Story written by Saji Thaiparambu
ചേട്ടന് .. വിശക്കുന്നില്ലേ? എനിക്കാണെങ്കിൽ വിശന്ന് കുടല് കരിയുന്നു
കാറോടിച്ച് കൊണ്ടിരുന്ന എന്നോട് , ഇടത് വശത്തിരുന്ന ഭാര്യ ചോദിച്ചു.
എനിക്കും വിശക്കുന്നുണ്ടടീ.. പക്ഷേ നല്ല ഹോട്ടല് വല്ലതും കാണണ്ടേ?
ഡ്രൈവ് ചെയ്യുമ്പോഴും ഇടയ്ക്കിടെ ഞാൻ റോഡിൻ്റെ വശങ്ങളിലേക്ക് നോക്കുന്നുണ്ടായിരുന്നു
കുറച്ച് കഴിഞ്ഞപ്പോൾ ദൂരെ ഒരു ഹോട്ടലിൻ്റെ ബോർഡ് കണ്ട് ഞാൻ കാറിൻ്റെ ആക്സിലേറ്ററിൽനിന്ന് കാലെടുത്ത് ബ്രേക്ക് പെഡലിൽ വച്ചു
ചേട്ടാ ഈ ഹോട്ടല് വലിയ കുഴപ്പമില്ലെന്ന് തോന്നുന്നു ഇവിടെ നിർത്തിക്കോ
വിശാലമായ പാർക്കിങ്ങ് ഏരിയയും ഓപൺ കിച്ചനും ഒക്കെ ഉള്ള ഹോട്ടലായിരുന്നത് കൊണ്ട് ,അവിടെ നിന്ന് തന്നെ ഊണ് കഴിക്കാം എന്ന് കരുതി ഞാൻ കാറിൻ്റെ വേഗത കുറച്ച് ഹോട്ടലിൻ്റെ ഇടത് വശത്തേക്ക് ഒതുക്കി പാർക്ക് ചെയ്തു,
നട്ടുച്ച സമയമായത് കൊണ്ട് അവിടെ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു
കൈ കഴുകിയിട്ട് ഒഴിഞ്ഞ് കിടന്ന ,രണ്ട് കസേരകൾ മാത്രമുള്ള ഒരു ടേബിളിൽ ഞാനും ഭാര്യയും കൂടി അഭിമുഖമായിരുന്നു
എന്താ സാർ കഴിക്കാൻ വേണ്ടത് ?ഊണോ ബിരിയാണിയോ?
തലയിൽ വെളുത്ത ക്യാപ് വച്ച് ,ചുരിദാറിന് മുകളിൽ ഹോട്ടലിൻ്റെ പേരെഴുതിയ ഓവർകോട്ടിട്ട ഒരു യുവതി വന്ന് എന്നോട് ചോദിച്ചു
നിനക്കെന്താ മായേ വേണ്ടത് ബിരിയാണി പറയട്ടെ ?
ഞാൻ ഭാര്യയുടെ നേരെ നോക്കി
എനിക്ക് ബീഫ് ബിരിയാണി മതി
ശരി രണ്ട് ബിരിയാണി എടുത്തോളു
ഓർഡറെടുത്തിട്ട് അവൾ അകത്തേയ്ക്ക് പോയി
ഞാൻ ചുറ്റും നോക്കി
അവിടെ എല്ലാ ടേളിലും ഭക്ഷണം സർവ്വ് ചെയ്ത് കൊണ്ടിരിക്കുന്നത് മുഴുവനും സ്ത്രീകളായിരുന്നു.
അല്പസമയത്തിനുള്ളിൽ ഓർഡർ സ്വീകരിച്ച് പോയ ആ യുവതി രണ്ട് ബീഫ് ബിരിയാണിയുമായി വന്നു
ബിരിയാണി നിറച്ച ഡിഷും ,പ്ളേറ്റ്കളും ഞങ്ങളുടെ മുന്നിൽ വച്ചതിന് ശേഷം , ടേബിളിന് മുകളിൽ സ്റ്റാൻ്റിൽ കമഴ്ത്തിവച്ചിരുന്ന ഗ്ളാസ്സിലേക്ക്, ജഗ്ഗിലെ ചൂട് വെള്ളം കൂടി ഒഴിച്ച് വച്ചിട്ട് അവൾ അടുത്ത ടേബിളിലേക്ക് പോയി.
