അതങ്ങനെ അണല്ലോ ആണായി പിറന്നവന്റെ ചുമതലയാണ് അതൊകെ, നമ്മുടെ സമൂഹം എഴുതാതെ…….

അപ്പു

എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ

“നി ഇങ്ങനെ കൂട്ടുകാരുമൊത്ത് സിനിമയും കണ്ട് നടന്നോ, ഇവിടെ ഒരു പെണ്ണ് കെട്ടിക്കാൻ പ്രായമായി വരുന്ന കാര്യം മറക്കേണ്ട, ഇപ്പോഴേ എന്തേലും മിച്ചം പിടിച്ചാലെ കെട്ടിച്ചു വിടാൻ പറ്റുള്ളൂ,,, അല്ലെ ഇതിന്റെം ജീവിതം എന്റേത് പോലെ ആകും…”

    അന്നൊരു ഞായറാഴ്ച വല്ലപ്പോഴും ഉള്ളത് പോലെ കൂട്ടുകാരും ഒരുമിച്ചുള്ള സിനിമയും കണ്ട് രാത്രി വീട്ടിൽ എത്തി, ഉമ്മറത്തേക്ക് കയറുമ്പോഴേക്കും അമ്മയുടെ ഉപദേശ വാക്കുകൾ അപ്പു കേട്ടില്ലെന്ന് നടിച്ചു. മുറിയിലേക്ക് കയറും മുന്നേ അമ്മയ്ക്ക് പിറകിലായി താടിക്ക് കയ്യും താങ്ങി സീരിയലും കൊണ്ടിരിക്കുന്ന പെങ്ങളെ അപ്പു ഒന്ന് നോക്കി….

മുറിയിൽ കയറി കട്ടിലിൽ കിടക്കുമ്പോഴും അപ്പുവിന്റെ മനസ്സിൽ അമ്മ പറഞ്ഞ വാക്കുകൾ ആയിരുന്നു. പെങ്ങളെ കെട്ടിച്ചു വിടണം. അത് അല്ലെങ്കിലും വീട്ടിൽ ഉള്ള ആണുങ്ങളുടെ ചുമതല ആണല്ലോ, അല്ല അവരുടെ കടമ അണല്ലോ… അങ്ങനെ ഓരോന്ന് ഓർക്കുമ്പോൾ അവന്റെ മനസ്സിലേക്ക് അച്ഛന്റെ മുഖം തെളിഞ്ഞു വന്നു….

   അച്ഛൻ നല്ലൊരു മ ദ്യപാനി ആയിരുന്നു, ദിവസവും ജോലി കഴിഞ്ഞ് നാലു കാലിൽ ആടിയാടി ആകും വീട്ടിൽ വരുക, എങ്ങനെ ആയാലും കയ്യിലെ സഞ്ചിയിൽ വീട്ടിലേക്കുള്ള സാധങ്ങൾക്കൊപ്പം തനിക്കും,പെങ്ങൾക്കും, അമ്മയ്ക്കും ഉള്ള പലഹാര പൊതിയും കാണും, കൊണ്ട് വരുന്ന സഞ്ചിയിൽ നിന്ന് പലഹാര പൊതി ഞങ്ങളെ ഏൽപ്പിച്ച് സഞ്ചി അമ്മയ്ക്ക് നേരെ നീട്ടുമ്പോൾ അമ്മയുടെ മുഖം അപ്പോഴും ദേഷ്യം കൊണ്ട് ചുവന്ന് തുടുത്ത് ഇരിക്കുമായിരുന്നു….

