എഴുത്ത്:-സൽമാൻ സാലി
ഉപ്പച്ചീ ഞാനും വരും ഉപ്പച്ചീടെ കൂടെ…
തെങ്ങ് കയറാൻ ആള് വന്നത് കൊണ്ട് പറമ്പിലേക്ക് പോകാൻ ആക്റ്റീവ സ്റ്റാർട്ടാക്കിയതും മോൾ ഓടി വന്നു മുന്നിൽ കേറി നിന്നു….
ഏതായാലും വന്നതല്ലേ ന്ന് കരുതി അവൾക്കൊരു ചെരുപ്പും ഇടിച്ചു അവളേം കൂട്ടി പറമ്പത്തേക്ക് പോയി….
അവിടെ ചെല്ലുമ്പോൾ വാസുവേട്ടനും കുമാരേട്ടനും തെങ്ങിൽ കയറി തുടങ്ങിയിരുന്നു….
ഞാനും മോളും കൂടെ തേങ്ങ പെറുക്കി ഒരു സ്ഥലത്ത് കൂട്ടിയിടാൻ തുടങ്ങി…
മോളെ കണ്ടപ്പോൾ വാസുവേട്ടൻ ഒരു കരിക്ക് ഇട്ട് അത് വെട്ടി മോളുടെ കയ്യിൽ കൊടുത്തു…
നല്ല രീതിയിൽ തേങ്ങ പെറുക്കി കൊണ്ടിരുന്ന മോളുടെ കയ്യിൽ കരിക്ക് കിട്ടിയപ്പോ അത് കുടിക്കാനും പറ്റുന്നില്ല താഴെ വെച്ച് തേങ്ങ പെറുക്കാനും പറ്റാത്ത അവസ്ഥയിലായി…
“”ഉപ്പച്ചീ.. യ്ക്ക് കുടിക്കണം…
കരിക്ക് കയ്യിൽ പിടിച്ചു സഹികെട്ട മോൾ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ വാസുവേട്ടനെ ഒന്ന് നോക്കി..
ഞാനൊന്നും അറിയില്ലേ രാമനാരായണ എന്ന ഭാവത്തിൽ മൂപ്പർ കാലിൽ തളപ്പ് ഇട്ട് തേങ്ങിലേക്ക് ചാടി ചാടി കേറിപ്പോയി…
ഒടുവിൽ പാതി കരിക്ക് ഉടുപ്പിലും പാതി വയറ്റിലും എത്തി ആകെ നനഞു എടങ്ങാറായി മോളെ ഒരു സ്ഥലത്ത് ഇരുത്തി ഞാൻ വീണ്ടും തേങ്ങ പെറുക്കാൻ തുടങ്ങി…
“”ഉപ്പച്ചീ ഋഷഭം….
കരിക്ക് കുടിച്ചു ഇറങ്ങിയില്ല അപ്പോഴേക്കും ശലഭം എന്ന് പറഞ്ഞു കേട്ടെങ്കിലും യുകെജി യിൽ ഓൺലൈൻ ക്ലാസ്സ് ആണേലും മോൾ പഠിക്കുന്നുണ്ടല്ലോ എന്നോർത്ത് ഞാൻ അഭിമാനം കൊണ്ടു …
“”ഉപ്പച്ചീ ഈ തേങ്ങ കൊണ്ടിട്ടിട്ട് പിടിച്ചേരാ ട്ടോ…
തേങ്ങയും കയ്യിൽ പിടിച്ചു അവളോട് വിളിച്ചു പറഞ്ഞപ്പോൾ ഓള് പറയുവാ..
“”മാണ്ട ഉപ്പച്ചീ ഇപ്പച്ചീനെ അത് കുത്തും..
“”അയ്യോ മോളെ ശലഭം കുത്തില്ല.. കടന്നലും തേനീച്ചയുമാണ് കുത്തുക…
എന്റെ വർത്താനം കെട്ടിട്ടാണെന്ന് തോന്നുന്നു മോൾ ന്നെ ഒന്ന് നോക്കി…
ന്നിട്ട് അപ്പുറത്തെ പാടത്തേക്ക് കൈ ചൂണ്ടി കൊണ്ട് പറയുവാ ഋഷഭം ആണ് ഉപ്പച്ചി ശലഭം അല്ലാ ന്ന്…
പടത്തിനു നടുവിൽ കണാരേട്ടൻ മൂരിയെ കൊണ്ട് ഉഴുതു മറിക്കുന്നത് കാണിച്ചു കൊണ്ടാണ് അവളത് പറഞ്ഞത്…
മോളെ അത് ഋഷഭം അല്ല മൂരിയാണ് ന്ന് പറഞ്ഞപ്പോൾ ഓള് ന്നോട് പിണങ്ങി…
തേങ്ങ പെറുക്കി കൂട്ടിയിട്ടി അവളേം കൂട്ടി വീട്ടിലെത്തി കെട്യോളോട് പറഞ്ഞു മോൾടെ ടീച്ചറേ ഒന്ന് കാണണം.. ന്ന്..
ടീച്ചർ മാര് ഇല്ലാത്ത പേരൊക്കെ പറഞ്ഞു കൊടുത്തു കുട്യോളെ മണ്ടന്മാരാകുകയാണ്.. മൂരിയെ കാണിച്ചു മോൾ പറയുവാ ഋഷഭം എന്ന്… അല്ലെങ്കിലേ ചെറിയ മോളാ നാക്ക് കുഴക്കുന്ന പേരൊക്കെ പറഞ്ഞു കൊടുക്കാൻ പാടുണ്ടോ….
ന്റെ പരാതി കേട്ടിട്ടും പൊട്ടിച്ചിരിക്കുന്ന കെട്യോളുടെ മോന്തക്ക് ഒന്ന് പൊട്ടിക്കാൻ തോന്നിയതാ.. പിന്നെ ഓളെ തല്ല് എവിടാ കിട്ടാന്ന് പറയാൻ പറ്റൂല അതുകൊണ്ട് ഞാൻ അങ്ങ് ക്ഷമിച്ചു…
“”എന്റിക്കാ.. അത് കാളക്ക് പറയുന്ന പേരാ ഋഷഭം… ഇങ്ങള് ഇതൊന്നും പഠിച്ചിട്ടില്ലേ…
ആഹാ.. കാള ഇതിനിടക്ക് പേരും മാറ്റിയോ.. ന്നിട്ട് ഞാനറിഞ്ഞില്ലാലോ …
ഓഒഹ്ഹ്… ഇങ്ങളെ പഠിപ്പിക്കാൻ നിന്ന എന്നേ പറഞ്ഞാൽ മതി.. കാളക്ക് ഋഷഭം ന്നും പറയും…
അത് എങ്ങനെ ശരിയാവും.. കാളക്ക് കാള എന്നല്ലാതെ ഋഷഭം ന്ന് പറയുക.. അപ്പുറത്തെ മാമ്മദ്ക്കാനേ ബീരാൻ കുട്ടി ന്ന് പറഞ്ഞ ഒര് കേക്കുവോ…
എന്റെ സംശയം കേട്ടിട്ട് ഓള് കയ്യിലുള്ള ചൂലും അവിടെ ഇട്ട് അലക്കാൻ പോയി.. ഇനി ഇന്നോടുള്ള ദേഷ്യം തീർത്തും ആ തുണികൊണ്ട് അലക്ക് കല്ലിൽ അടിച്ചു തീർക്കും…
ന്നാലും.. ഇങ്ങള് പറ.. ശരിക്കും കാളയുടെ പേര് കാള എന്നാണോ അതോ ഋഷഭം എന്നാണോ…