കണ്ടിട്ടുണ്ട്. ഓർമയുണ്ടോ ഗൗരിക്ക്‌…?

അതേ. ഗുരുവായൂർ വെച്ച്. ദർശനത്തിന് ആയി നിന്നപ്പോൾ. ഞാനും അമ്മയും ആണ് അന്ന് വന്നത്. അമ്മമാർ നല്ല കൂട്ടാവുകയും ചെയ്തു. പക്ഷേ ഇങ്ങനെ ഒരു പെണ്ണുകാണൽ ഞാൻ പ്രതീക്ഷിച്ചില്ല. അമ്മ എന്നോട് പറഞ്ഞില്ല.

അന്ന് മൂക്കുത്തി ഉണ്ടായിരുന്നല്ലോ. എന്താ ഇപ്പോ ഇടാഞ്ഞത്.

ഞാൻ മൂക്ക് കുത്തിയിട്ടില്ല. അത് അമ്മ നിർബന്ധിച്ചപ്പോൾ വെച്ചതാണ്. ഇപ്പൊ കടയിലെല്ലാം കിട്ടുമല്ലോ പ്രസ് ചെയ്തത് വേക്കുന്നതരം മൂക്കുത്തി. അതായിരുന്നു അത്. ശരിക്കും എനിക്ക് പേടിയാ മൂക്ക് കുത്താൻ. എന്തൊരു വേദന ആയിരിക്കും ന്നു അറിയോ. എന്റെ ഒരു കൂട്ടുകാരി കുത്തിയിട്ട്‌ ഞാൻ കണ്ടതാ. ഭയങ്കര കഷ്ടമാ. അവള് അത് ഊരി വെച്ച്. അത് നല്ല ബുദ്ധിമുട്ടാണ്. വിചാരിക്കുന്ന പോലെ അത്ര ഈസി അല്ല അത് ഇടുന്നത്.

അഭയ് ടെ മനസ്സിലെ ചീട്ട് കൊട്ടാരം തകർന്നു തവിട് പൊടി ആയിന്നു പറഞ്ഞാൽ മതി അല്ലോ. ഗുരുവായൂർ വെച്ച് കണ്ടപ്പോഴേ അവന്റെ മനസ്സിൽ കേറിയതായിരുന്നു അവള്. പക്ഷേ അവളെ പറ്റി കൂടുതൽ ഒന്നും അറിയാൻ കഴിയാതിരുന്നത് കൊണ്ട് അവൻ അധികം മനസ്സിൽ വെച്ച് കിനാവ് കാണാൻ നിന്നില്ല. പിന്നെ അവർ തമ്മിൽ വേറെയും കുറച്ച് സംസാരിച്ച്, അവർ അവിടെ നിന്നും ഇറങ്ങി.

തിരിച്ച് പോകുമ്പോൾ അഭയ്, രാഹുൽ നോട് അവളെ മുമ്പ് കണ്ട കാര്യങൾ ഒക്കെ പറഞ്ഞു. പക്ഷേ. മുക്കുത്തി പ്രശ്നം അവനെ വല്ലാതെ വിഷമിപ്പിച്ചു. പക്ഷേ അവളെ അവന് വലിയ ഇഷ്ടമായ സ്ഥിതിക്ക് അവളെ വിട്ട് കളയാനും അവന് തോന്നിയില്ല.

അതൊക്കെ അവളോട് പിന്നെ പറഞ്ഞു മനസ്സിലാക്കി പേടിയോക്കെ മാറ്റി കൊടുക്കാം ഡാ. തൽകാലം കല്യാണം നടക്കട്ടെ. നിനക്ക് അവളെ ഇഷ്ടമായ സ്ഥിതിക്ക് വിട്ട് കളയണ്ട. ഇതാണ് എന്റെ അഭിപ്രായം….രാഹുൽ പറഞ്ഞു നിർത്തി.

ഹും, അങ്ങനെ എങ്കിൽ അങ്ങനെ. കെട്ടികൊണ്ട് വന്ന് മൂക്ക് കുത്തിക്കാം…ഒരു ഗൂഢസ്മിതത്തോടെ അവൻ പറഞ്ഞു നിർത്തി.

അങ്ങനെ രാഹുൽ നെയും ശിവേട്ടനെയും വീട്ടിൽ ഇറക്കി അഭയ് തിരിച്ച് വീട്ടിൽ എത്തി. എല്ലാവരും അവനെ കാത്തിരിക്കുകയായിരുന്നു. അവൻ എല്ലാവരെയും ഒന്ന് നോക്കി കുറച്ച് ഗമയിൽ അവന്റെ മുറിയിലേക്ക് നടന്നു. അനിയത്തികുട്ടി പുറകെ ഉണ്ടായിരുന്നു. അവൻ അവളെ മൈൻഡ് ചെയ്തതേ ഇല്ല. അവള് പുറകെ കൂടി പോയി അവനെ പിടിച്ചു നേരെ നിർത്തി ചോദിച്ചു, ഇഷ്ടമായോ പെണ്ണിനെ….?

അവൻ അപ്പോ ഒന്നുടെ മസ്സിൽ പിടിച്ചു ഗമയിൽ തിരിഞ്ഞ് നടന്നു. ഒന്ന് പറയ് എന്റെ ഏട്ടാ….അവളുടെ ക്ഷമ കെട്ടു. അവൾടെ മുഖഭാവം മാറുന്നത് കണ്ടപ്പോ അവൻ പറഞ്ഞു ഇഷ്ടമായി ന്നു. ഇല്ലെങ്കിൽ അവിടെ മഹാഭാരത യുദ്ധം നടന്നെനെ ന്നു അവന് അറിയാമായിരുന്നു.

പിന്നെ അവൻ ഡ്രസ്സ് ഒക്കെ മാറ്റി നേരെ അമ്മയുടെ അടുത്ത് ചെന്നു. അമ്മേ, ആ പെൺകുട്ടിയെ നമ്മൾ ഗുരുവായൂർ വെച്ച് കണ്ടതല്ലേ, എന്നിട്ട് അമ്മ എന്താ പറയഞ്ഞത് ആ കുട്ടിയെ ആണ് ഞാൻ കാണാൻ പോകുന്നത് ന്നു. നിനക്ക് ഒരു സർപ്രൈസ് ആയിക്കൊട്ടെ ന്നു വിചാരിച്ചിട്ടാ, നിന്റെ മുഖം കണ്ടപ്പോഴേ എനിക്ക് മനസ്സിലായിരുന്നു നിനക്ക് അവളെ ഇഷ്ടമായി ന്നു. എനിക്കും.

ആ കുട്ടിയെ നല്ല ഇഷ്ടമായി. നല്ല പെരുമാറ്റം, മര്യാദയോടെ ഉള്ള സംസാരം. കാണാനും നല്ല ഭംഗി. അപ്പോ ഞാൻ ആ കുട്ടിയുടെ അമ്മയോട് അഡ്രസ്സ് ചോദിച്ചു വാങ്ങിയിരുന്നു.

