വിമല
എഴുത്ത്:- സിന്ധു അപ്പുകുട്ടൻ
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
“ചേച്ചി, ഇവിടെ അടുക്കള ജോലിക്ക് ആളെയാവശ്യമുണ്ടെങ്കിൽ പറയണേ. കിട്ടിയാൽ വല്യ ഉപകാരമായിരുന്നു.”
ഹൗസ് വാമിംഗ് കഴിഞ്ഞതിന്റെ പിറ്റേന്ന്, ചെടി നനച്ചുകൊണ്ടിരിക്കേ ഗേറ്റ് കടന്നു വന്ന സ്ത്രീ എന്നോട് ചോദിച്ചു. എനിക്കവരെ യാതൊരു പരിചയവുമില്ലായിരുന്നു. അതുകൊണ്ട് തന്നെ പെട്ടന്നൊരു മറുപടി പറയാനാകാതെ ഞാൻ കുഴങ്ങി.
“എവിടെയാ വീട് “??
, സാരിത്തലപ്പിൽ തെരുപ്പിടിച്ചു നിന്ന അവളുടെ ദൈന്യമാർന്ന മിഴികളിലേക്ക് നോക്കി ഞാൻ ചോദിച്ചു.
“ഇവിടുന്ന് രണ്ടുവീടുകൾക്കപ്പുറത്താ.”
“ഇവിടെ ജോലിക്കാരിയെ വേണമെന്ന് ആരാ പറഞ്ഞത്.?
“ആരും പറഞ്ഞില്ല ചേച്ചി . ഒരു ജോലി കിട്ടിയാൽ വല്യ ഉപകാര മായിരുന്നു. അതുകൊണ്ടാ വന്നു ചോദിച്ചത്.
ഉം.. ഞാൻ പറയാം. എന്തായാലും രണ്ടു ദിവസം കഴിഞ്ഞു വാ. അതിനുള്ളിൽ അവളെക്കുറിച്ചൊന്ന് അന്വേഷിക്കാമെന്ന് മനസ്സിലോർത്തുകൊണ്ട് ഞാൻ പറഞ്ഞു.
അവൾ ഗേറ്റ് കടന്നു പോകുന്നത് നോക്കി നിൽക്കെ,തൊട്ടടുത്ത വീട്ടിലെ മോളിച്ചേച്ചി മതിലിനപ്പുറം നിന്ന് വിളിച്ചു ചോദിച്ചു
എന്താ വിമല വന്നു പറഞ്ഞിട്ടുപോയേ?
“ഇവിടെ വീട്ടു ജോലിക്ക് ആളെ വേണോ എന്നറിയാൻ വന്നതാ.
വിമല എന്നാണോ അവരുടെ പേര്.?
“അതേ വിമല. പേരൊക്കെ നന്ന്. പക്ഷേ സ്വഭാവം അത്ര നന്നല്ല ട്ടോ. ജോലിക്ക് നിർത്തുവാണെങ്കിൽ നോക്കിയും കണ്ടുമൊക്കെ നിന്നോ.
അവരുടെ സംസാരം കേട്ടപ്പോൾ എനിക്ക് വിമലയെക്കുറിച്ച് കൂടുതലറിയാൻ ആകാംഷയായി.
“കണ്ടിട്ട് പാവമാണെന്ന് തോന്നുന്നല്ലോ മോളി ചേച്ചി.
“ഓ.അത്ര പാവമൊന്നുമല്ല. കെട്ട്യോൻ മരിച്ചേപ്പിന്നെ അവന്റെ കൂട്ടുകാരന്റെ കൂടെയായിരുന്നു പൊറുതി.അയാളീയിടെ നാടുവിട്ടുപോയെന്നോ മറ്റോ പറഞ്ഞു കേൾക്കുന്നു. ഇവളുടെ സ്വഭാവഗുണം കൊണ്ടാകും. ഞങ്ങൾ അതൊന്നും തിരക്കാൻ പോകാറില്ല. ആണുങ്ങളുള്ള വീട്ടിൽ അറിഞ്ഞോണ്ട് ആരും ജോലിക്ക് നിർത്തില്ല അതല്ലേ ഇന്നലെ വന്ന നിങ്ങളോട് ഇവിടെ ജോലി ചോദിച്ചു വന്നേ.
