അത് മാത്രമല്ല രശ്മി ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട്…….

Story written by Saji Thaiparambu

ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ

പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?

എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?

ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് ,

പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക്ക ടുത്ത നിരാശ തോന്നി.

രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയ സൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത്

രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ

എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത്

അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്? തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന്

അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി .

ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്,

ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു.

അമ്പലത്തിൽ വച്ചായിരുന്നു വിവാഹം

അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി.

ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ?

വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല

ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്,

അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട്

എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല

ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത്

ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട

അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി.

താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു.

കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ?

മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി.

ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും

കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി .

കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല

നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്?

ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു.

വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം

ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി.

ഹാ, പറയുന്നത് കേൾക്ക് ഗീതേ ..

എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു.

അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ?

വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു.

നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ

അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം

ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം

ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു.

അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു.

കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി.

അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്,

ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി.

ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ?

രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു

ഉം ചോദിക്ക്,

ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല,

ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി.

*****************

അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്?

അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ?

ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത്

കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല.

NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