Story written by Sumayya Beegum T A
രാവിലെ എഴുന്നേറ്റപ്പോൾ പത്തുമണി കഴിഞ്ഞിരുന്നു. ജിഷ ഇപ്പോഴും ഉറക്കം തന്നെ. അവളെ ഉണർത്തി രണ്ടാളും കൂടി ഫ്രഷ് ആവാൻ അരമണിക്കൂർ.
താഴെ റെസ്റ്റോറന്റിൽ വന്നു ഫുഡ് ഓർഡർ ചെയ്തു കാത്തിരുന്നു. അര മണിക്കൂറിൽ കഴിഞ്ഞപ്പോൾ ചൂട് ചില്ലി ചിക്കനും ചപ്പാത്തിയും എനിക്കുള്ളത് എത്തി. അവൾ സാദാ ദോശയും തേങ്ങ ചട്ണിയും.
അത് കഴിച്ചു നേരത്തെ ബുക്ക് ചെയ്ത ടാക്സിയിൽ ബാംഗ്ലൂർ നഗരം കറങ്ങാൻ പുറപ്പെട്ടു.
ബാംഗ്ലൂർ നഗരത്തിന്റെ മേള കൊഴുപ്പുകളെക്കാൾ ഇഷ്ടം തോന്നിയത് ഗാർഡനുകളുടെ ശാന്തതയും മനോഹാരിതയുമാണ്.
നിറയെ റോസാ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പൂന്തോ ട്ടത്തിൽ ഇരുന്നു ഒരുപാട് ഫോട്ടോകൾ എടുത്തു. ജിഷയുടെ വയലറ്റ് കളർ ടോപ്പും നീല ജീൻസും ആ റോസ് പൂക്കൾക്കിടയിൽ ഒരു ശംbഖ്‌പുഷ്പം പോലെ വേറിട്ട് എങ്കിലും ആകർഷകമായി തോന്നിച്ചു.
അവളെ നോക്കി ഇരിക്കെ കണ്ണുകൾ അറിയാതെ നിറഞ്ഞു. ഇല്ല ആ വക ചിന്തകൾക്ക് ഇനി സ്ഥാനമില്ല…
സമയം ഒരുപാട് ആകുന്നതിന് മുമ്പ് ഗോകർണം ബീച്ചിൽ എത്തണം. ഒരിക്കൽ കൂടി അസ്തമയ സൂര്യനെ കണ്ണ് നിറയെ കാണണം.
സന്ധ്യയോടെടുത്തു ബീച്ചിൽ എത്തുമ്പോൾ സൂര്യൻ തന്റെ ചെഞ്ചായം വാരി വിതറി പ്രകൃതിയെ അതിമനോഹരിയാക്കിയിരുന്നു. പ്രിയന്റെ സ്പർശം ഏറ്റപ്പോൾ തുടുത്തൊരു പെണ്ണായി അവളും.
സമയം കടന്നുപോയി എത്ര കണ്ടാലും മതിവരാത്ത കടൽ മാടിവിളിb ക്കുന്നതുപോലെ. എഴുന്നേറ്റത് അവരൊരുമിച്ചാണ്. അല്ലേലും എന്നും അവരൊരുമിച്ചു ആണ്. ദൂരങ്ങൾ ഒരിക്കലും അവരെ അകറ്റിയിരുന്നില്ല. യാതൊരു നിബന്ധനകളും ഇല്ലാത്ത ആ സൗഹൃദം ഏറ്റകുറച്ചിലുകൾ ഇല്ലാതെ ഒരുപോലെഒഴുകി അവസാനം എത്തേണ്ടിടത്തു തന്നെ എത്തി. രണ്ടു നദികൾ ആയവർ ഇന്നീ സമുദ്രത്തിൽ എന്നെന്നേക്കുമായി ഒന്നാവുന്നു. പിന്നെയൊരു വേർപിരിയലോ പലവഴിക്ക് ഒഴുകലോ ഉണ്ടാവില്ല.