  കൊണ്ട് വരുന്ന പലഹാരം ഞങ്ങൾ കഴിച്ചതിന് ശേഷമാകും അച്ഛൻ എന്നും ഭിത്തിയിൽ കൈ താങ്ങി കിണറ്റിൻ ചുവട്ടിലേക്ക് പോകുന്നത്, കുളി കഴിഞ്ഞ് തല തുടച്ച തോർത്ത് തോളിൽ ഇട്ടുകൊണ്ട് കയറി വരുമ്പോഴേക്കും അമ്മ ചോറ് വിളമ്പി വച്ചിട്ടുണ്ടാകും. കാലുകൾക്ക് ആട്ടമുള്ള ബെഞ്ചിൽ ഇരിക്കുന്ന അച്ഛന്റെ അരികിലായി താനും പെങ്ങളും ഇരിക്കും. ചെറിയ കാര്യങ്ങൾ പോലും ഉച്ചത്തിൽ പറഞ്ഞ് ചിരിക്കുന്ന അച്ഛന്റെ സ്വഭാവം ഇഷ്ടം അല്ലാത്തത് കൊണ്ടാണ് അമ്മ അടുക്കളയിൽ ഇരുന്നു തന്നെ കഴിക്കുന്നത്…

  എത്ര മ ദ്യപിച്ചാലും രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകും മുൻപേ, പോക്കറ്റിൽ ഉള്ള ബാക്കി പൈസ മേശവിരിപ്പിന്റെ അടിയിൽ വയ്ക്കാൻ അച്ഛൻ മറക്കില്ല…അന്നൊരു ദിവസം പതിവില്ലാതെ ശക്തമായി മഴ പെയ്ത ദിവസം ആയിരുന്നു, പതിവ് സമയം കഴിഞ്ഞിട്ടും അച്ഛനെ കാണാതെ ഇരുന്നപ്പോൾ ഞാനും പെങ്ങളും വല്ലാതെ പേടിച്ചു തുടങ്ങി….

  ” ഹോ എത്ര നാളായി പറയുന്നു, ആ പൊട്ടിയ ഓടൊക്കെ ഒന്ന് മാറ്റാൻ അതേങ്ങാനാ കിട്ടുന്ന പൈസ മൊത്തം കുടിച്ചു തീർക്കുക അല്ലേ, ഇങ്ങനെ കുറെ ജന്മങ്ങൾ…”

  അമ്മ അപ്പോഴും വീട്ടിലെ ചോർന്നൊലിക്കുന്ന ഭാഗത്ത് പാത്രങ്ങൾ നിരത്തി വയ്ക്കുന്നതിനൊപ്പം അച്ഛനെയും പ്രാകികൊണ്ട് ഇരുന്നു….

   ” ദേ പിള്ളേരെ വേണേൽ ചോറെടുത്ത് കഴിക്ക്, നിന്റെയൊക്കെ തന്ത എവിടേലും കുടിച്ച് മറിഞ്ഞു കാണും..”

  അത് പറഞ്ഞ് അമ്മ ഞങ്ങൾക്ക് നേരെ ചോറ്‌ പാത്രം നീട്ടി വച്ചപ്പോഴും അച്ഛനെ കണത്തതിൽ അമ്മയ്ക്ക് തീരെ വിഷമം ഇല്ലാതെ പോലെ തോന്നി…

   മഴയുള്ള ആ രാത്രി ഉറങ്ങാനെ കഴിഞ്ഞിരുന്നില്ല, അതിരാവിലെ അമ്മയ്ക്കൊപ്പം എഴുന്നേൽക്കുമ്പോൾ ഇറയത്ത് പതിവുപോലെ അച്ഛൻ കിടക്കുന്ന സ്ഥലത്ത് ഉണ്ടോ എന്നാണ് ആദ്യം നോക്കിയത്, അച്ഛനെ അവിടെ കാണാത്തപ്പോൾ അമ്മയോട് പോലും പറയാതെ അച്ഛനെ അന്വേക്ഷിച്ച് പുറത്തേക്ക് ഇറങ്ങി. മുറ്റത്ത് നിന്നുള്ള ഇടവഴി കഴിഞ്ഞ് പാടത്തേക്ക് ഇറങ്ങുമ്പോൾ ആണ് പാടത്തിന്റെ അങ്ങേ അറ്റത്ത് മൂന്ന് നാലുപേർ കൂടി നിൽക്കുന്നത് കണ്ടത്…