വിമലയെക്കുറിച്ച് അവരുടെ വിശദീകരണം കേട്ടപ്പോൾ വർഷങ്ങൾക്കു മുന്നേ ഒറ്റക്കായി പോയ എന്നെ ഞാനോർത്തു. അപവാദങ്ങളുടെ തീച്ചൂളയിൽ വെന്തുരുകി, പ്രാണനറ്റു പോകുമെന്ന്തന്നെ ഭയന്നു പോയൊരു പെണ്ണ്. അച്ഛനുമമ്മയും കൈപിടിച്ചു കൂടെ നിന്നതുകൊണ്ടു മാത്രം ആത്മഹ ത്യ ചെയ്യാതിരുന്നവൾ.
പിന്നെയങ്ങോട്ട് ജയിക്കണം എന്നൊരൊറ്റ വാശിയിൽ, തോൽപ്പിക്കാൻ ശ്രമിച്ചവരുടെ മുന്നിൽ നിവർന്നു നിന്ന് സ്വയം വാദിച്ചു നേടിയെടുത്തൊരു ജീവിതം.
പെരുംനുണകളെ സത്യത്തിന്റെ ഉടുപ്പിടുവിച്ചു നിരത്തിലേക്കിറക്കി വിടുന്നവർക്കറിയില്ല സഹിക്കാവുന്നതിലുമപ്പുറമാകുമ്പോഴാണ് ഓരോ പെണ്ണും തങ്ങൾക്ക് വേണ്ടി സംസാരിച്ചു തുടങ്ങുന്നതെന്ന്.
വിമലയും ഒരുപക്ഷേ തന്നെപ്പോലെ ചെയ്യാത്ത തെറ്റുകൾക്ക് ശിക്ഷിക്കപ്പെട്ട ഒരുവളാകും.ഒന്ന് കൈ നീട്ടി കൊടുത്താൽ നഷ്ടപ്പെട്ട സന്തോഷങ്ങളെ തിരിച്ചെടുക്കാൻ കൊതിക്കുന്ന ഒരുവൾ അവളെക്കുറിച്ച്കൂ ടുതലറിയണം എന്ന തോന്നലിൽ അപ്പോൾ തന്നെ ഞാനൊരു തീരുമാനമെടുത്തു. വിമലയെത്തന്നെ ഇവിടെ ജോലിക്ക് നിർത്തണമെന്ന്.
മോളിച്ചേച്ചിയിൽ നിന്നും അവളെക്കുറിച്ചറിഞ്ഞപ്പോൾ അച്ഛനുമമ്മയും ആദ്യമൊന്ന് മടിച്ചെങ്കിലും എന്റെ നിർബന്ധം കൊണ്ട് പാതി മനസ്സോടെ സമ്മതം മൂളി.
“ചേച്ചി, മോള് സ്കൂൾ വിട്ടു വരുമ്പോഴേക്കും എന്നെ പറഞ്ഞു വിടണം. സ്കൂളില്ലാത്ത ദിവസങ്ങളിൽ മോളെക്കൂടി ഞാൻ ഇങ്ങോട്ട് കൊണ്ടു പോരും എതിർപ്പൊന്നും പറയരുത്.”
ജോലിക്ക് വന്നതിന് ശേഷം , ആദ്യമായ് വിമല എന്നോടാവശ്യപ്പെട്ടത് അതായിരുന്നു. ഞാനതിനു നൂറുവട്ടം സമ്മതം കൊടുത്തു.
ഒരു പേരക്കുട്ടിയെ ലാളിക്കാനുള്ള കൊതി മനസ്സിലടക്കി കാത്തിരിക്കുന്ന അച്ഛനും അമ്മയ്ക്കും അവളെ ഇഷ്ടപ്പെടാതിരിക്കാനാവില്പ എന്നെനിക്കുറപ്പുണ്ടായിരുന്നു.
ദിവസങ്ങൾ കഴിയവേ അവരിൽ വന്ന മാറ്റം എന്നെ അത്ഭുതപ്പെടുത്തി.
ശ്രേയമോൾ സ്കൂൾ വിട്ടു വരുന്ന നേരമാകുമ്പോഴേക്കും ജോലികളെല്ലാം തീർത്തു പോകാൻ നിൽക്കുന്ന വിമലയുടെ കയ്യിൽ, അമ്മ അവൾക്കായി എന്തെങ്കിലുമൊക്കെ പാത്രത്തിലാക്കി കൊടുത്തു വിടാൻ തുടങ്ങി.
പിന്നെയൊരു ദിവസം അമ്മ വിമലയോട് പറയുന്ന കേട്ടു,
“വിമലേ മോള് സ്കൂൾ വിട്ടു വരുമ്പോഴേക്കും നീയെന്തിനാ ഇങ്ങനെ കിടന്നു ഓടുന്നെ. അവളുടെ സ്കൂൾ ബസ് ഇവിടെ നിർത്താൻ പറഞ്ഞാ പോരെ. അവളിവിടെയിറങ്ങി സമാധാനമായിട്ട് വല്ലതും കഴിച്ചോട്ടെ.”
