ഇനിയും എനിക്കൊരു കുഞ്ഞിനെ കിട്ടിയില്ലെങ്കിൽ ഞാൻ എന്റെ ജീവിതം തന്നെ അവസാനിപ്പിക്കും. ഇച്ചായൻ വേറൊരു പെണ്ണുകെട്ടി….

_upscale

Story written by Sumayya Beegum T A

മഞ്ഞു പൊഴിയുന്ന ഡിസംബർ രാവിൽ ഒന്ന് ചേർന്നതിന്റെ അലസ്യത്തിൽ ഡെയ്‌സി ബെന്നിയുടെ മാ റിൽ വിരല് കൊണ്ടു വെറുതെ കളം വരച്ചു ഉറങ്ങാതെ കിടന്നു.

ഇച്ചായ…

എന്തോ

മയക്കം പതിയെ കണ്ണുകളെ തഴുകാൻ തുടങ്ങിയെങ്കിലും അയാൾ വിളി കേട്ടു.

ഇച്ചായ എനിക്കൊരു കുഞ്ഞു വേണം.

ആഗ്രഹം ഇല്ലാഞ്ഞിട്ടല്ലല്ലോ ദൈവം തരണ്ടേ കൊച്ചേ.

ഇനി വയ്യ ഇച്ചായ കാത്തിരുന്നു കാത്തിരുന്നു വർഷങ്ങൾ എത്ര കഴിഞ്ഞു.

ഇനിയും എനിക്കൊരു കുഞ്ഞിനെ കിട്ടിയില്ലെങ്കിൽ ഞാൻ എന്റെ ജീവിതം തന്നെ അവസാനിപ്പിക്കും. ഇച്ചായൻ വേറൊരു പെണ്ണുകെട്ടി സുഖായി ജീവിച്ചോ.

കഴിഞ്ഞതവണയും ഡോക്ടറെ കണ്ടപ്പോൾ ഒരു കുഴപ്പവുമില്ല എന്നല്ലേ കൊച്ചേ പറഞ്ഞത്. പിന്നെ നിസാര പ്രശ്നങ്ങൾ ഉള്ളത് എനിക്കല്ലേ നിനക്ക് ഒരു കുഴപ്പവുമില്ലല്ലോ പിന്നെ എന്നതിനാ നീ എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത്. നിനക്ക് എന്നെ മടുത്തു തുടങ്ങിയോ?

പറഞ്ഞത് മുഴുവനാക്കാൻ സമ്മതിക്കാതെ വെളുത്ത നീണ്ട വിരലുകളാൽ അവൾ അയാളുടെ ചുണ്ട് പൊത്തി. ആ ചുണ്ടുകളിൽ അമർത്തി ചും ബിച്ചു. നിങ്ങളെ ഉപേക്ഷിച്ചു ഞാൻ എങ്ങോട്ട് പോകാനാണ് ഇച്ചായ. അങ്ങനെ പിരിയേണ്ടിവന്നാൽ ശ്വാസം മുട്ടി ഞാൻ പിടഞ്ഞു തീരും.

പിന്നെ ഈ പാതിരാത്രി നീ എന്തിനാണ് ഇങ്ങനെ ഒക്കെ പറഞ്ഞു എന്റെ ഉറക്കം കളയുന്നത്. നിനക്ക് ഞാൻ ഇല്ലേ എനിക്ക് നീയും.

അവളെ മാ റോടു ചേർത്തു ആ ചുമലിൽ പതിയെ കൊട്ടി അയാൾ ഉറങ്ങാനായി കണ്ണുകളടച്ചു.

ഇച്ചായ…

നിനക്കെന്ന കൊച്ചേ.

എനിക്ക് ഉറങ്ങണ്ട അതും പറഞ്ഞു ഡെയ്‌സി പൊട്ടികരഞ്ഞു ബെഡിൽ നിന്നെഴുനേറ്റു ജനാലയ്ക്കരികിൽ പോയി നിന്നു.

