എന്റെ ഉപ്പയുടെ കയ്യിൽ നിന്നും എൺപത് പവനും മൂന്ന് ലക്ഷം രൂപയും ചോദിച്ച് വാങ്ങിയപ്പോൾ കണ്ടില്ലല്ലോ ഈ ആദർശം…….

സ്ത്രീധനം

Story written by Shaan Kabeer

“എന്റെ മോളെ കെട്ടുന്നവന് അവളെ നോക്കാൻ കേൾപ്പില്ലേൽ കെട്ടേണ്ട, ഞാൻ കൊടുക്കുന്ന സ്ത്രീധനം കൊണ്ടല്ല അവൻ എന്റെ മോളെ നോക്കേണ്ടത്. സ്വന്തമായി അധ്വാനിച്ച് എന്റെ മോളെ നോക്കാൻ പറ്റുന്ന ആരേലും വരട്ടെ അപ്പൊ ഞാൻ നോക്കാം”

ഷാൻ കബീർ ഷാഹിനക്ക് നേരെ ഉറഞ്ഞുതുള്ളി, ഷാഹിനയും ഷാനിന്റെ ഉമ്മയും ഉപ്പയും അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു

“മോനേ, ചെക്കനെ കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായമാണ്. പിന്നെ നല്ല കുടുംബവുമാണ്. പിന്നെ സ്ത്രീധനം കൊടുക്കുന്നത് നമ്മുടെ മോളുടെ നല്ല ഭാവിക്ക് തന്നെയല്ലേ ഉപയോഗപ്പെടുക”

ഇത് കേട്ടതും ഷാൻ കബീറിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്ന് തുടിച്ചു. തന്റെ കയ്യിൽ കിട്ടിയ കസേര നിലത്തേക്ക് വലിച്ചെറിഞ്ഞ് അവൻ എല്ലാവരേയും മാറിമാറി നോക്കി

“ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി എന്റെ മോളെ സ്ത്രീധനം കൊടുത്ത് ഞാൻ കെട്ടിക്കില്ല”

ഷാഹിന ഷാനിനെ നോക്കി

“ന്റെ ഷാനിക്ക, ഇങ്ങള് ഇങ്ങനെ വാശി പിടിക്കല്ലീ”

ഷാഹിന പറഞ്ഞ് തീർന്നതും ഷാൻ അവളെ നോക്കി കണ്ണുരുട്ടിയതും ഒരുമിച്ചായിരുന്നു

“ചെലക്കാണ്ട് പൊയ്ക്കോ അവിടുന്ന്, എന്റെ മോൾ പോത്തൊന്നും അല്ല വിലപേശി കച്ചോടം ഉറപ്പിക്കാൻ”

ഇതും പറഞ്ഞ് എല്ലാവരേയും നോക്കി കണ്ണുരുട്ടി ഷാൻ മുറിയിൽ കയറി, കുറച്ച് കഴിഞ്ഞ് ഷാഹിന മുറിയിൽ കയറി വാതിലടച്ചു, എന്നിട്ട് ഷാനിന്റെ കണ്ണിലേക്ക് നോക്കി

“അല്ല ഷാനിക്കാ, ഇങ്ങളെ മോള് വിലപേശി കച്ചോടം ഉറപ്പിക്കുന്ന പോത്തല്ല, സമ്മതിച്ചു. അപ്പോ ഞാൻ പോത്ത് ആണെന്നാണോ ഇങ്ങള് പറഞ്ഞതിന്റെ അർഥം…?”

ഷാൻ ഷാഹിനയെ നോക്കി

“ന്ത്…?”

