അവർ രണ്ടീസം മുൻപ് ഇവിടെ വന്നിരുന്നു . അന്ന് സംസാരിക്കുന്നതിനിടെ അവരുടെ ഫോണിൽ……

എഴുത്ത്:-സൽമാൻ സാലി

പല്ല് വേദന സഹിക്കാൻ പറ്റാതായപ്പോൾ ഒന്ന് ഹോസ്പിറ്റലിൽ പോവാൻ തീരുമാനിച്ചു … സാധാരണ പനിയോ തലവേദനയോ വന്നാൽ സൂപ്പർമാർകെറ്റിൽ നിന്നും പെനഡോൾ വാങ്ങി കഴിക്കാറാണ് പതിവ് ..

പനി വന്നാൽ നീല പെനഡോൾ ജലദോഷം ചുമ വന്നാൽ പച്ച പെനഡോൾ വേദനക്ക് ചുവപ്പ് പെനഡോൾ .. ഇത് ഫാർമസിയിൽ നിന്നും പറഞ്ഞതല്ല സൂപ്പർ മാര്കറ്റിലെ മുജീബ് പറഞ്ഞതാണ് ഇത് കഴിച്ചാൽ മതീ ന്ന് ..

പല്ല് വേദന സഹിക്കാൻ പറ്റാത്തോണ്ട് ഹോസ്പിറ്റലിലേക്ക് പോയി .. അവിടെ ചെന്ന് കേറുമ്പോൾ കാണുന്നത് ഒരു സിസ്റ്റർ ജനാല വഴി പുറത്തേക്ക് ചാടാൻ നോക്കുന്നു ഒപ്പം ഹെലികോപ്റ്ററിൽ സൗണ്ടും .. പടച്ചോനെ ഇത് ഉക്രൈൻ ഒന്നുമല്ലലോ ഒമാൻ ആണല്ലോ പിന്നെന്തിനാണ് ഇവർ ജനാല വഴി ചാടാൻ നോക്കുന്നെ ഓടിപോയി രക്ഷിച്ചാലോ എന്ന് കരുതിയതാ അപ്പോഴേക്കും അവർ ജനാലയിൽ നിന്നും കഴുത്ത് വലിചു എന്നെ ഒരു നോട്ടം ..

പാവം ഹെലികോപ്ടറിന്റെ സൗണ്ട് കേട്ടിട്ട് അതിനെ ഒന്ന് കാണാൻ തല പുറത്തിട്ടതായിരുന്നു ..

പണ്ട് നാട്ടിന്ന് ഹെലികോപ്ടർ പോകുന്ന സൗണ്ട് കേട്ടാൽ തെങ്ങിന്റെ ഇടയിലൂടെ ഏതേലും കാക്ക പറക്കുന്നത് കാണിച്ചു അതാണ് ഹെലികോപ്ടർ എന്നും പറഞ്ഞു ഉമ്മ എന്നെ കുറെ പറ്റിച്ചതാ …

ടോക്കൺ എടുത്ത് പുറത്ത് കാത്ത് നിക്കുമ്പോഴാണ് ഒരു സിസ്റ്റർ ” എന്നാലും നീ എന്നോട് ഇത് ചെയ്തല്ലോ എന്നും പറഞ്ഞു റൂമിന്ന് ഇറങ്ങിപോകുന്നത് കാണുന്നത് പിന്നാലെ അവരെ സമാധാനിപ്പിക്കാൻ വേറെ ഒരു സിസ്റ്ററും .. മലയാളി ആയി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നെ കണ്ടതും അവർ ഒന്ന് ചമ്മി ..

കുറെ കഴിഞ്ഞു എന്റെ നമ്പർ വിളിച്ചു അകത്ത് കയറി പരിശോധന കഴിഞ്ഞു ” പല്ലുകൾ ഒക്കെ നല്ലതാണല്ലോ കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞത് ആ സിസ്റ്റർ ആയിരുന്നു ..

” അല്ല സിസ്റ്ററെ നേരത്തെ ആ ഇറങ്ങിപ്പോയ സിസ്റ്ററുമായി എന്തേലും പ്രശ്നം ഉണ്ടോ . ?

ചുമ്മാ ഇരിക്കുകയല്ലേ എന്തേലും മിണ്ടാമെന്ന് കരുതി ചോദിച്ചതാണ് അവരോട് ..

