ആൾകൂട്ടത്തിൽ നിന്നും ലഭിച്ച സമ്മാനങ്ങളിൽ വ്യത്യസ്‍തമായ ഒന്നിനെ പറ്റി ഓർത്തത്…….

ചിലങ്ക

Story written by Sabitha Aavani

പിൻകഴുത്തിലൂടെ ഒഴുകിയ വിയർപ്പുതുള്ളികളെ സാരിത്തലപ്പാൽ തുടച്ച കൊണ്ട് നന്ദിനി മുറിയിലേക്ക് നടന്നു.

മുറി ആകെ അലങ്കോലമായി കിടക്കുന്നതായി തോന്നി.

അഞ്ചാറു ദിവസത്തിന് മേലെ ആയി താൻ ഈ വീട് വിട്ടു പോയിട്ട്.

സ്ഥിരമായ നൃത്തപരിപാടി അവതരിപ്പിക്കുന്ന സ്ഥലങ്ങളിൽ നിന്നും ഒരുമിച്ച് ക്ഷണം വന്നതാണ്…

ആരെയും ഒഴുവാക്കാൻ കഴിയുമായിരുന്നില്ല.

യാത്രയും… ഉറക്കം ശരിയാവാത്തതിൻ്റെ ക്ഷീണവും തന്നെ വല്ലാതെ തളർത്തിരിക്കുന്നു.

അലക്ഷ്യമായി അവൾ കണ്ണാടിയിലേക്കു ഒന്ന് നോക്കി. .

ഇന്നലെ രാത്രി അണിഞ്ഞ ചായത്തിന്റെ നിറങ്ങൾ ഇനിയും മുഖത്ത് നിന്ന് മാഞ്ഞിട്ടില്ല എന്ന് തോന്നി.

നാല്പത്തഞ്ചു വയസ്സ് കഴിഞ്ഞിരിക്കുന്നു.

ഇന്നും നൃത്തത്തിനോടുള്ള ആവേശവും പ്രണയവും, ആദ്യമായ് നൃത്തം പഠിക്കാൻ തുടങ്ങയതിന്റെ അന്നത്തെ പോലെ തന്നെ തുടരുന്നു..

അത് ഒരു അനുഗ്രഹമായികൊണ്ട് നടക്കുന്നു ..

പെട്ടന്നാണ്, തലേന്ന് പരിപാടി കഴിഞ്ഞു പോരാൻ നേരം ആൾകൂട്ടത്തിൽ നിന്നും ലഭിച്ച സമ്മാനങ്ങളിൽ വ്യത്യസ്‍തമായ ഒന്നിനെ പറ്റി ഓർത്തത്.

പലരും പൊന്നാടയും പട്ടുതൂവാലയും ആണ് നൽകിയത്, പക്ഷെ ചുവന്ന നിറമുള്ള കടലാസ്സിൽ പൊതിഞ്ഞ ആ പൊതി തനിക്കു നൽകുമ്പോൾ….

” ഇത് തന്റെ നൃത്തത്തിന്റെ താളമാവണം “,

എന്ന് അയാൾ പറയുകയുണ്ടായി.

അതുകൊണ്ടാണ്, അതെന്താണ് എന്ന് അറിയാൻ ഇത്ര ആകാംഷ കാണിക്കുന്നതും.

കുറെ തിരഞ്ഞതിനു ശേഷം ആണ് ആ പൊതി ബാഗിൽ നിന്നും കണ്ണിൽ പെട്ടത്.

അത്രമാത്രം വിലയുള്ള എന്തെങ്കിലും ആവുമല്ലോ അത്…

ഒരു നർത്തകിയുടെ താളമാവാൻ യോഗ്യതയുള്ളത് എന്തായാലും വില മതിക്കാനാവാത്ത ഒന്നാവും.

ഊഹം ശരിയായിരുന്നു…..

നിറയെ സ്വർണ്ണമണികൾ പിടിപ്പിച്ച ചുവന്ന ചിലങ്ക.

