പഴയ ഓർമ്മകളിലേക്ക് അവളുടെ മനസ്സ് ചേക്കേറൻ തുടങ്ങുമ്പോഴാണ് മൈബൈൽ ശബ്ദിച്ചു തുടങ്ങിയത്……

നഷ്ട പ്രണയം…

എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ

” എന്താ സഖാവേ,,, ഇവിടെ…”

ആ ചോദ്യം കേട്ടപ്പോഴാണ് മൊബൈൽ നിന്ന് കണ്ണെടുത്ത് തന്റെ മുന്നിൽ നിൽക്കുന്ന സ്ത്രീയുടെ മുഖത്തേക്ക് സനൽ നോക്കിയത്….

” മാളൂട്ടി….”

അറിയാതെ വായിൽ നിന്ന് ആ പേരും വിളിച്ചുകൊണ്ടാണ് സനൽ ഇരുന്ന കസേരയിൽ നിന്ന് എഴുന്നേറ്റത്….

” അപ്പോ ഓർമ്മയുണ്ടല്ലേ നമ്മളെയൊക്കെ….”

മാളൂ ചിരിച്ചുകൊണ്ട് പറയുമ്പോൾ അവളുടെ തെളിഞ്ഞു വരുന്ന നുണക്കുഴിയിൽ ആയിരുന്നു സനലിന്റെ കണ്ണുകൾ…

” മാളൂ എന്താ ഇവിടെ….”

പെട്ടെന്ന് അവളുടെ കണ്ണുകളിലേക് നോക്കി കൊണ്ട് സനൽ ചോദിച്ചു…

” ആഹാ സഖാവ് അറിഞ്ഞില്ലേ ഞാൻ ആണ് ഇവിടത്തെ പുതിയ വില്ലേജ് ഓഫീസർ. നിങ്ങളൊക്കെ എന്തോന്ന് ജനസേവകർ ആണടെയ്…”

മാളൂ കൈ തിരിച്ച് ചിരിച്ചുകൊണ്ട് പറയുമ്പോൾ തെളിഞ്ഞു വരുന്ന അവളുടെ നുണക്കുഴിയിൽ നോക്കതേ ഇരിക്കാൻ സനൽ ശ്രമിച്ചിരുന്നു…

” ഏയ്‌ ഇപ്പോൾ അങ്ങനെ ഫുൾ ടൈം സേവനം ഒന്നും ഇല്ല, അല്ലെ തന്നെ നാട്ടിൽ നിറയെ ജനസേവകരെ തട്ടി നടക്കാൻ വയ്യ…”

മറുപടി വാക്കുകളിലും സനൽ ചിരിച്ചിരുന്നു…

” പിന്നെ എന്താ ഇവിടെ…”

” ദേ ഇവളുടെ ഒരു സ്കോളർഷിപ്പിന് വേണ്ടി, വരുമാന സർട്ടിഫിക്കറ്റോ, ജാതി സർട്ടിഫിക്കറ്റോ എന്ന് വേണ്ട ഒരു ലോഡ് സർട്ടിഫിക്കറ്റ് വേണം, അതിന് ഇറങ്ങിയതാ, വില്ലേജ് ഓഫീസർ ഒന്ന് കനിയണം…..”

ചിരിച്ചു കൊണ്ട് കൈകൾ കൂപ്പി വിനയത്തോടെ സനൽ പറയുമ്പോൾ മാളൂ കപട ദേഷ്യത്തോടെ അവനെ ഒന്ന് നോക്കി….

” ആരാ മോളാണോ…..”

സനലിനെ ചേർന്ന് നിൽക്കുന്ന കുട്ടിയുടെ മുഖത്തേക്ക് നോക്കിയാണ് മാളൂ ചോദിച്ചത്…

” അല്ല അടുത്തുള്ള വീട്ടിലെ ആണ്, സഹായിക്കാൻ വേറെ ആരും ഇല്ലന്നെ…’

അത് പറയുമ്പോൾ സനലിന്റെ കണ്ണുകളിൽ ഒരു അപേക്ഷ മാളൂ കണ്ടിരുന്നു…

” അത് സരമില്ല ഇതോകെ ഞാൻ ശരിയാക്കിക്കോളാം. ആ പേപ്പർ ഒക്കെ ഇങ്ങു താ….”

അത് പറഞ്ഞ് മാളൂ സനലിന്റെ കയ്യിൽ നിന്ന് പേപ്പർ എല്ലാം വാങ്ങി….

” തിരക്കില്ലേൽ വാ ഓഫിസിലോട്ട് ഇരിക്കാം….”

മാളൂ സനലിനെയും കുട്ടിയെയും നോക്കി വിളിച്ചു….

