അറബിയുടെ പൂതിയാണ് ദല്ലാളന്മാരുടെ ചോർ. സാധാരണ കല്യാണം നടുത്തുന്നതിനേക്കാൾ……

അറബികല്യാണം

Story written by Navas Amandoor

“പാത്തു നിന്റെ ഉമ്മച്ചിനെ കാണാൻ എന്ത് ഭംഗിയാ..”

കൂട്ടുകാരികളുടെ പറച്ചിലിൽ പാത്തുവിനും തോന്നിയിരുന്നു ഉമ്മാടെ ഉമ്മക്കും എനിക്കും കിട്ടാത്ത ഭംഗി എങ്ങനെയാ എന്റെ ഉമ്മിച്ചിക്ക് മാത്രം കിട്ടിയതെന്ന്.

പാവങ്ങൾക്ക് സൗന്ദ്യര്യം പോലും അളന്ന് കൊടുക്കുന്ന ദൈവം എന്നും പട്ടിണി പാവങ്ങളെ നേരെ കണ്ണ് തിരിക്കും.

“പാണക്കാരുടെ മൊഞ്ചാ.. പാത്തുന്റെ ഉമ്മിച്ചിക്ക്..”

“അത് നേരാ.. ക്യാഷ് ഉള്ളവർക്ക് എങ്ങനെയാണവോ… ഭംഗി ഉണ്ടാകുന്നത്..?”

“നിന്റെ ഉമ്മിച്ചി പാണക്കാരി അല്ലല്ലോ.. എന്നിട്ട് എങ്ങനെയാ..?”

“എനിക്കറിയില്ല.”

പാത്തുവിന്റെ ചോദ്യത്തിന്റെ ഉത്തരം കിട്ടുക പതിനായിരം രൂപക്ക് പത്ത് സെന്റ് സ്ഥലം വാങ്ങിക്കാൻ കിട്ടുന്ന കാലത്താണ്.

കച്ചവട ആവശ്യങ്ങൾക്കായി കേരളത്തിന്റെ തീരത്തെത്തിയിരുന്ന അറബികളും മറ്റു പല രാജ്യക്കാരും തീരദേശങ്ങളിലെ മലയാളി പെൺകുട്ടികളുമായി വിവാഹ ബന്ധങ്ങളുണ്ടാക്കിയിരുന്നുവെന്നത് ചരിത്രം.

കുടിലുകൾ തിങ്ങി നിറഞ്ഞ ഒരു നേരം പോലും ഭക്ഷണം കഴിക്കാൻ ഇല്ലാത്തവരുടെ ഇടയിലേക്ക് പ്രായം തികഞ്ഞ പെൺ കുട്ടികളെ കണ്ണ് വെച്ച് അറബിക്ക് നിക്കാഹ് ചെയ്തു കൊടുക്കാൻ വഷളൻ ചിരി യുമായി കറങ്ങി തിരിയുന്ന ദല്ലാളന്മാരിൽ ഒരാൾ അലിയുടെ കുടിലിലും എത്തി.

അറബിയുടെ പൂതിയാണ് ദല്ലാളന്മാരുടെ ചോർ. സാധാരണ കല്യാണം നടുത്തുന്ന തിനേക്കാൾ ക്യാഷ് കിട്ടും അതുകൊണ്ട് തന്നെ കഷ്ടപാടുള്ള വീടുകളിലെ മൊഞ്ചുള്ള കുട്ടികളെ അവർ കണ്ടെത്തും.

“സഫിയക്ക് പതിനാല് കഴിഞ്ഞില്ലേ.. നല്ലൊരു അറബി എന്റെ കസ്റ്റഡിയിൽ ഉണ്ട്.”

“അത് വേണ്ടാ.. ഇക്ക.’