തിരകൾ മുട്ടൊപ്പം എത്തി. ഏറെ ഇഷ്ടമുള്ള പിങ്ക് നിറത്തിൽ മഞ്ഞ ഞൊറിവുകൾ ഉള്ള ഫ്രോക്ക് മോഡൽ ചുരിദാർ ടോപ്പ് പകുതി മുക്കാലും നനഞ്ഞു.
ഡി..
എന്താടി..
തീരുമാനത്തിൽ നിനക്ക് മാറ്റമുണ്ടോ? വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ? ഇനിയും നേരം വൈകിയിട്ടില്ല ഈ അവസാന നിമിഷവും പിന്മാറാം.
ഒന്ന് പോടീ നാടക ഡയലോഗ് പറഞ്ഞു ഈ സീനിന്റെ ഗ്ലാമർ കുറയ്ക്കാതെ.. എല്ലാം പറഞ്ഞതുപോലെ..
തിരകൾ അരയ്ക്കൊപ്പം എത്തുന്നു.. കാലുകൾ മണൽത്തരികളിൽ നിന്ന് പറിഞ്ഞുപോകുന്നു. അപ്പൂപ്പൻ താടി പോലെ കടലിന്റെ അഗാധതയിലേക്ക് അവരെ തിരകൾ എടുത്തെറിയുകയാണ്. പഞ്ഞിക്കെട്ട് പോലെ ഭാരമില്ലാത്ത മനസ്സുമായി അവർ കൈവിരലുകൾ കോർത്തു മുറുക്കെ പിടിച്ചു..
സർജറി കൊണ്ടൊന്നും പരിഹാരം ഇല്ലാത്ത വേദനയ്ക്ക് അവസാനം ഇല്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയപ്പോഴും പൊരുതാൻ ജിഷ ഉറച്ചിരുന്നു. പക്ഷേ മരുന്നില്ലാത്ത രോഗത്തിന്റെ അണുക്കൾ ഞണ്ട് പോലെ ദേഹം കാർന്നു തിന്നാൻ തുടങ്ങിയെന്നു റിസൾട്ട് വന്നപ്പോൾ തകർന്നുപോയി..
ഇഞ്ചിഞ്ചായി വേദന തിന്ന് , മടുപ്പിക്കുന്ന മുഖങ്ങൾക്ക് നടുവിൽ നിസ്സഹായയായി കിടക്കുന്നത് ഓർക്കാൻ പോലും വയ്യ. ചെറു പ്രായത്തിൽ ആണ്മകൻ ഇല്ലാത്ത കുടുംബത്തിന് കുടയായതാണ് ജിഷ ഇപ്പോൾ എല്ലാർക്കും ബാധ്യതയും.
അത് കൊണ്ടൊക്കെ തന്നെ അവളുടെ തീരുമാനം ഉറച്ചതായിരുന്നു ആരോടും യാത്ര പറയാതെ പോകുക ഇപ്പോൾ ഉള്ള രൂപത്തിൽ..
ആ യാത്രയ്ക്ക് കൂട്ടിനു ഞാൻ കൂടി ചേർന്നത് അവളോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണോ? ഒരിക്കലുമല്ല ഇതുപോലൊക്കെ ഉള്ള പ്രശ്നങ്ങൾ എന്നിലും ഉണ്ടെന്നു കുറച്ചു നാളായി കണ്ടുപിടിച്ചിട്ട്. താമസിയാതെ അതും ഈ ഘട്ടത്തിൽ എത്തും. എങ്കിൽ പിന്നെ ഇനിയും ആ ദിവസങ്ങൾക്കായി കാത്തിരിക്കാതെ പോകുമ്പോൾ ഒരുമിച്ചു പോകാം എന്ന് ഉറപ്പിച്ചു.
ഒരുപാട് ഇഷ്ടം ഉള്ള രണ്ടുപേർ കുറെ ദിവസം അവർക്കായി ജീവിച്ചു. ഉള്ളിൽ തോന്നിയ പ്രണയത്തെ ഒക്കെ താജ്മഹൽ എന്ന അനശ്വരപ്രണയകുടിരത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ചു.
