ക്യാന്റീനിൽ ചെന്നാലും ലൈബ്രറിയിലും എല്ലാം അവന്റെ നോട്ടം അവൾക്ക് എന്തോ വല്ലാതെ ഫീൽ…….

ഏട്ടത്തിയമ്മ

Story written by Jolly Shaji

ഒരുപാട് പ്രതീക്ഷകളോടെ അതിലേറെ ഭയത്തോടെയാണ് നാൻസി ബികോം സെക്കന്റ് ഇയർ ബാച്ചിന്റെ ക്ലാസ്സിലേക്ക് കയറിയത്….

പിജി കഴിഞ്ഞ് രണ്ടുവർഷം അടുത്തുള്ളൊരു കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കിയതിന്റെ എക്സ്പീരിയൻസ് മാത്രമാണ് സ്വന്തമായി കയ്യിലുള്ളത്… തന്റെ അത്ര തന്നെ വളർന്ന കുട്ടികൾക്കാണ് ക്ലാസ്സ്‌ എടുക്കുന്നത് എന്നറിയാവുന്നതിന്റെ നല്ല ടെൻഷനോടെയാണ് അവൾ ക്ലാസ്സിലേക്കു കയറിയത്…

കുട്ടികളൊക്കെ പുതിയ ടീച്ചറെ കണ്ട് എഴുന്നേറ്റു നിന്നും…
“ഗുഡ് മോർണിംഗ് മിസ്സ്‌..”

“ഗുഡ് മോർണിംഗ്…”

അവൾ കയ്യിലിരുന്ന പുസ്തകം മേശയിൽ വെച്ചു…

“മിസ്സ്‌ ആദ്യമാണോ പഠിപ്പിക്കാൻ വരുന്നത്…”

ഒരു പെൺകുട്ടി വിളിച്ച് ചോദിച്ചു..

“അതേ… ആദ്യമാണ് ഞാൻ പഠിപ്പിക്കാനായി കോളേജിൽ വരുന്നത്… അതും നിങ്ങൾക്ക് മുന്നിൽ.. ഇന്നുമുതൽ നിങ്ങളുടെ കൂടെ ഞാനും ഉണ്ടാവും… എല്ലാവരും സപ്പോർട്ട് തരണം…”

“മിസ്സേ ഒരു അഡ്ജസ്റ്റ് മെന്റിൽ ആണെങ്കിൽ നമുക്ക് മുന്നോട്ട് നന്നായി പോകാം…”

ലാസ്റ്റ് ബഞ്ചിൽ അല്പം മുടിയൊക്കെ നീട്ടിയിരിക്കുന്ന ഫ്രീക്കൻ ആണ്.. നാൻസി ചിരിച്ചു…

“ആ നമുക്ക് എല്ലാവർക്കും ഒന്ന് പരിചയപ്പെട്ടാലോ ആദ്യം.. ഞാൻ നാൻസി മരിയ… മരിയ എന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് സംശയം ഉണ്ടാവും അതാരെന്നു… അത് പറയണം എങ്കിൽ എന്റെ ബാക്ഗ്രൗണ്ട് നിങ്ങൾക്ക് അറിയേണ്ടി വരും…

ഞാൻ താമസിക്കുന്നത് സ്റ്റെല്ല മേരി കോൺവെന്റിൽ ആണ്…. എന്റെ വീടാണ് അത്… എന്റെ അപ്പനും അമ്മയുമൊക്കെ അവിടുത്തെ സിസ്റ്റർസും അന്തേവാസികളുമാണ്….”

“എന്നാലും ജന്മം നൽകിയ മാതാപിതാക്കൾ ഉണ്ടാവില്ലേ മിസ്സ്‌..”

