മായയുടെ ലോകം
Story written by Ammu Santhosh
“ഇന്നുണ്ടല്ലോ വിവേക്, അപ്പുറത്തെ വിജിച്ചേച്ചിയുടെ പൂച്ച പ്രസവിച്ചു. ആറു കുട്ടികൾ.. എന്ത് ഭംഗിയാണെന്നോ കാണാൻ “
“എന്റെ മായേ നിനക്കിത്തരം സില്ലി കാര്യങ്ങളേയുള്ളു പറയാൻ? പൂച്ച പ്രസവിച്ചു. പശു പ്രസവിച്ചു.. മീൻ കൊണ്ട് തരുന്ന ചേട്ടന് പനി പിടിച്ചു, കുടമുല്ലയിൽ ആദ്യത്തെ പൂ വിരിഞ്ഞു, എനിക്കൊരു നൂറു കൂട്ടം ജോലിയുണ്ട്. അതെങ്ങനെ അത് ജോലിയില്ലാത്ത നിനക്ക് മനസ്സിലാകുമോ?”
“ജോലിയില്ലാത്ത പെണ്ണിനെ മതി എന്ന് വാശി പിടിച്ചു കെട്ടിയതല്ലേ ഇപ്പൊ അവളെ കുറ്റം പറയുന്നോ? “
അമ്മ ഓഫീസിൽ പോയിട്ട് വന്നു തൊട്ട് പിന്നിൽ നിന്നത് അവൻ കണ്ടില്ല
“നീ വാ മോളെ എന്നോട് പറ വിശേഷങ്ങൾ..”അമ്മ അവളെയും കൂട്ടി പോയി. അവൻ ഒരു ദീർഘ നിശ്വാസവും വിട്ട് മൊബൈലിലേക്ക് തല തിരിച്ചു.
“എന്നിട്ട് നീ പോയി കണ്ടോ പൂച്ചക്കുഞ്ഞിനെ?”മായ ചിരിച്ചു കൊണ്ട് തലയാട്ടി
“അമ്മക്ക് ഞാൻ ചായ എടുക്കാം. അമ്മ പോയി കുളിച്ചിട്ട് വാ “
അവൾ പറഞ്ഞു കുളി കഴിഞ്ഞു വന്ന അമ്മയ്ക്ക് ചായ കൊടുത്തു അവൾ
“ആ അമ്മേ ഒരുട്ടം കാണിക്കാട്ടോ “അവൾ അകത്തു പോയി ഒരു പൊതി എടുത്തു കൊണ്ട് വന്നു.
“അമ്മയുടെ പഴയ ഒരു സാരി ഞാൻ എടുത്തു അതിൽ ചെറിയ മുത്തുകൾ വെച്ചു തയ്ച്ചു ഒരു ഗൗൺ ആക്കി. നോക്കു ഭംഗി ഉണ്ടൊ?”
അവർ അതിശയത്തോടെ ആ തുന്നലിലേക്ക് നോക്കി.
“ഈശ്വര എന്ത് ഭംഗിയായിരിക്കുന്നു. നീ പഠിച്ചിട്ടുണ്ടോ?”
“തയ്യൽ പണ്ട് പഠിച്ചിട്ടുണ്ട്. ഇത് ഞാൻ വെറുതെ ചെയ്തു നോക്കിയതാ “
“ആഹാ.. നന്നായിട്ടുണ്ട്. അവനെ കാണിച്ചോ?”
അവളുടെ മുഖം വാടി
“സില്ലി ആണെന്ന് പറഞ്ഞു വഴക്ക് പറയും “അവൾ മെല്ലെ പറഞ്ഞു
“ഓ അവനൊരു മിടുക്കൻ.. നമുക്കിതു പോലെ വേറെ ഒന്ന് തയ്ച്ചാലോ എന്നിട്ട് ഉണ്ടാക്കുന്ന വിധം യൂ ട്യൂബിൽ ഇടാം ഒരു ചാനൽ തുടങ്ങി കളയാം എന്താ?”
“അയ്യേ.. അതൊന്നും വേണ്ട..”