നൃത്തമാടാനും പഠിപ്പിക്കാനും തുടങ്ങിട്ട് നാളുകൾ കുറെ ആയി.

ഇതുവരെ ഇത്തരത്തിൽ ഒരു സമ്മാനം ലഭിച്ചിട്ടില്ല.

വിവാഹം കഴിഞ്ഞ നാളുകളിൽ അദ്ദേഹത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്,
ഒന്ന് വാങ്ങിത്തരാൻ.

അന്ന് നൃത്തം പഠിപ്പിക്കുവാനോ വേദികളിൽ നൃത്തം ചെയ്യുവാനോ അദ്ദേഹം അനുവാദം നൽകിയിരുന്നില്ല.

ചിലങ്കയുടെ ശബ്ദം അദ്ദേഹത്തിന് അരോചകമായി തുടങ്ങിയത് താനത് വീണ്ടും അണിഞ്ഞു തുടങ്ങിയപ്പോൾ മുതൽ ആണ്.

പിന്നീട് പരസ്പരം സ്നേഹിച്ചത് ഓർമയില്ല.

താൻ തന്നിഷ്ടത്തിനു ജീവിക്കുന്ന അഹങ്കാരിയായി.

ഒരു പെണ്ണിനെ മോശമായ എങ്ങനെ ഒക്കെ ചിത്രീകരിക്കാം അതെല്ലാം അദ്ദേഹം ചെയ്തു.

പിന്നീട് അതിൽ നിന്നും മോചിത ആവാൻ അധികനാൾ വേണ്ടി വന്നില്ല.

നൃത്തത്തിനെ കൂട്ടുപിടിച്ചു ജീവിച്ചു.

ആദ്യമൊക്കെ കുറച്ചു കഷ്ടപ്പെട്ടു.

പക്ഷെ പിന്നീട് അങ്ങോട്ട് ദൈവം കൈപിടിച്ചു കൂടെ ഉണ്ടായിരുന്നു..

പക്ഷെ ജീവിതം സമ്മാനിച്ച ഒറ്റപ്പെടൽ മാത്രം കനലായി മനസിലിനെ ചുട്ടുപൊള്ളിച്ചു കൊണ്ടിരുന്നു.

ഉള്ളിലെ വേദന പുറത്തു കാട്ടാതെ വേദികളിൽ സ്വയം മറന്നാടി.

മനുഷ്യന് മാത്രം ദൈവം നൽകിയ കഴിവ്..

എരിയുന്ന മനസ്സുമായി വേഷം ധരിച്ച് മുഖത്തു ചായം തേച്ചു ചിലങ്കയണിഞ്ഞു വേദികീഴടക്കുമ്പോൾ,

താനാണ് ലോകത്തിലെ ഏറ്റവും സന്തോഷവതി എന്ന് സ്വയം കരുതും..

അല്ല, മനസ്സിനെ അങ്ങനെ പറഞ്ഞുപഠിപ്പിക്കും.

ഒരു ചിലങ്ക സമ്മാനമായി ലഭിച്ചതിനു താൻ എന്തിനാണ് ഇത്രയും ആലോചിച്ചു കൂട്ടുന്നത് ?

സ്വയം പിറുപിറുത്തു കൊണ്ട് കിടക്കയിലേക്ക് വന്നിരുന്നു.

അപ്പോഴാണ് പൊതിക്കുള്ളിലെ ഒരു കടലാസ്സ് കഷ്ണം ശ്രദ്ധയിൽ പെടുന്നത്.

അതിൽ മനോഹരമായ കൈപ്പടയിൽഇങ്ങനെ
കുറിച്ചിരുന്നു…

” ഈ ചിലങ്കകൾ നിന്റെ നൃത്തത്തിൻറെ മാത്രമല്ല എൻ്റെ ഹൃദയത്തിന്റെയും താളമാവണം “

നന്ദിനിയുടെ കൃഷ്ണൻ.

അവസാനവരികൾ വന്നു പതിച്ചത് അവളുടെ ഹൃദയത്തിലായിരുന്നു.