   ഓടി അവിടെയെത്തി കൂടി നിന്നവരുടെ ഇടയിൽ കൂടി മുന്നോട്ട് നീങ്ങുമ്പോൾ പാടത്തെ ചെളിയിൽ ഒരാൾ കമഴ്ന്ന് കിടക്കുന്നത് കണ്ടു. അരികിലേക്ക് ചെന്നിട്ട് ഒന്നുകൂടി സൂക്ഷിച്ചു നോക്കുമ്പോൾ മങ്ങിയ വെളിച്ചത്തിൽ കണ്ടു അച്ഛന്റെ ഷർട്ട്…

  ” അച്ഛൻ……  അതേ…. അച്ഛൻ തന്നെ,,.. അച്ഛാ…..”

   അൽപ്പനേരം എന്ത് ചെയ്യണം എന്നറിയാതെ നിന്ന ശേഷമാണ്  പാടത്തേക്ക് ചാടിയത്…കമഴന്ന് കിടക്കുന്ന അച്ഛനെ കരഞ്ഞു കൊണ്ട് ഉയർത്താൻ ശ്രമിച്ചു, തന്നെകൊണ്ട് ഒറ്റയ്ക്ക് സാധിക്കാത്തത് കൊണ്ട് കരഞ്ഞ കണ്ണുകളുമായിയാണ് ദയനീയമായി ചുറ്റുമുള്ളവരെ നോക്കിയത്.. തന്റെ കരച്ചിൽ കണ്ടുകൊണ്ടാകും എല്ലാവരും കൂടി അച്ഛനെ കമഴ്ത്തി കിടത്തിയത്,…

   മുഖത്ത് പറ്റിയിരിക്കുന്ന ചെളിയിൽ ആരോ വെള്ളം ഒഴിച്ചപ്പോൾ അച്ഛന്റെ നെഞ്ചിൽ വീണ് കെട്ടിപ്പിടിച്ചു കരഞ്ഞുതുടങ്ങി. ആരൊക്കെയോ ചേർന്നാണ് അച്ഛനിൽ നിന്ന് അടർത്തി മാറ്റുമ്പോൾ അച്ഛന്റെ വലതു കയ്യിൽ മുറുക്കെ പിടിച്ചിരിക്കുന്ന സഞ്ചി കണ്ടിരുന്നു…

    അച്ഛന്റെ തണുത്ത് മരവിച്ച ശരീരം വെള്ള തുണിയിൽ പൊതിഞ്ഞ് ഉമ്മറത്ത് കിടത്തുമ്പോൾ ഭിത്തിയും ചാരി ഇരിക്കുന്ന അമ്മയുടെ മുഖത്ത് ഒരു നിർവികാരത മാത്രം ആയിരുന്നു. ഒന്നുറക്കെ കരയാതെ, ഒരു തുള്ളി കണ്ണുനീർ പൊഴിക്കാതെ ആരോടോ ഉള്ള വശിയെന്ന പോലെ അമ്മ ഒരേ ഇരുപ്പ് ഇരുന്നത്  ഇന്നും ഓർക്കുന്നു..

    ” എല്ലാവരും കൂടി ഇവിടെ കയറി ഇരുന്നാൽ പട്ടിണി കിടന്ന് ചാകത്തേയുള്ളൂ….”

   അഞ്ചിന്റെയന്ന് സഞ്ചയനം കഴിഞ്ഞ് എല്ലാവരും പോയി കഴിഞ്ഞ ആ രാത്രിയാണ് അമ്മ അത് പറഞ്ഞത് എങ്കിലും, പിറ്റേന്ന് രാവിലെ ജോലിക്കായി അമ്മ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ആണ് ആ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായത്…

   ” പത്താം ക്ലാസ്സിൽ തോറ്റപ്പോൾ വീട്ടുകാർ നിർബന്ധിച്ച് തയ്യൽ പഠിക്കാൻ വിട്ടത് കൊണ്ട് ഇപ്പോൾ ഇങ്ങനെ ഉപയോഗം ഉണ്ടായി, അങ്ങേരാണെങ്കിൽ ഒരു ജോലിക്ക് വിടില്ല….”

