എല്ലാവരോടും അങ്ങനെ തന്നെയാണെങ്കിലും പെണ്ണുങ്ങളോട് ഇച്ചിരി ഓവറാണെന്ന് തോന്നിയിരുന്നു……

പുറംചട്ടകൾ

എഴുത്ത്:-സൂര്യകാന്തി (ജിഷ രഹീഷ് )

“മാഡം..ഇറങ്ങാനായില്ലേ..?”

ദേവിക പതിയെ ഫയലിൽ നിന്നും മുഖമുയർത്തി നോക്കി…

പതിവ് ചിരിയുമായി ഷാഹുൽ…

ഉള്ളിൽ വെറുപ്പ് നുരഞ്ഞു പൊന്തുമ്പോഴും ദേവിക പറഞ്ഞു…

“ഇല്ല..എനിക്ക് കുറച്ചു വർക്ക് പെന്റിങ് ഉണ്ട്…”

“ഞാൻ വെയിറ്റ് ചെയ്യണോ മാഡം..?”

ക്ഷമയുടെ പരിധി വിട്ടെന്ന് തോന്നിയ നിമിഷം,ദേവിക മുഖമുയർത്തി അവനെ രൂക്ഷമായൊന്ന് നോക്കി…

“തല്ക്കാലം അതിന്റെ ആവശ്യമില്ല.. ഷാഹുൽ ചെല്ല്..”

ദേവികയുടെ സ്വരത്തിലെ കടുപ്പം കൊണ്ടാവാം ഷാഹുലിന്റെ മുഖം വല്ലാതെയായി…

അത് കാര്യമാക്കാതെ, അയാളെ നോക്കാതെ,ദേവിക വീണ്ടും തന്റെ ജോലി തുടർന്നു..

അല്പനേരം അങ്ങനെ നിന്ന്,ഷാഹുൽ നടന്നു പുറത്തേക്കിറങ്ങുന്നത് കണ്ടു…

ദേവിക പുച്ഛത്തോടെ ഒന്ന് ചുണ്ട് കോട്ടി…

“അതേതായാലും നന്നായി ദേവിക, തന്റെയടുത്ത് അവനിച്ചിരി ഇളക്കം കൂടുതലായിരുന്നു.. പുതിയ ആളാണല്ലൊ…ഇനി ശല്യം ഉണ്ടാവില്ല .”

ബാഗുമെടുത്ത് അവൾക്കരികിലേയ്ക്ക് നടന്നുകൊണ്ട് ദിവ്യ പറഞ്ഞു..

“ഹേയ് അതൊന്നും അവനൊരു പ്രശ്നമേയല്ലെന്നേ.. അവനിനിയും വരും ഇളിച്ചോണ്ട് നിങ്ങടെ പിന്നാലെ.. ചെക്കന് ഞരമ്പ് രോഗമാണ്..”

പോവാനായി എഴുന്നേറ്റ രാജേഷ് ചിരിയോടെ അവരെ നോക്കി പറഞ്ഞു..

ഒപ്പമുള്ളവർ ഓരോരുത്തരായി യാത്ര പറഞ്ഞിറങ്ങുമ്പോഴും പെന്റിങ് വർക്ക്‌ ചെയ്തു തീർക്കാനുള്ള ധൃതിയിലായിരുന്നു ദേവിക..

ജയേട്ടൻ കൂട്ടാൻ വരുമെന്ന് പറഞ്ഞിട്ടുണ്ട്… അതാണ് ഒരു സമാധാനം…

ജോലിയൊക്കെ തീർത്തു ദേവിക പുറത്തേക്കിറങ്ങിയപ്പോൾ ഓഫീസിനു പുറത്ത് ജയൻ ബൈക്കിൽ കാത്തിരിപ്പുണ്ടായിരുന്നു…

ദേവിക പുഞ്ചിരിയോടെ അയാൾക്ക് പിറകിൽ കയറിയിരുന്നു…

ബൈക്കിൽ പോവുന്നതിനിടെ,റോഡരികിൽ നിർത്തിയിട്ട ബൈക്കിൽ ഇരുന്നു ഫോണിൽ സംസാരിക്കുന്ന ഷാഹുലിനെയവൾ കണ്ടു… ദേവിക വെറുപ്പോടെ മുഖം തിരിച്ചു..

“തന്റെ ഓഫീസിലെ ആ പയ്യനല്ലെടോ അത്..?”

ജയന്റെ ചോദ്യത്തിന് തീരെ താല്പര്യമില്ലാതെയവൾ മൂളി…

“താൻ പറഞ്ഞത് പോലെ ആളത്ര കുഴപ്പക്കാരനല്ലെന്നാ എനിയ്ക്ക് തോന്നിയത്..”

“പിന്നേ ജയേട്ടന് ആളുകളെ കണ്ടാൽ മതിയല്ലോ സ്വഭാവം മനസ്സിലാക്കാൻ..”

ഷാഹുലിനോടുള്ള ഇഷ്ടക്കേടും അല്പം പരിഹാസവും കൂട്ടിയാണ് ദേവിക പറഞ്ഞത്.. ജയൻ ചിരിച്ചു..

“ഹാ, താൻ ചൂടാവാതെടോ , ഞാൻ ഒന്ന് രണ്ടിടത്തു നിന്നും ആ പയ്യനെ കണ്ടിരുന്നു.. ഒരിക്കൽ സൂപ്പമാർക്കറ്റിൽ നിന്നും ഇറങ്ങവേ,ഒരാൾ വീഴാൻ പോയി. കയ്യിലുള്ള സാധനങ്ങളൊക്കെ തെറിച്ചു വീണു.. ഷാഹുൽ അതൊക്കെ പെറുക്കിയെടുത്ത് വണ്ടിയിൽ കൊണ്ട് പോയി വയ്ക്കുന്നതൊക്കെ കണ്ടു..”

“വല്ല പെണ്ണുങ്ങളും ആവും..”

“ശ്ശേ.. അതൊരു പ്രായമുള്ളയാളായിരുന്നു.. ഡോണ്ട് ബി സോ ചീപ്പ് ദേവു.. പൊതുവെ ആളുകളെ കണ്ടയുടെ ജഡ്‌ജ്‌ ചെയ്യാത്തയാളായിരുന്നല്ലോ താൻ.. “

അവൾ മറുപടിയൊന്നും പറഞ്ഞില്ല..

“പിന്നെയൊരിക്കൽ, ഒരു വൃദ്ധയെ റോഡ് ക്രോസ്സ് ചെയ്യാൻ ഹെല്പ് ചെയ്യുന്നതും കണ്ടു..”

അപ്പോഴും അവൾ മറുപടിയൊന്നും പറഞ്ഞില്ല..

ഒരു പരിചയവുമില്ലാത്ത, ഭാഷ പോലും അറിയാത്ത ഈ നാട്ടിലേയ്ക്ക് ജോലി മാറ്റം കിട്ടി വരുമ്പോൾ ആകെയൊരു അങ്കലാപ്പായിരുന്നു..

ജയേട്ടനും ട്രാൻസ്ഫെറിനു ശ്രെമിക്കാമെന്നും,വൈകാതെ ഇങ്ങോട്ട് മാറ്റം കിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്നും കേട്ടപ്പോൾ ഒരു സമാധാനം ഉണ്ടായിരുന്നു…

പക്ഷെ ജയേട്ടന്റെ ട്രാൻസ്ഫർ നടന്നില്ല.. ഒറ്റയ്ക്ക് ഈ നഗരത്തിൽ.. ജയേട്ടനും കുട്ടികളും നാട്ടിലും…

ജോലിസ്ഥലവും മറ്റും പരിചയപ്പെടുത്തി,കൊള്ളാവുന്ന ഒരു ലേഡീസ് ഹോസ്റ്റലിൽ ആക്കി ജയേട്ടൻ തിരികെ പോയപ്പോൾ,ഒറ്റപ്പെട്ടു പോയത് പോലെ..

ഓഫീസിൽ മലയാളികളൊക്കെ ഉണ്ടെങ്കിലും ആർക്കും ഒന്നിനും നേരമില്ല.. ചിരികളികൾക്കപ്പുറം സഹായമനസ്ഥിതിയൊന്നും ആർക്കുമില്ലെന്ന് മനസ്സിലായതാണ്..

ആ ദിവസങ്ങളിലാണ്,അവധി കഴിഞ്ഞു വന്ന ഓഫീസ് അസിസ്റ്റന്റിനെ പരിചയപ്പെട്ടത്…

ഷാഹുൽ..

നിറഞ്ഞൊരു ചിരിയുമായി പരിചയപ്പെട്ടപ്പോൾ, സന്തോഷം തോന്നിയെങ്കിലും..

‘അവനേയ്,ആളത്ര ശരിയല്ല..ഒട്ടിപ്പിടുത്തം ഇച്ചിരി കൂടുതലാ..ഒരു അകലമിട്ട് നിൽക്കുന്നതാ സേഫ്.. “

എന്നുള്ള സഹപ്രവർത്തകരുടെ വാക്കിൽ അതില്ലാതെയായി…

എന്തിനും ഏതിനും സഹായവാഗ്ദാനവുമായി അവൻ മുൻപിലുണ്ടാവും.. ആവശ്യപ്പെടാതെ തന്നെ…

എല്ലാവരോടും അങ്ങനെ തന്നെയാണെങ്കിലും പെണ്ണുങ്ങളോട് ഇച്ചിരി ഓവറാണെന്ന് തോന്നിയിരുന്നു..