“അത് എന്താണ് വേണ്ടാത്തത്.. ഈ ഓല പുര പൊളിച്ചു എവിടെ നല്ലൊരു വീട് വെക്കണ്ടേ… നിനക്കും പോണ്ടേ അറബി നാട്ടിൽ.. ക്യാഷ് ഉണ്ടാക്കി അവൾക്ക് താഴെ ഉള്ളോരേ കെട്ടിക്കണ്ടേ.. സ്വന്തമായി എണ്ണപാടമുള്ള അറബിയാ ഇപ്പൊ വന്നിട്ടുള്ളത്..”

“എന്നാലും എവിടെയൊ ഉള്ള ഒരു അറബിക്ക് എന്റെ പെങ്ങളെ..! “

“നിനക്ക് അറിയുന്നതല്ലേ തെക്കേതിലെ ഹംസയുടെ മോളെ അറബി കെട്ടിയിട്ട്… ഒരു കൊല്ലം കൊണ്ട് അവരുടെ ജീവിതം തന്നെ മാറിയില്ലേ.. ഓള് ഇപ്പൊ അറബിയുടെ ഒപ്പം അങ്ങ് ദുബായിലാ.”

വേണ്ടെന്ന് പറഞ്ഞു നിന്ന അലിയുടെ മനസ്സിനെ തള്ളി അയാൾ അറബിയുടെ അരികിൽ എത്തിച്ചു.

അറബി താമസിക്കുന്ന ഹോട്ടലിൽ വെച്ച് ബ്രോക്കറുടെ ഒപ്പം അലിയും പോയി വാക്ക് ഉറപ്പിച്ചു.

“പതിനായിരം ഉറപ്പിക മഹറിന് സഫിയയെ അറബി നിക്കാഹ് ചെയ്യും.”

പറമ്പിൽ കുട്ടികൾക്ക് ഒപ്പം ഓടി നടന്നു കളിക്കുന്ന സഫിയ അതൊന്നും അറിഞ്ഞില്ല.

“അലി അത് വേണോ..?”

“പിന്നെ ഞാൻ എന്താണ് ചെയുക.. അവൾക്ക് താഴെ രണ്ട് പെൺകുട്ടികൾ കൂടെ ഉണ്ട്.. ഒരു നേരം പോലും വയർ നിറച്ചു തിന്നാൻ ഗതി ഇല്ലാത്തോർക്ക് പടച്ചവൻ തന്ന അനുഗ്രഹമാണ് ഈ നിക്കാഹ്.”

അവന്റെ മറുപടി കേട്ട് പള്ളിയിലെ ഉസ്താദ് മിണ്ടാതെ പോയി.

ഗൾഫിൽ സ്വന്തമായി എണ്ണപ്പാടമുണ്ടത്ര ഈ അറബിക്ക്.

ഈ കുടിൽ പൊളിച്ചു നല്ലൊരു വീട് ഉണ്ടാക്കും..

മഴയിൽ ചോരാത്ത.. മഞ്ഞിൽ തണുപ്പ് അരിച്ചു കേറാത്ത നല്ലൊരു വീട്.

ഒരാളെ ബലി കൊടുത്തു അവൾക്ക് താഴെ ഉള്ളവരെ നല്ലത് പോലെ കെട്ടിക്കും.

അലിയും കടൽ കടന്ന് അറബി നാട്ടിൽ പോയി അവിടെന്ന് സമ്പാദിക്കും.

ഒരു നിക്കാഹിന്റെ പിറകെ ഒരുപാട് സ്വപ്‌നങ്ങൾ. ഇല്ലായ്മയിൽ നിന്നും ജീവിതം മാറ്റങ്ങളുടെ മണ്ണിൽ പറിച്ചു നാടാനുള്ള വഴി.

വെള്ളിയാഴ്ച രാത്രിയാണ് നിക്കാഹ്.

സഫിയാക്ക് പുതിയ ഡ്രസ്സ്‌ വാങ്ങി കൊണ്ട് വന്നു.ഒപ്പം ഉടത്തു ഒരുങ്ങാൻ ഉള്ളതെല്ലാം. മഹർ കൂടാതെ അതിനൊക്കെ യുള്ള പണം അറബി വേറെ കൊടുത്തിട്ടുണ്ട്.