എനിക്കത് കേട്ടപ്പോൾ അമ്മയോട് വല്ലാത്ത ബഹുമാനം തോന്നി. ഒരു വ്യക്തിയെ ഹൃദയം കൊണ്ട് കാണാനും, കേൾക്കാനും മനസ്സിലാക്കാനും കഴിയുന്നവനാണ് യഥാർത്ഥ മനുഷ്യൻ എന്നാണ് ഞാൻ കേട്ടിട്ടുള്ളത്.
പിന്നെപ്പിന്നെ,ശ്രേയമോളുടെ സ്കൂൾ ബസ് വരുന്ന നേരമാകുമ്പോഴേക്കും ഒരു മുത്തശ്ശന്റെ വേവലാതിയോടെ അച്ഛൻ ഗേറ്റിനരികിൽ കാത്തു നിൽക്കാൻ തുടങ്ങി.
ശ്രേയ മോളേ കിട്ടിയതോടെ,രണ്ടാമതൊരു വിവാഹത്തിനു എന്നെ നിർബന്ധിച്ചു കൊണ്ടിരുന്നവർ അക്കാര്യം മറന്ന മട്ടാണ്.അതെന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്.
“ഞങ്ങൾക്ക് നീയൊന്നല്ലേയുള്ളു, നിന്റെ മക്കളേം നോക്കി റിട്ടയർമെന്റ് ലൈഫ് അടിപൊളിയാക്കാം എന്ന് സ്വപ്നം കണ്ടിട്ടാ നാട്ടിൽ തന്നെയുള്ള ഒരുത്തനെ കണ്ടു പിടിച്ച് നിന്നെ കെട്ടിച്ചു വിട്ടത്. അതിപ്പോ ഇങ്ങനെയുമായി. പോയത് പോട്ടെ ന്ന് വെച്ചിട്ട് ഇനിയുമൊരു ജീവിതം ഉണ്ടാക്കാൻ നോക്കിക്കൂടെ നിനക്ക്. ഒന്നുമില്ലെങ്കിലും നീയൊരു സർക്കാർ ഉദ്യോഗസ്ഥയല്ലേ. ഒരു ചെറുക്കനെ കിട്ടാൻ വല്യ പാടുണ്ടോയെന്നുള്ള പതംപറിച്ചിൽ അവസാനിച്ചതിൽ ഞാനും ആശ്വാസം കൊണ്ടു.
വിമല ജോലിക്ക് വന്നു തുടങ്ങിയിട്ട് മാസങ്ങളായ്. അവളും മോളും വീട്ടിലെ പുതിയ അംഗങ്ങളുമായി. എന്നിട്ടും ഒരിക്കൽപ്പോലും ഞാനവളുടെ ഭൂതകാലങ്ങൾ ചികയാനൊരുങ്ങിയില്ല.അമ്മയും.
വിമല എങ്ങനെയുണ്ട്,പഠിച്ച കള്ളിയാ സൂക്ഷിച്ചോയെന്ന് മോളി ചേച്ചി വക ഉപദേശം മുടങ്ങാതെ കിട്ടിക്കൊണ്ടിരുന്നു. ഞാനോ അമ്മയോ അതൊട്ട് ഗൗനിച്ചുമില്ല.
ഒരു ദിവസം വിമല എന്റെ റൂം വൃത്തിയാക്കിക്കൊണ്ടിരിക്കെ, തലേന്ന് ഞാൻ വായിച്ചു നിർത്തിയ, പുതുമുഖ എഴുത്തുകാരൻ “ജഗദീഷ്ശങ്കറിന്റെ “ഈയിടെയിറങ്ങിയ നോവൽ കട്ടിലിൽ കിടപ്പുണ്ടായിരുന്നു.
അവളതെടുത്തു ആകാംഷയോടെ മറിച്ചു നോക്കുന്നതും, വരികളിലൂടെലൂടെ ആർത്തിയോടെ കണ്ണോടിക്കുന്നതും കണ്ടപ്പോൾ ഞാൻ ചോദിച്ചു വിമലക്ക് വയനാശീലമുണ്ടോ.
“ഉണ്ടായിരുന്നു ചേച്ചി.ഇപ്പൊ കൊതിയാ എന്തെങ്കിലുമൊക്കെയൊന്നു വായിക്കാൻ.