എപ്പോഴോ അവന്റെ സ്വഭാവം ശരിയല്ല, എന്നുള്ള നിഗമനത്തിൽ എത്തിയിരുന്നു താനും…

എല്ലാവരും അവനെ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും,ആർക്കും നല്ല അഭിപ്രായമില്ല…

ഒരു കോമാളി…

അപരിചിതരിൽ നിന്നും ഒരു പരിധിയിൽ കൂടുതൽ കരുതലോ, സ്നേഹമോ, അസ്വസ്ഥതയുണ്ടാക്കുന്ന തനിയ്ക്ക് ഷാഹുലിനോട് വെറുപ്പായിരുന്നു തോന്നിയത്..

ആ ഒട്ടിപ്പിടുത്തം അസഹ്യമായി തോന്നി…

ഫ്ലാറ്റിനു മുൻപിൽ ബൈക്ക് നിർത്തിയപ്പോഴാണ്,ദേവിക ഓർമ്മകളിൽ നിന്നും ഉണരുന്നത്…

ജയേട്ടന് ഇങ്ങോട്ട് ട്രാൻസ്ഫർ ആയിട്ട്,ഒരു മാസമാവുന്നതേയുള്ളൂ.. ആളും കൂടെ വന്നപ്പോൾ താമസം ഒരു ഫ്ലാറ്റിലേയ്ക്ക് മാറി.. വെക്കേഷൻ ആയത് കൊണ്ട് കുഞ്ഞുങ്ങളും ഉണ്ട്…അവർക്കൊരു കൂട്ടായി ജയേട്ടന്റെ അകന്ന ബന്ധത്തിലെ ഭർത്താവ് മരിച്ചു പോയ ഒരു സ്ത്രീയും…സതിയമ്മ..

“എടോ,ഇത്തവണ നമുക്ക് ഇവിടെ പ്രാർത്ഥിച്ചാൽ പോരെ.. അമ്പലത്തിൽ തന്നെ പോണോ..?അറിയാത്ത സ്ഥലമാണ്..”

രാത്രി ഉറങ്ങാൻ കിടക്കുമ്പോഴാണ് ജയേട്ടൻ പറഞ്ഞത്…

“പോരാ.. എനിക്ക് എന്തായാലും അമ്പലത്തിൽ പോണം.. ദിവ്യ പറഞ്ഞയിടത്ത് തന്നെ പോകാം…കുറച്ചു ദൂരമുണ്ട് അത് സാരമില്ല..”

താല്പര്യമില്ലെങ്കിലും ജയേട്ടൻ എതിർത്തില്ല…

പ്രേമിച്ചു നടക്കുന്ന കാലത്തെപ്പോഴോ തുടങ്ങിയ ശീലമാണ്.. ആളുടെ പിറന്നാളിന് മുടക്കമില്ലാതെ അമ്പലത്തിൽ പോകും.. അമ്മ അത് മുടക്കാറില്ലെന്ന് എപ്പോഴോ പറഞ്ഞു കേട്ടതിൽ പിന്നെയാണ് താനും അത് പാലിച്ചത്.. തനിയ്ക്ക് പോവാൻ പറ്റിയില്ലെങ്കിലും ജയേട്ടനെ നിർബന്ധിച്ചു പറഞ്ഞയക്കും…

ആൾക്ക് ഇതിലൊന്നും വല്യ താല്പര്യമില്ല,എങ്കിലും തന്റെ ഇഷ്ടങ്ങൾക്ക് എതിര് നിൽക്കാറുമില്ല…

നാളെ ജയേട്ടന്റെ പിറന്നാളാണ്.. ദിവ്യയാണ് ഇവിടെ നിന്നും കുറച്ചകലെയുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തെ പറ്റി പറഞ്ഞത്..

നാളെ ഞായറാഴ്ചയായത് നന്നായി..

നേരത്തെ തന്നെ ഇറങ്ങിയിരുന്നു.. കുട്ടികൾ ഉണർന്നിട്ടില്ല.. സതിയമ്മയെ കാര്യങ്ങളൊക്കെ പറഞ്ഞേൽപ്പിച്ചു..

