എഴുത്ത്:-സൽമാൻ സാലി
” ഇയ്യ് ഇങ്ങട് ബാ .. ഇന്ന് അന്റെ മജ്ജത്ത് ഞാൻ എടുക്കും …
രാവിലെ മീൻ പിടിക്കാൻ ഇറങ്ങിയതാണ് . വൈകിട്ട് പൊരേൽ കേറി വരുമ്പോൾ ഒരു വെട്ടുകത്തിയുമായി ഉമ്മ ഉമ്മറത്തുണ്ട് . തൊട്ട് പിന്നിൽ ഷാഹിയും …
എന്നെ ഇറക്കി ചങ്ങായി ബൈക്കുമായി പോവുകയും ചെയ്തു .. അകത്തോട്ട് കേറണോ അതോ ഓടണോ എന്നാലോചിച്ചു മുറ്റത്ത് തന്നെ നിന്നു …
”അല്ല് അയ്‌നും മാത്രം എന്താ ഇത്ര പ്രശ്നം ..?
”അനക്ക് ഒന്നും അറീല്ല ല്ലേ .. ഇയ്യ് കുപ്പായം മാറ്റി വന്നാൽ ഞങ്ങക്ക് മനസിലാവൂലാ ന്ന് കരുതിയൊ ഇയ്യ് …?
” ഉമ്മാ ഇങ്ങള് കാര്യം ന്താന്ന് പറ ..!!
” ഇയ്യെവിടനും ഇതുവരെ ..?
” ഞാൻ മീൻ പിടിക്കാൻ പോയത് .. ന്തേയ് ..?
” എന്നിട്ട് അന്റെ കയ്യിലെവിടെ മീൻ ..? ഗീത ടീച്ചറെ പറമ്പിലാണോ ഇയ്യ് മീൻ പിടിക്കാൻ പോയത് കള്ള ഹിമാറെ ..?
അപ്പോളാണ് ഓർത്തത് മീൻ പിടിക്കാൻ പോയിട്ട് കയ്യിൽ മീൻ ഇല്ലാ . അത് ഷഫീഖിന്റെ ബൈക്കിൽ നിന്നും എടുക്കാൻ മറന്നിരിക്കുന്നു ..
” അള്ളാഹ് .. മീൻ ഞാൻ മറന്നു .. അത് ആ ബൈക്കിൽ ആണ് .. ഞാൻ ആ തോട്ടിൽ ആയിരുന്നു ഇതുവരെ .. അല്ലാതെ ഗീത ടീച്ചറെ പറമ്പിൽ ഒന്നും അല്ല ..
” കള്ള സുബറെ .. തോന്ന്യാസം കാണിക്കുകയും ചെയ്തിട്ട് ഒന്നും അറിയാത്ത പോലെ നിക്കുന്നത് കണ്ടില്ലേ ബലാല് ..
അതും പറഞ്ഞു ഉമ്മ വെട്ടുകത്തിയും പിടിച് എന്റെ നേർക്ക് വന്നു …
ഒരുവിധം കത്തി കയ്യിന്ന് പിടിച്ചു വാങ്ങിയപ്പോൾ ദേഷ്യം കൊണ്ട് മുറ്റത്തുള്ള ചരൽ വാരി എറിയാൻ തുടങ്ങി ..
””അല്ല ഉമ്മാ ഇങ്ങള് ഇതുവരെ കാര്യം പറഞ്ഞിട്ടില്ല .. കാര്യം എന്താന്ന് പറഞ്ഞാൽ അല്ലെ എനിക്കും മനസ്സിലാവൂ ..
” ഇനീം ഇയ്യ് ന്നെപറ്റിക്കുവാണോ .. ഇയ്യും ആ റസിയയും ഗീത ടീച്ചറെ പറമ്പിൽ എന്താക്കുവായിരുന്നു ..?
ഉമ്മ അതും ചോദിച്ചു കരച്ചിൽ ആയി ..
” ഇങ്ങള് കാര്യം എന്താന്ന് തെളിച്ചു പറ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ ..!
ഞാനത് പറഞ്ഞതും ഉമ്മാക്ക് കലിപ്പ് കേറി ..
” ഇയ്യും ആ മത്തത്തെ റസിയയും കൂടെ ഗീതേച്ചീടെ പറമ്പിൽ ഇരിക്കുന്നത് ഞാൻ കണ്ടതാണല്ലോ . അതിനായിരുന്നു ഇയ്യ് രാവിലെ മുകളിലെ അലമാരയിൽ നിന്നും പഴേ ഷർട്ടും എടുത്തോണ്ട് പോയത് അല്ലെ .. പെണ്ണ് കെട്ടി കുട്ടികളും ആയി എന്നിട്ട് അനക്കെന്തിന്റെ പിരാന്തായിരുന്നു ഓളോടൊപ്പം അവിടെ പോയി ഇരിക്കാൻ …
ഉമ്മ പറഞ്ഞത് കേട്ട് ന്റെ കിളിപോയിരുന്നു ..
നാട്ടിൽ അത്യാവശ്യം നല്ല ചീത്തപ്പേരുള്ള ആളാണ് റസിയ .. അവരേം എന്നെം ഗീതേച്ചീടെ പറമ്പിൽ കണ്ടു പോലും ….
””അല്ല ഞാൻ ഈ കുപ്പായം ആണോ ഇട്ടത് ..?
