എഴുത്ത്:- സ്നേഹപൂർവ്വം കാളിദാസൻ
നീയെന്തു തീരുമാനിച്ചു…..?? പെട്ടെന്നുള്ള ചോദ്യംകേട്ട് ഞാൻ അമ്മയെ നോക്കി….
ഞാൻ കുറെയായി പറയുന്നു…. എനിക്ക് ഡിപ്ലോമ ചെയ്യാനാണ് താല്പര്യം…. അതാകു മ്പോൾ പഠിച്ചിറങ്ങുമ്പോൾ ജോലിയിൽ കയറാം….
ഡാ നല്ലോണം പഠിച്ചാൽ എന്തായാലും ജോലികിട്ടും…. നീ ഏതേലും ഡിഗ്രിയെടുക്ക്…. ക്യാമ്പസ് ലൈഫ് അടിപൊളിയാടാ ഉവ്വേ….
ഡിപ്ലോമക്ക് പോയാലും അവിടെയുമുണ്ടാകില്ലേ ക്യാമ്പാസ് ലൈഫ്….. ഞാൻ അടിച്ചുപൊളിക്കാൻ പോണതല്ല…. പഠിക്കാനാണ് ഉദ്ദേശം….
ഉവ്വ്… നീ പഠിച്ചു… ഓട്രാ…. ലവള് നിന്നെ തേച്ചിട്ട് പോയതുകൊണ്ടല്ലേ നീ ക്രിസ്ത്യൻ കോളേജിൽ പോകേണ്ടെന്ന് വച്ചത്… അല്ലാതെ നിനക്ക് കുപ്ലോമ ചെയ്യാനുള്ള പൂതിക്കൊണ്ടൊന്നുമല്ലെന്ന് എനിക്കറിയാം…
അമ്മയവളെ കണ്ടോ….??
ആ കണ്ടു… രാവിലെ അമ്പലത്തിൽ വന്നിരുന്നു…. അപ്പോഴാണ് അവൾക്ക് ക്രിസ്ത്യൻ കോളേജിൽ കിട്ടിയകാര്യം പറഞ്ഞത്…..ഒരു പെണ്ണ് പോയെന്നുകരുതി നീയെന്തിനാണ് ഇങ്ങനെ ഒളിച്ചോടുന്നത്…. നിനക്ക് നാണമില്ലേടാ ചൊറിത്തവളേ…..
അമ്മക്കങ്ങനൊക്കെ പറയാം….എന്റെ അവസ്ഥ എനിക്ക് മാത്രമല്ലെ അറിയൂ….
ഞാൻ വിഷമഭാവത്തിൽ പറഞ്ഞു….
അവള്ടെ ഫോട്ടോയുണ്ടോ നിന്റെകയ്യിൽ ….??
ആ ഇണ്ട്…. ന്തിനാ…..
ആ ഫോട്ടോയൊന്ന് കാണിച്ചേ…. ഒരു കാര്യം ബോധ്യപ്പെടുത്തിതരാം…. അമ്മ പറഞ്ഞത് കേട്ട് എനിക്ക് ജിജ്ഞാസ,…
ഞാൻ വേഗംതന്നെ പേഴ്സിൽനിന്നും അവളുടെ ഫോട്ടോയെടുത്ത് അമ്മയുടെ കയ്യിൽ കൊടുത്തു…. അമ്മ കസേരയിൽനിന്നും എഴുനേറ്റ് ഷെൽഫിലുള്ള കണ്ണാടിയെടുത്തിട്ട് പറഞ്ഞു…
ഡാ…. നിയീ കണ്ണാടിയിൽ നിന്റെ മുഖം ശ്രദ്ധിച്ചു നോക്കിയേ….
ഞാൻ വേഗംതന്നെ കണ്ണാടിയിൽ മുഖം നോക്കി… പല പല ആഗിളിൽ….
ശ്രദ്ധിച്ചുനോക്കിയില്ലേ നിന്റെ മുഖം…??
ഉവ്വെന്ന് ഞാൻ തലകുലുക്കി…..
