കാണാമറയത്ത്
Story written by Ammu Santhosh
“ദേ അപ്പുറത്തെ വീട്ടിൽ പുതിയതായി വന്ന താമസക്കാരില്ലേ? പുതുതായി കല്യാണം കഴിഞ്ഞവരാണെന്ന് തോന്നുന്നു “
വിനു ഒന്ന് മൂളി
“വിനു കണ്ടാരുന്നോ അവരെ? ആ പെണ്ണിനെന്നാ ജാടയാ. ഞാൻ ഒന്ന് ചിരിച്ചു.. ചിരിച്ചില്ല എന്ന് മാത്രമല്ല മുഖം തിരിച്ചു ഒറ്റ പോക്ക്.. ഈ മനുഷ്യൻമാരെന്താ ഇങ്ങനെ? ചിരിച്ച എന്ത് സംഭവിക്കാനാ?” വിനു ഒന്നും മിണ്ടിയില്ല..
മീനാക്ഷിക്ക് എന്തെങ്കിലും കുറച്ചു മതി.. ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും. അവളുടെ വിചാരം അവളുടെ നാട്ടിൻപുറം പോലെയാണെന്നാ.. ഇത് സിറ്റിയാണ് മോളെ ഇവിടെ ഇങ്ങനെ ഒക്കെയാണെന്ന് എത്ര പറഞ്ഞു കൊടുത്തിട്ടും ആളിന്റെ തലയിൽ കേറിയിട്ടില്ല.. വിനു ഓഫീസിൽ പോയി.
. വിനു പലതവണ അവളോട് പറഞ്ഞതാണ് ഏതെങ്കിലും ഓഫീസിൽ ജോലി വാങ്ങി കൊടുക്കാം വീട്ടിൽ ഇങ്ങനെ വെറുതെ ഇരിക്കേണ്ടയെന്ന്. ട്രാൻസ്ഫർ ആകുമ്പോൾ ഇവിടുത്തെ ജോലി മതിയാക്കി പോകേണ്ടി വരില്ലേ ഇത് നമ്മുടെ സ്വന്തം നാടും വീടുമല്ലല്ലോ എന്ന് പറയും അവൾ. ഞാനും പഠിച്ചു ഒരു ഗവണ്മെന്റ് ജോലി വാങ്ങും നോക്കിക്കോ എന്ന് വാശിയോടെ പറയും. പറച്ചിൽ മാത്രം ഉള്ളു പഠിക്കുന്നതൊന്നും കാണാറില്ല. എപ്പോഴും പുസ്തകം വായന തന്നെ.അല്ലെങ്കിൽ നട്ടു പിടിപ്പിച്ച മുളകിന്റെയും വെണ്ടയുടെയും പാവലിന്റെയും ഒക്കെ അടുത്തവും. ഒരു പൊട്ടിപ്പെണ്ണാണ്. ഒരു തൊട്ടാവാടി.. ഒരു കല്യാണത്തിന് കണ്ടു ഇഷ്ടപ്പെട്ടു കല്യാണം കഴിച്ചതാണ് വിനു അവളെ. അന്ന് ഡിഗ്രിക്ക് പഠിക്കുന്നേയുള്ളു. അത് കംപ്ലീറ്റ് ചെയ്തെങ്കിലും പിന്നെ ഒന്നിനും പോയില്ല. നല്ല ഒരു ഹോം മേക്കർ ആണ് കക്ഷി.. വിനുവിന് അവളെ ഒന്നിനും നിർബന്ധിച്ചു ചെയ്യാൻ തോന്നാറില്ല. അവളുടെ ഇഷ്ടം എന്താ അത് പോലെ നടക്കട്ടെ എന്ന മട്ടാണ്
മീനാക്ഷി ഓരോ ജോലികളായി തീർത്തു കൊണ്ടിരുന്നു. തുണി നനച്ചു വിരിക്കുമ്പോൾ അടുത്ത വീട്ടിലെ പെൺകുട്ടിയും പുറത്ത് വന്നു എന്തൊ ചെയ്യുന്നത് കണ്ടു അവൾ ചിരിക്കാത്തത് ഒക്കെ മറന്നു മീനാക്ഷി മതിലിന്റെ അരികിൽ ചെന്നു
“ഹലോ എന്റെ പേര് മീനാക്ഷി.. ഇയാളുടെ പേരെന്താ?”
