ഞാനൊന്ന് ഒച്ചവെച്ചിരുന്നേൽ ആരെങ്കിലും അറിഞ്ഞേനെ.. പക്ഷെ അതിനുള്ള സാവകാശം ന്റെ ഖൽബ് കെട്യോൾ തന്നില്ല…

ചിക്കൻ പൊട്ടിത്തെറിച്ചത് ..

എഴുത്ത്:-സൽമാൻ സാലി

രണ്ടീസം ആയിട്ട് ശരീരം ബെല്യ വേദനായോണ്ട് ഒന്നും എഴുതാൻ പറ്റീല..

ചിക്കൻ പൊട്ടിത്തെറിച്ചതിന്റെ ബിശേഷം നിങ്ങളോട് പറയണം എന്ന് ബിജാരിച്ചതാ.. പക്ഷെ കൈ പൊങ്ങണ്ടേ….

കേക്ക് ഉണ്ടാക്കി പിറ്റേ ദിവസം രാവിലെ തന്നെ മ്മളെ കെട്യോൾ ചിക്കൻ മാങ്ങാൻ പറഞ്ഞേച്ചു. തലേ ദിവസം വയറ് കാലിയായോണ്ട് ഞാൻ വേഗം പോയി ചിക്കനും വാങ്ങി വന്നപ്പോ ഓളെ കാണുന്നില്ല..

“”ഓൾക് ഇടക്ക് ഉള്ളതാ ഞാൻ എടേലും പോയി വന്നാൽ ഒരു ടോം and ജെറി കളി…

ഞാനും ഓളെ കുട്ടിക്കളിക്ക് നിന്നൊടുക്കും.. ഒളിച്ചിരിക്കുന്നത് കണ്ടാലും കാണാത്തപോലെ കുറേ നോക്കുന്നത് പോലെ അഭിനയിക്കും.. അവസാനം ഓൾ എവിടെന്നെലും ഒച്ചയുണ്ടാക്കി പേടിപ്പിക്കാൻ നോക്കും… നല്ല രസാണ്.. ആ ഒളിച്ചു കളി.. ഇടക്ക് മോളും ഓളും കാട്ടിലിനുള്ളിൽ കേറി ഇരുന്നു ഇറങ്ങാൻ പറ്റാണ്ട് ആകെ എടങ്ങാറായി പണി പാളീട്ടും ണ്ട് …

ആ.. അത് പറഞ്ഞേരം ആണ് ഓർമ ആയത്.. ഓളെ കാണാൻ പോയപ്പോ ഭയങ്കര കോമഡി ആയിരുന്നു…

ലീവിന് പോയി പെണ്ണ് അന്വേഷിച്ചു കിട്ടാതെ അലമ്പായി നിക്കുമ്പോളാണ് ഓൾടെ ആങ്ങള ആലോചനയുമായി വന്നത്.. പിറ്റേ ദിവസം തന്നെ ഓളെ കാണാൻ കൂട്ടുകാരനെയും കൂട്ടി പോയി….

ഓൾടെ വീട്ടിലെത്തിയപ്പോൾ ഉപ്പേം അങ്ങളേം സംസാരിച്ചിണ്ടിരിക്കുമ്പോൾ ഓൾടെ ഉമ്മ ജ്യൂസുമായി വന്നു… ആദ്യ ഇറക്ക് ജ്യൂസ് കുടിച്ച ന്റെ കിളി പോയി… പഞ്ചാര ഇട്ടിട്ടു തവിടു കലക്കോയതാണെന്നാണ് ഞാൻ കരുതിയത്… പിന്നെ കല്യാണം കഴിഞ്ഞപ്പോൾ ഓള് പറഞ്ഞു അത് ബദാമ് തൊലി കളയാതെ ജ്യൂസ് അടിച്ചതാണെന്ന്…

എല്ലാരേം കണ്ടിട്ടും ഓളെ കാണാതെ ഓളെ ഉപ്പാന്റെ മുഖത്തു നോക്കിയപ്പോൾ ഓളെ ഉപ്പ നീട്ടി ഒരു വിളിച്ചു…

“ഫിദാ….

അപ്പുറത്തെ വീട്ടീന്ന് “ക്കൂൂയ് ‘സൗണ്ടും ഉണ്ടാക്കി പള്ളികൊളത്തിലും തൊട്ടിലൊക്കെ കാണുന്ന എഴുത്തച്ഛൻ വരും പോലെ (ഞങ്ങളുടെ നാട്ടിൽ അങ്ങനെ ആണ് പറയുന്നത് വെള്ളത്തിന്റെ മുകളിലെ അങ്ങോട്ടും ഇങ്ങോട്ടും സ്പീഡിൽ ഓടികളിക്കുന്ന ഒരു കൂറയെ പോലുള്ള സാധനം )പറമ്പും തുള്ളി ചാടി ഒരു സാധനം പെരുന്നാൾ രാവിന് വാണം വിട്ടപോലെ അകത്തേക്ക് ഒരു പോക്ക്..