വാസന സോപ്പിട്ടു കുളിച്ചു.സഫിയയുടെ ശരീരത്തെ മൈലാഞ്ചി മൊഞ്ചോടെ മണവാട്ടിയാക്കി ഒരുക്കി.

അറബി ഒരു ടാക്ക്സി കാറിൽ വന്നിറങ്ങി.

വീടിന്റെ പുറത്തു ഒരു ചെറിയ മേശ ഇട്ടു.

മൂന്ന് പേർ ആ മേശയുടെ അരികിൽ ഇരുന്നു.

ഉസ്താദ് അറബിയുടെ കൈ പിടിച്ചു അലിയുടെ കൈയിൽ വെച്ചു.

നിലവില്ലാത്ത മഴക്കോളുള്ള രാത്രി. തണുത്ത കാറ്റ് വീശുന്നുണ്ട്.മിന്നൽ പിണർ ഇടക്കിടെ മിന്നി മറഞ്ഞു.

പതിനായിരം ഉറപ്പിക മഹാറിനു ഓല പുരയുടെ ഉള്ളിൽ ഇരിക്കുന്ന സഫിയ അറിയാതെ അറബിക്ക് അവളെ ഭാര്യയാക്കി.. ഹലാലയ ഇണയാക്കി.

മഹർ കൈമാറി..

സഫിയയെ പുറത്തേക്ക് കൊണ്ട് വന്നു.

നിലാവ് ഇല്ലാത്ത രാത്രിയായിട്ടും മണ്ണണ്ണ വിളിക്കിന്റെ വെളിച്ചത്തിൽ പുതുപെണ്ണ് തിളങ്ങി.

എല്ലാവരും കൂടി അവളെ അറബി വന്ന കാറിന്റെ അരികിലേക്ക് കൊണ്ട് പോയി.

“സഫിയ നിന്റെ നിക്കാഹ് കഴിഞ്ഞു.. ആ അറബിയാ നിന്റെ ഭർത്താവ്.. അദ്ദേഹം നഗരത്തിലെ വലിയൊരു ഹോട്ടലിലാണ് താമസം… ഈ രാത്രി മുതൽ നീയും അവിടെ യാണ്..”

സങ്കടമാണോ അവളുടെ കണ്ണുകളിൽ. ദാരിദ്ര്യമില്ലാത്ത പുതിയൊരു ലോകത്തിലേക്കാണ് സഫിയയുടെ മുന്നിൽ തുറന്നിട്ട വാതിൽ.

“ഇക്ക… ഇങ്ങനെ ആണൊ നിക്കാഹ്.. ഇതാണോ… നിക്കാഹ്.”

“നിനക്ക് ഭാഗ്യമുണ്ട്… ഒരുപാട് സ്വത്തുള്ള ആളാണ്.. നിന്റെ ഭർത്താവ്.. നീയും ഞാനും നമ്മുടെ വീടും രക്ഷപെടും.. ഇക്കാടെ മോള് ഇക്ക പറയുന്നത് കേൾക്കു.”

അവൾ കാറിൽ കയറി.കാർ മുന്നോട്ട് എടുത്തു.

പെയ്യാൻ കാത്ത് നിന്ന മഴ പെയ്തു. തുള്ളിക്ക് ഒരു കുടം കണക്കെ കാറ്റിനോപ്പം നൃത്തം ചെയ്തു പെയ്ത മഴ യിൽ സഫിയയുടെ ഓല പുര ചോർന്നു ഒലിച്ചു.

അവളാണ് ഇങ്ങനെ മഴ പെയ്യുമ്പോൾ അനിയത്തി കുട്ടികളെ ചേർത്ത് പിടിച്ചു ഉറക്കുക.

ഇത്താത്ത ഇല്ലാത്തത് കൊണ്ട് അവർ ഉമ്മയുടെ അരികിൽ പറ്റി ചേർന്ന് നിന്നു.

“ഇത്താത്ത… എവിടെ പോയി.. വരൂലേ ഇന്ന്.”