“അഞ്ജിത “
അവൾ വലിയ താല്പര്യമില്ലാതെ പറഞ്ഞു
“കല്യാണം കഴിഞ്ഞേയുള്ളു?”
“Yes “
“ഇവിടെ ജോലിയാ?”
“അതെ.”
“എനിക്ക് ജോലിയില്ല ഹൗസ് വൈഫ് ആണ്. എവിടെയാ ജോലി “
“ഒരു ഐ ടി കമ്പനിയിൽ “അവൾ കൂടുതലൊന്നും പറയാതെ തിരിച്ചു വേഗം വീട്ടിലേക്ക് പോയി.
“അതെ ഇന്നത് എന്നോട് മിണ്ടി കേട്ടോ.. അത്ര ജാഡ ഒന്നുല്ല. എന്നാ പാവമല്ല.. മിണ്ടാൻ ഭയങ്കര മടിയാ.. അതിന്റെ സ്റ്റൈൽ നല്ല ഭംഗിയാ ട്ടോ. മുടി ഒക്കെ കളർ ചെയ്തിട്ടുണ്ട്.. “വൈകുന്നേരം കൃഷിപ്പണി ഒക്കെ ചെയ്തു കൊണ്ട് നിൽക്കുമ്പോൾ അവൾ പറഞ്ഞു
“എന്താ നിനക്കും കളർ ചെയ്യണോ?”വിനു ചിരിച്ചു
“അങ്ങനെ ആരെങ്കിലും ചെയ്യുന്നത് കണ്ടു ചെയ്യുന്ന ഒരാളാണ് ഞാനും എന്ന് വിനുവിന് തോന്നിയോ.. ഞാനെ കോപ്പി ക്യാറ്റല്ല.. I have my own individuality.understand?
ആ മുഖം കണ്ടു വിനു പൊട്ടിച്ചിരിച്ചു പോയി
അവളും ചിരിച്ചു.
“പകൽ ബോറടിക്കുന്നെങ്കിൽ ഞാൻ ഒരു ജോലി വാങ്ങി തരാം കൊച്ചേ “
“ഓ വേണ്ട ചിലപ്പോൾ ഞാനുടനെ പ്രസവിക്കും.. അപ്പൊ ലീവ് എടുക്കണ്ടേ? ജോലി യില്ലെങ്കിൽ ലീവ് എടുക്കണ്ടല്ലോ “
വിനു കണ്ണ് മിഴിച്ചവളെ നോക്കി
“പ്രെഗ്നന്റ് ആണോ? പറയാഞ്ഞതെന്താ?”
“ശ്ശെടാ… കൺഫേം ആവട്ടെ. ആയിട്ട് പറയാം “
“നീ ഇതെന്താ സിമ്പിൾ ആയി പറയുന്നേ അങ്ങനെ വല്ലോം ഉണ്ടെങ്കിൽ ഈ ബക്കറ്റും വെള്ളവും പോക്കി കൊണ്ട് നടക്കല്ലേ കൊച്ചേ “
അവൾ ചെടിക്ക് വെള്ളം ഒഴിച്ച് ബക്കറ്റ് കാലിയാക്കി
“എന്റെ വിനു ഈ ഗർഭം ഒരു രോഗമല്ല.. ഹൂ. ഇങ്ങനെ ആണെങ്കിൽ പ്രെഗ്നന്റ് ആയാലും ഞാൻ പറയില്ല..”
“എന്റെ പൊന്നല്ലേ. പറയണേ…”
വിനു അവളെ കെട്ടിപിടിച്ചു..