    അമ്മ ഒരു ദിവസം അയൽക്കാരി ലീന ചേച്ചിയോട് അത് പറയുമ്പോൾ അവർ ചിരിച്ചുകൊണ്ട് തലയാട്ടുന്നത് കണ്ടിരുന്നു..

    ” എനിയ്ക്ക് ഒറ്റയ്ക്ക് രണ്ടാളെയും കൂടി പഠിപ്പിക്കാൻ പറ്റില്ല, തന്തയുടെ മോൻ അല്ലെ എന്തായാലും നി പത്തിൽ തോൽക്കും അതോടെ നിർത്തികൊളണം, പിന്നെ വല്ല ജോലിക്കും പൊയ്ക്കൊളണം…”

    ഒരു ദിവസം രാത്രി പാത്രത്തിലേക്ക് കഞ്ഞി വിളമ്പുമ്പോൾ ആണ് അമ്മ അത് പറഞ്ഞത്, ഒന്നും മറുത്ത് പറയാതെ കഞ്ഞി കുടിച്ചു തീരുമ്പോൾ എന്തായാലും പത്താം ക്ലാസ് പഠിച്ചു ജയിക്കണം എന്ന വാശി മനസ്സിൽ ഉണ്ടായിരുന്നു…

   പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ രാവിലെ ജോലിക്ക് പോയ അമ്മയ്ക്കൊപ്പം എന്നെയും കൂട്ടിയിരുന്നു. അമ്മ ജോലി ചെയ്യുന്ന തയ്യൽ കടയ്ക്ക് അപ്പുറമുള്ള വേലായുധൻ ചേട്ടന്റെ വർക്ക് ഷോപ്പിലേക്ക് ആയിരുന്നു ആ പോക്ക്..

   ” ചേട്ടാ,,, ഇതാണ് മോൻ ഇവനെ കൂടി ഇവിടെ നിർത്തി പണി പഠിപ്പിക്കണം….”

    അത് പറഞ്ഞ് തിരിഞ്ഞു നടക്കുന്ന അമ്മയെ കണ്ടപ്പോൾ  ഉള്ളിൽ സങ്കടം അണപൊട്ടിയെങ്കിലും  അത് പുറത്ത് കാണിക്കാതെ നിന്നു. അന്നുമുതൽ പിന്നെ അവിടെയാണ് ജോലി,  ആദ്യമൊക്കെ കൈപൊള്ളി തൊലി പൊട്ടിമാറിയ ദിവസങ്ങൾ, കിണറ്റിൽ നിന്ന് വെള്ളം കോരി കുളിക്കുമ്പോൾ നീറുന്ന കൈകൾക്കൊപ്പം ആരും കാണാതെ വെള്ളത്തിൽ ഒലിച്ചു പോകുന്ന കണ്ണുനീർത്തുള്ളികൾ. ആരെയും കാണിക്കാതെ, ആരോടും പറയാതെ, നീറുന്ന കൈകൊണ്ട് ചോറ്‌ വാരി തിന്ന ദിവസങ്ങൾ. നടു വേദനയ്ക്ക് സ്വയം, തൈലം ഇട്ടു തടവി കിടന്നുറങ്ങിയ രാത്രികൾ…. കാലങ്ങൾ കടന്ന് പോകവെ കയ്യിൽ തഴമ്പും, മനസ്സിൽ മുരടിപ്പും കയറി തുടങ്ങി….

    ” നി ഒന്നും കഴിക്കുന്നില്ലേ…..”

  വാതിലിൽ തട്ടിക്കൊണ്ടുള്ള അമ്മയുടെ ചോദ്യമാണ് അവനെ ചിന്തകളിൽ നിന്ന് ഉണർത്തിയത്..

   ” എനിക്ക് വേണ്ട….”

