Story written by Saji Thaiparambu
എല്ലാത്തിനും നീ വളം വച്ച് കൊടുത്തിട്ടല്ലേ? ഇനി നീ തന്നെ അനുഭവിച്ചോ?
നീരജയുടെ പരാതി കേട്ട്, വിജയലക്ഷ്മി അനിഷ്ടത്തോടെ മകളെ കുറ്റപ്പെടുത്തി.
ഞാനറിഞ്ഞോ അമ്മേ… ഇങ്ങനൊക്കെ ആയിത്തീരുമെന്ന് ?
അവൾ നിസ്സഹായതയോടെ ചോദിച്ചു
അറിയണമായിരുന്നു , എടീ.. ഭർത്താവിൻ്റെ പൾസറിയുന്നവളായിരിക്കണം ഭാര്യ ,അവര് കാര്യം സാധിക്കാനായി നമ്മുടെ മുഖത്ത് നോക്കി കളവ് പറയും, അവര് പറയുന്നതെല്ലാം വെള്ളം ചേർക്കാതെ വിഴുങ്ങുന്ന നിന്നെപ്പോലെയുള്ള ഭാര്യ മാരെ കബളിപ്പിക്കാനെളുപ്പമാണെന്നവനറിയാം ,അത് കൊണ്ട് നിൻ്റെ ദൗർബല്യത്തെ അവൻ ചൂഷണം ചെയ്തു,
അതിന് ഞാനാണോ ഉത്തരവാദി?
പിന്നെയല്ലാതെ ,എടീ ഞാൻ ചോദിക്കട്ടെ ,നിന്നെ വിവാഹം കഴിക്കുമ്പോൾ നന്ദന് ,എന്തെങ്കിലും ദു:ശ്ശീലമുണ്ടായിരുന്നോ? അവൻ കുടിക്കില്ല,വലിക്കില്ല, മുറുക്കാൻ ചവക്കില്ല, ഇപ്പോഴിതെല്ലാമുണ്ടെന്ന് നീ തന്നെയല്ലേ പറഞ്ഞത് ?അതെങ്ങനുണ്ടായി ?അതാ ഞാൻ പറഞ്ഞത്, നിൻ്റെ പിടിപ്പു കേടാണെന്ന്,
ശരിയാണമ്മേ .. എല്ലാം എൻ്റെ തെറ്റ് തന്നെയാ ,അതെനിക്കിപ്പോൾ മനസ്സിലായി, അമ്മയോടെല്ലാം തുറന്ന് പറഞ്ഞാൽ ഒരാശ്വാസമാകുമെന്ന് കരുതിയാണ്, രാവിലെ ഞാനിങ്ങോട്ടോടി വന്നത്, എങ്കിൽ ഞാൻ പോകുന്നമ്മേ…അച്ഛൻ വരുമ്പോൾ പറഞ്ഞേക്ക്
ഹത് കൊള്ളാം , എടീ..ഞാനെൻ്റെ വിഷമം കൊണ്ട് പറഞ്ഞ് പോയതാണ് ,അപ്പോഴേക്കും നിനക്ക് കെറുവ് വന്നോ? ദേ നിനക്കിഷ്ടപ്പെട്ട കൂർക്ക മെഴുക്കും, ഉണക്കമീൻ കറിയു മൊക്കെയുണ്ട് , അത് കഴിച്ചിട്ട് വൈകുന്നേരം വെയിലാറിയിട്ട് പോയാൽ മതി,
അമ്മയുടെ വാക്കുകൾ തിരസ്കരിക്കാനാവാതെ, ആലോചനയോടെയവൾ അടുക്കള ത്തോട്ടത്തിലേക്കിറങ്ങി ,കാന്താരിമുളകും, ചീരയും, തക്കാളിയുമൊക്കെ യഥേഷ്ടം വളരുന്ന വിജയലക്ഷ്മിയമ്മയുടെ സാമ്രാജ്യമായിരുന്നത്.
