ഒറ്റമന്ദാരം ❤️ ~~ഭാഗം 14 എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

രണ്ടു ദിവസം കഴിഞ്ഞാണ് ശ്രീക്കുട്ടിയെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുവന്നത്. ശരിക്ക് ഭക്ഷണം കഴിക്കാത്തതും, നിലക്കാത്ത കണ്ണീരും,

അതിനിടക്ക് പോലീസിന്റെ അസ്ഥാനത്തുള്ള ചോദ്യം ചെയ്യലുമെല്ലാം അവളെ ശരിക്കും തളർത്തി.

വീഴ്ച്ചയിൽ തലയുടെ പിൻഭാഗം തറയിലിടിച്ച് ചെറിയ പൊട്ടലും ഉണ്ടായിട്ടുണ്ട്.

ഇനിയൊന്നും താങ്ങാനുള്ള ശേഷിയും കരുത്തും ആ പാവത്തിനില്ല. അത്കൊണ്ട് തന്നെ ബാംഗ്ലൂർ പോലീസിന്റെ ചോദ്യം ചെയ്യൽ തല്ക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. ഏത് നിമിഷവും അവർ വീണ്ടും ചോദ്യം ചെയ്യാനായി കൊണ്ടു പോകാം എന്നൊരു പേടിയും തറവാട്ടിലുള്ളോർക്കുണ്ട്.

ഈ ആഴ്ച്ച കഴിഞ്ഞാൽ ഹരി തിരിച്ച് പോകും. കമ്പനിയിലേക്ക് വിളിച്ചു പറഞ്ഞത് പത്തു ദിവസത്തേക്ക് കൂടി ലീവ് നീട്ടിയതാണ്.

ഹര്യേട്ടൻ പോകുന്നകാര്യം അനൂന് ചിന്തിക്കാനെ വയ്യ. അപ്പഴേക്കും ആ കണ്ണ് നിറയും.

രണ്ട് ദിവസായിട്ട് ഹരിയുടെ എടോം വലോം അവളുണ്ട്.

ഹരിയ്ക്കും അതേ തിരിയുന്നിടത്തും മറിയുന്നിടത്തും അനുവേണം.

കണ്ടില്ലെങ്കിൽ ആ വീട് മുഴുവൻ തിരഞ്ഞു നടക്കും.

“അമ്മേ…അനൂ…”

ഒരുവാര ദൂരെ നിന്ന് തന്നെ തുടങ്ങിയിട്ടുണ്ടാവും ഈയൊരു വിളി. ആ വിളിയും കൊണ്ടേ ഹരി വീട്ടിൽ വന്ന് കയറുകയുള്ളൂ.

“മോനെ ശ്രീഹരി.. വല്യൊരു കാര്യാ നീയിപ്പോ ചെയ്തിട്ട് പോണത്, അനൂനെ ഇവടെ നീർത്തീട്ട് പോണതെ.. സുഭദ്രക്കും അമ്മാവനും അത് വല്യൊരു ആശ്വാസാ..”

അച്ഛൻ ഹരിയെ വിളിച്ചു പറഞ്ഞു.

“ഞാനായിട്ട് പറഞ്ഞതല്ലച്ഛാ… അവളായിട്ട് പറഞ്ഞതാ ഇവടെ നിന്നോളാന്ന്..”

“അവളത് പറയും..നല്ല മനസ്സാ അവക്ക്.. നിന്റെ ഭാഗ്യാടാ അവള്..”

മനസ്സറിഞ്ഞാ അച്ഛനത് പറഞ്ഞത്. അത് കേട്ടതലുള്ള സന്തോഷം ഹരിയുടെ മുഖത്തും കാണാമായിരുന്നു.

ശ്രീക്കുട്ടിക്ക് ചോറ് വാരി കൊടുക്വാ അനു. ഇപ്പോ എന്തിനും ഏതിനും അവൾക്ക് അനു വേണം.

“ഭക്ഷണം കഴിച്ചില്ലെങ്കി ഹര്യേട്ടൻ ഇന്യാ വഴക്ക് പറയ”

അനു പറഞ്ഞു.

അത് കേട്ട് അവളൊന്ന് ചിരിക്കാൻ ശ്രമിച്ചു.

“ഈ ചിരി എപ്പഴും വേണം ഈ മുഖത്ത്… അതാ ശ്രീക്കുട്ടിക്ക് ഭംഗി.. ഇവടെ എല്ലാരും കാത്തിരിയ്ക്ക്ണതും ഈ ചിരി കാണാനാ..”

അനു അവളെ പറഞ്ഞു മനസ്സിലാക്കി.