” വേണ്ട, പുറത്തൊക്കെ ഒരുപാട് ആൾക്കാർ നിൽപ്പുണ്ട് ഓഫീസർ അതൊകെ ഒന്ന് തീർപ്പാക്കി കൊടുക്ക്, നമുക്ക് പിന്നെയൊരു ദിവസം കാണാം…”

സനൽ അത് പറഞ്ഞ് ഒപ്പമുള്ള കുട്ടിയെയും കൂട്ടി തിരിഞ്ഞു നടക്കാൻ തുടങ്ങി…

” അതേ സഖാവേ ആ നമ്പർ ഒന്ന് തരുമോ….”

സനൽ തിരിഞ്ഞ് മുന്നോട്ട് രണ്ട് ചുവട് നടക്കുമ്പോഴേക്കും മാളൂ പിറകിൽ നിന്ന് വിളിച്ചു….

” അതേ എനിക്ക് ഒരു മിസ്സ് കാൾ അടിച്ചേരേ വിളിക്കുമ്പോൾ ആളിനെ അറിയല്ലോ…”

സനൽ നമ്പർ മാളൂവിന് കൊടുത്ത് കഴിഞ്ഞാണ് അങ്ങനെ പറഞ്ഞത്…

” ആ അടിച്ചേക്കാം അല്ലെ ഇനി തിരക്കുള്ള ആൾക്കാർക്ക് എടുക്കാൻ പറ്റിയില്ലെങ്കിലോ….”

അത് പറഞ്ഞവൾ കാൾ ബട്ടൻ അമർത്തുമ്പോൾ സനലിന്റെ മൊബൈലിൽ മാളൂട്ടി എന്ന പേര് തെളിഞ്ഞു വന്നതും സനൽ അവളുടെ കണ്ണുകളിലേക് നോക്കി….

” പഴയ നമ്പർ ഇതുവരെ മാറ്റിയില്ലല്ലേ…”

കാൾ കട്ട് ചെയ്ത് ചിരിച്ചുകൊണ്ടാണ് സനൽ ചോദിച്ചത്….

” ഇല്ല, ഒരാളുടെ കാൾ പ്രതീക്ഷിച്ച് ഇന്നും അത് മാറ്റാതെ തുടരുന്നു…”

അത് പറയുമ്പോൾ ഒരു പുഞ്ചിരി മാളൂവിന്റെ ചുണ്ടിലും വിരിഞ്ഞിരുന്നു…

” ഞാനും ഒരു കാൾ പ്രതീക്ഷിച്ചായിരുന്നു എന്റെയും നമ്പർ മാറ്റാതെ വച്ചിരുന്നത്….”

അത് പറഞ്ഞ് തീർന്ന് അവൾക്ക് മുഖം കൊടുക്കാതെ സനൽ കുട്ടിയെയും കൂട്ടി തിരിഞ്ഞു നടക്കുമ്പോൾ മൊബൈലും കയ്യിൽ പിടിച്ച് മാളൂ അവർ പോകുന്നതും നോക്കി നിന്നു…

അന്ന് വൈകുന്നേരം ജോലി കഴിഞ്ഞ് വന്ന് കുളിച്ച് ഉമ്മറത്ത് ഇരിക്കുമ്പോൾ സനൽ തന്റെ മൊബൈലിലെ മാളൂവിന്റെ ഫോട്ടോ എടുത്ത് നോക്കി, സീമന്തരേഖയിൽ സിന്ദൂരം വന്നെന്നത് ഒഴിച്ചൽ വേറെ മറ്റങ്ങൾ ഒന്നും അവൾക്ക് ഇല്ല, പഴയത് പോലെ നെറ്റിയിൽ ചെറിയ ഒരു ചന്ദന കുറിയും, ചിരിക്കുമ്പോൾ തെളിഞ്ഞു വരുന്ന നുണക്കുഴിയും, കാച്ചിയെണ്ണ മണമുള്ള ചുരുളൻ മുടിയും അതുപോലെ തന്നെയുണ്ട്…

സനൽ കുറച്ച് നേരം കൂടി മൊബൈൽ നോക്കി ഇരുന്ന ശേഷമാണ് മൊബൈലിൽ സേവ് ചെയ്തിരുന്ന മാളൂട്ടിയുടെ നമ്പർ എടുത്തത്, അതിലേക്ക് വിളിക്കണമോ വേണ്ടയോ എന്ന് ഒന്ന് രണ്ട് വട്ടം ആലോചിച്ച ശേഷം, വേണ്ടെന്ന് വച്ച് മൊബൈൽ നെഞ്ചിലേക്ക് വച്ച് പഴയ ഓർമ്മയിലേക്ക് ഊളിയിട്ട് കൊണ്ട് കണ്ണുകൾ അടച്ച് ഇരുന്നു…

*********

മകൾ ഉറങ്ങി കഴിഞ്ഞപ്പോഴാണ് മാളൂ അലമാരയിൽ ആരും കാണാതെ ഒളിപ്പിച്ചു വച്ചിരുന്ന തന്റെ പഴയ ഡയറി പുറത്തേക്ക് എടുത്തത്, പേജുകൾക്ക് ഇടയിൽ നിന്ന് സനലിന്റെ പഴയ ബ്ലാക്ക് ആൻഡ് വെയിറ്റ് പാസ്പോർട്ട് സൈസ് ഫോട്ടോയുടെ മുകളിൽ കൂടി അവൾ വെറുതെ വിരലോടിച്ചു. ഫോട്ടോ ഒരുപാട് മങ്ങിയെങ്കിലും അവളുടെ ഓർമ്മകളിൽ ഇന്നും അവനൊരു മങ്ങളും ഏറ്റിരുന്നില്ല….