എങ്കിൽ ഈ കൊച്ചിന്റെ ഫോട്ടോയിൽ ഒന്ന് നോക്കിയേ…..
ഞാൻ അവളുടെ ഫോട്ടോയിൽ ശ്രദ്ധിച്ചുനോക്കി…..
സുന്ദരിയല്ലേ അമ്മേ അവള്…. ഞാൻ ചോദിച്ചു….
നിനക്കിപ്പോൾ എന്ത് തോന്നുന്നു…..?? ആദ്യം അവനവന് ചേരുന്ന ബന്ധം കണ്ടുപിടിക്ക്…. നിന്റെയീ മുഖവും അവളുടെ മുഖവും ചേർത്ത് വച്ച് നോക്കിയിട്ട് നീതന്നെപറയെടാ ഉവ്വേ….ഒരുപെണ്ണ് അടുത്തിടപെട്ടാലുടനെ നിനക്കൊക്കെ അവളോട് പ്രേമം….
ആ മതി…. ഒന്ന് നിർത്തുവോ…. അമ്മ വല്ലാണ്ട് കാടുകയറുന്നു…. എല്ലാ അമ്മമാർക്കും അവരുടെ മക്കളാണ് സുന്ദരനും സുന്ദരിയും…. ഇവിടിപ്പോൾ നേരെ തിരിച്ചാണ്…. ന്നെ തവിടുകൊണ്ടുത്ത് വാങ്ങിച്ചതാണെന്ന് പണ്ട് പറയുമ്പോൾ ഞാൻവല്യ കാര്യമാക്കിയിരുന്നില്ല…. എനിക്കെന്തോ സംശയമുണ്ടിപ്പോൾ…. സ്വന്ദര്യം നോക്കാതെ പ്രണയിക്കുന്നവരുമുണ്ട്… അതും പറഞ്ഞ് ഞാൻ പതിയെ നടക്കാൻ തുടങ്ങിയപ്പോൾ….
അണ്ണാച്ചിയൊന്ന് നിന്നെ…. തീരുമാനം പറഞ്ഞിട്ട് പൊ….
എനിക്കവൾ പഠിക്കുന്ന കോളേജിൽ പോയാൽ പഠിക്കാൻ പറ്റില്ലമേ…. ഒന്ന് മനസിലാക്കു…
ഡാ… കോളേജ് ലൈഫ് പൊളിയാണ്…. സത്യത്തിൽ പിന്നീട് നമ്മൾ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നതും ആ ലൈഫായിരിക്കും…. എന്റെയൊക്കെ കോളേജ് ലൈഫിൽ എന്തോരം മറക്കാൻ പറ്റാത്ത അനുഭവങ്ങളുണ്ടെന്നറിയുമോ…. ഒരുപാട് പ്രണയം പൂത്തുലഞ്ഞ ആ വാകമരചുവടും, തണൽ മരങ്ങളും, ക്ലാസ്സ് മുറികളും…
പിന്നെ കൃഷ്ണേട്ടനും…. ല്ലേ….. ഞാൻ ഇടയിൽകയറി പറഞ്ഞു….
അതുകേട്ടതും ഒരു വളിച്ചചിരിയോടെ അമ്മയെന്ന നോക്കി….
നീയിപ്പോൾ കൃഷ്ണേട്ടന്റെ കാര്യം പറഞ്ഞതിന്റെ ഉദ്ദേശം….
ഇനി പറയാൻ പോകുന്നത് അതാണെന്നറിയാം… ഇന്നുടെ ആ കഥ പറഞ്ഞാൽ 405 പ്രാവശ്യമാകും….. എനിക്കിനി വയ്യ ആ പ്രേമകഥ കേൾക്കാൻ… മടുത്തു…. ഒരു കൃഷ്ണേട്ടനും,നിങ്ങടെ മരംചുറ്റി പ്രേമവും…. ഞാനല്പം ദേഷ്യത്തിൽ പറഞ്ഞു….