വിശപ്പിൻ്റെ ആധിക്യം കൊണ്ടാവാം, മായ അപ്പോഴേക്കും തീറ്റി തുടങ്ങിയിരുന്നു
ഞാൻ കുഴിവുള്ള പാത്രത്തിൽ നിന്നും ,വലിയപ്ളേറ്റിലേക്ക്, സ്പൂണ് കൊണ്ട് ബിരിയാണി കോരിയിടാൻ ഒരുങ്ങുമ്പോഴാണ് ,ഒരു തലമുടി, മസാല പുരണ്ട ഇറച്ചി കഷ്ണത്തിൻ്റെ മുകളിൽ ഒട്ടിപിടിച്ചിരിക്കുന്നത്, എൻ്റെ ശ്രദ്ധയിൽ പെട്ടത്.
അനിഷ്ടത്തോടെ ഞാനത്, ഇറച്ചിക്കഷ്ണമുൾപ്പെടെ കോരിയെടുത്ത് പേയ്സ്റ്റ് പ്ളേറ്റിലേക്കിട്ടു
അപ്പോഴാണ് ഭാര്യയത് കാണുന്നത്
ങ്ഹേ, മുടിയാണോ ചേട്ടാ?
ഉം
അവളത് ഇടത് കൈവിരൽ കൊണ്ട് തോണ്ടി നോക്കി
ഇതവളുടെ മുടിയാ ,ഇത് കണ്ടോ ?നല്ല നീളമുണ്ട്, ഹലോ ഇങ്ങോട്ടൊന്ന് വന്നേ ,
അടുത്ത ടേബിളിൽ നിന്ന് ഓർഡറെടുത്ത് കൊണ്ടിരുന്ന ആ യുവതിയെ ഭാര്യ, അടുത്തേക്ക് വിളിച്ച് വരുത്തി.
എന്താ മാഡം? എന്ത് വേണം?
നിങ്ങളിത് കണ്ടോ? ഇത് നിങ്ങളുടെ മുടിയല്ലേ ?
അയ്യോ സോറി മേഡം, ഞാനറിയാതെ സംഭവിച്ച് പോയതാ ,ഒച്ച വയ്ക്കല്ലേ, മുതലാളി കേൾക്കും,ഞാൻ വേറെ ബിരിയാണി കൊണ്ട് തരാം മേഡം
അവൾ കേണ് പറഞ്ഞു
മുതലാളി അറിയണമല്ലോ എന്നാലല്ലേ നിങ്ങളിങ്ങനെ ഉത്തരവാദിത്വമില്ലാതെ പെരുമാറിയതിന് തക്കതായ ശിക്ഷ കിട്ടു
അയ്യോ മേഡം അങ്ങനെ പറയരുതേ ,മുതലാളി അറിഞ്ഞാൽ എന്നെയിവിടുന്ന് പറഞ്ഞ് വിടും വേറെ നിവൃത്തിയില്ലാത്തത് കൊണ്ടാണ് ഈ ജോലിക്ക് വരുന്നത്
മായേ.. ഒന്ന് നിർത്തുന്നുണ്ടോ ? , പെങ്ങളേ.. ഇത് കൊണ്ട് പോയിട്ട്, എനിക്കൊരു ഊണ് കൊണ്ട് തന്നാൽ മതി
ആ യുവതിയുടെ ദൈന്യത കണ്ടപ്പോൾ ഞാൻ ഇടയ്ക്ക് കയറി പറഞ്ഞു
ഹോ, എന്തൊരു സ്നേഹം ,വീട്ടിൽ വച്ച് ഭക്ഷണത്തിലെങ്ങാനും ഒരു മുടി കണ്ടാൽ, എന്നെ എന്തൊക്കെയാ ചേട്ടൻ പറയുന്നത് ,എന്നിട്ടെന്താ ഇവിടെ പ്രതികരിക്കാത്തത്? ഇതാ പണ്ടുള്ളവര് പറയുന്നത്, വീട്ടിലെ പട്ടിയെ വേട്ടയ്ക്ക് കൊള്ളില്ലെന്ന്
എൻ്റെ മായേ ..അവര് വേറെ ബിരിയാണി തരാമെന്ന് പറഞ്ഞില്ലേ? ഇനിയെന്തിനാ സംസാരിക്കുന്നത്?
ഒഹ്, ഞാനൊന്നും മിണ്ടുന്നില്ല,
എൻ്റെ മുഖത്തെ ഭാവമാറ്റം കണ്ട്, മായ പിന്നീട് ,ഒന്നും മിണ്ടാതെ ബാക്കി ബിരിയാണി കൂടി കഴിച്ചു തീർത്തു.