ഹും, എന്ത് പറഞ്ഞിട്ടെന്താ മൂക്കുത്തി ഇല്ലല്ലോ…? അവൻ തിരിഞ്ഞു നിന്ന് ശബ്ദം താഴ്ത്തി പറഞ്ഞു. അത് കഷ്ടകാലത്തിന് അവന്റെ അനിയത്തി കുട്ടി കേട്ടു. പിന്നെ പറയണ്ടല്ലോ. അവള് അതും പറഞ്ഞു കുറെ കളിയാക്കി അവനെ. ഹൊ എന്നിട്ട് എന്റെ ഏട്ടൻ സമ്മതിക്കാൻ പോകുകയാണോ കല്യാണത്തിന്…കാക്ക മലർന്നു പറക്കുമല്ലോ…

അമ്മേ, ഈ പെണ്ണിനോട് മിണ്ടാതിരിക്കാൻ പറഞ്ഞെ. എന്റെ കയ്യിനു പണി ഉണ്ടാക്കി വേക്കല്ലെ ട്ടോ ഡീ കഴുതെ…പിന്നെ അവിടെ യുദ്ധം ആയിരുന്നു രണ്ടും കൂടി. അമ്മ അടുക്കളയിൽ നിന്ന് രണ്ടിനം പുറത്താക്കി. രണ്ടിനും വയർ നിറച്ച് കിട്ടുകയും ചെയ്തു. പിന്നെ രണ്ടും രണ്ട് വഴിക്ക് പോയി.

അമ്മ നേരെ അച്ഛന്റെ അടുത്ത് പോയി കല്യാണ കാര്യം സംസാരിക്കാൻ. ഹൊ, എനിക്ക് മതിയായി, ഇൗ രണ്ടെണ്ണം കഴിഞ്ഞ ജന്മം കീരിയും പാമ്പും ആയിരുന്നൊന്നാ എന്റെ ബലമായ സംശയം. മതിയായി എന്റെ മാഷേ…മാഷ് അതും കേട്ട് ഒന്ന് ചിരിച്ചു. അത് കൊണ്ട് ഈ വീടിന് ഒരു അനക്കം എങ്കിലും ഉണ്ട്. അവൻ ഗൾഫ് ഇൽ ആയിരുന്നപ്പോൾ വീട് ഉറങ്ങിയത് പോലെ ആയിരുന്നു…അതും പറഞ്ഞു മാഷ് ഒന്ന് നെടുവീർപ്പിട്ടു.

അവനു പെൺകുട്ടിയെ ഇഷ്ടമായി ന്നാണ് പറഞ്ഞത്. നിങ്ങള് അവരുടെ വീട്ടിലേക്ക് വിളിച്ചൊന്നു സംസാരിക്കു. കുട്ടിക്ക് ഇവനെ ഇഷ്ടമായോ എന്ന് അറിയണമല്ലോ. എന്നിട്ട് ബാക്കി കാര്യങ്ങൾ സംസാരിക്കാം. പിറ്റേന്ന് രാവിലെ തന്നെ മാഷ് പെന്ന്‌കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് സംസാരിച്ചു. പെണ്ണിനും വീട്ടുകാർക്കും അഭയ് നെ ഇഷ്ടമായി എന്ന് അറിഞ്ഞപ്പോൾ മാഷ് അങ്ങോട്ടുമിങ്ങോട്ടും ഉള്ള വീടുകാണൽ നേ കുറിച്ച് സംസാരിച്ചു.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. അഭയ് ന് തിരിച്ച് പോകുന്നതിനു മുമ്പ് നിശ്ചയം നടത്തണം. കല്യാണം ഒരു വർഷത്തിനു ശേഷം. നിശ്ചയവും കല്യാണവും തമ്മിൽ ഉള്ള ദൈർഘ്യം ഒരുപാട് കൂടി എങ്കിലും, ഗൾഫ്‌കാർക്ക്‌ വേറെ വഴി ഇല്ലല്ലോ. അങ്ങനെ നിശ്ചയത്തിനുള്ള ഒരുക്കങ്ങൾ രണ്ടു വീട്ടിലും തകൃതിയായി നടന്നു.

അങ്ങനെ നിശ്ചയത്തിന്റെ തലെ ദിവസം, രണ്ടാളുടെയും വീട്ടിൽ എല്ലാ ബന്ധുക്കളും എത്തി. കല്യാണം ഒരു വർഷത്തിനു ശേഷം ആയതുകൊണ്ട് മിക്ക ബന്ധുക്കളും എത്തിയിരുന്നു. പിന്നെ വീട്ടിൽ ആകെ ബഹളമയം ആയിരുന്നു. രാത്രി എല്ലാവരും കിടക്കാൻ തന്നെ വൈകി. നിശ്ചയ ദിവസം എല്ലാവരും നേരത്തെ എഴുന്നേറ്റു. എല്ലാവരും റെഡി ആയി പെണ്ണിന്റെ വീട്ടിലേക്ക് പുറപ്പെട്ടു.

അഭയ് ഒരു മെറൂൺ കളർ കുർത്ത ആണ് ഇട്ടിരുന്നത്. അനുകുട്ടി ഒരു പിങ്ക് കളർ പട്ടുപാവാടയും ബ്ലൗസും. അതിൽ അവള് ഒരു സുന്ദരിക്കുട്ടി ആയി തിളങ്ങി. പെൺകുട്ടി യുടെ വീട്ടിൽ എത്തിയ ഉടൻ അനു “ഏടത്തി” എന്നും വിളിച്ചു കൊണ്ട് ഗൗരി യുടെ അടുത്തെത്തി. ഗൗരി, അഭയയുടെ കുർത്തയ്ക്ക്‌ ചേരുന്ന വിധമുള്ള ഒരു ഗാഗ്ര ചോളി ആയിരുന്നു ധരിച്ചിരുന്നത്. അതിനു ചേരുന്ന വിധമുള്ള ആഭരണങ്ങളും. ആ വേഷത്തിൽ അവള് അതീവ സുന്ദരി ആയിരുന്നു.

അനു, അവളുടെ അടുത്തെത്തി അവളെ നല്ലോണം ഒന്ന് നോക്കിയിട്ട്, അടിപൊളി ആയിട്ടുണ്ട് ലോ ഏടത്തി….ഏടത്തിക്ക് നന്നായി ചേരുന്നുണ്ട്…പിന്നെ, അവള് ഗൗരി ടെ ചെവിയിൽ ആയി പറഞ്ഞു. ഏട്ടൻ ആദ്യം നോക്കുന്നത് ഏടത്തി മൂക്കുത്തി ഇട്ടിട്ടുണ്ടോ എന്നായിരിക്കും. മുക്കുത്തിയിൽ മേൽ ആരോ കൈവിഷം ചെയ്തിട്ടുണ്ടോ എന്നാണ് എന്റെ ബലമായ സംശയം. അതും പറഞ്ഞു അനു ചിരിച്ചു. ഒപ്പം ഗൗരിയും.

പിന്നീട് ഗൗരി ഓർത്തു, അപ്പോ വെറുതെ അല്ല അന്ന് കാണാൻ വന്നപ്പോ മൂക്കുത്തിയെ കുറിച്ച് ചോദിച്ചത്. ഈ മൂക്കുത്തിയിൽ എന്താ ആവോ ഇത്ര പ്രത്യേകത. ഒരു പിടിയും കിട്ടുന്നില്ലല്ലോ കർത്താവേ, അല്ല ഭഗവതി…തന്റെ ആത്മഗതം ആരെങ്കിലും കേട്ടോ എന്നറിയാൻ ഗൗരി ഒന്ന് ചുറ്റിനും കണ്ണോടിച്ചു. ഭാഗ്യം ആരും കേട്ടില്ല.