നിന്റെ അച്ഛനും ഇതേസ്വഭാവമായിരുന്നു…. കൃഷ്ണേട്ടന്റെ കാര്യംപറഞ്ഞാൽ മുഖം കടന്തല് കുത്തിയപോലെ വീർത്തിരിക്കും…. ബ്ലഡി പഞ്ചായത്തുവാസി കെട്ടിയോൻ…നീ നിന്റെ ഇഷ്ടംപോലെ ചെയ്യ്… എന്നോടിനി ഒന്നും ചോദിക്കേണ്ട… അമ്മ പുച്ഛിച്ചു….
വേണ്ട… വാശിതീർക്കാൻ ഇതിന്റെ പേരിൽ കൂട്ടാന് ഉപ്പ് കൂടുതലിടേണ്ട… ഞാൻ ഡിഗ്രിക്ക് ക്രിസ്ത്യൻ കോളേജിൽ പൊക്കോളാം… സന്തോഷമായില്ലേ….
അമ്മയുടെ മുഖത്ത് ഒരു ചെറുചിരി വിരിയുന്നത് ഞാൻ കണ്ടു….
********************
കോളേജിൽ ചേർന്ന് 3 മാസം കഴിഞ്ഞപ്പോൾ….
എനിക്ക് ശരിക്കും പഠിക്കാൻ പറ്റുമോയെന്ന് അറിയില്ല അമ്മേ…. ക്ലാസ്സിൽ പോകാൻതന്നെ വല്ലാത്തൊരു മടി…..ഞാനിനി പോണില്ല…..
ഡാ പൊട്ടാ….. ക്ലാസ്സിൽ പോകാനുള്ള മടിമാറാൻ നല്ലൊരു വഴി ഞാൻ പറഞ്ഞുതരാം…. ക്ലാസ്സിലെ ഒരു പെണ്ണിനെ നി സെറ്റാക്ക്…. പിന്നെ അവളെ കാണാനെങ്കിലും നി പോകുമല്ലോ…. പഠിക്കാനും പറ്റും….
അമ്മപറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി….. പിന്നെ അതിനുള്ള നീക്കങ്ങളായി….. പിന്നെ സ്ഥിരമായി ക്ലാസ്സിൽ പോകുന്ന എന്നെകണ്ടിട്ടമ്മ ഒരിക്കൽ എന്റെ വഴിതടഞ്ഞു…. ന്നിട്ട് ചോയിച്ചു…
അപ്പൊ സെറ്റായി….. ല്ലേ….??
ഏറെക്കുറെ 😁😁
ന്നാ മോൻ ചെല്ല്…. പഠിത്തം ഉഴപ്പരുത്…..ഒരിക്കൽ കൂട്ടുകാരെയെല്ലാം ഇങ്ങോട്ട് വിളിച്ചോണ്ട് വാ….
അമ്മയെ കെട്ടിപിടിച്ചൊരു ഉമ്മകൊടുത്തിട്ട് ഞാൻ കോളേജിലേക്ക് പോയി…. ഉച്ചയായപ്പോൾ വീടിന്റെ മുറ്റത്ത് കുറച്ച് വണ്ടിവന്ന് നിന്നപ്പോഴാണ് അമ്മ വെളിയിലേക്ക് ഇറങ്ങിവന്നത്…. ഏറ്റവും മുൻപിൽ പൊട്ടൻചിരി ചിരിച്ചു നിൽക്കുന്ന എന്നെകണ്ടിട്ട് അമ്മ
മോനിങ്ങു വന്നേ…. വളരെ സ്നേഹത്തിലുള്ള അമ്മയുടെ വിളികേട്ട് കൂടെ വന്ന കോളേജിലെ കൂട്ടുകാരെല്ലാം പരസ്പരം പറഞ്ഞു…. “എന്ത് പാവംപിടിച്ച അമ്മയാണല്ലേ”
എന്നെ കൂട്ടി അടുക്കളയിൽ പോയിട്ട് ചൂലുംകെട്ടെടുത്തിട്ട് എന്നെ അടിക്കാൻ ഓങ്ങി….