ചേച്ചി, ഈ ജഗദീഷ് എന്റെ ക്ലാസ്സ്മേറ്റ് ആയിരുന്നു. വലിയ എഴുത്തു കാരാനൊക്കെ ആയെന്ന് അറിഞ്ഞിരുന്നു. പുസ്തകമിറക്കിയെന്ന് ഇപ്പോഴാ അറിയുന്നേ.
“ആഹാ.. അപ്പൊ വിമല ഏതുവരെ പഠിച്ചു.?
ബി. എ. പാസ്സായി. എം. എ ക്ക് ചേരാനിരിക്കുമ്പോഴാ അച്ഛന്റെ മരണം. അതോടെ അമ്മക്ക് ആധിയായി എന്നെ ആരുടെയെങ്കിലും കയ്യിൽ പിടിച്ചു കൊടുക്കാതെ ഉറക്കമില്ല എന്നയവസ്ഥ.എനിക്ക് പഠിച്ചു നല്ലൊരു ജോലി നേടാനായിരുന്നു ആഗ്രഹം. ഗിരീഷേട്ടന്റെ ആലോചന വന്നപ്പോൾ തുടർന്നു പഠിപ്പിക്കാമെന്നു വാക്ക് തന്നത് കൊണ്ട് ഞാനത് സമ്മതിച്ചു.
ഞാനത് കേട്ട് വാ പൊളിച്ചു പോയ്. ഇത്രയും പഠിപ്പുള്ള ഒരുവളാണല്ലോ ഞങ്ങളുടെ അടുക്കളയിൽ കിടന്നു വിയർപ്പൊഴുക്കുന്നത് എന്നോർത്തപ്പോൾ എനിക്ക് എന്നോട് തന്നെ ഒരു പുച്ഛം തോന്നി.
“എന്ത്യേ അവര് നിന്നെ തുടർന്നു പഠിപ്പിക്കാഞ്ഞേ.? അവളെ കട്ടിലിൽ പിടിച്ചിരുത്തി ബാക്കിയറിനുള്ള ആകാംഷയോടെ ഞാൻ ചോദിച്ചു.
“ഗിരീഷേട്ടന്റെ അമ്മക്ക് അതിഷ്ടമല്ലായിരുന്നു.
“ജീവിക്കാനുള്ള വകയൊക്കെ എന്റെ മോൻ ജോലി ചെയ്തുണ്ടാക്കി കൊണ്ട് വരുന്നുണ്ട്. നീയും കൂടി ജോലിക്ക് പോയ് കൊണ്ട് വരേണ്ട ആവശ്യമൊന്നും ഇവിടെയില്ല എന്ന് പറയും. അത് കേൾക്കുമ്പോൾ ഏട്ടൻ എന്നെ നോക്കി കണ്ണിറുക്കി ചിരിക്കും അമ്മ പറയുന്നതാ ശരി എന്ന് പറയുമ്പോലെ.
ഞാനത് കേട്ട് മുഖം വീർപ്പിച്ചാൽ ഏട്ടനെന്നെ സ്നേഹം കൊണ്ട് പൊതിയും. വല്യ ഇഷ്ടമായിരുന്നു എന്നെ. ഓർമ നഷ്ടപ്പെടുന്ന നാള് വരെ ഒന്നിനും എന്നെ കരയിച്ചിട്ടില്ല. മറ്റെന്തിനേക്കാളും വലുത് ആ സ്നേഹമാണെന്ന് വിശ്വസിച്ചു പോയ ഞാൻ എന്റെ സ്വപ്നങ്ങളെയെല്ലാം മറന്നു കളഞ്ഞു.
“ശ്ശേ… മണ്ടത്തരം അല്ലായിരുന്നോ അത്. എങ്ങനെയും ഏട്ടനെ സോപ്പിട്ടു തുടർന്നു പഠിക്കാനുള്ള അവസരം ഉണ്ടാക്കിയെടുക്കണ മായിരുന്നു. അങ്ങനെ ചെയ്തെങ്കിൽ ഇന്നിങ്ങനെ കഷ്ടപ്പെടേണ്ടി വരുമായിരുന്നോ.?
“ശരിയാ ചേച്ചി, ഞാനൊരു മരമണ്ടിയായിരുന്നു. വിധി ഇങ്ങനെ പല്ലിളിച്ചു കാട്ടുമെന്നു അന്നോർത്തില്ലല്ലോ.
“വിധി.. മണ്ണാങ്കട്ട. കുറച്ചൊക്കെ നമ്മൾ സ്വയം വരുത്തി വെക്കുന്നതാ.