  അവൻ അലസ്യമായി പറഞ്ഞ് വീണ്ടും കണ്ണുകൾ അടച്ച് കിടക്കുമ്പോൾ അമ്മയുടെ മുറുമുറുപ്പുകൾ അവൻ കേട്ടിരുന്നു….

   ” എന്താടാ നീ രാവിലെ മുതൽ വല്യ ആലോചനയിൽ അണല്ലോ….”

  പിറ്റേന്ന് വർക്ക് ഷോപ്പിൽ പോയി ഉച്ചയ്ക്ക്  ഊണും കഴിഞ്ഞ് ഭിത്തിയും ചാരി എന്തോ ആലോചിച്ച് ഇരിക്കുമ്പോൾ ആണ് അതും ചോദിച്ച് വേലായുധൻ ചേട്ടൻ അപ്പുവിന്റെ അരികിലേക്ക് വന്നിരുന്നത്…

  ” ഏയ്‌ ഒന്നുമില്ല ഏട്ടാ,, ഞാൻ വെറുതെ ഓരോന്ന്….”

അപ്പു വെറുതെ പറഞ്ഞ് ഒഴിവാക്കാൻ ശ്രമിച്ചു…

” ഈ പ്രായം കഴിഞ്ഞണ് മോനെ ഞാനും വന്നത്, നി കാര്യം പറ അപ്പു….”

  വേലായുധേട്ടൻ വീണ്ടും നിർബന്ധിച്ചപ്പോൾ അപ്പു ചിരിച്ചുകൊണ്ട് സംസാരിച്ചു തുടങ്ങി…

   ” അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല, പെങ്ങളുടെ കല്യാണം നോക്കണം, അതാണ് ഒരു കടമ്പ, നാട്ടിൽ നിന്ന് കൊണ്ടൊന്നും അത് നടത്താൻ പറ്റുമെന്ന് തോന്നുന്നില്ല …”

  ഒരു ദീർഘ നിശ്വാസത്തോടെയാണ് അപ്പു അത് പറഞ്ഞത്….

   ” അറിയാം മോനെ, നിന്റെ ഇതേ അവസ്ഥയിലൂടെ കടന്ന് വന്നവനാണ് ഞാനും, എട്ടാം ക്ലാസ്സിൽ തോറ്റപ്പോഴാണ് അച്ഛൻ എന്നെയും കൂട്ടി ഇവിടെ വന്നത്, ഇനി നി ഇവിടെ നിന്ന് പണി പഠിച്ചാൽ മതിയെന്ന് പറയുമ്പോൾ എതിർത്ത് പറയാൻ പേടി ആയിരുന്നു. പിന്നെ അച്ഛന്റെ കൂടെ ഇവിടെ കൂടി, ഒരു വിധം പണി പഠിച്ചു കഴിഞ്ഞപ്പോൾ അച്ഛൻ പതിയെ വീട്ടിൽ ഇരിപ്പായി, പതിയെ ഇത് മുഴുവൻ എന്റെ ചുമലിലും, ഒപ്പം കുടുംബവും….

     എനിക്ക് മുകളിൽ രണ്ടും താഴെ ഒന്നും അങ്ങനെ മൂന്ന് പെങ്ങന്മാരെ കെട്ടിക്കേണ്ട ചുമതല, ഞാൻ തളർന്നില്ല അവിടുന്നും ഇവിടുന്നും ഒക്കെ വാങ്ങിയും, തിരിച്ചും മറിച്ചും ഒക്കെ മൂന്ന് പേരെയും മര്യാദയ്ക്ക് തന്നെ കെട്ടിച്ചു വിട്ടു, അന്ന് ഞാൻ എങ്ങനെ പൈസ ഉണ്ടാക്കി എന്നോ, എവിടുന്ന് ഒപ്പിച്ച് എന്നോ ആരും തിരക്കിയില്ല, അല്ലേലും അതൊന്നും ആർക്കും അറിയേണ്ട കാര്യമില്ല,,,,,

