തങ്കപ്പെട്ട മനസ്സുള്ള കുട്ടിയാണ്…. ഒരിക്കലും കഷ്ടപ്പാട് വരില്ലട്ടോ… കുടുംബത്തില് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവും……..

_upscale

ഭാവി

Story written by Jolly Shaji

ഉമ്മറത്തെ ചാരുബെഞ്ചിൽ തെക്കേപ്പുറത്തേക്ക് നോക്കിയിരുന്ന മീര ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടാണ് അങ്ങോടു നോക്കിയത്…

തത്ത കൂടുമായി ഒരു പ്രായമായ ആൾ… കൈനോട്ടക്കാരൻ എന്ന് ഒറ്റനോട്ടത്തിൽ അവൾക്ക് മനസ്സിലായി..

അമ്മാ കൈനോക്കി ഭാവി പറയട്ടെ…

അലസമായി കിടന്ന മുടി വാരിക്കട്ടി അവൾ അവിടുന്ന് എഴുന്നേറ്റു..

അയാൾ ഇറയത്തേക്ക് കയറുന്ന
സ്റ്റെപിൽ തത്ത കൂട് വെച്ചു…

അമ്മാ കൊഞ്ചം തണ്ണി…

മീര വേഗം അകത്തുപോയി ഒരു കപ്പിൽ വെള്ളവും ഒരു പത്തുരൂപ നോട്ടും കൊണ്ടുവന്ന് അയാൾക്ക്‌ നേരെ നീട്ടി…

അയാൾ വെള്ളം വാങ്ങി കുടിച്ചു… വേഗം തത്തയെ പുറത്തെടുക്കാൻ തുടങ്ങി…

വേണ്ട… കൈനോക്കേണ്ട…

അയാൾ ആ പത്തു രൂപ നോട്ടിലേക്കും അവൾക്കു നേരെയും മാറി മാറി നോക്കി…

അത് വെച്ചോളൂ… എന്റെ ഭാവി എനിക്ക് അറിയാം..

തങ്കപ്പെട്ട മനസ്സുള്ള കുട്ടിയാണ്…. ഒരിക്കലും കഷ്ടപ്പാട് വരില്ലട്ടോ… കുടുംബത്തില് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവും…

അയാളുടെ സംസാരം കേട്ട മീര പുഞ്ചിരിച്ചു…

പുരുഷൻ എപ്പോഴും കൂടേ ഉണ്ടാവും… നിന്നെ വിട്ടു പോവുകേ ഇല്ല… കൊളന്തകൾ രാജാക്കൾ ആയി വാഴും…

അയാൾ പറഞ്ഞുകൊണ്ട് തത്ത കൂടും എടുത്തു പിന്തിരിഞ്ഞു നടന്നു…

മീര പൊട്ടിക്കരഞ്ഞു കൊണ്ട് അകത്തേക്ക് ഓടി…

എന്താ മോളെ… ആരാ പുറത്ത് സംസാരിക്കുന്നതു കേട്ടത്…

അത് ഒരു കൈനോട്ടക്കാരൻ ആയിരുന്നു അമ്മേ…

അയാൾ എന്ത് പറഞ്ഞ് നീ ഇങ്ങനെ കരയാൻ….

ഞാൻ ഭാഗ്യം ചെയ്തവൾ ആണെന്ന്.. എന്റെ പുരുഷൻ എപ്പോഴും എന്റെ കൂടേ കാണുമെന്നു… എന്റെ മക്കൾ രാജാക്കന്മാർ ആയി വാഴുമെന്ന്…

അതൊക്ക സത്യമല്ലേ മോളെ… ഹരിയും മക്കളും അന്നത്തെ ആക്‌സിഡന്റിൽ മരിച്ചാലും ഈ തൊടിയിലെ തെക്കേപ്പുറത്തു നമുക്കടുത്തു എപ്പോഴും ഇല്ലേ… അവർക്കു നമ്മെ വിട്ട് പോവാൻ പറ്റുമോ മോളെ… നമ്മുടെ മനസ്സിലും ഈശ്വരന്റെ സന്നിധിയിലും നമ്മുടെ മക്കൾ രാജാക്കന്മാർ തന്നെയാണ് മോളെ…

അമ്മ അവളുടെ മുടിയിഴകൾ മാടിയൊതുക്കി… ആ കണ്ണിൽ നിന്നും രണ്ടുത്തുള്ളി കണ്ണുനീർ മീരയുടെ കൈകളിലേക്ക് വീണു..

മീര അമ്മയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു…