ഒറ്റമന്ദാരം ❤️ ~~ഭാഗം 08 എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

അനൂന്റെ ഉച്ചത്തിലുള്ള അലർച്ച കേട്ടാണ് ഹരി തൊടിയിലേക്ക് ഓടിയെത്തിയത്.

ബോധംകെട്ട് കിടക്കുന്ന ശ്രീലക്ഷ്മിയെ താങ്ങിയെടുത്ത് നിലത്തിരുന്ന് പൊട്ടിക്കരയാണ്
അനു.

“ലച്ച്വോച്ചീ..”

എന്നലറി വിളിച്ച്കൊണ്ടാ ഹരി ഓടി വന്നത്.

“ഹര്യേട്ടാ…അച്ഛൻ..”

പൊട്ടിക്കരച്ചിലോടെ അനു കുളത്തിലേക്ക് വിരൽ ചൂണ്ടി. നോക്കുമ്പോ വെള്ളത്തിനു മീതെ പൊങ്ങിക്കിടക്കുന്ന അച്ഛന്റെ ചെരുപ്പാണ് ഹരി കണ്ടത്.

ഒരു നിമിഷം ഹരിക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി. ആകെയൊരു മരവിപ്പായിരുന്നു.

“എന്താ മക്കളെ…അച്ഛനെവിടെ..?”

വെപ്രാളപ്പെട്ട് അമ്മയും അങ്ങോട്ടെത്തി.

എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നു. അടുത്ത നിമിഷം രണ്ടും കല്പ്പിച്ച് ഹരി കുളത്തിലേക്ക് എടുത്ത് ചാടി. ഇത് കണ്ടതും അമ്മ ബോധം കെട്ടുവീണു.

അപ്പോഴേക്കും തറവാട്ടിലുള്ളവരും ഓടിയെത്തി.

നിമിഷ നേരംകൊണ്ട് അയൽവാസികളും നാട്ടുകാരുമൊക്കെയായി ജനക്കൂട്ടം തന്നെ കുളത്തിന് ചുറ്റും തടിച്ചു കൂടി. ആകെ നിലവിളിയും ബഹളവുമാണ്. ആരൊക്കയെ രണ്ട് മൂന്ന് പേര് കൂടി കുളത്തിലേക്ക് എടുത്ത് ചാടിയിട്ടുണ്ട്.

ഹരി തന്നെയാണ് അച്ഛനെയും താങ്ങിയെടുത്ത് ആദ്യം മുകളിലേക്ക് ഉയർന്ന് വന്നത്. കൂടി നിന്നവർ താങ്ങിയെടുത്ത് കരയിലേക്ക് കയറ്റിക്കിടത്തി.

ജീവന്റെ നേരിയ ഒരു മിടിപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. അതും കൈയ്യിൽ പിടിച്ച് മരണപ്പാച്ചിലായിരുന്നു ഹോസ്പിറ്റലിലേക്ക്.

പക്ഷെ പാതി വഴിയിലെ ഹരിയുടെ മടിയിൽ കിടന്ന്ആ മിടിപ്പ് നിലച്ചു.

നെഞ്ചിനകത്ത് ഒരു പൊട്ടലായിരുന്നു. കണ്ണ് നിറഞ്ഞു തുളുമ്പി.

അമ്മാവനെ കെട്ടിപ്പിച്ച് ഹരി ഒരു കരച്ചില് കരഞ്ഞിട്ടുണ്ട്. കണ്ടു നിക്കുന്നവന്റെ ചങ്ക് പൊട്ടും.

വന്ന അന്നു മുതല് അച്ഛന്റെ എടോം വലോം ഉണ്ട്. ഇന്ന് മോനെ കാക്കാതെ തൊടിയിലേക്കിറങ്ങിയത് അച്ഛന്റെ അവസാനത്തെ പടിയിറക്കത്തിനായിരുന്നു.

ഹരിയുടെ കണ്ണീര് ഇതുവരെ തോർന്നിട്ടില്ല. സങ്കടം നെഞ്ചിനകത്ത് പെരുമ്പറകൊട്ടി പെയ്യാണ്.

മോർച്ചറിക്ക് മുന്നിലെ ഒഴിഞ്ഞ ബെഞ്ചിൽ ഒരറ്റിരിപ്പിരിക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി. ഒരിറ്റുവെള്ളം പോലും കുടിച്ചിട്ടില്ല. അകത്ത് തണുത്ത് മരവിച്ച് കിടക്കുന്നത് എന്നെ ഞാനാക്കിയ ന്റെ അച്ഛനാണ്. സഹിക്കാവുന്നതിലപ്പുറമായിരുന്നു അച്ഛന്റെ നഷ്ടം.