ദേ, എന്നെ നോക്ക്. യാതൊരു തരത്തിലും ചേരാത്ത ഒരുത്തനെയാ അച്ഛനും അമ്മയും എനിക്ക് വേണ്ടി കണ്ടുപിടിച്ചത് എന്നറിഞ്ഞപ്പോൾ, കുറെ സങ്കടപ്പെട്ടു,
ആദ്യമൊക്കെ പൊരുത്തപ്പെട്ടു പോകാൻ മാക്സിമം ട്രൈ ചെയ്തു. ദാമ്പത്യ മെന്നാൽ അഡ്ജസ്റ്മെന്റ് ആണെന്ന് സ്വയം പറഞ്ഞു വിശ്വസിപ്പിച്ചു.
എന്നിട്ടും എല്ലാം പരിധി വിട്ടപ്പോൾ ജീവിതത്തെക്കുറിച്ച് പ്രതീക്ഷിച്ചതും സ്വപ്നം കണ്ടതും ഇങ്ങനെയൊന്നുമല്ലല്ലോ എന്നോർത്തു കുറെ കരഞ്ഞു. പക്ഷേ അങ്ങനെ കരഞ്ഞോണ്ടിരുന്നാൽ എനിക്ക് എന്നെ നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാനവിടുന്നിറങ്ങി.
ഗവണ്മെന്റ് ജോലിക്കാരിയുടെ അഹങ്കാരമെന്നു നാട്ടുകാർ അടക്കം പറഞ്ഞു. എനിക്ക് എന്റെയേതോ സഹപ്രവർത്തകനുമായി അവിഹി തബന്ധമുണ്ടെന്ന് എന്റെ കഴുത്തിൽ താലികെട്ടിയവൻ തന്നെ പറഞ്ഞു നടന്നു.
അച്ഛനുമമ്മയും ആദ്യമൊക്കെ എന്നെ ഉപദേശിച്ചു അയാളുടെ കൂടെ തന്നെ പറഞ്ഞയക്കാൻ ശ്രമിച്ചു. ഒടുക്കം അവർക്കും മനസ്സിലായി ഞാനാണ് ശരിയെന്ന്.
ഇങ്ങോട്ട് ട്രാൻസ്ഫർ കിട്ടിയത് വലിയ അനുഗ്രഹമായി.. അച്ഛനെയും അമ്മയെയും ഒറ്റക്ക് ആക്കണ്ടല്ലോ എന്ന് കരുതിയാ ഇവിടെ വീട് പണി തുടങ്ങിയത്. ഇപ്പോ ദാ… സ്വസ്ഥം സമാധാനം… ശ്രേയമോൾ കൂടി വന്നതോടെ ഡബിൾ ഹാപ്പി…
അല്ല, വിമലയുടെ ഹസ് എങ്ങനെയാ മരിച്ചത്.? പറഞ്ഞില്ല ല്ലോ
“അത് പറഞ്ഞോണ്ടിരുന്നാ എന്റെ ജോലി തീരില്ല ചേച്ചി. ഇവിടെയൊക്കെ തൂത്ത് തുടക്കണ്ടേ.?
അതൊക്കെ അവിടെ കിടക്കട്ടെ. നീ പറ. ഞാൻ വല്ലപ്പോഴുമല്ലേ ഇങ്ങനെ ഫ്രീയാകുന്നുള്ളു.
ഏട്ടന് കുറേശ്ശേ പാർട്ടി പ്രവർത്തനമൊക്കെയുണ്ടായിരുന്നു.
വിമല ഓർമ്മകളെ പൊടിതട്ടിയെടുത്തു.
ജോലി കഴിഞ്ഞു പാർട്ടിയോഫീസിൽ കയറി ചർച്ചയും മറ്റുമായി പാതിരാ വരെ കൂട്ടുകാർക്കൊപ്പമാകും. അതിന് ഞാൻ ഒരുപാട് പിണങ്ങിയിട്ടുണ്ട്. അപ്പോഴൊക്കെ എന്നോട് പറയും പാർട്ടി എന്റെ ജീവശ്വാസമാണെന്ന്. എവിടെ പോയാലും എന്റെയോ മോളുടെയോ കാര്യത്തിൽ യാതൊരു കുറവും വരുത്തിയിട്ടില്ല. അതുകൊണ്ട് ഞാൻ പിന്നെ ഒന്നും പറയാതെയായി.
