ഇങ്ങനെയും ചിലർ…
എഴുത്ത്:-സൽമാൻ സാലി
“”സലീമേ… എല്ലാരും വണ്ടിയിൽ കയറിയോ..
‘” ഉം…. കയറി.. ഹാജിക്കാ…
ഹാജിയാരുടെ മോളുടെ കല്യാണ നിശ്ചയമാണ് ഇന്ന്.. നാട്ടിൽ അറിയപ്പെടുന്ന പണക്കാരൻ… പക്ഷെ നാട്ടുകാർക്കിടയിൽ ഹാജിയാർക് വേറൊരു ഇരട്ട പേരുണ്ട് ” അർകീസ് ഹാജിയാർ “,…
പള്ളികമ്മിറ്റിക്കാരും രാഷ്ട്രീയ പിരിവുകാരും ഹാജിയാരുടെ വീട്ടിലേക്കു അയ്യായിരം പിരിവ് പ്രതീക്ഷിച്ചു ചെന്നാൽ അമ്പതോ നൂറോ കൊടുത്തു വിടും ഹാജിയാർ അതാണ് മൂപരുടെ കാരക്ടർ.. നാട്ടുകാർക്കിടയിൽ പൂത്തകാശുണ്ടെങ്കിലും അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവൻ..
ഹാജിയാരുടെ ഏക മകളുടെ നിശ്ചയമാണ്.. നാട്ടുപ്രമാണിമാരും പള്ളികമ്മിറ്റിക്കാരുമായിട്ട് പത്തമ്പതുപേരാണ് നിശ്ചയത്തിന് പുറപ്പെട്ടത്..
ചെക്കന്റെ വീട്ടിലെത്തിയതും അവിടുള്ള ആളുകൾ സലാം പറഞ്ഞു സ്വീകരിച്ചു.. ആ നാട്ടിലെ നാട്ടുപ്രമാണി അന്ത്രു ഹാജി ഹാജിയാരുടെ ഒരു നല്ല സുഹൃത് ആയിരുന്നു.. അവർ തമ്മിൽ അവിടെ വെച്ചു കണ്ടപ്പോൾ കുശലം പറയാൻ തുടങ്ങി..
“”എന്നാ പിന്നെ.. നമുക്ക്.. കാര്യത്തിലേക്കു കടന്നാലോ… ചെക്കന്റെ അമ്മാവന്മാരിൽ ഒരാളാണ് പറഞ്ഞത്..
“ഓ.. അതിനെന്താ..
” അതിനുമുൻപ് ഒരു കാര്യം അറിയണമെന്നുണ്ട്.. ഇവിടുത്തെ മോളെ കെട്ടിച്ചുവിടുമ്പോൾ എൺപത് പവനും പത്ത് ലക്ഷം ഉറുപ്പിയയും ആണ് കൊടുത്തത്.. നിങ്ങൾ എത്ര കൊടുക്കുമെന്ന് അറിഞ്ഞാൽ ഞമ്മക്ക് ഡേറ്റ് കാണാമായിരുന്നു…
ഹാജ്യാര് മുഖം ചുളിഞ്ഞു… എന്റെ പൈസയാണല്ലോ ഇവരുടെ ഉദ്ദേശം എന്ന് ഹാജിയാർ ചിന്തിച്ചു..
“” അല്ലാ.. ഇങ്ങള് എത്രയാ പ്രതീക്ഷിക്കുന്നത്.. ഹാജിയാർ ആ കാരണവരുടെ മുഖത്ത് നോക്കി തന്നെ ചോദിച്ചു…
ഹാജിയാരുടെ ചോദ്യം കാരണവർക്ക് തീരെ പിടിച്ചിരുന്നില്ല… അയാളും വിട്ടുകൊടുക്കാൻ തയ്യാറാകാതെ പറഞ്ഞു..
“ഒരു നൂറു പവനും.. പതിനഞ്ചു ലക്ഷം ഉറുപ്പിയയും.. അതാ ഞങ്ങൾ പ്രതീക്ഷിക്കുന്നത്…
ഊം…. ഹാജിയാർ ഒന്ന് ഇരുത്തി മൂളി.. സദസ്സിൽ നിന്നുമിറങ്ങി ചെക്കനേയും വിളിച്ചു അപ്പുറത്ത് മാറിനിന്നു അവനോടു ചോദിച്ചു..
