എഴുത്ത്:-സൽമാൻ സാലി
” എടീ ഷാഹിയെ ..ന്താ ഒരു കരിഞ്ഞ മണം ..?
” ഓ ….അത് ….ന്റെ കരള് കത്തിയ മണമാ ..ന്തേ ..?
” ആ വെറുതെയല്ല ഒരുണക്ക മീനിന്റെ മണം ..
” നന്നായി പോയി ഒണക്കമീനിന്റെ മണം ആണെന്ന് അറിയാമെങ്കിൽ അവിടെ കിടന്ന് കൂവണായിരുന്നൊ ..?
അത് പറഞ്ഞു തീരും മുൻപ് ഒരു കയ്യിൽ കത്തിയും മറു കയ്യിൽ മുരിങ്ങാ കോലുമായി ഓള് മുന്നിൽ ..
ഒന്നുകിൽ വെട്ട് അല്ലെങ്കിൽ അടി ഉറപ്പിച്ചതായിരുന്നു .. പക്ഷെ ഓള് ഒന്ന് കൊഞ്ഞനം കുത്തി അടുക്കളയിലേക്ക് പോയി ..!!
രാവിലെതന്നെ ഓൾടെ മൂഡ് ശരിയല്ല എന്ന് കണ്ടപ്പോൾ ഞാൻ ഉമ്മറത്തിരുന്നു ന്റെ ചിന്തകളെ മേയാൻ വിട്ടു ..
അപ്പോഴും ഒണക്കമീനിന്റെ മണം മൂകിലടിച്ചുകൊണ്ടിരുന്നു ..
ഓർമകൾ മെല്ലെ മണം തേടി ഇറങ്ങി നടന്നു..ആദ്യം കയറി ചെന്നത് നാരായണി ഏടത്തിയുടെ പറമ്പിലെ നാട്ടുമാവിൻ ചോട്ടിലാണ് ..
പണ്ട് കുട്ടികാലത്ത് ഒരു ചെറിയ കാറ്റ് അടിച്ചാൽ നാരായണി ഏടത്തിയുടെ പറമ്പിലേക്ക് ഓടുമായിരുന്നു .. നല്ല മധുരമുള്ള നാട്ടുമങ്ങ പെറുക്കി തിന്നുമ്പോൾ ഒലിച്ചിറങ്ങിയ ചാറ് കയ്യിലാകെ ഉണ്ടാകുമായിരുന്നു … എവിടെനിന്നെങ്കിലും നാട്ടുമാങ്ങയുടെ മണം അടിച്ചാൽ മനസ്സ് അപ്പോൾ നാരായണിയേടത്തിയുടെ പറമ്പിലേക്ക് ഓടുന്ന കുട്ടിക്കാലത്തേക്ക് കൊണ്ടുപോകും ..
മാങ്ങയും തിന്ന് മനസ്സ് അടുത്ത മണം തേടിയിറങ്ങിപോയത് നേരെ സ്കൂൾ ഗ്രൗണ്ടിലേക്കാണ് ..
ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് വരുന്ന പുതുമഴയിൽ മണ്ണ് നനഞ്ഞു ഒരു മണം കിട്ടും .. വീണ്ടും വീണ്ടും ആ മണം കിട്ടാൻ വേണ്ടി ശ്വാസം വലിച്ചുകൊണ്ടേയിരിക്കും … പക്ഷെ ആ മണത്തിന് വലിയ ആയുസ് ഉണ്ടാവാറില്ല …
ഗ്രൗണ്ടില് നിന്നും നേരെ പോയത് ഹസ്സനിക്കയുടെ കശുവണ്ടി തോട്ടത്തിലേക്കാണ് .. ഹസ്സനിക്ക കാണാതെ പറമ്പിൽ കയറി നല്ല പഴുത്ത കശുമാങ്ങ മുരുണ്ടിയെടുത്തു ഒരൊറ്റയോട്ടമാണ് .. വീട്ടിലെ അടുപ്പിലിട്ട് കശുവണ്ടി ചുട്ടെടുക്കുമ്പോൾ ഒരു മണം പൊങ്ങി വരും .. നന്നായി വെന്ത കശുവണ്ടി പൊളിച്ചെടുത്തു ആ മണം ആസ്വദിച്ചു കഴിക്കുന്ന സുഖം ലുലു മാളിൽ നിന്നും വാങ്ങുന്ന അണ്ടിപ്പരിപ്പിന് കിട്ടാറില്ല …
കശുവണ്ടിയും തിന്ന് കുളിച്ചിറങ്ങി മഗ്രിബ് നിസ്കരിക്കാൻ ചെന്നാൽ അവിടെ ഒരു മുല്ലപ്പൂ മണമുണ്ടാകും .. ഉമ്മാമയുടെ നിസ്കാരക്കുപ്പായത്തിന് മുല്ലപ്പൂവിന്റെ മണമാണ് . എപ്പോഴും ഒരു ജാസ്മിൻ അത്തറിന്റെ കുപ്പി ഉണ്ടാകും ആ നിസ്കാരക്കുപ്പായം ഇട്ട് വെക്കുന്ന കൊട്ടയിൽ ….