അതെയെന്ന് അവൾ തല കുലുക്കി. അപ്പഴേക്കും ആ കണ്ണ് നിറഞ്ഞിരുന്നു.

“അയ്യേ..ന്തിനാപ്പോ കരയ്ണേ..?

കണ്ണീര് തുടച്ച് കൊണ്ട് അനു ചോദിച്ചു.

ഒന്നുമില്ലെന്ന മട്ടിൽ അവൾ തലയാട്ടി.

“എന്താ മോളെയിത്… ഇനിയും തോർന്നില്ലെ ന്റെ കുട്ടിന്റെ കണ്ണീര്..? അതിന് മാത്രം ന്ത് സങ്കടാ ന്റെ കുട്ടിന്റെ മനസ്സിലുള്ളത്..?”

ഇതും ചോദിച്ചു് കൊണ്ടാ അമ്മങ്ങോട്ട് വന്നത്.

ആ ചോദ്യം കേട്ട് ദയനീയമായി ശ്രീക്കുട്ടി അമ്മയെ ഒന്ന് നോക്കി. എന്തൊക്കയൊ അവൾക്ക് പറയാനുണ്ടെന്ന് ആ കണ്ണുകളിൽ കാണാമായിരുന്നു.

“ഇല്ലമ്മായി… ഇനി കരയില്യ.. ഹര്യേട്ടനല്ലേ പോവുന്നൊള്ളൂ.. ഞാനിവിടത്തന്നണ്ട് ന്റെ ശ്രീക്കുട്ടിക്ക് കൂട്ടായി.. ഹര്യേട്ടനതാ ഇഷ്ടം… നിയ്ക്കും..!”

അമ്മായിയെ സമാധാനിപ്പിച്ചു.

ഇത് കേട്ട് കൊണ്ട് അച്ഛനും അങ്ങോട്ട് വന്നു.

“കേട്ടില്ലെ മോളെ അനു പറഞ്ഞത്.. ഇനിയെങ്കിലും ന്റെ മോളൊന്ന് ഉഷാറാവ്.. കഴിഞ്ഞതൊക്കെ കഴിഞ്ഞു.. ഇനിയും അതോർത്ത് വെഷമിച്ചിരുന്നിട്ടെന്താ മോളെ കാര്യം..?”

അച്ഛനും ശ്രീക്കുട്ടിയെ സമാധിപ്പിച്ചു. അപ്പോഴേക്കും ശ്രീഹരിയും അവിടേക്കെത്തി.

“ഇപ്പഴും കഴിച്ച് കഴിഞ്ഞില്ലെ അനൂ…?”

ചോദിച്ച് കൊണ്ടാണ് ഹരി അങ്ങോട്ട് വന്നത്.

“ദാ കഴിഞ്ഞു ഹര്യേട്ടാ…”

ഹരി ശ്രീക്കുട്ടിയുടെ അടുത്തായി വന്നിരുന്നു

ശ്രീക്കുട്ടിക്ക് നീട്ടിയ ഒരുരുള ചോറ് അനൂന്റെ കൈയ്യിൽ നിന്നും ഹരി വാങ്ങിക്കഴിച്ചു. അതിനിടയിൽ അനൂന്റെ കൈവിരലിൽ ഒരു ചെറിയ കടിയും വെച്ച് കൊടുത്തു.

“ഹര്യേട്ടാ ന്റെ വെരല്.. വേദനിച്ചു ട്ടൊ നിയ്ക്ക്..”

കൈവിരൽ കുടഞ്ഞ് മുഖം കൂർപ്പിച്ച് ഹരിയെ നോക്കി. അതുവരെയില്ലാതിരുന്ന ചിരി ശ്രീക്കുട്ടിയുടെ ചുണ്ടിലും നിറഞ്ഞു.

“വേദനിയ്ക്കാൻ വേണ്ടി തന്ന്യാ കടിച്ചത്..”

പ്രണയത്തോടെ ഹരി അവളുടെ കണ്ണിൽ നോക്കി. അനൂന്റെ മുഖത്ത് സന്തോഷവും നാണവും നിറഞ്ഞു. കണ്ണടുക്കാതെ തന്റെ ഹര്യേട്ടനെ തന്നെ നോക്കി നിന്നു. ഒരുരുള ചോറെടുത്ത് ശ്രീക്കുട്ടി ഹരിയുടെ വായിൽ വെച്ച് കൊടുത്തു. അവളുടെ വിരലിലും കടി കൊടുത്ത് കൊണ്ട് അവനത് വാങ്ങിക്കഴിച്ചു.

“നിയ്ക്കും വേദനിച്ചു ട്ടൊ..”

