മനസ്സിൽ നിന്നും പറച്ചു മാറ്റാൻ കഴിയാതെ വേറെ ഒരുത്തന്റെ പെണ്ണായി ജീവിക്കുമ്പോൾ അവളുടെ……..

Story written by Navas Amandoor

“വേണ്ടപ്പെട്ടവർ മരിച്ചാൽ പൊട്ടികരയുക. സങ്കടം മാറും വരെ ആർത്തലച്ചു കരയുക.”

കരയാതെ.

“ഉള്ളിലൊരു കരച്ചിൽ ബാക്കിയായവർ മനസ്സിലെ വീർപ്പുമുട്ടൽ മാറാൻ പൊട്ടിക്കരയാൻ കൊതിക്കും. “

ഒരു മരണവീട്ടിൽ വെച്ചാണ് രാഹുൽ സ്മിതയെ കാണുന്നത്. ഓരോ തിരക്കുകളിൽ ഓടി നടക്കുന്ന രാഹുലിനെ സ്മിത ശ്രദ്ധിച്ചു.

ഏത് നേരത്തും എന്ത് അത്യാവശ്യത്തിനും വിളിച്ചാൽ ഓടി വരുന്ന രാഹുലിനെ എല്ലാവർക്കും ഇഷ്ടമാണ്. കേട്ടറിഞ്ഞ രാഹുലിനെ നേരിട്ട് കണ്ടപ്പോൾ ആ ഇഷ്ടം അവൾക്കും അവനോട് തോന്നി.

ഒന്നിനും സമയം കിട്ടാതെ ഒരു യാത്ര പറച്ചിലിന് പോലും സമയം കൊടുക്കാതെ രാഹുലിന്റെ അച്ഛന്റെ ചേട്ടനെ പെട്ടന്നൊരു നെഞ്ചു വേദന കൊണ്ടുപോയി.

മരണം ചിലപ്പോൾ അങ്ങനെയാണ്. ചിലപ്പോൾ മരണത്തെ കാത്ത് നിന്നാലും വരില്ല.

സ്മിതയുടെ ചേച്ചി വിധവയായി. ഈ പകലിൽ എരിയുന്ന ചിതയിൽ ഒരുപാട് പേരുടെ ഒറ്റപ്പെടലിന്റെ നോവിന്റെ കനലുകൾ ഉണ്ട്. ആ കനലുകൾ വർഷങ്ങളോളം കനലായി തന്നെ മനസ്സിൽ എരിയും.

“രാഹുലല്ലെ…?”

“അതെ… അറിയാം. മനസ്സിൽ വല്ലാത്തൊരു നൊമ്പരം.. നീ ഒറ്റക്ക് ഇരിക്കുന്നത് കണ്ടപ്പോൾ കുറച്ചു നേരം മിണ്ടാൻ വന്നതാണ്.”

പെൺ കുട്ടികളോട് മിണ്ടാൻ പണ്ടേ നാണമാണ് രാഹുലിന്.അവളുടെ വാക്കുകൾക്ക് ഒരു മൂളൽ മാത്രമായിരുന്നു മറുപടി.

ഒരാഴ്ചയോളം അവർ രണ്ട് പേരും ആ വീട്ടിൽ ഉണ്ടായിരുന്നു. ആ ഒരാഴ്ചയാണ് അവന്റെ മനസ്സിൽ അവളോട് പ്രണയം ഉണ്ടായത്.

മരണവീട്ടിൽ നിന്നും തിരിച്ചു പോകുമ്പോൾ സ്മിത ജീവിതത്തിൽ എന്നും കൂടെ ഉണ്ടാവാൻ അവൻ ആഗ്രഹിച്ചു.

വീട്ടിൽ വന്നു എല്ലാവരോടും കാര്യം പറഞ്ഞപ്പോൾ വീട്ടുകാർക്കും സമ്മതം.

“അച്ഛൻ വയ്യാണ്ടായി കിടക്കുവല്ലേ.. അച്ഛൻ ഉഷാറായിട്ട് നമ്മുക്ക് ഈ കല്യാണം നടത്താം.. പോരെ മോനെ.”