ആളാകെ മാറിയിരിക്കുന്നു, വെളുത്തിരുന്ന മുഖമൊക്കെ കരുവാളിച്ചു കഴിഞ്ഞിരിക്കുന്നു, പഴയ അത്ര മുടിയില്ല, പൊടി മീശയിൽ നിന്ന് കട്ടി മീശയും താടിയും വന്നിരിക്കുന്നു, പഴയതിലും അൽപ്പം കൂടി തടിച്ചിട്ടുണ്ട്, എങ്കിലും തനിക്ക് ഒറ്റ നോട്ടത്തിൽ ആളിനെ മനസ്സിലായല്ലോ, സനലിന്റെ ഫോട്ടോയും നോക്കി ഇരുന്ന് മനസ്സിലവൾ അത് പറയുമ്പോൾ മുഖത്ത് ഒരു ചിരി വിരിഞ്ഞിരുന്നു..

പഴയ ഓർമ്മകളിലേക്ക് അവളുടെ മനസ്സ് ചേക്കേറൻ തുടങ്ങുമ്പോഴാണ് മൈബൈൽ ശബ്ദിച്ചു തുടങ്ങിയത്, പേരിനൊപ്പം ഡിസ്പ്ലേയിൽ തെളിഞ്ഞു വന്ന വിനുവിന്റെ മുഖം കണ്ടപ്പോൾ അവൾ വേഗം ഡയറി മടക്കി അലമാരയിൽ വച്ച് വന്ന് കാൾ എടുത്തു….

” ഹലോ…..”

മറുതലയിൽ നിന്ന് വിനുവിന്റെ ശബ്ദം അവൾ കേട്ടു…

” ഹലോ…”

രണ്ട് സെക്കന്റ് കഴിഞ്ഞാണ് മാളൂവിൽ നിന്ന് ശബ്ദം പുറത്തേക്ക് വന്നത്…

” എന്തു പറ്റി കെട്ടിയോളേ ഒരു മൂഡ് ഓഫ്…..”

അവളുടെ ശബ്ദം കെട്ടപ്പോഴേക്കും വിനു ചോദിച്ചു….

” ഏയ്‌ ഒന്നുമില്ല ചെറിയ ഒരു തലവേദന പോലെ….”

അവൾ അത് പറഞ്ഞൊപ്പിച്ചപ്പോൾ മറുതലയിൽ നിന്ന് വിനു ചിരിക്കുന്നത് മാളൂ കെട്ടിരുന്നു….

” ഞാൻ തന്നോട് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് തനിക്ക് കള്ളം പറയാൻ അറിയില്ലെന്ന്,,,, എന്താടോ കാര്യം പറ….”

വിനു വീണ്ടും ചോദിച്ചപ്പോൾ മാളൂ ഒരു നിമിഷം നിശബ്ദമായി നിന്നു….

” വിനുവേട്ട അത്….”

” പറയാടോ….”

” ഞാനിന്ന് അവനെ കണ്ടിരുന്നു…”

” നമ്മുടെ സഖാവിനെ ആണോ….”

മാളൂ പറഞ്ഞു തീരും മുന്നേ വിനു അത് ചോദിച്ചപ്പോൾ മാളൂ ഒന്ന് മൂളിയതെയുള്ളൂ…

” കണ്ടിട്ട് എന്താ പറഞ്ഞേ….”

ആകാംക്ഷയോടെ വിനു വീണ്ടും ചോദിച്ചു….

” ഏയ്‌ ഒന്നും പറഞ്ഞില്ല ആള് ഓഫീസിൽ ഒരു കുട്ടിയുടെ കാര്യത്തിന് വന്നത് ആണ് അപ്പോഴാണ് കണ്ടത്, അപ്പോൾ തന്നെ പോകുകയും ചെയ്തു…”

” അപ്പൊ ഒന്നും സമരിച്ചില്ലേ…”

” ഏയ്‌… ഇല്ല ….”

” ശ്ശെ പഴയ കാമുകനെ കണ്ടിട്ട് സുഖവിവരം എങ്കിലും അന്വേക്ഷിക്കാത്ത നിന്നെയൊക്കെ……”

” ദേ വിനുവേട്ട,,,,, എനിക്ക് ദേഷ്യം വരുന്നുണ്ടേ ……”

വിനുവിന് അവൾ മറുപടി കൊടുക്കുമ്പോൾ ശരിക്കും അവൾക്ക് ദേഷ്യം വന്നിരുന്നു….

