മുന്നോട്ട്…
Story written by Ammu Santhosh
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ അമ്മായിയമ്മ ഒന്ന് മൂളി അത്ര തന്നെ. ഭർത്താവിന്റെ മുഖത്തും വലിയ പ്രകാശ മൊന്നുമില്ല. ഇപ്പൊ വേണ്ടായിരുന്നു എന്ന മട്ട്. അത് കണ്ടപ്പോൾ തോന്നി ഇതെന്റെ മാത്രം തീരുമാനമായിരുന്നോയെന്ന്. ഓരോരുത്തർക്കും സ്വന്തം സുഖങ്ങളാണ് പ്രധാനം.
സ്വന്തം വീട്ടിൽ പറഞ്ഞപ്പോഴും സ്ഥിതി വ്യത്യസ്തമല്ല. കല്യാണം കഴിപ്പിച്ചു വിട്ടതിന്റെ കടം തീർന്നിട്ടില്ല എന്ന് അച്ഛൻ പിറുപിറുക്കുന്നത് വ്യക്തമായി കേട്ടു.
പഠിച്ചു കഴിഞ്ഞു ഒരു ജോലി കിട്ടിയിട്ട് മാത്രം കല്യാണം മതി എന്ന് വാശി പിടിച്ചിരുന്ന തന്നെ കൊണ്ട് നല്ല ആലോചനയാണ് അവർ ഒന്നും ചോദിച്ചിട്ടില്ല, കല്യാണം കഴിഞ്ഞും പഠിപ്പിച്ചോളും എന്നൊക്കെ പറഞ്ഞു കെട്ടിച്ചു വിട്ട അച്ഛനും അമ്മയുമാണ് ഇപ്പൊ ഇങ്ങനെ.
ഗർഭം ഒരു രോഗമൊന്നുമല്ല എപ്പോഴും അങ്ങനെ ഡോക്ടറെ കണ്ടു കാശ് കളയാൻ ഒന്നും നിൽക്കണ്ട എന്ന് ഭർത്താവിന്റെ അമ്മ ഭർത്താവിനോട് അടക്കം പറയുന്നത് കേട്ടിട്ട് തന്നെയാണ്. ഡോക്ടർമാരെ ഒന്നും കാണാൻ ഞാൻ പോകാഞ്ഞത്. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഞാൻ തനിച്ചു സൃഷ്ടിച്ച ദൈവകുഞ്ഞു ഒന്നുമല്ലല്ലോ എന്റെ വയറ്റിൽ എന്ന് ഞാനും ചിന്തിച്ചു.
എന്നാലും ശർദില്, തലകറക്കം ഒക്കെ വന്നപ്പോൾ ഭർത്താവിന്റെ മനസ്സലിഞ്ഞു. നമുക്ക് ഒന്ന് ഡോക്ടറെ കണ്ടാലോ എന്ന് പുള്ളി. ഞാനതു കേട്ട ഭാവം കാണിച്ചില്ല
ഓട്ടോയുടെ കാശ്, ഡോക്ടറുടെ ഫീസ്, എഴുതി തരുന്ന മരുന്നിന്റെ വില, സ്കാൻ ചെയ്യുന്നതിന്റെ ബില്ല് ഒക്കെ ഓർത്തപ്പോൾ ഒരു നാരങ്ങയും മണപ്പിച്ചു വീട്ടിൽ ഇരുന്നു
“നല്ല പോലെ ജോലി ചെയ്താലേ സുഖമായി പ്രസവിക്കാൻ പറ്റു. അല്ലെങ്കിൽ ഓപ്പറേഷൻ വേണ്ടി വരും. ഓപ്പറേഷന് നല്ല ചിലവാ മറ്റേത് പിറ്റേന്ന് വീട്ടിൽ വരാം. “
അമ്മായിയമ്മ മുറ്റം തൂക്കുന്ന ചൂല് കൊണ്ട് മുന്നിലിട്ട് പറഞ്ഞു
സുഖപ്രസവം പോലും. ഇതാരപ്പ ഇങ്ങനെ ഒരു പേര് ഇട്ടത്.കൂട്ടുകാരികൾ പറഞ്ഞു കേട്ടിട്ടുണ്ട് പ്രസവത്തെ കുറിച്ച്. അലറി കരഞ്ഞു ലേബർ റൂമിൽ കിടക്കുമ്പോ ആക്ഷേപിച്ചു ചിരിക്കുന്ന കുറച്ചു പേര് അവിടെയുമുണ്ട്. പിന്നെ പ്രസവം. അത് ഓർക്കാൻ തന്നെ പേടിയാകും എന്ന്.വേദന വേദന വേദന. കുഞ്ഞിറങ്ങി വരുമ്പോൾ അനുഭവിക്കുന്ന മുറിവുകളുടെ വേദന. വേദനിച്ചു വേദനിച്ചു ഒടുവിൽ ബോധം പോകുന്ന അവസ്ഥ. അത് കഴിഞ്ഞാലോ ഇരിക്കാൻ വയ്യ ബാത്റൂമിൽ പോകാൻ വയ്യ. വേദന… എന്നിട്ടോ പേര് സുഖപ്രസവം. ഓപ്പറേഷൻ അതിലും കഷ്ടം ആണെന്നാ കേട്ടത്. എന്തായാലും നേരിടുക തന്നെ.