സാധാരണ വീടുകൾക്ക് ഉമ്മറമാണ് കൂടുതൽ വിശാലതയും ഭംഗിയും നല്കുന്ന തെങ്കിൽ, ആ വീടിൻ്റെ ആകർഷണീയത, പിന്നാമ്പുറത്തെ ഏഴ് സെൻ്റോളം വരുന്ന ഭൂമിയിലെ പച്ചക്കറി കൃഷിയായിരുന്നു.
മനോഹരമായ ആ തോട്ടത്തിന് നടുവിലെ, പടർന്ന് പന്തലിച്ച് നില്ക്കുന്ന കശുമാവിൽ, കഴിഞ്ഞ ഓണത്തിന് കെട്ടിയ ഊഞ്ഞാലിലിരുന്ന് കൊണ്ട്, നീരജ, തൻ്റെയും നന്ദൻ്റെയും ഭൂതകാലത്തേയ്ക്കൊന്ന് തിരിഞ്ഞ് നോക്കി.
***************
എന്താ നന്ദേട്ടാ.. നിങ്ങടെ ശ്വാസത്തിന് പതിവില്ലാത്തൊരു ഗന്ധം?
കിടക്കയിൽ ഭർത്താവിനോടൊപ്പം ചേർന്ന് കിടക്കുമ്പോൾ ,ജിജ്ഞാസയോടെ അവൾ ചോദിച്ചു.
ഗന്ധമോ? എന്ത് ഗന്ധം?
അല്ലാ… ചെറിയമ്മാവൻ ഇടയ്ക്കിവിടെ വരുമ്പോൾ ഈ മണമുണ്ടാകാറുണ്ട് ,അത് പിന്നെ അമ്മാവൻ കുടിച്ചിട്ട് വരുന്നത് കൊണ്ടാണെന്നറിയാം , പക്ഷേ നിങ്ങള് കുടിക്കാറില്ലല്ലോ അതാണ് ചോദിച്ചത്
ഉള്ളിലെ ഞെട്ടൽ അയാൾ പുറത്ത് കാണിച്ചില്ല
എടോ അത് പിന്നെ, തന്നോട് ഞാനൊരു കാര്യം പറയാൻ മറന്നു ,ഇന്ന് ഞാനെൻ്റെ പഴയൊരു സുഹൃത്തിനെ ടൗണിൽ വച്ച് കണ്ടിരുന്നു ,അവനിപ്പോൾ നമ്മുടെ വില്ലേജോഫീസിലേക്ക് ട്രാൻസ്ഫറായി വന്നതാണ് , ഞങ്ങള് തമ്മിൽ ,അവൻ്റെ വീടിനടുത്ത് വച്ചായിരുന്നു കണ്ട് മുട്ടിയത്, നിർബന്ധിച്ച് ക്ഷണിച്ചപ്പോൾ, ഞാനവൻ്റെയൊപ്പം ആ വീട് വരെ ചെന്നു ,അവിടെ വേറെയാരുമില്ലാതിരുന്നത് കൊണ്ട് ,രണ്ട് പെഗ്ഗ് കഴിക്കാമെന്നവൻ പറഞ്ഞു, പക്ഷേ, ഞാൻ കഴിക്കാറില്ലെന്ന് പറഞ്ഞപ്പോൾ ,എങ്കിൽ വൈനെങ്കിലും കുടിക്കെന്ന് പറഞ്ഞ് ,ഒരു ചെറിയ ഗ്ളാസ്സിൽ കൊണ്ട് തന്നു, അതാകുമ്പോൾ കുഴപ്പമില്ലല്ലോന്ന് കരുതി ,ഞാനത് മുഴുവനും കുടിച്ചു ,അത് കഴിഞ്ഞപ്പോഴാണ്, അവൻ പറഞ്ഞത് ,ഡാ.. അതിൽ ലേശം മ ദ്യം ചേർത്തിട്ടുണ്ടെന്ന്, എനിക്കാണെങ്കിലങ്ങോട്ട് ദേഷ്യം വന്നു ,ഞാനവനെ രണ്ട് പറഞ്ഞിട്ട് ,യാത്ര പോലും പറയാതെ പെട്ടെന്നിങ്ങിറങ്ങി പോന്നു ,അല്ല പിന്നെ , ഞാനിപ്പോൾ നിൻ്റെ മുന്നിൽ തെറ്റ്കാരനായില്ലേ?