   അതങ്ങനെ അണല്ലോ ആണായി പിറന്നവന്റെ ചുമതലയാണ് അതൊകെ, നമ്മുടെ സമൂഹം എഴുതാതെ എഴുതി വച്ചിരിക്കുന്ന ചില നിയമങ്ങളിൽ ഇന്നും മായാതെ അതും ഉണ്ട്…”

  വേലായുധൻ ചേട്ടൻ അത് പറയുമ്പോൾ അപ്പു ഒന്ന് ചിരിച്ചതെ ഉള്ളു…

” എല്ലാം ശരിയാകും നി ടെൻഷൻ ആകാതെ ഇരിക്ക്…”

  തോളിൽ തട്ടി അതും പറഞ്ഞ് വേലായുധൻ ചേട്ടൻ പോകുമ്പോൾ എല്ലാം ശരിയാകും എന്ന വിശ്വാസത്തിൽ ആയിരുന്നു അപ്പുവും….

    പിന്നീടുള്ള ആഴ്ചകളിൽ അപ്പു കൂട്ടുകരുമൊത്ത് കറങ്ങാൻ പോകാൻ നിന്നില്ല, ഓരോ കാരണങ്ങൾ പറഞ്ഞവൻ ഒഴിവാകുമ്പോൾ…

” അവനൊക്കെ വല്യ ആളായിപ്പോയി…”

എന്ന കൂട്ടുകരുടെ കളിയാക്കൽ അപ്പു കേട്ടില്ലെന്ന് നടിച്ചു…

പണ്ടെപ്പോഴോ മനസ്സിൽ ഇഷ്ടം തോന്നി പുറകെ നടന്നവളെ മനപ്പൂർവം ഒഴിവാകുമ്പോൾ അവളും പറഞ്ഞിരുന്നു..

” അല്ലേലും ഈ ആണുങ്ങൾ അങ്ങനെ ആണ് വേറെ ഏതേലും പെണ്ണ് ചിരിച്ചു കാണിച്ചാൽ അതോടെ തീരും അവരുടെ പ്രണയം..”
ഇതുവരെ തിരിഞ്ഞു നോക്കി ഒരു ചിരി പോലും സമ്മാനിക്കാത്തവൾ അത് പറഞ്ഞു കേട്ടപ്പോൾ അപ്പുവിന് ആദ്യം ചിരി തന്നെയാണ് വന്നത്….

പിന്നീടുള്ള ദിവസങ്ങളിൽ അപ്പുവും ഒരു പിശുക്കൻ ആയി ജീവിച്ചു തുടങ്ങുക ആയിരുന്നു. കിട്ടുന്നതിൽ മിച്ചം പിടിച്ച് ചിട്ടി കൂടിയും, ബാങ്കിൽ ഇട്ടും പൈസ പാഴാക്കി കളയാതെ, പുറത്ത് നിന്ന് ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ വീടിനു വേണ്ടി അവനും ജീവിച്ചു…

പെങ്ങൾക്ക് വന്ന ആലോചനകളിൽ പലതും സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ ഒഴിഞ്ഞു പോകുമ്പോൾ കറുത്തത് അമ്മയുടെ മുഖം ആയിരുന്നു…

” അല്ലെങ്കിലും ഇവനും തന്തയെ പോലെ തന്നെയാ, ഇവനെക്കൊണ്ട്‌ ഒന്നും പറ്റില്ല, നിന്റെ ജീവിതവും എന്റേത് പോലെ നശിച്ചു പോകുകയെ ഉള്ളു പെണ്ണേ…”

ഓരോ ആലോചനയും മുടങ്ങി പോകുമ്പോൾ അമ്മയുടെ ആ വാക്കുകൾ അപ്പുവിന്റെ ചെവിയിൽ അലയടിച്ചു കൊണ്ടിരുന്നു, ആദ്യം അതൊകെ കേൾക്കുമ്പോൾ വിഷമം ആയിരുന്നു എങ്കിൽ ഇപ്പോൾ അത് അപ്പുവിനും ഒരു ശീലമായി കഴിഞ്ഞിരുന്നു, അതും അവൻ ഒരു പുഞ്ചിരിയോടെ ചിരിച്ചു തള്ളിയതെ ഉള്ളൂ…..