ഡെയ്‌സിയുടെ മുമ്പിൽ മാത്രം ഭൂമിയോളം ക്ഷമിക്കുന്ന ബെന്നിച്ചൻ പുതപ്പ് മാറ്റി അവൾക്കരികിൽ ചെന്നു നിന്ന് അവളെ സമാധാനിപ്പിച്ചു.

ഞാൻ എന്നാ ചെയ്യണം കൊച്ചു പറ ഇങ്ങനെ കിടന്നു കരഞ്ഞു എന്റെ പ്രഷർ കൂട്ടരുത്.

എനിക്കൊരു അമ്മ ആവണം.

പുറത്തെ ഇരുട്ടിലേക്ക് നോക്കി ബെന്നി ഒന്നും മിണ്ടാതെ നിന്നു. അല്പസമയം കഴിഞ്ഞപ്പോൾ രണ്ട് കണ്ണീർ തുള്ളി അയാളുടെ കവിളിലൂടെ ഒഴുകി.

നിശബ്ദമായ ആ വേദന പ്രവാഹത്തിൽ അയാൾ സ്വയം മറന്നു നിൽകുമ്പോൾ ഡെയ്‌സി ആ കാൽക്കൽ വീണു കെട്ടിപിടിച്ചു കരഞ്ഞു.

എന്നോട് പൊറുക്കണേ എന്റെ വേദന എനിക്ക് താങ്ങാനാവുന്നില്ല.

ബെന്നി മുട്ടുകുത്തി അവളിലേക്ക് ചേർന്നിരുന്നു.

ഇച്ചായ നമുക്ക് ഒരു കുഞ്ഞിനെ ദത്തെടുക്കാം.

പലപ്പോഴും അവൾ ഇത് പറയുമ്പോൾ എല്ലാം എതിർത്തിരുന്ന അയാൾ ഇത്തവണ നിശബ്ദനായിരുന്നു.

ഡെയ്‌സി ഇനി നിന്നെ തടയാൻ എനിക്ക് എന്നല്ല ആർക്കും ആവില്ല നിന്റെ ഇഷ്ടം നടക്കട്ടെ. പിന്നെ നിന്നോട്എ നിക്ക് ഒന്നേ പറയാനുള്ളു. ഇപ്പോൾ നമ്മുടെ ജീവിതത്തിനൊരു താളമുണ്ട്. സമാധാനത്തിന്റെ തണലുണ്ട്. മക്കൾ ഇല്ലെങ്കിലും എനിക്ക് നീയും നിനക്ക് ഞാനുമുണ്ട്. ഇതെല്ലാം ഇല്ലാതാക്കുന്ന ഒരു തീരുമാനം ആയിപോയി എന്ന് പിന്നീട് പശ്ചാത്തപിക്കരുത്.

ഒരിക്കലും ഇല്ല ഇച്ചായ അതും പറഞ്ഞവൾ അയാളിലേക്ക് ചാഞ്ഞു.

മൂന്നാലുമാസം മുമ്പ് ആണ് ആദ്യമായി അവൾ സെന്റ്. മേരിസ് ഓർഫനേജിൽ പോകുന്നത്.അവരുടെ വിവാഹ വാർഷികത്തിനു കുഞ്ഞുങ്ങൾക്ക് കേക്കും മിടായിയും നൽകാൻ.

അവിടുത്തെ മദറായി അവളുടെ അകന്ന ബന്ധു ഈയിടെ ചാർജ് എടുത്തിരുന്നത് കൊണ്ടു അവിടെ എല്ലാം കാണാനും അവൾക്ക് അനുവാദം കിട്ടിയിരുന്നു. കുഞ്ഞുമക്കളെ ഓരോരുത്തരയായി കൊഞ്ചിച്ചും കളിപ്പിച്ചും ഇരിക്കുമ്പോൾ ആണ് ഒരു തുണി തൊട്ടിയിൽ ഉറങ്ങിക്കൊണ്ടിരിക്കുന്ന ആൺകുഞ്ഞിനെ അവൾ കാണുന്നത്.