“ഇത്താത്തക്ക് ഇനി മഴ കൊള്ളേണ്ട.ഈ എടങ്ങേറിൽ നിന്നും സഫിയ രക്ഷപെട്ടു അല്ലെ ഉമ്മ.”

എല്ലാം മൗനത്തോടെ സമ്മതിച്ചപ്പോളും ഉമ്മയുടെ മനസ്സിലെ നോവ് കണ്ടത് പടച്ചവനാണ്.വേറെ വഴിയില്ല.. ഒരാളെങ്കലും നല്ലോണം ജീവിക്കട്ടെ.

ഇത്താത്തയെ കാത്തിരുന്നു മഴ തോർന്നതും നേരം പുലർന്നതും അറിയാതെ അനിയത്തിന്മാർ ഉറങ്ങി.

ആദ്യമായി കാണുന്ന ഒരാളുടെ ഒപ്പം ഒരു മുറിയിൽ. അയാളുടെ ഭാഷയറിയില്ല. ഏതോ ഒരു നാട്ടുകാരൻ.. അയാളുടെ മുഖത്ത് സ്‌നേഹമില്ല.. തലോടോലിൽ പ്രണയമില്ല.. പകരം അയാളിൽ അടങ്ങാത്ത കാ മം മാത്രം..

പതിനാല് വയസ്സ് കഴിഞ്ഞ പെണ്ണിന്റെ മേനിയിൽ അറബിയുടെ കാ മ പ്രാന്തിന്റെ നാളുകളിൽ അവൾ ക്ഷമയോടെ വേദനയും വിഷമവും സഹിച്ചത് കുടുംബം രക്ഷപെടുമല്ലോ എന്ന് ഓർത്തിട്ടാണ്.

രണ്ടാഴ്ച കഴിഞ്ഞു വീണ്ടും ഒരു ടാക്സി കാർ അലിയുടെ വീട്ടിൽ വന്നു. ആ കാറിന്റെ ഡോർ തുറന്നു സഫിയ ഇറങ്ങി.

സഫിയ പതിനഞ്ചു ദിവസം കൊണ്ട് വല്ല്യ പെണ്ണായപോലെ.

അവൾ ഇറങ്ങി ഓല പുരയിലേക്ക് നടന്നു.

അറബി അറബിയുടെ നാട്ടിലേക്ക് പോയിന്നു സഫിയ അലിയോട് പറഞ്ഞു.

പിന്നെയും മഴയും വെയിലും പലവട്ടം വന്നു പോയി.

സഫിയ ഒരു പെൺകുട്ടിയെ പ്രസവിച്ചു.

വാപ്പയില്ലാത്ത മകളെന്ന് ആരും പറയില്ലങ്കിലും അവൾ വാപ്പയില്ലാതെ വളർന്നു.

ഇനി അറബി വരുമെന്ന് അലിക്കും പ്രതീക്ഷയില്ല.ഓല പുരയിൽ ഒരാൾ കൂടി കൂടിയത് മാത്രമായി ആ നിക്കാഹ് കൊണ്ടുള്ള ഗുണം.

‘ചില അറബികൾ പിന്നീട് എപ്പോഴങ്കിലും വരും.. ചിലപ്പോൾ കൂടെ കൊണ്ടോവും.അല്ലെങ്കിൽ ജീവിക്കാനുള്ള പണം അയച്ചു തരും.. അങ്ങനെയൊക്കെ ഉണ്ടായിട്ടുണ്ട് പെണ്ണേ.അറബി നാട്ടിൽ അറബിടെ പെണ്ണായി ജീവിക്കാനും വേണം ഭാഗ്യം.”

“എന്നെപോലെ ഉള്ളവരാണ് അധികവും.”

കല്യാണം കഴിഞ്ഞു വിധവയായി ജീവിക്കേണ്ടി വന്ന ജീവിതം.