“” അല്ല മോനെ.. കാരണവന്മാരുടെ തീരുമാനം തന്നെയാണോ നിന്റെയും..
“” അത്… അത്.. ഇതൊക്കെ കാരണവന്മാർ അല്ലേ തീരുമാനിക്കേണ്ടത്…
“” അയിന് ഞാൻ എന്റെ മോളെ കെട്ടിക്കുന്നത് കരണവന്മാർക്ക് അല്ലാലോ അതുകൊണ്ടാ നിന്നോട് ചോദിക്കുന്നത്.. പത്തരപവൻ പൊന്ന് കൊടുക്കും ന്റെ മോൾക്ക്.. അതും അവൾ ആവശ്യപ്പെട്ടാൽ.. അനക്ക് കെട്ടാൻ പറ്റുമോ…?
ഹാജിയാരുടെ ചോദ്യത്തിൽ ഒന്ന് പകച്ചുപോയ പയ്യൻ..
“” ഇതൊക്കെ നാട്ടുനടപ്പല്ലേ… കാരണവന്മാരുടെ തീരുമാനം തന്നെയാണ് എന്റെയും തീരുമാനം…
ഹാജിയാർ സദസ്സിലേക്ക് തന്നെ കയറി വന്നു.. തന്റെ സുഹൃത്തും ആ നാട്ടിലെ പ്രമാണിയുമായ അന്ത്രുകയോട് പറഞ്ഞു. നമുക്ക് ഈ ആലോചന ഇവിടെ നിർത്താം.. ഇത്രയും പൊന്നും പണ്ടവും കൊടുത്തു ഞാനെന്റെ മോളെ കെട്ടിച്ചു വിടുന്നില്ല…
ഹാജിയാരുടെ കൂടെ വന്നവർപോലും പരസ്പരം പിറുപിറുത്തു…ഇയാൾ ഇത്രയും സമ്പാദിച്ചിട്ട് മോളെ കെട്ടിച്ചുവിടാൻ ചിലവയിക്കുന്നില്ലെങ്കിൽ പിന്നെ മരികുമ്പോൾ ഒപ്പം കൊണ്ടുപോകാനാണോ എന്ന് കൂടെയുള്ളവർ തന്നെ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞുകൊണ്ടിരുന്നു..
കുറച്ചു നേരത്തെ ചർച്ചകൾക് ശേഷം.. അവർ കല്യാണത്തിൽ നിന്നും പിന്മാറി..
തിരിച്ചുവരുമ്പോൾ മറ്റുള്ള വണ്ടിയിലുള്ളവർ ഹാജിയാരുടെ പിശുക്കിനെ കളിയാക്കി ചിരിച്ചുകൊണ്ടിരുന്നു.. സലീം മാത്രം മിണ്ടാതെ വണ്ടി ഓടിച്ചുകൊണ്ടിരുന്നു..
കാരണം സലീമിനും ഹാജ്യാർക്കും മാത്രം അറിയാവുന്ന ചില രഹസ്യങ്ങളുണ്ട്..
പത്തമ്പത് കുടുംബങ്ങൾ ഉണ്ട് ഹാജിയാരുടെ സഹായത്താൽ കഴിഞ്ഞു പോകുന്നവർ.. ഹാജിയാരുടെ നാട്ടിലും പുറത്തുമായിട്ട്.. അവര്കുള്ള സഹായം എത്തിക്കുന്നത് സലീം ആണ്..
സലീമിന്റെ ഉപ്പ ഹാജിയാരുടെ ഡ്രൈവർ ആയിരുന്നു.. ഉപ്പ മരിച്ചപ്പോൾ ഇരുപതാം വയസിൽ ഹാജിയാരുടെ ഡ്രൈവറായി വന്നതാണ് സലീം. അതിന് ശേഷം ഹാജിയാരുടെ സഹായങ്ങൾ വേണ്ടപ്പെട്ടവർക്ക് എത്തിക്കുന്നത് സലീം ആണ്..