ടൗണിൽ നിന്നും കുറച്ചു ഉള്ളിലേയ്ക്ക് പോണം…നല്ല ഭംഗിയുള്ള സ്ഥലങ്ങൾ.. ചോദിച്ചു ചോദിച്ചു,അങ്ങെത്തിയപ്പോഴേക്കും വൈകിയിരുന്നുവെങ്കിലും, മനം നിറഞ്ഞു തൊഴുതു.. പൂജകളും കഴിഞ്ഞു ഇറങ്ങിയപ്പോഴേക്കും വൈകി…

തിരികെ വരുമ്പോൾ,നല്ല വെയിലാണ്.. റോഡിലെങ്ങും ഒരു വാഹനവുമില്ല.. ആളുകളും.. കൃഷിയിടങ്ങൾക്കിടയിൽ അങ്ങിങ്ങായി കാണുന്ന വീടുകൾ മാത്രം…

പൊടുന്നനെയാണ് വണ്ടി ഓഫായി പോയത്.. റോഡരികിലേയ്ക്ക് നീക്കി വെച്ച്,ജയേട്ടൻ തൊട്ടും തലോടിയുമൊക്കെ നോക്കിയെങ്കിലും ഒന്നും സംഭവിച്ചില്ല.. വണ്ടി സ്റ്റാർട്ടാവുന്നില്ല…

ജയേട്ടന്റെ മൊബൈലിൽ റേഞ്ച് ഇല്ല.. ഞാനാണെങ്കിൽ തിരക്കിൽ ഫോണും എടുത്തില്ല…

പോരെ പൂരം..

“അറിയാത്ത സ്ഥലത്ത് ഓടിപ്പിടിച്ചു വരണ്ടെന്ന് ഞാൻ അപ്പോഴേ പറഞ്ഞതാ.. “

ജയേട്ടൻ തുടങ്ങി.. റോഡിലെങ്ങും ഒരു മനുഷ്യജീവിയുമില്ല….

കുറച്ചപ്പുറം നാലഞ്ച് വീടുകൾ കാണുന്നുണ്ട്…

അങ്ങോട്ട് നടന്നാലോയെന്ന ആലോചനയിൽ നിൽക്കുമ്പോഴാണ്,എതിരെ നിന്നൊരു ബൈക്കിന്റെ ശബ്ദം..

പുതുജീവൻ കിട്ടിയത് പോലെ,എതിരെ വന്ന ബൈക്കിന് കൈ കാട്ടുമ്പോഴേയ്ക്കും, അത് ഞങ്ങൾക്ക് അരികിലായി നിർത്തിയിരുന്നു..

“മാഡം എന്താ എവിടെ..?”

ആ ശബ്ദം കേട്ടാണ് ഞാൻ തുറിച്ചു നോക്കിയത്.. ഷാഹുൽ…

“ഞങ്ങൾ ഇവിടെ അടുത്തുള്ള അമ്പലത്തിൽ വന്നതാണ്.. വണ്ടി ഓഫായി പോയി.. വല്ല മെക്കാനിക്കിനെയും കിട്ടാൻ വഴിയുണ്ടോ ഇവിടെ..?”

ജയേട്ടനാണ് സംസാരിച്ചത്… ഷാഹുൽ വണ്ടിയെയും ഞങ്ങളെയും മാറി മാറി നോക്കി…

“പ്രയാസമാണ്.. എന്നാലും നോക്കാം.. എന്തായാലും നിങ്ങൾ ഇവിടെ ഈ വെയിലത്തു ഇങ്ങനെ നിൽക്കണ്ട.. രണ്ടുവീടപ്പുറത്താണ് ഞാൻ താമസിക്കുന്നത്.. ആദ്യം അങ്ങോട്ട് പോവാം.”

വേണ്ടായെന്ന് പറയാൻ ആഗ്രഹിച്ചുവെങ്കിലും ഞാൻ മിണ്ടിയില്ല.. പക്ഷെ ജയേട്ടൻ സമ്മതത്തോടെ തലയാട്ടി കഴിഞ്ഞിരുന്നു…

ചെറിയതെങ്കിലും ഭംഗിയുള്ള ഒരു വീട്.. ആകെയുള്ള ഇത്തിരി സ്ഥലത്ത്, ചെടിച്ചട്ടികളിൽ നിറയെ വസന്തം തീർക്കുന്ന പൂച്ചെടികൾ…

വാതിൽ തുറന്നത് ഒരു പത്തു പതിനൊന്നു വയസ്സ് പ്രായമുള്ള ഒരു കുട്ടിയാണ്…

“എന്റെ മകനാണ്…അശ്വിൻ “

ഷാഹുൽ പറഞ്ഞു…

ഭംഗിയുള്ള ഒരു ചിരി ഞങ്ങൾക്ക് തന്നിട്ട്,ആ കുട്ടി അകത്തേയ്ക്ക് പോയി..

നല്ല അടുക്കും ചിട്ടയുമുള്ള വീട്.. ഞാൻ മനസ്സിൽ കരുതി.. ഷാഹുലിന്റെ കുടുംബത്തെ പറ്റിയൊന്നും ആരും പറഞ്ഞു കേട്ടിട്ടില്ല…

വാതിലിനപ്പുറത്തു കൂടെ ഒരു കുഞ്ഞി മുഖം എത്തി നോക്കുന്നത് ഞാൻ കണ്ടു..അഞ്ചാറ് വയസ്സു കാണും..

