എനിക്കൊരു തലവേദനയോ പനിയോ ആണെന്നറിഞ്ഞാൽ ഡോക്ടറെ കാണുന്നതുവരെ നിർത്താതെ……

Voice messege▶️:1:23

എഴുത്ത്:- സൽമാൻ സാലി

സുബഹി നിസ്കരിക്കാൻ എണീറ്റപ്പോളാണ് ഉപ്പച്ചീടെ വോയിസ്‌ മെസ്സേജ് കാണുന്നത് ..

“അസ്സലാമുഅലൈക്കും.. മോനെ സാലിയെ അനക്ക് സുഖല്ലേ.. ഇന്നലെ റിസൾട്ട് കിട്ടി നെഗറ്റീവ് ആണ്… ന്നാലും ഒരു നെഞ്ച് വേദന ണ്ട്… ഇയ്യ് ലീവിന് വരാന്ന് പറഞ്ഞിട്ട് അനക്ക് ലീവ് കിട്ടിയോ… പറ്റുവാചാ ഇയ്യ് ഒന്ന് വന്നിട്ട് പോയിക്കോ.. അനക്ക് അന്റെ മോളേം കാണാലോ….

രാവിലെ ഉപ്പാന്റെ വോയിസിൽ പതിവിലും വിപരീതമായി എന്തോ ഒരു വിഷമം ഉള്ളത് പോലെ തോന്നിയിരുന്നു…

രണ്ട് ആഴ്ചയായിട്ട് കോവിഡ് പോസിറ്റീവ് ആയിരുന്നു.. എന്നും സുബഹി നിസ്കാരം കഴിഞ്ഞാൽ ഉപ്പാനെ വീഡിയോ കാൾ വിളിക്കും.. ചിലപ്പോൾ മണിക്കൂറുകൾ സംസാരിക്കും.. അത്രക്ക് കട്ട ചങ്കുകൾ ആണ് ഞങ്ങൾ…

എനിക്ക് എന്തെങ്കിലും ടെൻഷനോ പ്രശ്നമോ വന്നാൽ ആദ്യം വിളിക്കുന്നത് ഉപ്പാനെയാണ്..

“”ന്താ മോനെ.. ന്നൊരു ചോദ്യത്തിൽ ന്റെ പകുതി ടെൻഷൻ തീരും.. പിന്നെ പ്രശ്നത്തിനുള്ള പരിഹാരം ഉപ്പാടെ കയ്യിൽ നിന്നും കിട്ടുകയും ചെയ്യും… എന്ത് പ്രശ്‌നമുണ്ടെങ്കിലും കട്ടക്ക് കൂടെ നിക്കുന്ന ചങ്ക് ന്നൊക്കെ പറയൂലെ അതായിരുന്നു ഞങ്ങൾ.. കട്ട ചങ്കുകൾ.. എന്റെ ഏത് പ്രശ്‌നത്തിനും ചങ്കും വിരിച്ചു കൂടെ നിക്കുന്ന ന്റെ വാപ്പച്ചി…

സുബഹി നിസ്കാരം കഴിഞ്ഞു വാപ്പാനെ വിളിച്ചു…

“”അസ്സലാമുഅലൈക്കും ന്തേ ഉപ്പാ നെഞ്ച് വേദന കുറവുണ്ടോ.. ഇല്ലേൽ ഒന്ന് സൂപ്പി ഡോകടറെ കാണിക്ക്….

“”വ അലൈക്കുമുസ്സലാം… ഏയ്‌… അത് ഗ്യാസ് ആടാ… ഞാൻ ജീരക വെള്ളം കുടിച്ക്ക്ണ്.. അത് പോയിക്കോളും…

എനിക്കൊരു തലവേദനയോ പനിയോ ആണെന്നറിഞ്ഞാൽ ഡോക്ടറെ കാണുന്നതുവരെ നിർത്താതെ വിളിച്ചോണ്ടിരിക്കുന്ന ആളാ.. ഇപ്പൊ സ്വന്തം കാര്യം വന്നപ്പോ ജീരക വെള്ളത്തിൽ ഒതുക്കിയത്…

“”ന്തേ.. ഇങ്ങള്.. പെട്ടന്ന് വരാൻ പറ്റുവോ ന്ന് ചോയിച്ചേ…

“”അതൊന്നുമില്ലെടാ… അനക്ക് അന്റെ മോളെ കാണാൻ പൂതിണ്ടാവില്ലേ.. അതാ…!!

“”അല്ലാതെ ഇങ്ങൾക്ക് ന്നെ കാണാൻ തോന്നിയിട്ടല്ല ല്ലേ…!!

“”ഇൻക് അന്നേ കാണാൻ തോന്നിയത് കൊണ്ടല്ലേ ഇയ്യ് അന്റെ മോളെ കാണാൻ എത്ര പൂതി വെക്ക്ണ് ണ്ടാവുംന്ന് യ്ക്കു മനസിലായത്… ഇയ്യ് വെക്കം വാ..,.

ശരിയാണ്.. ഇളയ മോളെ ഞാൻ കണ്ടിട്ടില്ല.. ഓളുടെ പ്രസവത്തിനു പോകാൻ നേരം ആണ് ലോക്‌ഡോണും ഫ്ലൈറ്റ് നിർത്തിയതും ഒക്കെ.. എല്ലാം തീർന്നു പോകണം ന്ന് കരുതിയാ നടക്കൂല ന്ന് ഉള്ളത് കൊണ്ട് ടിക്കറ്റ് എടുക്കാൻ നിന്നതാ….

