എന്റെ സ്വ൪ണ്ണമൊക്കെ പണയം വെക്കാം. പകുതിപ്പൈസ അയച്ചുതന്നാൽ മതി. ബാക്കി ഞാൻ ഒപ്പിച്ചോളാം……..

വ൪ണ്ണച്ചിറകുകൾ വീശി..

എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി.

കോവിലകത്തെ രാജേന്ദ്രൻ അവന് ഓഹരികിട്ടിയ വസ്തുവിൽനിന്നും പത്ത്സെന്റ് വിൽക്കണത്രേ… നിനക്ക് വേണോ ലക്ഷ്മിയേ..?

ആണോ! ഞാനൊന്ന് ചോദിക്കട്ടെ വിഷ്ണുവേട്ടനോട്..

അവനാകുമ്പോ.. ഗൾഫുകാരനല്ലേ.. പത്ത്സെന്റ് വാങ്ങാൻ വലിയ വിഷമം കാണില്ലല്ലോ…

അയ്യോ.. അങ്ങനെ പറയാൻ പറ്റില്ല.. അദ്ദേഹത്തിന് കുടുംബഭാരം ണ്ടേ പോരാത്തേന് ആ നാട്ടിൽ വീട് വെയ്ക്കാനാ അദ്ദേഹത്തിന് ഇഷ്ടം..

അതിനേക്കാൾ നല്ല നാടല്ലേ കുട്ട്യേ ഇത്.. നീയവിടെ പോയി നിന്നിട്ട് ഒറ്റയ്ക്ക് കുട്യോളേം കൊണ്ട് എന്താക്കാനാ? ഇവിടാവുമ്പോ നിന്റെ അച്ഛനും അമ്മയും ഇവിടെത്തന്നെ ണ്ടല്ലോ..

പറഞ്ഞുനോക്കട്ടെ..

ഭാരതിച്ചേച്ചി അതുംപറഞ്ഞ് പോയശേഷം താൻ വിഷ്ണുവേട്ടനെ വിളിച്ച് കാര്യം പറഞ്ഞു.

എന്റെ കൈയിൽ വീട് വെക്കാനുള്ള പണമേയുള്ളൂ.. സ്ഥലം വാങ്ങാനൊന്നും ഇപ്പോൾ സാധിക്കില്ല.. നിനക്കറിയുന്നതല്ലേ എന്റെ ഉത്തരവാദിത്തങ്ങൾ…

എന്റെ സ്വ൪ണ്ണമൊക്കെ പണയം വെക്കാം. പകുതിപ്പൈസ അയച്ചുതന്നാൽ മതി. ബാക്കി ഞാൻ ഒപ്പിച്ചോളാം. വീട് പതുക്കെ എടുക്കാം… വലിയ ആ൪ഭാടമൊന്നും വേണ്ട.. എനിക്കീ നാട് അത്രക്ക് ഇഷ്ടായതുകൊണ്ടാ…എന്റെ കണ്ണനെ തൊഴാലോ എന്നും..

അത്രയും പറഞ്ഞപ്പോഴേക്കും അപ്പുറത്ത് മൌനം കനത്തു. ഒന്നും ഉത്തരം പറയാതെ ഫോൺ വെച്ചു. പക്ഷേ വിചാരിക്കാതെ എല്ലാം നടന്നു. ഭൂമി രജിസ്ട്രേഷൻ നടന്നതും വീടെടുക്കാൻ കുറ്റിയടിച്ചതും രണ്ട് വ൪ഷങ്ങൾകൊണ്ട് വീടുപണി കഴിഞ്ഞതും പെട്ടെന്ന് കഴിഞ്ഞു.

പാലുകാച്ചിന് വിഷ്ണുവേട്ടൻ വന്നപ്പോൾ പറഞ്ഞു:

അടുത്ത പ്രാവശ്യം നിന്നെയും മക്കളെയും ഞാൻ ദോഹയിൽ കൊണ്ടുപോകുന്നുണ്ട് വെക്കേഷന്…

എല്ലാം ഈശ്വരകടാക്ഷം..

കണ്ണുകൾ നിറഞ്ഞുനിൽക്കുന്ന തന്റെ കവിളിൽത്തട്ടി വിഷ്ണുവേട്ടൻ പറഞ്ഞു:

അടുത്തപ്രാവശ്യം മലയാളി അസോസിയേഷന്റെ പ്രോഗ്രാമിന് ഗാനഗന്ധ൪വ്വനാ വിശിഷ്ടാതിഥി.. വേണമെങ്കിൽ നിന്റെ കണ്ണന്റെ കീർത്തനങ്ങൾ എഴുതിയ പുസ്തകം കൈയിൽ വെച്ചോ.. അവസരം കിട്ടിയാൽ കാണിക്കാലോ.. സെക്രട്ടറി രഘുനാഥ് എന്റെ വലിയ കൂട്ടുകാരനാ.. അവനെ കാണിക്കാറുണ്ട് നീ അയച്ച കണ്ണന്റെ കീർത്തനങ്ങളൊക്കെ..

ആ വ൪ഷംമുഴുവൻ നല്ല നല്ല പാട്ടുകൾ എഴുതി മറ്റൊരു ഡയറിയിൽ ഭംഗിയായി പകർത്തിയെഴുതി സൂക്ഷിച്ചു. ദോഹയിലേക്കുള്ള ഫ്ലൈറ്റിലിരിക്കുമ്പോൾ അസോസിയേഷന്റെ പരിപാടിയിൽ പങ്കെടുക്കാൻ കഴിയണേ എന്നായിരുന്നു പ്രാ൪ത്ഥന. പക്ഷേ ആ പരിപാടിയിൽ സ൪ ഇത്തിരി താമസിച്ചാണ് വന്നത്. മറ്റൊരു പരിപാടി കഴിയാൻ വൈകിപ്പോയത്രെ. അതുകാരണം നേരിട്ട് കാണലൊന്നും നടന്നില്ല. അദ്ദേഹത്തിന്റെ പാട്ടുകേട്ട് ദൂരത്തിരുന്ന് നി൪വൃതിയടഞ്ഞു.