“നീ എന്തിനാ ഇത്രയും ഷൈ ആവുന്നേ.. ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. നീ പ്ലാസ്റ്റിക് പൂക്കൾ ഉണ്ടാക്കുന്നത്, പാവകൾ ഉണ്ടാക്കുന്നത്, എത്ര ഭംഗിയാ ഓരോന്നും.നിന്റെ പാചകവും സൂപ്പറാ. നമുക്ക് ഒരു ചാനൽ തുടങ്ങാം ഞാൻ എടുത്തു തരാം വീഡിയോസ് “
അവളുടെ കണ്ണ് നിറഞ്ഞു അമ്മയെ കണ്ട ഓർമയില്ലവൾക്ക്.. പക്ഷെ വിവേകിന്റെ അമ്മ അവൾക്ക് അമ്മ തന്നെ ആയിരുന്നു.. അമ്മയ്ക്ക് അവൾ മകളും.
“വിവേകേ മായയുടെ ബീഫ്‌റോസ്‌റ്റ് ഉഗ്രൻ കേട്ടോ “
ഓഫീസിലെ അനൂപ് പറഞ്ഞപ്പോൾ അവൻ കണ്ണ് മിഴിച്ചു
അവൾ എപ്പോ ഇവന് ബീഫ് റോസ്‌റ്റ് ഉണ്ടാക്കി കൊടുത്തു?
“എന്റെ വൈഫ് മിക്കവാറും ഇപ്പൊ മായയുടെ റെസിപ്പി ആണ് ഫോളോ ചെയ്യുന്നത്, താൻ ഒരു ഭാഗ്യവാൻ തന്നെ.. എന്തെല്ലാം വെറൈറ്റി കറികൾ, പലഹാരങ്ങൾ.. പിന്നെ പൂച്ച പുരാണം കിടു ആയിരുന്നു ട്ട ഞങ്ങൾ ചിരിച്ചു ചത്തു “
അവനപ്പോഴും സംഭവം മനസിലായില്ല
“ഹലോ വിവേകേ.. മായ വീട്ടിൽ തയ്ച്ചു കൊടുക്കുന്നുണ്ടോ?”ഇടവേളയിൽ ക്ലാർക്ക് നിഖില വന്നു ചോദിച്ചപ്പോൾ അവൻ വീണ്ടും അമ്പരന്നു
” തുന്നൽ വിട്ടത് ഒക്കെ തയ്ക്കുന്നത് കാണാം.. അല്ലാതെ “
“ഒന്ന് പൊ വിവേകേ.. കഴിഞ്ഞ ദിവസം തയ്ച്ചു കാണിച്ച ചുരിദാർ മോഡൽ എന്ത് ഭംഗിയായിരുന്നു? ഒന്ന് ചോദിച്ചു നോക്കണേ “
അവൻ വെറുതെ തലയാട്ടി
രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞു അമ്മയും അവളും കൂടി സംസാരിക്കുന്നിടത്ത് ചെന്നു അവൻ
“എന്താ വർത്താനം രണ്ടു പേരും കൂടി എന്നോട് കൂടി പറ “
“ഓ അത് വിവേകിന്റെ സ്റ്റാൻഡേർഡിന് പറ്റിയതല്ല. സില്ലി കാര്യങ്ങളാ “
അവൾ എടുത്തടിച്ച പോലെ പറഞ്ഞു
അമ്മ പൊട്ടിച്ചിരിച്ചു പോയി
“നിനക്ക് അങ്ങനെ തന്നെ വേണം. പോയി കിടന്നുറങ്ങ്. മോള് പറയെടി.. എന്നിട്ട്?”
അവർ അവനെ ശ്രദ്ധിക്കാതെ സംസാരം തുടർന്നു
“അല്ല മായേ,എന്റെ ഓഫീസിലെ അനൂപിന്റെ ഭാര്യയെ നിനക്ക് എങ്ങനെ അറിയാം?”
“ഒരിക്കൽ കണ്ട ഒരോർമ്മ ഉണ്ട് എന്താ?”
“അവർ നിന്റെ ബീഫ് റോസ്റ്റിനെ കുറിച്ച് ഒക്കെ പറഞ്ഞു..നീ അതൊക്കെ അവരോടു എപ്പോ പറഞ്ഞു?”