ഇതിനെയെല്ലാം ഇന്നിങ്ങോട്ട് വിളിച്ചോണ്ട്വരാൻ ആരാടാ പന്നി പറഞ്ഞത്…. ഒരു സാധനമില്ല എല്ലാത്തിനും കൊടുക്കാൻ….
അതൊന്നും കുഴപ്പമില്ലമ്മേ… പെട്ടെന്ന് എന്തേലും ഉണ്ടാക്കിയാൽ മതി… ഞാൻ പതിയെ അവിടുന്ന് വലിഞ്ഞു…. എല്ലാവരെയും വീടിനുള്ളിലേക്ക് ക്ഷണിച്ചു…. പെൺകുട്ടികളെല്ലാം അടുക്കള ഭാഗത്തേക്കും വീടിനു പിറകിലേക്കും പോയി…. ഞങ്ങൾ ആണുങ്ങളെല്ലാം ഹോളിൽ സംസാരിച്ചു കൊണ്ടിരുന്നു….. അല്പസമയത്തിന് ശേഷം അടുക്കളയിൽനിന്നും അമ്മയെന്നെ കൈകാട്ടി വിളിച്ചു…. ഞാൻ അടുക്കളയിലേക്ക് ചെന്നപ്പോൾ അമ്മയെന്നെ പിടിച്ചു വലിച്ചുകൊണ്ട് ഒരു മുറിയിലേക്ക് പോയി….
ന്താ അമ്മേ… കാര്യം പറയ്….
ആ അടുക്കളയിൽ നിന്ന് പാത്രം കഴുന്നവളാണോടാ നിന്റെ ലബ്ബർ…
ഞാൻ പതിയെ അടുക്കളയിലേക്ക് നോക്കി….ചെറു നാണത്തോടെ “അതെ” യെന്ന് ഞാൻ തലകുലുക്കി….
അപ്പൊ വീടിന്റെ പിറകിൽ മുറ്റമടിക്കുന്നവളോ…..?? അമ്മ അല്പം ദേഷ്യത്തിൽ ചോദിച്ചു….
ഞാൻ പതിയെ ജനലിൽകൂടി വെളിയിലേക്ക് നോക്കി….
ചെറുനാണത്തോടെ “അവളും” എന്ന ഭാവത്തിൽ തലകുലുക്കി….
എടാ സാമാദ്രോഹി… നിനക്കിതുതന്നെയാണോ പണി….
പിന്നെ അമ്മയല്ലേ പറഞ്ഞത് ക്ലാസ്സിൽ എന്നും പോകാൻ ഒരുത്തിയെ സെറ്റാക്കാൻ….
അയ്ശരി…. ഒരുത്തിയെയല്ലേ സെറ്റക്കാൻ പറഞ്ഞത്… ഇതിപ്പോൾ രണ്ടെണ്ണമില്ലേ….
അതിപ്പോ…. ആദ്യത്തെ അവൾ ഒരുദിവസം ലീവാണെകിൽ എനിക്കന്ന് ക്ലാസ്സിൽ പോകാൻ പറ്റില്ലല്ലോ… ക്ലാസ്സ് മിസ്സാകില്ലേ… അതാ ഒന്നിനേംകൂടി സെറ്റാക്കിയത്….
ഇത്കേട്ടതും അമ്മ തലയിൽ കൈവച്ചു….. എന്നിട്ട് ചോദിച്ചു
അവളുമാർക്ക് തമ്മിൽ കാര്യങ്ങളറിയുമോ…??
ഇല്ല 😁😁😁😁 ഞാൻ പഠിച്ച് വല്യാളാവേണ്ടേ… അതല്ലേ അമ്മയുടെ സ്വപ്നം… അതോണ്ട് അമ്മയായിട്ട് പറയാതിരുന്നാൽ മതി…..
ആ പഷ്ട്…. ഡി കൊച്ചേ… ആ പാത്രമാവിടെ വച്ചേ… ഞാൻ കഴുകിക്കോളാം…..
അമ്മ അടുക്കളയിലേക്ക് ഓടി…..
ഈ കഥക്കും പൊങ്കാല കിട്ടില്ലെന്ന വിശ്വാസത്തിൽ.