സമീറ
എഴുത്ത്:-ആർ.കെ.സൗപർണ്ണിക
“മാധവ്”വിവാഹം എന്ന വള്ളിക്കെട്ടിൽ എനിക്ക് താൽപര്യം ഇല്ലെന്ന് ഞാൻ പലതവണ പറഞ്ഞ് കഴിഞ്ഞു.
പ്രണയം,പ്രണയമെന്ന പേരിൽ ഇനിയുമെന്നെ ശല്യപ്പെടുത്തരുത്
ആ വാക്കിൽ പോലും കാപട്യം മാത്രമാണ് എനിക്ക് കാണാനാകുന്നത്.
“സമീറാ”നിന്റെ ദീർഘനിശ്വാസങ്ങൾ പോലും എനിക്കിന്ന് അതിജീവനത്തിന്റെ പ്രേരണയാകുമ്പോൾ പ്രണയമെന്ന ചെറിയ പേരിൽ ഞാൻ നിന്നെ ചെറുതാക്കുവതെങ്ങനെ?
പ്രണയം ആദികാലം മുതലെ മനുഷ്യൻ പറഞ്ഞ് നടന്ന വലിയ കള്ളം മാത്രമാണത്……. വിഡ്ഡികൾ പനംകുലകളിൽ കല്ലുകൾ വീശി എറിയും പോലെ….ജീവിതത്തിന്റെ പരുക്കൻ മുഖങ്ങളിൽ നിന്നുള്ള രക്ഷപെടലിനായ് അറിഞ്ഞ് കൊണ്ടുള്ള മറ്റൊരാത്മഹത്യ.
എന്റെ വഴികൾ വ്യത്യസ്ഥമാണ് “മാധവ്” എന്റെ ജീവിതം ഒരു കരാറുകാരിയെ പോലെ ജീവിച്ച് തീർക്കാൻ മാത്രം വിഡ്ഢിയല്ല ഞാൻ.
പതിയെ ഒഴുകുന്ന പുഴയല്ല ഞാൻ ചെറിയ പാറക്കൂട്ടങ്ങൾ കണ്ടാൽ മാറി ഒഴുകാൻ….ഉരുൾപൊട്ടി ഒഴുകുന്ന മഴവെള്ള പാച്ചിലാണ് ഞാൻ എന്തിനേയും തച്ച് തകർക്കാൻ ശേഷിയും ശക്തിയുമുള്ള മഴവെള്ളപ്പാച്ചിൽ.
ഒരു തുണ്ട് ചരടിലെന്റെ സ്വാതന്ത്ര്യം ബന്ധിച്ച് നീ ഉറക്കെ ചിരിക്കും. കൂട്ടുകാരോടൊത്ത് പബ്ബുകളിലും, പാർട്ടികളിലും മാറ്റമില്ലാതെ നീ കയറിഇറങ്ങും.
നിന്നെയും കാത്ത് ചൂടാറിയ അത്താഴത്തിന്റെ രുചി നോക്കാൻ പോലുമാകാത്ത വെറുമൊരു പെണ്ണായി സമീറ മാറും എന്ന് കരുതിയ നീ ആണ് വിഡ്ഡി…പടുവിഡ്ഡി സമീറ ഉറക്കെ ചിരിച്ചു ഒരു ഭ്രാന്തിയെ പോലെ…!