” ആള് കെട്ടിയൊ, അതോ ഇപ്പോഴും….”

” ആ എനിക്കൊന്നും അറിയാൻ വയ്യ…”

മാളുവിന്റെ ശബ്ദത്തിൽ വീണ്ടും ദേഷ്യം കലർന്നിരുന്നു…

” നിനക്ക് നമ്പർ വാങ്ങായിരുന്നില്ലേ….”

” വാങ്ങി, ആ പഴയ നമ്പർ ഇതുവരെ മാറിയിട്ടില്ല….”

അത് പറയുമ്പോൾ മാളുവിന്റെ വാക്കിൽ അൽപ്പം നിരാശയും വേദനയും കലർന്നിരുന്നു…

” അപ്പൊ പിന്നെ ആള് മിക്കവാറും ഇപ്പോഴും കെട്ടാതെ നിൽക്കുക ആകും…”

വിനു അത് കൂടി പറഞ്ഞപ്പോൾ മാളുവിന് ശരിക്കും സങ്കടം വന്നിരുന്നു…

” നാളെ ഞായറാഴ്ച അല്ലെ, താൻ ആളിനെ ഒന്ന് വിളിക്, സന്തോഷത്തോടെ സംസാരിക്ക്, നി സന്തോഷത്തോടെ ജീവിക്കുന്നു എന്ന് കാണുമ്പോൾ ആളും പുതിയ ഒരു ജീവിതം തുടങ്ങും അത് ഉറപ്പാണ്…”

വിനു അത് പറയുമ്പോൾ മാളൂ ഒന്ന് മൂളിയതെ ഉള്ളൂ…

” അതേ എനിക്കിന്ന് നൈറ്റ് ഷിഫ്റ്റ് ഉണ്ട്, അടുത്ത ഡ്യൂട്ടിക്ക് കയറാൻ സമയം ആകുന്നു….”

പതിവില്ലാതെ അവർക്കിടയിൽ ഏറെ നേരം നിശബ്ദ തളം കെട്ടി തുടങ്ങിയപ്പോൾ ആണ് വിനു അത് പറഞ്ഞത്….

” അതെന്താ ഇന്ന് ഡേ ഷിഫ്റ്റ് അല്ലായിരുന്നോ….”

” അതേ,,, വർക് കൂടുതൽ ആണ് നൈറ്റ് കൂടി നിൽക്കാതെ പറ്റില്ല….”

” കൊള്ളാം രാവും പകലും ജോലി ചെയ്ത് അറബിക്ക് ഉണ്ടാക്കി കൊടുക്ക്, ആരോഗ്യമൊന്നും നോക്കേണ്ട….”

മാളുവിന്റെ വാക്കിൽ ഭാര്യയുടെ കരുതലും സ്നേഹവും പുറത്തേക്ക് വന്ന് തുടങ്ങിയിരുന്നു….

” ഇവിടെ നിന്ന് അല്പം ക്ഷീണിച്ചു വന്നാലും നാട്ടിൽ നിന്ന് നി ഉണ്ടാക്കി തരുന്ന ആഹാരം കഴിച്ച് ഞാൻ നല്ലപോലെ തടിച്ചിട്ടല്ലേ തിരിച്ചു പോരുന്നത്….”

” മതി മതി മോൻ സുഖിപ്പിക്കാൻ നിൽക്കാതെ പോയി ജോലി എടുക്ക് അല്ലെ അറബി ഇപ്പോൾ തന്നെ ചവിട്ടി നാട്ടിലേക്ക് അയക്കും…”

മാളൂ ചിരിച്ചു കൊണ്ട് പറയുമ്പോൾ വിനും ചിരിച്ചിരുന്നു….

” അപ്പൊ ശരി നാളെ വിളിക്കാം…”

അത് പറഞ്ഞ് അവരുടെ സംഭാഷണം നിലയ്ക്കുമ്പോൾ, മനസ്സിൽ വേറെ ഓർമ്മകൾ ഒന്നും കടന്ന് വരാതെ ഇരിക്കാൻ മാളൂ മോളേയും ചേർത്ത് പിടിച്ച് ഉറങ്ങാൻ കിടന്നു….

**********

” മോനെ, ആ ജലജ ഒരു ആലോചന കൊണ്ട് വന്നിട്ടുണ്ട് നല്ല കുട്ടിയ, ചെറിയ ഒരു ജോലിയുണ്ട്, അത് കൊണ്ടാണ് ആ കൊച്ച് കുടുംബം നോക്കുന്നത്, അതിനെ ഇറക്കി വിടാൻ വീട്ടിൽ ഒന്നും ഇല്ല, നമുക്ക് ആലോചിച്ചാലോ നിന്നെ പൊന്നു പോലെ നോക്കിക്കോളും….”