സുരേന്ദ്രൻ മാഷും, ജയരാജ് മാഷും ഏട്ടന്റെ ഉറ്റ സുഹൃത്തു ക്കളായിരുന്നു. മാഷേയെന്നാ മൂന്നു പേരും പരസ്പരം വിളിക്കുക. അത് കേട്ട് ഞാനും അവരെ അങ്ങനെ വിളിച്ചു.
ഒരു ദിവസം രാത്രി പാർട്ടി മീറ്റിംഗ് കഴിഞ്ഞു വരുമ്പോൾ എതിർ പാർട്ടിയിലുള്ള വരുമായി വാക്കേറ്റമുണ്ടാകുകയും ഏട്ടന്റെ കൂടെയുണ്ടായിരുന്നവർക്ക് വെ ട്ടേൽക്കുകയും ചെയ്തു. സുരേന്ദ്രൻ മാഷ് അവിടെത്തന്നെ കിടന്നു മരിച്ചു.
ര ക്തത്തിൽ കുളിച്ചു പിടയുന്ന മാഷേ കണ്ടതോടെ ഏട്ടൻ ബോധമറ്റു വീണു. പിന്നെയൊരിക്കലും ഏട്ടൻ സുബോധത്തിലേക്കു തിരിച്ചു വന്നില്ല. ഒരുപാട് ചികിത്സകളൊക്കെ ചെയ്തു. നിരാശയായിരുന്നു ഫലം.
ജയരാജ് മാഷ് കുറെ നാളത്തെ ചികിത്സ കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നു.
അസുഖമൊക്കെ മാറി സുഖമായപ്പോൾ മാഷ് ഇടക്കൊക്കെ വീട്ടിൽ വന്നിരുന്ന് പഴയ പോലെ തമാശപറഞ്ഞും,കവലയിലെ ചായക്കടയിൽ കൊണ്ടു പോയ് ചായ കുടിപ്പിച്ചും, ഉത്സവപ്പറമ്പുകളിലേക്ക് കൂടെ കൂട്ടിയും ഏട്ടനെ പഴയപോലെ ആക്കിയെടുക്കാൻ ഒരുപാട് ശ്രമിച്ചു .എന്നിട്ടും അതൊക്കെ വീഫലമാക്കിക്കൊണ്ട് ഏട്ടൻ ഒരു ദിവസം ബാത്റൂമിൽ കയറി കൈ ഞ രമ്പ് മു റിച്ചു. എന്തിനായിരുന്നു ന്ന് ഇപ്പോഴും എനിക്കറിയില്ല.
വിമല മുഖംപൊത്തി കരഞ്ഞു.
സാരമില്ല.. പോട്ടെ. എന്നിട്ടെന്തുണ്ടായി.?
ഞാനവളെ ചുമലിൽ പിടിച്ചു എന്നോട് ചേർത്തിരുത്തി
ഏട്ടന്റെ മരണത്തിനു ശേഷവും മാഷ് വീട്ടിൽ വരികയും മോളുടെ ഓരോ ആവശ്യങ്ങളും കണ്ടറിഞ്ഞു കൂടെ നിൽക്കുകയും ചെയ്തു.
പരദൂഷണം ശീലമാക്കിയവർക്ക് പുതിയ കഥകൾ മെനയാൻ താമസമുണ്ടായില്ല.
ഒരു ദിവസം ഏട്ടന്റെ അമ്മ എന്നോട് പറഞ്ഞു. നീ ചെറുപ്പമാണ്.ജീവിതം ഇനിയും ബാക്കിയല്ലേ. എന്തായാലും നാട്ടുകാർ ഓരോന്ന് പറഞ്ഞു തുടങ്ങി. അത് നിർത്തിക്കാൻ ഒരു വഴിയേ ഉള്ളു. നീയവനെ വിവാഹം ചെയ്യണം.
ഞാനതിന് ഒരുക്കമല്ലായിരുന്നു. ആരെയും ആശ്രയിക്കാതെ കഴിയാൻ ഒരു ജോലിയായിരുന്നു ഞാൻ ആഗ്രഹിച്ചത്.
അമ്മ അതെതിർത്തു. ഞാനത് കാര്യമാക്കിയില്ല.
ഒരുപാട് അലച്ചിലിന് ശേഷം ഒരു സൂപ്പർമാർക്കറ്റിൽ ബില്ലിംഗ് സെക്ഷനിൽ ഞാൻ ജോലിക്ക് കയറി.
അതോടെ അമ്മയെന്നോട് ഒരു ശത്രുവിനെപ്പോലെ പെരുമാറാൻ തുടങ്ങി. മോളെ അവർക്കു വേണം. അവരുടെ മകന്റെ ചോ രയാണല്ലോ.