വീടിന്റെ പുറത്തു ഒരു ചെറിയ പന്തൽ ഇട്ടിട്ടുണ്ട്. അവിടെ ആണ് ചടങ്ങ് നടത്താൻ പോകുന്നത്. അവിടെ കാരണവന്മാർ ഓരോ നിർദ്ദേശങ്ങൾ ഒക്കെ കൊടുത്ത് ഓടി നടക്കുന്നുണ്ട്. അങ്ങനെ ചടങ്ങ് തുടങ്ങി. പെണ്ണിന്റെ അച്ഛനും അമ്മയും, ചെക്കന്റെ അച്ഛനും അമ്മയും തട്ട്‌ കൈമാറി. ഇനി അടുത്തത് മോതിരം മാറ്റൽ ആണ്.

അതിനായി പെണ്ണിനെയും ചെറുക്കനെയും വിളിപ്പിച്ചു. ഗൗരിയെയും കൊണ്ട് അവളുടെ അമ്മായി വന്നു. അവള് പതുക്കെ തല ഉയർത്തി അഭയ് നേ നോക്കി ചിരിച്ചു. അഭയ് അപ്പോ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു. അവനും അവളെ നോക്കി ചിരിച്ചു. അങ്ങനെ മോതിരം മാറ്റൽ കഴിഞ്ഞു. പിന്നെ രണ്ടാൾക്കും മധുരം(കൽക്കണ്ടം) കൊടുത്തു.

പിന്നെ ഫോട്ടോ ഷൂട്ട് തുടങ്ങി. ഗൗരിയുടെ കൂട്ടുകാരും അഭയ് ടെ കൂട്ടുകാരും എല്ലാവരും മത്സരിച്ചു ഫോട്ടോ എടുക്കൽ ആയിരുന്നു. അനുകൂട്ടി, തന്റെ കൂട്ടുകാരികളെ ഗൌരിക്ക് പരിചയപെടുത്തി കൊടുത്തു. അവരെ നിർത്തി ഫോട്ടോയും എടുത്തു. പിന്നീട് അവരെ ഭക്ഷണം കഴിക്കാൻ വിളിച്ചു.

ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ അഭയ്, ഗൗരിയുടെ കാതിൽ പറഞ്ഞു, സുന്ദരിക്കുട്ടി ആയിട്ടുണ്ട് ട്ടോ… അത് കേട്ടപ്പോൾ അവളുടെ മുഖം നാണം കൊണ്ട് ചുവന്നു. ഇപ്പൊ കണ്ടാൽ ഒരു തുടുത്ത തക്കാളി പഴം പോലെ ഉണ്ട് അവളുടെ മുഖം. ഒരു മൂക്കുത്തി ടെ കുറവുണ്ട് ട്ടോ…അത് കേട്ടപ്പോൾ അവള് ഒന്ന് ഞെട്ടി.

ഭഗവതി അത് ഇനിയും വിട്ടില്ലെ, എന്റെ കാര്യം പോക്കായി എന്നാണ് തോന്നുന്നത്. അവള് പതുകെ അവന്റെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു, എന്നിട്ട് പറഞ്ഞു, എനിക്ക് മൂക്കുത്തി ഇഷ്ടമല്ല. പിന്നെ അഭയ് സംസാരം അധികം ദീർഘിപ്പിച്ചില്ല. എന്നാലും അവന്റെ മനസ്സിൽ അത് ഒരു കരടായി കിടന്നു. അവൻ മനസ്സിൽ ആലോചിച്ചു.

ഹും…ഞാൻ കുറച്ച് പാട് പെടും. എന്നാലും മൂക്കുത്തി കൂടെ ഇട്ടിരുന്നെങ്കിൽ എന്ത് ഭംഗി ഉണ്ടയെനെ അവളെ കാണാൻ. പെണ്ണിന് അങ്ങനെ വല്ല ബോധവും ഉണ്ടോ. പതുക്കെ പറഞ്ഞു സമ്മതിപ്പിക്കാം. കല്യാണത്തിന് മുംപ് മനസ്സ് മാറ്റിക്കണം അവളുടെ. ദൂരം കുറച്ച് ഉള്ളത് കൊണ്ട്, അഭയ് യും കൂട്ടരും സദ്യ ഉണ്ട് ഉടനെ തന്നെ തിരിച്ച് പോയി.

പോകുന്നതിനു മുമ്പ് അഭയ്, ഗൗരിയുടെ ഫോൺ നമ്പർ വാങ്ങിയിരുന്നു. അവളോട് ഫോൺ ചെയ്യാം എന്ന് പറഞ്ഞു അവിടുന്ന് ഇറങ്ങി. രാത്രിയോടെ അവർ ഒക്കെ വീട്ടിൽ എത്തി. പോകുന്ന വഴിയിൽ വീടുള്ളവരെ അവിടെ ഇറക്കി വിട്ടു. ദൂരേ ഉള്ള ബന്ധുക്കൾ പിറ്റെ ദിവസം പോകുന്നുള്ളു എന്ന് പറഞ്ഞു.

രാത്രി കുളി ഒക്കെ കഴിഞ്ഞു അഭയ്, ഗൗരിയെ വിളിച്ച് സംസാരിച്ചു. അവർ തിരിച്ചെത്തിയ വിവരം പറഞ്ഞു. അധികം സംസാരിക്കാൻ നിന്നില്ല അത്രക്ക് ഉറക്കം വരുന്നുണ്ടായിരുന്നു അവന്. നാളെ വിളിക്കാം എന്ന് പറഞ്ഞു, അവൻ വേഗം ഫോൺ വെച്ചു. ഭക്ഷണം വരുന്ന വഴിയിൽ ഹോട്ടൽ ലിൽ നിന്ന് കഴിച്ചിരുന്നു. എല്ലാവരും അന്നത്തെ യാത്രയുടെ ക്ഷീണം കാരണം വേഗം തന്നെ ഉറക്കത്തിലേക്ക് വഴുതി വീണു.

അഭയ് ന് ഇനി തിരിച്ച് പോകാൻ ഒരാഴ്ച കൂടി ഉള്ളൂ. അഭയ് യും ഗൗരിയും ദിവസവും കുറച്ച് നേരം ഫോണിൽ സംസാരിക്കും. അങ്ങനെ അവർ നല്ലോണം അടുത്തു. അഭയ് ന് ഒരു ദിവസം മുഴുവൻ ഗൗരിയുടെ കൂടെ സമയം ചിലവഴിക്കണം എന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നു. അവളെയും കൊണ്ട് എവിടെ എങ്കിലും ഒന്ന് കറങ്ങാൻ പോകണം. അവളും അവനും മാത്രം ആയുള്ള കുറച്ച് നിമിഷങ്ങൾ. അത്രയേ അവൻ ആഗ്രഹിച്ചുള്ളു.