റോസ് നിറത്തിലുള്ള ഒരു കോട്ടൺ കൈലി കെട്ടി ഉണ്ടാക്കിയ തൊട്ടിയിൽ പകുതി കൺതുറന്നു തള്ള വിരൽ വായിൽ വെച്ച് അവനങ്ങനെ ചെറു ചിരിയോടെ മയങ്ങുന്നു.

എത്ര നേരം നോക്കി നിന്നനറിയില്ല. പെട്ടന്ന് അവളുടെ അടുത്തിരുന്നു കളിച്ചിരുന്ന ഒരു കൊച്ചുപെൺകുട്ടിയുടെ കയ്യിൽ നിന്നും ഒരു കിലുക്കം താഴെ വീണു. ആ ശബ്ദം കേട്ടു അവൻ പേടിച്ചുണർന്നു കരയാൻ തുടങ്ങി.

എന്തോ പെട്ടന്ന് അവൾക്കു അവനെ ഓടിച്ചെന്നു എടുക്കാൻ തോന്നി. ആ കുഞ്ഞിനെ വാരിയെടുത്തു മാ റിൽ ചേർത്തപ്പോൾ റോസാ പൂ പോലുള്ള ആ ചുണ്ടുകൾ അവളുടെ മാ റിൽആദ്യം എന്തോ തിരഞ്ഞു പിന്നെ നുണയാൻ തുടങ്ങി. ആ അനുഭൂതിയിൽ അവൾ ആദ്യമായി ഒരമ്മയായി.

കുഞ്ഞിന്റെ കരച്ചിൽ കേട്ട് അപ്പോഴേക്കും സിസ്റ്റർ ഓടി വന്നു. അവർ കൊണ്ടുവന്ന കുപ്പിപാൽ ഡെയ്‌സി തന്നെ മടിയിൽ കിടത്തി കൊടുത്തു.

പാല് കുടിപ്പിച്ചു കഴിഞ്ഞു നെഞ്ചിൽ കിടത്തി കൊട്ടി ഉറക്കുമ്പോൾ അവൻ അവളുടെ സാരി തുമ്പിൽ മുറുക്കെ പിടിച്ചിരുന്നു. അവനും ആദ്യമായി ഒരമ്മയെ അറിഞ്ഞു ആ ചൂടിൽ പറ്റിച്ചേർന്നതാവാം.

കുഞ്ഞിനെ തൊട്ടിലിൽ കിടത്തി തിരിച്ചു പോരുമ്പോൾ ഡേയ്സി കരൾ പിളരുന്ന പോലെ നീറിപിടഞ്ഞു.

അന്ന് തൊട്ട് പലവട്ടം അവൾ അവിടെ പോയി. ആ കുഞ്ഞിന് അമ്മയായി. ഇപ്പോൾ അവനു ആറുമാസം കഴിഞ്ഞു. കളിയും ചിരിയും കൂടി. അതുകൊണ്ടൊക്കെ ഇപ്പോൾ അവനെ പിരിഞ്ഞു മാറിനിൽക്കാൻ അവൾക്ക് ഒട്ടും പറ്റുന്നില്ല.

ഒരു തവണ അവനെ ദത്തെടുക്കുന്ന കാര്യം ഡെയ്‌സി ബെന്നിയോട് പറഞ്ഞെങ്കിലും അയാൾക്ക് അതിനൊട്ടും താല്പര്യം ഉണ്ടായിരുന്നില്ല.

