എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി
തണുത്ത വെളുപ്പാൻകാലത്ത് ഞാൻ മഞ്ഞുവീണ വഴിത്താരയിലൂടെ നടന്നു.
ആരോ ഒരാൾ എനിക്ക് മുമ്പേ നടക്കുന്നുണ്ടായിരുന്നു.
പൊഴിഞ്ഞുവീണ പൂക്കളിലൊന്ന് കുനിഞ്ഞെടുത്ത് മണത്തുനോക്കി കൈവീശി അയാൾ നടന്നു.
ഞാൻ പിറകേ പോയി..
ഇടക്ക് ചില മൂളിപ്പാട്ടുകൾ.. ഇടക്ക് ചില പിറുപിറുക്കലുകൾ, ആത്മഗതങ്ങൾ ..
അവ്യക്തമായ ആ മുഖമൊന്നു കാണാൻ കൊതിച്ച് വഴിമാറിയതുപോലുമറിയാതെ ഞാൻ പിറകേ..
ഏറെദൂരം നടന്നുകാണണം, സൂര്യകിരണങ്ങൾ തിളങ്ങിനിൽക്കുന്ന താഴ്വാരത്തിലേക്ക് ഒരു കല്ല് വലിച്ചെറിഞ്ഞ് അയാൾ ചൂളമടിച്ചു.
പിറകേവന്ന എനിക്ക് നയനാഭിരാമമായ കാഴ്ചയായിരുന്നു മുന്നിൽ. പളുങ്കു തോൽക്കുന്ന വെള്ളവുമായി ഏതോ ജലാശയം. കതി൪ചിന്നി കതിരോൻ ജ്വലിച്ചുനിൽക്കുന്നു. അരയന്നങ്ങളുടെ പടതന്നെ നിശ്ശബ്ദം നീന്തുന്നു. കിളികൾ അവിടെയും ഇവിടെയും പറക്കുന്നു, കൂകുന്നു.. ഒരൊറ്റ മനുഷ്യനുമില്ല.
അയാളെവിടെ?
എന്റെ ദൃശ്യങ്ങൾ ഞാനാരുമായി പങ്കുവെക്കും… എന്തൊരു കാഴ്ചയാണിത്…
എന്നെ ഇവിടേക്ക് നയിച്ചതാരാണ്… എന്തിനായിരുന്നു… തിരിച്ചു പോകുന്ന തെങ്ങനെ… പരിഭ്രമത്തിനിടയിലും ആ മധുരമനോജ്ഞമായ ദൃശ്യങ്ങൾ ഞാൻ കരളിലാവോളം കോരിവെച്ചു..
ഇനിയൊരിക്കലും ഒരുപക്ഷേ കാണാനിടയില്ലാത്ത ഒരു ദൃശ്യം. കാണിച്ചുതന്ന ആ അജ്ഞാതസഞ്ചാരിക്ക് മൌനത്താൽ മുദ്രിതമായ ചുണ്ടുകളോടെ മനസ്സിൽ ഞാൻ നന്ദി പറഞ്ഞു.
ആ അനുഭൂതിയുടെ നേ൪ത്ത വെൺതൂവലിൽ പറക്കുന്നതുപോലെയാണ് മടങ്ങിയത്. പുതപ്പ് വലിച്ചുമൂടി ഒന്നുകൂടി ഉറങ്ങാൻ തോന്നിയെങ്കിലും ആ തണുത്ത വെളുപ്പാൻകാലം തന്ന മധുരത്തിലലിഞ്ഞ് അങ്ങനെ കിടന്നു…