അത്താഴം കഴിച്ച് സനൽ മുറിയിൽ വന്ന് കിടക്കുമ്പോഴാണ്, അമ്മ കട്ടിലിൽ വന്നിരുന്ന് അത് പറഞ്ഞത്. അത് കേട്ടപ്പോൾ സനൽ ഒന്ന് മൂളിയതെ ഉള്ളൂ…

” ഇരുന്ന് മൂളതേ നി വായ് തുറന്ന് എന്തേലും പറഞ്ഞേ,,, ഇപ്പോൾ തന്നെ പ്രായം കുറെയായി….”

സാവിത്രി വീണ്ടും പരിഭാവത്തോടെ പറയുമ്പോൾ സനൽ ദേഷ്യത്തോടെ അവരെ നോക്കി….

” ആദ്യം അമ്മ പോയി കാണ്, അമ്മയ്ക്ക് ഇഷ്ട്ടം ആയാൽ നമുക്ക് നോക്കാം….”

സനലിന്റെ വാക്കുകൾ വിശ്വസിക്കാൻ കഴിയാതെ സംശയത്തോട് അവർ മോന്റെ മുഖത്തേക് നോക്കി ഇരുന്നു….

” സത്യം പറ മോൻ കള്ളുകുടിച്ചിട്ടുണ്ടോ, ഒന്ന് ഊതിയെ….”

അത് പറഞ്ഞ് സാവിത്രി സനലിന്റെ അടുത്തേക്ക് മുഖം ചേർത്ത് ചുറ്റും മണപ്പിക്കാൻ തുടങ്ങി….

” ഒന്ന് പോയെ മനുഷ്യന് ഉറക്കം വരുന്നു അപ്പോഴാ അവരുടെ……”

വാക്കുകൾ മുഴുവിപ്പിക്കാതെ സനൽ ചരിഞ്ഞു കിടക്കുമ്പോൾ സാവിത്രി അൽപ്പനേരം കൂടി അവിടെ ഇരുന്ന ശേഷം മകൻ പറഞ്ഞത് വിശ്വസിക്കാൻ കഴിയാതെ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി…

പിറ്റേന്ന് രാവിലെ മൊബൈലിന്റെ ശബ്ദം കേട്ടാണ് സനൽ കണ്ണ് തുറന്നത്, കണ്ണുകൾ തിരുമി മൊബൈൽ നോക്കിയപ്പോൾ മാളൂട്ടിയുടെ പേര് തളിഞ്ഞു വന്നിരുന്നു. കാൾ എടുക്കും മുൻപേ സനലിന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞിരുന്നു…

” സാർ എഴുന്നേറ്റോ…”

ഫോൻ ചെവിയിലേക്ക് വയ്ക്കുമ്പോഴേക്കും മാളൂവിന്റെ ശബ്ദം സനൽ കേട്ടിരുന്നു….

” എഴുന്നേൽക്കണം….”

ഉറക്കച്ചടവോടെയാണ് സനൽ പറഞ്ഞത്….

” പഴയ സ്വഭാവം ഒന്നും മാറിയിട്ടില്ല ല്ലേ….”

” കാലം എത്ര കഴിഞ്ഞാലും ചിലതൊക്കെ അത്ര പെട്ടെന്ന് മറില്ലല്ലോ….”

സനൽ അത് പറയുമ്പോൾ മാളൂ പെട്ടെന്ന് നിശബ്ദയായി…

” എന്താ മാഡം രാവിലെ തന്നെ വിളിച്ചെ….”

മാളു ഒന്നും മിണ്ടാതെ ഇരുന്നപ്പോഴാണ് സനൽ അത് ചോദിച്ചത്….

” ഇന്ന് ഞായറാഴ്ച അല്ലെ വേറെ പരുപാടി ഒന്നും ഇല്ലേ നമുക്ക് ഒന്ന് കാണാൻ പറ്റുമോ….”

” അതിനെന്താ കണല്ലോ….”

മാളൂ ചോദിച്ചപ്പോൾ തന്നെ സനലിന്റെ മറുപടിയും വന്നു….

” എന്ന ഒരു കാര്യം ചെയ്യ് നി കെട്ടിയോനെയും മക്കളെയും പൊക്കി എടുത്തുകൊണ്ട് ഇങ്ങോട്ട് പോരെ….”

സനൽ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്…

” അതിന് കെട്ടിയൊൻ നാട്ടിൽ ഇല്ല എനിക്ക് ഒരു മോളെ ഉള്ളൂ…”

അവളുടെ വക്കിൽ ചെറിയ ഒരു പരിഭവം ഉണ്ടായിരുന്നു…

” എന്നാൽ മോളേയും കൊണ്ട് പോര്….”

” എന്നെ കണ്ടിട്ട് നിന്റെ കെട്ടിയോൾ അടി ഉണ്ടാകുമോ…”

ഉച്ചത്തിൽ ചിരിച്ചു കൊണ്ടാണ് മാളൂ ചോദിച്ചത്….