ഇന്ന് അവൾക്കു സ്വർഗം കയ്യിൽ കിട്ടിയ ദിവസം ആണ്.അവസാനം ബെന്നിച്ചൻ സമ്മതിച്ചിരിക്കുന്നു. അല്ലെങ്കിലും ബെന്നി പാവമാണ് ആരെയും വേദനിപ്പിക്കാൻ അയാൾക്ക് ആവില്ല.നേരം പെട്ടന്ന് വെളുക്കാൻ അവൾ ഉറങ്ങാതെ കാത്തിരുന്നു.

******************

കണ്ണാടി ചില്ലുപോലുള്ള നീല സാരി ഉടുത്തു മുടി മുമ്പിലേക്ക് അഴിച്ചിട്ടു ആവശ്യത്തിലധികം മേക്കപ്പ് ഇട്ടു നിൽക്കുന്ന ആ യുവതിയെ നോക്കി ഡെയ്‌സി മനസിലാകാത്ത മട്ടിൽ മിഴിച്ചു നിന്നു. അവളുടെ കയ്യിൽ പാവക്കുട്ടി പോലൊരു പെൺകുഞ്ഞും.

ചാർളിയുടെ വീടല്ലേ?

ആ യുവതി ഡെയ്സിയോട് ചോദിച്ചു.

അതേ നിങ്ങൾ ആരാണ്.

ഞാൻ ഞാൻ ചാർളിയുടെ കൂട്ടുകാരിയാണ്. ചാർളിയോട് ഞാൻ വന്നു എന്ന് പറയുമോ?

ഡെയ്‌സി തലയാട്ടി അവനെ വിളിക്കാൻ അകത്തേക്ക് പോയി.

റൂം അടച്ചിട്ടില്ല. മേശമേൽ നാലഞ്ച് മ ദ്യ കു പ്പി കാലിയായി കിടപ്പുണ്ട്. തറയിൽ ഒരു സി റിഞ്ചും.

കട്ടിലിൽ ബോധം കെട്ട് ചാർളി കിടന്നുറങ്ങുന്നു.

ഡെയ്‌സി അവനെ പലവട്ടം വിളിച്ചിട്ടും അവൻ എഴുന്നേറ്റില്ല എന്നു മാത്രല്ല കാല് കൊണ്ടൊരു ചവിട്ട് കൊടുത്തത് അവളുടെ വലത്തേ തോളിൽ ശക്തിയായി കൊണ്ടു .

അയ്യോ എന്നൊരു നിലവിളിയോടെ ഡെയ്‌സി കട്ടിലിൽ ഇരുന്നുപോയി. അവൻ ഒന്നും അറിയാത്ത പോലെ തിരിഞ്ഞു കിടന്നു.

കൈ അമർത്തി തടവി ഡെയ്‌സി വെളിയിൽ നിൽക്കുന്ന യുവതിയോട് കാര്യം പറഞ്ഞപ്പോൾ അധികാരത്തോടെ അവൾ അവന്റെ റൂമിലേക്ക് കയറി.

പെൺകുഞ്ഞിനെ ഡേയ്സിക്ക് മുമ്പിൽ നിർത്തി അവൾ റൂമിലേക്ക് പോയപ്പോൾ ഡെയ്‌സി ആ കുഞ്ഞിന്റെ കവിളിൽ മെല്ലെ തൊട്ടു.

എന്താ മോളുടെ പേര്.

റോസ്.

മുല്ലമൊട്ടുപോലുള്ള പല്ലുകൾ കാട്ടി ആ കുഞ്ഞു മനോഹരമായി ചിരിച്ചു.

അകത്തപ്പോൾ അവർ പൊട്ടിച്ചിരിക്കുന്നതും അടക്കി സംസാരിക്കുന്നതും ഡെയ്‌സി അറിയുന്നുണ്ടായിരുന്നു.

അരമണിക്കൂറോളം യാതൊരു പരിചയവുമില്ലാത്ത സ്ഥലത്തു കുഞ്ഞിനെ വെളിയിൽ നിർത്തി പോയ ആ യുവതിയെ ഓർത്തു ഡെയ്‌സിക്ക് വെറുപ്പ് തോന്നി.