നിസ്കാരം കഴിഞ്ഞു നേരെ പോകുന്നത് പഠിക്കാനാണ് .. സ്കൂൾ തുറന്നപാടേ ഒരു പഠിക്കാൻ ഇരിക്കൽ ഒക്കെ കാണും .. പുതിയ പുസ്തകം തുറക്കുമ്പോൾ ഒരു മണം മൂക്കിലേക്ക് അടിച്ചു കേറും .. പതിയെ പതിയെ ആ മണം ഇല്ലാതാവും … എല്ലാ ടെക്സ്റ്റ് ബുക്കും മണത്തുനോക്കി പൊതിയൊക്കെ ഇട്ട് ബാഗിൽ വെച്ചു കിടന്നുറങ്ങും …
രാവിലെ എണീറ്റ് മദ്രസയിൽ പോകുമ്പോൾ കുഞ്ഞേക്കു ഏട്ടന്റെ പറമ്പിൽ ഒന്ന് കേറും .. അവിടെ നല്ല കോമാങ്ങ കിട്ടും .. കോമാങ്ങ കിട്ടിയാൽ ഇപ്പോഴും കുഞ്ഞേക്കു ഏട്ടനെ ഓർമ വരും .. വലിയ പുളി ഇല്ലാത്ത മാങ്ങക്ക് നല്ല രുചിയാണ് ..!
മദ്രസ വിട്ട് നേരെ സ്കൂളിലേക്ക് വഴിയരികിലെ കമ്മ്യുണിസ്റ്റ് പച്ചയുടെ തലവെട്ടി നടക്കുമ്പോൾ അതിനും ഉണ്ടാകും ഒരു നല്ല മണം …
സ്കൂളിലെത്തി നോട്ട് ബുക്കിൽ സ്റ്റിക് ഈസി പെന്നുകൊണ്ട് എഴുതുമ്പോൾ ഒരു കട്ടിമഷിയുടെ മണം ആവും അപ്പോൾ മൂക്കിൽ .. ആസാദിന്റെ ഉപ്പ ഗൾഫിൽ നിന്ന് കൊണ്ടുവരുന്ന മയക്ക റബ്ബറിന് വല്ലാത്തൊരു ഇഷ്ട്ടമുള്ള മണമാണ് .. വീണ്ടും വീണ്ടും മണത്തുനോക്കി അവന് തന്നെ തിരിച്ചു കൊടുക്കും … ഉച്ചക്കഞ്ഞിക്ക് ബെല്ലടിക്കുമ്പോൾ ആലിക്കയുട മുഖം ഓർമ വരും .. നല്ല ചൂടുള്ള പുഴുങ്ങിയ പഴറും കഞ്ഞിയും .. അതിന്റെ രുചിയൊന്നും പിന്നെ എവിടെയും കിട്ടിയിട്ടില്ല …
സ്കൂൾ വിട്ട് വീട്ടിലെത്തിയാൽ ഉമ്മാമ ഉണ്ടാവും റേഷൻ കാർഡുമായി നിക്കുന്നു .. റേഷൻ കട എന്ന് പറയുമ്പോൾ മണ്ണെണ്ണയുടെയും പഴേ ചാക്കിന്റെ മണവും പിന്നെ വയർ ചാടിയ കുമാരേട്ടനും മനസ്സിൽ തെളിയും …
പിന്നെയും ഉണ്ട് മണങ്ങൾ ..
കർപ്പൂരത്തിന് മരണത്തിന്റെ മണമാണ് .. ആദ്യമായി മയ്യത്ത് കട്ടിൽ ചുമന്ന് നടക്കുമ്പോൾ മൂകിലടിച്ച മണം കർപ്പൂരത്തിന്റെയായിരുന്നു ..
മൈലാഞ്ചിക്ക് പെരുന്നാൾ രാവിന്റെ മണവും . ജന്നാത്തുൽ ഫിർദൗസ് അത്തറിന് ഉപ്പാപ്പയുടെ മണവുമാണ് .. ..
അങ്ങിനെ മണങ്ങൾ ഓരോന്ന് മനസ്സിലൂടെ കടന്നുപോകുമ്പോൾ മൂക്കിൻ തുമ്പിൽ പുതിയൊരു മണം അടിച്ചു വരുന്നു ..
നല്ല ഏലക്ക മണമുള്ള പായസം കൊണ്ട് വന്നതാ ഓള് .. തൽകാലം മണങ്ങൾ മറന്നു പായസത്തിന്റെ രുചിയിലേക്കിറങ്ങട്ടെ … ബാക്കിയുള്ള മണങ്ങൾ നിങ്ങൾക്ക് കമന്റിൽ കുറയ്ക്കാം …