Story written by Sabitha Aavani
ആ അരണ്ട മഞ്ഞ വെളിച്ചം ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്… അവസാനമായി അവളെ കണ്ടു പിരിയുമ്പോള്‍ അവള്‍ വാക്കു തന്നിരുന്നു ഇനിയൊരു കണ്ടുമുട്ടലിനായി അവളെ ക്ഷണിക്കരുതെന്ന്… എന്നിട്ടും ഇക്കാലമത്രയും അവളെ കാണാന്‍ മനസ്സ് കൊതിക്കാത്ത ദിവസങ്ങളില്ല. ഒന്ന് കണ്ണടച്ചാല്‍ ഇപ്പൊഴും മായാതെ മുന്നിലുണ്ട്അ വള്‍ നടന്നകലുന്നതും നോക്കി ഞാന്‍ എന്നെക്കുമായി തനിച്ച് നിന്ന ആ രാത്രി.
ഇന്നലെ ഒരു fb ഫ്രണ്ട് റിക്വസ്റ്റ് രൂപത്തില് അവളുടെ പേര് കണ്ടപ്പോ ആദ്യമൊന്ന് ഞെട്ടി.
കൃപവിനീത്!
വിനീത് …അപ്പൊ അവൾ ….. താൻ ഭയന്നിരുന്നു… തന്റെ അഭാവം ചിലപ്പോഴൊക്കെ അവളെ മാറ്റി ചിന്തിപ്പിച്ചിട്ടുണ്ടാവും…. എല്ലാ ആണുങ്ങളും തന്നെ പോലെ പറഞ്ഞ് പറ്റിക്കില്ല എന്നവൾ തിരിച്ചറിഞ്ഞിട്ടുണ്ടാകും. ഉപാധികളില്ലാതെ അവളെ സ്നേഹിക്കാൻ പഠിപ്പിച്ചത് താൻ ആണ്… എന്നിട്ടും അവളെ പിരിയേണ്ടി വന്നത് തന്റെ ചിന്തകളിൽ അവൾക്ക് സ്ഥാനമില്ലെന്ന് വളരെ വൈകി അവൾ അറിഞ്ഞ പ്പോഴായിരുന്നില്ലേ..?
യാത്രകൾ …… ലോകം ചുറ്റി നടന്ന് കാണാൻ കൊതിച്ചവൻ… അവളെക്കാൾ ഏറെ എപ്പോഴാണ് താൻ യാത്രകളെ മാത്രമായി സ്നേഹിച്ചുപോയത്..?.അല്ല അങ്ങനെ അല്ല … തിരുത്തുണ്ട്,.അവളെക്കാൾ ഏറെ അല്ല…യാത്രകളെ മാത്രം ഞാൻ സ്നേഹിച്ച് തുടങ്ങ്യപ്പോഴല്ലേ അവൾ അകന്നു തുടങ്ങിയത് …?
സ്നേഹം …… അവളുടെ ഭാഷയിൽ ഞാൻ ഒരിക്കലും അവളോട് പ്രകടിപ്പിച്ചിട്ടില്ലാത്ത സ്നേഹം ,അത് വേനലിൽ പട്ടു പോയ ഗുൽമോഹർ പൂക്കളായിരുന്നു. അവൾ എന്റെ ആദ്യ പ്രണയമായിരുന്നില്ല.. ജീവിതത്തിൽ നിന്നും ഞാൻ യാത്രപറഞ്ഞ് പോകാൻ നേരം എനിക്കരുകിൽ എന്റെ കൈ പിടിച്ച് കൂടെ ഇരിക്കാൻ അവൾ ഉണ്ടാകണമെന്ന് കൊതിച്ചിരുന്നു. അവളുടെ പ്രാർത്ഥനകളിൽ ഞാൻ ഉണ്ടായിരുന്നിരിക്കുവോ ..?അപ്രതീക്ഷിതമായി ഒരു കണ്ടുമുട്ടലിൽ നമ്മൾ ഒന്നിക്കുന്നത് ഞാൻ സ്വപ്നം കണ്ടിരുന്നു. അവൾ ഏറെ മാറിയിട്ടുണ്ടാകും …. എല്ലാം മറന്ന് പുതിയൊരു ജീവിതം തുടങ്ങി സന്തോഷമായി കഴിയുന്നുണ്ടാവും… എന്നിട്ടും അവളുടെ ഓർമ്മകളിൽ ഞാൻ ചിതലരിക്കാതെ ജീവിക്കുന്നു. അയാൾ പുഞ്ചിരിച്ചു. മേശമേൽ കരുതിയ കടലാസ്സിൽ ഒന്നെടുത്ത് അയാള്‍ എഴുതി തുടങ്ങി.
പ്രിയപ്പെട്ടവളെ….
വാക്കുകൾ മുറിയുന്നു …
എനിക്ക് നിനക്കായി ഒരു വരിപോലും മുഴുവിപ്പിക്കാൻ ആവുന്നില്ല. നീ മറ്റാരുടെയോ സ്വന്തമെന്ന് ഇനിയും വിശ്വസിക്കാൻ എന്റെ മനസ്സിന് ആവുന്നില്ല…. അവളുടെ ഓർമ്മകൾ തന്റെ ഹൃദയത്തെ കാർന്നു തിന്നുന്നു. തളർന്നു പോയ കൈകളെ അയാൾ ഒന്നുകൂടെ ബലപ്പെടുത്തി. അക്ഷരങ്ങൾ അവളെ പോൽ തന്നെ യാത്ര പറഞ്ഞകന്നിരിക്കുന്നു… മരവിച്ച ജീവിതമായി താന്‍ എന്നേ മാറി കഴിഞ്ഞിരിക്കുന്നു…അയാൾ വീണ്ടും അവളുടെ മുഖമോർത്തു. ഓർമ്മകളിൽ മാത്രം തനിക്ക് സ്വന്തമായവളെ…..
എനിക്ക് നിന്നോട് എന്ത് പ്രണയമാണ് പെണ്ണെ …… നീ പോയേൽ പിന്നെ എനിക്ക് നഷ്ടപെട്ട യാത്രകൾ… നിന്നോളം മറ്റൊന്നും എനിക്കത്രമേൽ വേദന നല്കിയിട്ടില്ല. അയാളുടെ വലത് കൈ കാൽമുട്ടിൽ തടവികൊണ്ട് അയാൾ പൊട്ടിച്ചിരിച്ചു…. എനിക്ക് നഷ്ടപെട്ടതോ നീയും എന്റെ ഈ കാലും എന്റെ പ്രണയകാലവും! അയാളുടെ ടേപ്പ് റെക്കോർഡർ പിന്നെയും പാടി
” പറയില്ല രാവെത്ര നിന്നെയോർത്തോർത്തു ഞാൻ പുലരുവോളം മിഴിവാർത്തു…”
നീയില്ലായ്മ ….
ദുരന്തമായിരുന്നുവെന്ന് ഞാൻ അവളെ എങ്ങനെ അറിയിക്കും..? അവളെ ബ്ലോക്ക് ലിസ്റ്റിലേക്ക് തള്ളി വിടുമ്പോൾ അയാളുടെ ഹൃദയവും തേങ്ങിയിരുന്നിരിക്കും.