“മിൻഹാ…”

ഷാഹുലിന്റെ വിളി കേട്ടതും ആ കുറുമ്പി തെല്ലു നാണത്തോടെ മുൻപിലെത്തി.. ഓമനത്തമുള്ള മുഖം…

ഒരു മിഠായി പോലും കയ്യിലില്ല.. അമ്പലത്തിൽ നിന്നും കിട്ടിയ പ്രസാദം ഞാൻ അവൾക്ക് നേരെ നീട്ടി..

കുഞ്ഞ് ഷാഹുലിനെ ഒന്നു നോക്കി.. അവൻ തലയാട്ടിയതും,നാണത്തിൽ കലർന്ന ഒരു പുഞ്ചിരിയോടെ,എന്റെ കയ്യിൽ നിന്നും അത് വാങ്ങി.. നേർത്ത ശബ്ദത്തിൽ ഒരു ‘താങ്ക് യൂ ‘പറഞ്ഞു ആള് അകത്തേയ്ക്ക് വലിഞ്ഞു…

ഇപ്പോൾ വരാമെന്ന് പറഞ്ഞു ഷാഹുൽ അകത്തേക്ക് പോയി.. ഏറെ നേരം കഴിയുന്നതിനു മുൻപേയവൻ തിരികെ വന്നു…

“നിങ്ങൾ ഒന്നും കഴിച്ചു കാണില്ലല്ലോ.. വാ ഇനി കഴിച്ചിട്ട് സംസാരിക്കാം..”

എത്രയൊക്കെ ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും ഷാഹുൽ സമ്മതിച്ചില്ല..

ആ ചെറിയ തീന്മേശയിൽ,ആവി പറക്കുന്ന പുട്ടും പപ്പടവും പഴവും കട്ടൻ ചായയും ഞങ്ങൾക്കായി നിരന്നിരുന്നു…

ഞങ്ങൾക്കത് വിളമ്പി തന്നതും, ഇടയ്ക്കിടെ വന്നു എന്തെങ്കിലും ആവശ്യമുണ്ടോയെന്ന് അന്വേഷിക്കുകയുമല്ലാതെ,ഷാഹുൽ ഞങ്ങളെ ശല്യപ്പെടുത്തിയതേയില്ല, കഴിച്ചു തീരുന്നത് വരെ..

“ഷാഹുലിന്റെ ഭാര്യയെ കണ്ടില്ലല്ലോ..? “

കഴിച്ചു കഴിഞ്ഞു,കൈ കഴുകി കഴിഞ്ഞതോടെ,എനിയ്ക്ക് ആകാംക്ഷയടക്കാൻ കഴിയാതെയായി…

ഷാഹുൽ ചിരിച്ചു…

“മോളെ പോലെ തന്നെയാ അവളുടെ അമ്മയും ഇച്ചിരി നാണക്കാരിയാ…”

പിന്നെ അകത്തേയ്ക്ക് നോക്കി പതിയെ വിളിച്ചു.

“കിച്ചു…?”

തെല്ലു കഴിഞ്ഞതും ചുരിദാറിട്ടൊരു പെൺകുട്ടി അടുക്കളയിൽ നിന്നും പുറത്തേയ്ക്ക് വന്നു…

ഷാൾ തലയിൽ കൂടെ ഇട്ടിട്ടുണ്ട്…

സുന്ദരിയാണെല്ലോയെന്ന് മനസ്സിൽ ഓർത്ത നിമിഷം..

പക്ഷെ….

അപ്പോൾ.. അപ്പോളാണ് ഞാൻ ആ മറുഭാഗം കണ്ടത്.. ആ പാതി വെന്ത മുഖം..

ശ്വാസമെടുക്കാനാവാതെ നിന്ന് പോയി ഞാൻ.. ഒന്നു പാളി നോക്കിയപ്പോൾ,ജയേട്ടന്റെ അവസ്ഥയും വ്യത്സ്തമല്ലെന്ന് ഞാനറിഞ്ഞു..

“ഇതാണ് എന്റെ പ്രിയതമ… കൃഷ്ണ… കിച്ചുവെന്ന് ഞാൻ വിളിക്കും..’

അവളെ ചേർത്ത് പിടിച്ചു ഷാഹുൽ പറഞ്ഞു.. കൃഷ്ണ ഞങ്ങൾക്കൊരു പുഞ്ചിരി നൽകിയപ്പോൾ പണിപ്പെട്ടാണ് ഞാനത് തിരികെ നൽകിയത്..

ഷാഹുൽ വീണ്ടുമെന്തോ പറയാൻ തുടങ്ങിയ നിമിഷം,അവന്റെ മൊബൈൽ ശബ്ദിച്ചു.. കോൾ എടുത്ത് അവനെന്തൊക്കെയോ സംസാരിച്ചു.. പിന്നെ ഞങ്ങളോടായി പറഞ്ഞു..