ഷാഹിന ഷാനിനെ തറപ്പിച്ചൊന്ന് നോക്കി

“എന്റെ ഉപ്പ ഗൾഫിൽ കഷ്ടപ്പെട്ടുണ്ടാക്കിയ പൈസ ഒരു നാണവും ഇല്ലാതെ ചോദിച്ച് വാങ്ങിയ ഇങ്ങളെ ആദർശം പറച്ചിൽ കേട്ടപ്പോൾ ചിരിയാ എനിക്ക് വന്നത്”

ഒന്ന് നിറുത്തിയിട്ട് ഷാഹിന തുടർന്നു

“സ്വന്തം മോൾക്ക് സ്ത്രീധനം ചോദിച്ചപ്പോൾ ഒരുപാട് സങ്കടം തോന്നുന്നുണ്ട് അല്ലേ…? എന്റെ ഉപ്പയുടെ കയ്യിൽ നിന്നും എൺപത് പവനും മൂന്ന് ലക്ഷം രൂപയും ചോദിച്ച് വാങ്ങിയപ്പോൾ കണ്ടില്ലല്ലോ ഈ ആദർശം. എന്റെ അനിയത്തിക്ക് കൊടുത്തത് ഇത്രയാണ് അതെങ്കിലും കിട്ടിയേ തീരൂ എന്ന് ഒരു ഉളുപ്പും ഇല്ലാതെ പറഞ്ഞ എന്റെ ഷാനിക്ക തന്നെയാണോ ഇത്”

ഷാഹിനയുടെ ആ ചോദ്യം ഷാനിന്റെ കവിളിലാണ് കൊണ്ടത്. ഷാൻ പിടിച്ച് നിക്കാനുള്ള ആയുധം പ്രയോഗിച്ച് തുടങ്ങി

“അതുപിന്നെ, അന്നത്തെ കാലത്തൊക്കെ അങ്ങനാണ്. നീ ഇതും മനസ്സിൽ വെച്ചോണ്ടാണോ ഇത്രേം കാലം എന്റെ കൂടെ ജീവിച്ചത്…?”

ഷാഹിന പുച്ഛത്തോടെ ഷാനിനെ നോക്കി

“നൂറ്റാണ്ടുകളായി എല്ലാ കോന്തന്മാരും പറയുന്ന സ്ഥിരം ഡയലോഗ് ആണിത്. അന്നത്തെ കാലത്തൊക്കെ അങ്ങനാണ് എന്ന്. നാണവും മാനവും ഇല്ലാതെ സ്വന്തം ഭാര്യയുടെ വീട്ടുകാരുടെ അടുത്ത് നിന്ന് സ്ത്രീധനം ചോദിച്ച് മേടിക്കും. എന്നാലോ സ്വന്തം മോളുടെ കാര്യം വന്നാൽ ഭയങ്കര ആദർശം പറച്ചിലും”

ഷാൻ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു

“ആർക്ക് വേണം നിന്റെ തന്തയുടെ സ്ത്രീധനം, നിന്നെ പൊന്നുപോലെ നോക്കിയില്ലേ…?”

ഷാഹിന പൊട്ടിച്ചിരിച്ചു

“ഇതുതന്നെയല്ലേ ഞങ്ങളും പറഞ്ഞത്, എന്നിട്ട് ഓരോ മുടന്തൻ ന്യായീകരണങ്ങൾ. സ്വന്തമായി ഷെഡ്ഢി മേടിക്കാൻ വരെ കാശില്ലാത്തവനും പെണ്ണ് വീട്ടുകാർ തരുന്ന കാശുകൊണ്ട് ആർഭാടമായി കല്യാണം കഴിക്കും, എന്നിട്ട് കയ്യിലെ പൈസ തീർന്നാൽ കുറ്റം മുഴുവൻ പെണ്ണിന്റെ വീട്ടുകാർക്കും”

ഷാൻ പിന്നെ അവിടെ നിന്നില്ല, ഇനിയും ഭാര്യയുടെ മുന്നിൽ നാണം കെടാതിരിക്കാൻ മുത്തൂറ്റിൽ പണയവെച്ച ഭാര്യയുടെ വളയുടെ പലിശ അടക്കാൻ ഭാര്യയുടെ സ്ഥലം വിറ്റ വകയിൽ കിട്ടിയ കാശുകൊണ്ട് മേടിച്ച കാറിൽ ഒറ്റ പോക്കായിരുന്നു.

അല്ലേലും അഭിമാനം പണയം വെച്ചുള്ള ഒരു കളിക്കും ഷാൻ കബീറിനെ കിട്ടില്ല…