” ആ വെക്കാൻസി ഇതുവരെ ഫിൽ ചെയ്യാത്തത് കൊണ്ട് ആ പേടി വേണ്ട, ഞാനും അമ്മയും മാത്രമേയുള്ളു….”

സനൽ അത് പറയുമ്പോൾ മാളൂ ചിരിച്ചെങ്കിലും ഉള്ളിൽ എവിടെയൊക്കെയോ ഒരു കുറ്റബോധം തോന്നി തുടങ്ങി അവൾക്ക്…

” നിനക്ക് അറിയല്ലോ വീട്, നി മോളേയും കൂട്ടി പോര്, വഴി സംശയം ഉണ്ടേൽ വിളിച്ചാൽ മതി….”

സനൽ അത് പറയുമ്പോൾ മൂളിക്കൊണ്ട് മാളൂ കാൾ കട്ട് ചെയ്തിരുന്നു, ഉടനെ തന്നെ വിനുവിന് മെസ്സേജും അയച്ചു, പോയി വരാനായി വിനുവിന്റെ മറുപടി വന്നപ്പോഴാണ് അവൾ പോകാനുള്ള തയ്യാറെടുപ്പ് തുടങ്ങിയത്….

” നി ഇത് എങ്ങോട്ടാ രാവിലെ ഒന്നും കഴിക്കാതെ….”

രാവിലെ പല്ലും തേച്ച് മുഖവും കഴുകി ഇറങ്ങി പോകുന്ന സനലിനോട് സാവിത്രി ചോദിക്കുമ്പോൾ ഇപ്പോൾ വരാം എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചാണ് സനൽ കവലയിലേക്ക് പോയത്, മീൻകാരി സൈനബതത്തയുടെ കയ്യിൽ നിന്ന് വല്യ ഒരു ചൂരയുടെ തലയും കപ്പയും വാങ്ങിയാണ് സനൽ വീട്ടിലേക്ക് വന്നത്….

” ഇതെന്താ പതിവില്ലാതെ മീൻതലയൊക്കെ…”

മകന്റെ കയ്യിലെ കവർ വാങ്ങി തുറന്ന് നോക്കികൊണ്ടാണ് സാവിത്രി ചോദിച്ചത്….

” ഇന്ന് നമുക്കൊരു ഗസ്റ്റ് ഉണ്ട്…”

അത് പറഞ്ഞ്‌ സനൽ മുറിയിലേക്ക് പോയി….

” അത് ഏതാ ഗസ്റ്റ്….”

മീൻ തല ചട്ടിയിൽ ഇട്ടിട്ട് മകന്റെ പുറകെ ചെന്നവർ ചോദിച്ചു…

” പണ്ട് മരുമോളാകാൻ പുറകെ നടന്ന ഒരാൾ ഇല്ലായിരുന്നോ അവൾ തന്നെ….”

സനൽ അത് പറയുമ്പോൾ സാവിത്രിയുടെ മുഖം ചുവക്കുന്നത് അവൻ കണ്ടിരുന്നു….

” പിന്നെ കണ്ടവളുമാർക്കൊന്നും വച്ചുകൊടുക്കാൻ എനിക്ക് പറ്റില്ല, വേണേൽ നി തന്നെ പോയ്‌ വയ്ക്കുകയും, ഊട്ടുകയോ ചെയ്യ്…..”

ദേഷ്യത്തോടെ അത് പറഞ്ഞവർ നടക്കുമ്പോൾ സനൽ പുറകെ ചെന്നു….

” എന്റെ പൊന്നമ്മച്ചി അവളെ ഞാൻ ഇന്നലെ കണ്ടിരുന്നു നമ്മുടെ വില്ലേജ് ഓഫീസർ ആണ്,കല്യാണം കഴിഞ്ഞ് ഒരു കുട്ടിയൊക്കെ ആയി, ഒന്ന് കാണണം എന്ന് പറഞ്ഞു ഇങ്ങോട്ട് വരാനും പറഞ്ഞു, വരുമ്പോൾ എന്തേലും കൊടുക്കണ്ടേ, അമ്മ ഒന്ന് ചെല്ല്.,,,”

അതും പറഞ്ഞ് മടിച്ചു നിന്ന അമ്മയെ സനൽ അടുക്കളയിലേക്ക് തള്ളി വിട്ടു. മുറ്റത്ത് വണ്ടിയുടെ ഹോണടി ശബ്ദം കേട്ടപ്പോഴാണ് അടുക്കളയിൽ നിന്ന് സനൽ ഉമ്മറത്തേക്ക് വന്നത്, സനലിനെ കണ്ടപ്പോൾ മാളുവും മോളും സ്‌കൂട്ടറിൽ നിന്ന് ഇറങ്ങി, ചിരിക്കുന്ന മുഖവുമായി സനൽ അവരെ വീട്ടിലേക്ക് വിളിച്ചു…

” എന്താ മോളുടെ പേര്….”