അടുക്കളയുടെ തിരക്കോ മക്കളെ ഒരുക്കി വിടുന്നതിന്റെ വെപ്രാളമോ ഇല്ലാതെ ഇഷ്ടം പോലെ കിടന്നുറങ്ങി.
മാറ്റാരുടെയും ഇഷ്ടങ്ങൾക്ക് മാറ്റി വെക്കാതെ അവനവനിഷ്ടം ഉള്ളതൊക്കെ കഴിച്ചു. ആസ്വദിക്കാൻ ഇഷ്ടപെടുന്ന സിനിമകൾ, കാഴ്ചകൾ എല്ലാം കണ്ടു.
കടലിനെ നോക്കിയിരുന്നു പ്രിയപ്പെട്ട എഴുത്തുകാരിയുടെ പുസ്തകങ്ങൾ വായിച്ചു അങ്ങനെ അങ്ങനെ എല്ലാ ആഗ്രഹങ്ങൾക്ക് അവസാനം ഒരുമിച്ചു സൂര്യനൊളിച്ച കടലിന്റെ മാറിൽ മയക്കം…
***********************
ഡി നീ ഇതുവരെ എഴുന്നേറ്റില്ലേ? ആരാണ് വന്നിരിക്കുന്നത് എന്ന് നോക്കിക്കേ?
രാവിലെ തുടങ്ങിയ പനിക്ക് ടാബ്‌ലറ്റ് കഴിച്ചു കിടന്നതേ ഓർമ്മയുള്ളൂ. എന്തൊക്കെയോ സ്വപ്നങ്ങളിൽ കൂടി ഇത്രയും നേരം പട്ടം പോലെ പാറി.
കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ നോക്കിയിട്ട് പറ്റുന്നില്ല വല്ലാത്ത തലവേദന.
കെട്യോനൊപ്പം മാറ്റാരൊക്കെയോ റൂമിലേക്ക് വരുന്നുണ്ട്.
ജിഷയാണ് ഇത്രയും നേരം കടലിൽ തിരകളിൽ കൂടെ ഉണ്ടായിരുന്നവൾ ഇപ്പോൾ ഇവിടെ.
ഡി എന്തുപറ്റി നിനക്ക്?
ഒന്നുമില്ല പെട്ടന്ന് ഒരു പനി.
ചുമ്മാ ആണ് ജിഷ ഇന്ന് തന്റെ ബയോപ്‌സി റിസൾട്ട് വരുമെന്ന് അറിഞ്ഞുള്ള ടെൻഷൻ ആണ് ഓടി വന്ന ഈ പനി. പിന്നെ ഇവൾക്കും ജിഷയുടെ പോലെ ട്യൂമർ ഉണ്ടല്ലോ ആ ടെൻഷൻ കൂടി കാണും.
എന്റെ പെണ്ണേ റിസൾട്ട് വന്നു. ഒരു കുഴപ്പവുമില്ല. നമ്മൾ പേടിച്ചത് പോലൊന്നും ഇല്ല.
അവളതു പറഞ്ഞു ആശ്വാസത്തോടെ എന്നെ ചേർത്തുപിടിച്ചപ്പോൾ ആ സമാധാനത്തിനിടയിലും എന്റെ കാലിൻ ചുവട്ടിൽ നിന്ന് മണ്ണ് ഇളകി പോകുന്നുണ്ടായിരുന്നു. പഞ്ഞി പോലെ തിരകളിലേക്ക് ഞാൻ തെറിച്ചു പോകും എന്ന് തോന്നിയപ്പോൾ അവളെ മുറുക്കെ പിടിച്ചു.
പൊള്ളുന്ന ചൂടാണല്ലോ പെണ്ണേ എന്നുപറഞ്ഞു അവളെന്നെ കട്ടിലിൽ കിടത്തി നെറ്റിയിൽ തുണി നനച്ചത് ഇടുമ്പോൾ അടഞ്ഞ കൺപോളകളിൽ ഒരുപാട് റോസാപൂക്കൾ ഒരുമിച്ചു വിരിഞ്ഞു..