ഇനി ഒരു വർഷം കഴിഞ്ഞാലേ കാണാൻ പറ്റുള്ളൂ ലോ. അവൻ അത് അമ്മയോട് പറഞ്ഞു. അപ്പോ അവർ ഗൗരിയുടെ അമ്മയോട് സംസാരിച്ചിട്ടു പറയാം എന്ന് പറഞ്ഞു. ഗൗരിയുടെ അമ്മയ്ക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല. അങ്ങനെ രണ്ടു വീട്ടുകാരുടെയും സമ്മത പ്രകാരം, അഭയ്, ഗൗരി യുടെ വീട്ടിൽ എത്തി.

അവന്റെ കാറിൽ ആയിരുന്നു വന്നത്. പുലർച്ചെ തന്നെ അവൻ പുറപ്പെട്ടു. അച്ഛനും അമ്മയും അവനെ സ്വീകരിച്ചിരുത്തി. കുറച്ച് കഴിഞ്ഞപ്പോൾ ഗൗരി ഒരു സുന്ദരിക്കുട്ടി ആയി ഒരുങ്ങി വന്നു. ഒരു പിങ്ക് കളർ ചുരിദാർ ആയിരുന്നു അവള് ഇട്ടിരുന്നത്. അത് അവൾക്ക് നല്ലോണം ചേരുന്നുണ്ടയിരുന്നു. അവർ പരസ്പരം നോക്കി ചിരിച്ചു.

രാവിലെ നേരത്തെ ഇറങ്ങിയത് കൊണ്ട് അവൻ ഒന്നും കഴിച്ചിരുന്നില്ല. ഗൗരിയുടെ അമ്മ അവരെ കഴിക്കാൻ വിളിച്ചു. എല്ലാവരും ഒരുമിച്ചിരുന്ന് കഴിച്ചു. കുറച്ച് കഴിഞ്ഞ് അവൻ ഗൌരിയോട് പറഞ്ഞു “ഇറങ്ങാം”. ഗൗരി ചിരിച്ചു കൊണ്ട് തല ആട്ടി. രണ്ടാളും യാത്ര പറഞ്ഞിറങ്ങി, കാറിൽ കേറി.

അവിടുന്ന് ഒരു മണിക്കൂർ ഉണ്ട് എറണാകുളം. തിരക്ക് പിടിച്ച നഗരം. ഷോപ്പിംഗ് കോംപ്ലക്സ്, കായൽ തീരം, തീയേറ്ററുകൾ അങ്ങനെ കറങ്ങാൻ പറ്റിയ സ്ഥലം. അവർ നേരെ ലുലുമാൾ ലേക്ക് ആണ് പോയത്. അവിടെ ഫുൾ കറങ്ങി. ഗൗരിക്ക് കുറച്ച് ചുരിദാർ എടുത്തു. കൂടെ അനുവിനും അവള് ഒന്ന് സെലക്ട് ചെയ്തു കൊടുത്തു. പിന്നെ അവിടെ നിന്ന് തന്നെ ഭക്ഷണം കഴിച്ചു. നേരെ തീയേറ്റർ ലേക്ക് പോയി. ടിക്കറ്റ് ഒക്കെ ഓൺലൈൻ ബുക്ക് ചെയ്തിരുന്നു അഭയ്. രണ്ടാളും മോഹൻലാൽ ഫാൻ ആയത് കൊണ്ട് ലാലേട്ടന്റെ ഒരു ഫിലിം ആണ് അവർ കണ്ടത്. അത് കഴിഞ്ഞ് രണ്ടാളും മറൈൻ ഡ്രൈവിലേക്ക് തിരിച്ചു.

വൈകുന്നേരം ഒരു അഞ്ച് മണി ഒക്കെ ആയിട്ടുണ്ടാകും. തിരക്ക് വരുന്നതെ ഉള്ളൂ. അവർ കൈകൾ കോർത്ത് പതുക്കെ നടന്നു. പിന്നെ അവിടെ കണ്ട ഒരു ബെഞ്ചിൽ ഇരുന്നു. അഭയ് അവളുടെ കണ്ണുകളിൽ നോക്കി ഇരുന്നു. അവളും അവന്റെ കണ്ണുകളിൽ നോക്കി. പക്ഷേ അവൾക്ക് അധിക നേരം അങ്ങനെ നോക്കാൻ കഴിഞ്ഞില്ല. അവള് പതുക്കെ കണ്ണുകൾ താഴ്ത്തി. അവളുടെ മുഖം നാണം കൊണ്ട് ചുമന്നു. അഭയ് ചെറു ചിരിയോടെ അവളുടെ മുഖം പിടിച്ചുയർത്തി.

പിന്നെ അവനു സ്വയം നിയന്ത്രിക്കാൻ ആയില്ല. അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ അമർന്നു. അവള് ഒരു ഞെട്ടലോടെ പെട്ടെന്ന് എണീറ്റു. അവനും ഒരു നിമിഷം വല്ലാതെ ആയി. ഗൗരി ശരിക്കും ഷോക്ക് ആയി. അവള് അങ്ങനെ ഒരു നീക്കം ഒട്ടും പ്രതീക്ഷിച്ചില്ല. നിശ്ചയം കഴിഞ്ഞതാണ് എന്നാലും കല്യാണം കഴിയാതെ ഇതൊക്കെ തെറ്റ് എന്നാണ് അവളുടെ നിലപാട്.

വീടിന്റെ അടുത്തുള്ള ഒരു ചേച്ചി, നിശ്ചയത്തിന് ശേഷം ഭാവി വരന്റെ ഒപ്പം പുറത്ത് കറക്കം ആയിരുന്നതും, ഹോട്ടൽ ലിൽ റൂം എടുത്തതും, പിന്നീട് ആ ചേച്ചി പ്രഗ്നെന്റ് ആയതും, പിന്നീട് അയാള് അവളുടെ സ്വഭാവം ചീത്ത ആണെന്നും ഒക്കെ പറഞ്ഞു ആ കല്യാണം ഒഴിവാക്കിയതും ഒക്കെ അവള് ഓർത്തു. അതുകൊണ്ട് തന്നെ അമ്മക്ക് പേടി ആയിരുന്നു കൂടെ അയക്കാൻ. പിന്നെ ഞാൻ അമ്മയെ കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു.

അവള് പതുക്കെ അഭയ് നേ നോക്കി. അവൻ കുറ്റ ബോധത്താൽ തലയും താഴ്ത്തി ഇരിക്കുകയായിരുന്നു. ഛെ, വേണ്ടായിരുന്നു. അവള് എന്ത് ഓർത്തു കാണും എന്നെ പറ്റി. കഷ്ടകാലത്തിന് എന്റെ കൺട്രോൾ പോയി. അല്ലെങ്കിലും ഇവൾ ഇങ്ങനെ ഒരു അപ്സരസ്സിനേ പോലെ എന്റെ അടുത്ത് ഇരിക്കുമ്പോൾ എങ്ങനെ കൺട്രോൾ പോകാതിരിക്കും. അവന്റെ ഇരുത്തം കണ്ടപ്പോ അവൾക്ക് മനസ്സ്‌ലായി അവനു ആകെ കുറ്റ ബോധം തോന്നുന്നുണ്ടാകും എന്ന്.