അയാൾ അമർഷത്തോടെ പറഞ്ഞപ്പോൾ, നീരജയ്ക്ക് പശ്ചാതാപം തോന്നി.
ഓഹ് അത് സാരമില്ല, നന്ദേട്ടാ … നിങ്ങള് മന:പ്പൂർവ്വമല്ലല്ലോ ? പിന്നെ, ആ കൂട്ടുകാരനെയും തെറ്റ് പറയാൻ കഴിയില്ല ,വർഷങ്ങൾക്ക് ശേഷം പഴയ സുഹൃത്തിനെ കണ്ട സന്തോഷത്തിൽ, അയാളങ്ങനെ ചെയ്തതാവാം, ഓരോരുത്തരും വ്യത്യസ്ത സ്വഭാവമുള്ളവരല്ലേ?നന്ദേട്ടൻ്റെ പെരുമാറ്റം, അയാളെ എത്രമാത്രം വേദനിപ്പി ച്ചിട്ടുണ്ടാവും?അത് കൊണ്ട്,നാളെ തന്നെ അയാളോട് നേരിൽകണ്ട് സോറി പറയണം ,കെട്ടോ?
അത് വേണോടാ…?
വേണം നന്ദേട്ടാ … അയാളിപ്പോൾ ഇവിടുത്തെ വില്ലേജോഫീസിലെ ഉദ്യോഗസ്ഥ നാണന്നല്ലേ പറഞ്ഞത് ? എന്നെങ്കിലും നമുക്കയാളെ കൊണ്ടൊരു ഉപകാര മുണ്ടായാലോ? അത് കൊണ്ട്, വെറുതെ അയാളെ ശത്രുവാക്കണ്ട, പറഞ്ഞത് കേട്ടല്ലോ?
ഓകെ നീ പറഞ്ഞാൽ പിന്നെ അപ്പീലില്ലല്ലോ ?ശരി ,നാളെ തന്നെ ഞാനവനോട് സോറി പറഞ്ഞോളാം പോരെ?
തൻ്റെ വാക്കുകളെ മുഖവിലയ്ക്കെടുക്കുകയും, താൻ പറഞ്ഞത് പോലെ തന്നെ ചെയ്യാമെന്ന് നന്ദകുമാർ സമ്മതിക്കുകയും ചെയ്തപ്പോൾ, നീരജയ്ക്ക് സന്തോഷവും , അതിലേറെ അഭിമാനവും തോന്നി.
ആ രാത്രിയിലും പതിവ് പോലെ ഏറെ വിശേഷങ്ങൾ പങ്ക് വച്ചതിന് ശേഷമാണ്, അവർ ബെഡ് ലാംബ് ഓഫ് ചെയ്തത്.
അപ്പോൾ പുറത്ത് കട്ടപിടിച്ച ഇരുട്ടിനെ ,ഇരുവശത്തേയ്ക്കുംവകഞ്ഞ് മാറ്റിക്കൊണ്ട്, നിലാവെളിച്ചം ഭൂമിയിലേക്ക് ആളിപ്പടരാനുള്ള വ്യഗ്രതയിലായിരുന്നു.
*****************
പിറ്റേന്ന് ടൗണിലെ കടയിലേക്ക്പോ യ നന്ദകുമാർ, പതിവിലും വൈകിയാണ് വീട്ടിലെത്തിയത്.