“”ഇന്ഷാ അല്ലാഹ്… ഞാൻ വരുമ്പോൾ ഇങ്ങക്ക് ന്തേലും കൊണ്ടരണോ…?

“”ഇയ്യ് കണ്ട അതും ഇതും വാങ്ങി ഉള്ള പൈസ തീർക്കണ്ട.. അന്റെ കുട്യോൾക് ന്തേലും വാങ്ങീട് പോരെ… ഇപ്പൊ നാട്ടിൽ പൈസയാണ് വേണ്ടത് എല്ലാത്തിനും….

പിന്നെയും സംസാരം കുറേ നേരം നീണ്ടുപോയി…

എന്നേക്കാൾ പ്രായമുണ്ട് ഉപ്പാന്റെ പ്രവാസത്തിനു മുപ്പത്തി എട്ട് കൊല്ലത്തെ പ്രവാസം അവസാനിപ്പിച്ചു പോകുമ്പോൾ സമ്പാദ്യത്തിന് പുറമെ കിട്ടിയ പ്രഷറും ഷുഗറും ഇടയ്ക്കിടെ ഉപ്പാനെ ബുദ്ധിമുട്ടിക്കാറുണ്ട്…

ഇപ്പൊ ഉപ്പ പറഞ്ഞ വാക്ക് പണ്ട് ഞാൻ കുഞ്ഞായിരിക്കുമ്പോൾ ഉപ്പാനോട് ഉമ്മയും പറഞ്ഞു കേൾക്കാറുണ്ട് ഇങ്ങള് സാധനം ഒന്നും വാങ്ങേണ്ട ഇങ് വന്നാൽ മതീ ന്ന്… അന്നും പെട്ടി നിറയ്ക്കതെ ഉപ്പച്ചി വന്നിട്ടില്ല… ഇന്ന് ഞാനും അത് തുടരുന്നു എത്ര വാങ്ങിക്കേണ്ട എന്ന് പറഞ്ഞാലും ഇറങ്ങാൻ നേരം അനുവദിച്ചതിലും കൂടുതൽ സാധങ്ങൾ അടങ്ങിയ പെട്ടി ഉണ്ടാവും കയ്യിൽ….

നാട്ടിൽ എത്തി രണ്ട് മൂന്ന് മാസം കൊണ്ട് കയ്യിലെ പൈസ ഏകദേശം തീരും.. പിന്നെ വീട്ടിൽ നിന്ന് അതികം പുറത്ത് പോകാതെ ചുറ്റിജോലിക്കുന്നത് കണ്ടാൽ ഉപ്പാക്ക് അറിയാം ന്റെ കയ്യിൽ പൈസ ഇല്ലാന്ന്…ഉമ്മ അറിയാതെ ഉപ്പ കയ്യിൽ വെച്ചു തരുന്ന പൈസ പക്ഷെ പെട്ടെന്നൊന്നും തീർക്കാൻ തോന്നൂല ഉപ്പാടെ പൈസ കയ്യിൽ ഉണ്ടെങ്കിലും പുറത്ത് പോയി അടിച്ചുപൊളിക്കാൻ നിക്കാറില്ല…

മുപ്പത്തി രണ്ടാം വയസിലും ഉപ്പാന്റെ മടിയിൽ തലവെച്ചു കിടക്കുമ്പോൾ ആ വിരലുകൾ മുടികളിൽ കൂടെ തഴുകുമ്പോൾ ഞാൻ ഇപ്പോഴും ആ പഴയ അഞ്ച് വയസുകാരൻ ആവാറുണ്ട്… വർഷത്തിൽ ലീവിന് വരുമ്പോൾ മാത്രം കിട്ടാറുള്ള സ്നേഹ ലാളനകൾ..ഉപ്പാടെ തഴുകൽ ഏറ്റു ആ മടിയിൽ കിടക്കുന്ന ഫീൽ.. അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്…

ഉപ്പാന്റെ ഫോണ് കട്ടായപ്പോൾ ഫ്രണ്ട് അജ്മലിനെ വിളിച്ചു നാട്ടിലേക് ടിക്കറ്റ് നോക്കാൻ ഏല്പിച്ചിരുന്നു… രാത്രി അവൻ വിളിച്ചു ജനുവരി 16ന് ടിക്ക്റ്റ് എടുത്തിട്ടുണ്ട് ന്ന് അറിയിച്ചു….

ഇനിയുള്ള ദിവസങ്ങൾക്കു ദൈർഗ്യം കൂടുതൽ ആയിരിക്കും… ന്നാലും രണ്ട് ആഴ്ച കഴിഞ്ഞാൽ നാട്ടിൽ പോകാലോ എന്ന സന്തോഷത്തിൽ ദിവസങ്ങൾ തള്ളി നീക്കാം….

നാട്ടിൽ പോയിട്ട് വേണം മോളെയും നെഞ്ചിൽ ഇരുത്തി ഉപ്പാടെ മടിയിൽ തലവെച്ചു കിടക്കാൻ…..

ഇത് വായിച്ചിട്ട് നാട്ടിൽ പോവാണോ എന്ന് ചോയിക്കണ്ട കഴിഞ്ഞ ജനുവരിയിൽ പോയി ലോക്‌ഡോണിൽ പെട്ട് ന്റെ കയ്യിലേം വാപ്പാന്റെ കയ്യിലേം പൈസേം തീർത്ത് വന്നിട്ട് രണ്ട് മാസം ആവുന്നതേ ഉള്ളൂ