ചോറ് പാത്രത്തിൽ നിറഞ്ഞു വരുന്നത് കണ്ടിട്ടാണ് ഞാൻ അരിയുടെ ചാക്ക് ഒന്ന് എടുത്ത് നോക്കിയത്……..

എഴുത്ത്:-സൽമാൻ സാലി

രാത്രി പെങ്ങളുമായ്‌ നെയ്പത്തലിന് അടികൂടുമ്പോളാണ് വാപ്പാന്റെ ഫോൺ വന്നത്.. നെയ്പത്തലിന്റെ കൂടെ ബീഫ് കറി ഒഴിക്കും പോലെ രാത്രി നേരം വൈകി വീട്ടിൽ വരുന്നതും കുരുത്തക്കേടുള്ള പിള്ളേരോടൊപ്പമുള്ള ചുറ്റികളിയും വാപ്പാനോട് വിവരിക്കുന്നത് കേട്ട് തിന്ന നെയ്പത്തൽ തൊള്ളയിൽ കുരുങ്ങിയെന്ന് നിങ്ങള് കരുതും ഇല്ല.. രണ്ടെണ്ണം കൂടുതൽ തിന്ന് എണീക്കുമ്പോളാണ് ഉമ്മ ഫോൺ കയ്യിൽ തരുന്നത്..

പടച്ചോനെ പണി പാളി… ഇനി വാപ്പാടെ സ്ഥിരം ഉപദേശം കേൾക്കണമല്ലോ എന്ന് കരുതി ഫോൺ ചെവിയിൽ വെച്ചു…

“”ഹലോ… മോനെ… നാളെ അഷ്റഫ്ക്കാന്റെ വീട്ടിൽ പോയിട്ട് നിനക്കുള്ള വിസ വാങ്ങണം… അടുത്ത ആഴ്ച തന്നെ ഇങ്ങട് പോരാനുള്ളതാണ്….

ഒറ്റയടിക്ക് വാപ്പ പറഞ്ഞു നിർത്തിയതും സന്തോഷമാണോ സങ്കടമാണോ വരുന്നത് എന്നറിയാത്ത അവസ്ഥ…

ഒരാഴ്ച പെട്ടന്ന് തീർന്ന് പോയി….

എന്റെ പോക്ക് പ്രമാണിച്ചു കുടുംബക്കാരൊക്ക വന്ന് നല്ല നെയ്ച്ചോറും ബീഫും തട്ടി പോകാൻ നേരം അഞ്ഞൂറും ആയിരവുമായി കീശയിൽ ഇട്ട് തന്നു യാത്ര പറഞ്ഞു പോയി….

ആ അഞ്ഞൂറും ആയിരവും അവരുടെ ഇൻവെസ്റ്റ്‌ മെന്റായിരുന്നു എന്ന് പിന്നെയാണ് മനസിലായത്.. അവരുടെ വീട്ടിലൊക്കെ എന്തെങ്കിലും പരിപാടി നടക്കുമ്പോൾ ഉമ്മ വിളിക്കും.. അവർ നീ പോകുമ്പോൾ പൈസ തന്നതല്ലേ എന്തെങ്കിലും കൊടുക്കണ്ടെടാ എന്ന് പറയുമ്പോൾ.. അഞ്ഞൂറിന് പകരം അയ്യായിരം ഇറങ്ങിപോകും….

ഗൾഫിലേക്ക് പോകാൻ നേരം കിട്ടുന്ന പൈസ അർദ്ധ രാത്രി മോഡി നിരോധിച്ച നോട്ട് പോലെയാണ് ഒരു ഉപകാരത്തിനും ഒക്കില്ല.. അല്ലെങ്കിലും ഒരു പൈസ ഇല്ലാതെ തെണ്ടി നടക്കുമ്പോൾ ആരും ഞമ്മക്ക് ഉണ്ടാവൂല.. ഇറങ്ങാൻ നേരം എല്ലാം എണ്ണി മടക്കി ഉമ്മടെ കയ്യിൽ കൊടുത്തു ഞാൻ വിമാനം കേറി…

വിമാനത്തിൽ ഇരിക്കുമ്പോൾ മുഴുവൻ കണക്ക് കൂട്ടലുകൾ ആയിരുന്നു.. എങ്ങനേലും കുറച്ചു പൈസ ഉണ്ടാക്കി യൂസഫലിക്കാനോട് ചേർന്ന് രണ്ട് ലുലു തുറക്കണം എന്നൊക്കെ കണക്ക് കൂട്ടിയാണ് വിമാനത്തിൽ നിന്നും ഇറങ്ങിയത്…