സാധാരണ തൻ്റെ പേരെടുത്ത് വിളിച്ച് കൊണ്ട്, അകത്തേയ്ക്ക് കയറി വരാറുള്ള നന്ദേട്ടൻ, ഒന്നും മിണ്ടാതെ ബെഡ് റൂമിലേക്ക് കയറിപ്പോകുന്നത് കണ്ട് ,അടുക്കളയിൽ ചായ എടുത്ത് കൊണ്ടിരുന നീരജ ,ആകാംക്ഷയോടെ മുറിയിലേക്ക് ചെന്നു.
ഇതെന്താ നന്ദേട്ടാ… ഡ്രസ്സ് പോലും മാറ്റാതെ കിടക്കുന്നത്? തല വേദനയുണ്ടോ?എങ്കിൽ ഞാൻ കുറച്ച് വിക്സ് പുരട്ടി തരട്ടേ..?
ഉത്ക്കണ്ഠയോടെയവൾ , അയാളുടെ നെറ്റിയിൽ കൈവച്ച് ചോദിച്ചു.
എനിക്കൊരു കുഴപ്പോമില്ല, നീ അപ്പുറത്തേയ്ക്കെങ്ങാനും പോ ,ഞാനൊരല്പം കിടക്കട്ടെ,
അപ്രതീക്ഷിതമായ നന്ദൻ്റെ പ്രതികരണവും , വാക്കുകളിലെ കുഴച്ചിലും, ഒപ്പം തലേദിവസത്തെ പോലെ, അസഹനീയമായ മ ദ്യത്തിൻ്റെ ഗന്ധവും, അവളുടെ മനസ്സിൽ ആശങ്കയുടെ വിത്തുകൾ പാകി.
നിങ്ങളിന്നും കുടിച്ചല്ലേ?
സങ്കടവും രോഷവും കലർന്ന ശബ്ദത്തിൽ അവൾ ചോദിച്ചു.
അതെ ,നീയല്ലേ പറഞ്ഞത് അവനോട് ചെന്ന് സോറി പറയാൻ ,അവിടെ ചെന്നപ്പോൾ അവൻ പറയുവാണ് ,അവൻ ക്ഷമിക്കണമെന്നുണ്ടെങ്കിൽ ഞാനവനൊരു കമ്പനി കൊടുക്കണമെന്ന് ,അത് പറ്റില്ലെന്ന് പറഞ്ഞ് ഞാനിറങ്ങി വന്നാൽ, നീ വീണ്ടും എന്നെപ്പറഞ്ഞ് അവൻ്റെയടുത്തേക്ക് വിടുമെന്ന പേടി കൊണ്ടാണ്, ഞാനൊരല്പം ടേസ്റ്റ് ചെയ്ത് നോക്കിയത് ,പക്ഷേ ഇത്തിരി കൂടിപ്പോയി ,എനിക്കറിയാം ,
നീയെന്നോട് ക്ഷമിക്ക്, ഇനി ഞാൻ അവിടെ പോകുകയുമില്ല ,അവനെ കാണുകയുമില്ല ,ഒരു തുള്ളി കുടിക്കുകയുമില്ല , എന്താ പോരെ? അപ്പോൾ ശരി ,ഗുഡ് നൈറ്റ് …
അത് കേട്ട് ,നീരജ സ്തബ്ധയായിപ്പോയി.
ആദ്യമായാണ് നന്ദേട്ടൻ്റെ ഇങ്ങനെയൊരു ഭാവം അവൾ കാണുന്നത് ,ഗുഡ് നൈറ്റ് പറഞ്ഞ് ,കമിഴ്ന്ന് കിടന്നുറങ്ങാൻ തുടങ്ങിയ ഭർത്താവിൻ്റെയരുകിലിരുന്നവൾ കണ്ണീർ വാർത്തു .