പിന്നെ നല്ലൊരു ആലോചന വന്നപ്പോൾ ചെക്കനോടും വീട്ടുകാരോടും തന്റെ അവസ്‌ഥ പറഞ്ഞ് അപ്പു അൽപ്പം സമയം നീട്ടി ചോദിച്ചപ്പോൾ അവരും അത് സമ്മതിച്ചു….

ചിട്ടി പിടിച്ചും, ലോൺ എടുത്തും, കുറച്ചു പൈസ കടം വാങ്ങിയും അപ്പു കല്യാണത്തിന്റെ ഒരുക്കങ്ങൾ എല്ലാം നടത്തി, പെങ്ങൾക്കും അമ്മയ്ക്കും പുത്തൻ തുണികൾ എടുത്തപ്പോൾ, തുണികൾ എടുക്കത്തെ ഒഴിഞ്ഞു മാറിയ അവനോട് ആരും കാര്യം തിരക്കിയിരുന്നില്ല. വീട്ടിൽ എല്ലാവരും സന്തോഷിക്കുമ്പോൾ ഉള്ളിൽ ഒരുപാട് ചിന്തകൾ ഇട്ട് നീറ്റിക്കൊണ്ട് പുറമെ ചിരിക്കുന്ന മുഖവുമായി അപ്പു നിന്നു…

പെങ്ങളെ മറ്റൊരു പുരുഷന്റെ കയ്യിൽ ഏല്പിക്കുമ്പോൾ അവനും അഭിമാനിച്ചു, സ്വന്തം കടമ നിറവേറ്റിയതിന്റെ സന്തോഷം. പെങ്ങൾ ചിരിച്ചുകൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ആരും കാണാതെ ഒഴുകി വന്ന കണ്ണുനീർ തുടച്ചുകൊണ്ട് ചിരിക്കുന്ന മുഖവുമായി അപ്പുവും അവളെ യാത്രയാക്കി….

എന്ന് രാത്രി എല്ലാവരും പോയി കഴിഞ്ഞാണ് അപ്പു കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങിയത്….

” ആ വന്നല്ലോ, വാ.. വാ….”

കൂട്ടുകാർ അവനെ സന്തോഷത്തോടെ ആനയിച്ചു, കാരണം ഇന്നത്തെ ഫുൾ ചിലവ് അപ്പുവിന്റെ ആണ്, ഈ ചിലവോടെ അവരുടെ പഴയ പിണക്കവും തീരും. അന്ന് ആദ്യമായി കൂട്ടുകാർക്കൊപ്പം ഇരുന്ന് അപ്പുവും മ ദ്യപിച്ചു. ആ സന്തോഷ ദിവസത്തിൽ മൂന്നാമത്തെ പെഗ്ഗ് കഴിച്ചപ്പോഴേക്കും അപ്പുവിന്റെ കാലുകൾ നിലത്തുറയ്ക്കാൻ ബുദ്ധിമുട്ടി തുടങ്ങി…

“ആളിയന്മാരെ നിങ്ങൾ, ആഘോഷിക്ക് ഞാൻ പോകുകയാണ്….”