“വണ്ടി നോക്കാൻ ഒരാള് വന്നിട്ടുണ്ട്..”

പിന്നെയവൻ എന്നെ നോക്കി…

“മാഡം ഇവിടെയിരുന്നോളൂ.. ഞങ്ങളൊന്നു പോയിട്ട് വരാം..”

എന്നെയൊന്നു നോക്കി ജയേട്ടൻ, അവന്റെ പിറകെ പോവുമ്പോഴും, നേരത്തെ ഷോക്കിൽ നിന്നു ഞാൻ മോചിതയായിരുന്നില്ല.
.
“ദേവിക മാഡത്തെ പറ്റി ഇക്ക പറഞ്ഞിട്ടുണ്ട്..”

കൃഷ്ണയുടെ നേർത്ത ശബ്ദം കേട്ടതും ഞാൻ അവളെ നോക്കി..

എനിക്കെന്തൊക്കെയോ അറിയണമെന്നുണ്ടെങ്കിലും,മറ്റൊരാളുടെ സ്വകാര്യതയിൽ കടന്നു കയറാനുള്ള വിദ്യ വശമുണ്ടായിരുന്നില്ല…

“മാഡത്തിന് ഒരുപാട് സംശയങ്ങളുണ്ടെന്ന് എനിക്കറിയാം.. നമുക്ക് അവിടെ ഇരിക്കാം.. എനിയ്ക്ക് ജോലിയും ചെയ്യാം..”

അടുക്കളയിൽ എനിയ്ക്കായി ഒരു സ്സ്റ്റൂളെടുത്തിട്ട്,കൃഷ്ണ പാതിയിൽ നിർത്തി വെച്ച ജോലികൾ ചെയ്തു…

“അത്യാവശ്യം കാശുള്ള വീട്ടിലായിരുന്നു ഞാൻ ജനിച്ചതും.. പഠിയ്ക്കാൻ മിടുക്ക് കുറവായിരുന്നു.. പക്ഷെ കാണാൻ കൊള്ളായിരുന്നു ട്ടോ ….”

കൃഷ്ണ എന്നെ നോക്കിയൊന്ന് ചിരിച്ചു…

“ഒരു പ്രേമം ഉണ്ടായിരുന്നു.. പതിനെട്ടു തികഞ്ഞ അന്ന് ഞാനയാളോടൊപ്പം ഒളിച്ചോടി… ആദ്യമൊക്കെ ഉണ്ടായിരുന്ന അടുപ്പം എപ്പോഴോ ഇല്ലാണ്ടായി..ചെന്ന് ചാടിയ കുഴിയുടെ ആഴം മനസ്സിലാക്കുമ്പോഴേക്കും വയറ്റിലൊരു കുഞ്ഞുണ്ടായി.. അശ്വിൻ ജനിച്ചു,ഏറെ നാൾ കഴിയും മുൻപേ എന്നെ വിറ്റ് കാശുണ്ടാക്കാമെന്ന ഐഡിയ അയാൾ പറഞ്ഞു…. എതിർത്താൽ ഉപദ്രവിക്കും.. കുഞ്ഞിനേയും കൊണ്ട് രക്ഷപ്പെടാൻ ശ്രെമിച്ചതിനുള്ള ശിക്ഷയായിരുന്നു ഇത്..എന്റെ നേരെ ഒഴിക്കുന്നതിനിടെ അശ്വിന്റെ മേലും ആസിഡ് തെറിച്ചു വീണിരുന്നു.. കുഞ്ഞല്ലേ…”

അത് വരെ മറ്റാരുടെയോ കഥയെന്നോണം പറഞ്ഞ കൃഷ്ണയുടെ ശബ്ദം ഒന്നിടറി…

“ആരൊക്കെയോ രക്ഷിച്ചു ആശുപത്രിയിലാക്കി.. വേറെ വഴിയില്ലാതെ മോനെയും കൊണ്ട് തിരികെയെത്തി.. മനസ്സിൽ,എന്നോ മരിച്ചു പോയവളെ വീട്ടുകാർ സ്വീകരിച്ചില്ല.. അവരെയും കുറ്റം പറയാൻ പറ്റില്ല.. നാണം കെടുത്തിയതല്ലേ…ആരോരും തുണയില്ലാതെ.. മോനെയും കൊണ്ട്…”

അവളൊന്നു നിർത്തി.. ആ ഓർമ്മകൾ വേദനിപ്പിക്കുന്നുണ്ടാവും…

“മുഖമൊന്നു മറച്ചാൽ ശരീരം കൊണ്ട് കാശുണ്ടാക്കാമെന്നും പറഞ്ഞു ചിലരും എത്തി..”

