Story written by Sumayya Beegum T A
ചുരുണ്ട മുടിയിഴകളിൽ വിരൽ കോർത്തു വിഷമിച്ചിരിക്കുന്ന സുമയെ നോക്കി താര അത്ഭുതത്തോടെ ചോദിച്ചു.
വിശാൽ നിന്നെ ഉപദ്രവിക്കുമെന്നോ?
ചുണ്ടിന്റെ കോണിൽ വിരിഞ്ഞ പരിഹാസത്തിൽ ദുഃഖത്തിന്റെ നിഴൽ ചാർത്തി സുമ ഒന്നും മിണ്ടാതെയിരുന്നു.
താര നീ പറയാറില്ലേ ആത്മഹ ത്യ ഒന്നിനും ഒരു പരിഹാരം അല്ലെന്നു. ഭീരുക്കൾ ആണ് ആത്മഹ ത്യ ചെയ്യുകയെന്നു. വെറുതെയാണ് ഏറ്റവും ധൈര്യം ഉള്ളവരാണ് ആത്മഹ ത്യ ചെയ്യുക. എന്നെപ്പോലുള്ള ഭീരുക്കൾ ഒരിക്കലും ആത്മഹ ത്യ ചെയ്യില്ല. അതാണ് അത് മാത്രമാണ് എനിക്ക് ചുറ്റും ഉള്ളവരുടെ ആയുധവും.
എങ്കിലും സുമേ ചെറിയ സൗന്ദര്യപിണക്കങ്ങൾക്ക് അപ്പുറം അയാൾ നിന്നെ പലപ്പോഴും ഉപദ്രവിക്കാറുണ്ടെന്നു ഞാൻ ഇപ്പോൾ മാത്രം അറിയുന്നു.
താര,ഭർത്താക്കന്മാർ ഉപദ്രവിക്കുന്ന സ്ത്രീകളുടെ കഥ നീ കേട്ടിട്ടല്ലേ ഉള്ളു ഒരിക്കൽ ആ വേദന അനുഭവിക്കണം. ഒന്ന് കുതറാൻ പോലും പറ്റാതെ ആ കൈകരുത്തിൽ ഞെരിഞ്ഞു അമരുമ്പോൾ ഒരു റോസാപൂ ദളങ്ങൾ പോലെ ദുർബലമാകും നമ്മുടെ ഓരോ അണുവും. പഴന്തുണി കെട്ടുപോലെ തളർന്നു വീഴുമ്പോൾ കണ്ണുകൾ നിറയാറില്ല ഉറക്കെ കരയാറുമില്ല.
എന്തായിരുന്നു ഇന്നലെ സംഭവിച്ചത്.
ഫോണിൽ കണ്ട ഒരു മെസ്സേജിനെ പറ്റി ചോദ്യം ചെയ്തതാണ്. വഴക്ക് ഉണ്ടാക്കിയില്ല മുഖം വീർപ്പിച്ചു എഴുന്നേറ്റു പോയി.
മുടിയിൽ പിടിച്ചു പുറകോട്ടു വലിച്ചപ്പോൾ നട്ടെല്ല് രണ്ടായി പിളർന്നെന്നു തോന്നി,കഴുത്തിനു കു ത്തിപിടിച്ചു അമിക്കിയപ്പോൾ തൊണ്ട പൊട്ടിയെന്നും. അവസാനം കസേര എടുത്തു അടിക്കാൻ വന്നപ്പോൾ കുഞ്ഞു ഇടയിൽ കേറിയതുകൊണ്ട് തത്കാലം രക്ഷപെട്ടു.