കൈവിരൽ കുടഞ്ഞ് മുഖം കൂർപ്പിച്ച് ശ്രീക്കുട്ടിയും പറഞ്ഞു. സങ്കടത്തോടെ അനു ശ്രീക്കുട്ടിയെ കെട്ടിപ്പിടിച്ചു. കണ്ടു നിന്ന അമ്മാവന്റെയും അമ്മായിയുടെയും കണ്ണും മനസ്സും നിറഞ്ഞു.

“അനൂ..”

അനുന്റെ മുടിയിൽ തലോടികൊണ്ട് കിടക്കുന്ന ഹരി പതിയെ വിളിച്ചു.

“ങും..”

അവന്റെ മാറിൽ തലവെച്ച് കിടക്കുന്ന അവൾ വിളികേട്ടൊന്നു മൂളി.

“അച്ഛൻ പറയായിരുന്നു നീയെന്റെ ഭാഗ്യാന്ന്..”

തല ഉയർത്തി ആശ്ചര്യത്തോടെ ഹരിയുടെ മുഖത്തേക്കൊന്ന് നോക്കി.

“ഞാനല്ലെ ഹര്യേട്ടാ ശരിക്കും ഭാഗ്യവതി..?”

അവൾക്ക് തിരിച്ച് ചോദിച്ചു.

“അച്ഛനില്ലാത്ത നിയ്ക്ക് ഒരച്ഛനെ കിട്ടീലെ..? പിന്നെ അമ്മ,ചേച്ചി,അമ്മായി, അമ്മാവൻ,ശ്രീക്കുട്ടി.. അങ്ങനെ എല്ലാരെയും കിട്ടീലെ..?

എല്ലാറ്റിലും ഉപരി നിയ്ക്കെന്റെ ഹര്യേട്ടനെ കിട്ടീലെ..? കണ്ണടയുന്നത് വരെ ഈ ചൂട് പറ്റി കെടന്നാമതി നിയ്ക്ക്..”

ഹരിയുടെ മാറിലേക്ക് അവൾ പറ്റിക്കിടന്നു. അവളെ തന്നിലേക്ക് ചേർത്ത്പിടിച്ച് ഹരി നെറുകിൽ ചുംബിച്ചു.

കാലത്തെ എഴുന്നേറ്റ് അനു ശ്രീക്കുട്ടിയെയും കൊണ്ട് അമ്പലത്തിൽ പോയതാ.

ശ്രീക്കുട്ടിക്ക് വേണ്ടി വഴിപാട് നേർന്നിട്ടുണ്ട്. മാത്രംല്ല ഇന്ന് ശ്രീക്കുട്ടിയുടെ പിറന്നാളും കൂടിയാ. എല്ലാരും മറന്നിരുന്നു.ഹരിയാണ് ഓർമ്മിച്ചത്. ആഘോഷങ്ങളൊന്നും ഇല്യ.

ഒരുകൂട്ടം പായസം കൂട്ടി നല്ലൊരു സദ്യ. അതും അനൂന്റെ നിർബന്ധത്തിലാണ്.സദ്യ യൊരുക്കുന്നതും അവള് തന്നെയാണ്.

മുറ്റത്ത് പതിവില്ലാത്തൊരു വാഹനത്തിന്റെ ശബ്ദം കേട്ടാണ്സു ഭദ്ര അകത്ത് നിന്നും ഉമ്മറത്തേക്കിറങ്ങി വന്നത്. മുൻപരിചയമില്ലാത്ത നാലഞ്ചു പേരുണ്ട്.

“ശ്രീനന്ദയുടെ വീടല്ലെ..?”

ആരാണെന്ന് ചോദിക്കുന്നതിന് മുന്നേ അയാൾ ഇങ്ങോട്ട് ചോദിച്ചു. ചോദ്യം കേട്ടതും സുഭദ്രക്ക് ആധി കേറി.

“അവളെവിടെ ശ്രീനന്ദ… അവളെ വിളിക്ക്..”

അയാൾ ഉമ്മറത്തേക്ക് കയറി കൃഷ്ണമ്മാമയുടെ നീളൻ കസേരയിൽ നീണ്ടു നിവർന്നു കിടന്നു.

“അവളിവിടെല്യ…അമ്പലത്തിൽ പോയതാ…”

സുഭദ്ര ഒരുവിധം പറഞ്ഞൊപ്പിച്ചു.

“അവള് വരട്ടെ..അതുവരെ ഞാനിവിടെയിരുന്നോളാം..”

അയാൾ അവിടെ ഇരുപ്പുറപ്പിച്ചു.