“വേണോ?”
“പിന്നെ വേണ്ടേ?”
“എന്നാ എന്നെ ഒന്ന് പൊക്കിയെടുത്തെ “
“എടി ദുഷ്ടേ.. അറുപത്തിയഞ്ച് കിലോ നിസാരമല്ല “
“എടുക്ക് “
ആ മുഖത്തെ ചിരിയിലേക്ക് നോക്കി അവൻ അവളെ കൈകളിൽ കോരിയെടുത്തു
അവൾ ആ കവിളിൽ അമർത്തി ചുംബിച്ചു..
“ചിലപ്പോൾ നീ ഒരു അച്ഛൻ ആയേക്കും കേട്ടോടാ. ഏകദേശം ഉറപ്പാ “
അവൾ ചിരിയോടെ പറഞ്ഞു
അവനവളെ ഇമ വെട്ടാതെ നോക്കി നിന്നു
“ലവ് യു “
“സെയിംപിഞ്ച് “അവൾ കുസൃതിയിൽ കണ്ണിറുക്കി
മുറ്റത്തു നിന്നു അകത്തേക്ക് കയറുമ്പോൾ അവൾ ഒന്ന് തിരിഞ്ഞു നോക്കി. മതിലിന്റെ അരികിൽ ആ പെൺകുട്ടി. മീനാക്ഷി നോക്കുന്നത് കണ്ടവൾ പെട്ടെന്ന് അകത്തേക്ക് പോയി
പിറ്റേന്ന് മീനാക്ഷി ചെടികൾക്കരികിൽ വന്നപ്പോൾ അവളും ഉണ്ട് മുറ്റത്ത്
“ജോലിക്ക് പോകണ്ടേ?”
മീനാക്ഷി ഉറക്കെ ചോദിച്ചു
“വർക്ക് ഫ്രം ഹോം ആണ് “
“ഇപ്പൊ വർക്ക് ഇല്ലെ?”
മീനാക്ഷിയുടെ ചോദ്യം കേട്ട് അവൾ ചിരിച്ചു
“ഇടക്ക് ബ്രേക്ക് എടുത്തതാ “
“അഞ്ജു ഇവിടെ വാ…”അകത്തു നിന്ന് അവളുടെ ഭർത്താവിന്റെ ശബ്ദം
അഞ്ജിതയുടെ മുഖത്ത് ഒരു പേടി നിറഞ്ഞത് മീനാക്ഷി വ്യക്തമായി കണ്ടു
“പോട്ടെ “
അവൾ പോകുന്നത് സംശയത്തോടെ മീനാക്ഷി നോക്കി നിന്നു അൽപനേരം കഴിഞ്ഞു അവിടെ ഒരു ആക്രോശവും അടിക്കുന്ന ശബ്ദവും കേട്ട് അവൾ അങ്ങോട്ട് ഓടി ചെല്ലാൻ ആഞ്ഞു പിന്നെ എന്തൊ ചിന്തിച്ചു അങ്ങനെ നിന്നു
വൈകുന്നേരം വിനു വന്നു വേഷം മാറും മുൻപ് തന്നെ അവളത് പറഞ്ഞു
“അയാൾ അവളെ അടിച്ചു.. ഞാൻ കേട്ട് “
“അതിന്? അവർ ഭാര്യയും ഭർത്താവുമാ കൊച്ചേ.. നമ്മൾ ഔട്ട് സൈഡർസ് ആണ്..”