വേണ്ട എന്നൊക്കെ പറഞ്ഞെങ്കിലും ഭർത്താവ് എന്നെ ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി. അങ്ങനെ പ്രസവതീയതി കയ്യിൽ കിട്ടി
“നല്ല ആശുപത്രി ഇവിടെ ആണല്ലോ
ഞങ്ങൾ പ്രസവത്തിന്റ അന്ന് ഇങ്ങോട്ട് വരാം. ചടങ്ങിന് കൊണ്ട് പോയിട്ട് ഇങ്ങ് പോരട്ടെ. ഇവൾക്കും ഇവിടെയാ ഇഷ്ടം. അല്ലെ?”
അമ്മയെ കൊണ്ട് അച്ഛൻ പറഞ്ഞു പറയിപ്പിച്ചതാണെന്ന് എനിക്ക് മനസിലായി.
അമ്മായിയമ്മയുടെ മുഖം ഇരുണ്ടു തന്നെ ഇരുന്നു
ഭർത്താവിന്റെ മുഖത്തും തെളിച്ചമില്ല
ഈശ്വര പ്രസവം കഴിഞ്ഞു ഇങ്ങോട്ട് വന്നലെത്തെ അവസ്ഥ!
സ്വന്തം വീട്ടിൽ എത്ര പെട്ടെന്ന് അന്യയായി?
അല്ലെങ്കിലും സ്നേഹവും സെന്റിമെന്റ്സുമൊക്കെ കൂടുതലും കഥകളിൽ മാത്രേ കാണുവുള്ളു. ജീവിതം വേറെ ആണ്. പച്ചയായ ജീവിതം ദേ ഇങ്ങനെയുമുണ്ട്
അച്ഛനും അമ്മയും പറഞ്ഞാലും കരഞ്ഞാലും എന്റെ ജീവിതം ആണെന്ന് ഞാനും ഓർക്കണമായിരുന്നു. പഠിച്ചു ഒരു ജോലി വാങ്ങി കല്യാണം കഴിച്ചാ മതിയായിരുന്നു.
കല്യാണം കഴിഞ്ഞതൊ കഴിഞ്ഞു. കുഞ്ഞുണ്ടാകുന്നതെങ്കിലും ശ്രദ്ധിക്കാമായിരുന്നു. അവിടെയും ഭർത്താവിന്റെ സന്തോഷത്തിനു പ്രാധാന്യം കൊടുക്കണ്ടായിരുന്നു. ഇപ്പൊ എല്ലാം ഒറ്റയ്ക്ക് അനുഭവിക്കണം.
പ്രസവതീയതിയുടെ അന്നാണ് ആശുപത്രിയിൽ പോയത്. വേദനയൊ അസ്വസ്ഥതയൊ ഇല്ലാത്തതു കൊണ്ടാണ് എന്ന് ഡോക്ടർ ശാസിച്ചപ്പോൾ മറുപടി കൊടുത്തു.
“ഒരു ദിവസം നേരെത്തെ ആണെങ്കിൽ അതിന്റെ വാടക കൂടി കൊടുക്കണം. ഇവളുടെ വീട്ടുകാർ തരുമെന്ന് പ്രതീക്ഷിക്കരുത്. പ്രസവിച്ചു കഴിഞ്ഞാൽ തന്നെ കൊണ്ട് പോകുമെന്ന് എനിക്ക് തോന്നുന്നില്ല. ഇത് പിന്നെ എന്റെ തലയിൽ തന്നെ വരും. ദേ ഒരു കാര്യം പറഞ്ഞേക്കാം നിന്റെ ഭാര്യയുടെ തുണി നനക്കാനും കുളിപ്പിക്കാനും ആളെ നിർത്തി ക്കോണം എനിക്ക് വയ്യ “
അമ്മ പറഞ്ഞത് അത് പോലെ ഭർത്താവ് എന്നോട് പറഞ്ഞു. ഇത്തവണ എന്തോ പുള്ളിക്ക് ഒരു സങ്കടം പോലെ.
അല്ല പുള്ളിയെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ഒരു പ്രൈവറ്റ് കമ്പനിയിൽ ആണ് ജോലി. ലീവ് എടുത്താൽ ശമ്പളം ഇല്ല. ജോലി കൂടുതലും
“നിങ്ങൾ പ്രസവിച്ചു കഴിഞ്ഞു വന്നാൽ മതി “
ആദ്യമായി ഞാൻ കക്ഷിയോട് പറഞ്ഞു.
“വെറുതെ ലീവ് എടുക്കണ്ട “
കക്ഷി കുറച്ചു നേരം എന്റെ മുഖത്ത് നോക്കി നിന്നിട്ട് പോയി
പ്രസവ വേദന വരാതെ വന്നപ്പോൾ എന്തോ മരുന്ന് ഒക്കെ വെച്ചു നോക്കി
രക്ഷയില്ല
ഓപ്പറേഷൻ തന്നെ
മൂത്രം പോകാൻ ഒരു ട്യൂബ് ഇട്ടപ്പോൾ എന്റെ ദൈവമേ..എന്ന് അലറി പോയി.