തെറ്റ് തൻ്റേതാണ് ,താനാണ് നിർബന്ധിച്ച് അദ്ദേഹത്തെ പറഞ്ഞ് വിട്ടത് ,കൂട്ടുകാരൻ്റെ നിർബന്ധബുദ്ധിയും തൻ്റെ ഉപദേശവുമോർത്തിട്ട് തന്നെയായിരിക്കും , അദ്ദേഹമിങ്ങനെ ചെയ്തത് . പാവം ,സാരമില്ല ഇനി ആവർത്തിക്കില്ലെന്ന് പറഞ്ഞല്ലോ?
അതോർത്തവൾ സമാധാനപ്പെട്ടു.
പിന്നെ കുറച്ച് ദിവസങ്ങൾ സാധാരണ പോലെ കടന്ന് പോയി.
ഒന്ന് രണ്ടാഴ്ചയ്ക്ക് ശേഷം, തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും ,നന്ദനെ കാണാതിരുന്നത് കൊണ്ട്, അവൾ അയാളുടെ മൊബൈലിലേക്ക് വിളിച്ച് നോക്കി.
റിങ്ങുണ്ട്, പക്ഷേ എടുക്കുന്നില്ല.
അവളുടെ ആശങ്ക വർദ്ധിച്ചു.
സാധാരണ കടയടയ്ക്കാൻ വൈകിയാൽ, തന്നെ വിളിച്ച് പറയുന്നതാണ് ,ഇത്രയും രാത്രിവരെ, തന്നെ ഇവിടെ ഒറ്റയ്ക്കാക്കി എങ്ങോട്ടും പോകാറില്ല ,പിന്നെന്ത് പറ്റി?
ഒരായിരം ചോദ്യങ്ങൾ അവളുടെ തലച്ചോറിലൂടെ കടന്ന് പൊയ്ക്കൊണ്ടിരുന്നു.
എട്ട് മണിക്ക് വിളമ്പിവച്ച അത്താഴം ,ടേബിളിൻ്റെ മുകളിലിരുന്ന് തണുത്തുറഞ്ഞു.
ഒൻപത് മണി കഴിഞ്ഞപ്പോൾ മരവിച്ച മനസ്സുമായി, വരാന്തയിലെ അരമതിലിൽ, നന്ദൻ്റെ വരവ് പ്രതീക്ഷിച്ച് നീരജ, കൂരിരുട്ടിലേക്ക് കണ്ണും നട്ടിരുന്നു.
പൊടുന്നനെ, ഒരു കാറ് വന്ന് ഗേറ്റിനടുത്തു നിർത്തുന്നതും, ഡ്രൈവർസീറ്റിൽ നിന്നും, ഒരാളിറങ്ങി വന്ന് ,ഇടത് വശത്തെ ഡോറ് തുറന്ന് അതിനുള്ളിലിരിക്കുന്നയാളെ പുറത്തേയ്ക്കിറക്കുന്നതും കണ്ട്, ആശങ്കയോടെയവൾ അങ്ങോട്ടേക്കിറങ്ങി ചെന്നു.
അയ്യോ … ഈശ്വരാ… എൻ്റെ നന്ദേട്ടനെന്ത് പറ്റി?
ഒരു നിലവിളിയോടെയവൾ, വേച്ച് വീഴാൻ പോയ നന്ദനെ, തൻ്റെ തോളിലേക്ക് താങ്ങി.
പേടിക്കാനൊന്നുമില്ല , ഇതൊന്നും ശീലമില്ലാത്തത് കൊണ്ടാണ് ,സാരമില്ല തല്ക്കാലം ഇയാളെ നമുക്ക് ബെഡ് റൂമിൽ കൊണ്ട് കിടത്താം
അപ്പോൾ നിങ്ങൾ ?