അവള് അവന്റെ അടുത്തിരുന്നു കൈകളിൽ കൈകോർത്തു. അവൻ അവളുടെ മുഖത്ത് നോക്കി ചിരിക്കാൻ ഒരു വിഫല ശ്രമം നടത്തി പരാജയപ്പെട്ടു. സോറി ഡാ..പെട്ടെന്ന് എന്റെ കൺട്രോൾ പോയി. അങ്ങനെ സംഭവിച്ചു. അവള് അവനെ നോക്കി ചിരിച്ചു.”സാരമില്ല”. അവന് സമാധാനമായി. എന്നിട്ട് ഒരു കുസൃതിചിരിയോടെ ചോദിച്ചു…എന്നാല് പിന്നെ ഒന്നൂടെ തരാലെ….അവള് അവന്റെ കയ്യിൽ ഒരു നുള്ള് വെച്ച് കൊടുത്തു.

അയ്യോ, ഈ പെങ്കൊച്ച് എന്നെ കൊല്ലുന്നെ…അത് കേട്ട് അവള് ഉറക്കെ ചിരിച്ചു. അഭയ് കുസൃതി കണ്ണോടെ അവളെ തന്നെ നോക്കി ഇരുന്നു. പിന്നെയും അവർ തമ്മിൽ കുറെ സംസാരിച്ചു. പക്ഷേ അവൻ ഒരിക്കൽ പോലും മുക്കുത്തിയെ കുറിച്ച് ഒന്നും ചോദിച്ചില്ല. ഗൗരി ആ ചോദ്യം പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒരു ഉത്തരം അവള് റെഡി ആക്കി വെച്ചിരുന്നു.

അഭയ് മനഃപൂർവം ചോദിക്കാതെ ഇരുന്നതാണ്. അവന് അറിയാമായിരുന്നു അവൾക്ക് മൂക്കുത്തിയോട് അത്ര താല്പര്യമില്ല എന്ന്. വെറുതെ ഒരു ദിവസം കുളമാക്കണ്ട എന്ന് കരുതി അതിനെ പറ്റി ഒന്നും ചോദിക്കാതെ ഇരുന്നതാണ്. സന്ധ്യ ആയതോടെ അവർ എഴുന്നേറ്റു. അഭയ് അവളെ അവളുടെ വീട്ടിൽ കൊണ്ട് ചെന്നാക്കി. അവിടെ അധികം നിന്നില്ല. നിന്നാൽ തിരിച്ച് വീട്ടിൽ എത്താൻ വളരെ വൈകും. വീട്ടിൽ എത്തിയിട്ട് വിളിക്കാം എന്ന് പറഞ്ഞു അവൻ അവിടെ നിന്നും ഇറങ്ങി.

ഇനി അഭയ് നി തിരിച്ചു പോകാൻ വെറും അഞ്ച് ദിവസങ്ങൾ മാത്രം. ദിവസവും ഇടക്കിടക്ക് ഗൗരിയും അഭയ് യും സംസാരിക്കും ഫോണിൽ. അങ്ങനെ രണ്ടാളും നല്ലോണം അടുത്തു. തിരിച്ച് പോകുന്ന ദിവസം അഭയ് അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോയി തൊഴുതു വന്ന്, പോകാൻ റെഡി ആയി. രാഹുലും വന്നിരുന്നു. രണ്ടാളും അവിടെ കുറച്ച് നേരം സംസാരിച്ചു നിന്നു. അപ്പോഴേക്കും എല്ലാവരും റെഡി ആയി വന്നു. പിന്നെ എല്ലാരും കൂടി യാത്ര ആയി.

ഗൗരിയും കുടുംബവും നേരെ എയർപോർട്ടിൽ എത്താം എന്നാണ് പറഞ്ഞത്. അവർ എത്തി കഴിഞ്ഞാണ് അഭയ് യും കുടുംബവും എത്തിയത്. ഗൗരിയെയും അഭയ് നേയും തനിച്ചാക്കി അവരൊക്കെ കുറച്ച് മാറി നിന്നു. അഭയ് അവളുടെ മുഖത്തേക്ക് നോക്കി നിന്നു. അവള് അപ്പോ വേറെ എവിടേക്കോ നോക്കി നിൽക്കുകയായിരുന്നു. അവളുടെ മുഖത്ത് വിഷമം നിറഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ അവനും സങ്കടമായി.

അവൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു.വിഷമം ഉണ്ടോ ഗൌരികുട്ടിക്ക്‌….? അവള് പതുക്കെ അവന്റെ മുഖത്ത് നോക്കി ചിരിച്ച് കൊണ്ട് തല ആട്ടി. ഇനി ഒരു വർഷം കഴിയണ്ടെ ഒന്ന് കാണണം എങ്കിൽ…അഭയ് പറഞ്ഞു… അതൊക്കെ പെട്ടെന്ന് കഴിയും. അപ്പോഴേക്കും നീ നിന്റെ ഡിഗ്രീ കംപ്ലീറ്റ് ചെയ്യുമല്ലോ.

സമയം പോകുന്നത് അറിയില്ല. ഞാൻ ദിവസവും വിളിക്കാം. വീഡിയോ കോൾ ചെയ്യാം. താൻ വിഷമിക്കല്ലെ ട്ടോ. നന്നായി പഠിക്കണം. നല്ല മാർക് വാങ്ങണം….ഗൗരി തല ആട്ടി. അഭയ് എല്ലാവരോടും യാത്ര പറഞ്ഞു എയർപോർട്ട് ന്റെ ഉള്ളിലേക്ക് പോയി. ബാക്കി എല്ലാവരും അവരോരുടെ വണ്ടിയിൽ തിരിച്ച് പോയി.

അങ്ങനെ അഭയ് വീണ്ടും ആ മണലാരണ്യത്തിൽ എത്തി. പതിവ് പോലെ ജോലി തുടങ്ങി. ഗൗരി പഠിത്തവുമായി മുന്നോട്ട് പോയി. ദിവസവും അവർ ഫോണിൽ സംസാരിക്കുമായിരുന്നു. ഒരിക്കൽ സംസാരിക്കുമ്പോൾ അഭയ് ആ കാര്യം എടുത്തിട്ടു. വേറെ ഒന്നുമല്ല, മൂക്കുത്തി തന്നെ. ഗൾഫിൽ എത്തിയ ശേഷം അവൻ ഇടക്കിടക്ക് ഇക്കാര്യം പറയുന്നത് ആണ്. പക്ഷേ നമ്മുടെ ഗൗരി കുട്ടി അമ്പിനും വില്ലിനും അടുത്തിട്ട്‌ വേണ്ടെ.

ഗൌരികുട്ടിയെ, ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടാൽ ചെയ്തു തരുമോ…ആദ്യം കാര്യം പറയൂ ചേട്ടായി…ഗൌരിക്ക് ഏകദേശം കാര്യം പിടികിട്ടി. മിക്കവാറും മുക്കുത്തി തന്നെ ആയിരിക്കും പറയാൻ പോകുന്നത് എന്ന്. എനിക്ക് ഗൌരികുട്ടി മുക്കുത്തി ഇട്ട് കാണണം എന്ന് ഒരാഗ്രഹം. അത് നടക്കില്ലല്ലോ ചേട്ടായിയെ…ചേട്ടായിക്ക് അറിയില്ലേ എനിക്കത് ഇഷ്ടമല്ലന്നു. ഞാൻ പറയാറുണ്ടല്ലോ എപ്പോ വിളിക്കുമ്പോളും.