എന്നെ എങ്ങനെയും ഒഴിവാക്കണം എന്നൊരു കുനുഷ്ട് ചിന്തയെ കൂട്ടുപിടിച്ച് അവരെന്നെ പരമാവധി ദ്രോഹിച്ചു കൊണ്ടിരുന്നു.
സഹിക്കാൻ വയ്യാതായപ്പോ ഞാൻ വീട്ടിൽ ചെന്ന് അമ്മയോട് ചോദിച്ചു ഞാനും മോളും ഇവിടെ താമസിച്ചോട്ടെയെന്ന്.
അമ്മ നിസഹായയായിരുന്നു.വീട്അ നിയത്തിയുടെ പേരിൽ എഴുതി കൊടുത്തിട്ടായിരുന്നു അവളുടെ വിവാഹം നടത്തിയത്.
“നീയാ കല്യാണത്തിന് സമ്മതിക്ക് നിനക്കും മോൾക്കും ആരെയും പേടിക്കാതെ കഴിയാലോ എന്നൊരു ഉപദേശവും തന്ന് അമ്മയെന്നെ ഒഴിവാക്കി.
വീട്ടിൽ വഴക്കും ബഹളവും പതിവായപ്പോൾ ഒരു വാടക വീടെടുത്തു മാറണം എന്ന് തീരുമാനിച്ചു പക്ഷേ ജോലിക്ക് പോകുമ്പോ മോളെ ആരെയേൽപ്പിക്കും. ഒരു പെൺകുഞ്ഞല്ലേ ഇക്കാലത്തു ആരെ വിശ്വസിക്കാൻ പറ്റും.
അവിടെയും ഒരു സഹായഹസ്തം നീട്ടിയത് മാഷായിരുന്നു. മോളെ ഞാൻ മാഷിന്റെ വീട്ടിൽ ഏൽപ്പിച്ചു ജോലിക്ക് പോകാൻ തുടങ്ങി. അവിടെ മാഷിന്റെ അമ്മയും അനിയത്തിയുമുണ്ടായിരുന്നു. അവർക്കും മാഷെന്നെ കല്യാണം കഴിക്കണം എന്നാഗ്രഹ മുണ്ടായിരുന്നു.പക്ഷേ എനിക്ക് ഏട്ടന്റെ സ്ഥാനത്ത് മാഷേ കാണാൻ കഴിയില്ലായിരുന്നു.
ഒരവധി ദിവസം മാഷ് വീട്ടിൽ കയറി വന്നു. നന്നായി മ ദ്യപിച്ചിട്ടുണ്ടായിരുന്നു അന്ന്. ഞാൻ ആദ്യമായിട്ടാണ് മാഷെ അങ്ങനെ കാണുന്നത്.
ഞാൻ ചായയിട്ടുകൊണ്ട് നിൽക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ മാഷെന്നെ പിന്നിൽ നിന്നും കെട്ടിപിടിച്ച് ചെവിയുടെ പുറകിൽ ചു ണ്ടുകൾ ചേർത്തു. അല്പസമയം ഷോക്ക് കിട്ടിയപോലെ നിന്നുപോയി ഞാൻ. പിന്നെ കൈ നിവർത്തി അയാളുടെ കരണത്തു ആഞ്ഞടിച്ചു.
അന്നെന്റെ മുന്നിൽ നിന്നും തലയും താഴ്ത്തി ഇറങ്ങിപ്പോയതാ അയാൾ. ഇന്നും അറിയില്ല എവിടെയാണെന്ന് , ജീവിച്ചിരിപ്പുണ്ടോയെന്നു പോലും.
അതിനു ശേഷം മോളേയെൽപ്പിക്കാൻ ചെല്ലുമ്പോഴൊക്കെ അവിടുത്തെ അമ്മ എന്നോട് മുഖം വീർപ്പിച്ചു. ഒന്നും മിണ്ടാതെയായി. ഞാൻ കാരണം അവർക്ക് അവരുടെ മോനെ നഷ്ടപ്പെട്ടല്ലോ.
മോൾക്ക് വേണ്ടി ജോലി ഉപേക്ഷിച്ചു. മുന്നോട്ടുള്ള ജീവിതം എങ്ങനെ, എന്ത് എന്നൊക്കെ ആലോചിച്ചു ഭ്രാന്ത് പിടിച്ചു തുടങ്ങിയപ്പോഴാ വീണ്ടും ഒരു ജോലിയെക്കുറിച്ച് ചിന്തിച്ചത്.