” ഇതല്ല അന്റെ ആ മഞ്ഞ കുപ്പായം എനിക്ക് കണ്ടാൽ വേഗം മനസിലാവും .. എന്തേയ് . ഇയല്ലയിരുന്നൊ ..
ഉമ്മ മഞ്ഞ കുപ്പായം എന്ന് പറഞ്ഞപ്പോളാണ് എനിക്ക് ശ്വാസം നേരെ വീണത് …
”ആഹാ .. മഞ്ഞ കുപ്പായം ആണോ ഞാൻ ഇട്ടത് എന്നാൽ അത് ഞാനല്ല .. ഇങ്ങളല്ലേ കുറച്ചീസം മുൻപ് പറഞ്ഞത് അപ്പുറത്തെ വീട്ടിലെ ശശിയേട്ടന് പണിക്ക് പോവുമ്പോൾ ഇടാൻ പഴേ ഷര്ട്ട് ണ്ടോ ന്ന് ചോദിച്ചിരുന്നു ന്ന് .. ഇങ്ങള് അന്ന് ഹോസ്പിറ്റലിൽ പോയ അന്ന് ശശിയേട്ടൻ വന്നിരുന്നു അന്ന് ഞാൻ മൂന്നാല് കുപ്പായം കൊടുത്തത് .. അവര് ഇന്ന് ഗീത ടീച്ചറെ പറമ്പിൽ തൊഴിലുറപ്പിനു വന്നതാവും .. അല്ലാണ്ട് ഞാൻ ഒന്നും പോയിട്ടില്ല അവിടെ .. വേണേൽ ശശിയേട്ടനോട് ചോദിച്ചു നോക് …!!!
എന്റെ മറുപടികേട്ട് ഉമ്മാന്റെ കിളിപറന്നതും എന്റെ പൊയ കിളി വന്നതും ഒരുമിച്ചായിരുന്നു ..
” അപ്പൊ ഇയ്യെന്തിനാ ഇന്ന് പഴേ കുപ്പായം എടുത്ത് പോയത് അതുകൊണ്ടല്ലേ എനിക്ക് അങ്ങിനെ തോന്നിയത് ..?
” ഉം മീൻ പിടിക്കാൻ പോയിട്ട് ചെളിയാവണ്ട എന്ന് കരുതിയതാണ് .. അത് ഇങ്ങനെ ഒരു കുഴപ്പത്തിൽ എത്തിക്കും എന്ന് ഞാനറിഞ്ഞോ .. ഇങ്ങള് പോയി ചോറ് എടുക്ക് പള്ള പൈച്ചിട്ട് വജ്ജ …
””അനക്ക് ചോറൊന്നും ഇവിടെ ഇല്ലാ വേണേൽ ഹോട്ടലിൽ പോയി തിന്നോ .. അല്ലേൽ അവിൽ ഇരിപ്പുണ്ട് അത് എടുത്ത് തിന്നോ ……അതും പറഞ്ഞു ഉമ്മ അകത്തേക്ക് കേറിപോയി ..
ഇതുവരെ കൊലവിളിച്ചു നടന്നതൊന്നും മൂപ്പത്തിക്ക് ഓർമ്മപോലും ഇല്ലാ .. വിശന്നിട്ടാണെൽ കൊടല് കരിയുന്നു …
ബൈകും എടുത്ത് റഹീംക്കന്റെ ഹോട്ടലിലേക്ക് പോകുമ്പോൾ ഉണ്ട് കൈക്കോട്ടും ചുമലിലിട്ട് നല്ല മഞ്ഞക്കിളിയെപോലെ ശശിയേട്ടൻ വരുന്നു .. ഞാൻ ബൈക് മൂപ്പരുടെ അടുത്ത് നിർത്തി .
””അതെയ് ശശിയേട്ടാ ഒരു കാര്യം പറയാനുണ്ട് ഇങ്ങള് ഇനി ഞാൻ തന്ന ഷർട്ടും ഇട്ട് പണിക്ക് പോകുമ്പോൾ പെണ്ണുങ്ങളുടെ അടുത്ത് ഇരിക്കരുത് ട്ടാ .. പണി കിട്ടുന്നത് എനിക്കാണ് .. അതുകൊണ്ട് പറഞ്ഞതാ ..
അതും പറഞ്ഞു ഞാൻ ബൈക്കുമെടുത്ത് ഒരൊറ്റ പോക്ക് ..
പാവം ശശിയേട്ടന് .. മൂപ്പരുടെ കാര്യം പോക്കാ ഇന്ന് . സത്യം അറിയാൻ ഉമ്മ ഏതായാലും ദേവിയേടത്തിയെ കാണും നടന്നത് തമാശയാണേലും അവരോടൊപ്പം ശശിയേട്ടനെ കണ്ടു എന്നറിഞ്ഞാൽ മൂപ്പർക്കും കിട്ടും പണി …
ഒരു പഴേ ഷര്ട്ട് കൊണ്ടും പട്ടിണിയാവും മക്കളെ .. അതുകൊണ്ട് പഴ ഡ്രസ്സ് ആർക്കേലും കൊടുക്കുമ്പോൾ വീട്ടിലുള്ള എല്ലാരും കാണെ കൊടുക്കുക .. അല്ലെങ്കിൽ ഇതുപോലെ പണി പാലും വെള്ളത്തിൽ കിട്ടും …
നന്ദി നമസ്ക്കാരം ..