സഫിയ പല പണികൾ എടുത്തു മകളെ വളർത്തി.മടുത്തു പോയ ജീവിതത്തിലെ നിറങ്ങൾ തിരികെ കൊടുത്തത് മകളാണ്. കഷ്ടപാടുകൾക്കിടയിൽ അറബിയുടെ മകൾ എന്നപേര് മാത്രമായി അവൾ വളർന്നു.

അലി ബോംബെ വഴി എങ്ങനെയൊക്കെയൊ ആശിച്ചപോലെ അറബി നാട്ടിൽ എത്തി.

അനിയത്തിമാരുടെ നിക്കാഹ് കഴിഞ്ഞു.

ഒരുപക്ഷെ അറബി നാട്ടിൽ ജോലി ചെയ്യുന്ന അലിയുടെ കണ്ണുകൾ തിരയുന്നുണ്ടാവും സഫിയയുടെ അറബിയെ.

ഓല വീട് പൊളിച്ചു അലി മഴ വെള്ളം വീഴാത്ത വേറെയൊരു വീട് ഉണ്ടാക്കിയപ്പോൾ മക്കളേ ഒപ്പം ജീവിക്കാൻ ഉമ്മാക്ക് ആയുസ് പടച്ചോൻ കൊടുത്തില്ല.

നിറയെ മാറ്റങ്ങളുമായി കാലം മുന്നോട്ട് പോയി.സഫിയുടെ മോൾ വലുതായി അവളെയും കെട്ടിച്ചു.

സഫിയയുടെ മോളുടെ മോളാണ് പാത്തു.

പാത്തുവിനാണ് സംശയം പാത്തുവിന്റെ ഉമ്മാക്ക് മാത്രം എങ്ങനെ കിട്ടി ഇത്രയും ഭംഗിയെന്ന്..?

പാത്തുവിന് അറിയില്ലങ്കിലും പാത്തുവിന്റെ ഉമ്മാക്ക് അറിയാം… കാത്തിരിക്കാൻ പോലും പ്രതിക്ഷ ഇല്ലാത്ത രണ്ടാഴ്ച മാത്രം ജീവിച്ച ഒരു അറബി കല്യാണത്തിൽ ജീവിതം നഷ്ടമായ അവളുടെ ഉമ്മയുടെ മനസ്സ്.

ഒരു കാര്യം ഉറപ്പാണ് സഫിയയെ പോലെ ദാരിദ്രത്തിൽ നിന്ന് രക്ഷപെടാൻ അറബി കല്യാണത്തിന് സമ്മതിക്കേണ്ടി വന്ന ഒരുപാട് പെൺകുട്ടികളുടെ കണ്ണീരിന്റെ ക്ഷമയുടെ കഥയുണ്ടാവും ദൈവത്തിന്റെ സ്വന്തം നാട്ടിലെ മണ്ണിന് പറയാൻ.

അറബി കല്യാണങ്ങൾ കഥകളായി.രക്ഷപെട്ടവരുടെ കഥകൾ പലരും പറഞ്ഞു നടന്നപ്പോൾ അറബി കല്യാണം കൊണ്ട് ഒന്നും നേടാൻ കഴിയാത്ത സഫിയയെ പോലെ യുള്ള കുറേ പെണ്ണുങ്ങൾ ജീവിതം വെറുതെ ജീവിച്ചു തീർത്തു പള്ളികാട്ടിൽ ഉറങ്ങി.

“പാത്തു നിന്റെ ഉമ്മച്ചിനെ കാണാൻ എന്ത് ഭംഗിയാ..”

“അതെ… എന്റെ വാപ്പ ഒരു പാവം കൂലിപണിക്കാരനാണ്.. പക്ഷെ എന്റെ ഉമ്മാടെ വാപ്പ ഒരു അറബിയാ.. ഒരുപാട് സ്വത്തുള്ള ഒരറബി. അതാ ഉമ്മാക്ക് മാത്രം ഈ ഭംഗി.”

ചിലർ പെട്ട് പോയതാവും ചിലരെ പറഞ്ഞു പറ്റിച്ചതായിരിക്കും എങ്കിലും ദാരിദ്രമല്ലെ എല്ലാത്തിനും കാരണം.