തനിയെ…
Story written by Ammu Santhosh
മോനും ഭർത്താവും പോയി കഴിഞ്ഞപ്പോൾ നിള അടുക്കളയിലേക്ക് വന്നു
എല്ലാം വൃത്തിയായി കിടക്കുന്നു. ജോലികളൊന്നുമില്ല. അവർ ഉള്ളപ്പോൾ തന്നെ സഹായിക്കുന്നത് കൊണ്ട് അവർ പോകും മുന്നേ തന്നെ ജോലികളും തീരും മോൻ സ്കൂളിൽ നിന്ന് വരും വരെ ഒറ്റയ്ക്ക്..
കുറച്ചു പുസ്തകങ്ങൾ വിവേക് വാങ്ങി കൊണ്ട് വന്നത് മറിച്ചു നോക്കി. ചവറുകൾ. നിള അതവിടെ വെച്ചു.
അവൾ വെറുതെ കണ്ണാടിയുടെ മുന്നിൽ പോയി നിന്നു
കല്യാണം കഴിഞ്ഞു കുട്ടിയുള്ള ഒരു മുപ്പത്കാരിയുടെ മുഖവും ഉടലളവുകളുമല്ല അവൾക്ക്. ഇപ്പോഴും കുട്ടിത്തം വിടാത്ത മുഖം. അധികം തടിക്കാതെ ഒതുങ്ങിയ ശരീരം. അത് നൃത്തം ചെയ്യുന്നത് കൊണ്ട് ആണെന്ന് അവൾക്ക് തോന്നാറുണ്ട്
“നിനക്ക് ഇനി കൂടുതൽ പഠിക്കണം എങ്കിൽ പഠിച്ചോളു. ഇല്ലെങ്കിൽ പെർഫോം ചെയ്യണം എങ്കിൽ അതും ആവാം ട്ടോ “
ഇടക്ക് വിവേക് പറയും
നൃത്തം ഒത്തിരി ഇഷ്ടമാണ് പക്ഷെ അതല്ലായിരുന്നു പ്രൊഫഷൻ. അത് അഭിനയം ആയിരുന്നു.അഞ്ചു വർഷമേ അഭിനയിച്ചുള്ളൂ. രണ്ടു സംസ്ഥാന അവാർഡുകൾ ഒരു നാഷണൽ അവാർഡ്. അവൾ ഷോകേസിൽ വെച്ചിരിക്കുന്ന അവാർഡുകളിൽ ഒന്ന് തൊട്ടു.
വിവേക് ഡൽഹിയിൽ എയിംസിലെ ഡോക്ടർ ആണ്. സത്യത്തിൽ തന്റെ സിനിമകളൊന്നും വിവേക് കണ്ടിട്ടില്ല. തന്റെ എന്നല്ല ഒരു മലയാള സിനിമയും ആൾ കണ്ടിട്ടില്ല. ഡൽഹിയിൽ പഠിച്ചു വളർന്ന ഒരാളുടെ വിവാഹലോചന വന്നപ്പോൾ ആദ്യം അത്ഭുതം ആയിരുന്നു. ഇതെങ്ങനെ… പിന്നെ അറിഞ്ഞു അച്ഛന്റെ സുഹൃത്തിന്റെ മകനാണ്. അച്ഛൻ ഡൽഹിയിൽ കുറച്ചു നാൾ ജോലി ചെയ്തിരുന്നു. ആലോചന വരുമ്പോൾ അച്ഛൻ പറഞ്ഞു മോളെ പെൺകുട്ടികൾക്കൊരു സമയം ഉണ്ട്. എല്ലാത്തിനും. മോൾക്ക് മനസ്സിൽ ആരെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞോളൂ എന്ന്. ആരും ഉണ്ടായിരുന്നില്ല. ഒന്ന് രണ്ടു പ്രണയങ്ങൾ തന്നിലേക്ക് വന്നിരുന്നു. വിശ്വാസയോഗ്യമല്ല എന്ന് തോന്നിയപ്പോ വിട്ടു. പ്രണയമില്ലാത്തവർ ആരാ അല്ലെ?