വ൪ഷം ഏഴെട്ട് കഴിഞ്ഞു. പിന്നെയും രണ്ടുമൂന്നുപ്രാവശ്യം ദോഹയിൽ പോയിവന്നു.

തൊട്ടടുത്തായുള്ള കോവിലകത്തെ ശ്രീജിത്ത് വ൪മ്മയ്ക്ക് സിനിമാക്കാരുമായി നല്ല ബന്ധമാണ്. പലരും അതിഥികളായി വല്ലപ്പോഴും വരുന്നതും പോകുന്നതും വീട്ടിലിരുന്നാൽ കാണാം. സംവിധായകരും നടന്മാരും പാട്ടുകാരുമൊക്കെ വന്നിട്ടുണ്ട്. ക്ഷേത്രത്തിൽ പരിപാടിക്ക് വന്നാൽ അവിടെയാണ് മിക്കവരും താമസിക്കുക.

ഒരുദിനം.. കണ്ണനെ തൊഴുത് തിരിച്ചെത്തിയതേയുള്ളൂ.. കുട്ടികളെ സ്കൂളിൽ വിട്ടിട്ടാണ് ക്ഷേത്രത്തിലേക്ക് പോയത്. ഗേറ്റ്തുറക്കുമ്പോൾ കോവിലകത്തേക്ക് ഒരു കാ൪ പോകുന്നതു കണ്ടു. പെട്ടെന്ന് അത് നി൪ത്തി. അവരുടെ വരവും പ്രതീക്ഷിച്ച് ശ്രീജിത്തും വീട്ടുകാരും ബന്ധുക്കളുമെല്ലാം അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. അപ്പോഴേക്കും എല്ലാവരും മുറ്റത്തേക്കിറങ്ങിവന്നു. കാറിൽനിന്നും പുറത്തിറങ്ങിയത് സാക്ഷാൽ ഗാനഗന്ധ൪വ്വൻ..

നോക്കിനിന്നുപോയി. അദ്ദേഹവും ഭാര്യയും നടന്നുവന്നത് തന്റെ നേ൪ക്കാണ്.

ലക്ഷ്മിയല്ലേ?

വിസ്മയത്താൽ വിട൪ന്ന കണ്ണുകളോടെ നിൽക്കുകയായിരുന്നു താൻ..

അതേയെന്ന് തലയാട്ടാനേ കഴിഞ്ഞുള്ളൂ.

അന്ന് ദോഹയിൽ വന്നപ്പോൾ സെക്രട്ടറി തന്നെ ദൂരെനിന്ന് പരിചയപ്പെടുത്തിയിരുന്നു. അയാളുടെ കൈയിലുണ്ടായിരുന്ന താനെഴുതിയ ഒരു കീർത്തനം ഞാൻ വായിച്ചിരുന്നു. അന്ന് തിരക്കിനിടയിൽ അതെടുക്കാനോ ഒന്നും പറയാനോ സാധിച്ചില്ല. പിന്നീട് ഞാൻ ആ വരികൾ എത്രയോ പ്രാവശ്യം മൂളിയിട്ടുണ്ട്.. ആദ്യത്തെ നാലുവരികൾ തന്നെ എന്നെ അത്രക്ക് ആക൪ഷിച്ചിരുന്നു. ഞാനത് മൂളുന്നത് കേട്ട് ഇവൾ ചോദിക്കുമായിരുന്നു അതിന്റെ ബാക്കിയെവിടെയെന്ന്…

എല്ലാം കേട്ടുകൊണ്ടുനിന്ന അദ്ദേഹത്തിന്റെ ഭാര്യ ചിരിച്ചു.

അദ്ദേഹത്തിന്റെ എക്സൈറ്റ്മെന്റ് കണ്ട് താനും ആകെ വാക്കുകൾ കിട്ടാതെ പരിഭ്രമിച്ചു. എല്ലാവരും നോക്കിനിൽക്കെ അകത്ത് പോയി ആ ഡയറി എടുത്ത് കൊടുത്തു. അദ്ദേഹം ആ വരികൾ മൂളി.. എല്ലാവരും അത്ഭുതസ്തബ്ധരായി കേട്ടുനിന്നു.

ഈ ഡയറി ഞാൻ കൊണ്ടുപോവുകയാണ്… ഒരു കാസറ്റ് ഇറക്കാൻ പറ്റുമോ എന്ന് നോക്കട്ടെ..

താൻ മൌനത്താൽ മുഖരിതമായ സായൂജ്യഭാവത്തിൽ തൊഴുതുനിന്നു.
അദ്ദേഹവും ഭാര്യയും പുഞ്ചിരിയോടെ നടന്നകന്നതും താൻ ഞെട്ടിയുണ൪ന്നു.
അമ്പലത്തിൽനിന്ന് പുല൪ച്ചെയുള്ള പാട്ട് കേൾക്കാം. ഒരു മൂളിപ്പാട്ട് നാവിൽ ഓടിയെത്തി.

സുന്ദരസ്വപ്നമേ നീയെനിക്കേകിയ വ൪ണ്ണച്ചിറകുകൾ വീശി..