സംശയത്തോടെ നീരജ, തൻ്റെയൊപ്പം നന്ദനെ താങ്ങിപ്പിടിച്ചിരിക്കുന്നയാളെ ഉദ്വോഗത്തോടെ നോക്കി.
ങ്ഹേ! നീരജയ്ക്കെന്നെ മനസ്സിലായില്ലേ? ഞാൻ രഘുറാം, നന്ദൻ്റെ ബാല്യകാലം മുതലുള്ള കൂട്ടുകാരനാണ് , ഇപ്പോൾ ഇവിടുത്തെ ഗ്രാമസേവകനായിട്ട് വില്ലേജോഫീസിൽ ജോലി ചെയ്യുന്നു,
അത് ശരി ,ഒരു ദു:ശ്ശീലവുമില്ലാതിരുന്ന എൻ്റെ നന്ദേട്ടനെ, നിങ്ങളാണല്ലേ ഈ കോലത്തിലാക്കിയത്?
കണ്ണിൽ അഗ്നി ജ്വലിപ്പിച്ച് കൊണ്ട്, നീരജ അയാളെ രൂക്ഷമായി നോക്കി.
ഹ ഹ ഹ ,എന്താ നീരജേ ഇത്? ആണുങ്ങളായാൽ വല്ലപ്പോഴും ഇത്തിരി കുടിക്കും ,
അതിലെന്താണിത്ര തെറ്റ് ? ഞാൻ ദേ, മിക്ക ദിവസങ്ങളിലും മ ദ്യപിക്കാറുണ്ട് , പക്ഷേ എൻ്റെ ഭാര്യ സന്തോഷവതിയാണ് ,അവള് പറയുന്നത്, നിങ്ങള് കുടിച്ചാൽ കുതിരയും, കുടിച്ചില്ലേൽ വെറും കഴുതയുമാണെന്നാണ് , നന്ദനെ നമുക്കൊരു റേസിങ്ങ് കുതിരയാക്കി മാറ്റണ്ടേ ഏഹ്?
ഒരു ആഭാസച്ചിരിയോടെ അത് പറഞ്ഞതിനൊപ്പം , നന്ദനെ ചേർത്ത് പിടിച്ചിരുന്ന തൻ്റെ പിൻകഴുത്തിലേക്ക് അയാളുടെ കൈവിരലുകൾ ഇഴഞ്ഞ് കയറുന്നത് , ഞെട്ടലോടെയവൾ തിരിച്ചറിഞ്ഞു.
വരാന്തയുടെ അരമതിലിൽ, സ്വബോധമില്ലാത്ത നന്ദനെ മെല്ലെയിരുത്തിയിട്ട് ,പെട്ടെന്ന് വെട്ടിത്തിരിഞ്ഞ നീരജ ,വിടലച്ചിരിയോടെ തന്നെ നോക്കി നില്ക്കുന്ന രഘുറാമിൻ്റെ കരണത്താഞ്ഞടിച്ചു.
ഇറങ്ങിപ്പോടാനായേ… നീയെന്നും കുതിരയാവണമെന്ന്നി ൻ്റെ ഭാര്യയ്ക്ക് തോന്നണമെങ്കിൽ, നീയൊരു മരക്കഴുതയാണെന്നവർക്ക് ബോധ്യപ്പെട്ടത് കൊണ്ടാവും, പക്ഷേ ,എൻ്റെ ഭർത്താവ്, റേസിങ്ങിന് പോകുന്ന,കുതിരയെ പ്പോലെയാവണമെന്ന്, ഞാനൊരിക്കലും ആഗ്രഹിച്ചിട്ടില്ല, കാരണം, ദാമ്പത്യം വെറും ഹോഴ്സ് റേസല്ലന്ന് എനിക്ക്ന ന്നായിട്ടറിയാം , ശാന്തമായിട്ട് ഒഴുകിക്കൊണ്ടിരുന്ന ഒരു നദിയായിരുന്നു ഞങ്ങളുടെ ലോകം ,നിർഗളമായ ആ ഒഴുക്കിനെ ,തടസ്സപ്പെടുത്താൻ ഇനി നീ ശ്രമിച്ചാൽ, ഈ നീരജ യാരാണെന്ന് നീയറിയും,,,
അപ്രതീക്ഷിതമായ അവളുടെ പെരുമാറ്റത്തിൽ പകച്ച് പോയ രഘുറാം ,തല കുനിച്ച് കൊണ്ട് തിരിഞ്ഞ് നടന്നു.
