അദ്ദേഹത്തിൻ്റെ ഭാര്യയാകാൻ ഞാനാഗ്രഹിച്ച ഒരു സമയമുണ്ടായിരുന്നു അന്ന് അദേഹം ജോലി ചെയ്യുന്ന……

Story written by Saji Thaiparambu

ആഹാ, നിങ്ങളിവിടെ മാറി ഇരിക്കുവാണോ ? ദേ കൊച്ചിന് വിശക്കുന്നെന്ന്, കവലയിൽ പോയി വേഗം എന്തേലും വാങ്ങിച്ചോണ്ട് വാ മനുഷ്യാ …

ശ്യാമളേ… ജോലി കഴിഞ്ഞ് ഞാനാകെ ടയേഡായി വന്നിരിക്കുവാണ് ,നീയവന് വല്ല ദോശയോ മറ്റോ ചുട്ട് കൊടുക്ക് ,ഞാനൊന്ന് വെള്ളം ചൂടാക്കി കുളിക്കട്ടെ, ശരീരമൊക്കെ നല്ല വേദനയുണ്ട്

ഓഹ് ,അതിന് നിങ്ങളവിടെ പോയി മലമറിക്കുവല്ലായിരുന്നല്ലോ? എന്നും ചെയ്യുന്ന ജോലി തന്നെയല്ലേ? അതിനാണോ ഇത്രയും ക്ഷീണം ,ഇനിയിപ്പോൾ അടുക്കളയിൽ കയറാനൊന്നും സമയമില്ല ,സീരിയല് തുടങ്ങാനുള്ള സമയമായി, എനിക്ക് ,എൻ്റെ കുട്ടികളുടെ അച്ഛൻ , കാണാനുള്ളതാണ്

ആദ്യം നീ, എന്നെ ശരിക്കൊന്ന് നോക്ക്, എത്ര നാളായി നീയെൻ്റെ മുഖത്തേയ്ക്കൊന്ന് നോക്കിയിട്ട്?

അയാൾ ദൈന്യതയോടെ പറഞ്ഞു

ഓഹ് ഇനിയിപ്പോൾ നോക്കിയിട്ടെന്തിനാ?അന്ന് നിങ്ങളെന്നെ കാണാൻ വന്നപ്പോൾ, ഞാൻ ശരിക്ക് നോക്കിയിരുന്നെങ്കിൽ, എനിക്ക് നിങ്ങളെപ്പോലൊരുത്തൻ്റെ ഭാര്യയാകേണ്ടി വരില്ലായിരുന്നു, എൻ്റെ ഗതികേട് അല്ലാതെന്താ?

ശ്യാമളയുടെ കുത്ത് വാക്ക് അയാളുടെ നെഞ്ചിൽ തറഞ്ഞ് കയറിയെങ്കിലും ,വേദന ഉള്ളിലൊതുക്കി ,തൻ്റെ കൊന്തൻ പല്ല് കാട്ടി അയാൾ ചിരിക്കാൻ ശ്രമിച്ചു

ഭാര്യയിൽ നിന്നും, ഇങ്ങനെ അപമാനമേറ്റ് വാങ്ങുന്നത് അയാൾക്ക് പുത്തരിയൊന്നുമല്ലായിരുന്നു, വർഷങ്ങൾക്ക് മുമ്പ് തങ്ങളുടെ ആദ്യരാത്രിയിൽ ,പകുതി കുടിച്ച പാലിൻ്റെ ബാക്കി ശ്യാമളയ്ക്ക് നേരെ നീട്ടിയപ്പോൾ, അവൾ മുഖം ചുളിച്ചതും, അറപ്പോടെ പാൽഗ്ളാസ്സ് ,മേശപ്പുറത്ത് വച്ചതും അയാൾ ഇന്നലത്തെ പോലെ ഓർക്കുകയായിരുന്നു ,

നാണം കൊണ്ടായിരിക്കും, ശ്യാമള പാല് കുടിക്കാതെ മാറ്റി വച്ചത് അല്ലേ?

ഒരു മന:സമാധാനത്തിന് വേണ്ടി അന്നയാൾ അവളോട് ചോദിച്ചിരുന്നു

അല്ല ,മറ്റുള്ളവർ കുടിച്ചതിൻ്റെ ബാക്കി ഞാൻ കുടിക്കാറില്ല

അവൾ അസന്നിഗ്ധമായി പറഞ്ഞു.