രണ്ടാമത് കൊണ്ട് തന്ന ഊണ് കഴിച്ചിട്ട് ഞാനെഴുന്നേറ്റ് പോയി ,കൈകഴുകി
തിരിച്ച് വന്നപ്പോൾ ബില്ലുമായി ആ യുവതി എൻ്റെയടുത്ത് വന്നു
സാർ ഇതാ ബില്ല്
അവൾ നീട്ടിയ ബിൽ ബുക്ക് ഞാൻ തുറന്ന് നോക്കി
അതിൽ ,രണ്ട് ബിരിയാണിയുടെയും ഊണിൻ്റെയും ബില്ല് കൂടാതെ, നൂറ്റി ഇരുപത് രൂപയും വച്ചിരിക്കുന്നത് കണ്ട്ഞാ നമ്പരന്നു.
ഇതെന്താ ബില്ലിൻ്റെയൊപ്പം പൈസ വച്ചിരിക്കുന്നത് ?
ഞാൻ ജിജ്ഞാസയോടെ ചോദിച്ചു.
അത് സാർ, ബിരിയാണിയിൽ മുടിയുണ്ടായിരുന്ന കാര്യം ഞാനാരോടും പറഞ്ഞില്ല ,
അത് ഞാൻ പൊതിഞ്ഞെടുത്തു ,അതിന് രണ്ട് കാരണങ്ങളുണ്ട് ,ഒന്ന് മുതലാളി അറിഞ്ഞാൽ ,എൻ്റെ ജോലി പോകും, രണ്ട് ,എൻ്റെ കുട്ടികൾക്ക് ,ബിരിയാണി വലിയ ഇഷ്ടമാണ്, എന്നും വീട്ടിൽ നിന്നിറങ്ങുമ്പോൾ അവര് പറയാറുണ്ട്, വൈകിട്ട് ചെല്ലുമ്പോൾ ബിരിയാണി കൊണ്ട് ചെല്ലണമെന്ന്, പക്ഷേ അതിന് എൻ്റെ ഒരു ദിവസവത്തെ കൂലി വേണമല്ലോ എന്നോർക്കുമ്പോൾ , നിവൃത്തികേട് കൊണ്ട് ,ഞാനതിന് മുതിരാറില്ല ,ഇതിപ്പോൾ കിച്ചൺ മാനേജര് ഞാൻ സർവ്വ് ചെയ്ത ഫുഡിൻ്റെ ബില്ലാണ് തന്നത് ,അദേഹത്തോടെനിക്ക് പറയാൻ കഴിയില്ലല്ലോ ,എൻ്റെ മുടി വീണിട്ട് ബിരിയാണി തിരിച്ച് തന്ന കാര്യം ,ബിരിയാണി കഴിക്കാത്ത സാറും, അധികബില്ലടയ്ക്കേണ്ട കാര്യമില്ലല്ലോ? അത് കൊണ്ടാണ് ,എൻ്റെ പേഴ്സിലുണ്ടായിരുന്ന കാശെടുത്ത് ബില്ലിനൊപ്പം വച്ചത്, അത് സാർ തിരിച്ച് തന്ന ബിരിയാണിയുടെ വിലയാണ് ,അത് കഴിച്ചുള്ള ബാക്കി തുക സാറ് കൗണ്ടറിൽ കൊടുത്താൽ മതി
അയ്യോ ചേച്ചി … ഞാനത് അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞ് പോയതാണ് ,ഈ പൈസ ചേച്ചി കൈയ്യിൽ വച്ചോ ?ചേച്ചിയുടെ കുട്ടികൾക്കുള്ള ബിരിയാണിയുടെ പൈസ ഞങ്ങള് കൊടുത്തോളാം, ഞങ്ങൾക്കും രണ്ട് കുട്ടികളുള്ളതാണ്
ഞാൻ പറയാൻ പോയ കാര്യം എൻ്റെ ശ്രീമതി ചാടിക്കേറി പറഞ്ഞപ്പോൾ എനിക്ക് അഭിമാനം തോന്നി
മായ ,കൊടുത്ത പൈസ കൈ നീട്ടി വാങ്ങുമ്പോൾ , ആ യുവതിയുടെ കണ്ണുകളിൽ നനവ് പടരുന്നത് കണ്ടു .
കഷ്ടം, ഇത് പോലെ എത്ര പേരാണ് ,സ്വന്തം കുടുംബം പോറ്റാൻ വേണ്ടി, മറ്റുള്ളവരുടെ പഴിയും ശകാരവുമൊക്കെ കേട്ടാലും, പ്രതികരിക്കാതെ ,നിശബ്ദമായി രാ പകൽ കഷ്ടപ്പെടുന്നത്, എല്ലാവർക്കും നല്ലൊരു ജീവിതമുണ്ടാകണമേയെന്ന് പ്രാർത്ഥിച്ച് കൊണ്ട് ഞങ്ങൾ യാത്ര തുടർന്നു.