വിവാഹം കഴിഞ്ഞു അഭിനയം സമ്മതിക്കുമോ എന്നൊന്നും ചോദിച്ചില്ല. അവരൊന്നും പറഞ്ഞുമില്ല. അഭിനയം നിർത്തി എന്ന് എവിടെയും താനും പറഞ്ഞില്ല. അത് കൊണ്ടാവും ഇടക്കൊക്കെ ആൾക്കാർ വന്നിരുന്നു സ്ക്രിപ്റ്റ് കേൾപ്പിച്ചു. പക്ഷെ അപ്പോഴേക്കും ഗർഭിണി ആയി പിന്നെ മോനുണ്ടായി അവന്റെ വളർച്ച.തനിക്ക് ഒന്നും ആലോചിക്കാൻ കൂടി സമയം ഇല്ലാതായി. മോൻ സ്കൂളിൽ പോയപ്പോൾ ഒരു ശൂന്യത. വീണ്ടും. പകൽ തനിച്ചായപ്പോ ഡാൻസ് ഒക്കെ ചെയ്തു തുടങ്ങി. അത് കണ്ടിട്ടാണ് വിവേക് പെർഫോം ചെയ്യൂ എന്ന് പറഞ്ഞത്
“You are very graceful nila..”ഇടക്ക് പറയും. ആൾ പാവമാണ്. താൻ ഒരു സിനിമനടിയായിരുന്നു എന്നത് ആളെ ബാധിക്കുന്നൊന്നുമില്ല തിരക്കുള്ള ഡോക്ടർ ആയത് കൊണ്ടാവും അങ്ങനെ ഒന്നും ചിന്തിക്കുന്നില്ല എന്ന് തോന്നും.
അവൾ ഫ്ലാറ്റിന്റെ ബാൽകണിയിൽ ഇറങ്ങി നിന്നു
കാരണമില്ലാത്ത ഒരു സങ്കടം വന്നു മുട്ടുന്നു
ഒന്നും ചെയ്യാനില്ല
പുതിയ സിനിമകൾ കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നും.. തനിക്കും ഒരു ഭാഗമാകാൻ കഴിഞ്ഞെങ്കിൽ എന്ന് തോന്നും. പക്ഷെ വിവേകിന്റെയും മോന്റെയും കാര്യം വേറെ ആരു നോക്കും എന്ന് ചിന്തിക്കും.. അവൾ വെറുതെ അങ്ങനെ നിന്നു
“എന്താമൂഡ് ഓഫ്?”
വിവേക് കുറച്ചു ദിവസമായി അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു
“ഹേയ് ഒന്നുല്ല “അവൾ ചിരിക്കാൻ ശ്രമിച്ചു
“ഇപ്പൊ ഹോസ്പിറ്റലിൽ ഭയങ്കര തിരക്കാണ്. ആ തിരക്ക് കൊണ്ടാണ് ട്ടോ ഞാൻ പലപ്പോഴും ഒപ്പം ഇല്ലാതെ പോകുന്നത്.. മോന്റെ എക്സാം ഒക്കെ കഴിഞ്ഞു നമുക്ക് ഒരു യാത്ര പോകാം..”
അവൾ വെറുതെ തലയാട്ടി
“അതൊന്നുമല്ല അല്ലെ വേറെ എന്താ? പറ എന്തെങ്കിലും വിഷമം ഉണ്ടോ? നാട്ടിൽ പോകാൻ തോന്നുന്നോ?”
അവളുടെ കണ്ണ് നിറഞ്ഞൊഴുകി
“ഹേയ് കരയല്ലേ “
വിവേക് അവളെ നെഞ്ചിൽ ചേർത്ത് പിടിച്ചു
“എന്താ എന്ന് എന്നോട് പറ..”