“എന്റെ വിവേകേ ബീഫ് റോസ്‌റ് പോലുള്ള നിസാരകാര്യങ്ങൾ സംസാരിക്കല്ലേ.വില പോകും. വിവേക് ഇന്ത്യ റോക്കറ്റ് വിടുന്നതിനെ കുറിച്ചോ, പുതിയ വാക്സിൻ ഉണ്ടാക്കുന്നതിനെ കുറിച്ചോ, ഇന്നത്തെ കോവിഡ് കണക്കുകളെ കുറിച്ചോ ഒക്കെ പറയ്. “
അവൾ വീണ്ടും പറഞ്ഞു
അമ്മ പിന്നെയും ചിരിച്ചു കൊണ്ടവളെ തട്ടി
“എടാ അത് മോളുടെ യൂ ട്യൂബ് ചാനൽ ആണ്.. മായാസ് വേൾഡ്.. അവിടെ കുക്കിംഗ് ഉണ്ട്,തയ്യൽ ഉണ്ട്… വീട്ടുകാര്യങ്ങൾ ഉണ്ട്.. അത് മായയുടെ ലോകം ആണ്.. നിനക്ക് ഞാൻ വാട്സാപ്പിൽ ലിങ്ക് തരാം നോക്കിക്കോ “
അവൻ വിളറിയ മുഖത്തോടെ നിന്നു.
“നിനക്ക് കേൾക്കാൻ സില്ലി ആയി തോന്നുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് എത്ര സന്തോഷം ആണെന്ന് കമന്റ്സ് വായിച്ച മനസിലാകും. അവനൊരു ബുദ്ധിജീവി “
അമ്മ പറഞ്ഞു നിർത്തി
മുറിയിൽ എത്തി അമ്മ അയച്ച ലിങ്ക് തുറന്നു അവൻ
മായാസ് വേൾഡ്
മായയുടെ ലോകം
ധാരാളം വീഡിയോകൾ ഉണ്ട്അ വളുടെ ചിരി, തമാശ നിറഞ്ഞ സംസാരം, വസ്ത്രങ്ങൾ തയ്ക്കുന്നത്, ചെടികളെ കുറിച്ചുള്ളത്, പാചകം..
അവൻ കമന്റുകളിലേക്ക് കണ്ണോടിച്ചു
“ഈ കോവിഡിന്റ ടെൻഷൻ കാലത്ത് മായയുടെ ഈ ചാനൽ നല്ലൊരു നേരമ്പോക്ക് ആണ് കേട്ടോ “
“മായചേച്ചി പൂച്ചക്കുട്ടികളെ ഒന്ന് കൂടി കാണിക്കണേ “
“മീൻകാരൻ ചേട്ടനോട് ഞങ്ങളുട മായയ്ക്ക് ലാഭത്തിൽ മീൻ കൊടുക്കാൻ പറയാം കേട്ടോ. ഞങ്ങളുടെ വീട്ടിലും ഈ ചേട്ടനാ മീൻ തരുന്നത്.”
“ആഹാ മായയുടെ പൂന്തോട്ടത്തിൽ പുതിയ അതിഥി വന്നല്ലോ “
“മായാന്റി ചോക്ലേറ്റ് പിസ സൂപ്പർ “
“We love you maya “
പിന്നെയും ഒരു പാട് കമന്റുകൾ
അവൻ അത് വായിച്ചു കിടന്ന് ഉറങ്ങിപ്പോയി
പിറ്റേന്ന് അടുക്കളയിൽ പതിവില്ലാതെ അവനെ കണ്ടു അവൾ ചോദ്യഭാവത്തിൽ നോക്കി
“എന്നോട് പറഞ്ഞില്ലല്ലോ ചാനൽ തുടങ്ങിയ കാര്യം “അവൻ മെല്ലെ പറഞ്ഞു
“സില്ലി ആയ കാര്യങ്ങൾ പറഞ്ഞു ബോറടിപ്പിക്കുന്നതെന്തിനാ?”അവളുടെ മറുപടി ഒരു ചോദ്യമായിരുന്നു
“സോറി.. ക്ഷമിക്ക് “അവൻ ആ വിരലിൽ തൊട്ടു
“എന്തിനാ സോറി..?ഞാൻ നിങ്ങളെ പോലെ രണ്ടു പിജി ഉള്ളയാളോ ബാങ്ക് ടെസ്റ്റ് ഫസ്റ്റ് റാങ്കിൽ പാസ്സ് ആയ ആളോ അല്ല. പഠിക്കാൻ ആവറേജ് ആയിരുന്നു. ജോലി കിട്ടണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. ശ്രമിക്കുകയും ചെയ്തു. കിട്ടിയില്ല.പക്ഷെ.എന്ന് കരുതി എനിക്ക് വേറെ കഴിവുകൾ ഇല്ലാതിരിക്കുമോ.? അതോ വിദ്യാഭ്യാസം ഉള്ളവർ മാത്രമാണോ വലിയ വിവരമുള്ളവര്? ചുറ്റും നോക്കാതെ മനുഷ്യന് വിദ്യാഭ്യാസം മാത്രം ഉണ്ടായിട്ടെന്താ കാര്യം? പൂച്ച പ്രസവിക്കുന്നത്, ഒരു പൂവ് വിടരുന്നത്, ഒരു നല്ല കറി ഉണ്ടാകുന്നത്, നല്ല വസ്ത്രം തുന്നുന്നത് ഒക്കെ ചെറിയ കാര്യങ്ങൾ ആണോ? എനിക്ക് ഏത് കുഞ്ഞ് കാര്യവും സന്തോഷം തരും. അതോടി വന്നു പറയുന്നത് എനിക്കി ഭൂമിയിൽ ഏറ്റവുമിഷ്ടമുള്ള ആളോടാ. അപ്പൊ..”