” ഓ അതൊന്നുമില്ലെടോ ആ സിസ്റ്റർ അപ്പുറത്തെ ക്ലിനിക്കിലെയാ .. അവർ രണ്ടീസം മുൻപ് ഇവിടെ വന്നിരുന്നു . അന്ന് സംസാരിക്കുന്നതിനിടെ അവരുടെ ഫോണിൽ മക്കളുടെയും വീടിന്റെ ഫോട്ടോ കാണിക്കുന്നതിന്റെ ഇടയിൽ പ്രയമയ അവരുടെ അമ്മായി അമ്മയുടെ ഫോട്ടോ കൂടെ കണ്ടു എന്റെ കഷ്ടകാലത്തിന് ഞാൻ അവരോട് അമ്മായിയമ്മ ഇപ്പോഴും ഉണ്ടോ എന്ന് ചോദിച്ചുപോയി .. ” ഓ ഒണ്ടെടി ഒരു കുഴപ്പവുമില്ല എന്നും പറഞ്ഞു അന്ന് പോയതാണ് .. രാത്രി മെസ്സേജ് വരുന്നു ആ ‘അമ്മ മരിച്ചു എന്നും പറഞ്ഞിട്ട് ..

അല്ലെങ്കിലേ ഇവിടെയുള്ളവളുമാർക്ക് ഞാൻ എന്തേലും പറയുന്നത് പേടിയാണ് .. ഇതും കൂടെ ആയപ്പോൾ ഇവൾമാരുടെ കളിയാക്കൽ ഇത്തിരി കൂടി ..

” അല്ല അതെന്തിനാ നിന്നെ ഇത്ര പേടി ..?

” ഓ അത് ക്ലിനികിന്റെ താഴെ ഒരു അറബിപെണ്ണ് ജോലി ചെയ്യുന്നുണ്ട് എന്നും അവളെ കാണുമെങ്കിലും മുഖം മറച്ചതുകൊണ്ട് അവരുടെ മുഖം നേരാ വണ്ണം ഒന്ന് കാണാൻ പറ്റിയിരുന്നില്ല .

കുറച്ചു നാൾ മുന്നേ അവർ പല്ല് കാണിക്കാൻ വേണ്ടി ഇവിടെ വന്നിരുന്നു .. അന്ന് അവരുടെ മുഖം കണ്ടിട്ട് ഞാൻ കൂടെയുള്ളവളോട് പറഞ്ഞു ” നോക്കെടി നല്ല ഭംഗി ഇല്ലേ ഇവരെ കാണാൻ എന്ന് ..

ഇറങ്ങിപോകുമ്പോൾ സ്റ്റെപ്പിൽനിന്നും തെന്നിവീണ് ഇപ്പൊ സൗണ്ട് തോമയിലെ ദിലീപിന്റെ മുഖം പോലെ ആയി .. അതിനും അവർ എന്നെ കുറ്റം പറയുന്നു …

ഇത് രണ്ടും കേട്ടപ്പോൾ തന്നെ എന്റെ പല്ല് വേദന മാറ് നെഞ്ച് വേദന തുടങ്ങി .. കുറച്ചു മുന്നേ ആണ് ഈ സിസ്റ്റർ പല്ലിനൊരു കുഴപ്പവുമില്ല എന്ന് പറഞ്ഞത് .. ഇനി എന്റെ അവസ്ഥ എന്താകുമൊ എന്തോ .. ഒറ്റ പല്ലും ഇല്ലാതെ ഞാൻ എങ്ങിനെ മട്ടനും ചിക്കനും കഴിക്കും …

ഇറങ്ങിപ്പോരാൻ നേരം ഓരോ സ്റ്റെപ്പും സൂക്ഷിച്ചു നോക്കിയാണ് ഞാൻ ഇറങ്ങിയത് .. രണ്ട് ദിവസം ലീവെടുത്ത് റൂമിലിരിക്കാൻ പോവാ .. ആകെ ഉള്ള എന്റെ സമാധാനം ഭക്ഷണം കഴിക്കാ എന്നുള്ളതാ .. ഇനി പല്ലും കൂടെ പോയാൽ ജീവിതം കട്ടപൊഹ ആയിപ്പോകും ..

എന്നാലും ഇങ്ങനെയുമുണ്ടോ ഒരു കരിനാക്ക് .. ഒരാളെ കൊല്ലുക ഒരാളുടെ മുഖം സൗണ്ട്തൊമ പോലെ ആക്കുക .. ബല്ലാത്ത ജാതി ലോകം തന്നെ ..

nb : ഇതിലെ കാര്യങ്ങൾ സത്യമാണ് .. ആ സിസ്റ്റർ ഈ പോസ്റ്റ് വായിക്കുകയും ചെയ്‌യും ..