പിന്നെ നട്ടെല്ലിൽ ഒരു ഇൻജെക്ഷൻ
അങ്ങനെ അത് കഴിഞ്ഞു
രാത്രിയിൽ എപ്പോഴോ ആണ് ബോധം വന്നത്.
മൂത്രം പോകാനുള്ള ട്യൂബ് വലിച്ചൂരി നേഴ്സ്.
“ഇനി നടന്നു പോയി മൂത്രം ഒഴിക്കു. കുഴപ്പമില്ല “
എഴുന്നേറ്റു നിന്നപ്പോൾ വിറയ്ക്കുന്നു. നഴ്സ് പിടിച്ചു. പിന്നെ അനുകമ്പയോടെ നടത്തി. കാലുകളിലൂടെ ചൂട് രക്തം ഒഴുകുന്നത് അറിയാം.
“സാരമില്ല. കുറച്ചു ദിവസം ഉണ്ടാകും. പിന്നെ സ്റ്റോപ്പ് ആയിക്കൊള്ളും “
നഴ്സ് കോട്ടൺ തന്നു പറഞ്ഞു
“മോൾ ആണ്. കുഞ്ഞിന് പാല് കൊടുക്ക് “അടുത്ത് കിടക്കുന്ന കുഞ്ഞിനെ നോക്കി നഴ്സ്
ഒന്ന് ചരിഞ്ഞു കിടക്കാൻ പോലും വയ്യ. കുഞ്ഞിനെ നോക്കണം എന്ന് പോലും അപ്പൊ തോന്നിയില്ല. അത്ര വേദന.
പിന്നെ മുറിയിലേക്ക് മാറിയപ്പോ അവളുടെ മുഖം കണ്ടു
തന്നെ പോലെ തന്നെ.
പാല് മണമുള്ള മുഖത്ത് മുഖം ചേർത്ത് വെച്ച് വേദന മറക്കാൻ ശ്രമിച്ചു.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകും മുന്നേ ഭർത്താവിനോട് ഒന്നേ പറഞ്ഞുള്ളു.
“ഒറ്റ മുറി മതി. ഒരു വാടക വീട് നോക്കണം. ഞാൻ എന്റെ വീട്ടിലോട്ട് പോകില്ല. നിങ്ങളുടെ വീട്ടിലും വരില്ല. എന്റെ കയ്യിൽ കുറച്ചു സ്വർണം ഉണ്ട്.അത് വിൽക്കാം. അത് കൊണ്ട് കുറച്ചു മാസത്തെ ചിലവ് വാടക എല്ലാം നടക്കും. പിന്നെ ഞാനും കൂടി ജോലിക്ക് പൊയ്ക്കോളാം. നമ്മൾ മാത്രം മതി. സമ്മതമല്ലെങ്കിലും ഞാൻ പോകും. ഒറ്റയ്ക്ക് താമസിക്കും. ആലോചിക്ക് “
ആലോചിച്ചു കാണും.
ഭാര്യയെക്കാൾ,സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിനെക്കാൾ വലുതല്ല അവളെ അവഗണിക്കുകയും വേദനിപ്പിക്കുകയും ചെയ്ത വീട്ടുകാർ എന്ന് തിരിച്ചറിവ് ഉണ്ടായിക്കാണും.ഭർത്താവ് എന്നെ വാടക വീട്ടിലേക്ക് കൊണ്ട് പോയി
കുറെ മുറുമുറുക്കലുകൾ ഒക്കെ കേട്ടു
ശ്രദ്ധിക്കാൻ പോയില്ല.
അച്ഛനെയും അമ്മയെയും നോക്കിയില്ല.
എന്തായാലും ഇത്രയും ആയി. അവർ പറഞ്ഞത് അനുസരിച്ചു ജീവിച്ചത് കൊണ്ട് പ്രത്യേകിച്ച് നേട്ടമൊന്നും ഉണ്ടായില്ല.
ഇനിയുള്ള ജീവിതം എങ്കിലും എന്റെ ഇഷ്ടത്തിന് എനിക്ക് ജീവിക്കണം
എന്റെ മോൾ എന്നെ പോലെ ആവുകയും അരുത്.
മൂന്ന് മാസം കഴിഞ്ഞപ്പോൾ ഞാനും ജോലിക്ക് പോയി തുടങ്ങി. കുഞ്ഞിനെ നോക്കാൻ ആരും സഹായത്തിനില്ലാത്ത ഒരു സാധു സ്ത്രീയെ കിട്ടി.
ജീവിതം മെല്ലെ താളത്തിലായി
ഇനിയങ്ങോട്ട് പൊയ്ക്കോളും.
ചുവടുകൾ സൂക്ഷിച്ചു വെച്ചാ മതി.
മുന്നോട്ട് പോകണം.
ആരില്ലെങ്കിലും മുന്നോട്ടു തന്നെ.
അത് ഞാൻ പഠിച്ചു കഴിഞ്ഞു.