സാറെ … പൈസ എങ്ങനേലും തന്നോളാം . മൂന്ന് പെമ്പിള്ളേരാ . ഈ അടച്ചുറപ്പില്ലാത്ത കൂരയിൽ അവരേം കൊണ്ട് ……

ശിഷ്ടം

Story written by Sebin Boss J

”’ സാറ് പറയുന്നതൊക്കെ ശെരിയായിരിക്കാം. വിദ്യാഭ്യാസത്തിലും ബിസിനസിലും എല്ലാവർക്കും വിജയിക്കാനാവത്തില്ലല്ലോ സാറെ . വൈറ്റ് കോളർ ജോലിയും കിട്ടില്ല. സ്വന്തമായി അധ്വാനിക്കാനുള്ള ഭൂമിയുമില്ല . ആകെയുള്ള സമ്പാദ്യം പണി യെടുക്കാനുള്ള ആരോഗ്യവും പൊരുതാനുള്ള മനസുമാണ് ..എന്നെ തൂക്കി വിറ്റാൽ പോലും നിങ്ങൾ ചോദിച്ച പണം തരാൻ എന്നെക്കൊണ്ടാവില്ല. ഇപ്പൊ ഞാൻ നോക്കിയാലൊട്ടു ഉണ്ടാകത്തുമില്ല . “”

വില്ലേജ് ഓഫീസറുടെ മുന്നിൽ കയറിനിന്ന് പറയുമ്പോൾ സ്റ്റീഫന്റെ കണ്ണുകളിൽ അഗ്നിപാറിയിരുന്നു .

“” വെറും പതിനായിരമല്ലേ തന്നോട് ഞാൻ ചോദിച്ചുള്ളൂ .എന്റെ ഈ ഒപ്പിന് പകരം തനിക്ക് കിട്ടുന്നത് കയറിക്കിടക്കാനുള്ള ഒരു വീടാണന്നോർമ വേണം “‘

“”‘ സാറെ … പൈസ എങ്ങനേലും തന്നോളാം . മൂന്ന് പെമ്പിള്ളേരാ . ഈ അടച്ചുറപ്പില്ലാത്ത കൂരയിൽ അവരേം കൊണ്ട് ….”’ .

ടാർപോളിൻ കൊണ്ട് മറച്ച ഒറ്റമുറി കൂരയുടെ മണ്ണിലേക്ക് ലൈഫ് മിഷന്റെ ഫയൽ ഇട്ടിട്ട് നിസാരഭാവത്തിൽ വില്ലേജ് ഓഫീസർ പുറത്തേക്ക് നടന്നപ്പോൾ , പാവപ്പെട്ടവരുടെ കൈക്കൂലിയായ പഞ്ചസാര ഇടാത്ത കട്ടൻകാപ്പി പുറമ്പോക്കിലെ മൂന്ന് കല്ല് നാട്ടിയുണ്ടാക്കിയ അടുപ്പിൽ പുകയൂതി കത്തിച്ചുണ്ടാക്കുകയായിരുന്ന സ്റ്റീഫന്റെ ഭാര്യ അവരുടെ സംസാരം കേട്ട് കലങ്ങിയ കണ്ണുകളുമായി , വില്ലേജോഫീസറുടെ കാൽക്കൽ വീണുകൊണ്ട് പറഞ്ഞു

“” സാധിക്കില്ല കൊച്ചേ . ഈ നക്കാപ്പിച്ച ശമ്പളം കൊണ്ടെനിക്കൊന്നുമാകില്ല . പിഎഫ് ഗ്രാറ്റുവിറ്റി , മൂന്ന് പാർട്ടിടേം പിരിവ്, പള്ളിവക വേറെ പിരിവ്..പിന്നെ ഈ പണി കിട്ടാൻ വേണ്ടി പി എസ് സി ഓഫീസർമാർക്കും രാഷ്ട്രീയക്കാർക്കും കൊടുക്കാനെടുത്ത ലോൺ അടക്കാൻ പോലും ഇപ്പോ പറ്റുന്നില്ല . നിങ്ങളെ പോലെയുള്ളൊരോട് അല്ലെ വാങ്ങിക്കാൻ പറ്റൂ പെൻഷൻ ആകുമ്പോഴെങ്കിലും എനിക്കും ഒന്ന് സ്വസ്ഥമാകണം ഈ ബാധ്യതയൊക്കെ തീർത്തിട്ട് . ”’

തന്റെ പക്ഷം ന്യായീകരിച്ചുകൊണ്ട് വില്ലേജ് ഓഫീസർ ആറ്റിറമ്പിലെ പുറമ്പോക്കിൽ നിന്ന് റോഡിലേക്കുള്ള വഴിയേ നടന്നപ്പോൾ കളറ് മങ്ങിയ യൂണിഫോമിട്ട മൂന്ന് പെൺകുട്ടികൾ ഒരാളോട് ഭയത്തോടെ സംസാരിക്കുന്നുണ്ടായിരുന്നു .

“‘ കടം കേറി തൂങ്ങിച്ചത്ത ജോർജ്ജിന്റെ മകൻ സ്റ്റീഫൻ താമസിക്കുന്നത് വീട്ടിലേക്ക് പോകുന്നത് ഈ വഴിയാണോ മക്കളെ ?”’

“‘ആ … ഇതിലെ ഇച്ചിരി പോയാമതി . അവരുടെ തറവാട് ജപ്തിചെയ്തതല്ലെ ? ”’

”’ ബാങ്കീന്നാ …മകനാ ജാമ്യക്കാരൻ . ശിഷ്ടത്തുക മക്കളുടെ പങ്കിൽ നിന്ന് ഈടാക്കണമെന്നാ ചട്ടം ”’

“‘ചെല്ല് ..ഇപ്പോകിട്ടും .”’

വില്ലേജ് ഓഫീസർ പുച്ഛസ്വരത്തിൽ പറഞ്ഞിട്ട് നടന്നകന്നപ്പോൾ സ്ഥിരം കിട്ടുന്ന ഉച്ചക്കഞ്ഞിയുടെ പങ്കിനായി കുട്ടികളുടെ ചുറ്റിനും നടക്കുന്ന വളർത്തുനായ വിശപ്പിന്റെ ആധിക്യം മൂലം അക്ഷമനായി മുരണ്ടുകൊണ്ട് അവരുടെ പാവാടയിൽ കടിച്ചു വീട്ടിലേക്ക് വലിക്കുന്നുണ്ടായിരുന്നു.