അതിന് ഞാൻ അന്യനൊന്നുമല്ലല്ലോ? നിൻ്റെ ഭർത്താവല്ലേ ?

അയാൾ വല്ലായ്മയോടെ വീണ്ടും ചോദിച്ചു

അന്യൻമാരാണെങ്കിൽ എനിക്കിത്രയും അറപ്പുണ്ടാവില്ല പക്ഷേ നിങ്ങടെ മുഖത്ത് നോക്കിയിട്ട് എനിക്ക് ഛർദ്ദിക്കാൻ വരുന്നു ,അന്ന് നിങ്ങളെന്നെ പെണ്ണ് കാണാൻ വന്നപ്പോൾ ,കുളിച്ച് കൊണ്ടിരുന്ന സമയത്ത്, സോപ്പ് പത കയറി, എൻ്റെ കണ്ണ് നന്നായി ചുവന്നിരിക്കുവായിരുന്നു , അത് കണ്ടിട്ട് ,എനിക്ക് ചെങ്കണ്ണാണെന്ന് നിങ്ങള് തെറ്റിദ്ധരിക്കേണ്ടെന്ന് കരുതിയാണ്, ഞാൻ മുഖമുയർത്താതെ കുനിഞ്ഞ് തന്നെ നിന്നത് ,അത് കൊണ്ടാണ്, നിങ്ങൾക്ക് കൊന്തൻ പല്ലുണ്ടെന്ന കാര്യം, ഞാനറിയാതെ പോയത് ,ലേശം പല്ല് പൊങ്ങിയിട്ടുണ്ടെന്ന്, അമ്മ പിന്നീട് സൂചിപ്പിച്ചിരുന്നെങ്കിലും, ഇത്രയും വിരൂപനാണ് നിങ്ങളെന്ന്, ഞാനറിഞ്ഞിരുന്നില്ല,

ശ്യാമളയന്ന് കടുത്ത നിരാശയോടെ പറഞ്ഞ വാക്കുകളായിരുന്നു ,സുഗുണന് ഓർക്കാപ്പുറത്ത് കിട്ടിയ ആദ്യ പ്രഹരം.

പിന്നീടിങ്ങോട്ടുള്ള ജീവിതം, മറ്റുള്ളവരെ ബോധിപ്പിക്കാൻ മാത്രമുള്ള, ഒരു അഡ്ജസ്റ്റ്മെൻ്റ് ദാമ്പത്യമായിരുന്നു,

കല്യാണം കഴിഞ്ഞ്, മാസങ്ങൾ കഴിഞ്ഞിട്ടും, ശ്യാമള ഗർഭിണിയാകാതിരുന്നത് , സുഗുണന് കൗണ്ടില്ലാത്തത് കൊണ്ടാണെന്ന് ,ശ്യാമള എല്ലാവരെയും പറഞ്ഞ് വിശ്വസിപ്പിച്ചപ്പോഴും, താനൊരു പുരുഷനാണെന്ന് തെളിയിക്കാനുള്ള അവസരം, തൻ്റെ ഭാര്യ ഇത് വരെ തന്നിട്ടില്ല എന്നയാൾ, ആരോടും പരിഭവം പറഞ്ഞില്ല.

പിന്നെയും വേനലും വർഷവും ,ശരത്ക്കാലവുമൊക്കെ വന്നും പോയുമിരുന്നു

നിങ്ങൾക്കെന്നോട് വെറുപ്പാണോ?

ഒരിക്കൽ ശ്യാമള അയാളോട് അനുഭാവത്തോടെ ചോദിച്ചു.

ഹേയ് ഇല്ല ,എനിക്ക് നിന്നെ വെറുക്കാൻ കഴിയില്ല

അയാൾ സന്തോഷത്തോടെ അതിലേറെ പ്രത്യാശയോടെ അവളോട് പറഞ്ഞു

എങ്കിൽ ഞാനൊരാഗ്രഹം പറഞ്ഞാൽ, നിങ്ങൾ സാധിച്ച് തരുമോ ?

അത് കേട്ട് ,അയാളുടെ ഉള്ളം തിളച്ചു

എന്താ ശ്യാമളേ ഞാനെന്താ നിനക്ക് ചെയ്ത് തരേണ്ടത് ?