“ഉണ്ടാകുമായിരിക്കും… അല്ല ഉണ്ടാകണമല്ലോ… അതാരെന്നു ഇന്നുവരെ ആർക്കും അറിയില്ല…. ജനിച്ച് വീണ ചോരക്കുഞ്ഞിനെ ആരോ സ്റ്റെല്ലമേരി കോൺവെൻറ് നടയിൽ ഉപേക്ഷിച്ചതാണ്….അവരാണ് എന്നേ വളർത്തിയതും പഠിപ്പിച്ചതും.. സ്കൂളിൽ ചേർത്തപ്പോ ഏതോ കന്യാസ്ത്രീയമ്മ ഇട്ട പേരാണ് നാൻസി മരിയ..”

“എന്നാലും മിസ്സേ ഇത്രേം സുന്ദരിയായ മിസ്സിനെ എന്തിനാ പോലും അവര് ഉപേക്ഷിച്ചത്…”

“അതൊക്ക അവർക്കല്ലേ അറിയൂ… ഇനി നിങ്ങൾ ഓരോരുത്തർ ആയി എണീറ്റു നിന്ന് പരിചയപ്പെടുത്തു…”

കുട്ടികൾ ഓരോരുത്തരും എണീറ്റു വീടും നാടുമൊക്കെ പറഞ്ഞു…ആൺകുട്ടികളുടെ തേർഡ് ബെഞ്ചിന്റെ ഊഴമായപ്പോൾ ആണ് മൂന്നാമത് ഇരിക്കുന്ന കുട്ടിയെ ടീച്ചർ ശ്രദ്ധിച്ചത്.. തന്നെ ചൂഴ്ന്നു നോക്കുന്ന ആ മുഖം നാൻസിയിൽ എന്തോ ഒരു അസ്വസ്ഥത ഉണ്ടാക്കി… പരിചയപ്പെടുത്താൻ എണീറ്റു നിന്നിട്ടും അവൻ മിണ്ടാതെ നിൽക്കുന്നു..

“എന്താടോ താൻ മിണ്ടാതെ നില്കുന്നത്… പേര് പറയ്‌..”

“അത് മിസ്സേ ഇവന്റെ പേര് റോജൻ എന്നാണ്…” അടുത്തിരുന്ന മനു പറഞ്ഞു…

“ഞാൻ തന്നോടല്ലല്ലോ ചോദിച്ചത് ഇയാളോട് അല്ലേ… ക്ലാസ്സിൽ വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുകയാണ് ഇയാൾ എന്നിലേക്ക്‌ തന്നെ ചൂഴ്ന്നു നോക്കി നിൽക്കുന്നത്.. ഇപ്പോൾ എന്തെ മറുപടി ഇല്ലാത്തതു..”

പെട്ടെന്ന് മനു എഴുന്നേറ്റു നിന്നു..

“മിസ്സേ അവൻ സംസാരിക്കില്ല…”

നാൻസ്സി പെട്ടന്ന് എന്തോ പോലെയായി എന്തുപറയാനാണ് എന്ന അവസ്ഥ…

പിന്നീടുള്ള ഒരോ ദിവസങ്ങളിലും നാൻസി കോളേജിൽ എത്തിയാൽ റോജന്റെ കണ്ണുകൾ അവൾക്ക് പിന്നാലെ പായുന്നതായി നാൻസിക്കു തോന്നിത്തുടങ്ങി… ക്ലാസ്സ്‌ എടുക്കുമ്പോഴും, ക്യാന്റീനിൽ ചെന്നാലും ലൈബ്രറിയിലും എല്ലാം അവന്റെ നോട്ടം അവൾക്ക് എന്തോ വല്ലാതെ ഫീൽ ചെയ്യുന്നുണ്ടായിരുന്നു..

ക്ലാസ്സിൽ പഠിക്കാനും അവനായിരുന്നു മിടുക്കൻ… ആർക്കും അവനെക്കുറിച്ച് എതിരഭിപ്രായം ഒന്നുമില്ല.. അങ്ങനെയുള്ള അവൻ എന്തിനാണ് തന്നെ ഇത്രയും കാര്യമായി ശ്രദ്ദിക്കുന്നത്… ഇനി ഒരുപക്ഷെ അവന് തന്നോട് പ്രണയം ആകുമോ… ഏയ്യ് അങ്ങനെ വരില്ല..