അങ്ങനെ ദുബായ് എയർപോർട്ടിൽ വിമാനത്തിൽ നിന്നിറങ്ങിയതും ഒരു ചൂട് കാറ്റ് അടിക്കുന്നു… അത്രേം നേരം വിമാനം ഓടിയത് കൊണ്ട് എൻജിൻ ചൂടായ തായിരിക്കും എന്ന് കരുതിയെങ്കിലും പിന്നെയാണ് മനസിലായത് ദുബായിലെ മൊത്തത്തിലുള്ള ചൂടായിരുന്നു എന്ന്…

എമിഗ്രെഷനും കണ്ണ് ചെക്കപ്പുമൊക്കെ കഴിഞ്ഞു നാട്ടിൽ നിന്നും കൊണ്ട് വന്ന ഉണ്ണിയപ്പവും അച്ചാറും ബീഫുമടങ്ങിയ പെട്ടിയും എടുത്ത് ട്രോളിയിൽ വെച്ചു തള്ളാൻ തുടങ്ങിയപ്പോ ട്രോളി അനങ്ങുന്നില്ല…

പഞ്ചറായ ട്രോളി ആണല്ലോ പടച്ചോനെ ആദ്യം തന്നെ കിട്ടിയത് എന്നോർത്ത് അടുത്ത ട്രോളി എടുത്ത് വന്നു അതും പഞ്ചർ… മൂന്നാമത്തെ ട്രോളിയും അനങ്ങാതിരുന്നപ്പോൾ ഞാൻ മനസ്സിൽ ഓർത്തു.. ദുബായ് ആണ് പോലും ദുബൈ… പഞ്ചറായ ട്രോളി മാറ്റാൻ പോലും ആരുമില്ല ഇവിടെ.. അങ്ങനെ കിട്ടിയ ട്രോളി മസിലും പിടിച്ചു തള്ളിക്കൊണ്ട് വരുമ്പോളാണ് ഒരു ഇക്ക വന്നു ട്രോളിയുട ബ്രേക്ക് കാണിച്ചു തന്നത്… ആരെങ്കിലും കാണുന്നുണ്ടോ എന്ന് ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി.. ഭാഗ്യത്തിന് എല്ലാരും കണ്ടു എന്ന ചമ്മലിൽ ഞാൻ പുറത്തേക്ക് നടന്നു…..

കൊണ്ട് വന്ന ബീഫും ഉണ്ണിയപ്പവും കാലിയായപ്പോൾ എന്നേ കൂട്ടാൻ വന്നവർ ഓരോ വഴിക്ക് ഇറങ്ങി… അവസാനം ഒരു കടയിൽ കയറി രണ്ട് മൂന്ന് ചെമ്പും പാത്രവും പിന്നെ അരിയും സാധനങ്ങളും വാങ്ങി ഒരു കമ്പനിയുടെ ക്യാമ്പിൽ കൊണ്ട് വിട്ട് ഉപ്പയും മുങ്ങി…..

നാട്ടിൽ ഭാസ്കരേട്ടന്റെ കടയിൽ ഇരുന്ന് തള്ളിമാറിക്കേണ്ട ഞാൻ ഇങ് ദുബായിൽ ഒരു ക്യാമ്പിൽ… ആലോചിച്ചു തല കറങ്ങാൻ തുടങ്ങി.. ന്നാലും വേണ്ടില്ല കുറേ പൈസ ഉണ്ടാക്കിയിട്ട് വേണം നാട്ടിൽ പോയിട്ട് ഒന്ന് വിലസി നടക്കാൻ അങ്ങനെ ആലോചിച്ചു കിടന്നുറങ്ങി പോയി….

പിറ്റേ ദിവസം തന്നെ ഡ്യൂട്ടിക്ക് കേറി.. ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോൾ മുടിഞ്ഞ വിശപ്പ്…

ഒന്നും നോക്കിയില്ല അരിയുടെ ചാക്ക് പൊട്ടിച്ചു ഒരു പ്ളേറ്റിൽ എനിക്ക് വേണ്ട അത്രയും അരിയെടുത്ത്.. പത്രത്തിലിട്ട് കഴുകി വെള്ളമൊഴിച്ചു അടുപ്പിൽ വെച്ചു….