“അങ്ങനെ മതി.. അമ്മേ.”

ഫോൺ വിളിചപ്പോഴും ചാറ്റ് ചെയ്തപ്പോഴും ഒരിക്കൽ പോലും രാഹുൽ അവളോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല.

രാത്രിയിൽ ഉറങ്ങാതെ സംസാരിക്കാൻ വിഷയങ്ങൾ ഉണ്ടായിരുന്നു. രണ്ട് പേരുടെയും മനസിൽ ഉള്ള പ്രണയത്തിന്റെ തിളക്കം പറയാതെ അറിയുന്നുണ്ടാവും.

“അതെ വെള്ളിയാഴ്ചയാ എന്റെ പിറന്നാൾ.. എനിക്ക് എന്താണ് ഗിഫ്റ്റ് തരിക.”

“തരും.. പക്ഷെ ഇപ്പോൾ പറയില്ല മോളേ.”

ആദ്യമായി ഇഷ്ടം തോന്നിയ പെണ്ണ്. ജീവിതത്തിൽ എന്നും കൂടെ ഉണ്ടാവാണെമെന്ന് ആഗ്രഹിക്കുന്ന പെണ്ണ് അവൾക്ക് ആദ്യമായി കൊടുക്കുന്ന സമ്മാനം എന്നും ഓർമ്മിക്കാൻ ഉള്ളതാവണം.

ബുധനാഴ്ച ജോലി കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ അവന്റെ കൈയിൽ ഒരു ഗിഫ്റ്റ് ബോക്സ്‌ ഉണ്ടായിരുന്നു.

“നീ ഇന്ന് നേരത്തെ ആണല്ലോ.. നീ കേറിയിരിക്ക്.. അച്ഛനെ നോക്കിക്കോ.. എനിക്ക് ഒന്ന് കടയിൽ പോകണം.”

“അമ്മ പോയി.. വാ.”

അമ്മ പോയപ്പോൾ രാഹുൽ മൊബൈൽ എടുത്തു സ്മിതയെ വിളിച്ചു.ടീവി ഓൺ ചെയ്തു.

ടീവിയിൽ നോക്കി ഇരിന്ന് അവളോട് സംസാരിച്ചു തുടങ്ങി.

കുറച്ചു കഴിഞ്ഞപ്പോൾ അമ്മ വന്നു.

അമ്മ വന്ന് വീട്ടിൽ കയറി അച്ഛൻ കിടക്കുന്ന മുറിയിലേക്ക് കയറി.

പെട്ടന്ന് അമ്മയുടെ കരച്ചിൽ.മൊബൈൽ താഴെയിട്ട് രാഹുൽ മുറിയിലേക്ക് ഓടി ചെന്നു.

വെള്ളം കുടിക്കാൻ ദാഹിച്ചു അടുത്ത മേശയിലിരിക്കുന്ന വെള്ള ജഗ്ഗിലേക്ക് കൈ എത്തിച്ചു മരിച്ചു കിടക്കുന്ന അച്ഛൻ.

“ദൈവമെ ഞാൻ ഇവിടെ ഉണ്ടായിട്ടും.. ഞാൻ അറിഞ്ഞില്ല ല്ലോ.”

ജീവൻ ശരീരത്തിൽ വിട്ട് അകലുന്ന നേരത്ത് ഉണ്ടാകുന്ന ദാഹത്തിന് എത്ര വെള്ളം കുടിച്ചാലും പോരാതെ വരും.വെള്ളം കിട്ടാതെ മരിച്ചാൽ ആ ആത്മാവിന്റെ ദാഹം തീരുമോ.

അച്ഛനെ പൊക്കി എടുത്തു ഹോസ്പിറ്റലിൽ കൊണ്ട് പോയി.

ഡോക്ടർ മരണം സ്ഥിരീകരിച്ചു.