ദിവസങ്ങൾ മാസങ്ങളയി കടന്നുപോയി…

ഒരു ഞായറാഴ്ച പള്ളിയിൽ പോയിവന്ന നാൻസിയോട് മദർ വന്നു പറഞ്ഞു…

“മോളെ നിന്നെ കാണാൻ ഒരുകൂട്ടർ ഇന്ന് വരുന്നുണ്ട്… കപ്യര് ചാക്കോ ചേട്ടൻ വഴിയുള്ള ആലോചന ആണ്..”

“എവിടുന്നാ മദർ… ചെറുക്കന് ജോലി വല്ലതുമുണ്ടോ…”

“അതാണ് മോളെ അതിശയം… ചെറുക്കന് കളക്ടറേറ്റിൽ ജോലിയാണ്.. കിഴക്കെങ്ങോ ആരുന്നു അവരുടെവീട് … പ്രകൃതി ഷോഭത്തിൽ പെട്ടു വീടും വസ്തുക്കളും ഒലിച്ചു പോയപ്പോൾ അവരുടെ അമ്മയും പോയത്രേ… പിന്നെ അപ്പനാണ് വളർത്തിയതും പഠിപ്പിച്ചതുമൊക്കെ.. ഒരു അനിയൻ ചെക്കൻ കൂടി ഉണ്ട്‌ അവന്…”

ഉച്ചക്ക് ശേഷമാണ് റിച്ചാഡ് നാൻസിയെ കാണാൻ വരുന്നത്… കൂടെ ഒരു സുഹൃത്തും ഉണ്ടായിരുന്നു..

നാൻസിയോട് റിച്ചാഡ്ന് സംസാരിക്കണം … മദർ സമ്മതവും മൂളി…

നാൻസിയും റിച്ചാഡും മഠത്തിന്റെ വരാന്തയിലേക്ക് മാറി നിന്നു..

“നാൻസി, തന്നെക്കുറിച്ച് എനിക്കെല്ലാം അറിയാം… തന്റെ സ്വഭാവം മാത്രമേ ഞാൻ നോക്കുന്നുള്ളു…. എന്റെ അമ്മയുടെ മരണം സത്യത്തിൽ ഞങ്ങടെ വീടിന്റെ തന്നെ മരണം ആയിരുന്നു… എന്തോ ഞങ്ങൾ ജീവിക്കുന്നു എന്ന് മാത്രം…. ഞങ്ങടെ വീടിന്റെ അവസ്ഥ അറിഞ്ഞു എന്റെ അപ്പനെയും അനിയനെയും നോക്കുന്ന ഒരു പെണ്ണ്… അത് മാത്രമേ എന്റെ സങ്കല്പത്തിൽ ഉണ്ടായിട്ടുള്ളൂ… തനിക്ക് അതിന് കഴിയുമെന്ന് തോന്നി… ഇനി ഒക്കെ തന്റെ ഇഷ്ടം…”

നാൻസിക്കും ഇഷ്ടമായി റിച്ചാഡിനെ…

പിന്നെ കാര്യങ്ങളൊക്കെ പെട്ടന്ന് ആയിരുന്നു… റിച്ചാഡിന്റെ വീട്ടിൽ മദറും രണ്ട് സിസ്റ്റർമാരും കപ്യാരും പോയി ചടങ്ങിനായി…

കോളേജിൽ എത്തിയ നാൻസി തന്റെ വിവാഹകാര്യം കുട്ടികളെ അറിയിച്ചു… അപ്പോൾ അവൾ റോജന്റെ നേരെ പാളി നോക്കി… അവന്റെ മുഖത്ത് മുൻപെങ്ങും കാണാതൊരു ഭാവം അവൾ കണ്ടു … അവൾ അടുത്തയാഴ്ചത്തെ മനസമ്മതം കുട്ടികളെ ക്ഷണിച്ചു… റോജനോടും വരണമെന്ന് പറഞ്ഞു….പക്ഷേ അവൻ കേട്ടതായി ഭാവിച്ചില്ല… അവന്റെ കുനിഞ്ഞ മുഖം അവളിൽ ഒരു ഭീതി പടർത്തി…