അവൾ ടീവിയിലേക്ക് വിരൽ ചൂണ്ടി
സിനിമ നടക്കുന്നു
അവൾ അഭിനയിച്ച സിനിമ
വിവേക് കുറച്ചു നേരം അത് കണ്ടിരുന്നു
“ഫന്റാസ്റ്റിക്..what a brilliant performance!”
അവൾ നാണത്തിൽ ഒന്ന് ചിരിച്ചു
“എന്നെ ഇത് വരെ നിന്റെ ഒരു സിനിമ പോലും കാണിച്ചു തന്നിട്ടില്ലല്ലോ. അല്ല ഞാനും ബോർ ആണ്. പൊതുവെ ഞാനങ്ങനെ സിനിമ കാണാറില്ലല്ലോ..”
“വിവേക് ബോർ ഒന്നുമല്ല.. ഓരോരുത്തർക്കും ഓരോ ഇഷ്ടമല്ലേ? വിവേകിന് പഠിക്കാൻ ആയിരുന്നു ഇഷ്ടം നല്ല ഡോക്ടർ ആവാൻ ആണ് ഇഷ്ടം.. എനിക്ക്.. ദേ ഇതായിരുന്നു ഇഷ്ടം “
“എന്നിട്ട് എന്താ continue ചെയ്യാതിരുന്നത്?”
“കല്യാണം കഴിഞ്ഞു “
“What the difference?”
അവൾ ഒന്ന് അമ്പരന്ന് നോക്കി
“ഞാൻ ജോലിക്ക് പോകുന്നുണ്ടല്ലോ.. നിനക്കും പൊയ്ക്കൂടേ?”
“എന്റെ ജോലി ഇത് പോലെ ടൈം വെച്ചുള്ള ഒന്നല്ലല്ലോ വിവേക്.. ചിലപ്പോൾ രാത്രി ഒക്കെ ഷൂട്ട് ഉണ്ടാവും “
“So what? എനിക്ക് നൈറ്റ് ഡ്യൂട്ടി ഇല്ലേ? നിന്റെ പാഷൻ എന്താണോ അത് വിടരുത്.നിന്റെ ഇഷ്ടം, സന്തോഷം അത് സാക്രിഫൈസ് ചെയ്തുള്ള ഒന്നും എനിക്ക് വേണ്ട. നിനക്ക് മുന്നേ പറയാരുന്നില്ലേ?”
“അല്ല കല്യാണം കഴിഞ്ഞു അഭിനയം എന്നൊക്ക പറഞ്ഞാൽ വീട്ടുകാരൊക്കെ എന്ത് പറയും “
“ഞാൻ അല്ലെ നിന്റെ ഭർത്താവ്? എനിക്ക് പ്രോബ്ലം ഒന്നുമില്ല.. നല്ല ഒരു സ്ക്രിപ്റ്റ് കിട്ടിയ നി ചെയ്തോ “
അവൾ നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി
“ഇതെന്റെ ഔദാര്യം അല്ല നിള ബേബി.. ഇത് നിന്റെ അവകാശമാണ് നിന്റെ ജീവിതം ആണ്… Do it well”
അവൾ അവനെ ഇറുക്കി കെട്ടിപിടിച്ചു
“പിന്നെ രണ്ടാം വരവ് ഗംഭീരം ആവണം.
അത് ഉറപ്പ് തരണം “
അവൾ ഉത്സാഹത്തോടെ തല കുലുക്കി
വീണ്ടും ഒരു നാഷണൽ അവാർഡ് കയ്യിൽ വാങ്ങുമ്പോൾ അവൾ നിറഞ്ഞ കണ്ണുകളോടെ സദസ്സിലേക്ക് നോക്കി
വിവേക്,തന്റെ മോൻ.. വിവേകിന്റയും തന്റെയും മാതാപിതാക്കൾ..
അവൾ അവരുടെ നേരേ മെഡൽ ഉയർത്തി കാട്ടി
നിങ്ങൾക്ക് കൂടിയുള്ളതാണ് ഇത്…
അമ്മു സന്തോഷ്