അവിടെയാണ് ജീവിതത്തിലെ പുതിയ പാഠങ്ങൾ പഠിച്ചു തുടങ്ങിയത്…

വെള്ളം തിളക്കുന്നതിനനുസരിച് പത്രത്തിൽ അരി നിറഞ്ഞു വന്നു.. അവസാനം ചെറിയ പത്രം മാറ്റി വലുതാക്കി.. പിന്നെയും പിന്നെയും അവിടെ ഉള്ള ആളുകളുടെ വലിയ പത്രം വാങ്ങി ഞാൻ പത്രം മാറ്റികൊണ്ടിരുന്നു….

ചോറ് പാത്രത്തിൽ നിറഞ്ഞു വരുന്നത് കണ്ടിട്ടാണ് ഞാൻ അരിയുടെ ചാക്ക് ഒന്ന് എടുത്ത് നോക്കിയത്.. Made in uae.. വെറുതെയല്ല ഒരാൾക്ക് ഇട്ട ചോറ് പത്ത് പേർക്ക് കഴിക്കാനുള്ളആയത്… ദുബായിലെ ഒരു ദിർഹം നാട്ടിൽ അന്ന് പതിമൂന്ന് രൂപയാണ്.. അപ്പൊ പിന്നെ നാട്ടിൽ നിന്ന് വന്ന ഞാൻ അരി ഇടുമ്പോൾ അത് ആലോചിക്കണമായിരുന്നു …

ഏതായാലും ആദ്യ ദിവസം തന്നെ പത്ത് ദിവസത്തേക്കുള്ള ചോറ് വെച്ച ഞാൻ ചെറുപയർ എടുത്ത് കറിവെക്കാനൊരുങ്ങി…

ചോറിൽ സംഭവിച്ച പിഴവ് കറിയിൽ സംഭവിക്കാതിരിക്കാൻ ഇരുപത്തിയഞ്ച് ചെറുപയർ എണ്ണി എടുത്തു കറിവെക്കാൻ തുടങ്ങി.. ഇരുപത്തിയഞ്ച് ചെറുപയർ ഇരുനൂറ്റി അൻപതു ആകുമെന്ന് കരുതിയ എനിക്ക് തെറ്റി… ഇന്ത്യൻ made ചെറുപയർ ആയത് കൊണ്ട് അത് വികസിച്ചില്ല…… പിന്നീങ്ങോട്ട് പ്രാവാസത്തിലെ പരീക്ഷണ ദിവസങ്ങൾ ആയിരുന്നു…

ചോറ് കൊണ്ട് കഞ്ഞിയുണ്ടാകുന്നു മീൻ കൊണ്ട് സൂപ്പ് ഉണ്ടാക്കുന്നു അങ്ങനെ ആകെ അടിപൊളി ആയിരുന്നു…

വീട്ടിൽ മീൻ പൊരിച്ചത് ഇല്ല എന്ന് പറഞ്ഞിട്ട് ചോറ് തിന്നാതെ എണീറ്റ് പോയ ഞാൻ അച്ചാറും കൂട്ടി രണ്ട് പ്ളേറ്റ് ചോറ് തിന്നാൻ തുടങ്ങിയതും.. ഒരു കറി ഉണ്ടാക്കി മൂന്ന് ദിവസം ചൂടാക്കി കഴിക്കാൻ തുടങ്ങിയതും അന്ന് മുതലായിരുന്നു……

ഇടക്ക് നാട്ടിൽ വിളികുമ്പോൾ പെങ്ങളുടെ ഒരു പറച്ചിലുണ്ട്… ഇക്കാകാ ബിരിയാണി ആയിരുന്നു എന്ന്.. ന്റെ നെഞ്ചത്ത് ആണിയടിക്കുന്ന വേദന ആണെന്ന് ആ കുരിപ്പിന് അറിയൂലാലോ..

ന്നാലും ന്റെ വാപ്പാ… രണ്ട് നെയ്പത്തലിന് വേണ്ടി അടിയുണ്ടാക്കിയ എന്നേ രണ്ട് വഴക്ക് പറയുന്നതായിരുന്നു നല്ലത്…..

അനുഭവങ്ങൾ പാളിച്ചകൾ ….നിങ്ങളുടെ ജീവിതത്തിലെ രസകരമായ അനുഭവങ്ങൾ അടിയിൽ കുറിച്ചിടുക