ഇന്നാണ് നാൻസിയുടെയും റീചാഡിന്റെയും മനസമ്മതം… മഠത്തിനോട് ചേർന്നുള്ള പള്ളിയിൽ ആരുന്നു ചടങ്ങ്… അതിന് ശേഷം പള്ളിയുടെ ഹാളിൽ ഭക്ഷണം…
റോജൻ കൂട്ടുകാർക്കൊപ്പംപലയിടത്തും നിന്നും തന്നേ ശ്രദ്ധിക്കുന്നതായി നാൻസിക്കു തോന്നി … ഈ കുട്ടിയെന്താ ഇങ്ങനെ.. താൻ സംശയിച്ചത് പോലെ ഇവന് തന്നിൽ ഒരു നോട്ടമുണ്ടോ…? ഏയ് അങ്ങനെ വരാൻ വഴിയില്ല… ഒരിക്കലും അവൻ തന്നോട് സംസാരിക്കാൻ വന്നിട്ടില്ല… പക്ഷേ ആ നോട്ടം..

മനസമ്മതത്തിന് ശേഷം ഒരിക്കൽ മാത്രമാണ് നാൻസി കോളേജിൽ പോയത്… കല്യാണം വിളിക്കാൻ… അന്ന് പക്ഷേ റോജൻ ലീവ് ആയിരുന്നു… അവൾക്ക് അവനോടു കല്യാണം പറയാൻ പറ്റാത്തതിൽ സന്തോഷം തോന്നി .. അവൻ വരില്ലല്ലോ…

പിറ്റേ ഞായറാഴ്ച റിച്ചാഡിന്റെ ഇടവക പള്ളിയിൽ വെച്ചായിരുന്നു മിന്നുകെട്ട്… വെള്ള വസ്ത്രങ്ങൾ ധരിച്ചു കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോളും അവളുടെ മനസ്സിൽ റോജന്റെ നോട്ടം ഓടിയെത്തി …. ദൈവമേ അവനെങ്ങാനും കൂട്ടുകാർക്കൊപ്പം വരുമോ കല്യാണത്തിന്..

വളരെ ലളിതമായ ചടങ്ങുകൾ ആയിരുന്നു വിവാഹത്തിന്…. താലികെട്ടിനായി പള്ളിയിലേക്ക് റിച്ചാഡിനൊപ്പം കയറുമ്പോൾ അൾത്താരക്ക് മുന്നിൽ മെഴുകുതിരിയുമായി നിൽക്കുന്ന റോജനെ കണ്ട നാൻസിയിൽ അതുവരെ ഉണ്ടായിരുന്ന എല്ലാ സന്തോഷവും മാഞ്ഞുപോയി… കുർബാനയിൽ പങ്കെടുക്കുമ്പോഴും താലികെട്ടുമ്പോഴുമൊക്കെ അൾത്താര പാലകനായി നിന്ന റോജൻ നാൻസിയെ ശ്രദ്ധിച്ചേ ഇല്ല… പക്ഷേ അവളുടെ കണ്ണുകൾ ഇടയ്ക്കിടെ റോജനിൽ ആയിരുന്നു..

ചടങ്ങുകൾ കഴിഞ്ഞു പുരോഹിതന്മാർക്കൊപ്പം വധുവരന്മാർ ഫോട്ടോ എടുത്തപ്പോളും റോജൻ ഒപ്പം നിന്നു… പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം റിച്ചാഡിനൊപ്പം അദേഹത്തിന്റെ വീട്ടിലേക്കു എത്തിയ നാൻസിയെ വീട്ടിലേക്കു കൈപിടിച്ച് കയറ്റിയത് പപ്പാ ആയിരുന്നു… പപ്പയുടെ അടുത്ത് നിന്ന റോജൻ അവൾക്ക് നേരെ നിലവിളക്കു നീട്ടിയപ്പോൾ അവൾ ഒന്ന് ഞെട്ടി… റിച്ചാഡ് കണ്ണുകൾക്കൊണ്ട് വാങ്ങിക്കോ എന്ന് ആംഗ്യം കാണിച്ചു… അവൾ അവന്റെ കയ്യിൽനിന്നും വിളക്ക് വാങ്ങി വലതുകാൽ വെച്ച് അകത്തേക്ക് കയറി…