എനിക്കൊരു കുഞ്ഞിനെ വേണം

ശ്യാമളയുടെ ആഗ്രഹം കോട്ടയാൾ കോരിത്തരിച്ച് പോയി,

അവളോടെന്ത് പയണമെന്നറിയാതെ കുറച്ച് നേരത്തേക്കയാൾ സ്തബ്ധനായി നിന്നു

അതിപ്പോ ,ഞാൻ മാത്രം ശ്രമിച്ചാൽ പോരല്ലോ? നീയും കൂടി സഹകരിച്ചാലല്ലേ? നിൻ്റെ ആഗ്രഹം സഫലമാകൂ,

ലേശം,ലജ്ജയോടെയാണ് അയാൾ മറുപടി പറഞ്ഞത്.

അയ്യടാ … ആ പൂതിയങ്ങ് മനസ്സിൽ വച്ചാൽ മതി ,നിങ്ങൾക്ക് ആശുപത്രിയിൽ വാച്ചറ് പണിയല്ലേ? അവിടെ നിങ്ങളിരിക്കുന്നതിൻ്റെ തൊട്ടടുത്ത് തന്നെയല്ലേ അമ്മത്തൊട്ടിലുള്ളത് , ഇനി നിങ്ങള് നൈറ്റ് ഡ്യൂട്ടിക്ക് പോകുമ്പോൾ, ഉറങ്ങാതെയിരിക്കണം, എന്നിട്ട്, കുഞ്ഞിനെ തൊട്ടിലിൽ ഉപേക്ഷിക്കാനായി കൊണ്ട് വരുന്നവരെ തടഞ്ഞ് വച്ചിട്ട് ,അവരുടെ കൈയ്യിൽ നിന്നും നിങ്ങളാ കുഞ്ഞിനെ വാങ്ങി എനിക്ക് കൊണ്ട് തരണം, എന്താ പറ്റുമോ?

അത് കേട്ടയാൾ നിരാശനായെങ്കിലും ,

അവളുടെ ആഗ്രഹം സാധിച്ച് കൊടുക്കാൻ തന്നെ അയാൾ തീരുമാനിച്ചു

കാരണം, അങ്ങനെയെങ്കിലും ഭാര്യക്ക് തന്നെക്കുറിച്ചൊരു മതിപ്പുണ്ടാകുമെന്നയാൾ വെറുതെ നിനച്ചു.

പിന്നെയും ഒന്ന് രണ്ട് വർഷങ്ങൾ കൂടി വേണ്ടിവന്നു ,അയാൾക്ക് ഭാര്യയുടെ ആഗ്രഹം സഫലമാക്കാൻ

************

നിങ്ങളെന്തോ സ്വപ്നം കണ്ടോണ്ട് നില്ക്കുവാണ്? കുറച്ച് കൂടി കഴിഞ്ഞാൽ, കടകളൊക്കെ അടച്ച് പോകും, വേഗം പോയിട്ട് വാ മനുഷ്യാ…

ഭാര്യയുടെ അലർച്ച കേട്ടാണ്, അയാൾ ഫ്ളാഷ് ബാക്കിൽ നിന്നുണർന്നത്.

വിയർപ്പുണങ്ങാത്ത ദേഹത്തേയ്ക്ക്, അഴയിലഴിച്ചിട്ട മുഷിഞ്ഞ ഷർട്ടയാൾ വീണ്ടുമെടുത്തണിഞ്ഞു കൊണ്ട്, കവലയിലേക്ക് നടന്നു.

***************

ഇവിടെയാരുമില്ലേ?

ഉമ്മറത്ത് നിന്നൊരു സ്ത്രീ ശബ്ദം കേട്ടാണ്, ശ്യാമള പൂമുഖത്തേയ്ക്ക് വന്നത്

ആരാ എന്ത് വേണം?

അപരിചിതയാണെങ്കിലും സുന്ദരിയായ ആ ചെറുപ്പക്കാരിയോട്, ശ്യാമള ജിജ്ഞാസയോടെ ചോദിച്ചു.

ഇതല്ലേ സുഗുണേട്ടൻ്റെ വീട്? എനിക്ക് അദ്ദേഹത്തെയൊന്ന് കാണണമായിരുന്നു ,

യുവതി ,തൻ്റെ ആഗമനോദ്ദേശ്യം ബോധിപ്പിച്ചു.