വീട്ടിലെ സ്ഥിതി ഇതിനേക്കാൾ ദയനീയമാണ്. ഒരു കട്ടിലിൽ കരഞ്ഞു തളർന്നു കിടക്ക്വാണ് ശ്രീലക്ഷ്മി. അമ്മക്കാണെങ്കിൽ ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല. ഇടയ്ക്കൊരോർമ്മക്ക് ഹരിയെയും അച്ഛനെയും തിരക്കും. ഒരു മൂലക്ക് കരഞ്ഞു തളർന്നിരിക്കുന്നുണ്ട് അനുവും.

കണ്ട് നിൽക്കുന്നവരുടെയൊക്കെ കണ്ണ് നിറയക്കുന്നതായിരുന്നു അവിടുത്തെ കാഴ്ച്ച.

മുങ്ങിമരണമല്ലേ.. പോലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടം കഴിഞ്ഞ് ബന്ധുക്കൾക്ക് ബോഡി വിട്ടുകിട്ടിയപ്പോഴേക്കും മണി മൂന്ന് കഴിഞ്ഞു. ബോഡി വീട്ടിലെത്തിച്ചപ്പോഴേക്കും നാലരയും കഴിഞ്ഞു.

എല്ലാവരും കണ്ടു തീർന്നതിനു ശേഷമാണ് അവസാനമായി ഒരു നോക്കു കാണാൻ വേണ്ടി അമ്മയെയും ശ്രീലക്ഷ്മിയെയും അനുവിനെയും കൊണ്ടുവന്നത്.

കുറച്ചുനേരം അമ്മ വെള്ളപുതച്ച് കിടക്കുന്ന അച്ഛനെ നോക്കി നിന്നു. പതിയെ അച്ഛന്റെ മുഖത്തൊന്നു തലോടി, കണ്ണ് രണ്ടും നിറഞ്ഞ് തുളുമ്പി.

“ന്റെ കുട്ടി അച്ഛന്റെ മീശ കറുപ്പിച്ച് കൊടുത്തില്ലേ..?”

അതും പറഞ്ഞ് ഹരിയെക്കെട്ടിപ്പിടിച്ച് ഒരു പൊട്ടിക്കരച്ചിലായിരുന്നു. പിന്നെ തളർന്നുവീണു.

ശ്രീലക്ഷ്മി ഒരു നോക്ക്വേ അച്ഛനെ നോക്കിയുള്ളൂ. ഒരലർച്ചയോടെ അവളും തളർന്നുവീണു.

ഹരി കുളിച്ച് ശുദ്ധിയായി വന്നു. വടക്കെപ്പുറത്തെ പുളിയന്മാവിൽ ചോട്ടിലാണ് അച്ഛന്റെ ചിതയൊരുങ്ങുന്നത്. അവസാനത്തെ കാഴ്ച്ചയും കണ്ട്,അച്ഛന്റെ നെറുകിൽ അന്ത്യചുംബനവും നൽകി ഹരി അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തി.

നെഞ്ചു വേദനയുണ്ടായതാ. അസ്വസ്ഥ തോന്നിയപ്പോ പണിമതിയാക്കി കൈയ്യും കാലും കഴുകാൻ കുളത്തിലേക്കിറങ്ങിയതാണ്. പെട്ടന്ന് വേദന കൂടി തളർന്നുവീണത് വെള്ളത്തിലേക്കായി. ആരും കണ്ടതുംല്യ.

ഏത് സമയവും ഹരി അച്ഛന്റെ മുറിയിൽ തന്നെയാണ്. അമ്മയുടെ കണ്ണീര് ഇതുവരെ തോർന്നിട്ടില്ല. എങ്ങിനെ പകരം വെച്ച് കൊടുക്കും അമ്മയ്ക്കാ നഷ്ടം..

“ശ്രീയേട്ടാ..”

തേങ്ങലോടെ പതിഞ്ഞ ശബ്ദത്തിലാണ് ആ വിളി കേട്ടത്.

അച്ഛന്റെ ചാരുകസേരയിൽ കിടക്കുകയായിരുന്ന ഹരി തല ഉയർത്തി നോക്കി.

വാതിലിൽ ആ രൂപം കണ്ടു.. മെലിഞ്ഞുണങ്ങിയ ഒരു രൂപം..

“ശ്രീക്കുട്ടി..!!!

തുടരും..