എല്ലാരോടും നന്നായി പെരുമാറുന്ന,കാണാൻ സുമുഖനായ വിശാൽ അയാൾക്ക് ഇങ്ങനെയും ഒരു മുഖമോ? താരയ്ക്ക് ഇപ്പോഴും അത് ഉൾകൊള്ളാൻ പറ്റുന്നില്ല…
താര നീ വിവാഹം കഴിക്കണോ വേണ്ടയോ എന്നു ഒരുപാട് വട്ടം ആലോചിക്കുക. ജീവിതകാലം മൊത്തം ഒരാളുടെ അടിമയായി അയാളുടെ അമ്മയ്ക്ക് ഭരിക്കാൻ മാത്രമുള്ള പരിചരികയായി ഒരു മനുഷ്യായുസ്സ് കളയുന്നതിലും എത്രയോ ഭേദമായിരുന്നു സന്യാസം. എനിക്ക് ഇനി ഒരു തിരിച്ചുപോക്ക് അസാധ്യമാണ് പക്ഷേ നിനക്ക് സമയമുണ്ട്.
വെയിലാറിയ വയലിൽ കൊക്കുരുമ്മുന്ന ഇണകിളികളെ നോക്കി സുമ തുടർന്നു.
എല്ലാം വെറുതെയാണ് താര. പ്രണയമില്ലാത്ത ഇണച്ചേരലുകൾ. കനത്ത പ്രഹരങ്ങൾ ഏല്പിക്കുമ്പോൾ അയാൾ ഒരിക്കലും ഓർക്കാറില്ല മണിക്കൂറുകൾക്ക് മുമ്പ് ആവോളം എന്റെ ശ രീരത്തെ ആസ്വദിച്ചതാണെന്നു..
സുമേ നീ വിഷമിക്കാതെ നിനക്ക് ഈ ജീവിതത്തോട് താല്പര്യം ഇല്ലെങ്കിൽ തുടരുന്നതെന്തിനു? ഈ ബന്ധം അവസാനിപ്പിച്ചുകൂടെ?
ഇല്ല താര രക്ഷപ്പെടൽ എന്നൊന്നില്ല. ഇപ്പോൾ അയാളുടെ ദ്രോഹം മാത്രം സഹിച്ചാൽ മതി. ഈ ബന്ധം തീർത്താൽ പിന്നെ ആർക്കും ഉപദ്രവിക്കാവുന്ന ഒന്നായി എന്റെ ശരീരവും മനസ്സും മാറും.
നിസാര കാര്യങ്ങൾക്ക് വിളിച്ചു ശല്യപെടുത്തരുത് എന്നു മുൻകൂട്ടി പറഞ്ഞിരിക്കുന്ന ആങ്ങള ഉൾപ്പടെ എല്ലാർക്കും അധികപറ്റാവും.
ഞാൻ തോറ്റുപോയി താര ജീവിതത്തിൽ ഒരു വട്ട പൂജ്യമായി. ഇതെന്റെ ആത്മഹ ത്യ കുറിപ്പ് ആയിരുന്നെങ്കിൽ ഞാൻ എത്ര ഭാഗ്യവതി ആയിരുന്നേനെ..
സുമേ..
വേണ്ട താര ഇനി നീ ഒന്നും പറയണ്ട. ഞാൻ ഇനിയും ജീവിക്കും. അടുക്കളയിൽ പാചകം ചെയ്യും, മക്കളെ വളർത്തും, ഭർത്താവിന്റെ കിടക്ക പങ്കിടും, ഭർതൃ വീട്ടുകാരുടെ പരിഹാസങ്ങൾ ഏറ്റുവാങ്ങും അങ്ങനെ അങ്ങനെ കഴുതയുടെ ചുമടെടുപ്പ് പോലെ ഒരു ജീവിതം ജീവിച്ചു തീർക്കും..
അതും പറഞ്ഞവൾ മറയാൻ പോകുന്ന അർക്കന്റെ കിരണങ്ങൾ നെറുകയിൽ ചാർത്തി ഇടവഴിയിലൂടെ അതിവേഗം നടന്നു ഉണങ്ങിയ തുണികൾ പെറുക്കി മടക്കി അടുക്കി വെക്കാൻ.