രഘുറാമിൻ്റെ കാറ് പൊടിപറത്തിപ്പോകുന്നത് കണ്ട്നീ രജ ,നന്ദനെയും കൊണ്ട് മുറിയിലെത്തിയിട്ട് അയാളെ കട്ടിലിലേക്ക് കിടത്തി
അപ്പോഴും ഒന്നും സംഭവിക്കാത്തത് പോലെ നന്ദകുമാർ ,ഗാഢനിദ്രയിലായിരുന്നു.
ശരീരവും മനസ്സും ഒരുപോലെ തളർന്ന് പോയ നീരജ ,നന്ദനെയും നോക്കി വേദനയോടെയിരുന്നു
രാത്രിയുടെ ഏതോ യാമത്തിൽ തളർന്നുറങ്ങിപ്പോയ നീരജ ,എന്തോ ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത് .
അപ്പോഴേക്കും നേരം നന്നായി പുലർന്ന് കഴിഞ്ഞിരുന്നു.
തൊട്ടരുകിൽ നന്ദനെ കാണാതിരുന്നപ്പോൾ ഉള്ളിലൊരാന്തലോടെയവൾ പുറത്തേയ്ക്ക് വന്ന് നോക്കി
അവിടെ നന്ദൻ്റെ ബൈക്ക് കാണാനില്ലായിരുന്നു
ഈശ്വരാ … തൻ്റെ എന്തുറക്കമായിപ്പോയി ? നന്ദേട്ടൻ ഒന്നും കഴിക്കാതെയാണല്ലോ പോയിരിക്കുന്നത് ?
അവൾക്ക് വല്ലാത്ത കുറ്റബോധം തോന്നി.
ആഹ് സാരമില്ല, ഇടയ്ക്കൊക്കെ കുറച്ച് പട്ടിണിയിരിക്കുന്നത് നല്ലതാണ് ,താൻ നന്ദേട്ടനെ കൂടുതലായി സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തതിൻ്റെ ഫലമാണ് ഇന്നലെയുണ്ടായത്
നീരജ സ്വയം സമാധാനിച്ചു.
ഇനിയിവിടെയിരുന്നാൽ ഓരോന്നോർത്ത് തലയ്ക്ക് ഭ്രാന്ത് പിടിക്കും
ആലോചനയ്ക്കൊടുവിൽ നീരജ വേഷം മാറി, സ്വന്തം വീട്ടിലേക്ക് പോയി.
****************
നീയെന്താ അവിടെയിരുന്ന് സ്വപ്നം കാണുവാണോ?
നന്ദൻ്റെ ശബ്ദം കേട്ടാണ് ,ഓർമ്മകളിൽ മുഴുകിയിരുന്ന നീരജ ഞെട്ടിയുണർന്നത്
തൻ്റെയടുത്തേക്ക് പുഞ്ചിരിച്ച് കൊണ്ട് നടന്ന് വരുന്ന നന്ദനെ കണ്ട് നീരജയുടെ ഉള്ള് വെമ്പൽ കൊണ്ടെങ്കിലും, അവളത് പ്രകടിപ്പിക്കാതെ ,നന്ദൻ്റെ മുഖത്ത് നിന്ന് നോട്ടം പിൻവലിച്ചുകൊണ്ട്, ഊഞ്ഞാലിൽ നിന്നെഴുന്നേറ്റ്, പുരയിടത്തിൻ്റെ പടിഞ്ഞാറേ അതിരിലൂടെ ഒഴുകുന്ന കൈത്തോടിൻ്റെയടുത്തേക്ക് നടന്നു .