ഇന്നലെ വരെ വീട്ടിൽ പിന്നിൽ നിന്ന രാഹുൽ മുൻപിലേക്ക് കയറി നിന്നു.

ഈ സമയം മുതൽ ഇനി അവനാണ് വീടിന്റെ നാഥൻ.

അച്ഛനെ വീട്ടിൽ കൊണ്ട് വന്നു.

നാളികേരത്തിൽ എള്ളും അരിയും നിലവിളക്കിന്റെ തിരി തെക്കോട്ട് വെച്ച് അച്ഛനെ വീട്ടിൽ കൊണ്ട് കിടത്തി.

എല്ലാത്തിനും അവനാണ് മുൻപിൽ.

അനിയൻ കരയുന്നുണ്ട്.അമ്മയും നിലവിളിച്ചു നെഞ്ചിൽ അടിച്ചു കരഞ്ഞു.കുടുംബക്കാരും കൂട്ടുകാരും അയൽവാസികളും കരഞ്ഞു.

പക്ഷെ രാഹുൽ മാത്രം കരഞ്ഞില്ല.അവന്റെ കണ്ണുകൾ നിറഞ്ഞില്ല.ജലമംശം ഇല്ലാത്ത കണ്ണുകൾ മരവിച്ച മനസ്സിന്റെ കണ്ണാടി പോലെ നിർവികരമായ മുഖം.

ചില നേരം അവിടെയിവിടെ മാറി നിക്കും. പിന്നെ അച്ഛന്റെ അരികിൽ വന്നിരിക്കും. മരണം നടന്ന നേരം മുതൽ ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല

ഇടക്ക് എപ്പോഴോ ബാത്‌റൂമിന്റെ ചുമരിൽ തലയിട്ട് അടിച്ച അവന്റെ നെറ്റിയിലെ മുഴ. ഒരു പക്ഷെ ആരും കണ്ടില്ലായിരുന്നങ്കിൽ നെറ്റി പൊട്ടി ചോര ഒഴുക്കുമായിരുന്നു.

രാത്രി വെളുക്കുവോളം ഒന്ന് കണ്ണ് ചിമ്മാതെ അച്ഛന്റെ അരികിലിരുന്ന് നേരം വെളുപ്പിച്ചപ്പോൾ ഫ്രീസറിന്റെ ഉള്ളിലെ ശരീരത്തിൽ നിന്നും വേർപ്പെട്ടുപോയ അവന്റെ അച്ഛന്റെ ആത്മാവ് മകൻ ഒന്ന് പൊട്ടി കരഞ്ഞിരുന്നങ്കിലെന്ന് പ്രാർത്ഥിച്ചിട്ടുണ്ടാകും.

പിറ്റേന്ന് അച്ഛന്റെ ശരീരം ചിതയിൽ വെച്ചു.

മരണം മുതൽ ഓരോ നിമിഷവും ഇനി എല്ലാം ഞാൻ ആണന്നുള്ള തോന്നലിൽ അവൻ സ്വയം ഉത്തവാദിത്വം ഏറ്റുടുത്തു.

എരിയുന്ന ചിത യെ നോക്കി ഉമ്മറത്തു ഇരിക്കുമ്പോളാണ് സ്മിതയുടെ പിറന്നാളിന്റെ കാര്യം ഓർമ്മ വന്നത്.

“വേണ്ട.. ഇനി പ്രണയമൊന്നും പറ്റില്ല. അവൾക്ക് വാങ്ങിയ ഗിഫ്റ്റ് കൊടുത്തു എല്ലാം അവസാനിപ്പിക്കണം.”

അപ്പോഴും കണ്ണൊന്ന് നിറയാൻ ആഗ്രഹിക്കുന്നുണ്ട് അവന്റെ മനസ്സ്.

അന്ന് രാത്രി ആരോടും പറയാതെ രാത്രി പന്ത്രണ്ട് മണിക്ക് ബൈക്കിൽ അവൻ സ്മിതയുടെ വീട്ടിലേക്ക് പോയി.