കുറച്ചു കഴിഞ്ഞപ്പോൾ അഴിഞ്ഞുലഞ്ഞ സാരിയും പടർന്ന ചമയങ്ങളുമായി ഒരു കൂസലുമില്ലാതെ ആ പെണ്ണ് ഇറങ്ങിവന്നു ഡെയ്‌സിയുടെ അടുത്തിരുന്നു പാൽ കുടിച്ചു കൊണ്ടിരുന്ന റോസിനെ കയ്യിൽ പിടിച്ചു വലിച്ചോണ്ട് പോയി.

അവൾ വലിച്ചോണ്ട് പോകുമ്പോഴും ആ കുഞ്ഞു ഡേയ്സിയെ നോക്കി കണ്ണുകൾ അടച്ചു ചിരിച്ചു കാണിച്ചു ആരെയും മയക്കുന്ന ചിരി.

***************

മഴ തകർത്തുപെയ്യുന്ന ജൂൺ മാസത്തിലെ നിലവില്ലാത്ത രാത്രി ബെന്നിച്ചന്റെ വാടക മുറിയുടെ വാതിലിൽ ആരോ ശക്തിയായി തട്ടി.

ലൈറ്റ് ഇട്ടു കണ്ണട തപ്പിയെടുത്തു ബെന്നി വാതിൽ തുറന്നു.

വാതിൽക്കൽ മൊത്തം നനഞ്ഞു ഡെയ്‌സി.അവളുടെ മുടിയിലൂടെ വെള്ളം ഇറ്റ് വീണുകൊണ്ടിരുന്നു.

ഡെയ്‌സി…

ഇച്ചായ…

അവൾ അയാളെ കെട്ടിപിടിച്ചു.

അതുവരെ ഉണ്ടായിരുന്ന എല്ലാ ദേഷ്യവും മറന്നു ബെന്നി അവളെ മുറുക്കെ പുണർന്നു.

ഇച്ചായ എന്നോട് പൊറുക്കണം. ഇച്ചായൻ പറഞ്ഞതൊന്നും ഞാൻ അനുസരിച്ചില്ല. ചാർളിയുടെ ദു ർനടപ്പ് കാരണം ഇച്ചായൻ വീട് വിട്ടപ്പോഴും അവനെ ഉപേക്ഷിക്കാൻ എനിക്ക് ആയില്ല. എല്ലാം എന്റെ തെറ്റാണ്.

അവൾ അയാളുടെ കാലിൽ കെട്ടിപിടിച്ചു കരഞ്ഞു പതിവ് പോലെ ബെന്നി അവളെ തോളിലേക്ക് ചായ്ച്ചു.

എന്നിട്ട് നിന്റെ മകൻ എവിടെ?

അവൻ ഉറങ്ങുക ആണ് ബെന്നിച്ച അന്ന് ഞാൻ ആദ്യം അവനെ കണ്ടപ്പോൾ ഉറങ്ങിയപോലെ അവൻ ഒന്നുമറിയാതെ ഉറങ്ങുക ആണ്.ഇനിയവൻ കഞ്ചാവ് വലിക്കില്ല. ഗു ണ്ട പണിക്ക് പോകില്ല.അവൻ ഇനി ഉണരില്ല.

ബെന്നി ഉൾകിടിലത്തോടെ അവളുടെ താടി പിടിച്ചുയർത്തി.

നീ…നീ എന്നതാ പറയുന്നത് കൊച്ചേ?നിനക്ക് എന്നാ പറ്റി?