ഒരിക്കൽ താൻ മറ്റാരും അറിയാതെ സ്നേഹിച്ചിരുന്ന കൃഷ്ണൻ.

അദ്ദേഹം തന്നെ ആയിരിക്കുമോ ?
അറിയില്ല …

ചെറുപ്പത്തിൽ നൃത്തം പഠിപ്പിച്ചിരുന്ന ടീച്ചറുടെ മകനായിരുന്നു കൃഷ്ണൻ

ചെറുപ്പം മുതൽ കൂടെ ഉണ്ടായിരുന്നവൻ.

നീണ്ട പതിനഞ്ചു വര്ഷം ടീച്ചർ തന്നെ ആയിരുന്നു ഗുരു.

പിന്നീട് ടീച്ചറിന് വയ്യാതെ വന്നപ്പോഴാണ് മറ്റുഗുരുക്കന്മാർക്കടുത്തേക്കു പോയത്.

കൗമാരപ്രായത്തിൽ ജീവിതത്തിൽ തനിക്കു ആദ്യമായും അവസാനമായും പ്രേമം തോന്നിയിട്ടുള്ളത് അദ്ദേഹത്തിനോട് മാത്രമാണ്.

പക്ഷെ അന്ന് ഭയം കൊണ്ട് ആരെയും അറിയിക്കാതെ പോയി.

ആ മോഹം മനസ്സിൽ തന്നെ കുഴിച്ചുമൂടി.

വർഷങ്ങൾക്കു ശേഷം വീട്ടിൽ തനിക്കു വിവാഹമാലോചനയുമായ് കൃഷ്ണൻ വന്നു…

ജാതകം ചേരില്ല എന്ന ഒറ്റ കാരണം കൊണ്ട് അന്നാബന്ധം നടക്കാതെ പോയി.

വീട്ടിൽ എല്ലാവർക്കും അന്നതിൽ വിഷമം ഉണ്ടായിരുന്നു…

പക്ഷെ തൻ്റെ മനസ്സിൽ അതൊരു വിങ്ങലായിരുന്നു.

അദ്ദേഹം പിന്നീട് തനിക്കു മുന്നിൽ വന്നിട്ടില്ല.

ജോലിയുമായി ബന്ധപെട്ടു നാട്ടിൽ നിന്നുപോയി എന്ന് അറിഞ്ഞു.

കാലം കുറെ കഴിഞ്ഞിരിക്കുന്നു.

അദ്ദേഹം തന്നെ ആയിരിക്കണം …..

അങ്ങനെ മനസ്സ് പറയുന്നു..

അല്ല മനസ്സത് ആഗ്രഹിക്കുന്നു.

ഇടയ്ക്കൊക്കെ വിരുന്നുകാരനെപോലെ തൻ്റെ ഓർമ്മകളും സ്വപ്നങ്ങളിലും വന്നുപോകാറുണ്ട് അദ്ദേഹം.

ഒരുപക്ഷെ അദ്ദേഹമായിരുന്നു ജീവിതപങ്കാളി എങ്കിൽ താനൊരിക്കലും ഒറ്റപ്പെടില്ലായിരുന്നു. എന്തൊക്കെയാണ് താൻ ചിന്തിച്ചു കൂട്ടുന്നത്…? കൗമാരവും യൗവനവുംകടന്നുപോയിരിക്കുന്നു മധ്യവയസ്സിലെത്തിയിരിക്കുന്നു.

ആ പ്രായത്തിലാണ് കൗമാരത്തിൽ തോന്നിയ പ്രണയത്തെ വീണ്ടും ഓർത്തെടുക്കുന്നത്…

വേണ്ട.. അത് പാടില്ല.

എവിടെയെല്ലാം താൻ നൃത്തം അവതരിപ്പിക്കുന്നു.

എത്രയെത്ര ആരാധകർ…

കൃഷ്ണൻ, ആ പേരിൽ ഒരുപാടു പേരുണ്ടാവില്ലേ?

അദ്ദേഹം ആണെന്ന് ഉറപ്പിക്കുന്നത് എങ്ങനെ?