“ഇങ്ങനെ ഓരോരോ ആൾക്കാർ കരുതുന്ന കൊണ്ടാ ഈ നാട്ടിൽ പെണ്ണുങ്ങളെ ഇങ്ങനെ കൊല്ലുന്നേ.. എന്തിനാ പ്രതികരണശേഷിയില്ലാതെ ഇങ്ങനെ ജീവിക്കുന്നെ? ഇനി കണ്ട ഞാൻ പോകും അങ്ങോട്ട് നോക്കിക്കോ. “
“എന്റെ പോന്നു മോളെ ട്രാൻസ്ഫർ ഏകദേശം ആയി ഇരിക്കുവാ. നമ്മൾ വേഗം ഇവിടെ നിന്ന് പോകും. വെറുതെ ഒന്നിലും ചെന്നു ചാടരുത് “
അവൾ പെട്ടെന്ന് ചിരിച്ചു
“ശ്ശോ ഞാൻ വെറുതെ പറഞ്ഞതല്ലേ ? ഞാൻ പോവോ? അവരൊക്കെ വലിയ ആൾക്കാർ അല്ലെ.. നമ്മൾ പാവങ്ങൾ.. ഞാൻ മിണ്ടൂല ട്ടോ “
ഇവളിത് തമാശ ആണോ കാര്യമാണോ എന്ന് അറിയാതെ വിനു അന്തം വിട്ടു
“ചായ തരട്ടെ പൊന്നിന്?”
അവന്റെ മൂക്കിൽ പിടിച്ചു നുള്ളിയിട്ട് അവൾ അടുക്കളയിലേക്ക് പോയി പിന്നെ അവളെ കാണുമ്പോൾ അഞ്ജിത ചിരിക്കുകയോ മിണ്ടുകയോ ചെയ്യാറില്ല. മുറ്റത്തു നിൽക്കുകയാണെങ്കിൽ അകത്തു കേറി പോകും
ആ പകൽ വീണ്ടും അവിടെ അതെ ആക്രോശം,അതെ അടിയുടെ ശബ്ദം. അഞ്ജിതയുടെ ദീനമായ കരച്ചിൽ കേട്ടതും അവൾ ഒറ്റ ചാട്ടത്തിനു മതിൽ കടന്നപ്പുറത്ത് എത്തി
വാതിലിൽ കുറെ ഇടിച്ച ശേഷം ആണ് തുറന്നത്.
“ആരാ?”അയാൾ
“അഞ്ജിത എവിടെ?”
“അവൾ കിടക്കുന്നു.
നീ പോയെ “
“നീയോ… തന്നെ ആരാടോ കാണുന്ന പെണ്ണിനെ എടി പോടീ നീ എന്നൊക്കെ വിളിക്കാൻ പഠിപ്പിച്ചത്? ഇവിടുത്തെ ബഹളം ഒക്കെ ഞാൻ കേട്ടു.അഞ്ജിതയേ വിളിക്ക് അല്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കും “Bഅയാൾ അകത്തേക്ക് പോയി അൽപനേരം കഴിഞ്ഞു അവൾ വന്നു. കരഞ്ഞു കലങ്ങിയ കണ്ണുകൾ. അടി കൊണ്ട് പൊട്ടിയ ചുണ്ട്. അവൾ കരച്ചിലോടെ തന്നെ പറഞ്ഞു
“മീനാക്ഷി പൊ മീനാക്ഷി… ഇത് ഞങ്ങളുടെ ഫാമിലി കാര്യമാ.. മീനാക്ഷി ഇടപെടേണ്ട “
“ബെസ്റ്റ് എന്റെ കൊച്ചേ നീ ഇയാളുടെ തല്ല് കൊണ്ട് ചാവും..എന്തിനാ ഇങ്ങനെ ജീവിക്കണേ.. പിന്നെ നിങ്ങളുടെ ഫാമിലി കാര്യമാണെങ്കിൽ കൂടി ഞാൻ പോലീസിനെ വിളിക്കും അവർ വന്നു കാണട്ടെ. നാളെ കൊലപാതകം നടന്നു കഴിഞ്ഞാൽ ചോദ്യം ഞങ്ങൾക്ക് നേരെയും ഉണ്ടാകുമല്ലോ “
“മീനാക്ഷി പ്ലീസ്.. പോലീസിനെ വിളിക്കരുത്.. ഞങ്ങൾ കല്യാണം കഴിച്ചിട്ടില്ല.. പോലീസ് വന്നാൽ ആകെ പ്രശ്നം ആകും “
“അത് നന്നായി. നീ ഇയാളെ കല്യാണം കഴിക്കണ്ട.സ്വന്തം വീട്ടിൽ തന്നെ പൊയ്ക്കോ. അവർ എന്തായാലും സ്വീകരിക്കും.. വീട് എവിടെയാ? ഞാൻ വിളിച്ചു പറയാം “
“വേണ്ട… ഇനി അങ്ങോട്ട് പോകാൻ പറ്റില്ല. എന്റെ വിധിയാണ് ഇത് “അവൾ വീണ്ടും കരഞ്ഞു
“കുന്തം വിധി പോലും.. ദേ ഇയാള് വേണ്ട കേട്ടോനിന്നെ ഇയാൾ ഇങ്ങനെ ഉപദ്രവിച്ചു ഒടുവിൽ കൊല്ലും..”