ഞാൻ കൊ ന്നു ബെന്നിച്ച,അവനെയും അവന്റെ കാമുകിയെയും. രണ്ടും കൂടി ഒരുമിച്ചു ജീവിക്കാൻ പോകുകയാണ് അതിന് അവളുടെ കുഞ്ഞു തടസ്സം ആകുമെങ്കിൽ അതിനെ കൊ ല്ലാം എന്ന് രണ്ടുംകൂടി ഫോണിൽ പ്ലാൻ ചെയ്യുന്നത് ഞാൻ കേട്ട് ബെന്നിച്ച. പിന്നെ ഒന്നും ഓർത്തില്ല ആ പൊന്നുമോളുടെ മുഖം മാത്രേ മനസ്സിൽ വന്നുള്ളൂ.

ഇന്ന് വൈകുന്നേരം അവനും അവളും കൂടി വീട്ടിൽ ഇരുന്നു രസിച്ചു കു ടിച്ചത് ഞാൻ വി ഷം കലർത്തിയ മ ദ്യം ആണ്.

ചോ ര ഛർദിച്ചു അവൻ പിടഞ്ഞപ്പോൾ ബെന്നിച്ച ഞാൻ… ഞാൻ… എന്റെ ഈ കൈകളിൽ അവന്റെ മുഖം കോരിയെടുത്തു നെഞ്ചോട് ചേർത്തു. അന്ന് ആദ്യമായി കണ്ടപ്പോൾ എടുത്തു നെഞ്ചോട് ചേർത്തപോലെ. എന്നിട്ട് എന്റെ കൈകൊണ്ട് തന്നെ അവസാനമായി ഒരിറ്റു വെള്ളം കൊടുത്തു.അന്ന് പാൽ കൊടുത്തപോലെ. പിന്നെ ഞാൻ അവനെ കൊട്ടി ഉറക്കി എന്നെനെയ്‌ക്കുമായി

അതും പറഞ്ഞു ഡെയ്‌സി അയാളുടെ മാ റിൽ തലയിട്ടടിച്ചു കരഞ്ഞു. കണ്ണീർ വറ്റിയ കുഴിഞ്ഞ മിഴികളാൽ വേദനയോടെ അയാളും അലറികരഞ്ഞു.

എന്റെ പൊന്നുമോളെ….

വേണ്ട ഇച്ചായ അതുപോലൊരു ചീ ത്ത അമ്മ ആ കുഞ്ഞിന് വേണ്ട അതിലും നല്ലത് ആ കുഞ്ഞു അമ്മ ഇല്ലാതെ എവിടെയെങ്കിലും വളർന്നുകൊള്ളും അതുകൊണ്ട് ആണ് ഞാൻ ആ പെണ്ണിനേയും കൊ ന്നത്.

കൂടുതൽ ശക്തിയോടെ പെയ്യുന്ന മഴത്തുള്ളികളെ വകഞ്ഞു മാറ്റി വന്നുനിന്ന പോലീസ് ജീപ്പിൽ നിന്നും പോലീസുകാർ ഇറങ്ങി.

ഡെയ്‌സി അവർക്കൊപ്പം തലകുനിച്ചു ഇറങ്ങുന്നതിനു മുമ്പ് അയാളെ ഒന്ന് തിരിഞ്ഞു നോക്കി…

അനങ്ങാൻ പോലും പറ്റാതെ പ്രതിമ പോലെ അയാളവിടെ തറഞ്ഞു നിന്നു.നെഞ്ചു പൊള്ളി അയാൾ അവളെ കണ്ണുകളാൽ യാത്രയാക്കി.

ഞാൻ കാത്തിരിക്കും ആ കണ്ണുകൾ അവളോട് മന്ത്രിച്ചു.

ഞാൻ തിരിച്ചു വരും ഇച്ചായ.. അയാളുടെ പ്രാണന്റെ മിഴികൾ മറുപടി കൊടുത്തു.

മഴ തോർന്നൊരു വസന്തത്തിനായി വര്ഷങ്ങളോളം അവർ കാത്തിരിക്കുന്നു.. ❤❤