അദ്ദേഹം ഇവിടെയില്ല, പുറത്ത് പോയിരിക്കുകയാണ് ,അല്ല, നിങ്ങളാരാണെന്ന് പറഞ്ഞില്ലല്ലോ?

ശ്യാമള നീരസത്തോടെ ചോദിച്ചു

ഞാനദ്ദേഹത്തിൻ്റെ കുഞ്ഞിനെ പ്രസവിച്ചവളാണ്, പേര് ജയന്തി

അത് കേട്ട് ശ്യാമള പകച്ച് പോയി

നീയെന്താ പറഞ്ഞത് ?അപ്പോൾ നീയങ്ങേരുടെ ഭാര്യയാണോ?

അല്ല ,അദ്ദേഹത്തിൻ്റെ ഭാര്യയാകാൻ ഞാനാഗ്രഹിച്ച ഒരു സമയമുണ്ടായിരുന്നു ,
അന്ന് ,അദേഹം ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ എൻ്റെ അമ്മയുടെ കരൾ രോഗവുമായി ബന്ധപ്പെട്ട ചികിത്സയിലിരിക്കുന്ന സമയത്താണ് ,ആദ്യമായി ഞാൻ സുഗുണേട്ടനെ കാണുന്നത്, എൻ്റെ അമ്മയ്ക്ക് വേണ്ട കരള് തരാൻ, തയ്യാറുള്ളവരെ അന്വേഷിച്ച് നടക്കുന്ന എന്നോട്, അദ്ദേഹമൊരു കാര്യം ചോദിച്ചു , ,കുട്ടിയുടെ അമ്മയ്ക്ക് വേണ്ടി, കരള് മുറിച്ച് തരാൻ ,ഞാൻ റെഡിയാണ്, പക്ഷേ, എൻ്റെ ഭാര്യയ്ക്ക് പ്രസവിക്കാൻ കഴിയില്ലെന്നും അവൾക്ക് വേണ്ടി ,ഒരു കുഞ്ഞിനെ ,ആധുനിക ചികിത്സയിലൂടെ ഗർഭം ധരിച്ച് പ്രസവിക്കാൻ, കുട്ടി തയ്യാറാകുമോയെന്നും ,
അദ്ദേഹം എന്നോട് ചോദിച്ചപ്പോൾ ,ഞാൻ തിരിച്ചദ്ദേഹത്തോടൊരു കാര്യം പറഞ്ഞു,

എനിക്ക് എൻ്റെ അമ്മ മാത്രമേയുള്ളു ,അവരുടെ കാലം കഴിഞ്ഞാൽ പിന്നെ, ഞാൻ തനിച്ചായിപ്പോകും, അത് കൊണ്ട് ,എന്നെ, രണ്ടാം ഭാര്യയായിട്ടെങ്കിലും നിങ്ങളുടെയൊപ്പം കൂട്ടാമെങ്കിൽ, ഞാൻ നിങ്ങളുടെ ഭാര്യയുടെ ആഗ്രഹം സാധിച്ച് തരാമെന്ന്, അത് കേട്ടപ്പോൾ അദ്ദേഹം പറയുവാണ് ,അവളെന്നെ സ്നേഹിക്കുന്നില്ലെന്നുള്ളത് സത്യമാണ് ,പക്ഷേ ,അവളെ ഞാനിപ്പോഴും സ്നേഹിക്കുന്നുണ്ട് ,അത് കൊണ്ടല്ലേ? അവളുടെ ആഗ്രഹ പൂർത്തീകരണത്തിനായി, ഞാനിവിടെവരെയെത്തിയത്, എൻ്റെ ഭാര്യ, ഒരന്യ കുഞ്ഞിനെ പോറ്റി വളർത്തുന്ന തിനെക്കാൾ നല്ലതല്ലേ? എൻ്റെ ചോരയിൽ പിറന്ന കുഞ്ഞിനെ തന്നെ ലാളിച്ച് വളർത്തുന്നത് , അതാകുമ്പോൾ, നാളെയൊരിക്കൽ കുഞ്ഞിനെ ചോദിച്ച് ആരും അവളുടെയടുത്ത് ചെല്ലുകയില്ലല്ലോ എന്ന്, നിങ്ങളെപ്പോലൊരു ഭാര്യയെ, ഇത്രയധികം സ്നേഹിക്കുന്ന ഭർത്താവിനെ, ഏത് സ്ത്രീയ്ക്കാണ് ഇഷ്ടമാവാത്തത് ?