അത് പറഞ്ഞ് അപ്പു നിലത്തുറയ്ക്കാത്ത കാലുകളുമായി ആടിയാടി വീട്ടിലേക്ക് നടന്നു. വീട്ടിലേക്കുള്ള പാട വരമ്പിന്റെ അടുത്ത് എത്തിയപ്പോഴേക്കും എവിടെനിന്നോ ശക്തമായ കാറ്റും മഴയും വന്ന് തുടങ്ങി. മഴത്തുള്ളികൾ തന്റെ മേൽ പതിഞ്ഞു തുടങ്ങിയപ്പോൾ അപ്പു തല ഉയർത്തി മഴ ആസ്വദിച്ചു നിന്നു.ആ മഴ തുള്ളികൾ തന്റെ മനസ്സിനെ തണുപ്പിക്കുന്നത് പോലെ തോന്നി അവന്…

” അപ്പു……”

അങ്ങനെ നിൽക്കുമ്പോൾ ആരോ തന്നെ വിളിക്കുന്നത് പോലെ അപ്പുവിന് തോന്നി. അവൻ ഒന്ന് ചുറ്റും നോക്കി ഇല്ല ചുറ്റും ആരുമില്ല…

“അപ്പു…..”

വീണ്ടും ആ വിളി കേട്ടപ്പോൾ അപ്പു പാടത്തേക്ക് നോക്കി, അതേ അവിടെ നിന്നാണ് വിളിക്കുന്നത്, ആരാണത് അപ്പു കണ്ണിൽ കൂടി ഒലിച്ചിറങ്ങിയ മഴത്തുള്ളികൾ കൈകൊണ്ട് തുടച്ചു മാറ്റി പാടത്തേക്ക് വീണ്ടും നോക്കി, അവിടെ ഒരാൾ ചെളിയിൽ കിടക്കുന്നു, കൈകൾ കുത്തി എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല….

” മോനെ അപ്പു ഒന്ന് പിടിക്കടാ…..”

അയാളിൽ നിന്ന് വീണ്ടും ശബ്ദം ഉയർന്നപ്പോൾ അപ്പു വരമ്പിന്റെ അറ്റത്തേക്ക് നീങ്ങി നിന്നു നോക്കി, അതേ അത് അച്ഛനാണ്, അച്ഛൻ തന്നെയാണ് കൈകൾ നീട്ടി വിളിക്കുന്നത്…

” അച്ഛാ…..”

ഒന്നും നോക്കാതെ, അപ്പു വേഗം പാടത്തേക്ക് ചാടി, ആ ചാട്ടത്തിൽ അപ്പുവിന്റെ കാലുകൾ ചെളിയിൽ തണുപോയി, കാലുകൾ ഉയർത്താൻ ശ്രമിക്കുമ്പോൾ അപ്പു നിലത്തേക്ക് പതിച്ചു. കൈകൾ കുത്തി എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ കൈകൾ ചെളിയിലേക്ക് താണ്‌തുടങ്ങിയിരുന്നു,…

” അച്ഛാ…….”

അപ്പു ഉച്ചത്തിൽ വിളിച്ച് കൂവി എങ്കിലും ആ മഴയുടെ ശക്തിയിൽ അവന്റെ ശബ്ദം അലിഞ്ഞു പോയി. കൈകൾ ഉയർത്താൻ കഴിയാതെ അവൻ മെല്ലെ ചെളിയിലേക്ക് താഴ്ന്ന് തുടങ്ങി, അവന്റെ ശബ്ദം പുറത്ത് വരാതെ മുഖം കൂടി ചെളിയിൽ പതിഞ്ഞപ്പോൾ അവന്റെ ശ്വാസവും പതിയെ നിലച്ചു തുടങ്ങിയിരുന്നു….

” പെങ്ങളെ കെട്ടിച്ചു വിട്ടല്ലോ, ഇനിയിപ്പോ എങ്ങനെ ജീവിച്ചാൽ എന്താ,, അല്ലേലും കു ടിയന്റെ അല്ലെ മോൻ ആ സ്വഭാവം കാണാതെ ഇരിക്കില്ലല്ലോ. എവിടേലും കുടിച്ചു മറിഞ്ഞു കാണും നാശം പിടിക്കാൻ….”

അപ്പോഴും ഓരോന്ന് പറഞ്ഞ്‌ വീട്ടിൽ ആ അമ്മ മകനെ പ്രാകികൊണ്ട് ഉറങ്ങാൻ കിടന്നു….

✍️ശ്യാം…..