കൃഷ്ണയുടെ പൊള്ളയായ ചിരി ഞാൻ കേട്ടു…

“മോനെയും കൊണ്ട് മരിയ്ക്കാനായിരുന്നു ഞാൻ ആ റെയിൽവേ പാളത്തിൽ എത്തിയത് .. റെയിൽവേ ക്രോസ്സിനരികെ, ട്രെയിൻ പോവുന്നതും കാത്തു നിൽക്കുന്നതിനിടെ,എവിടെ നിന്നോ ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ്,ഷാഹുൽ തിരഞ്ഞെത്തിയത്..”

എന്റെ കയ്യിലെ രോമങ്ങൾ എഴുന്നു നിൽക്കുന്നത് ഞാനറിഞ്ഞു…

“ബലമായി തന്നെ എന്നെ ട്രാക്കിൽ നിന്നും പിടിച്ചു മാറ്റി.. ഞാൻ എതിർത്തു.. ഒടുവിൽ തളർന്നു പോയി…ഒരിടമില്ലാത്തത് കൊണ്ടാണ് ചെയ്തതെന്ന് പറഞ്ഞു.. ഒന്നും പറയാതെ,എന്റെ കയ്യിൽ പിടിച്ചു വണ്ടിയ്ക്കരികിൽ കൊണ്ട് വന്നു.. വീട്ടിലേയ്ക്ക് കൊണ്ട് പോയി.. എനിയ്ക്ക് പേടിയായിരുന്നു.. ഒന്നുമറിയാത്ത ഒരാൾ..”

അവളൊന്നു നിശ്വസിച്ചു..…

“”ഒരു വാക്ക് കൊണ്ട് പോലും ഷാഹുൽ എന്നെ ശല്യപ്പെടുത്തിയില്ല.. ഞങ്ങളുടെ കാര്യങ്ങളെല്ലാം ചെയ്തു തരുമ്പോഴും…. എന്നോടധികം സംസാരമൊന്നുമില്ല, പക്ഷെ അശ്വിനെ ജീവനായിരുന്നു ..പക്ഷെ നാട്ടുകാർ അടങ്ങിയിരുന്നില്ല.. എന്നെ പോലൊരു പെണ്ണ്,അതും അന്യ മതത്തിൽ പെട്ടൊരുവൾ.. ഷാഹുലിനു നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ ഞാൻ മോനെയും കൊണ്ട് ഇറങ്ങി പോവാൻ ശ്രെമിച്ചു.. അന്നാണ് ഇക്ക ആദ്യമായി എന്റെ ദേഹത്തു കൈ വെക്കുന്നത്.. എന്തൊരു അടിയായിരുന്നെന്നോ..?”

കൃഷ്ണ ഒരു കവിളിൽ കൈ ചേർത്ത് ചിരിച്ചു..

“ഇക്കയ്ക്ക് അവിടെ നല്ല ജോലിയൊക്കെ ഉണ്ടായിരുന്നു.. എല്ലാം ഉപേക്ഷിച്ചു ഞങ്ങളെയും കൊണ്ട് ഇവിടെ വന്നു.. ഇവിടെയൊരു കമ്പനിയിൽ ചെറിയൊരു ജോലിയ്ക്ക് കയറി.. ഇടയ്ക്ക് എപ്പോഴോ കല്യാണത്തിന്റെ കാര്യം പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല.. അശ്വിന് എന്ത് കാര്യത്തിനും ഇക്ക മതിയായിരുന്നു….’

ഓർമ്മകളിൽ എന്നത് പോലെ കൃഷ്ണ പുഞ്ചിരിച്ചു..

“എപ്പോഴോ ഒരു രാത്രിയിൽ,കരഞ്ഞു കരഞ്ഞു കിടന്നിട്ടും ഉറക്കം വരാതെ ഞാൻ വരാന്തയിൽ വന്നിരുന്നു.. ഇടയ്ക്ക് എപ്പോഴോ,എന്റെയരുകിൽ ഒരാൾ വന്നിരുന്നു.. എന്നെ ചേർത്ത് പിടിച്ചു… കുതറി മാറാൻ തോന്നിയില്ല.. ആ നെഞ്ചിൽ മുഖം ചേർത്ത്, സങ്കടമൊക്കെ ഞാൻ ഒഴുക്കി കളഞ്ഞു.. അന്ന് .. അന്നാണ് എന്നോട് പ്രണയമാണെന്ന് പറയുന്നത്…”

കൃഷ്ണയുടെ ശബ്ദമൊന്നു മുറിഞ്ഞു…

“പിന്നെ ഏറെയൊന്നും പിടിച്ചു നിൽക്കാൻ എനിയ്ക്കും പറ്റിയില്ല.. ആ സ്നേഹത്തിനു മുൻപിൽ തോറ്റു പോയി.. ഞങ്ങൾ രജിസ്റ്റർ മാര്യേജ് ചെയ്തു.. നാട്ടിലുള്ളതൊക്കെ വിറ്റ് പെറുക്കി ഇവിടെ ഇത്തിരി സ്ഥലവും വാങ്ങി.. കുറച്ചു കൃഷിയൊക്കെയുണ്ട്..”