ഹാജിയാരുടെ വീട്ടിൽ സഹായം ചോദിച്ചു വരുന്നവരുടെ അടിയാധാരം വരെ ചോദിച്ചു മനസിലാക്കി നൂറോ അഞ്ഞൂറോ കൊടുത്തു പറഞ്ഞു വിടും ഹാജിയാർ.. പക്ഷെ പിറ്റേ ദിവസം സലീമിനെ വിട്ടു കാര്യങ്ങൾ അന്വേഷിക്കും സഹായത്തിനു അർഹരാണെങ്കിൽ സലീമിന്റെ കൈവശം കൊടുത്തുവിടും.. ചിലർ ആളറിയാത്ത സഹായം നിരസിക്കുമ്പോൾ മാത്രം ഹാജിയാരുടെ പേര് പറയും ഒരു കണ്ടീഷൻ മാത്രം.. ഹാജിയാരുടെ സഹായം പുറത്തു പറയരുത്… വാങ്ങിയവർ ആരും ഇതുവരെ അത് തെറ്റിച്ചിട്ടുമില്ല…
വീട്ടിലെത്തിയ ഹാജിയാർ റൂമിൽ കയറി മോളെ വിളിച്ചു..
“”മോളെ സക്കീനാ… ഉപ്പ.. ഈ കല്യാണം വേണ്ടാന്നു വച്ചു… പുതിയാപ്ലക്ക് ഉപ്പാന്റെ സ്വത്തിന്റെ മേലാണ് കണ്ണ്.. ന്റെ മോളെ.. കൂടെ കൊണ്ടുപോകാൻ പണം കൊടുക്കാൻ ഉപ്പ തെയ്യാറല്ല… മോൾക്ക് വിധിച്ചത് അവനെയല്ല.. ഇൻഷാ അല്ലാഹ്.. നമുക്ക് വേറെ ആലോചിക്കാം…
“” സാരമില്ല.. ഉപ്പാ… ഉപ്പാന്റെ തീരുമാനം എനിക്ക് നല്ലതിനാവും.. സക്കീന റൂമിൽ നിന്നും പുറത്തേക്കു പോയി…
ഒരുവര്ഷത്തിന് ശേഷം ഹാജിയാരുടെ മോളുടെ കല്യാണം നടക്കുന്ന കല്യാണമണ്ഡപത്തിൽ പത്തരപവൻ പൊന്നണിഞ്ഞു മൊഞ്ചത്തിയായി സകീനയും അവൾക് വരനായി ഹാജിയാരുടെ വിശ്വസ്തനായ ഡ്രൈവർ സലീമും… ഒപ്പം വേറെയും ഒൻപതു പെൺകുട്ടികളുടെ വിവാഹം അവിടെ വെച്ചു നടന്നു.. എല്ലാവർക്കും പത്തുപവനും കല്യാണ ചിലവും വഹിച്ചത് ഹാജിയാർ തന്നെ…
കല്യാണത്തിന് വന്നു വയറു നിറയെ ബിരിയാണിയും തട്ടി പല്ലിൽ കുത്തികൊണ്ട് ഇറങ്ങിപ്പോകുന്ന നാട്ടുകാരിൽ ചിലർ പറയുന്നുണ്ടായിരുന്നു
“” ഹാജിയാർ കാര്യമായിട്ട് ആരെയോ പറ്റിച്ചിട്ടുണ്ട്.. അല്ലാതെ അയാൾ ഇങ്ങനെ ചിലവയിക്കുകയില്ല “..
“” അതെ ചിലർ ഇങ്ങനെയാണ് ഹാജ്യാരെ പോലെ താൻ ചെയ്യുന്ന സഹായം മറ്റാരും അറിയരുതെന്ന് ആഗ്രഹിക്കുന്നവർ.. ചിലർ നാട്ടുകാരിൽ ചിലരെ പോലെയാണ് ഹാജ്യാരുമാരുടെ ബിരിയാണിയും തിന്നു അവരെ തന്നെ കുറ്റം പറയുന്നവർ…
വലതു കൈകൊണ്ടു കൊടുക്കുന്ന ദാനം ഇടതു കൈ അറിയരുതെന്നാണ്…
പക്ഷെ ഇന്ന് ഒരു സ്റ്റേജും കാണാൻ നൂറു ആളുമുണ്ടെങ്കിൽ ലക്ഷങ്ങൾ വാരിക്കോരി കൊടുക്കുന്നവർ തന്നെയാണ് തന്റെ വീട്ടിൽ സഹായം ചോദിച്ചു വരുന്നവർക്ക് കൊടുക്കാൻ കീശയിലെ മുഷിഞ്ഞ നോട്ടുകൾ തപ്പുന്നതും…