കുറച്ചു നേരം കഴിഞ്ഞു ഓളെ വാപ്പ വന്നു അകത്തു കേറി സംസാരിച്ചോളാൻ പറഞ്ഞു…

പേര് ഫിദ എന്നറിയാമെങ്കിലും ഞാൻ ഒന്നൂടെ ഓളെ പേര് ചോയിച്ചു

തലയിലിട്ട ഷാൾ ചൂണ്ടുവിരലിൽ ചുറ്റിപിണച്ചു കാല് കൊണ്ട് ബൈക്ക് ലൈസൻസ് എടുക്കാൻ പോയപ്പോ എട്ട് എഴുതിയപോലെ വട്ടം വരച്ചുകാണിച്ചോണ്ട് ഓളെ പേര് പറഞ്ഞു

“”പിച്ചാ…

“”നിന്നെ കെട്ടിയാൽ ഞാൻ പിച്ച എടുക്കേണ്ടി വരുമല്ലോ മോളെ എന്ന് മനസ്സിൽ പറഞ്ഞെങ്കിലും.. ഞാൻ ഒന്നൂടെ ചോദിച്ചു പേര് എന്താന്നാ പറഞ്ഞേ..

ഫിദ.. പക്ഷെ ന്നെ എല്ലാരും ബീര്യത്തിൽ പിച്ച എന്നാ ബിളിക്കുവാ…

ഇനി മുതൽ ഞാനെടുത്തോളാമെടി പിച്ചാ എന്നും പറഞ്ഞു അവിടെന്ന് ഇറങ്ങിയതാണ്..

അങ്ങനെ പതിനഞ്ചാം നാള് ഓളെ ന്റെ മണവാട്ടിയായി പോരേൽ കേറി വന്നു…

ആദ്യം രാത്രി കോമഡി ഉണ്ട് അത് ഇപ്പൊ പറയുന്നില്ല.. ഇന്നലെത്തെ വേദന മാറീട്ടില്ല..

അങ്ങനെ വീട്ടിൽ കേറി ടോം and ജെറിയിലെ പൂച്ചയെ പോലെ പമ്മി പമ്മി അകത്തു കേറിയതും പിന്നിൽ നിന്നും കുക്കറിന്റെ മൂടി കൊണ്ട് തലക്കിട്ട് കിട്ടി ഒന്ന്… പിന്നെ അറഞ്ചം പുറഞ്ചം അടിയായിരുന്നു…

“”ഞാനൊന്ന് ഒച്ചവെച്ചിരുന്നേൽ ആരെങ്കിലും അറിഞ്ഞേനെ.. പക്ഷെ അതിനുള്ള സാവകാശം ന്റെ ഖൽബ് കെട്യോൾ തന്നില്ല…

ഞാൻ കോഴി വാങ്ങാൻ പോയ നേരത്ത് മ്മളെ കെട്യോൾ ഫേസൂകിൽ കേറി നോക്കിയതും കാണുന്നത് തന്നെ ഓളെ കേക്ക് ഉണ്ടാക്കിയ കഥ.. അയിന്റെ കമന്റും വായിച്ചു എന്റെ കഥ കഴിക്കാൻ ഇരുന്നതാ.. പിന്നെ ഓള് പട്ടിണിയാവും എന്ന് കരുതി കൊല്ലാതെ വിട്ടു…

“”ഹൗ… കൈ നല്ല വേദന അതികം ടൈപ് ചെയ്യാൻ പറ്റുന്നില്ല… നിർത്തുന്നതിന് മുൻപ് ഒന്നൂടെ പറയുന്നു…

ന്റെ ഓള് അന്ന് ഉണ്ടാക്കിയ കേക്ക് അടിപൊളി ആയിരുന്നു.. എനിക്ക് വയറിനു കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല.. ഓള് നല്ല കുക്ക് ആണ്.. ന്റെ രാജാത്തിയാണ്… ന്റെ ഖൽബണ്.. മുത്താണ്..

ഈ പോസ്റ്റ്‌ വായിച്ചിട്ടെങ്കിലും ഓള് കഞ്ഞി വെച്ച് തന്നാൽ മതിയായിരുന്നു….ഇന്നലെ വാങ്ങിച്ച കോഴി മുഴുവൻ ഓളും മോളും അടിച്ചു.. എനിക്ക് തിന്നാ വയറിളകും എന്നാ പറയുന്നേ….

കേക്ക് ഉണ്ടാക്കിയ കഥ