അപ്പോ എന്നെ ഇഷ്ടമാണ് എന്ന് പറയുന്നത് കള്ളം ആണല്ലേ ഗൗരി. എന്നോട് ഇഷ്ടമുള്ള ആൾ എനിക്കിഷ്ടമുള്ള പോലെ നടക്കണം. ഇങ്ങനെ തറുതല പറയരുത്. നീ എന്റെ ഭാര്യ ആകാൻ പോകുന്ന ആൾ ആണ്. അപ്പോ എന്റെ ആഗ്രഹങ്ങളും ഒക്കെ ചെയ്തു തരേണ്ടത് നിന്റെ കടമ ആണ്.

അപ്പൊൾ ഈ ഭാര്യ എന്ന് പറയുന്ന ആൾക്ക് ഒരു സ്വാതന്ത്ര്യവും ഇല്ല എന്നാണോ ചേട്ടായി പറഞ്ഞു വരുന്നത്. ഭാര്യമാർക്കും ഉണ്ടാകില്ലേ ഇഷ്ടങ്ങളും അനിഷ്ടങ്ങളും. അത് ഭർത്താവ് അല്ലാതെ വേറെ ആരു നോക്കാനാ. ഇതിപ്പോ ഒരു ചെറിയ കാര്യം. ഇതുപോലെ അഭയ് ഏട്ടൻ എന്റെ ഇഷ്ടങ്ങളും അനിശ്ടങ്ങളും ഒന്നും കണ്ടില്ല എന്ന് നടിക്കാൻ ആണ് പ്ലാൻ എങ്കിൽ കുറച്ച് കഷ്ടമാകും നമ്മുടെ ജീവിതം.

അഭയ് ന് പതുക്കെ ദേഷ്യം വരാൻ തുടങ്ങിയിരുന്നു. മൂക്കുത്തി ഇട്ട നിന്നെ ആണ് ഞാൻ ആദ്യമായി കാണുന്നത്. എന്റെ മനസ്സിൽ അപ്പൊൾ തന്നെ പതിഞ്ഞു ആ രൂപം. പിന്നെ ദൈവാനുഗ്രഹത്താൽ നിന്നെ എനിക്ക് കിട്ടിയപ്പോൾ ഒരുപാട് സന്തോഷിച്ചു. നിനക്ക് മൂക്ക് കുത്തുന്നത് പേടിയാണെന്ന് അറിഞ്ഞപ്പോൾ പതുക്കെ പറഞ്ഞു സമ്മത്തിപ്പിക്കാം എന്ന് കരുതി.

നിന്നെ വിട്ട് കളയാൻ മനസ്സ് സമ്മതിച്ചില്ല. അത്രക്ക് ഇഷ്ടപ്പെട്ടു നിന്നെ. മൂക്കുത്തി ഇട്ട നിന്നെ കാണാൻ എന്തൊരു ഐശ്വര്യം ആണ് എന്നറിയോ നിനക്ക്. നിന്റെ ഭംഗി പതിന്മടങ്ങ് വർദ്ധിക്കും. അല്ലെങ്കിലും എല്ലാ പെൺകുട്ടികൾക്കും മുക്കുത്തി ഒരു ഭംഗി തന്നെ ആണ്. എന്റെ ഗൌരികുട്ടിക്കാണെങ്കിൽ അത് നല്ല ചേർച്ചയും. ഈ ചെറിയ ആഗ്രഹം കൂടി നിനക്ക് ചെയ്തത് തരാൻ കഴിഞ്ഞില്ലല്ലോ. ഇത്രക്കെ ഉള്ളോ നിനക്ക് എന്നോടുള്ള സ്നേഹം…

അവള് ഒന്നും മിണ്ടാതെ കുറച്ച് നേരം നിന്നു. അപ്പോ അവൻ ‘ ബൈ ‘ പറഞ്ഞു ഫോൺ വെച്ചു. പിന്നെ രണ്ടു ദിവസത്തിന് അഭയ് ഫോൺ ചെയ്തില്ല. മെസ്സേജ് ഒന്നും അയച്ചുമില്ല. ഗൗരി ശരിക്കും സങ്കടത്തിൽ ആയി. ഗൗരി ദിവസവും അഭയ് ടെ വീട്ടിലേക്ക് വിളിക്കുമായിരുന്നു. അങ്ങനെ ഒരിക്കെ വിളിച്ചപ്പോ അനുവിന് സംശയം തോന്നി. അനു അപ്പോ അവളോട് ചോദിച്ചു. അപ്പോ ഗൗരി എല്ലാം പറഞ്ഞു. അനുവിന് സങ്കടമായി. അവള് അമ്മയോട് പറഞ്ഞു.

അന്ന് അഭയ് ടെ ഫോൺ വന്നപ്പോ അമ്മ ചോദിച്ചു. നീ ഗൗരിയെ വിളിക്കാറുണ്ട് അല്ലോ….അമ്മ ഒന്നുമറിയാത്ത പോലെ സംസാരിച്ചു. അവൻ അപ്പൊൾ ഒന്നും മിണ്ടിയില്ല. അപ്പോ അമ്മ പറഞ്ഞു…എന്നോട് എല്ലാം പറഞ്ഞു അവള്. ഒരാൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള് ചെയ്യണം എന്ന് വാശി പിടിക്കരുത്. ഇതൊക്കെ ഓരോരുത്തരുടെ ഇഷ്ടാനിഷ്ടങ്ങൾ ആണ് മോനെ. അതിൽ ഭർത്താവ് ആണെങ്കിൽ പോലും കൈ കടത്താൻ പാടില്ല.

പക്ഷേ അമ്മേ ഞാൻ വേറെ ഒരാഗ്രഹവും പറഞ്ഞിട്ടില്ലല്ലോ അവളോട്. ഒരാഗ്രഹം അല്ലേ പറഞ്ഞുള്ളൂ. അത് കൂടി പറ്റില്ലെങ്കിൽ പിന്നെന്താ…ഞാൻ നിന്നോട് പറയാൻ ഉള്ളത് പറഞ്ഞു. ഈ നിസ്സാര കാര്യത്തിന് നീ അവളോട് ഇങ്ങനെ പെരുമാറിയാൽ ഞാൻ അവളുടെ സൈഡ് നിക്കുള്ളു..അപ്പൊൾ അനു അതിന്റെ ഇടയിൽ വിളിച്ച് കൂകി…”ഞാനും”.