വീടിന്റെ ഗൈറ്റ് തുറന്ന് പുറത്ത് കസേരയിൽ അവൻ അവളുടെ കൈകളിൽ നിന്നെ എനിക്ക് ഇഷ്ടമാണ് പെണ്ണേ യെന്ന് പറഞ്ഞു പുഞ്ചിരിയോടെ കൊടുക്കാൻ ആഗ്രഹിച്ച സമ്മാനം അവിടെ വെച്ചു തിരിഞ്ഞു നടന്നു.

അവളെന്ന മോഹത്തെ അടിച്ചമർത്തി ജീവിക്കാനുള്ള ശ്രമം.

അവൾ പലവട്ടം വിളിച്ചിട്ടും സംസാരിക്കാൻ സമ്മതിക്കാത്ത മനസ്. ചുണ്ടിലെ പുഞ്ചിരിയും കണ്ണിലെ കണ്ണീരും നഷ്ടമായവന് അവളുടെ കല്യാണവും സങ്കടപ്പെടുത്തിയില്ല.

വർഷങ്ങൾ കഴിഞ്ഞു പോയി. അനിയൻ പെണ്ണ് കെട്ടി. ഒന്ന് കരയാൻ കൊതിച്ചു ഒരു കരച്ചിലിന്റെ നെടുവീർപ്പിൽ ഈ ജീവിതം അവൻ ഒറ്റക്ക് ജീവിച്ചു തീർക്കുമ്പോൾ അവൻ അറിയാതെ പോയത് അവളുടെ മനസ്സാണ്.

അച്ഛന്റെ ചിതയെരിയുമ്പോൾ കാമുകിക്ക് സമ്മാനം കൊടുത്ത കാമുകനെ നാട്ടുകാർക്ക് വിമർശിക്കാം. പരിഹസിക്കാം.. പക്ഷെ മനസ് വെന്ത് നീറുന്ന വേദനയിലെ അവളെ ഓർത്ത് അവൾക്ക് വാങ്ങിയ സമ്മാനം അവൾക്ക് കൊണ്ട് കൊടുത്ത രാഹുൽ ആ രാത്രി മുതൽ അവളുടെ ആണായി അവൾ മനസ്സിൽ ഉറപ്പിച്ചു.ഒരിക്കലും മറക്കാൻ കഴിയാത്ത സമ്മാനവുമായി അവൾ ജീവിക്കുമ്പോൾ രാഹുൽ അറിയുന്നുണ്ടോ മനസ്സിൽ നിന്നും പറച്ചു മാറ്റാൻ കഴിയാതെ വേറെ ഒരുത്തന്റെ പെണ്ണായി ജീവിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നത്.

“എന്റെ കാലം കഴിഞ്ഞാൽ ന്റെ മോന്ക്ക് ആരാ ഉണ്ടാവാ.. ഒന്നും ഓർക്കേണ്ട.. ഇനിയും വൈകിട്ടില്ല.. നീ ഒരു പെണ്ണ് കെട്ടണം.”

“എനിക്ക് പറ്റുമോന്ന് തോന്നില്ല. അച്ഛൻ പോയപ്പോൾ ആ നേരം ചങ്കിലെ സങ്കടം ഒന്ന് കരഞ്ഞു തീർക്കാൻ കഴിഞ്ഞിരുന്നങ്കിൽ… അന്നും ഇന്നും എന്റെ ഏറ്റവും വലിയ നഷ്ടം പെണ്ണല്ല.. കരയാൻ കഴിയാതെ പോയതാണ്.”

വേണ്ടപ്പെട്ടവർ മരിച്ചാൽ പൊട്ടികരയുക. സങ്കടം മാറും വരെ ആർത്തലച്ചു കരയുക. ആരും തടയണ്ട..വരാൻ പോകുന്ന സമയങ്ങളിൽ അവരുടെ കണ്ണീർ വേർപാടിന്റെ വേദനക്കുള്ള ക്ഷമയാണ്.

✍️ നവാസ് ആമണ്ടൂർ.