വീടിനു പുറത്ത് ചെറിയ സ്റ്റേജിൽ മധുരം വെപ്പ് നടക്കുമ്പോളും റോജൻ എല്ലാവർക്കും ഒപ്പമുണ്ട്… ബന്ധുക്കളും സുഹൃത്തുക്കളും സമ്മാനങ്ങൾ കൈമാറലും ഫോട്ടോ എടുക്കലിന്റെയും തിരക്കായിരുന്നു… അപ്പോളാണ് റോജൻ ചെറിയൊരു കവറുമായി അവർക്കടുത്തേക്ക് വന്നത്… കവർ നാൻസിക്കുനേരെ നേരെ നീട്ടി അവൾ ഒന്ന് മടിച്ചെങ്കിലും കവർ അവനിൽ നിന്നും വാങ്ങി…

“റിച്ചാഡ് ഇത് റോജൻ..”

അവൾ റോജനെ ചൂണ്ടി റീചാഡിനോട് പറഞ്ഞൂ… പെട്ടന്ന് റിച്ചാഡ് പൊട്ടിച്ചിരിച്ചു… അവന്റെ ചിരികേട്ട സ്റ്റേജിനു സമീപത്തുള്ളവരൊക്കെ ആകാംഷയോടെ നോക്കി…

“ദേ നാൻസി റോജനെ എനിക്ക് പരിചയപ്പെടുത്തുന്നു…”

ചിരിച്ചുകൊണ്ട് പപ്പാ അപ്പോൾ അങ്ങൊട് വന്നു…

“മോളെ നീ ഇവനെ ഞങ്ങൾക്ക് പരിചയപ്പെടുത്തുന്നോ… ഇവനാണ് നിന്നെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയത്..”

നാൻസി ഒന്നും മനസ്സിലാകാത്തത് പോലെ എല്ലാവരെയും മാറി മാറി നോക്കി..

“മോൾ സംശയിക്കേണ്ട റോജൻ റീചാഡിന്റെ കുഞ്ഞനുജൻ ആണ്… അവനാണ് ഇവിടെ മോളെക്കുറിച്ച് പറഞ്ഞതും മോൾടെ ഫോട്ടോസ് ഞങ്ങളെ കാണിച്ചതുമൊക്കെ.. അവന്റെ കുഞ്ഞ് കുസൃതി ആയിരുന്നു ഇതൊന്നും നിന്നോട് പറയേണ്ട എന്ന തീരുമാനം…”

അവൾ റോജനെ നോക്കി അവൻ അവളെ നോക്കി ചിരിച്ചു… റോജൻ നാൻസിയുടെ കയ്യിൽ നിന്നും കവർ വാങ്ങി തുറന്നു… അതിൽ ഉണ്ടായിരുന്ന കാർഡ് അവൾക്ക് നേരെ നീട്ടി…

“ഇനി എന്റെ ടീച്ചർ അല്ല എന്റെ അമ്മയാണ് എന്റെ ഏട്ടത്തിയമ്മ “

അതിലേ അക്ഷരങ്ങൾ വായിച്ച നാൻസിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി… റിച്ചാഡ് മെല്ലെ അവളുടെ കണ്ണുകൾ തുടച്ചു… പപ്പയും റോജനും അവരെ രണ്ടുപേരെയും ചേർത്തുപിടിച്ചു…

അങ്ങനെ ആ സ്നേഹവീട്ടിൽ നാൻസിയും പുതിയൊരു അംഗമായി മാറി…