അപ്പോൾ ,ഞാൻ ഇത്രയും നാളും കണ്ണിലെ കൃഷ്ണമണിപോലെ വളർത്തി വലുതാക്കിയ എൻ്റെ പൊന്ന് മോനെ, നീ പ്രസവിച്ചതാണോ? അവനെ തിരികെ വാങ്ങാനാണോ നീ വന്നത്?

ശ്യാമള ,ആധിയോടെ ചോദിച്ചു.

അതെ അവനെ പ്രസവിച്ചത് ഞാനാണ് ,പകരം അദ്ദേഹമെനിക്ക് തന്നത് എനിക്ക് ആകെ യുണ്ടായിരുന്ന എൻ്റെ അമ്മയുടെ ജീവനാണ് ,നിങ്ങളുടെ ഭർത്താവിൻ്റെ കരളിൻ്റെ പാതി എൻ്റെ അമ്മയ്ക്ക് വച്ച് പിടിപ്പിക്കുമ്പോൾ ,എഗ്രിമെൻ്റ് പ്രകാരം, അതേ ഹോസ്പിറ്റലിൻ്റെ മറ്റൊരു ബ്ളോക്കിലെ IVF ക്ളിനിക്കിൽ, എൻ്റെ അണ്ഡവും അദ്ദേഹത്തിൻ്റെ ബീജവും ഒരു കുഞ്ഞിൻ്റെ വളർച്ചയിലേക്കുള്ള പാതയിലായിരുന്നു , അന്നെഴുതിയ എഗ്രിമെൻ്റിൽ, ജനനശേഷം, ഞാൻ പ്രസവിക്കുന്ന കുഞ്ഞിൻ്റെ മേൽ, എനിക്ക് യാതൊരു അവകാശവുമില്ലെന്ന ബോധ്യം എനിക്കുണ്ട് ,പക്ഷേ, അവനെ ഇടയ്ക്കെപ്പോഴെങ്കിലും വന്ന് കണ്ട് കൊള്ളാൻ, വാക്കാൽ അദ്ദേഹം പറഞ്ഞിട്ടുള്ള ഉറപ്പിലാണ് ,ഞാനിപ്പോൾ വന്നത് ,എവിടെയാണവൻ? അവനറിയാതെ, ദൂരെ മാറി നിന്ന്, ഞാനവനെ കണ്ടിട്ട് തിരിച്ച് പൊയ്ക്കൊള്ളാം,

യാചനയോടെ ആ യുവതി ചോദിച്ചപ്പോൾ ,മറുപടിയൊന്നും പറയാതെ, ശ്യാമള അകത്തേയ്ക്ക് കയറിപ്പോയി.

ഏറെ നേരത്തെ ആലോചനയ്ക്കൊടുവിൽ, ഒന്നുമറിയാതെ ടിവിയുടെ മുന്നിലിരുന്ന് കാർട്ടൂൺ സിനിമ കാണുന്ന ,മകനെ വിളിച്ച് കൊണ്ട്, ശ്യാമള പൂമുഖത്തേയ്ക്ക് വന്നു.

പക്ഷേ ,അവിടെ ആ യുവതി ഉണ്ടായിരുന്നില്ല ,കുറ്റബോധത്തോടെ ,മകനോട് അകത്ത് പോയിരുന്ന് ടി വി കണ്ട് കൊള്ളാൻ പറഞ്ഞിട്ട്, ശ്യാമള പുറത്തേയ്ക്ക് കണ്ണും നട്ടിരുന്നു.

ഇടയ്ക്കിടെ ചുവരിലെ ക്ളോക്കിലേയ്ക്ക് നോക്കിക്കൊണ്ടിരുന്ന ശ്യാമളയ്ക്ക്, സമയം ഇഴഞ്ഞ് നീങ്ങുന്നത് പോലെ തോന്നി.

അന്നത്തെ പകല് മുഴുവൻ, ഭർത്താവിനെയൊന്ന് കാണുവാനായി, അവളുടെ കണ്ണുകൾ ഇമവെട്ടാതെ തുറന്ന് തന്നെയിരുന്നു .