തറവാട്ടില് വണ്ടിയും ആർപെരുമാറ്റവും കണ്ട് അമ്മ വിളിച്ചറിയിച്ചിട്ടാണ് ഹരിയും അച്ഛനും തറവാട്ടിലേക്ക് ഓടിയെത്തുന്നത്.

“അരാ…എന്താ വേണ്ടേ..?ഇങ്ങനെയാണൊ ഒരു വീട്ടിക്കേറി പെരുമാറേണ്ടത്…?”

ദേഷ്യത്തിലാ ഹരി ചോദിച്ചത്.

അയാൾ രൂക്ഷമായി ഹരിയെ ഒന്ന് നോക്കി.

“പിന്നെങ്ങനയാ പെരുമാറേണ്ടത്… അകത്ത് കേറി സംബന്ധം കൂടണൊ..? താനാരാ ഇതൊക്കെ ചോദിക്കാൻ..”

പരിഹാസത്തോടെ അയാൾ ചോദിച്ചു. ഹരിക്ക് അതൊട്ടും ദഹിച്ചില്ല.

“നിന്റെ ത ന്ത… ന്താ സംശയംണ്ടോ നെനക്ക്..?”

പരിഹാസത്തോടെ തന്നെ ശബ്ദം കനപ്പിച്ച് ഹരിയും തിരിച്ച് ചോദിച്ചു.

ആക്രോശിച്ചു കൊണ്ട് ഹരിക്ക് നേരെ ചാടിയെഴുന്നേൽക്കാൻ തുനിഞ്ഞതും,

ഹരി കാലുയർത്തി അയാളുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി.

അയാൾ കസേരയിലേക്ക് തന്നെ മലർന്നടിച്ചു വീണു.

ഉയർത്തിയ കാല് അയാളുടെ നെഞ്ചത്തേക്ക് ചവിട്ടിയിറക്കി, മുഖത്തിന് നേരെ വിരൽ ചൂണ്ടിയാണ് ഹരി ഗർജ്ജിച്ചത്.

“ഇതെന്റെ വീടാ..

ഇവടെക്കേറി വന്ന് അഭ്യാസം കാണിക്കുമ്പോ നട്ടെല്ലുള്ള നല്ല തന്തക്ക് ജനിച്ച ആൺകുട്ട്യോള്ണ്ടെന്ന് ഓർക്കണം.. ഇല്ലെങ്കി അസ്ഥാനത്ത് അടികിട്ടി ച ത്ത് മലച്ച് കിടക്കേണ്ടി വരും തനിക്ക്..”

പറഞ്ഞു തീർത്തിട്ടാണ് അയാളുടെ നെഞ്ചിൽ നിന്നും ഹരി കാലെടുത്ത് മാറ്റിയത്.

“ആരാന്നാ സുഭദ്രേ ഇയാള് പറഞ്ഞത്…?”

അച്ഛനാണ് ചോദിച്ചത്.

“ശ്രീനന്ദയുടെ വീടല്ലേന്നും ചോദിച്ചാ ഇവടെ കയറി വന്നത്..”

സംശയത്താടെ ഹരി അച്ഛനെയൊന്ന് നോക്കി.

“ഡാ…നീ കൈവെച്ചത് സ്റ്റീഫന്റെ ദേഹത്താ..

നീ മറന്നാലും ഞാനത് മറക്കൂല..

പിന്നെ ശ്രീനന്ദ..,

ഏത് ഗർഭപാത്രത്തിലൊളിപ്പിച്ചാലും സ്റ്റീഫൻ വിളിച്ചാൽ അവളെന്നെത്തേടി വരും..

വരാതിരിക്കാൻ പറ്റില്ല അവൾക്ക്..

ബാക്കികളി നീ അവിടെയിരുന്ന് കാണ്..”

അതും പറഞ്ഞ് സ്റ്റീഫൻ കസേരയും ചവിട്ടിത്തെറിപ്പിച്ച് ഇറങ്ങിപ്പോയി.

ആകമാനം പൊടിപടലം നിറച്ച് വലിയ ശബ്ദത്തിൽ മുറ്റത്ത് നിന്നും കാറ് ചീറിപ്പാഞ്ഞു പോയി.

പെട്ടന്നാണ് ഹരിയുടെ ഫോൺ ശബ്ദിച്ചത്. ബാംഗ്ലൂരിൽ നിന്നും മാത്യു സാറിന്റെ കോളാണ്.

പെട്ടന്ന് തന്നെ ഹരി കോൾ അറ്റന്റ് ചെയ്തു. മാത്യൂ സർ പറഞ്ഞത് കേട്ട് ഹരി സ്തംഭിച്ചു നിന്നു.

തുടരും…..