വേദിയുടെ പിന്നാമ്പുറത്ത് ആൾക്കൂട്ടത്തിനിടയിൽ ഇത് സമ്മാനിച്ച ആളിൻറെ സ്വരം ഓർക്കുന്നു..

പക്ഷെ എത്ര ശ്രമിച്ചിട്ടും മുഖം ഓർത്തെടുക്കാൻ കഴിയുന്നില്ല.

ചിലങ്ക ആ പൊതിയിൽ തന്നെ വെച്ച്,

അവൾ കിടക്കയിലേക്ക് ചാഞ്ഞു.

കണ്ണുകളിൽ നിദ്ര പടരാൻ അധികം സമയം വേണ്ടി വന്നില്ല.

ഫോണിന്റെ ശബ്ദം കേട്ടുകൊണ്ടാണ് ഞെട്ടി ഉണർന്നത്.

പരിചയമില്ലാത്ത നമ്പറിൽ നിന്നുള്ള കാൾ ആയത്കൊണ്ട് ആദ്യമൊന്നു മടിച്ചു..

പിന്നീട് എടുത്തു.

മറുതലയ്ക്കൽ ഒരു പുരുഷശബ്ദം

നന്ദു…..

ആ വിളി അവളെ ആ പഴയ കാലത്തിലേക്ക് തിരിച്ചു വിളിക്കുകയായിരുന്നു.

ടീച്ചറും കൃഷ്‌ണനും മാത്രമാണ് തന്നെ അങ്ങനെ വിളിച്ചിരുന്നത്.

കൃഷ്‌ണൻ …

അവൾ മൗനം പൂണ്ടു …

മൗനത്തെ മാറ്റിനിർത്തി ആദ്യം സംസാരിച്ച തുടങ്ങിയത് കൃഷ്‌ണൻ ആണ്.

പിന്നീട് പരസ്പരം മനസ്സു കൈമാറുകയായിരുന്നു അവർ …..

തന്നെ നഷ്ടപെടുത്തിയതിനു ശേഷം അദ്ദേഹം ഇത്ര കാലം കഴിഞ്ഞിട്ടും മറ്റൊരു ബന്ധത്തിന് തയ്യാറില്ല എന്നറിഞ്ഞപ്പോൾ….

അവളുടെ ഉള്ളൊന്നു പിടഞ്ഞു.

നീണ്ട പത്തിരുപത് വർഷത്തെ കഥകളും അനുഭവങ്ങളും ഉണ്ടായിരുന്നു അവർക്കു പരസ്പരം കൈമാറാൻ.

തൻ്റെ പ്രണയം അന്ന് മനസ്സിൽ കുഴയ്ച്ചുമൂടിയ കഥ അവൾ പറഞ്ഞപ്പോൾ അവൻ ഒന്ന് മൂളുക മാത്രം ചെയ്തു.

കൗമാരത്തിൽ നഷ്ടപെട്ട പ്രണയം വാർദ്ധക്യത്തിന്റെ തുടക്കത്തിൽ വന്നു ചേർന്നിരിക്കുന്നു, എന്ന് പറഞ്ഞു കൃഷ്‌ണൻ പൊട്ടിച്ചിരിച്ചു.

ആ പ്രണയം അവളുടെ കൈപിടിച്ചു….

ഫോൺ കട്ട് ചെയ്തു കിടക്കയിൽ വന്നിരുന്ന് അവളാ ചിലങ്കയിൽ താളം പിടിച്ചു..

ആ താളത്തിനു അവളുടെ ഹൃദയമിടിപ്പിൻറെ താളമുണ്ടായിരുന്നു…

ചിലങ്കകൾ അണിയുമ്പോൾ മാത്രമാണ് അവൾ പൂർണ്ണമാകുന്നത്…..

ആ ചിലങ്കകൾ അവൾ പിന്നീട് കെട്ടിയാടിയത് അവരുടെ ജീവിതത്തിൽ ആയിരുന്നു…..

ഇമ്പമുള്ള താളമായി