“എടി നിന്നെ ഞാൻ..”അയാൾ കൈയുയർത്തി മീനാക്ഷിയുടെ നേരേ ആഞ്ഞതും അവൾ മുഖം അടച്ചൊന്നു കൊടുത്തതും പെട്ടന്നായിരുന്നു
“സൂക്ഷിച്ച്… സൂക്ഷിച്ച്..”അവൾ ചൂണ്ടു വിരലുയർത്തി..”എല്ലാ പെണ്ണും ഒരു പോലല്ല.തൊട്ടാൽ പൊള്ളുന്ന പെണ്ണുങ്ങൾ ഉണ്ട്… ദഹിച്ചു പോകും നിങ്ങൾ..”പിന്നെ അവൾക്ക് നേരേ തിരിഞ്ഞു
“നീ വരുന്നോ? വരുന്നെങ്കിൽ ഞാൻ കൊണ്ട് പോകാം … ജീവിതം മുഴുവൻ ഇയാളെ ചുമക്കണോ. അതൊ വീട്ടുകാരുടെ കാല് പിടിച്ചു മാപ്പ് പറഞ്ഞു സമാധാനം ആയി ജീവിക്കണോ..
ഇപ്പൊ പറയണം “
ആ ഒറ്റ അടിയിൽ അഞ്ജിത മാറി. അവൾ മീനാക്ഷിയുടെ കൈ പിടിച്ചവിടെ നിന്നിറങ്ങി
അഞ്ജിതയുടെ വീട്ടിൽ മീനാക്ഷി പോയി.. കുറെ സംസാരിക്കേണ്ടി വന്നു. സമയം എടുത്തു ക്ഷമിക്കാനും പൊറുക്കാനും..
ഒടുവിൽ വീട്ടുകാർ അഞ്ജിതയേ വന്നു കൂട്ടികൊണ്ട് പോയി
വിനുവിന് ട്രാൻസ്ഫർ ആയി. മീനാക്ഷിയുടെ നാട്ടിലെക്ക്
“എന്റെ ഈശ്വര ഇപ്പോഴാ എനിക്ക് സമാധാനമായേ… ഇനി ഒരു അടിക്ക് പോകല്ലേ എന്റെ പൊന്നേ.. എന്റെ കൊച്ച് ഇതൊക്കെ വയറ്റിൽ കിടന്നു കാണുന്നുണ്ടാവും “
“അവൾ കാണട്ടെ വിനു. കേൾക്കട്ടെ.മിടുക്കി ആവട്ടെ…”
“മോളാ?”
“മകൾ ആവണം ന്നാ. എന്നാലും മോൻ ആയാലും സന്തോഷം തന്നെ.. നല്ല മനുഷ്യൻ ആയാ മാത്രം മതി “
വിനു അവളെ ചേർത്ത് പിടിച്ചു നിറുകയിൽ ഉമ്മ വെച്ചു
“ഒരു നൂറു ലബ്യു “
“ഒരായിരം തിരിച്ചങ്ങോട്ട് “അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചിൽ ചേർന്നു.