അന്ന് തന്നെ അവൻ ഗൗരിയെ വിളിച്ചു സംസാരിച്ചു. അവൾക്ക് സന്തോഷമായി. നിനക്ക് ഇഷ്ടമില്ലെങ്കിൽ നമുക്ക് മൂക്കുത്തി ഒന്നും വേണ്ട ട്ടോ….അപ്പൊൾ അവള് ചോദിച്ചു, പിണക്കമുണ്ടോ ചേട്ടായിക്ക് എന്നോട്…അങ്ങനെ ഒന്നുമില്ലട ഗൌരികുട്ട…അങ്ങനെ പറഞ്ഞെങ്കിലും അവന്റെ മനസ്സ് നല്ല സങ്കടത്തിലായിരുന്നു. അവന്റെ ആഗ്രഹം നടന്നില്ലല്ലോന്ന് ഓർത്ത്.

അങ്ങനെ അഭയ് തിരിച്ച് നാട്ടിൽ എത്താറായി. അഭയ് ഗൗരിയെ വിളിച്ച് എന്താ കൊണ്ട് വരേണ്ടത് ചോദിച്ചു. അപോൾ അവള്…ഒന്നും വേണ്ടായെ, ചേട്ടായി ഇങ്ങ് എത്തിയാ മതി. പിന്നെ ചേട്ടായി ഒരു സർപ്രൈസ് ഉണ്ട് ട്ടോ. കല്യാണ ദിവസം അറിഞ്ഞാൽ മതി. അപ്പൊൾ അവൻ ചിരിച്ചു. ഓഹോ, മതിയെ അപ്പോ മതി….അടുത്ത് ആഴ്ച തന്നെ അഭയ് നാട്ടിൽ എത്തി. ഗൗരിയെ വിളിച്ച് പറഞ്ഞു. എത്തിയ വിവരം.

പിന്നെ ദിവസങ്ങൾ വളരെ പെട്ടെന്ന് തന്നെ കൊഴിഞ്ഞു വീണു തുടങ്ങി. കല്യാണത്തിന്റെ തലേ ദിവസം, അഭയ് ടെയും ഗൗരിയുടെയും വീട് ബന്ധുക്കളെയും അയൽവക്കക്കാരെയും കൊണ്ട് നിറഞ്ഞു. അന്ന് രാത്രി അഭയ് ടെ വീട്ടിൽ ചെറിയ പാർട്ടി വെച്ചിരുന്നു. അഭയ് ടെ ഗൾഫിലെ കൂട്ടുകാർ ഒക്കെ എത്തിയിരുന്നു. അവർക്ക് താമസിക്കാൻ ഒരു ഹോട്ടലും ഏർപ്പാട് ആക്കിയിരുന്നു അവൻ. രാഹുൽ എല്ലാത്തിനും മുമ്പിൽ തന്നെ നിന്നു. അതോണ്ട് അഭയ് ന് അധികം ബുദ്ധിമുട്ട് ഉണ്ടായില്ല.

പാർട്ടി ഒക്കെ കഴിഞ്ഞു എല്ലാവരും കിടക്കാൻ നല്ലോണം വൈകി. ഗൗരിയുടെ വീട്ടിൽ അടുത്ത വീടുകളിൽ നിന്നെല്ലാം ആളുകൾ എത്തിയിരുന്നു. സാരിയും ആഭരണങ്ങളും ഒക്കെ കാണാൻ. ഗൗരിയുടെ കൂട്ടുകാരികളും നേരത്തെ തന്നെ എത്തിയിരുന്നു. എല്ലാരും കൂടി കൂടിയപ്പോ അവിടെ നല്ല മേളം തന്നെ ആയിരുന്നു. കൂടാതെ ചെറിയ കുട്ടികളും, ഓടി ചാടി നടക്കുന്നുണ്ട് ഇതിന്റെ ഇടയിൽ. എല്ലാരും ഭക്ഷണം കഴിച്ച് ഇറങ്ങി. ഗൗരിയുടെ കുറച്ച് ബന്ധുക്കൾ അവിടെ തന്നെ കിടന്നു

കല്യാണ ദിവസം അഭയ് നെ രാഹുൽ വിളിച്ചുണർത്തി. രാഹുൽ തലേന്ന് വീട്ടിൽ പോയില്ല. അവിടെ തന്നെ കിടന്നു. അഭയ് എഴുന്നേറ്റ് റെഡി ആയി. അപ്പോഴേക്കും ഫോട്ടോഗ്രാഫർമാർ എത്തി. രാഹുൽ അവനെ അവരെ ഏൽപ്പിച്ച് മുങ്ങി. പിന്നെ അവനെ അവർ പല പോസിലും നിർത്തി ഫോട്ടോ എടുപ്പിച്ചു.

എല്ലാം കഴിഞ്ഞ് അവർ മണ്ഡപത്തിലേക്ക്‌ യാത്ര ആയി. വധുവിന്റെ ഏട്ടൻ, അഭയ് ന്റെ് കാൽ കഴുകി തുടച്ച് മാല ഇട്ടുകൊടുത്തു. അതിനുശേഷം താലമെന്തിയ പെൺകുട്ടികളുടെ അകമ്പടിയോടെ മണ്ഡപത്തിൽ പോയി ഇരുന്നു. കുറച്ച് കഴിഞ്ഞ് ഗൗരി യെ അങ്ങോട്ട് കൊണ്ടുവന്നു. അതും താലമെന്ത്തിയ പെൺകുട്ടികളുടെ അകമ്പടിയോടെ….

ഗൗരി കുറെ സ്റ്റോൺവർക്ക് ചെയ്ത ചുവന്ന പട്ട്‌ സാരിയിൽ തിളങ്ങി നിന്നു. അഭയ് അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. അപ്പോഴാണ് അവൻ ശ്രദ്ധിച്ചത് അവളുടെ മൂക്കിൽ ഒരു തിളക്കം. അവൻ ശ്രദ്ധിച്ചു നോക്കിയപ്പോൾ ആണ് മനസ്സിലായത് അത് മൂക്കുത്തി ആണ് എന്ന്. അവൻ അത്ഭുതത്തോടെ അവളെ തന്നെ നോക്കി ഇരുന്നു പോയി.

മൂക്കുത്തിയില് അവളുടെ സൗന്ദര്യം പത്തിരട്ടി വർധിച്ചിരുന്നു. അവന്റെ നോട്ടം കണ്ടപ്പോ അവള് അവനെ നോക്കി ചിരിച്ചു. അവള് അടുത്ത് വന്ന് ഇരുന്നപ്പോ അവൻ ചോദിച്ചു.

ഇതെങ്ങനെ സംഭവിച്ചു….?

ഗൗരി ചിരിച്ചതല്ലതെ ഒന്നും പറഞ്ഞില്ല. അങ്ങനെ കല്യാണം കഴിഞ്ഞു. അഭയ് ടെ വീട്ടിലേക്ക് യാത്ര ആയി ഗൗരി. യാത്ര പറയുമ്പോൾ ആരും കരയരുത് എന്ന് അവള് നേരത്തെ പറഞ്ഞു വെച്ചിരുന്നു. അതോണ്ട് എല്ലാവരും വളരെ ഭംഗിയായി തന്നെ യാത്ര അയച്ചു അവരെ. മനസ്സിൽ ഉള്ള സങ്കടം ആരും പുറത്ത് കാണിച്ചില്ല.