ഡോ ,,,താനെന്താഡോ, എന്നെ കണ്ട ഭാവം പോലും നടിക്കാതെ പോകുന്നത് ? ദേ താനെന്നോട് പിണങ്ങിയാൽ, പിന്നെ ഞാൻ തനിച്ചാവും കെട്ടോ ? തനിക്ക് വിഷമം വരുമ്പോൾ വന്ന് പറയാൻ ഇവിടെയൊരു അച്ഛനും അമ്മയുമുണ്ട് എനിക്ക് സങ്കടം പറയാൻ നീ മാത്രമേയുള്ളു
മതി നന്ദേട്ടാ… ഈ പഞ്ചാരവർത്തമാനമൊക്കെ ഞാൻ കുറെ കേട്ടതാണ്, കല്യാണം കഴിഞ്ഞ് വർഷം പലത് കഴിഞ്ഞിട്ടും, നമുക്ക് കുട്ടികളുണ്ടാവാതെയിരുന്നപ്പോൾ ,ഡോക്ടറെ കാണാനും, പരിശോധന നടത്താനുമൊക്കെ ,ബന്ധുക്കളും ,സുഹൃത്തുക്കളും നിരന്തരം നിർബന്ധിച്ച് കൊണ്ടിരുന്നപ്പോഴും , നമ്മൾ രണ്ട് പേരും അതിന് വഴങ്ങിയില്ല, എന്താ കാരണം? നമ്മളിലൊരാളുടെ കുറവ് കൊണ്ടാണ്, കുട്ടികളുണ്ടാകാത്തതെന്നറിയുമ്പോൾ, മറ്റെയാൾക്ക് സ്നേഹക്കുറവുണ്ടാകു മെന്നുള്ള ആശങ്കയായിരുന്നു നമുക്ക്, അത്രയും അഗാധമായി നമ്മൾ പരസ്പരം സ്നേഹിച്ചു ,ആ സ്നേഹവും വിശ്വാസവും ഞാനീ നിമിഷം വരെ കാത്ത് സൂക്ഷിച്ചു, പക്ഷേ , നിങ്ങളെൻ്റെ വിശ്വാസത്തെ മുതലെടുത്ത് കൊണ്ട്, എന്നെ പല പ്രാവശ്യമായി കബളിപ്പിച്ച് കൊണ്ടിരിക്കുമ്പോൾ ,ഞാനിനി എന്ത് വിശ്വസിച്ച് നിങ്ങളോടൊപ്പം ജീവിക്കും, എൻ്റെ മാനം പോലും സംരക്ഷിക്കാൻ കഴിയാത്ത കുടിയനായൊരു ഭർത്താവിൻ്റെ കൂടെ, എന്ത് ധൈര്യത്തിലാണ് ഞാനിനി ജീവിക്കേണ്ടത്?
NB :- നീരജയുടെ ചോദ്യത്തിന് മറുപടി പറയേണ്ടത് നന്ദനാണെന്നറിയാം ,പക്ഷേ അയാൾ ഉത്തരമില്ലാതെ നില്ക്കുന്നു, ഇനി നിങ്ങളിലൊരാളാണ് നന്ദൻ്റെ സ്ഥാനത്ത് വരുന്നതെങ്കിൽ എന്തായിരിക്കും നിങ്ങളുടെ മറുപടി, അത് കമൻ്റായി പ്രതീക്ഷിക്കുന്നതിനോടൊപ്പം ഏറ്റവും മികച്ച മറുപടി ഈ കഥയുടെ ക്ളൈമാക്സാക്കുകയും ചെയ്യുന്നതാണ്