കൃഷ്ണ എന്നെ നോക്കിയൊന്ന് ചിരിച്ചു.. ഭംഗിയായി…അപ്പോൾ അവളുടെ മുഖത്തിന്റെ ഒരു വശത്തെ വൈരൂപ്യം ഞാൻ കണ്ടിരുന്നില്ല..

“ഇതൊരു പുനർജ്ജന്മമാ മാഡം.. ആശകളറ്റു പോയിരുന്നൊരുവളുടെ പുനർജ്ജന്മം..”

അവളെന്നെ നോക്കി…

“ഇക്കയ്ക്ക് നിങ്ങളെയൊക്കെ വല്യ കാര്യമാ, കൂടപ്പിറപ്പുകളെ പോലെയാണെന്നാ പറയാ.. ഇക്കയ്ക്ക് ഉമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഒരു പാട് കഷ്ടപ്പെട്ട് വളർത്തിയതാ..പക്ഷെ ആള് പഠിച്ചൊക്കെ കഴിഞ്ഞപ്പോഴേക്കും ഉമ്മയങ്ങ് പോയി.. ഉമ്മയെ നല്ലോണം നോക്കാൻ പറ്റിയില്ലെന്നൊരു സങ്കടം ആ ഉള്ളിലുണ്ട്..…”

ഞാൻ പതിയെ അവൾക്കരികെ എത്തിയിരുന്നു…

“മാഡത്തിനെ വല്യ ഇഷ്ടമാ ആൾക്ക്,എന്നോട് പറഞ്ഞിട്ടുണ്ട്.. മാഡത്തിന്റെ കണ്ണുകൾ കാണുമ്പോൾ, എന്തോ, ഉമ്മയെ ഓർമ്മ വരുമെന്ന് …”

എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. പൊടുന്നനെ ഞാനവളെ കെട്ടിപ്പിടിച്ചു.. പതിയെ,സോറിയെന്ന് മന്ത്രിക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു .. ആ സോറി എന്തിനാണെന്ന് അവൾക്ക് മനസ്സിലായോയെന്നറിയില്ല.. പക്ഷെ അതവളുടെ ഭർത്താവിനുള്ളതായിരുന്നു…

അന്ന് എന്റെ കുടുംബത്തോടൊപ്പം ഞാൻ ചേർത്ത് വെയ്ക്കുകയായിരുന്നു,ഷാഹുലിനെയും അവന്റെ കുടുംബത്തെയും…

ഇന്ന് ഷാഹുലിന്റെയും കൃഷ്‌ണയുടെയും മകൻ അശ്വിന്റെ വിവാഹമാണ്.. ഞങ്ങളുടെ മകൾ ലയയാണ് വധു..

ലയയോടുള്ള ഇഷ്ടം ആദ്യമായി എന്നെ അറിയിച്ചതും അശ്വിനായിരുന്നു.. ഷാഹുലിന്റെ ചോരയല്ലെങ്കിലും,അവൻ വളർത്തിയ മകനെന്ന യോഗ്യത മതിയായിരുന്നു,എനിയ്ക്ക് ആ ബന്ധത്തിന് സമ്മതം മൂളാൻ…അവനെന്റെ മകളെ വേദനിപ്പിക്കില്ലെന്നറിയാൻ..

പഠിപ്പുണ്ടെങ്കിലും കൃഷിയാണ് ഉപജീവനമാർഗമെന്ന് തീരുമാനിച്ചതും അശ്വിനാണ് ..സ്കൂൾ ടീച്ചറായ ലയയുടെ പൂർണ്ണപിന്തുണയോടെ…

ജയേട്ടൻ ലയയുടെ കൈ പിടിച്ചു അശ്വിന്റെ കയ്യിൽ ചേർക്കുമ്പോൾ,കാഴ്ചയെ മറയ്ക്കുന്ന മിഴിനീർതുള്ളികൾക്കിടയിലൂടെ,ഞാൻ കണ്ടു, കൃഷ്ണയെ ചേർത്ത് പിടിച്ചു നിൽക്കുന്ന ഷാഹുലിനെയും…. നിറഞ്ഞ കണ്ണുകളും,പാതി വെന്ത മുഖത്തെ,മനോഹരമായ പുഞ്ചിരിയോടെയും അവൾ.. കൃഷ്ണ… ഷാഹുലിന്റെ പ്രണയം.. അവന്റെ പ്രാണൻ…