അഭയ് ടെ വീട്ടിൽ എത്തിയപ്പോ അഭയ് ടെ അമ്മ വിളക്കു കൊളുത്തി അവളുടെ കയ്യിൽ കൊടുത്തു. അവർ രണ്ടാളും ഒരുമിച്ച് വീടിന്റെ. അകത്തേക്ക് കടന്നു. വിളക്ക് പൂജാറൂമിൽ കൊണ്ട് വെച്ച് തൊഴുതു. അതിനു ശേഷം അമ്മ പറഞ്ഞു രണ്ടാളും റൂമിൽ പോയി ഫ്രഷ് ആയി വരാൻ. അങ്ങനെ രണ്ടാളും അഭയ് ടെ റൂമിലേക്ക് പോയി.

കുറച്ച് വലിയ റൂം ആണ് അത്. ഒരു ഭാഗത്ത് കുറച്ച് വലിയ കട്ടിൽ, മറുഭാഗത്ത് ഷെൽഫ്. അത് തുറന്ന് നോക്കിയപ്പോ കുറച്ച് ചുരിദാർ ഒക്കെ വെച്ചിരിക്കുന്നു. അതൊക്കെ ഗൗരിക്ക് വേണ്ടി അമ്മ വാങ്ങി വെച്ചതാണ്. അവൻ പോയി വാതിൽ അടച്ചിട്ട് ഗൗരിയുടെ അടുത്തേക്ക് വന്നു. അവളുടെ മുഖം തന്റെ കയ്യിൽ എടുത്ത്. ആ മുക്കുത്തിയില് ചുംബിച്ചു. എന്നിട്ട് ചോദിച്ചു….

എന്ത് പറ്റി എന്റെ ഗൌരികുട്ടിക്ക്, മൂക്ക് കുത്തില്ല എന്നൊക്കെ പറഞ്ഞിട്ട്…

ഈ സ്നേഹത്തിന് മുമ്പിൽ എന്റെ വാശി ഞാൻ കളഞ്ഞു. ഇത്രക്ക് ആശയോടെ പറഞ്ഞിട്ട് ഞാൻ ചെയ്തില്ലെങ്കിൽ എന്റെ സ്നേഹത്തിന് ഒരു വില ഇല്ലാതെ പോകും. അപ്പോ ഞാൻ ചേട്ടായിക്കു ഒരു സർപ്രൈസ് കൊടുക്കാം എന്ന് കരുതി. ഇഷ്ടമായോ എന്റെ സർപ്രൈസ്.

എന്റെ കുട്ടിക്ക് വേദനിച്ചോ….?

പിന്നല്ലതെ, അടുത്ത് ഉള്ളവരെല്ലാം ഓടി കൂടി, എന്റെ കരച്ചിൽ കേട്ടിട്ട്…

അഭയ് അവളെ ചേർത്ത് നിർത്തി അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി. അപ്പോഴേക്കും പുറത്ത് നിന്ന് അമ്മയുടെ വിളി കേട്ടു. ഉടനെ അവർ കുളിച്ച് വേഗം ഡ്രസ്സ് ഒക്കെ മാറ്റി താഴെക്ക് പോയി. പുറത്ത് രാഹുലും വേറെ കുറച്ച് കൂട്ടുകാരും നിൽക്കുന്നുണ്ടായിരുന്നു. അവരോടെല്ലാം സംസാരിച്ചു അഭയ് നിന്നു. ഇടക്കിടക്ക് അവന്റെ കണ്ണുകൾ ഗൗരിയെ തേടുന്നുണ്ടായിരുന്നു.

ഗൗരി, അവിടെ അനുവിൻെറ കൂടെ ആയിരുന്നു. അവളുടെ കൂട്ടുകാർ ഒക്കെ ഉണ്ടായിരുന്നു. അവരുമായി സംസാരിക്കുകയായിരുന്നു. അങ്ങനെ രാത്രി ആയി. എല്ലാവരും പിരിഞ്ഞു പോയി. രാത്രി ഭക്ഷണം കഴിഞ്ഞ് എല്ലാവരും കിടക്കാൻ പോയി. അമ്മ ഗൗരിയുടെ കയ്യിൽ ഒരു ഗ്ലാസ്സ് പാൽ കൊടുത്ത് പറഞ്ഞു വിട്ടു.

രാഹുൽ അവരുടെ മണിയറ ഒരുക്കിയിരുന്നു. കുറെ പൂവുകൾ ഒക്കെ ആയി മനോഹരമായി ഒരുക്കിയിരുന്നു. അഭയ് അതെല്ലാം നോക്കി നിൽക്കുകയായിരുന്നു. ഗൗരി പാലുമായി അവന്റെ അടുത്ത് ചെന്നു. അവൻ പോയി കതക് അടച്ചിട്ട് വന്നു. അവള് പാൽ അവന്റെ കയ്യിൽ കൊടുത്തു. അവൻ പകുതി കുടിച്ച് ബാക്കി അവളുടെ കയ്യിൽ കൊടുത്തു. അവള് അത് കുടിച്ച് ഗ്ലാസ്സ് അവിടെ ഉള്ള ടേബിളിൽ വെച്ചു

അവൻ അവളെ പിടിച്ച് കണ്ണാടിയുടെ മുമ്പിൽ കൊണ്ട് നിർത്തി. എന്നിട്ട് പറഞ്ഞു…

ഇപ്പൊ പറയ്, ഈ മൂക്കുത്തിയില് നീ എത്ര സുന്ദരി ആയിരിക്ക്ന്നു ന്നു. നിന്നെ ഇങ്ങനെ കാണാൻ അല്ലേ ഞാൻ കൊതിച്ചത്.

അവള് തിരിഞ്ഞു അവനെ നോക്കി ചിരിച്ചു. അത് മനസ്സിലായത് കൊണ്ടല്ലേ, എന്റെ ചേട്ടായിയുടെ ആഗ്രഹം സാധിക്കാൻ ഞാൻ ഇത്ര വേദന തിന്നത്. എത്ര വേദനിച്ചുന്നു അറിയോ…അതും പറഞ്ഞു അവള് അവന്റെ കാതിൽ പിടിച്ച് തിരിച്ചു.

അവൻ ‘ അയ്യോ ‘ എന്നും പറഞ്ഞു അവളെ പിടിക്കാൻ ആഞ്ഞു. അവള് ഉടനെ അവന്റെ കയ്യിൽ നിന്നും രക്ഷപെട്ടു ഓടി. അവൻ പിന്നാലെയും. ആ റൂമിൽ എത്ര തന്നെ ഓടാൻ കഴിയും. അവള് അവസാനം അവന്റെ കയ്യിൽ തന്നെ വന്നു പെട്ടു.

അവൻ അവളെ പിടിച്ച് ബെഡിലേക്ക്‌ ഇട്ടു. അവിടുന്ന്, അവരുടെ ഇണക്കവും പിണക്കവും ചേർന്ന ജീവിതം തുടങ്ങുകയായി.

N.B : പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കി പെരുമാറുന്നതും അവരവരുടെ ഇഷ്ടാനിഷ്ടങ്ങൾ മറ്റെ ആളിൽ അടിച്ചേൽപ്പിക്കുന്നതും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്. പരസ്പരം മനസ്സിലാക്കി ഉള്ള ജീവിതം സ്വർഗ്ഗ തുല്യം ആയിരിക്കും.

****ശുഭം****