” എന്റെ പേര് ദേവു, ദേവൂട്ടിന്നാ എല്ലാവരും വിളിക്കുക…”

മോൾ അത് പറയുമ്പോൾ അവളുടെ തലയിൽ തടവിക്കൊണ്ട് സനൽ അവളെ അരികിലേക്ക് നിർത്തി, അപ്പോഴേക്കും അടുക്കളയിൽ നിന്ന് സാവിത്രി ഉമ്മറത്തേക്ക് വന്നു, അവരെ കണ്ടപ്പോഴേക്കും മാളൂ ഭയത്തോടെ ഒന്ന് ചിരിച്ചു…

” എന്താ മോളെ സുഖമല്ലേ….”

” സുഖമായി ഇരിക്കുന്നു അമ്മ, അമ്മയ്ക്കോ….”

” നമുക്കും സുഖം തന്നെ….”

അത് പറഞ്ഞവർ സനലിന്റെ മുഖത്തേക് നോക്കിയിട്ട് ദേവൂട്ടിയെയും കൂട്ടി അടുക്കളയിലേക്ക് നടന്നു ഒപ്പം മാളുവും…..

” ഇവനെ ഇങ്ങനെ നിർത്താതെ ഒരു പെണ്ണ് കെട്ടിക്ക് അമ്മ….”

നല്ലപോലെ ഉടച്ച കപ്പയുടെ മുകളിൽ ആവി പറക്കുന്ന നല്ല എരിവുള്ള മീൻ തലക്കറിയും കൂട്ടി കഴിക്കുമ്പോഴാണ് മാളൂ അത് പറഞ്ഞത്….

” ഇവന്റെ ജാതകത്തിൽ ദോഷം ഉണ്ട് മോളെ, കല്യാണം അല്പം വൈകും എന്നാണ് പറഞ്ഞിരിക്കുന്നത്, ഇപ്പോൾ ഏതാണ്ട് ഒന്ന് ഉറച്ച മട്ടാണ്, എന്തായാലും ഉടനെ കാണും അല്ലേടാ…”

അവർ അത് പറഞ്ഞ് വീണ്ടും സനലിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൻ അതെയെന്ന് തലയാട്ടി….

” ആഹാ കല്യാണമൊക്കെ ആയി അല്ലെ നമ്മളെയൊക്കെ വിളിക്കുമോ….”

മീന്റെ മുള്ള് പ്ളേറ്റിന്റെ സൈഡിലേക് വയ്ക്കുന്ന കൂട്ടത്തിൽ മാളൂ ചോദിച്ചു…

” എന്തായാലും ആദ്യം മോളെ തന്നെ വിളിക്കും….”

അമ്മ അത് പറയുമ്പോൾ സനൽ അവരെ കണ്ണുരുട്ടി കാണിച്ചു..

” അമ്മ എനിക്കിട്ട് നല്ലപോലെ താങ്ങുന്നുണ്ടല്ലോ…..”

സാവിത്രി അടുക്കളയിലേക്ക് തിരികെ പോയപ്പോഴാണ് വെള്ളം കുടിച്ചുകൊണ്ട് മാളൂ ചോദിച്ചത്….

” അത് പിന്നെ അമ്മമാർ അല്ലെ ഇതോകെ ഉണ്ടാകും….”

സനൽ ചിരിച്ചുകൊണ്ട് അതും പറഞ്ഞ് കൈ കഴുകാൻ എഴുന്നേൽക്കുമ്പോൾ മാളുവും കഴിച്ചു കഴിഞ്ഞിരുന്നു….

” നി എന്താ ഇതുവരെ കല്യാണം കഴിക്കാതെ…”

മാളൂ പോകാനായി ഇറങ്ങി സ്‌കൂട്ടറിന്റെ അടുത്ത് ചെന്നിട്ടാണ് തന്റെ അരികിലേക്ക് വന്ന സനലിനോട് മെല്ലെ ചോദിച്ചത്….

” അത് അമ്മ പറഞ്ഞില്ലേ ജാതകത്തിൽ ഓരോ പ്രശനങ്ങളെ…”

സനൽ ചിരിച്ചുകൊണ്ട് പറയുമ്പോൾ മാളൂവിന്റെ മുഖത്ത് ദേഷ്യം വന്ന് തുടങ്ങി…

” നി എന്നോട് വെറുതെ കള്ളം പറയാൻ നിൽക്കേണ്ട….”

അത് പറഞ്ഞവൾ സ്‌കൂട്ടറിൽ കയറി മോളേയും ഇരുത്തി…

” ചിലതൊന്നും അങ്ങനെ പെട്ടെന്ന് മനസ്സിൽ നിന്ന് പറിച്ചു കളയാൻ പറ്റില്ലല്ലോ….”