ഒരുപാട് അലഞ്ഞു ഒരു വീട്ടു ജോലിക്ക് വേണ്ടിപ്പോലും. എല്ലാരുടെയും കണ്ണിൽ ഞാൻ ആണിനെ വശീകരിക്കാൻ നടക്കുന്നവളായി.
ഇപ്പോ ഞാനും മോളും ഹാപ്പിയാ ചേച്ചി.ഇവിടുന്നു ഇറക്കി വിടരുത് എന്നൊരു പ്രാർത്ഥന മാത്രേ ഉള്ളു ഇപ്പൊ.
“വിമലേ, നീയൊരു കാര്യം ചെയ്യ്. നാളെ തന്നെ ആ വീടൊഴിഞ്ഞോ. നമുക്കെ ല്ലാർക്കും കൂടി ഈയൊരു വീട് പോരെ.
അയ്യോ, വേണ്ട ചേച്ചി. എനിക്കും മോൾക്കും വേണ്ടി ഇത്രയുമൊക്കെ ചെയ്തു തരുന്നതിനു എത്ര നന്ദി പറഞ്ഞാലും തീരില്ല. നാളെ ഞാനും മോളും നിങ്ങൾ ക്കാർക്കുമൊരു ശല്യമായി മാറരുത് എന്ന കരുത ലോടെയാ ഓരോ ദിവസവും തള്ളി നീക്കുന്നത്.അതിനിടയിൽ… വേണ്ട ചേച്ചി
“ആ… അതൊക്കെ നമുക്ക് ആലോചിക്കാം. അതിനുമുൻപ് ഒന്ന് ചോദിക്കട്ടെ, നിനക്ക് പഠിക്കുന്ന കാലത്ത് ആരാകാനായിരുന്നു ഇഷ്ടം.
“അത് പിന്നേ…. ടീച്ചർ.
ഉം…നിന്റെ സർട്ടിഫിക്കറ്റുകളെല്ലാം കയ്യിലുണ്ടോ.
ഉണ്ട് ചേച്ചി
എന്നാ നമുക്ക് ബിഎഡ് ന് അപ്ലൈ ചെയ്യാം. ഞാനൊന്നു ശ്രമിക്കട്ടെ.
ഇനിയും പഠിക്കാനോ…?ഞാനോ…?വേണ്ട ചേച്ചി. അതൊന്നും ശരിയാവില്ല.
വൈ നോട്ട്?
വേണ്ട ചേച്ചി.. അതിനൊക്കെ ഒരുപാട് പൈസ വേണ്ടേ. എനിക്കെന്റെ മോളെ പഠിപ്പിക്കണം. അവൾ ക്കിഷ്ടമുള്ളിടത്തോളം. അത് മാത്രം മതി എനിക്ക്.
വിമല ഏങ്ങി കരയാൻ തുടങ്ങിയതും ഞാനവളുടെ ചുമലിൽ ഒറ്റയടി വെച്ചു കൊടുത്തു.
മേലിൽ ഇമ്മാതിരി കരഞ്ഞു സെന്റിയടിക്കാൻ നിന്നെക്കരുത് എന്റെ മുന്നിൽ. രക്ഷപെടാൻ ഒരു വഴി കാണിച്ചു കൊടുക്കുമ്പോൾ അവളുടെയൊരു മോങ്ങൽ.
തല്ക്കാലം എനിക്കൊരു ചായ കൊണ്ട് വാ.അവളുടെ കരച്ചിലൊന്നടങ്ങട്ടെ എന്ന് കരുതി ഞാൻ പറഞ്ഞു.
വിമല നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി അടുക്കളയിലേക്ക് നടന്നു.
അത് നോക്കിയിരിക്കെ,അ ഭിസാരികയെന്ന് വിളിച്ചു ആക്ഷേ പിച്ചവരെക്കൊണ്ട് അവളെ വിമല ടീച്ചർ എന്ന് വിളിപ്പിക്കണ മെന്നുതന്നെ ഞാനുറപ്പിച്ചു.
ആകാശം തേടി പറന്നു തുടങ്ങുമ്പോഴേക്കും ചിറകറ്റു വീണു പോകുന്ന എത്രയൊ വിമലമാരുണ്ടാകും നമുക്കുചുറ്റും. അവരിലൊരാളെ യെങ്കിലും ആകാശക്കോണി ലൊരു ഊഞ്ഞാലിടാൻ പ്രാപ്തയാക്കാൻ കഴിഞ്ഞാൽ മറ്റെന്തു വേണം ജീവിതം സഫലമാകാൻ…