അവൾ ശബ്ദം ഇടറിയിട്ട് നിർത്തി
“മായേ.. പ്ലീസ് ക്ഷമിക്ക്. എന്റെ വിവരമില്ലായ്മ കൊണ്ടല്ലെ?”
“ഞാൻ പറയുന്നത് കേട്ട് സന്തോഷമായി വിവേക് എന്തെങ്കിലും പറഞ്ഞാ എനിക്കും അത് സന്തോഷമാ. ഈ മൊബൈൽ നോക്കുന്നതിൽ കുറച്ചു സമയം തന്ന മതി എനിക്ക്. എന്നെ കേട്ടാൽ മതി.ഒരു പക്ഷെ ഈ കാഴ്ചക്കാരൊക്ക പറയുന്നതിൽ കൂടുതൽ സന്തോഷം എനിക്കതാവും. എല്ലാം കുഞ്ഞ് കാര്യങ്ങളാ.
. എന്റെ കുഞ്ഞ് ലോകമാ. പക്ഷെ അത് എനിക്ക് നിസാരമല്ല. “
“എനിക്കും..”അവൻ മെല്ലെ പറഞ്ഞു
അവൾ ഒന്ന് നോക്കി
“ഇപ്പൊ നാട്ടുകാർ പറഞ്ഞപ്പോ അല്ലെ തോന്നിയതിങ്ങനെ?”
“അതേ… ഞാൻ പറഞ്ഞല്ലോ വിവരക്കേട്.. നീ ക്ഷമിക്ക്. ഇനി ആ ലോകത്തു എന്നേം കൂട്ട്.. പ്ലീസ് “
“അപ്പൊ നീ ക്യാമറമാൻ ആയിക്കോ എനിക്ക് കുറച്ചു റസ്റ്റ് “
അമ്മ ചിരിച്ചു കൊണ്ടങ്ങോട്ട് വന്നു
“സമ്മതം “
“ഹേയ് അത് അമ്മ തന്നെ മതി.. ഇത്രയും നാൾ അമ്മ ആണത് ചെയ്തേ.. അമ്മക്ക് അസൗകര്യമുള്ള ദിവസം മാത്രം ഒന്ന് ഹെല്പ് ചെയ്താൽ മതി “
അമ്മയുടെ കണ്ണുകൾ വിടർന്നു..
“അമ്മയുടേതല്ലേ അമ്മേ മാസ്റ്റർ ബ്രെയിൻ..?’
അവൾ ചിരിച്ചു
അവൻ അവരുടെ സ്നേഹലോകത്തേക്ക് നിറഞ്ഞ ഹൃദയത്തോടെ നോക്കി നിന്നു
നിസാരമെന്നു തോന്നുന്ന ചിലത്, കുറച്ചു സമയം കൊടുത്തു കേട്ടാൽ എത്ര സന്തോഷം ആണല്ലേ?
ആ സമയം കൊടുക്കാനുള്ള മനസ്സ് വേണം പെണ്ണിനും ആണിനും.. അപ്പൊ കുടുംബം എന്നത് കൂടുമ്പോൾ ഇമ്പമുള്ള ഒന്നാവും.. എല്ലാവർക്കും സന്തോഷം ആവും.