അത് പറയുമ്പോഴും സനലിന്റെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു…

” ടാ അന്നത്തെ എന്റെ അവസ്‌ഥ…….”

മാളൂ പറഞ്ഞു തുടങ്ങിയപ്പോഴേക്കും സനൽ നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു….

” ആദ്യ രാത്രി കെട്ടിയോനോട് പറഞ്ഞു ചിരിക്കാൻ മിക്ക പെണ്ണുങ്ങൾക്കും കാണും കൊമാളിയായ ഒരു കാമുകന്റെ കഥ, അതിൽ കൂടുതൽ ഒന്നും നമ്മൾ തമ്മിൽ ഇപ്പോഴില്ല, നിനക്ക് നല്ലൊരു ഭർത്താവും മോളും ഉണ്ട്, പഴയത് ചിക്കിചികയാൻ നിൽക്കാതെ സന്തോഷത്തോടെ ജീവിക്ക്….”

സനൽ അത് പറയുമ്പോൾ മാളുവിന്റെ കണ്ണുകൾ നിറയുന്നത് അവൻ കണ്ടിരുന്നു…

“എന്നാ ശരി പോട്ടെ….”

അത് പറയുമ്പോൾ മാളുവിന്റെ ശബ്ദം ഇടറിയിരുന്നു…. മോൾക്ക്‌ ടാറ്റ കൊടുത്ത് അവരെ യാത്രയാക്കി തിരിച്ചു വരുമ്പോൾ ഉമ്മറത്ത് തിണ്ണയിൽ സാവിത്രി ഇരിപ്പുണ്ടായിരുന്നു. സനൽ ഒന്നും മിണ്ടതെ അവർക്കരികിൽ ചെന്ന് മടിയിൽ തലവച്ച് കിടന്നു…

” അവൾ പോയാൽ എന്താ എന്റെ മോന് വേറെ നല്ല പെണ്ണിനെ കിട്ടുമല്ലോ….”

സനലിന്റെ മുടിയിൽ തഴുകി കൊണ്ടാണ് അവർ പറഞ്ഞത്…

” അല്ലേലും നമ്മൾ ആഗ്രഹിക്കുന്നത് എല്ലാം സ്വന്തമാക്കിയൽ പിന്നെ എന്ത് ജീവിതം അല്ലെ അമ്മ….”

സനൽ അത് പറയുമ്പോൾ അവർ ഒന്നും മിണ്ടാതെ അവന്റെ മുടിയിൽ തഴുകി ഇരുന്നു….

” ഞാൻ ഇന്നലെ പറഞ്ഞ പെണ്ണിന്റെ കാര്യം…. നി ഒന്ന് പോയി കാണുമോ…..”

മടിച്ചു മടിച്ചാണ് അവർ ചോദിച്ചത്..

” ഞാൻ പറഞ്ഞില്ലേ അമ്മയോട് പോയി കാണാൻ, അമ്മയ്ക്ക് ഇഷ്ടപ്പെട്ടാൽ എനിക്കും സമ്മതം…”

” അതിന് ഞാനല്ലല്ലോ അവളെ കെട്ടുന്നത് നീയല്ലേ.. അപ്പൊ നിന്റെ ഇഷ്ടം നോക്കണ്ടേ,,,,”

” പിന്നെ ഇപ്പൊ തന്നെ വയസ്സ് കൂടുതൽ ആണ് അതിനിടയിൽ നമ്മുടെ ഇഷ്ടങ്ങളും പറഞ്ഞു ചെന്നാൽ ആട്ടി വിടും, അത് കൊണ്ട് കിട്ടുന്നതിനെ കെട്ടുക അത്ര തന്നെ…. ഞാൻ കെട്ടി കഴിഞ്ഞാലും നിങ്ങൾ രണ്ടാളും അല്ലെ ഇവിടെ മുഖത്തോട് മുഖം നോക്കിയിരിക്കേണ്ടത്, അപ്പോ ആദ്യം നിങ്ങൾ കണ്ട് ഇഷ്ടപ്പെടട്ടെ….”

സനൽ ചിരിച്ചുകൊണ്ട് അമ്മയുടെ കവിളിൽ പിടിച്ച് വലിച്ചു കൊണ്ട് അത് പറയുമ്പോൾ അവർ അവനെ തല്ലനായി വെറുതെ കൈ ഓങ്ങി. വർഷങ്ങൾക്ക് ശേഷം മനസ്സ് തുറന്ന് മോൻ ചിരിക്കുന്ന സന്തോഷം ആയിരുന്നു സാവിത്രിയുടെ മനസ്സിൽ, പുറമെ ചിരിക്കുമ്പോഴും അവന്റെ ഉള്ളിൽ അപ്പോഴും ഒരു നഷ്ടപ്രണയം എവിടെയൊക്കെയോ കുത്തി നോവിച്ചു കൊണ്ടിരുന്നു……..